Thursday, September 17, 2009

പ്രപഞ്ചദൃശ്യങ്ങള്‍ 'പ്ലാങ്കി'ല്‍ നിന്ന് ആദ്യമായി

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ 'പ്ലാങ്ക്' ഒബ്‌സര്‍വേറ്ററി പ്രപഞ്ചദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയച്ചു തുടങ്ങി. പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനായി മെയ് 14-ന് വിക്ഷേപിച്ച ഈ ബഹിരകാശ ഒബ്‌സര്‍വേറ്ററി, നാലു മാസത്തിന് ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

380,000 വര്‍ഷം പ്രായമുള്ളപ്പോള്‍ പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശത്തിന്റെ അവശിഷ്ടം കണ്ടെത്താനുള്ള സര്‍വ്വെയാണ് പ്ലാങ്ക് നടത്തുക. പ്രപഞ്ചത്തിന്റെ പ്രായം, ഉള്ളടക്കം, പരിണാമം എന്നിവ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.

മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ടമായി പ്രപഞ്ചമെങ്ങും വ്യാപിച്ചു കിടക്കുന്ന ഫോസില്‍ വികരണത്തെ പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തലം (CMB) എന്നാണ് വിളിക്കുക. ആ തരംഗപശ്ചാത്തലം ഇതുവരെ സാധിക്കാത്തത്ര വ്യക്തതയോടെ പകര്‍ത്തുകയാണ് പ്ലാങ്ക് ചെയ്യുക.

പ്ലാങ്കില്‍ നിന്ന് ലഭിച്ചു തുടങ്ങിയ ദൃശ്യങ്ങള്‍ ആ ഒബ്‌സര്‍വേറ്ററിയുടെ കഴിവു വ്യക്തമാക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പ്ലാങ്ക് നടത്തുന്ന സര്‍വ്വേയുടെ യഥാര്‍ഥ ഫലങ്ങള്‍ പുറത്തു വന്നുതുടങ്ങാന്‍ രണ്ട് വര്‍ഷമെങ്കിലുമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്ലാങ്കിലെ ഉപകരണങ്ങളെല്ലാം ഭംഗിയായി പ്രവര്‍ത്തിക്കുന്നു എന്നാണ് ആദ്യ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ആകാശം സര്‍വ്വെ ചെയ്യാന്‍ കഴിയും എന്നതിന് തെളിവാണത്-പ്ലാങ്ക് പ്രോജക്ടിലെ ശാസ്ത്രജ്ഞനായ ഡോ. ജാന്‍ ടൗബര്‍ പറയുന്നു.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നാണ് പ്ലാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ സ്‌പേസില്‍ എത്തിയിട്ടുള്ളതില്‍ ഏറ്റവും ക്ഷമതയേറിയ ഡിറ്റക്ടറുകളാണ് പ്ലാങ്കിലുള്ളത്. കേവലപൂജ്യത്തിന് തൊട്ടടുത്തുള്ള (മൈനസ് 273.05 ഡിഗ്രി സെല്‍ഷ്യസ്) താപനിലയിലാണ് പ്ലാങ്കിലെ ഡിറ്റക്ടറുകള്‍ സ്ഥിതിചെയ്യുന്നത്. (അവലംബം: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി).

കാണുക

2 comments:

Joseph Antony said...

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ 'പ്ലാങ്ക്' ഒബ്‌സര്‍വേറ്ററി പ്രപഞ്ചദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയച്ചു തുടങ്ങി. പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനായി മെയ് 14-ന് വിക്ഷേപിച്ച ഈ ബഹിരകാശ ഒബ്‌സര്‍വേറ്ററി, നാലു മാസത്തിന് ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.380,000 വര്‍ഷം പ്രായമുള്ളപ്പോള്‍ പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശത്തിന്റെ അവശിഷ്ടം കണ്ടെത്താനുള്ള സര്‍വ്വെയാണ് പ്ലാങ്ക് നടത്തുക. പ്രപഞ്ചത്തിന്റെ പ്രായം, ഉള്ളടക്കം, പരിണാമം എന്നിവ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Unknown said...

theerchayaayum ithu prapanchathinte yadhartha chithram varachu tharum. valiya nigoodhathakalude churulazhiyum