Tuesday, September 22, 2009

ജീവികള്‍ കുലംമുടിയുമ്പോള്‍

മുമ്പുണ്ടായ അഞ്ച്‌ സംഭവങ്ങളെ അപേക്ഷിച്ച്‌ ഭൂമിയില്‍ ഇപ്പോള്‍ അരങ്ങേറുന്ന കൂട്ടവംശനാശം വ്യത്യസ്‌തമാണ്‌. ഏതെങ്കിലും ജീവിയുടെ പ്രവര്‍ത്തനഫലമായി ഇതുവരെ ലോകത്ത്‌ വംശനാശം സംഭവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍, മനുഷ്യന്‍ എന്ന ജീവിയാണ്‌ വംശനാശത്തിലേക്ക്‌ ഇതര ജീവിവര്‍ഗങ്ങളെ തള്ളിവിടുന്നത്‌.

'ഗോബിയോഡന്‍ സ്‌പിഷിസ്‌ സി' എന്നു കേട്ടാല്‍ നമ്മുക്ക്‌ എന്തെങ്കിലും തോന്നുമോ. ഇതൊരു മത്സ്യമാണ്‌. പ്രത്യേകയിനം പവിഴപ്പുറ്റിലാണ്‌ ഇവയുടെ താമസം. 1997-1998 കാലത്തെ ശക്തമായ എല്‍നിനോയില്‍ പെസഫിക്‌ സമുദ്രം ചൂടുപിടിക്കുകയും, ഈ മത്സ്യത്തിന്റെ അഭയകേന്ദ്രമായ പവിഴപ്പുറ്റുകള്‍ ഏതാണ്ട്‌ പൂര്‍ണമായിത്തന്നെ നശിക്കുകയും ചെയ്‌തു. പപ്പ്വാ ന്യൂ ഗിനിക്ക്‌ സമീപം കടലിലെ ചെറിയൊരു പവിഴപ്പുറ്റുഭാഗം മാത്രമാണ്‌ ഈ മത്സ്യത്തിന്റെ വാസഗേഹമായി ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌.

ഈ വര്‍ഷം പുതിയൊരു എല്‍നിനോ ശക്തിപ്പെടുന്ന വാര്‍ത്ത കേട്ടു തുടങ്ങിയിരിക്കുന്നു. പെസഫിക്‌ സമുദ്രം വീണ്ടും ചൂടുപിടിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്‌. ആ ചെറിയ പവിഴപ്പുറ്റു ഭാഗത്തിന്‌ ഇപ്പോഴത്തെ എല്‍നിനോയില്‍ എന്തു സംഭവിക്കും. അതിന്‌ അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, 'സ്‌പിഷിസ്‌ സി' പിന്നെ ഉണ്ടാവില്ല. ആ ജീവിവര്‍ഗം പഴങ്കഥ മാത്രമാകും! വംശനാശം നമ്മുടെ കണ്‍മുന്നില്‍ അരങ്ങേറുകയാണ്‌.

ഈ മത്സ്യത്തിന്റെ പേരിലെ 'സ്‌പിഷിസ്‌ സി' (species C) എന്ന സൂചകം ശ്രദ്ധിക്കുക. ഈ ജീവിക്ക്‌ ഇപ്പോഴും ശരിക്കൊരു ശാസ്‌ത്രീയനാമം ലഭിച്ചിട്ടില്ല എന്നാണ്‌ ഈ സൂചകം വ്യക്തമാക്കുന്നത്‌. സ്വന്തം പേരുപോലും കിട്ടുംമുമ്പ്‌ ഒരു ജീവിവര്‍ഗം അന്യംനില്‍ക്കാന്‍ പോകുന്നു. ഇതാണ്‌, ജീവലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. കണ്ടുപിടിക്കുകയും തിരിച്ചറിയുകയും ചെയ്യും മുമ്പ്‌ ജീവികള്‍ അപ്രത്യക്ഷമാകുന്നു, കുലം മുടിയുന്നു. ഭൂമുഖത്ത്‌ 300 ലക്ഷം ജീവജാലങ്ങള്‍ (സസ്യങ്ങളും ജന്തുക്കളും സൂക്ഷ്‌മജീവികളും ഉള്‍പ്പടെ) ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. അവയില്‍ 17 ലക്ഷത്തെ മാത്രമേ ശാസ്‌ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ബാക്കി 283 ലക്ഷത്തെക്കുറിച്ച്‌ ഒന്നും അറിയില്ല.

