Saturday, June 13, 2009

ഉറക്കം കെടുത്തന്ന പകര്‍ച്ചവ്യാധികള്‍

പന്നിപ്പനിയെ മഹാമാരിയായി ജൂണ്‍ 11-ന്‌ ലോകാരോഗ്യസംഘടന (WHO) പ്രഖ്യാപിച്ചു. 1968-ല്‍ ഹോങ്കോങ്‌ ഫ്‌ളൂവിന്‌ ശേഷം ഒരു പകര്‍ച്ചവ്യാധിയെ മഹാമാരി (pandemic) ആയി പ്രഖ്യാപിക്കുന്നത്‌ ആദ്യമായാണ്‌. ഭൂമുഖത്ത്‌ രണ്ട്‌ പ്രദേശങ്ങളിലെങ്കിലും വ്യാപിക്കുകയും, മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ ഒരു രോഗം വേഗം പകരുകയും ചെയ്യുന്ന സാഹചര്യം സംജാതമാവുകയും ചെയ്യുമ്പോഴാണ്‌ അതിനെ മഹാമാരിയായി പ്രഖ്യാപിക്കുക. മഹാമാരിയായി പ്രഖ്യാപിക്കുന്ന വേളയില്‍ പന്നിപ്പനിയെന്ന എച്ച്‌1എന്‍1 പനി, ലോകത്ത്‌ 74 രാജ്യങ്ങളിലായി 27,737 പേരെ ബാധിച്ചിട്ടുണ്ട്‌. 141 പേര്‍ രോഗബാധയാല്‍ മരിച്ചു. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ രോഗം വേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌.

പന്നിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ മനുഷ്യന്‌ എന്നും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്‌. ആയിരങ്ങളെ കൊന്നൊടുക്കിയ വൈറസുകളും മറ്റ്‌ രോഗാണുക്കളും പൊട്ടിപ്പുറപ്പെട്ട എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എടുത്തുകാട്ടാനാകും. കറുത്ത മരണമെന്നറിയപ്പെടുന്ന പ്ലേഗും, ലക്ഷങ്ങളെ കൊന്നൊടുക്കിയ വസൂരിയും, സ്‌പാനിഷ്‌ ഫ്‌ളൂവും എയ്‌ഡ്‌സുമെല്ലാം പകര്‍ച്ചവ്യാധികളുടെ പട്ടികയില്‍ മരണത്തിന്റെ ഭീകരമുഖം വരച്ചുകാട്ടിയവയാണ്‌. ആ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ പേരാണ്‌ പന്നിപ്പനി അഥവാ 'എച്ച്‌1എന്‍1 പനി'. പന്നികളില്‍ കാണപ്പെടുന്ന സാധാരണ ഫ്‌ളുവൈറസിന്‌ മാരകമാംവിധം ജനിതികവ്യതിയാനം സംഭവിച്ച്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നതാണ്‌ പുതിയ ഭീഷണിയായിരിക്കുന്നത്‌.

ഏതാണ്ട്‌ 11000 വര്‍ഷം മുമ്പ്‌ മനുഷ്യന്‍ കാര്‍ഷികവൃത്തിയിലേക്ക്‌ തിരിയുകയും കൂട്ടമായി ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്‌ത ശേഷമാണ്‌ ഇന്ന്‌ അറിയപ്പെടുന്ന പല പകര്‍ച്ചവ്യാധികളും പ്രത്യക്ഷപ്പെട്ടതെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ വിശ്വസിക്കുന്നു. അതില്‍ തന്നെ 60 ശതമാനം രോഗങ്ങളും മറ്റ്‌ ജീവികളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നതാണെന്ന്‌, 'ഗ്ലോബല്‍ വൈറല്‍ ഫോര്‍കാസ്‌റ്റിങ്‌ ഇനിഷ്യേറ്റീവി'ന്റെ സാരഥിയും സ്‌റ്റാന്‍ഫഡ്‌ സര്‍വകലാശാലയിലെ വിദഗ്‌ധനുമായ ഡോ. നാഥാന്‍ വൂള്‍ഫും സംഘവും അഭിപ്രായപ്പെടുന്നു. മറ്റ്‌ ജീവികളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ മാത്രമല്ല, മനുഷ്യനില്‍നിന്ന്‌ മറ്റ്‌ ജീവികളിലേക്കും രോഗാണുക്കള്‍ പകരാറുണ്ട്‌-മഞ്ഞപ്പനി ഉദാഹരണം. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന 868 രോഗാണുക്കളുണ്ടെന്നാണ്‌, സ്‌കോട്ട്‌ലന്‍ഡില്‍ എഡിന്‍ബറോ സര്‍വകലാശാലയിലെ വിദഗ്‌ധനായ പ്രൊഫ. മാര്‍ക്ക്‌ വൂള്‍ഹൗസ്‌ അടുത്തയിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്‌. മനുഷ്യന്‌ ഭീഷണി സൃഷ്ടിച്ച പ്രധാന പകര്‍ച്ചവ്യാധികളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ്‌ ചുവടെ:

1. വസൂരി (small pox)

ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി മനുഷ്യനെ വേട്ടയാടിയ മഹാമാരിയാണ്‌ വസൂരി. ഒരുപക്ഷേ, മനുഷ്യവര്‍ഗം നേരിട്ട ഏറ്റവും വലിയ ആരോഗ്യഭീഷണികളിലൊന്ന്‌. കാട്ടുതീ പോലെ പടര്‍ന്ന്‌ മനുഷ്യരെ കൊന്നൊടുക്കുന്ന രോഗമായിരുന്നു വസൂരി. 3000 വര്‍ഷം മുമ്പ്‌ ഇന്ത്യയില്‍ അല്ലെങ്കില്‍ ഈജിപ്‌തിലാണ്‌ വസൂരി ആദ്യം പൊട്ടിപ്പുറപ്പെട്ടതെന്ന്‌ കരുതുന്നു. രണ്ട്‌ വൈറസ്‌ വകഭേദങ്ങള്‍ (വാരിയോള മേജര്‍, വൈരിയോള മൈനര്‍) ആണ്‌ ഈ മഹാമാരിക്ക്‌ കാരണം. ഒട്ടകങ്ങളില്‍ നിന്നാവാം മനുഷ്യരിലേക്ക്‌ വസൂരി വൈറസ്‌ കടന്നതെന്ന്‌ കരുതുന്ന വിദഗ്‌ധരുണ്ട്‌.

