Saturday, October 10, 2009

യുടൂബ് നൂറുകോടിയുടെ നിറവില്‍

സാധാരണക്കാരെയും സംപ്രേക്ഷകരാക്കി മാറ്റുന്ന യുടുബ് എന്ന വീഡിയോ ഷെയറിങ് സൈറ്റ് ഒരു ദിവസം നൂറുകോടി (ഒരു ബില്യണ്‍) ഹിറ്റ് എന്ന കടമ്പ കടന്നതായി റിപ്പോര്‍ട്ട്. യുടൂബിന്റെ സ്ഥാപകരിലൊരാളായ ചാഡ് ഹര്‍ലി തന്റെ ബ്ലോഗില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇ-കൊമേഴ്‌സ് കമ്പനിയായ 'പേപാലി'(paypal)ലിലെ മൂന്ന് മുന്‍ജോലിക്കാരായ ചാഡ് ഹര്‍ലി, സ്റ്റീവ് ചെന്‍, ജാവേദ് കരിം എന്നിവര്‍ ചേര്‍ന്ന് 2005 ഫിബ്രവരിയില്‍ രൂപംനല്‍കിയതാണ് യുടൂബ്.

2006 നവംബറില്‍ 165 കോടി ഡോളര്‍ (ഏതാണ്ട് 7750 കോടി രൂപ) നല്‍കി യുടൂബിനെ ഗൂഗിള്‍ സ്വന്തമാക്കി. അതിന് മൂന്നുവര്‍ഷം തികയുന്ന വേളയിലാണ് ദിവസം നൂറുകോടി ഹിറ്റെന്ന നിലയിലേക്ക് സൈറ്റ് എത്തിയിരിക്കുന്നത്.

'ഒരു വീഡിയോ ക്യാമറയും കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉള്ള ആര്‍ക്കും തന്റെ ജീവിതവും കലാപരതയും ശബ്ദവും ലോകവുമായി പങ്കുവെയ്ക്കാന്‍ ഒരിടം'-ഇതായിരുന്ന യുടൂബ് സ്ഥാപിക്കുമ്പോള്‍ അതിന്റെ ലക്ഷ്യമായി കണ്ടിരുന്നതെന്ന് ചാഡ് ഹര്‍ലി പറയുന്നു. (ബ്ലോഗ് കാണുക)

ബ്ലോഗറിന് പത്തു വയസ്സ്

അക്ഷരങ്ങളും ആശയങ്ങളും സ്വായത്തമാക്കിയ ആരെയും എഴുത്തുകാരനും പ്രസാധകനുമാക്കുന്ന മഹാത്ഭുതമാണ് നവമാധ്യമങ്ങള്‍. ഇന്റര്‍നെറ്റില്‍ ആത്മാവിഷ്‌കാരത്തിന്റെ അവസാനവാക്കായി മാറിയ ബ്ലോഗുകളാണ് നവമാധ്യമവിപ്ലവത്തിന് തുടക്കം കുറിച്ചത് എന്ന് പറഞ്ഞാല്‍ തെറ്റില്ല.

ബ്ലോഗുകള്‍ സര്‍വവ്യാപിയായതിന് പിന്നില്‍, ബ്ലോഗര്‍, വേഡ്പ്രസ്സ് തുടങ്ങിയ ജനപ്രിയ ബ്ലോഗുപ്ലാറ്റ്‌ഫോമുകള്‍ വഹിച്ച പങ്ക് ചെറുതല്ല. 'കുറിഞ്ഞി ഓണ്‍ലൈന്‍' പോലെ ലക്ഷക്കണക്കിന് ബ്ലോഗുകള്‍ ഇത്തരം സൗജന്യ പ്ലാറ്റ്‌ഫോമുകളിലാണ് ഇന്ന് നിലനില്‍ക്കുന്നത്.

ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്ലോഗ് സര്‍വീസുകളിലൊന്നായ ബ്ലോഗറിന് പത്തുവയസ്സാകുന്നു. 1999-ല്‍ സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായി 'പൈറ' കമ്പനി ആരംഭിച്ചതാണ് ബ്ലോഗര്‍.

പത്തു വര്‍ഷം തികയുന്ന ബ്ലോഗര്‍, ഉള്ളടക്കത്തിന്റെ കാര്യത്തിലും ബ്ലോഗുകളുടെ എണ്ണത്തിന്റെ കാര്യത്തിലും, ഓരോ നിമിഷവും വളരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഓരോ മിനിറ്റിലും ബ്ലോഗറില്‍ ചേര്‍ക്കപ്പെടുന്ന ഉള്ളടക്കം എത്ര വരുമെന്നോ; 270000 വാക്കുകള്‍! ദിവസവും 38.8 കോടി വാക്കുകള്‍.

ബ്ലോഗറിലെ ബ്ലോഗുകള്‍ക്കെല്ലാം കൂടി 30 കോടി വായനക്കാരുണ്ട് എന്നാണ് കണക്ക്. 32 ലക്ഷം നോവലുകളിലുള്ളത്രയും വാക്കുകള്‍ ബ്ലോഗറിലിപ്പോഴുണ്ട്. ഇതുമുഴുവന്‍ സാധാരണക്കാരുണ്ടാക്കിയ ഉള്ളടക്കമാണ്; പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പുറത്തുള്ളത്.