അവിടെയാണ്‌ പ്രശ്‌നം. എന്താണെന്നോ ഏതാണെന്നോ അറിയുംമുമ്പ്‌ ജീവികള്‍ അന്യംനില്‍ക്കുന്നു. മനുഷ്യന്‌ പരിചിതമായ ജീവികളും സസ്യങ്ങളും വംശനാശം നേരിടുന്നതിന്റെ കണക്കേ നമുക്ക്‌ മുന്നിലുള്ളു. ഇനിയും അറിയാത്ത എത്രയോ ഇനങ്ങള്‍ ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കാം, അല്ലെങ്കില്‍ സമീപഭാവിയില്‍ ഇല്ലാതായേക്കാം. എയ്‌ഡ്‌സ്‌ പോലെ മനുഷ്യകുലത്തെ അലട്ടുന്ന മഹാമാരികള്‍ക്കുള്ള പ്രതിവിധിയാകാം, ഏതെങ്കിലുമൊരു ജീവിവര്‍ഗത്തിനൊപ്പം എന്നന്നേക്കുമായി നഷ്ടമാകുന്നത്‌. ഈസ്റ്റര്‍ ദ്വീപുകളില്‍ കാണപ്പെടുന്ന ഒരിനം ബാക്ടീരികളില്‍ നിന്ന്‌ ആയുസ്സ്‌ വര്‍ധിപ്പിക്കാനുള്ള മരുന്ന്‌ കണ്ടെത്തിയതായി അടുത്തയിടെ വാര്‍ത്തയുണ്ടായിരുന്നു (ഇത്‌ കാണുക). അമൂല്യഗുണങ്ങളുള്ള അത്തരം എത്രയോ സൂക്ഷ്‌മജീവികള്‍ നമ്മളറിയാതെ അന്യംനില്‍ക്കുന്നുണ്ടാകാം. അല്ലെങ്കില്‍, ലോകത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള ജീനടങ്ങിയ ഏതെങ്കിലും സസ്യം, മലിനീകരണം പഴങ്കഥയാക്കാന്‍ ശേഷിയുള്ള സൂക്ഷ്‌മജീവി.

ഭൂമിയില്‍ അംഗസംഖ്യ വര്‍ധിക്കുന്നു എന്നു ഉറപ്പിച്ച്‌ പറയാവുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്‌. ഇരുപതാംനൂറ്റാണ്ട്‌ പിറക്കുമ്പോള്‍ ലോകജനസംഖ്യ 165 കോടിയായിരുന്നു. നൂറ്റാണ്ട്‌ അവസാനിക്കുമ്പോള്‍ അത്‌ ഏതാണ്ട്‌ നാലിരട്ടി (600 കോടി) ആയി. ഇന്നത്തെ നില വെച്ച്‌ 2025 ആകുമ്പോഴേക്കും ലോകത്ത്‌ 900 കോടി ജനങ്ങളുണ്ടാകും. മനുഷ്യന്റെ ഈ ആധിക്യം അപഹരിക്കുന്നത്‌ മറ്റ്‌ ജീവികളുടെ നിലനില്‍പ്പിനുള്ള സാധ്യതകളെയും സാഹചര്യങ്ങളെയുമാണ്‌. അവയുടെ ആവാസവ്യവസ്ഥകളെ മനുഷ്യന്‍ കൈയേറുന്നു, വിഭവങ്ങള്‍ പിടിച്ചു പറിക്കുന്നു, അമിതോപഭോഗത്തിന്റെ ഫലമായി കാലാവസ്ഥ മാറുന്നു. ഒപ്പം അധിനിവേശ വര്‍ഗങ്ങളുമായുള്ള മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുന്നതോടു കൂടി വംശനാശത്തിന്റെ തോത്‌ ഭീതിജനകമാം വിധം വര്‍ധിക്കുന്നു.

