Thursday, October 29, 2009

അര്‍ബുദകോശങ്ങളെ കൊല്ലാന്‍ മഞ്ഞള്‍

മുറിവുണക്കാനും വിഷം തീണ്ടിയാല്‍ ചികിത്സിക്കാനും മഞ്ഞള്‍ ഉപയോഗിക്കുന്നത് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. നൂറ്റാണ്ടുകളായി ഇവിടുത്തെ ഗൃഹവൈദ്യത്തിന്റെ ഭാഗമാണ് മഞ്ഞളിന്റെ ഇത്തരം ഉപയോഗം. ഇതു മാത്രമല്ല, മഞ്ഞളിന് ഒരുപക്ഷേ അര്‍ബുദം ഭേദമാക്കാനും കഴിഞ്ഞേക്കുമത്രേ.

മഞ്ഞളിലെ ഒരു രാസവസ്തുവിന് അര്‍ബുദകോശങ്ങളെ വകവരുത്താന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സറി'ലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മുറിവുണക്കാന്‍ മഞ്ഞളിന് ശേഷി നല്‍കുന്നത് അതിലെ കുര്‍കുമിന്‍ (curcumin) എന്ന രാസവസ്തുവാണ്. സന്ധിവാതം, മേധാക്ഷയം (ഡിമെന്‍ഷ്യ) തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഈ രാസവസ്തു ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്. അതിനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ്. അതിനിടയിലാണ്, കുര്‍കുമിന്‍ ഉപയോഗിച്ച് അര്‍ബുദകോശങ്ങള്‍ നശിപ്പിക്കാന്‍ കഴിയുമെന്ന കണ്ടെത്തല്‍.

അയര്‍ലന്‍ഡില്‍ കോര്‍ക്ക് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. അര്‍ബുദകോശങ്ങളുപയോഗിച്ച് പരീക്ഷണശാലയില്‍ നടത്തിയ പഠനത്തില്‍, മഞ്ഞളിലെ രാസവസ്തു രോഗബാധിത കോശങ്ങളെ നശിപ്പിക്കുന്നതായി തെളിഞ്ഞതായി പഠനറിപ്പോര്‍ട്ട് പറയുന്നു. അന്നനാളത്തിലെ അര്‍ബുദകോശങ്ങളുപയോഗിച്ചായിരുന്നു പരീക്ഷണം.

വെറും 24 മണിക്കൂറിനുള്ളില്‍ തന്നെ അര്‍ബുദകോശങ്ങളെ നശിപ്പിച്ചു തുടങ്ങാന്‍ കുര്‍കുമിന് കഴിവുണ്ടെന്നാണ്, ഡോ. ഷാരോണ്‍ മക്‌കെന്നയുടെ നേതൃത്ത്വത്തില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞത്. കോശങ്ങള്‍ക്ക് മരിക്കാനുള്ള സിഗ്നല്‍ നല്‍കുകയാണ് കുര്‍കുമിന്‍ ചെയ്യുക. അതോടെ അര്‍ബുദകോശങ്ങള്‍ നശിക്കാനാരംഭിക്കുന്നു.

മഞ്ഞള്‍ പോലെ പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്ന് അര്‍ബുദത്തിന് പുതിയ ചികിത്സ കണ്ടെത്താന്‍ വഴിതുറക്കുന്നതാണ് ഈ പഠനമെന്ന് കാന്‍സര്‍ റിസര്‍ച്ച് യു.കെ.യിലെ ഡോ. ലെസ്‌ലീ വാക്കര്‍ അഭിപ്രായപ്പെട്ടു. 'അതുകൊണ്ട് വളരെ താത്പര്യമുണര്‍ത്തുന്ന പഠനമാണിത്'.