വസൂരി ബാധിച്ച്‌ മരിച്ച ഒട്ടേറെ രാജാക്കന്‍മാരും ചക്രവര്‍ത്തിമാരുമുണ്ട്‌. ഇംഗ്ലണ്ടിലെ മേരി രണ്ടാം രാജ്ഞി, ഓസ്‌ട്രിയയിലെ ജോസഫ്‌ ഒന്നാമന്‍ ചക്രവര്‍ത്തി, സ്‌പെയിനിലെ ലൂയിസ്‌ ഒന്നാമന്‍ രാജാവ്‌, റഷ്യയിലെ സര്‍ പീറ്റര്‍ രണ്ടാമന്‍, സ്വീഡനിലെ യുല്‍റിക്ക ഇലേനോറ രാജ്ഞി, ഫ്രാന്‍സിലെ ലൂയി പതിനഞ്ചാമന്‍ രാജാവ്‌ ഒക്കെ വസൂരി ബാധിച്ച്‌ മരിച്ചവരാണ്‌. വസൂരി ബാധിക്കുന്നതില്‍ 30 ശതമാനം പേര്‍ മരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പിനെ കണക്കനുസരിച്ച്‌ വര്‍ഷം തോറും നാലുലക്ഷം പേര്‍ വസൂരി ബാധിച്ച്‌ മരിച്ചിരുന്നു. മാത്രമല്ല, അന്ധതയ്‌ക്ക്‌ മുഖ്യകാരണവും വസൂരി ബാധയായിരുന്നു. 20-ാം നൂറ്റാണ്ടില്‍ ഏതാണ്ട്‌ 30-50 കോടി ആളുകള്‍ വസൂരി മൂലം മരിച്ചുവെന്നാണ്‌ കണക്ക്‌.

എന്നാല്‍, മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി, മനുഷ്യന്റെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി പരിണമിക്കുന്നതാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ കണ്ടത്‌. ലോകമാകെ നടത്തിയ പ്രതിരോധകുത്തിവെപ്പുകളുടെയും നടപടികളുടെയും ഫലമായി വസൂരിയെ ഭൂമുഖത്ത്‌ നിന്ന്‌ ഉന്‍മൂലനം ചെയ്യാന്‍ നമുക്കായി. ലോകം വസൂരി മുക്തമായതായി 1980 മെയ്‌ ആറിന്‌ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. 1977 ഒക്ടോബറില്‍, സൊമാലിയയിലെ ഒരു ഗ്രാമത്തില്‍ അലിമാവോ മാലിന്‍ എന്നയാള്‍ക്കാണ്‌ സ്വാഭാവികമായ രീതിയില്‍ വസൂരി അവസാനമായി ബാധിച്ചത്‌. എന്നാല്‍, ജൈവയുദ്ധത്തിന്റെ ഭാഗമായി വസൂരി വീണ്ടും പ്രത്യക്ഷപ്പെട്ടാക്കാമെന്ന ഭീതി ഇന്ന്‌ ശക്തമാണ്‌.

2. മഞ്ഞപ്പനി (yellow fever)

വൈദ്യശാസ്‌ത്രത്തിന്‌ നൂറ്റാണ്ടുകളായി വെല്ലുവിളി ഉയര്‍ത്തിയ ഈ വൈറസ്‌ രോഗം, ഇന്നും തെക്കെയമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ഭീഷണിയാണ്‌. പോയ നൂറ്റാണ്ടുകളില്‍ യൂറോപ്പിലും അമേരിക്കയിലും ലക്ഷങ്ങളെ കൊന്നൊടുക്കിയ രോഗമാണിത്‌. ഫ്‌ളേവിവൈറിഡേ (Flaviviridae) കുടുംബത്തില്‍പെട്ട 'മഞ്ഞപ്പനി വൈറസാ'ണ്‌ രോഗകാരണം. ലോകാരോഗ്യസംഘടനയുടെ 2001-ലെ കണക്ക്‌ പ്രകാരം, വര്‍ഷംതോറും രണ്ടുലക്ഷം പേരെ ബാധിക്കുന്ന ഈ രോഗം, മുപ്പതിനായിരം പേരെ കൊല്ലുന്നു. രോഗം ബാധിച്ചവര്‍ക്ക്‌ രക്തസ്രവമുണ്ടാകുന്നതാണ്‌ പലപ്പോഴും മരണ കാരണം.

ആഫ്രിക്കയില്‍ കുരങ്ങുകളില്‍ നിന്നാണ്‌ വൈറസുകള്‍ കൊതുകുകള്‍ വഴി മനുഷ്യനെ ബാധിച്ചതെന്ന്‌ കരുതുന്നു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ അടിമവ്യാപാരത്തിന്റെ ഭാഗമായി മഞ്ഞപ്പനി വൈറസ്‌ ആഫ്രിക്കയില്‍ നിന്ന്‌ തെക്കെയമേരിക്കയിലെത്തി. അവിടെ വെച്ച്‌ മനുഷ്യനില്‍നിന്ന്‌ കൊതുകുകള്‍ വഴി തെക്കയമേരിക്കന്‍ കുരങ്ങുകളിലെത്തി. ആ കുരങ്ങുകളില്‍നിന്ന്‌ കൊതുകള്‍ വഴി വീണ്ടും രോഗം മനുഷ്യരിലെത്തി. വെനസ്വേല പോലുള്ള തെക്കെയമേരിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാവുന്നത്‌ ശ്രദ്ധയില്‍ പെട്ടാല്‍, മഞ്ഞപ്പനിബാധ പേടിച്ച്‌ ആരോഗ്യമന്ത്രാലയം ആ പ്രദേശത്ത്‌ ജനങ്ങള്‍ക്ക്‌ പ്രതിരോധകുത്തിവെപ്പ്‌ നടത്താറുണ്ട്‌.

3. പ്ലേഗ്‌ (plague)

ചരിത്രത്തില്‍ മനുഷ്യന്‌ ഏറ്റവും വലിയ ഭീതി സമ്മാനിച്ച രോഗങ്ങളിലൊന്നാണ്‌ ബുബോണിക്‌ പ്ലേഗ്‌. 'യെര്‍സിനിയ പെസ്റ്റിസ്‌' (Yersinia pestis) എന്ന ബാക്ടീരിയമാണ്‌ രോഗകാരി. രോഗം ബാധിക്കുന്നതില്‍ 50 ശതമാനം പേരും മൂന്ന്‌ മുതല്‍ ഏഴ്‌ ദിവസത്തിനകം മരണമടയും. 1340-കളില്‍ യൂറോപ്പില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയ 'കറുത്തമരണ'ത്തിന്‌ കാരണം ബുബോണിക്‌ പ്ലേഗ്‌ ആയിരുന്നു. ഇതുവരെ 20 കോടി പേരെ കൊന്നൊടുക്കിയ രോഗമാണിതെന്ന്‌ കരുതുന്നു. അറിയപ്പെടുന്ന ആദ്യ പ്ലേഗ്‌ മഹാമാരി ക്രിസ്‌തുവിന്‌ ശേഷം ആറാംനൂറ്റാണ്ടിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌; ബൈസാന്റിന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌.

