സൗരയൂഥത്തിനപ്പുറത്ത് അന്യഗ്രഹങ്ങളെ തേടുന്ന ഗവേഷകര്‍ക്കുണ്ടായത് ഒരു ചാകര കൊയ്ത്തിന്റെ അനുഭവമാണ്. 32 അന്യഗ്രഹങ്ങളെയാണ് അവര്‍ ഒറ്റയടിക്ക് തിരിച്ചറിഞ്ഞത്. ഇതോടെ സൗരയൂഥത്തിന് വെളിയില്‍ കണ്ടെത്തുന്ന ഗ്രഹങ്ങളുടെ എണ്ണം 400 കഴിഞ്ഞു.
ഭൂമിയുടെ അഞ്ചിരട്ടി മുതല്‍ വ്യാഴത്തിന്റെ പത്തിരട്ടി വരെ വലിപ്പമുള്ള ഗ്രഹങ്ങള്‍ പുതിയതായി കണ്ടെത്തിയതില്‍ പെടുന്നു. യൂറോപ്യന്‍ ഒബ്സര്‍വേറ്ററിയുടെ ചിലയിലെ ലാ സില്ലയില്‍ സ്ഥാപിച്ചിട്ടുള്ള 3.6 മീറ്റര്‍ വ്യാസമുള്ള ടെലിസ്കോപ്പാണ് ഈ കണ്ടെത്തലിന് വഴിതെളിച്ചത്.
വലിപ്പം കുറഞ്ഞ ഗ്രഹങ്ങള്‍ നമ്മുടെ ഗാലക്സിയില്‍ സുലഭമാണെന്നാണ് ഈ കണ്ടെത്തല്‍ നല്കുന്ന സൂചനയെന്ന് ഗവേഷകര്‍ പറയുന്നു. സൂര്യനെപ്പോലുള്ള നക്ഷ്ത്രങ്ങളില്‍ 40 ശതമാനത്തിനും പിണ്ഡം കുറഞ്ഞ ഗ്രഹങ്ങളുണ്ട് എന്ന് പുതിയ കണ്ടെത്തലില്‍ നിന്ന് മനസിലാക്കാന്‍ കഴിയും-സ്വിറ്റ്സ്വര്‍ലന്‍ഡില്‍ ജനീവ സര്‍വകലാശാലിയിലെ സ്്റ്റെഫാനി യുഡ്രി പറയുന്നു.
ഒട്ടേറെ ടെലിസ്കോപ്പുകളുടെയും സങ്കേതങ്ങളുടെയും സഹായത്തോടെയാണ് ഇതുവരെ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ 32 ഗ്രഹങ്ങളെയും ലാ സില്ലയിലെ 'ദി ഹൈ ആക്കുറസി റേഡിയല്‍ വെലോസിറ്റി പ്ലാനറ്റ് സേര്‍ച്ചര്‍ (ഹാര്‍പ്സ്) സ്പെക്ട്രോമീറ്റര്‍' കണ്ടെത്തുകയായിരുന്നു.
ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണബലം മാതൃനക്ഷത്രത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഫലം തിരിച്ചറിഞ്ഞ്, ഗ്രഹസാന്നിധ്യം പരോക്ഷമായി കണ്ടെത്തുന്ന 'വൂബിള്‍ സങ്കേതം' (wobble technique) ആണ് ഹാര്‍പ്സ് സ്പെക്ട്രോമീറ്റര്‍ പ്രയോജനപ്പെടുത്തിയത്.
ഭൂമിയുടെ 20 ഇരട്ടിയില്‍ താഴെ മാത്രം പിണ്ഡമുള്ള 28 അന്യഗ്രഹങ്ങളെയാണ് ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടുള്ളത്. അതില്‍ 24 എണ്ണവും ഹാര്‍പ്സ് സ്പെട്രോമീറ്ററിന്റെ സംഭാവനയാണ്. അതില്‍ തന്നെ ആറെണ്ണം പുതിയതായി കണ്ടെത്തിയ ഗ്രൂപ്പില്‍ പെടുന്നു. അവയില്‍ രണ്ടെണ്ണത്തിന് ഭൂമിയുടെ അഞ്ചിരട്ടി വലിപ്പമേയുള്ളു, രണ്ടെണ്ണത്തിന് ആറിരട്ടിയും-പ്രൊഫ യുഡ്രി അറിയിക്കുന്നു.
