Friday, June 19, 2009

ഹിമയുഗത്തിന്‌ കാരണം CO2 കുറഞ്ഞതല്ല-പഠനം

ഭൗമാന്തരീക്ഷത്തില്‍ 21 ലക്ഷം വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ഡയോക്‌സയിഡ്‌ സാന്ദ്രത ഇപ്പോള്‍. ആഗോളതാപനവും ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനയും നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു.

ഹിമയുഗങ്ങള്‍ക്ക്‌ വഴിതെളിച്ച ഘടകങ്ങള്‍
തേടുന്നതിനിടെയാണ്‌ ഗവേഷകര്‍ ആഗോളതാപനമെന്ന വിപത്ത്‌ തിരിച്ചറിഞ്ഞത്‌. പ്രാചീനകാലത്ത്‌ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡ്‌ (CO2) കുറഞ്ഞതാകാം, അന്തരീക്ഷ താപനില താഴാനും ഹിമയുഗങ്ങള്‍ക്ക്‌ വഴിതെളിച്ചതും എന്നാണ്‌ പലരും കരുതിയിരുന്നത്‌. എന്നാല്‍, എട്ടരലക്ഷം വര്‍ഷംമുമ്പ്‌ കഠിനമായ ഹിമയുഗത്തിന്‌ കാരണമായത്‌ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ കുറവല്ലെന്ന്‌ പുതിയൊരു പഠനം പറയുന്നു. കടലിന്നടിയിലെ പ്ലാങ്‌ടണ്‍ അവശിഷ്ടങ്ങളെ വിശകലനംചെയ്‌ത്‌ 21 ലക്ഷം വര്‍ഷത്തെ അന്തരീക്ഷനില പരിശോധിച്ച ഗവേഷകരാണ്‌ ഈ നിഗമനത്തിലെത്തിയത്‌-പുതിയ ലക്കം 'സയന്‍സ്‌' ഗവേഷണവാരിക റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്ലാങ്‌ടണുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലെ CO2-ന്റെ സാന്ദ്രത നിര്‍ണയിക്കുകയാണ്‌, ലമൊന്റ്‌-ഡോഹെര്‍ത്തി എര്‍ത്ത്‌ ഒബ്‌സര്‍വേറ്ററിയിലെ ജിയോകെമിസ്‌റ്റായ ബാര്‍ബെല്‍ ഹോനിഷും സംഘവും ചെയ്‌തത്‌. പരിശോധനയ്‌ക്ക്‌ വിധേയമായ കാലഘട്ടത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹിമയുഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ചതുപോലെ അന്തരീക്ഷത്തില്‍ CO2 -ന്റെ സാന്ദ്രത താണില്ല. അതിനാല്‍, എ്‌ട്ടരലക്ഷം വര്‍ഷംമുമ്പ്‌ ഭൂമിയെ ഗ്രസിച്ച കഠിന ഹിമയുഗത്തിന്‌ കാരണം, ഭൂമിയുടെ ഭ്രമണപഥത്തില്‍ ചാക്രികമായി സംഭവിക്കുന്ന ഭ്രംശം ആകണം എന്നേ കരുതാനാകൂ എന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

അതേസയമം, 21 ലക്ഷം വര്‍ഷത്തിനിടെ താപനില ഉയര്‍ന്ന വേളയിലെല്ലാം അന്തരീക്ഷത്തില്‍ CO2-ന്റെ സാന്ദ്രത വര്‍ധിച്ചിരുന്നു എന്ന്‌ പഠനം പറയുന്നു. നിലവിലുള്ള സ്ഥിതി മാറ്റി നിര്‍ത്തിയാല്‍, ഈ കാലത്തിനിടെ ഏറ്റവും ഉയര്‍ന്ന CO2 സാന്ദ്രത 280 പി.പി.എം. (പാര്‍ട്‌സ്‌ പെര്‍ മില്യണ്‍) ആയിരുന്നു. ഇപ്പോള്‍, പക്ഷേ അത്‌ 385 പി.പി.എം. ആണ്‌; 38 ശതമാനം കൂടുതല്‍. ഹരിതഗൃഹവാതകങ്ങള്‍ക്കും അന്തരീക്ഷതാപനിലയിലെ വര്‍ധയ്‌ക്കും നേരിട്ട്‌ ബന്ധമുണ്ടെന്ന്‌ മാത്രമല്ല, കഴിഞ്ഞ 21 ലക്ഷം വര്‍ഷത്തിനിടെ ഏറ്റവും വലിയ താപനത്തിനാണ്‌ ഭൂമി ഇപ്പോള്‍ ഇരയാകുന്നതെന്നും ഈ പഠനം വ്യക്തമാക്കുന്നു.

