യുക്തിപൂര്‍വമായ രീതിയില്‍ വെബ്ബ്പേജുകളുടെ പ്രാധാന്യം നിശ്ചിയിക്കാന്‍ സഹായിക്കുന്ന ഗൂഗിള്‍ സങ്കേതം, പ്രകൃതിയില്‍ ജീവികള്‍ നേരിടുന്ന വംശനാശ ഭീഷണി എത്രയെന്ന് മനസിലാക്കാന്‍ സഹായിച്ചേക്കും
നെല്ലില്‍ നിന്ന് പതിര് വേര്തിരിച്ചെടുക്കുന്നതു പോലൊരു പണിയാണത്. സെര്‍ച്ചിങ് നടത്തുന്നയാളുടെ മുന്നിലേക്ക് ഏറ്റവും പ്രസക്തമായ പേജ് ആദ്യം എത്തിക്കുക. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് അതാണ് ചെയ്യുന്നത്. കോടിക്കണക്കിന് വെബ്ബ്പേജുകള്‍ക്കിടയില്‍ നിന്ന് പ്രസക്തമായ പേജുകള്‍ തിരഞ്ഞുപിടിച്ച് മുന്നിലെത്തിക്കുന്ന ജോലി. ഇതിന് ഗൂഗിളിനെ പ്രാപ്തമാക്കുന്നത് 'പേജ്റാങ്ക്' (PageRank) എന്ന ഗണിതസമീകരണമാണ്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്റെ ആത്മാവ് ആ ഗണിതസമീകരണമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
യുക്തിപൂര്‍വമായ രീതിയില്‍ വെബ്ബ്പേജുകളുടെ പ്രാധാന്യം നിശ്ചിയിക്കാന്‍ സഹായിക്കുന്ന ആ ഗണിതസമീകരണം, പ്രകൃതിയില്‍ ജീവികള്‍ നേരിടുന്ന വംശനാശ ഭീഷണി എത്രയെന്ന് മനസിലാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍. സാന്റ ബാര്‍ബറയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും മിഷിഗണ്‍ സര്‍വകലാശാലയിലെയും ഗവേഷകരായ സ്റ്റെഫാന്സോ അലെന്‍സിയോ, മെഴ്സിഡെസ് പാസ്ക്യുവല് എന്നിവരാണ്, ഒരു ആവാസവ്യവസ്ഥയില്‍ ഏതൊക്കെ ജീവികളാണ് നിലനില്‍പ്പിന് ഭീഷണി നേരിടുന്നതെന്ന് മനസിലാക്കാന്‍ പേജ്റാങ്ക് സഹായിക്കുമെന്ന് കണ്ടെത്തിയത്.
പരിസ്ഥിതിവ്യൂഹങ്ങളിലെ ഭക്ഷ്യശൃംഗല സങ്കീര്‍ണമാണ്. അത് സംബന്ധിച്ച് വ്യക്തത ലഭിക്കാനും, ആരൊക്കെ ആരെയൊക്കെ ആഹാരമാക്കുന്നുവെന്ന് മനസിലാക്കാനും ഗൂഗിളിന്റെ സെര്ച്ച്സങ്കേതം സഹായിക്കുമെന്ന്, 'പ്ലോസ് കമ്പ്യൂട്ടേഷണല്‍ ബയോളജി'യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
മനുഷ്യന്റെ ഇടപെടല്‍ മൂലം പ്രകൃതിക്കും പരിസ്ഥിതിവ്യൂഹങ്ങള്ക്കും ധ്രുതഗതിയില്‍ മാറ്റം സംഭവിക്കുന്ന കാലമാണിത്. പ്രകൃതി നേരിടുന്ന സമ്മര്‍ദങ്ങള്‍ വംശനാശത്തിന് എങ്ങനെയൊക്കെ ഇടനല്കുന്നു എന്ന കാര്യം പ്രവചിക്കേണ്ടത് ഗവേഷകലോകത്തിന്റെ ഉത്തരവാദിത്വമാണ്. ഭൂമുഖത്ത് ഇപ്പോള്‍ അരങ്ങേറുന്നത് ചരിത്രത്തിലെ ആറാം കൂട്ടവംശനാശമാണെന്നാണ് വിലയിരുത്തല്‍. ഇതിന് മുമ്പുണ്ടായ കൂട്ടനാശങ്ങളില്‍ നിന്ന് ഇപ്പോഴത്തേതിന്റെ വ്യത്യാസം, ഈ നാശത്തിന് ഭൂമിയിലെ തന്നെ ജീവിയായ മനുഷ്യനാണ് കാരണം എന്നതാണ്.