ആറാം കൂട്ടനാശം

മനുഷ്യന്റെ കാര്യമെടുത്താല്‍, ചരിത്രത്തില്‍ ആദ്യമായാകാം, ഒരു ജീവിവര്‍ഗം ഇത്തരത്തില്‍ പെരുകുന്നത്‌. അതോടൊപ്പം അന്യജീവജാതികളുടെ നാശത്തിന്‌ ആക്കം വര്‍ധിക്കുകയും ചെയ്‌തിരിക്കുന്നു. ഈ രണ്ട്‌ പ്രസ്‌താവനകളും ചേര്‍ത്ത്‌ വായിക്കേണ്ടതാണെന്ന്‌ തോന്നുന്നില്ലേ. ലോകത്ത്‌ വന്‍തോതില്‍ വംശനാശം സംഭവിക്കുന്നത്‌ ആദ്യമായല്ല. മുമ്പ്‌ അഞ്ചു തവണ കൂട്ടവംശനാശത്തിന്‌ ജീവിവര്‍ഗം ഇരയായിട്ടുണ്ടെന്നാണ്‌ കണക്ക്‌. അത്‌ ശരിയെങ്കില്‍, ആറാം ഉന്‍മൂലനത്തിന്റെ പിടിയിലാണ്‌ ഇപ്പോള്‍ ലോകം.

ഏതാണ്ട്‌ 44 കോടി വര്‍ഷം മുമ്പായിരുന്നു ആദ്യ കൂട്ടവംശനാശം. 'ഓര്‍ഡോവിഷ്യന്‍-സിലൂരിയന്‍' യുഗമായിരുന്നു അത്‌. ഹിമാനികള്‍ രൂപപ്പെടുകയും ഉരുകുകയും ചെയ്‌തതിന്റെ ഫലമായി സമുദ്രവിതാനത്തിലൂണ്ടായ ഏറ്റക്കുറച്ചിലുകളാണ്‌ പ്രശ്‌നമായത്‌. സമുദ്രജീവികളില്‍ നാലിലൊന്ന്‌ ഭാഗം അന്ന്‌ നാശത്തിനിരയായി. 36 കോടി വര്‍ഷം മുമ്പ്‌, 'ലേറ്റ്‌ ഡിവോണിയന്‍' യുഗത്തിലായിരുന്നു രണ്ടാം കൂട്ടവംശനാശം. അതിന്റെ കാരണം വ്യക്തമല്ല. സമുദ്ര ജീവിവര്‍ഗങ്ങളില്‍ അഞ്ചിലൊന്ന്‌ ഭാഗം അന്ന്‌ അന്യംനിന്നു. ഏതോ അജ്ഞാതമായ കാരണത്താല്‍, ഭൂമുഖത്തെ ജീവിവര്‍ഗങ്ങളില്‍ 95 ശതമാനത്തിന്റെയും നാശത്തിനിടയാക്കിയ മൂന്നാം ദുരന്തം നടന്നത്‌ ഏതാണ്ട്‌ 25 കോടി വര്‍ഷം മുമ്പാണ്‌; 'പെര്‍മിയന്‍ട്രിയാസ്സിക്‌' യുഗത്തില്‍.