എലിച്ചെള്ളുകളാണ്‌ രോഗാണു വാഹകര്‍. എലികള്‍ അകാരണമായി ചത്തടിയുന്നത്‌ പലപ്പോഴും പ്ലേഗിന്റെ വരവിനെ കുറിക്കുന്ന സൂചനയായി കണക്കാക്കിയിരുന്നു. ഇപ്പോഴും ഒറ്റപ്പെട്ട രീതിയില്‍ പ്ലേഗ്‌ പ്രത്യക്ഷപ്പെടാറുണ്ട്‌. മഹാമാരിയായിത്തീരാറില്ലെന്ന്‌ മാത്രം. 1992-ല്‍ ബ്രസീല്‍, ചൈന തുടങ്ങി ഒന്‍പത്‌ രാജ്യങ്ങളില്‍ ഒറ്റപ്പെട്ട പ്ലേഗ്‌ബാധ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ പ്ലേഗ്‌ ഭീതിവിതച്ചത്‌ ഇന്ത്യയിലാണ്‌; 1994 സപ്‌തംബറില്‍. സൂറത്തില്‍ നൂറുകണക്കിനാളുകളെ അന്ന്‌ പ്ലേഗ്‌ ബാധിച്ചു, 50 പേര്‍ മരിച്ചു. ആയിരങ്ങളാണ്‌ അന്ന്‌ സൂറത്തില്‍നിന്ന്‌ പലായനം ചെയ്‌തത്‌.

4. കോളറ (Cholera)

മാരകമായ വയറിളക്കരോഗമാണ്‌ കോളറ. വിബ്രിയോ കോളറെ (Vibrio cholerae) എന്ന ബാക്ടീരിയമാണ്‌ രോഗകാരി. രോഗാണു ജലത്തിലൂടെയാണ്‌ പകരുന്നത്‌. നൂറ്റാണ്ടുകളായി ആയിരങ്ങളെ കൊന്നൊടുക്കിയ ഈ പകര്‍ച്ചവ്യാധി, ദരിദ്രരാജ്യങ്ങള്‍ക്ക്‌ ഇന്നും ഭീഷണിയാണ്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ട കോളറ, പ്രാചീനകാലത്ത്‌ വ്യാപാരത്തിനെത്തിയവരിലൂടെ മറ്റ്‌ രാജ്യങ്ങളിലെത്തി എന്നാണ്‌ കരുതുന്നത്‌. ഒറ്റപ്പെട്ട നിലയ്‌ക്ക്‌ പ്രത്യക്ഷപ്പെട്ടിരുന്ന കോളറ ഒരു മഹാമാരിയായി ആദ്യം പടര്‍ന്ന സംഭവം 1816-1826 കാലത്താണ്‌ ഉണ്ടായത്‌. ബംഗാളില്‍ അന്ന്‌ പതിനായിരം ബ്രിട്ടീഷ്‌ സൈനികരും മറ്റുള്ളവരും കോളറ മൂലം മരിച്ചു.

5. മലമ്പനി (Malaria)

ആധുനിക വൈദ്യശാസ്‌ത്രത്തിന്‌ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട്‌ ഇന്നും പടരുന്ന രോഗമാണ്‌ മലമ്പനി. കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്‌ കാരണം പ്രധാനമായും പ്ലാസ്‌മോഡിയം ഫാല്‍സിപാറം (Plasmodium falciparum) എന്ന പരാദം (parasite) ആണ്‌. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഉഷ്‌ണമേഖലാപ്രദേശത്താണ്‌ രോഗം ദുരിതം വിതയ്‌ക്കുന്നത്‌. ഓരോ വര്‍ഷവും 50 കോടിയോളം പേരെ മലമ്പനി ബാധിക്കുന്നു എന്നാണ്‌ കണക്ക്‌. അതില്‍ പത്തു ലക്ഷം മുതല്‍ 30 ലക്ഷംവരെ രോഗികള്‍ മരിക്കുന്നു.

നിലനില്‍ക്കുന്ന ഏറ്റവും പുരാതനരോഗങ്ങളിലൊന്നാണ്‌ മലമ്പനി. അമ്പതിനായിരം വര്‍ഷത്തിലേറെയായി മനുഷ്യവര്‍ഗത്തെ ഈ രോഗം ബാധിക്കുന്നു. ശരിക്കു പറഞ്ഞാല്‍, മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തിലുടനീളം ഈ രോഗവും ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. 2700 ബി.സി.യില്‍ ചൈനയില്‍ ഈ രോഗം ബാധിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്‌. അതാകണം ആദ്യം ലിഖിത ചരിത്രം. 1898-ല്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജനറല്‍ ഹോസ്‌പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്‌ ബ്രിട്ടീഷുകാരനായ സര്‍ റൊണാള്‍ഡ്‌ റോസ്‌ ആണ്‌, മലമ്പനി പരത്തുന്നത്‌ കൊതുകുകളാണെന്ന്‌ തെളിയിച്ചത്‌.

6. ക്ഷയം(Tuberculosis)

ഓരോ സെക്കന്‍ഡിലും പുതിയതായി ഒരാളെ വീതം ബാധിച്ചുകൊണ്ടിരിക്കുന്ന രോഗമാണ്‌ ക്ഷയം. ലോകജനസംഖ്യയില്‍ മൂന്നിലൊന്ന്‌ ഭാഗത്തെ ക്ഷയരോഗാണുക്കള്‍ ബാധിച്ചിട്ടുണ്ട്‌ എന്നാണ്‌ ലോകാരോഗ്യസംഘടനയുടെ കണക്ക്‌. വര്‍ഷംതോറും 80 ലക്ഷം പേര്‍ വീതം രോഗബാധിതരാകുന്നു. ലോകത്താകമാനം ഏതാണ്ട്‌ 20 ലക്ഷംപേര്‍ വര്‍ഷംതോറും ക്ഷയരോഗം മൂലം മരിക്കുന്നു.