ഭൂമിയിലെ സസ്തനികളില്‍ 22 ശതമാനവും ഉഭയജീവികളില്‍ 32 ശതമാനവും പക്ഷിയിനങ്ങളില്‍ 12 ശതമാനവും ഇഴജന്തുക്കളില്‍ 51 ശതമാനവും മത്സ്യങ്ങളില്‍ 40 ശതമാനവും പ്രാണികളില്‍ 52 ശതമാനവും സസ്യകുലത്തില്‍ 70 ശതമാനവും കടുത്ത വംശനാശ ഭീഷണി നേരിടുന്നു എന്ന് അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന് (ഐ.യു.സി.എന്‍.) പുറത്തിറക്കുന്ന ചുവപ്പ് പട്ടിക പറയുന്നു (2008-ലെ കണക്ക് പ്രകാരം).
ഈ പട്ടിക പൂര്‍ണമല്ല. പ്രകൃതിയില്‍ ഓരോ ഇനങ്ങളും മറ്റുള്ളവയുമായി വച്ചുപുലര്‍ത്തുന്ന സങ്കീര്‍ണ ബന്ധങ്ങളുടെ ചുരുളഴിക്കാന്‍ കഴിഞ്ഞാലേ, ജീവിവര്‍ഗങ്ങള്‍ നേരിടുന്ന ഭീഷണിയുടെ വ്യാപ്തി ശരിക്കും മനസിലാകൂ. ഒരു വര്‍ഗത്തിന്റെ നാശം, അതുമായി ബന്ധമില്ലെന്ന് തോന്നുന്ന മറ്റ് പല വര്‍ഗങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകാം.
സങ്കീര്‍ണത മാത്രമല്ല പ്രശ്നം. അസംഖ്യം വര്‍ഗങ്ങള്‍ നേരിടുന്ന ഭീഷണി ഗവേഷകര്‍ക്ക് ഒരേ സമയം വിലയിരുത്തേണ്ടി വരുന്നു. ഒറ്റ നോട്ടത്തില്‍ ലളിതമെന്ന് തോന്നുന്ന ഒരു പരിസ്ഥിതിവ്യൂഹത്തില്‍ പോലും നിലനില്‍ക്കുന്ന ഉന്മൂലന സാധ്യതകളുടെ എണ്ണം ഒരുപക്ഷേ, പ്രപഞ്ചത്തിലെ മുഴുവന്‍ ആറ്റങ്ങളുടെ എണ്ണത്തെക്കാളും കൂടുതലാകാം-റിപ്പോര്‍ട്ട് പറയുന്നു.
ഒരു പരിസ്ഥിതിവ്യൂഹത്തെ നിലനിര്‍ത്തുകയും അതുവഴി അവിടെയുള്ള മറ്റ് വര്‍ഗങ്ങള്‍ക്ക് തുണയാകുകയും ചെയ്യുന്നതില്‍ ഏറ്റവുമധികം പങ്കുവഹിക്കുന്ന അല്ലെങ്കില്‍ ഏറ്റവും പ്രാധാന്യമുള്ള ജീവികള്‍ ഏതെന്ന് കണ്ടെത്താന്‍ 'പേജ്റാങ്ക്' സങ്കേതം പ്രയോജനപ്പെടുത്താം എന്നാണ് അലെന്സിയോയും പാസ്ക്യുവലും തെളിയിച്ചത്. ഏത് വര്‍ഗമാണ് പ്രധാനപ്പെട്ടത് എന്ന് മനസിലാക്കുക വഴി, ഒരു പരിസ്ഥിതിവ്യൂഹത്തിന്റെ നാശത്തിന് ഏത് വര്‍ഗം നേരുന്ന ഭീഷണിയാണ് ഏറ്റവുമധികം കാരണമാകുക എന്ന് വ്യക്തമാകും.
