Thursday, October 08, 2009

നോബല്‍ സമ്മാനം 2009-രസതന്ത്രം

രസതന്ത്രനോബലില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം

രസതന്ത്രത്തിനുള്ള നൂറ്റിയൊന്നാമത്തെ നോബല്‍ സമ്മാനം ഇന്ത്യയുടെയും യശ്ശസുയര്‍ത്തുന്നു. ഇന്ത്യന്‍വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ഇത്തവണത്തെ രസതന്ത്ര നോബല്‍ പങ്കിട്ടു. ഡോ. രാമകൃഷ്ണനൊപ്പം ഇസ്രായേലി സ്വദേശി ആദ എ.യോനാത്, അമേരിക്കന്‍ ഗവേഷകന്‍ തോമസ് എ. സ്‌റ്റെയ്റ്റ്‌സ് എന്നിവരാണ്, 'കോശങ്ങളിലെ പ്രോട്ടീന്‍ഫാക്ടറി' എ്ന്നറിയപ്പെടുന്ന റൈബോസോമുകളുടെ ത്രിമാനഘടനയും ധര്‍മങ്ങളും കണ്ടെത്തിയതിന് അംഗീകാരം നേടിയത്.

ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുന്നതില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയിച്ചു എന്ന വാര്‍ത്ത വന്ന് രണ്ടാഴ്ച തികയുന്നതേയുള്ളു. ഇപ്പോള്‍, ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണനിലൂടെ ഇന്ത്യ വീണ്ടും ബഹുമാനിക്കപ്പെട്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച ഡോ. രാമകൃഷ്ണന്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ജീവശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപ്രക്രിയകളിലൊന്നിന്റെ രഹസ്യം കണ്ടെത്തുന്നതിലാണ് അദ്ദേഹവും, നോബല്‍ പുരസ്‌കാരം പങ്കിട്ട മറ്റ് രണ്ടുപേരും വിജയിച്ചത്. കോശങ്ങളിലെ പ്രോട്ടീന്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന റൈബോസോം തന്മാത്രയുടെ ആറ്റമികതലത്തിലുള്ള ഘടനയും, ആ തന്മാത്രകളുടെ ധര്‍മവും കണ്ടെത്തുകയാണ് നോബല്‍ ജേതാക്കള്‍ ചെയ്തത്.

ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങളൊക്കെ ഏതെങ്കിലും പ്രോട്ടീനിന്റെ പ്രവര്‍ത്തനമോ ഫലമോ ആണ്. ജീവന്റെ തന്മാത്രയെന്നറിയപ്പെടുന്ന ഡി.എന്‍.എ.യിലെ രാസനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കോശങ്ങളില്‍ പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുക. എന്നാല്‍, നേരിട്ട് പ്രോട്ടീന്‍ നിര്‍മാണം നടത്താനുള്ള കഴിവ് ഡി.എന്‍.എയ്്ക്കില്ല. അതിലെ രാസനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപംകൊടുക്കുന്നത് റൈബോസോമുകള്‍ എന്ന ഇടനിലക്കാരാണ്. അതിനാല്‍, കോശങ്ങളിലെ 'പ്രോട്ടീന്‍നിര്‍മാണ ഫാക്ടറി'യെന്ന് റൈബോസോമുകള്‍ വിശേഷിപ്പിക്കപ്പെടുന്നു. ജീവന്റെ അടിസ്ഥാന പ്രക്രിയകള്‍ വ്യക്തമാകണമെങ്കില്‍ റൈബോസോമുകളുടെ ഘടനയും ധര്‍മങ്ങളും മനസിലാക്കിയാലേ കഴിയൂ.