140 ക്യാരക്ടറുകളില്‍ക്കൂടുതല്‍ അനുവദിക്കാത്ത (ട്വിറ്റര്‍പോലുള്ള) മൈക്രോബ്ലോഗിങിന്റെ കാലത്തും, പരമ്പരാഗത ബ്ലോഗുകള്‍ക്ക് പ്രസക്തി കുറയുന്നില്ല എന്നാണ് ബ്ലോഗറിന്റെ പത്തുവര്‍ഷങ്ങള്‍ വ്യക്തമാക്കുന്നത്.

1999-ല്‍ ഡോട്ട്‌കോം തകര്‍ച്ചയുടെ നാളുകളിലാണ് തുടക്കക്കാരായ 'പൈറാ'യില്‍ നിന്ന് ബ്ലോഗറിന്റെ പിറവി. (ബ്ലോഗറിന് രൂപംനല്‍കിയവരിലൊരാളായ ഈവ് വില്യംസ് ആണ് ട്വിറ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍). 2003 ഫിബ്രവരിയില്‍ ഗൂഗിള്‍ പൈറ കമ്പനിയെ സ്വന്തമാക്കി, ബ്ലോഗറിനെ ഗൂഗിളിന്റെ സേവനപട്ടികയില്‍ ഉള്‍പ്പെടുത്തി.

മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന, ശബ്ദമില്ലാത്തവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി ഇന്ന് ബ്ലോഗിങ് രൂപപ്പെട്ടിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ഒരു സമാന്തര മാധ്യമം. ഒപ്പം മുഖ്യധാരാ മാധ്യമങ്ങള്‍ വരുത്തുന്ന തെറ്റുകളും, പക്ഷംചേരലുകളും ബ്ലോഗുകളിലൂടെ തുറന്നുകാട്ടപ്പെടുകയും ചെയ്യുന്നു.

9 comments:

Joseph Antony said...

2006 നവംബറില്‍ 165 കോടി ഡോളര്‍ (ഏതാണ്ട് 7750 കോടി രൂപ) നല്‍കി യുടൂബിനെ ഗൂഗിള്‍ സ്വന്തമാക്കി. അതിന് മൂന്നുവര്‍ഷം തികയുന്ന വേളയിലാണ് ദിവസം നൂറുകോടി ഹിറ്റെന്ന നിലയിലേക്ക് സൈറ്റ് എത്തിയിരിക്കുന്നത്. 'ഒരു വീഡിയോ ക്യാമറയും കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉള്ള ആര്‍ക്കും തന്റെ ജീവിതവും കലാപരതയും ശബ്ദവും ലോകവുമായി പങ്കുവെയ്ക്കാന്‍ ഒരിടം'-ഇതായിരുന്ന യുടൂബ് സ്ഥാപിക്കുമ്പോള്‍ അതിന്റെ ലക്ഷ്യമായി കണ്ടിരുന്നതെന്ന് ചാഡ് ഹര്‍ലി പറയുന്നു.

വി. കെ ആദര്‍ശ് said...

ജന്മവര്‍ഷാശംസകള്‍ ബ്ലോഗറിനും യൂബിനും.
സമയോചിതമായ പോസ്റ്റ്

സുജനിക said...

നന്നായി.അപ്ടുഡേറ്റ്. നന്ദി

chithrakaran:ചിത്രകാരന്‍ said...

വിജ്ഞാനപ്രദമായ ഈ അറിവുകള്‍ പങ്കുവച്ചതിനു നന്ദി.

ടോട്ടോചാന്‍ said...

സമയോചിതം... കൂടാതെ ചുരുക്കി അവതരിപ്പിച്ചതിന്റെ സുഖം... വിവരങ്ങള്‍ക്ക് നന്ദി....

സുദർശൻ said...

YOUTUB VEGATHIL KANANUM DOWNLOAD CHEYYANUM ENGINE KAZHIYUN?

സേതുലക്ഷ്മി said...

ഏതായാലും ഇത്തിടം വരെ വന്നതല്ലേ, ഞാന്‍ നിര്‍മ്മിച്ച് യൂട്യൂബില്‍ പ്രസിദ്ധീകരിച്ച ഈ short film കൂടി കണ്ടുനോക്കൂ... ഇതാ ലിങ്ക്;

http://www.youtube.com/watch?v=d3XmAwJKBk8

itecnews said...

ശബ്ദമില്ലാത്തവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി ഇന്ന് ബ്ലോഗിങ് രൂപപ്പെട്ടിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ഒരു സമാന്തര മാധ്യമം..............
ഇത് ഏന്താണ് ന്ന് മന;സ്സിലാകുന്നില്ല.ബ്ലോഗ് വയിക്കുന്നവൻ നല്ല ശബ് ദമുള്ളവനും,ബ്ലോഗ് ഏയുതുന്നവൻ അതിൽ നിന്നം ശബ് ദമുള്ളവനും അല്ലേ......
അഡ്വ.ആർ.സജു.

ശ്രീ said...

ഈ പോസ്റ്റിനു നന്ദി, മാഷേ