Friday, September 11, 2009

ഹബ്ബിള്‍ വീണ്ടും മിഴി തുറന്നപ്പോള്‍

അടിമുടി നവീകരണത്തിന് വിധേയമായ ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് സമ്മോഹനമായ സ്വര്‍ഗീയദൃശ്യങ്ങള്‍ വീണ്ടും ഭൂമിയിലെത്തിച്ചു തുടങ്ങി. നവീകരണത്തിന് ശേഷം ഹബ്ബിള്‍ പകര്‍ത്തിയ ചില ദൃശ്യങ്ങളാണ് ഇവിടെ, കഴിഞ്ഞ ദിവസം നാസ പുറത്തു വിട്ടത്.

1. ഭൂമിയില്‍ നിന്ന് 3800 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ബട്ടര്‍ഫ്‌ളൈ നെബുല (ബഗ് നെബുലയെന്നും ഇതിന് പേരുണ്ട്) യുടെ ദൃശ്യമാണിത്. ഹബ്ബിളിന്റെ വൈഡ് ഫീല്‍ഡ് ക്യാമറ-3 പകര്‍ത്തിയത്. ഒരിക്കല്‍ സൂര്യന്റെ അഞ്ച് മടങ്ങ് വലിപ്പമുണ്ടായിരുന്ന നക്ഷത്രമാണ് ഈ നെബുലയായി മാറിയിരിക്കുന്നത്. രണ്ട്‌ലക്ഷം ഡ്രിഗ്രി സെല്‍ഷ്യസ് ആണ് നക്ഷത്ത്രിന്റെ പ്രതലത്തിലെ താപനില. അത്യുന്നത ഊഷ്മാവില്‍ വാതകങ്ങള്‍ ചുഴറിത്തെറിക്കുന്നതാണ്, ചിത്രശലഭത്തിന്റെ ചിറകുകള്‍ പോലെ ഈ ദൃശ്യത്തില്‍ കാണുന്നത്.

2. NGC 6217 എന്ന വാര്‍ത്തുള ഗാലക്‌സിയുടെ ദൃശ്യം. നവീകരണത്തിന് ശേഷം ഹബ്ബിളിലെ മുഖ്യക്യാമറയായ അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേസ് പകര്‍ത്തിയ ആദ്യ ദൃശ്യമാണിത്. 60 ലക്ഷം പ്രകാശവര്‍ഷമകലെ ഉര്‍സ മേജര്‍ ഗണത്തിലാണ് ഈ ഗാലക്‌സിയുടെ സ്ഥാനം.

3. ഗാലക്‌സി ക്ലസ്റ്റര്‍ ആബെല്‍ 370 ആണ് ദൃശ്യത്തില്‍. വാര്‍ത്തുളഗാലക്‌സികളുടെ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടങ്ങളിലൊന്നാണിത്. ഹബ്ബിളിലെ അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേസ് കഴിഞ്ഞ ജൂലായ് 16-ന് പകര്‍ത്തിയ ദൃശ്യം. ഗുരുത്വാകര്‍ഷണലെന്‍സിങ് (ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്) എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെ കൂടുതല്‍ അകലെയുള്ള ഗാലക്‌സികളെ നിരീക്ഷിക്കാന്‍ കഴിയുന്ന മേഖലയാണിത്. പശ്ചാത്തലത്തിലുള്ള ഗാലക്‌സികള്‍ ആയിരംകോടി പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.

4. സ്റ്റീഫന്‍സ് ക്വിന്റെറ്റ് (ഹിക്ക്‌സണ്‍ കോംപാക്ട് ഗ്രൂപ്പ് 92) എന്ന പഞ്ചഗാലക്‌സിക്കൂട്ടം. ഹബ്ബിളിലെ പുതിയ വൈഡ് ഫീല്‍ഡ് ക്യാമറ-3 ആണ് ഈ ദൃശ്യം പകര്‍ത്തിയത്.

5. ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് പ്രകാശത്തിലുമുള്ള കരിന നെബുലയുടെ ദൃശ്യം. മുകളിലുള്ള ദൃശ്യമാണ് ദൃശ്യപ്രകാശത്തിലുള്ളത്.

6. പ്രപഞ്ചത്തിലെ തിരക്കേറിയ പുതിയൊരു മേഖലയിലേക്ക് ഹബ്ബിളിന്റെ വൈഡ് ഫീല്‍ഡ് ക്യാമറ-3 നോക്കിയപ്പോള്‍ ലഭിച്ച ദൃശ്യം. ഒമേഗ സെഞ്ചുറിയിലെ ഗ്ലോബുലാര്‍ ക്ലസ്റ്ററിലെ ചെറിയൊരു ഭാഗമാണിത്. ഏതാണ്ട് നൂറുലക്ഷം നക്ഷത്രങ്ങളുള്ള ഈ മേഖല ഭൂമിയില്‍ നിന്ന് 16000 പ്രകാശവര്‍ഷം അകലെയാണ്.

കാണുക

4 comments:

JA said...

ഹബ്ബിള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. നാസ പുറത്തുവിട്ട പുതിയ ദൃശ്യങ്ങള്‍, 'പുതിയ ഹബ്ബിളിന്റെ' കഴിവ് വ്യക്തമാക്കുന്നതാണ്.

സ്വതന്ത്രൻ said...

ഇത്തരം വിഷയങ്ങൾ ഇപ്പോൾ പ്രിന്റ് മീഡിയയിൽ വളരെ അപൂർവമാണ്. അഭിനന്ദനം ഈ സംരംഭത്തിന്.

ബിജു ചന്ദ്രന്‍ said...

എന്തൊക്കെയാണ് നാം കാണുന്നത്? 1000 കോടി പ്രകാശവര്‍ഷം അകലെയുള്ള ഗ്യാലക്സികൂട്ടം! ഭൂമി ഉണ്ടാവുന്നതിനും 500 കോടി വര്‍ഷം മുന്‍പത്തെ കാഴ്ച! ഹബ്ബിളിനും നാസയ്ക്കും ആന്റണി മാഷിനും നന്ദി.

ഓഫ്: പുരാതന ഭാരതീയ തത്വചിന്തയുടെ കാലത്ത്, ബഹിരാകാശത്തേക്ക് നോക്കാന്‍ ഒരു ബൈനോക്കുലര്‍ പോലുമില്ലാത്തത് കൊണ്ടായിരുന്നു, അഹം ബ്രഹ്മാസ്മി, പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ പുറത്തേക്കു നോക്കിയിട്ട് കാര്യമില്ല, നിന്റെ ഉള്ളിലേക്ക് നോക്കു മുതലായ ഉടായിപ്പുകള്‍ ഇറങ്ങിയത്‌!അവരൊക്കെ ഹബ്ബിളിന്റെ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ കഥ മറിച്ചായേനെ!ഹി ഹി ഹി!

nidheesh g nadery said...

basheer paranju vacha ananthakodi aakaasha mandalam......