മൈക്കോബാക്ടീരിയ കുടുംബത്തില്‍പെട്ട അഞ്ച്‌ വ്യത്യസ്‌ത വകഭേദങ്ങള്‍ ക്ഷയരോഗം വരുത്താറുണ്ടെങ്കിലും 'മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ്‌്‌'(Mycobacterium tuberculosis) ആണ്‌ മുഖ്യഹേതു. ക്ഷയരോഗത്തിനെതിരെ ബി.സി.ജി. വാക്‌സിന്‍ ലഭ്യമാണ്‌. ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ക്ഷയരോഗാണു പ്രതിരോധശേഷി നേടുന്നത്‌, രോഗപ്രതിരോധരംഗം നേരിടുന്ന വലിയ വെല്ലുവിളിയാണ്‌. ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി പരിണാമവഴിയില്‍ മനുഷ്യനൊപ്പം സഞ്ചരിച്ച രോഗാണുവാണ്‌ ക്ഷയരോഗത്തിന്റേത്‌. 9000 വര്‍ഷം മുമ്പ്‌ മനുഷ്യനെ ക്ഷയരോഗം ബാധിച്ചതിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌.

7. സ്‌പാനിഷ്‌ ഫ്‌ളൂ (Spanish flu)

1918-19 കാലത്ത്‌ ലോകജനസംഖ്യയുടെ 40 ശതമാനം പേരെ ബാധിച്ച മഹാമാരിയാണിത്‌. 500 ലക്ഷത്തോളം പേര്‍ മരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒന്നാംലോകമഹായുദ്ധകാലത്ത്‌ അമേരിക്കയിലെ കാന്‍സാസിലാണ്‌ രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന്‌ കരുതുന്നു. പന്നികളില്‍വെച്ച്‌ ജനിതകവ്യതിയാനം സംഭവിച്ച ഫ്‌ളുവൈറസ്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നാണ്‌ രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന്‌ കരുതുന്നു. യൂറോപ്പിലെത്തിയ അമേരിക്കന്‍ സൈനികരിലൂടെയാണ്‌ വൈറസ്‌ ലോകത്താകമാനം എത്തിയത്‌. മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാരായിരുന്നു. ഇപ്പോള്‍ പടര്‍ന്നിട്ടുള്ള പന്നിപ്പനിക്ക്‌ സ്‌പാനിഷ്‌ ഫ്‌ളുവുമായി ചില സാമ്യങ്ങളുണ്ടെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. പ്രത്യേകിച്ചും, രോഗം ബാധിച്ച്‌ മരിക്കുന്നതില്‍ കൂടുതലും ചെറുപ്പക്കാരാണ്‌ എന്ന കാര്യത്തില്‍.

8. ചിക്കുന്‍ഗുനിയ (Chikungunya)

ഡങ്കിപ്പനിയുടെ ലക്ഷണങ്ങളോടുകൂടിയ ഈ രോഗം ആഫ്രിക്കയിലാണ്‌ ഉടലെടുത്തത്‌. പ്രാണികളില്‍ കാണപ്പെടുന്ന ആല്‍ഫവൈറസായ 'ചിക്കുന്‍ഗുനിയ വൈറസി'നെ ഈഡിസ്‌ കൊതുകുകളാണ്‌ പരത്തുന്നത്‌. മകോന്‍ഡെ ഭാഷയില്‍ 'വളഞ്ഞുനില്‍ക്കുക'യെന്നാണ്‌ ചിക്കുന്‍ഗുനിയ എന്ന വാക്കിന്‌ അര്‍ഥം (സ്വാഹിലി ഭാഷയില്‍നിന്നാണ്‌ ഈ പദം വന്നതെന്നും വാദമുണ്ട്‌). രോഗബാധിതര്‍ സന്ധികളുടെ കഠനവേദന മൂലം വളഞ്ഞിരിക്കുന്നതാണ്‌ ഈ പേര്‌ വരാന്‍ കാരണം. ടാന്‍സാനിയ, മൊസാമ്പിക്‌ അതിര്‍ത്തിയില്‍ 1952-ല്‍ ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ചതിനെ തുര്‍ന്ന്‌ നടത്തിയ പഠനത്തില്‍, മാരിയോണ്‍ റോബിന്‍സണ്‍, ഡബ്യു.എച്ച്‌.ആര്‍. ലുംസ്‌ഡെന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ആദ്യമായി വിശദീകരിച്ചത്‌. പില്‍ക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ രോഗം പടര്‍ന്നു. രണ്ടുവര്‍ഷം മുമ്പ്‌ തെക്കന്‍കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ഭാഗത്തും രോഗം പടരുകയുണ്ടായി. ആയിരങ്ങളെ രോഗം ബാധിച്ചു. കാലാവസ്ഥാമാറ്റമാണ്‌ പുതിയ സ്ഥലങ്ങളിലേക്ക്‌ കൊതുകുകള്‍ പരത്തുന്ന ഇത്തരം രോഗങ്ങള്‍ കൂടുതലായി വ്യാപിക്കാന്‍ കാരണം എന്ന്‌ വിദഗ്‌ധര്‍ കരുതുന്നു.

9. ഏഷ്യന്‍ ഫ്‌ളൂ (Asian flu)

തെക്കന്‍ ചൈനയില്‍ താറാവുകളില്‍ മാരകമല്ലാതെ കഴിഞ്ഞിരുന്ന H2N2 വൈറസ്‌, പന്നികളുടെ ശരീരത്തില്‍ കടക്കുകയും, അവിടെവെച്ച്‌ ജനിതക വ്യതികരണം സംഭവിച്ച്‌ മനുഷ്യരിലേക്ക്‌ പകരുകയും ചെയ്‌തതിന്റെ ഫലമാണ്‌ ഏഷ്യന്‍ ഫ്‌ളു. 1957-58 കാലത്ത്‌ ഈ വൈറസ്‌ മൂലമുള്ള പകര്‍ച്ചപ്പനി ബാധിച്ച്‌ ലോകമാകെ പത്തുലക്ഷം പേര്‍ മരിച്ചു. പ്രായമേറിയവരെയാണ്‌ രോഗം ഏറ്റവുമധികം കൊന്നൊടുക്കിയത്‌. 1956-ല്‍ ചൈനയിലാണ്‌ രോഗം പൊട്ടിപ്പുറപ്പെട്ടത്‌. അത്‌ പിന്നീട്‌ ഏഷ്യയുടെ ഇതര ഭാഗങ്ങളിലേക്കും മറ്റ്‌ രാജ്യങ്ങളിലേക്കും പടരുകയായിരുന്നു.