'ദൂര്‍മേദസ്സും മദ്യപാനവും മൂലം 1970-കള്‍ മുതല്‍ അന്നനാളത്തിലെ അര്‍ബുദബാധ പകുതിയിലേറെ വര്‍ധിച്ചിരിക്കുകയാണ്. ആ നിലയ്ക്ക്, അതിന് ചികിത്സ കണ്ടെത്തുകയെന്നത് പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ്'- ഡോ. ലെസ്‌ലീ വാക്കര്‍ അറിയിക്കുന്നു. (അവലംബം: ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സര്‍)

5 comments:

Joseph Antony said...

മുറിവുണക്കാനും വിഷം തീണ്ടിയാല്‍ ചികിത്സിക്കാനും മഞ്ഞള്‍ ഉപയോഗിക്കുന്നത് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. നൂറ്റാണ്ടുകളായി ഇവിടുത്തെ ഗൃഹവൈദ്യത്തിന്റെ ഭാഗമാണ് മഞ്ഞളിന്റെ ഇത്തരം ഉപയോഗം. ഇതു മാത്രമല്ല, മഞ്ഞളിന് ഒരുപക്ഷേ അര്‍ബുദം ഭേദമാക്കാനും കഴിഞ്ഞേക്കുമത്രേ. മഞ്ഞളിലെ ഒരു രാസവസ്തുവിന് അര്‍ബുദകോശങ്ങളെ വകവരുത്താന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സറി'ലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ശ്രീ said...

അറിവു പകരുന്ന ലേഖനം

ഭായി said...

ഒരു പുതിയ അറിവും കൂടി...!!
നന്ദി! ആശംസകള്‍!

പാര്‍ത്ഥന്‍ said...

വിശ്വാസം ബലപ്പെടുമോ ?
ഇതൊരു ജേർണലിൽ വന്നതുകൊണ്ട് വിശ്വസിക്കാമോ. അതോ ഭാരതത്തിന്റെ ആചാരങ്ങളിൽ പെട്ട വസ്തു ആയതുകൊണ്ട് ഉഢായിപ്പിൽ പെടുമോ.
ചന്ദനത്തിൽ നിന്നും ലഭിക്കുന്ന ഏതോ വസ്തുവിൽ നിന്നും സ്കിൻ കാൻസറിന്റെ ചികിത്സക്ക് ഉപകാരപ്രദമാകുന്ന ഒരു മരുന്നിന്റെ പരീക്ഷണവും നടക്കുന്നുണ്ടെന്ന് ഈയിടെ വായിച്ചിരുന്നു. ഒരു ചന്ദനക്കുറി തൊടണമെങ്കിലും സായിപ്പിന്റെ അനുവാദം വേണ്ടിവരുമോ ആവോ.

ഇതെല്ലാം ഞങ്ങടെ പൊത്തകത്ത്യേണ്ടാർന്നുന്നും പറഞ്ഞ് കൊറെണ്ണം വരും. ഈ ശാസ്ത്രജ്ഞന്മരെക്കൊണ്ട് തോറ്റു.

vasanthalathika said...

പാര്താണ് സംശയം വേണ്ട. മഞ്ഞളിന്റെ ഗുണം നിന്നനില്‍പ്പില്‍ ചിലത് പറയാം. ഒന്ന്..ലേഖകന്‍ എഴുതിയപോലെ വിഷതിനെതിരെ ഉപയോഗിയ്ക്കാം നല്ല ആണ്ടിസേപ്ടിക്കാന്.രണ്ടു..ആസ്തുമയ്ക്ക് മരുന്നാണ്. മഞ്ഞള്‍ ഇട്ടു ഇന്ഹയില്‍ ചെയ്യുന്നത് നല്ലതാണ്.മൂന്നു..പ്രമേഹത്തിനുള്ള മരുന്നാണ്.നാല്..നല്ല സൌന്തര്യസംവര്ധക വസ്തുവാണ്.അഞ്ചു..ഒരു നല്ല കളറിംഗ് എജെന്റാണ്.അപകടകരമായ രാസവസ്തുക്കല്‍ക്കുപകാരം.