ട്രിയാസ്സിക്‌ യുഗത്തിന്റെ അവസാനം, ഏതാണ്ട്‌ 20 കോടി വര്‍ഷം മുമ്പ്‌, സമുദ്ര ജീവിവര്‍ഗങ്ങളുടെ വലിയൊരു ഭാഗം നാമാവശേഷമായ സംഭവം നടന്നു. അതാണ്‌ നാലാമത്തെ കൂട്ടവംശനാശം എന്നറിയപ്പെടുന്നത്‌. മധ്യഅത്‌ലാന്റിക്കില്‍ നിന്നുണ്ടായ അതിഭീമമായ ലാവാപ്രവാഹം മൂലം സംഭവിച്ച മാരകമായ ആഗോളതാപനമാണ്‌ ആ നാശത്തിന്‌ ഹേതുവായത്‌ എന്നാണ്‌ നിഗമനം. അഞ്ചാം കൂട്ടനാശം ലോകത്തുണ്ടായത്‌ ആറര കോടി വര്‍ഷം മുമ്പാണത്‌. 'ക്രിറ്റേഷ്യസ്‌-ടെര്‍ഷ്യറി' കാലമായിരുന്നു അത്‌. ദിനോസറുകള്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു. കരയില്‍ കാണപ്പെട്ട നട്ടെല്ലികളില്‍ അഞ്ചിലൊന്ന്‌ ഭാഗം അപ്രത്യക്ഷമായി. സമുദ്രജീവികളുടെ കുടുംബങ്ങളില്‍ 16 ശതമാനം നാശം നേരിട്ടു. ക്ഷുദ്രഗ്രഹം ഭൂമിയില്‍ പതിച്ചുണ്ടായതാണ്‌ അഞ്ചാം കൂട്ടനാശമെന്നാണ്‌ പ്രബല നിഗമനം(ഇത്‌ കാണുക).

മുമ്പുണ്ടായ അഞ്ച്‌ സംഭവങ്ങളെ അപേക്ഷിച്ച്‌ ഇപ്പോള്‍ അരങ്ങേറുന്ന കൂട്ടവംശനാശം വ്യത്യസ്‌തമാണ്‌. ഏതെങ്കിലും ജീവിയുടെ പ്രവര്‍ത്തനഫലമായി ഇതുവരെ ലോകത്ത്‌ വംശനാശം സംഭവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍, മനുഷ്യന്‍ എന്ന ജീവിയാണ്‌ വംശനാശത്തിലേക്ക്‌ ഇതര ജീവിവര്‍ഗങ്ങളെ തള്ളിവിടുന്നത്‌. നിലവില്‍ അരങ്ങേറുന്ന വംശനാശത്തിന്റെ മുഖ്യകാരണങ്ങള്‍ നോക്കുക-ആവാസവ്യവസ്ഥകളുടെ നാശം, കാലാവസ്ഥാ വ്യതിയാനം, അധിനിവേശ ജീവജാതികളുടെ കടന്നുവരവ്‌, അമിത ചൂഷണം, മലിനീകരണം, വന്യരോഗങ്ങള്‍. ഇതില്‍ ആദ്യത്തെ അഞ്ച്‌ കാരണങ്ങളും മനുഷ്യന്റെ ചെയ്‌തികള്‍ മൂലമുണ്ടാകുന്നതാണ്‌. വന്യരോഗങ്ങള്‍ പടരുന്നതിനു കാരണവും പരോക്ഷമായി മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ. ആ നിലയ്‌ക്ക്‌ ചിന്തിച്ചാല്‍, ഇപ്പോഴത്തെ കുലംമുടിയലില്‍ മുഖ്യപ്രതി മനുഷ്യന്‍ തന്നെയെന്ന്‌ വരുന്നു.