10. ഹോങ്കോങ്‌ ഫ്‌ളൂ (Hong Kong Flu)

1968-69 കാലത്ത്‌ ഹോങ്കോങില്‍ ആദ്യം മനുഷ്യരെ ബാധിച്ച H3N2 വൈറസ്‌ വകഭേദം, ലോകമാകെ ഏഴ്‌ ലക്ഷം പേരുടെ മരണത്തിനിടയാക്കി. 65 വയസിന്‌ മേല്‍ പ്രായമുള്ളവരെയാണ്‌ വൈറസ്‌ ഏറ്റവും മാരകമായി പിടികൂടിയത്‌. പന്നികളെയും പക്ഷികളെയും മനുഷ്യനെയും ബാധിക്കുന്ന വൈറസാണ്‌ ഹോങ്കോങ്‌ ഫ്‌ളുവിന്റേത്‌. ലോകാരോഗ്യസംഘടന ഈ പകര്‍ച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.

11. എബോള (Ebola)

ആഫ്രിക്കയില്‍ സയറിലാണ്‌ 1976-ല്‍ എബോള വൈറസ്‌ മനുഷ്യരിലേക്ക്‌ ആദ്യം മനുഷ്യരില്‍ പകര്‍ന്നത്‌. എബോള നദിയുടെ തീരപ്രദേശത്ത്‌ കുരങ്ങില്‍ നിന്നാണ്‌ എബോള വൈറസ്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നതെന്ന്‌ കരുതുന്നു. മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ പകര്‍ന്ന രോഗം ബാധിച്ച്‌ ഇതിനകം ആയിരത്തോളം പേര്‍ മരിച്ചു. ശരീരത്തില്‍ രോമകൂപങ്ങളിലൂടെ രക്തം വാര്‍ന്നാണ്‌ എബോള രോഗികള്‍ മരിക്കുക. ഫിലോവിരിഡെ കുടുംബത്തില്‍ പെട്ടതാണ്‌ എബോള വൈറസ്‌.

12. എച്ച്‌. ഐ. വി (HIV)

1981-ല്‍ അമേരിക്കയില്‍ മനുഷ്യരില്‍ പ്രത്യക്ഷപ്പെട്ട ഈ മാരകവൈറസ്‌ ഇതുവരെ 330 ലക്ഷത്തിലേറെപ്പേരെ ബാധിച്ചു. എയ്‌ഡ്‌സ്‌ മൂലം 2007 വരെ 21 ലക്ഷം പേര്‍ മരിച്ചു. എച്ച്‌. ഐ. വി. ബാധിച്ച ആദ്യരോഗിയെ തിരിച്ചറിഞ്ഞ്‌ കാല്‍നൂറ്റാണ്ട്‌ കഴിഞ്ഞിട്ടും, ഈ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുകയാണ്‌. ആഫ്രിക്കയില്‍ വെച്ച്‌ ചിമ്പാന്‍സികളില്‍നിന്ന്‌ മനുഷ്യരിലെത്തിയതാണ്‌ എച്ച്‌.ഐ.വി.എന്നാണ്‌ നിഗമനം. ഇനിയും മരുന്നു കണ്ടെത്താത്ത ഈ വൈറസ്‌ രോഗം വൈദ്യശാസ്‌ത്രത്തിന്‌ കടുത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. റിട്രോവൈറസ്‌ കുടുംബത്തില്‍ പെട്ടതാണ്‌ 'ഹ്യുമണ്‍ ഇമ്മ്യൂണോഡിഫിഷ്യന്‍സി വൈറസ്‌' (എച്ച്‌.ഐ.വി.). സുരക്ഷിതമല്ലാത്ത ലൈംഗീകബന്ധം, രക്തദാനം, മയക്കുമരുന്ന്‌ ഉപയോഗം വഴിയൊക്കെ വൈറസ്‌ മറ്റുള്ളവരിലേക്ക്‌ പകരാം.

13. പക്ഷിപ്പനി (Avian flu)

പന്നിപ്പനി, ഏഷ്യന്‍ ഫ്‌ളു തുടങ്ങിയവയ്‌ക്കൊക്കെ കാരണമായ ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ വകഭേദം തന്നെയാണ്‌ പക്ഷിപ്പനിക്കും കാരണമാകുന്നത്‌. H5N1 എന്ന വൈറസ്‌ വകഭേദമാണ്‌ ഈ പകര്‍ച്ചവ്യാധി വരുത്തുന്നത്‌. പക്ഷികളില്‍ നിന്ന്‌ ഒരു വൈറസ്‌ മനുഷ്യനെ മാരകമായി ബാധിക്കുന്ന ആദ്യ ഉദാഹരണമാണ്‌ പക്ഷിപ്പനിയുടേത്‌. 1997-ലാണ്‌ ഈ വൈറസ്‌ വകഭേദം ആദ്യം മനുഷ്യനെ ബാധിച്ചത്‌. പിന്നീട്‌ പല തവണ ഈ രോഗം ഏഷ്യന്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. വിവിധ രാജ്യങ്ങളിലായി 257 പേര്‍ ഈ വൈറസ്‌ ബാധിച്ചു മരിച്ചു. മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ വൈറസ്‌ നേരിട്ട്‌ ബാധിച്ചതായി വ്യക്തമായ തെളിവ്‌ ഇതുവരെ കിട്ടിയിട്ടില്ല. പക്ഷിപ്പനി ചെറുക്കാന്‍ വിവിധ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന്‌ കോഴികളെയും താറാവുകളെയും വാത്തകളെയുമാണ്‌ പോയ വര്‍ഷങ്ങളില്‍ കൊന്നൊടുക്കിയത്‌.