ജീവന്റെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ മാത്രമല്ല റൈബോസോമുകളുടെ ഘടന സഹായിക്കുക. മനുഷ്യരെ ബാധിക്കുന്ന രോഗാണുക്കളെ ചെറുക്കാന്‍ ഫലപ്രദമായ ഔഷധതന്മാത്രകള്‍ രൂപപ്പെടുത്താനും സഹായിക്കും. നമ്മുടെ ശരീരത്തില്‍ വിഷമയമായ പ്രോട്ടീനുകള്‍ കലര്‍ത്തിയാണ് രോഗാണുക്കള്‍ രോഗങ്ങള്‍ സൃഷ്ടിക്കുന്നത്. അത്തരം പ്രോട്ടീനുകള്‍ തടയാന്‍, അതിന് കാരണമായ റൈബോസോമുകളെ തടഞ്ഞാല്‍ മതി. അക്കാര്യത്തില്‍ റൈബോസോമുകളുടെ ആറ്റമികതലത്തിലുള്ള ത്രിമാനഘടന പ്രധാനപ്പെട്ടതാണ്. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയെന്ന ആധുനിക സങ്കേതത്തിന്റെ സഹായത്തോടെയാണ് റൈബോസോമുകളുടെ ത്രിമാനഘടന കണ്ടെത്തുന്നതില്‍ നോബല്‍ ജേതാക്കള്‍ വിജയിച്ചത്.

കുട്ടികള്‍ വിവിധ ആകൃതികളുള്ള കരുക്കള്‍ കൂട്ടിയോജിപ്പിച്ച് പുതിയ ആകൃതിയുള്ളവ നിര്‍മിക്കാറില്ലേ. ഇതിന് സമാനമായ രീതിയിലാണ് ഔഷധതന്മാത്രകള്‍ ബാക്ടീരിയകളെ നിര്‍വീര്യമാക്കുന്നത്. റൈബോസോമിന്റെ ത്രിമാനഘടനയില്‍ കുറ്റമറ്റ രീതിയില്‍ ചേര്‍ന്ന് അതിന്റെ ആകൃതി നശിപ്പിക്കാന്‍ ഔഷധതന്മാത്രകള്‍ക്ക് സാധിച്ചാല്‍, ബാക്ടീരിയകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാതെ വരും. ഇക്കാരണത്താല്‍, തന്മാത്രാതലത്തില്‍ പുതിയ ഔഷധതന്മാത്രകള്‍ക്ക് രൂപംനല്‍കുന്നതില്‍ റൈബോസോമുകളുടെ ഘടനയ്ക്ക് സുപ്രധാന പങ്കുണ്ട്. വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഡോ. രാമകൃഷ്ണന്റെ കണ്ടുപിടിത്തം പ്രധാനപ്പെട്ടതാകുന്നത് ഈ സാഹചര്യത്തിലാണ്. പുതിയ ആന്റിബയോട്ടിക്കുകള്‍ക്കുള്ള അനന്തസാധ്യതയാണ് റൈബോസോമുകളുടെ ഘടന തുറന്നു തരുന്നത്.

കോശങ്ങളില്‍ ജനിതകവിവരങ്ങള്‍ ശേഖരിക്കപ്പെടുകയും തലമുറകളിലേക്ക് പകര്‍ത്തപ്പെടുകയും ചെയ്യുന്നതിനൊപ്പം, ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് അതെങ്ങനെ സഹായകമാകുന്നു എന്നത് ജീവന്റെ നിലനില്‍പ്പിനൊപ്പം ജിവന്റെ തുടര്‍ച്ചയെ സംബന്ധിച്ചും പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. അതിനുള്ള ഉത്തരം കണ്ടെത്തിയതിന് നല്‍കപ്പെടുന്ന മൂന്നാമത്തെ നോബലാണ് ഇത്തവണത്തേത് എന്നു പറഞ്ഞാല്‍ തെറ്റില്ല. 1962-ലായിരുന്നു ആ പരമ്പരയിലെ ആദ്യത്തേത് സമ്മാനിക്കപ്പെട്ടത്. ജീവന്റെ തന്മാത്രയായ ഡി.എന്‍.എ.യുടെ ഘടന കണ്ടുപിടിച്ചതിന് ഫ്രാന്‍സിസ് ക്രിക്കിനും ജയിംസ് വാട്‌സണും ഒപ്പം മൗറീസ് വില്‍ക്കിന്‍സും പുരസ്‌കാരം പങ്കിട്ടു.