വെബ്ബ്പേജുകളെ അവയുടെ പ്രധാന്യമനുസരിച്ച് തിരഞ്ഞു കണ്ടുപിടിക്കാന്‍ സഹായിക്കുന്ന പേജ്റാങ്ക് പ്രവര്‍ത്തിക്കുന്നത് ലിങ്കുകളുടെ പ്രാധാന്യവും പേജുകളുടെ ജനപ്രീതിയും കണക്കിലെടുത്താണ് (പേജ്റാങ്കിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കാണുക: ഗൂഗിള്‍ വിസ്മയം-1, ഗൂഗിള്‍ വിസ്മയം-2). ഒരു വെബ്ബ്പേജിലേക്കുള്ള ലിങ്കുകളെ ബന്ധങ്ങളെന്ന് സങ്കല്പ്പിച്ചാല്, ഇക്കാര്യം പരിസ്ഥിതിവ്യൂഹങ്ങളിലെ സങ്കീര്‍ണബന്ധങ്ങളുടെ കാര്യത്തിലും പ്രയോജനപ്പെടുത്താന്‍ കഴിയും. ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പിനുള്ള ഭീഷണിയുടെ യഥാര്‍ഥ മുഖം അതുവഴി അനാവരണം ചെയ്യാനാകും-പുതിയ പഠനം പറയുന്നു.
പരിസ്ഥിതി പഠനത്തില്‍ മാത്രമല്ല, ശൃംഗലാ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമായ മറ്റ് ജീവശാസ്ത്ര ശാഖകളിലും ഗൂഗിള്‍ സങ്കേതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകും എന്ന് ഗവേഷകര്‍ കരുതുന്നു. ജീവശാസ്ത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ പ്രോട്ടീന്‍ ഇടപഴകലുകള്‍ ഉദാഹരണം. ജീനുകളുടെ പരസ്പര നിയന്ത്രണമാണ് പേജ്റാങ്ക് തുണയ്ക്കെത്തിയേക്കാവുന്ന മറ്റൊരു മേഖല. (അവലംബം: PLoS Computational Biology).
1 comment:
നെല്ലില്‍ നിന്ന് പതിര് വേര്തിരിച്ചെടുക്കുന്നതു പോലൊരു പണിയാണത്. സെര്‍ച്ചിങ് നടത്തുന്നയാളുടെ മുന്നിലേക്ക് ഏറ്റവും പ്രസക്തമായ പേജ് ആദ്യം എത്തിക്കുക. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് അതാണ് ചെയ്യുന്നത്. കോടിക്കണക്കിന് വെബ്ബ്പേജുകള്‍ക്കിടയില്‍ നിന്ന് പ്രസക്തമായ പേജുകള്‍ തിരഞ്ഞുപിടിച്ച് മുന്നിലെത്തിക്കുന്ന ജോലി. ഇതിന് ഗൂഗിളിനെ പ്രാപ്തമാക്കുന്നത് 'പേജ്റാങ്ക്' (PageRank) എന്ന ഗണിതസമീകരണമാണ്. യുക്തിപൂര്‍വമായ രീതിയില്‍ വെബ്ബ്പേജുകളുടെ പ്രാധാന്യം നിശ്ചിയിക്കാന്‍ സഹായിക്കുന്ന ആ ഗണിതസമീകരണം, പ്രകൃതിയില്‍ ജീവിവര്‍ഗങ്ങള്‍ നേരിടുന്ന വംശനാശന ഭീഷണി എത്രയെന്ന് മനസിലാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍.
Post a Comment