14. നിപാ വൈറസ്‌ (Nipah virus)

ജീവലോകത്തുനിന്ന്‌ സമീപകാലത്ത്‌ മനുഷ്യരെ തേടിയെത്തിയ വൈറസാണ്‌ നിപാ. 1999-ലാണ്‌ ഇത്‌ മനുഷ്യരെ ആദ്യം ബാധിച്ചത്‌. മലേഷ്യയില്‍ ഈ വൈറസ്‌ ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലത്തിന്റെ പേരാണ്‌ ഇതിന്‌ നല്‍കിയിരിക്കുന്നത്‌. 1994-ല്‍ ഓസ്‌ട്രേലിയയില്‍ പ്രത്യക്ഷപ്പെട്ട ഹെന്‍ഡ്ര വൈറസുമായി നിപായ്‌ക്ക്‌ ഏറെ സാമ്യമുണ്ട്‌. (ഹെന്‍ഡ്ര പട്ടണത്തിലാണ്‌ വൈറസ്‌ ആദ്യം പ്രത്യക്ഷപ്പെട്ടത്‌). രണ്ട്‌ വൈറസുകളും 'പാരമൈക്‌സോവിരിഡേ'(Paramyxoviridae) കുടുംബത്തില്‍പെട്ടവയാണ്‌. വവ്വാലുകളാണ്‌ ഇവയുടെ പ്രകൃതിയിലെ സംഭരണകേന്ദ്രങ്ങള്‍. വവ്വാലുകളില്‍നിന്ന്‌ പന്നികളിലെത്തുകയും, അവിടെ വെച്ച്‌ ജനിതകവ്യതിയാനം സംഭവിച്ച്‌ മനുഷ്യരെ മാരകമായി ബാധിക്കുകയും ചെയ്‌ത വൈറസാണ്‌ നിപാ. മലേഷ്യയില്‍ പ്രത്യക്ഷപ്പെട്ട നിപാവൈറസ്‌ പിന്നീട്‌ സിങ്കപ്പൂരിലേക്ക്‌ രോഗം വ്യാപിച്ചു. നൂറിലേറെപ്പേര്‍ വൈറസ്‌ ബാധിച്ച്‌ മരിച്ചു. പന്നികൃഷിക്കാരും തൊഴിലാളികളുമായിരുന്നു മരിച്ചവരിലേറെയും. എന്നാല്‍, മനുഷ്യരില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ നേരിട്ട്‌ നിപാ വൈറസ്‌ പകരുന്നതായി ഇതുവരെ തെളിഞ്ഞിട്ടില്ല.

15. സാര്‍സ്‌ (SARS)

'സിവിയര്‍ അക്യൂട്ട്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം' (സാര്‍സ്‌) ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ 800-ഓളം പേരുടെ മരണത്തിനിടയാക്കി. 2002 നവംബറില്‍ ദക്ഷിണ ചൈനയിലെ ഗ്വാങ്‌ദോങ്‌ മേഖലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടെങ്കിലും പുറംലോകമറിയുന്നത്‌ 2003-ല്‍. ജലദോഷപ്പനിക്ക്‌ കാരണമായ കൊറോണ വൈറസിന്റെ മാരക വകഭേദമാണ്‌ രോഗം വരുത്തുന്നത്‌. വെരുകുകളില്‍ നിന്ന്‌ വൈറസ്‌ മനുഷ്യരിലേക്ക്‌ കടന്നു എന്നാണ്‌ കരുതുന്നത്‌. 30 ലേറെ രാജ്യങ്ങളില്‍ ലോകം പകര്‍ന്നു. ലോകവ്യാപകമായി മുന്‍കരുതലുകളെടുത്തു. ഹോങ്കോങ്‌ പോലുള്ള രാജ്യങ്ങളുടെ സാമ്പത്തികരംഗത്തിന്‌ കനത്ത ആഘാതമേകി.

16. ഭ്രാന്തിപ്പശുരോഗം (Mad cow disease)

മാംസാവശിഷ്ടങ്ങളടങ്ങിയ കാലിത്തീറ്റ വഴി ബ്രിട്ടനിലെ മാടുകളെ പിടികൂടിയ മാരകരോഗമാണ്‌ ഭ്രാന്തിപ്പശുരോഗം. 'ബൊവൈന്‍ സ്‌പോഞ്ചിഫോം എന്‍സെഫലോപതി' (BSE) എന്നറിയപ്പെടുന്ന ഈ രോഗം ബാധിക്കുന്ന മാടുകളുടെ തലച്ചോര്‍ തുളവീണ്‌ ദ്രവിച്ച്‌, മാടുകള്‍ വെകിളിയെടുത്ത്‌ ചാവുകയാണ്‌ ചെയ്യുക. 1986-നും 2002-നും മധ്യേ ബ്രിട്ടനില്‍ 1.81 ലക്ഷം ബി.എസ്‌.ഇ. കേസുകള്‍ സ്ഥിരീകരിക്കുകയുണ്ടായി. ബ്രിട്ടന്‌ പുറത്ത്‌ ഏതാനും രാജ്യങ്ങളിലും പരിമിതമായ തോതില്‍ ഭ്രാന്തിപ്പശുരോഗം കണ്ടത്തിയിട്ടുണ്ട്‌.

മാടുകളെ മാത്രം ബാധിക്കുന്ന രോഗമായി ബി.എസ്‌.ഇ. അവസാനിച്ചെങ്കില്‍ അത്‌ വലിയ പ്രശ്‌നമാകില്ലായിരുന്നു. ഭ്രാന്തിപ്പശുരോഗത്തിന്റെ മനുഷ്യവകഭേദമാണ്‌ 'ക്രൂസ്‌ഫെല്‍റ്റ്‌-ജേക്കബ്ബ്‌ രോഗം' (CJD). ജനിതകവൈകല്യം മൂലം ലക്ഷങ്ങളിലൊരാളെ മാത്രം ബാധിക്കുന്ന ഈ മാരകരോഗത്തിന്റെ പുതിയൊരു ജനിതകവകഭേദം, ഭ്രാന്തിപ്പശുരോഗം ബാധിച്ച മാടുകളുടെ മാംസം കഴിക്കുക വഴി മനുഷ്യനെ ബാധിക്കാനാരംഭിച്ചതാണ്‌ പുതിയൊരു പകര്‍ച്ചവ്യാധിയായി മാറിയത്‌. 'വേരിയന്റ്‌ സി.ജെ.ഡി' (vCJD) എന്ന്‌ പേര്‌ നല്‍കിയിട്ടുള്ള ആ മാരകരോഗം ആദ്യമായി ബ്രിട്ടനില്‍ പ്രത്യക്ഷപ്പെട്ടത്‌ 1996-ലാണ്‌. തലച്ചോര്‍ ദ്രവിച്ച്‌ തുളവീണ്‌ രോഗി മരിക്കാനിടയാക്കുന്ന ഈ രോഗം, വൈദ്യശാസ്‌ത്രത്തിന്‌ ഇപ്പോഴും വെല്ലുവിളിയാണ്‌. 1996-2002 കാലത്ത്‌ 129 vCJD കേസുകള്‍ ബ്രിട്ടനില്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. രോഗാണുക്കളല്ല രോഗകാരിയെന്നതാണ്‌ ഈ ആരോഗ്യപ്രശ്‌നത്തിന്റെ പ്രത്യേകത. പ്രയോണുകള്‍ എന്നറിയപ്പെടുന്ന വികലപ്രോട്ടീനുകളാണ്‌ രോഗം പകരാനിടയാക്കുന്നത്‌. അതിനാല്‍, മാംസം വേവിച്ചു കഴിച്ചാലും രോഗബാധ തടയാനാകില്ല.