സങ്കടങ്ങളുടെ കണക്കുപുസ്‌തകം

സ്വിറ്റ്‌സര്‍ലന്‍ഡ്‌ ആസ്ഥാനമായി 1948-ല്‍ സ്ഥാപിതമായ സ്വകാര്യസംഘടനയാണ്‌ 'അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍' (IUCN). പ്രകൃതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രമുഖമായ ഗവര്‍ണമെന്റിതര സംഘടനയാണിത്‌. യു.എന്‍. ഉള്‍പ്പടെയുള്ള രാജ്യാന്തരസംഘടനകളും സര്‍ക്കാരുകളും വിവിധ പരിസ്ഥിതിഗ്രൂപ്പുകളുമെല്ലാം ഈ സംഘടനയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നു. അതുവഴി, ലോകത്തെ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ഗ്രൂപ്പായി ഐ.യു.സി.എന്‍. മാറി. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം അവര്‍ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന 'ചുവപ്പ്‌ പട്ടിക' (Red List)യാണ്‌. വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ പട്ടികയാണത്‌. ഓരോ വര്‍ഗവും നേരിടുന്ന ഉന്‍മൂലന ഭീഷണിയെത്രയെന്ന്‌ മനസിലാക്കാനുള്ള ഏറ്റവും ആധികാരിക രേഖയാണ്‌ ചുവപ്പ്‌ പട്ടിക.

ശരിക്കു പറഞ്ഞാല്‍ സങ്കടങ്ങളുടെ കണക്കുപുസ്‌തകമാണ്‌ ചുവപ്പ്‌ പട്ടിക. ഭൂമിയില്‍ നിന്ന്‌ അപ്രത്യക്ഷമായ, അല്ലെങ്കില്‍ താമസിയാതെ അപ്രത്യക്ഷമാകാന്‍ പോകുന്ന ജീവികളുടെ പട്ടികയാണത്‌. 2008-ല്‍ ഈ പട്ടികയില്‍ സസ്‌തനികളുടെ കണക്ക്‌ ചേര്‍ക്കപ്പെട്ടത്‌ ലോകമെമ്പാടുമുള്ള 1700 വിദഗ്‌ധരുടെ ശ്രമഫലമായാണ്‌. അതു പ്രകാരം ശാസ്‌ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള സസ്‌തനികള്‍ 5488 ഇനങ്ങളുണ്ട്‌. അവയില്‍ 1207 ഇനങ്ങള്‍ (22 ശതമാനം) വംശനാശ ഭീഷണിയിലാണ്‌. 1500-ന്‌ ശേഷം ഇതുവരെ 76 സസ്‌തനികള്‍ അന്യംനിന്നിട്ടുണ്ടെന്ന്‌ ചുവപ്പ്‌ പട്ടിക പറയുന്നു.

ഉഭയജീവികളുടെ കാര്യത്തില്‍, 2008-ലെ ചുവപ്പ്‌ പട്ടിക പറയുന്നത്‌ 32 ശതമാനം കടുത്ത വംശനാശഭീഷണി നേരിടുന്നതായാണ്‌. ഉഭയജീവികളുടെ 6260 ഇനങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. അതില്‍ 2003 ഇനങ്ങള്‍ ഭീഷണി നേരിടുന്നു എന്നാണ്‌ ഇതിനര്‍ഥം. ഉഭയജീവികളില്‍ 159 ഇനങ്ങള്‍ ഇതിനകം വംശമറ്റ്‌ പോയതായാണ്‌ ഐ.യു.സി.എന്‍. കണക്കാക്കുന്നത്‌. പക്ഷികളുടെ കാര്യം പരിഗണിച്ചാല്‍ 12 ശതമാനം ഇനങ്ങള്‍ ഭീഷണിയിലാണ്‌. ഇഴജന്തുക്കളാണ്‌ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്‌; 51 ശതമാനം. 40 ശതമാനം മത്സ്യയിനങ്ങളും പ്രാണികളില്‍ 52 ശതമാനവും സസ്യകുലത്തില്‍ 70 ശതമാനവും കടുത്ത ഭീഷണിയാണ്‌ നേരിടുന്നതെന്ന്‌ ചുവപ്പ്‌ പട്ടിക പറയുന്നു.