ഡി.എന്‍.എ.യിലെ ജനിതകനിര്‍ദേശങ്ങള്‍, കോശങ്ങളിലെ സന്ദേശവാഹകരായ റൈബോന്യൂക്ലിക് ആസിഡ് (ആര്‍.എന്‍.എ) തന്മാത്രകളിലേക്ക് പകര്‍ത്തപ്പെടുന്നത് എങ്ങനെ എന്ന പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തിയ റോജര്‍ ഡി. കോണ്‍ബെര്‍ഗ് 2006-ലെ നോബല്‍ സമ്മാനം നേടിയപ്പോള്‍, അത് ജീവന്റെ അടിസ്ഥാനപ്രശ്‌നം കണ്ടെത്തിയതിന് നല്‍കപ്പെടുന്ന രണ്ടാമത്തെ നോബല്‍ പുരസ്‌കാരമായി. ആര്‍.എന്‍.എ. തന്മാത്രയിലേക്ക് പകര്‍ത്തപ്പെടുന്ന നിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കി അതിനനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപം നല്‍കുകയാണ് റൈബോസോമുകള്‍ ചെയ്യുക. അതിസങ്കീര്‍ണമാണ് റൈബോസോമുകളുടെ ഘടന. അത് കണ്ടെത്തുക വഴി, ജീവന്റെ അടിസ്ഥാനപ്രക്രിയയിലെ സുപ്രധാനമായ മറ്റൊരു വശം അനാവരണം ചെയ്യുകയാണ് ഇത്തവണത്തെ നോബല്‍ ജേതാക്കള്‍ ചെയ്തത്. അതിനാല്‍, ജീവന്റെ അടിസ്ഥാനപ്രക്രിയ മനസിലാക്കിയതിന് നല്‍കുന്ന മൂന്നാമത്തെ നോബലായി ഇത്തവണത്തേത്.

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍: അമേരിക്കന്‍ പൗരന്‍. നോബല്‍ പുരസ്‌കാരം നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ വംശജന്‍. 1952-ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ചു. ബറോഡ സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന പ്രൊഫ. രാമകൃഷ്ണന്റെയും അതെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. രാജലക്ഷ്മിയുടെയും മകന്‍. കൂട്ടുകാര്‍ വെങ്കിട്ടിയെന്ന് വിളിച്ചിരുന്ന വെങ്കിട്ടരാമന്റെ ഇഷ്ടവിഷയം ഭൗതികശാസ്ത്രമായിരുന്നെങ്കിലും, മാതാപിതാക്കളുടെ താത്പര്യം മാനിച്ച് അദ്ദേഹം ബയോകെമിസ്ട്രി തിരഞ്ഞെടുക്കുകയായിരുന്നു.

ബറോഡ സര്‍വകലാശാലയില്‍ നിന്ന് 1971-ല്‍ അദ്ദേഹം ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തു. ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. ഒഹായോ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ.രാമകൃഷ്ണന്‍, 1976-78 കാലത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗ്രാഡ്വേറ്റ് വിദ്യാര്‍ഥിയായിരുന്നു. ആ സമയത്താണ് അദ്ദേഹം അറിയപ്പെടുന്ന ബയോകെമിസ്റ്റായ ഡോ. മൗറീഷ്യോ മോന്റലിന് കീഴില്‍ ഗവേഷണം നടത്തിയത്. ഭൗതീകശാസ്ത്രത്തില്‍ നിന്ന് ബയോകെമിസ്ട്രിയിലേക്കുള്ള ചുവടുമാറ്റം അങ്ങനെയാണുണ്ടായത്.