17. ഡെങ്കിപ്പനി (dengue fever)

കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ്‌ രോഗമാണ്‌ ഡെങ്കിപ്പനി. ഫ്‌ളുവിന്റെ ലക്ഷണങ്ങള്‍ കാട്ടുന്ന രോഗം, ചിലയവസരങ്ങളില്‍ ഡെങ്കി ഹിമറിക്‌ ഫീവറായി രൂപപ്പെടുകയും മാരകമാവുകയും ചെയ്യാം. ഉഷ്‌ണമേഖല, ഉപഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ ഈ രോഗം ഭീഷണിയാകുന്നത്‌. 1994-ന്‌ ശേഷം ഈ പകര്‍ച്ചവ്യാധിയുടെ വ്യാപനം നാലുമടങ്ങായി വര്‍ധിച്ചുവെന്നാണ്‌ കണക്ക്‌. ഇപ്പോള്‍ പ്രതിവര്‍ഷം ഏതാണ്ട്‌ അഞ്ചുകോടി പേരെ ഡെങ്കിപ്പനി ബാധിക്കുന്നു. ഇന്ത്യയുള്‍പ്പടെ നൂറോളം രാജ്യങ്ങള്‍ ഡെങ്കിപ്പനിയുടെ ഭീഷണിയിലാണ്‌. 1970-ന്‌ മുമ്പ്‌ വെറും ഒന്‍പത്‌ രാജ്യങ്ങളില്‍ മാത്രം കാണപ്പെട്ട രോഗമായിരുന്നു ഇത്‌. കേരളത്തിലും ഡെങ്കിപ്പനി ഇപ്പോള്‍ വലിയൊരു ആരോഗ്യപ്രശ്‌നമാണ്‌. ഈ വര്‍ഷം മെയ്‌ മാസംവരെ അഞ്ഞൂറിലേറെ പേര്‍ ഡെങ്കിപ്പനി ബാധിച്ച്‌ കേരളത്തില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ്‌ സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്ക്‌. ഈഡിസ്‌ വര്‍ഗത്തില്‍ പെട്ട പെണ്‍കൊതുകുകള്‍ വഴിയാണ്‌ ഡെങ്കിപ്പനി വൈറസ്‌ പകരുന്നത്‌. കൊതുക്‌ നശീകരണമാണ്‌ രോഗ നിയന്ത്രണത്തിനുള്ള മാര്‍ഗം.

18. കുഷ്‌ഠരോഗം (Leprosy)

ചൈന, ഈജിപ്‌ത്‌, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളിലെ പ്രാചീന സംസ്‌കാരങ്ങളെപ്പോലും ബാധിച്ചിരുന്ന പകര്‍ച്ചവ്യാധിയാണ്‌ കുഷ്‌ഠരോഗം. 600 ബി.സി.യില്‍ ഈ രോഗത്തെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബാസിലസ്‌ വര്‍ഗത്തില്‍ പെടുന്ന 'മൈക്കോബാക്ടീരിയം ലെപ്രെ' (Mycobacterium leprae) ആണ്‌ രോഗകാരി. രോഗിയുടെ മൂക്ക്‌, വായ മുതലായ ഭാഗത്തുനിന്നുള്ള ദ്രാവകങ്ങളിലൂടെയാണ്‌ രോഗം പകരുക. രോഗാണു പകര്‍ന്നാല്‍ ചിലപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞാവും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ത്വക്ക്‌, കൈകാലുകള്‍, നാഡികള്‍ മുതലായവയ്‌ക്കൊക്കെ സ്ഥിരമായ വൈകല്യം വരുത്തുന്ന ഈ രോഗം, ചരിത്രത്തില്‍ വന്‍തോതില്‍ വിവേചനത്തിന്‌ ഇടയാക്കിയിട്ടുള്ള ഒന്നാണ്‌.

പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാവുന്ന ഒരു പകര്‍ച്ചവ്യാധിയാണ്‌ ഇന്ന്‌ കുഷ്‌ഠരോഗം. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ലോകത്താകമാനം രോഗബാധ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്‌. 1985-ല്‍ ഒരു പൊതുജനാരോഗ്യപ്രശ്‌നമായി കുഷ്‌ഠം കരുതിയിരുന്ന 122 രാജ്യങ്ങളില്‍, 113 ഇടങ്ങളില്‍നിന്നും ഇന്ന്‌ രോഗം നിര്‍മാര്‍ജനം ചെയ്‌തു കഴിഞ്ഞു. 2001-ന്‌ ശേഷം ആഗോളതലത്തില്‍ രോഗബാധയില്‍ 20 ശതമാനം കുറവാണ്‌ രേഖപ്പെടുത്തുന്നത്‌. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഒന്‍പത്‌ രാജ്യങ്ങളില്‍ മാത്രമാണ്‌ ഈ രോഗം ഇന്നൊരു പൊതുജനാരോഗ്യപ്രശ്‌നമായി പരിഗണിക്കുന്നത്‌.

19. ജപ്പാന്‍ ജ്വരം (Japanese encephalitis)

ഫ്‌ളേവിവൈറിഡേ കുടുംബത്തില്‍പെട്ട 'ജാപ്പനീസ്‌ എന്‍സെഫലൈറ്റിസ്‌ വൈറസ്‌' ആണ്‌ രോഗം പരത്തുന്നത്‌. പക്ഷികളിലും വളര്‍ത്തുപന്നികളിലും കഴിയുന്ന വൈറസാണ്‌, കൊതുകുകള്‍ വഴി മനുഷ്യരെ ബാധിക്കുന്നത്‌. മുഖ്യമായും ഏഷ്യന്‍രാജ്യങ്ങളില്‍ ഭീഷണി സൃഷ്ടിക്കുന്ന പകര്‍ച്ചവ്യാധിയാണിത്‌. ഏഷ്യയില്‍ വര്‍ഷം തോറും 50000 കേസുകള്‍ വരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാറുണ്ട്‌. ശക്തമായ വൈറല്‍ പനിയുടെ ലക്ഷണങ്ങളാണ്‌ രോഗത്തിനുള്ളത്‌. ചിലയവസരങ്ങളില്‍ രോഗം മൂര്‍ഛിച്ച്‌ രോഗി അബോധാവസ്ഥയില്‍ ആയിപ്പോകാറുണ്ട്‌, മരണവും സംഭവിക്കാം. ശ്രീലങ്ക, തമിഴ്‌നാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ഈ രോഗം വന്‍ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്‌. കേരളത്തില്‍ കുട്ടനാട്‌ പോലുള്ള സ്ഥലങ്ങളിലും രോഗം പടരാറുണ്ട്‌.