ഭൂമിയുടെ ഇരട്ടി മാത്രം പിണ്ഡം വരുന്ന ഒരു ആകാശഗോളത്തെ ഹാര്‍പ്സ് കണ്ടെത്തിയ വിവരം കഴിഞ്ഞ ഏപ്രിലില്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ആ ഗ്രഹം അതിന്റെ മാതൃനക്ഷത്രിന് വളരെ അടുത്തായതിനാല്‍ അവിടെ കഠിനമായ ചൂടായിരിക്കുമെന്നും ജീവനുണ്ടാകാന്‍ സാധ്യതയില്ലെന്നും ഗവേഷകര്‍ നിഗമനത്തിലെത്തുകയുണ്ടായി.
അടുത്ത ആറ് മാസത്തിനുള്ളില്‍ ഇപ്പോഴത്തേതു പോലെ മറ്റൊരു ഗ്രഹചാകരയുടെ വിവരം പുറത്തു വിടാന്‍ കഴിയുമെന്ന് ഹാര്‍പ്സ് സംഘം അറിയിച്ചു. സൗരയൂഥത്തിലേതു പോലെ കുറഞ്ഞ പിണ്ഡമുള്ള ശിലാഗ്രഹങ്ങള്‍ പുറത്തുണ്ടോ എന്ന് കണ്ടെത്തുകയാണ് പരമമായ ലക്ഷ്യം; അവയില്‍ വെള്ളമുണ്ടോ എന്നറിയുകയും.
കുറഞ്ഞ പിണ്ഡമുള്ള ഗ്രഹങ്ങള്‍ എന്ന് ഗവേഷകര്‍ പറയുമ്പോള്‍ അര്‍ഥമാക്കുന്നത് ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ എന്നാണ്. ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളെന്നാല്‍, വെള്ളമുണ്ടെന്ന് വന്നാല്‍, അവിടെ ജീവന് നിലനില്ക്കാന് അനുകൂല സാഹചര്യമുണ്ടെന്നര്‍ഥം.
പുത്തന്‍ സങ്കേതകങ്ങളും ഉപകരണങ്ങളും തങ്ങള്‍ക്ക് വിജയം നല്‍കും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അമേരിക്കയുടെ നാസ അടുത്തയിടെ വിക്ഷേപിച്ചിട്ടുള്ള 'കെപ്ലാര്‍ ടെലിസ്കോപ്പി'ന്റെ ലക്ഷ്യം തന്നെ, ഭൂമിയുടെയത്ര വരുന്ന അന്യഗ്രഹങ്ങളെ കണ്ടെത്തുകയെന്നതാണ്. ഗ്രഹസംതരണ (transit) സങ്കേതമാണ് കെപ്ലാര്‍ പ്രയോജനപ്പെടുത്തുക. (കടപ്പാട്: യൂറോപ്യന്‍ സ്പേസ് ഏജന്‍സി).
കാണുക
5 comments:
സൗരയൂഥത്തിനപ്പുറത്ത് അന്യഗ്രഹങ്ങളെ തേടുന്ന ഗവേഷകര്‍ക്കുണ്ടായത് ഒരു ചാകര കൊയ്ത്തിന്റെ അനുഭവമാണ്. 32 അന്യഗ്രഹങ്ങളെയാണ് അവര്‍ ഒറ്റയടിക്ക് തിരിച്ചറിഞ്ഞത്. ഇതോടെ സൗരയൂഥത്തിന് വെളിയില്‍ കണ്ടെത്തുന്ന ഗ്രഹങ്ങളുടെ എണ്ണം 400 കഴിഞ്ഞു.
വിവരങ്ങൾക്ക് നന്ദി..
നല്ല ലേഖനം, നന്ദി മാഷേ
ഗ്രഹങ്ങളെ ഇനി ശാസ്ത്രജ്ഞര്‍ വാരിത്തരും !!!
നമ്മുടെ അറിവുകളുടെ ചക്രവാളം വികസിച്ചുകൊണ്ടിരിക്കട്ടെ.
sir; you are great
Post a Comment