യേല്‍ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആയിരുന്ന വേളയില്‍ ഇ. കോളി ബാക്ടീരിയത്തിന്റെ ചെറുറൈബോസോം സബ്‌യൂണിറ്റുകളുടെ ന്യൂട്രോണ്‍ സ്‌കാറ്ററിങ് മാപ്പ് തയ്യാറാക്കുന്നതില്‍ മുഴുകി. കേംബ്രിഡ്ജില്‍ എം.ആര്‍.സി. ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ സീനിയര്‍ സയന്റിസ്റ്റാണ് ഡോ.രാമകൃഷ്ണന്‍ ഇപ്പോള്‍. റോയല്‍ സൊസൈറ്റി ഫെലോയും ആണ്. 2000-ല്‍ നേച്ചര്‍ വാരികയിലാണ് റൈബോസോം ഘടന സംബന്ധിച്ച സുപ്രധാന കണ്ടെത്തലുകള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്.

ആദ എ.യോനാത്: 1939-ല്‍ ജറുസലേമില്‍ ജനിച്ച യോനാത്, 1968-ല്‍ ഇസ്രായേലിലെ വീസ്മാന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ നിന്നാണ് എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയില്‍ ഡോക്ടറേറ്റ് നേടുന്നത്. വീസ്‌മെന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ ഹെലന്‍ ആന്‍ഡ് മില്‍ട്ടണ്‍ എ.കിമ്മല്‍മാന്‍ സെന്റര്‍ ഫോര്‍ ബയോമോളിക്യുലാര്‍ സ്ട്രക്ച്ചര്‍ ആന്‍ഡ്് അസംബ്ലിയുടെ മേധാവിയാണ് അവര്‍ ഇപ്പോള്‍.

തോമസ് എ. സ്‌റ്റെയ്റ്റ്‌സ്: അമേരിക്കയിലെ മില്‍വൗക്കീയില്‍ 1940-ല്‍ ജനിച്ചു. 1966-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി. യേല്‍ സര്‍വകലാശാലയിലെ ഗവേഷകനാണ് അദ്ദേഹം ഇപ്പോള്‍. (അവലംബം: nobelprize.org)

കാണുക

3 comments:

Joseph Antony said...

ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുന്നതില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയിച്ചു എന്ന വാര്‍ത്ത വന്ന് രണ്ടാഴ്ച തികയുന്നതേയുള്ളു. ഇപ്പോള്‍, ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണനിലൂടെ ഇന്ത്യ വീണ്ടും ബഹുമാനിക്കപ്പെട്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച ഡോ. രാമകൃഷ്ണന്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ജീവശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപ്രക്രിയകളിലൊന്നിന്റെ രഹസ്യം കണ്ടെത്തുന്നതിലാണ് അദ്ദേഹവും, നോബല്‍ പുരസ്‌കാരം പങ്കിട്ട മറ്റ് രണ്ടുപേരും വിജയിച്ചത്. കോശങ്ങളിലെ പ്രോട്ടീന്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന റൈബോസോം തന്മാത്രയുടെ ആറ്റമികതലത്തിലുള്ള ഘടനയും, ആ തന്മാത്രകളുടെ ധര്‍മവും കണ്ടെത്തുകയാണ് നോബല്‍ ജേതാക്കള്‍ ചെയ്തത്.

Unknown said...

hi Joseph,
Very nice article,

-shaiju

സേതുലക്ഷ്മി said...

ശാസ്ത്രവിഷയങ്ങളുമായി അടുത്ത ബന്ധമുള്ളമുള്ളവര്‍ക്കേ ഇത്തരമൊരു ലേഖനം ശ്രദ്ധിച്ച് വായിക്കാനും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാനും സാധിക്കുവെന്നതാണ് സത്യം. അതിനാല്‍ ഞാന്‍ സ്വയം പിന്മാറുന്നു. :)