20. എലിപ്പനി (leptospirosis)

എലിമൂത്രം വഴി പകരുന്ന രോഗമാണിത്‌. 'ലെപ്‌റ്റോസ്‌പൈറെ' ( Leptospira) വിഭാഗത്തില്‍പെടുന്ന ബാക്ടീരിയ ബാധിച്ചുണ്ടാകുന്ന ഈ രോഗം ഗുരുതരമായ ഒട്ടേറെ ലക്ഷണങ്ങള്‍ രോഗിയില്‍ ഉണ്ടാക്കും. ശക്തമായ പനി, തലവേദന, കുളിര്‌, കണ്ണിന്‌ ചുവപ്പ്‌, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍, വൃക്കതകരാര്‍, കരള്‍ തകരാര്‍, മെനിഞ്ചൈറ്റിസ്‌, ശ്വാസതടസ്സം എന്നിങ്ങനെ രോഗലക്ഷണങ്ങള്‍ നീളും. മറ്റ്‌ രോഗങ്ങളായി ഈ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാം. എലികളില്‍ മാത്രമല്ല, മറ്റ്‌ പല മൃഗങ്ങളിലും രോഗാണു കാണപ്പെടാം. ഇവയുടെ മൂത്രം വെള്ളത്തില്‍ കലര്‍ന്ന്‌, ആ വെള്ളം കാലിലോ മറ്റോയുള്ള മുറിവില്‍ പറ്റുമ്പോഴാണ്‌ രോഗം ബാധിക്കുക. ലോകത്ത്‌ മിക്ക രാജ്യങ്ങളിലും ഈ രോഗം വരാമെങ്കിലും, കേരളം പോലുള്ള ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ രോഗം കൂടുതല്‍ പടരുന്നത്‌.

21. പോളിയോ (polio)

അഞ്ചുവയസ്സിന്‌ താഴെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന വൈറസ്‌ പകര്‍ച്ചവ്യാധിയാണ്‌ പോളിയോ. വെള്ളവും ഭക്ഷണവും വഴി പകരുന്ന വൈറസ്‌ കുട്ടികളുടെ കാലുകള്‍ തളര്‍ത്തി അവരെ അംഗവൈകല്യമുള്ളവരാക്കുന്നു. രോഗം ബാധിക്കുന്നതില്‍ അഞ്ചു മുതല്‍ പത്ത്‌ ശതമാനം വരെ കുട്ടികള്‍, ശ്വാസപേശികള്‍ പ്രവര്‍ത്തിക്കാതായി മരിക്കാറുണ്ട്‌. വസൂരിക്ക്‌ ശേഷം ഭൂമുഖത്ത്‌ നിന്ന്‌ ഉന്‍മൂലനം ചെയ്യേണ്ട പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച്‌, ലോകമെങ്ങും പോളിയോയ്‌ക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്നു. അതിന്റെ ഫലമായി 2008-ല്‍ പോളിയോ വെറും നാല്‌ രാജ്യങ്ങളില്‍-അഫ്‌ഗാനിസ്‌താന്‍, പാകിസ്‌താന്‍, ഇന്ത്യ, നൈജീരിയ- മാത്രമായി ഒതുങ്ങി. 1988-ല്‍ 125 രാജ്യങ്ങളില്‍ ദുരിതം വിതച്ചിരുന്ന രോഗമായിരുന്നു ഇത്‌. 1988-ല്‍ ലോകത്ത്‌ മൂന്നരലക്ഷം പോളിയോ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിടത്ത്‌ 2006-ല്‍ വെറും 1997 ആയി ചുരുങ്ങി. വ്യാപകമായി നടന്ന പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു ഈ മുന്നേറ്റം.

22. പേവിഷബാധ (rabies)

മൃഗങ്ങളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ പകരുന്ന മറ്റൊരു വൈറസ്‌ രോഗമാണ്‌ പേവിഷബാധ. രോഗംബാധിച്ച നായകളില്‍നിന്നാണ്‌ പ്രധാനമായും മനുഷ്യനെ രോഗം ബാധിക്കുന്നത്‌. ലോകത്ത്‌ വര്‍ഷംതോറും 55000 പേര്‍ പേവിഷബാധയേറ്റ്‌ മരിക്കുന്നുവെന്നാണ്‌ കണക്ക്‌. അതില്‍ 95 ശതമാനവും ഏഷ്യയിലും ആഫ്രിക്കയിലുമാണ്‌. നായയുടെ കടിയേറ്റാലുടന്‍ മുറിവ്‌ വെള്ളവും സോപ്പുമുപയോഗിച്ച്‌ കഴുകുകയും, പ്രതിരോധ കുത്തിവെപ്പ്‌ എടുക്കുകയുമാണ്‌ രോഗബാധ മാരകമാകാതിരിക്കാന്‍ ചെയ്യേണ്ടത്‌. (കടപ്പാട്‌: WHO, വിക്കിപീഡിയ).

കാണുക:

3 comments:

Joseph Antony said...

പന്നിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ മനുഷ്യന്‌ എന്നും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്‌. ആയിരങ്ങളെ കൊന്നൊടുക്കിയ വൈറസുകളും മറ്റ്‌ രോഗാണുക്കളും പൊട്ടിപ്പുറപ്പെട്ട എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എടുത്തുകാട്ടാനാകും. കറുത്ത മരണമെന്നറിയപ്പെടുന്ന പ്ലേഗും, ലക്ഷങ്ങളെ കൊന്നൊടുക്കിയ വസൂരിയും, സ്‌പാനിഷ്‌ ഫ്‌ളൂവും എയ്‌ഡ്‌സുമെല്ലാം പകര്‍ച്ചവ്യാധികളുടെ പട്ടികയില്‍ മരണത്തിന്റെ ഭീകരമുഖം വരച്ചുകാട്ടിയവയാണ്‌.

Siju | സിജു said...

നല്ല ലേഖനം.

അനില്‍@ബ്ലോഗ് // anil said...

വളരെ നല്ലൊരു ലേഖനം.
പകര്‍ച്ചവ്യാധികളുടെ നാള്‍വഴിയായ് എടുത്തു വക്കാം.
നന്ദി.