പല കാരണങ്ങളാല്‍ സ്വാഭാവികമായി സംഭവിക്കുന്ന വംശനാശമുണ്ട്‌. അതിനെ അപേക്ഷിച്ച്‌ നൂറുമടങ്ങ്‌ കൂടുതലാണ്‌ ഇപ്പോഴത്തെ വംശനാശത്തിന്റെ തോത്‌ എന്ന്‌ ഐ.യു.സി.എന്‍. കണക്കാക്കുന്നു. എന്നാല്‍, ഒരു ജീവിയുടെ കാര്യം മാത്രം ചുവപ്പ്‌ പട്ടിക പരിഗണിക്കുന്നില്ല; മനുഷ്യനാണ്‌ അത്‌. ഒരു ജീവി വേറൊരു ജീവിയുടെ നിലനില്‍പ്പിന്‌ ആവശ്യമാണെന്നത്‌ പ്രകൃതി നിയമമാണ്‌. പരസ്‌പരാശ്രിതത്വത്തിലാണ്‌ ജീവലോകത്തിന്റെ നിലനില്‍പ്പെന്ന്‌ സാരം. മറ്റ്‌ ജീവികളെല്ലാം അന്യംനില്‍ക്കുന്നെങ്കില്‍ മനുഷ്യനെന്ന ജീവി ആരെ ആശ്രയിക്കും. വംശനാശത്തിന്റെ ഈ തീരാദുരിതം ഒടുവില്‍ തേടിയെത്തുക മനുഷ്യനെ തന്നെയാവില്ലേ.
(മാതൃഭൂമി തൊഴില്‍വാര്‍ത്ത പ്രസിദ്ധീകരണമായ 'ഹരിശ്രീ'യുടെ 2009 സപ്‌തംബര്‍ 26 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഒരു ഭാഗം).

(കടപ്പാട്‌: ICUN; UNEP; World Watch Institute; The State of the Earth, by Paul K Culkin; The Weather Makers, by Tim Flannery)


കാണുക

3 comments:

Joseph Antony said...

പല കാരണങ്ങളാല്‍ സ്വാഭാവികമായി സംഭവിക്കുന്ന വംശനാശമുണ്ട്‌. അതിനെ അപേക്ഷിച്ച്‌ നൂറുമടങ്ങ്‌ കൂടുതലാണ്‌ ഇപ്പോഴത്തെ വംശനാശത്തിന്റെ തോത്‌ എന്ന്‌ ഐ.യു.സി.എന്‍. കണക്കാക്കുന്നു. എന്നാല്‍, ഒരു ജീവിയുടെ കാര്യം മാത്രം ചുവപ്പ്‌ പട്ടിക പരിഗണിക്കുന്നില്ല; മനുഷ്യനാണ്‌ അത്‌. ഒരു ജീവി വേറൊരു ജീവിയുടെ നിലനില്‍പ്പിന്‌ ആവശ്യമാണെന്നത്‌ പ്രകൃതി നിയമമാണ്‌. പരസ്‌പരാശ്രിതത്വത്തിലാണ്‌ ജീവലോകത്തിന്റെ നിലനില്‍പ്പെന്ന്‌ സാരം. മറ്റ്‌ ജീവികളെല്ലാം അന്യംനില്‍ക്കുന്നെങ്കില്‍ മനുഷ്യനെന്ന ജീവി ആരെ ആശ്രയിക്കും. വംശനാശത്തിന്റെ ഈ തീരാദുരിതം ഒടുവില്‍ തേടിയെത്തുക മനുഷ്യനെ തന്നെയാവില്ലേ.

yousufpa said...

കാലങ്ങള്‍ക്കനുസരിച്ച് പ്രകൃതിയില്‍ ഒട്ടേറെ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം . മനുഷ്യന്‍റെ കൈകടത്തലുകള്‍ക്കും ധാരാളം വിധേയമായിട്ടുണ്ട്. മനുഷ്യന്‍റെ ചെയ്തികളെ നിയന്ത്രിച്ചാല്‍ കുറെയൊക്കെ പ്രകൃതിയെ നമുക്ക് രക്ഷിക്കാനായേക്കും .നല്ല പോസ്റ്റ്.

Bijoy said...

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://kurinjionline.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com. If you have any other blgos we would also like to add that also

hoping to hear from you soon.

warm regards

Biby Cletus