ആഫ്രിക്കന്‍ തീരത്ത്‌ അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ ഏകകോശ പ്ലാങ്‌ടണുകളുടെ തോടില്‍ അടങ്ങിയിട്ടുള്ള ബോറോണ്‍ (boron) ഐസോടോപ്പുകളുടെ അനുപാതം കണക്കാക്കി, ആ ജീവി നിലനിന്ന കാലത്ത്‌ അന്തരീക്ഷത്തില്‍ CO2 -ന്റെ സാന്ദ്രത എത്രയായിരുന്നു എന്ന്‌ മനസിലാക്കാന്‍ കഴിയും. ലമൊന്റ്‌-ഡോഹെര്‍ത്തി എര്‍ത്ത്‌ ഒബ്‌സര്‍വേറ്ററിയിലെയും ക്വീന്‍സ്‌ കോളേജിലെയും ഗവേഷകനായ ഗാരി ഹെമ്മിങ്‌ കഴിഞ്ഞ പതിറ്റാണ്ടില്‍ വികസിപ്പിച്ച ഈ 'ബോറാണ്‍ ഐസോടോപ്പ്‌ സങ്കേതം' ഉപയോഗിച്ചാണ്‌, ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലെ കാലാവസ്ഥയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയത്‌. ധ്രുവപ്രദേശത്തെ മഞ്ഞുപാളികള്‍ തുരക്കുമ്പോള്‍ ലഭിക്കുന്ന സാമ്പിളുകളാണ്‌ അന്തരീക്ഷത്തില്‍ CO2 സാന്ദ്രത എത്രയായിരുന്നു എന്ന്‌ കണ്ടെത്താന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗം. പക്ഷേ, അതുവഴി എട്ടുലക്ഷം വര്‍ഷത്തെ ചരിത്രമേ ഇതുവരെ കണ്ടെത്താനായിട്ടുള്ളു. അതിലും വളരെ പിന്നിലേക്ക്‌ പോകാന്‍ പുതിയ പഠനം വഴി ഗവേഷകര്‍ക്കായി.

ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഹിമയുഗങ്ങള്‍ മുമ്പ്‌ പലതവണ ഭൂമിയെ ഗ്രസിച്ചിട്ടുണ്ട്‌. ഏതാണ്ട്‌ എട്ടര ലക്ഷം വര്‍ഷംമുമ്പ്‌ പ്രത്യക്ഷപ്പെട്ട ഹിമയുഗത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും വളരെ കൂടുതലായിരുന്നു. അന്തരീക്ഷത്തിലെ CO2 അസാധാരണമായി കുറഞ്ഞതാണ്‌ ആ ഹിമയുഗത്തിന്‌ കാരണമെന്ന്‌ ഗവേഷകര്‍ കരുതി. എന്നാല്‍, ആ സമയത്തെല്ലാം CO2 നില ഏതാണ്ട്‌ സ്ഥിരമായിരുന്നുവെന്നും, അതിനാല്‍ ഹിമയുഗത്തിന്‌ കാരണം ഹരിതഗൃഹവാതകവ്യാപനം കുറഞ്ഞതാണ്‌ എന്ന്‌ കരുതാനാകില്ലെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. "കഴിഞ്ഞ 200 ലക്ഷം വര്‍ഷത്തിനിടെ അന്തരീക്ഷത്തില്‍ CO2 സാന്ദ്രത കാര്യമായി വ്യത്യാസപ്പെട്ടിട്ടില്ലെന്ന്‌ മുന്‍പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്‌"-ബാര്‍ബെല്‍ ഹോനിഷ്‌ പറയുന്നു. "ഹിമയുഗത്തിന്‌ മുഖ്യകാരണം CO2 ആയിരുന്നില്ലെന്നാണ്‌ ഈ പഠനവും പറയുന്നത്‌. എന്നാല്‍ ഹരിതഗൃഹവാതകങ്ങളും ആഗോളകാലാവസ്ഥയും തമ്മില്‍ വളരെ അടുത്ത്‌ ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ ഞങ്ങളുടെ ഡേറ്റ വ്യക്തമാക്കുന്നു".

ഭൂമിയും സൂര്യനും തമ്മില്‍

സാധാരണഗതില്‍ 41000 വര്‍ഷങ്ങള്‍ കൂടുമ്പോഴാണ്‌ ഭൂമി ഓരോ ഹിമയുഗങ്ങള്‍ക്ക്‌ വിധേയമാവുക. എന്നാല്‍, ഏതാണ്ട്‌ എട്ടരലക്ഷം വര്‍ഷം മുമ്പ്‌ പ്രത്യക്ഷപ്പെട്ട ഹിമയുഗം അങ്ങനെ അവസാനിച്ചില്ല. അത്‌ ഒരുലക്ഷം വര്‍ഷം നീണ്ടുനിന്നു. ആ പെരുംഹിമയുഗത്തിന്‌ കാരണം അന്തരീക്ഷത്തില്‍ CO2 കുറഞ്ഞതല്ലെങ്കില്‍, പിന്നെ ഗവേഷകര്‍ക്ക്‌ ആശ്രയം മിലുറ്റിന്‍ മിലാന്‍കോവിച്ച്‌ എന്ന സെര്‍ബിയന്‍ വംശജനായ എന്‍ജിനിയര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അവതരിപ്പിച്ച കണക്കുകളാണ്‌. ഹിമയുഗങ്ങള്‍ക്ക്‌ കാരണം തിരയുന്നതിലായിരുന്നു അദ്ദേഹത്തിനും താത്‌പര്യം. അതിനായി, ഭൗമകാലാവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്ന മൂന്ന്‌ ചാക്രികഘടകങ്ങള്‍ (Milankovich's cycles) അദ്ദേഹം നിര്‍ണയിച്ചു.

അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്‌ സൂര്യന്‌ ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥവുമായി ബന്ധപ്പെട്ടതാണ്‌. ഭൗമഭ്രമണപഥത്തിന്‌ വാര്‍ത്തുളാകൃതിയാണുള്ളത്‌. ഒരുലക്ഷം വര്‍ഷം വരുന്ന കാലയളവില്‍ ഭ്രമണപഥത്തിന്റെ ആകൃതിയില്‍ ചെറിയ വ്യതിയാനമുണ്ടാകും. സൂര്യനില്‍നിന്ന്‌ ഭൂമിയിലെത്തുന്ന ഊര്‍ജത്തിന്റെ അളവ്‌ വ്യത്യാസപ്പെടും, ഒപ്പം കാലാവസ്ഥയിലും. നിലവില്‍ ഭൂമിയുടെ ഭ്രമണപഥം അത്ര അധികം വാര്‍ത്തുളമല്ല. അതിനാല്‍, ഭൂമിയിലെത്തുന്ന വികിരണോര്‍ജത്തില്‍, ജനവരിയ്‌ക്കും ജൂലായ്‌ക്കുമിടയ്‌ക്ക്‌ വെറും ആറ്‌ ശതമാനത്തിന്റെ വ്യത്യാസമേയുള്ളു. വാര്‍ത്തുളാകൃതി വര്‍ധിക്കുമ്പോള്‍ പക്ഷേ, ഈ വ്യത്യാസം 20 മുതല്‍ 30 ശതമാനം വരെയെത്തും. ഭൂമിയിലെത്തുന്ന സൗരോര്‍ജത്തിന്റെ അളവ്‌ വ്യത്യപ്പെടാന്‍ ഇടയാക്കുന്ന ഏക ചാക്രികഘടകം ഇതാണ്‌.

മിലാന്‍കോവിച്ച്‌ നിര്‍ണയിച്ച രണ്ടാമത്തെ ഘടകം 42,000 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവിലുണ്ടാകുന്ന നേരിയ വ്യതിയാനം അടിസ്ഥാനമാക്കിയുള്ളതാണ്‌. അച്ചുതണ്ടിന്റെ ചെരിവ്‌ 21.8 ഡിഗ്രിയില്‍ നിന്ന്‌ 24.4 ഡിഗ്രിയാകുന്നു. സൂര്യപ്രകാശം ഭൂമിയില്‍ ഏത്‌ ഭാഗത്ത്‌ വീഴുന്നു എന്നതിലാണ്‌ ഈ ചാക്രികഘടകം മാറ്റമുണ്ടാക്കുക. നിലവില്‍ ഭൗമഅച്ചുതണ്ടിന്റെ ചെരിവ്‌ ഏതാണ്ട്‌ അതിന്റെ മധ്യത്തിലാണ്‌. മൂന്നാമത്തെ ഘടകമാണ്‌ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞത്‌. 22,000 വര്‍ഷം കൂടുമ്പോള്‍, ഭൂമിയുടെ അച്ചുതണ്ടിന്‌ സംഭവിക്കുന്ന ചെറിയൊരു ആന്തോളനമാണ്‌ അതിന്‌ കാരണം. ഭൂമിയുടെ അച്ചുതണ്ട്‌ ധ്രുവനക്ഷത്രത്തിന്‌ നേരെ തിരിഞ്ഞിരിക്കുന്നതിന്‌ പകരം, വേഗ നക്ഷത്രത്തിന്‌ നേരെയാകുന്നു. ഭൂമിയില്‍ ധ്രുതുക്കളുടെ താളംതെറ്റാന്‍ ഇതിടയാക്കുന്നു. മഞ്ഞുകാലവും വേനലും കഠിനമാകുന്നു.

ഭൂപ്രതലത്തിലെ ഫലകങ്ങളിലുണ്ടായ ചലനം മൂലം ഭൂഖണ്ഡങ്ങള്‍ ധ്രുവങ്ങള്‍ക്ക്‌ അരികിലേക്ക്‌ നീങ്ങിയപ്പോഴാണ്‌, മിലോന്‍കോവിച്ച്‌ പ്രവചിച്ച ചാക്രികഘടകങ്ങള്‍ ഭൂമിയില്‍ ഹിമയുഗങ്ങള്‍ കൊണ്ടുവന്നത്‌. എട്ടരലക്ഷം വര്‍ഷം മുമ്പ്‌ ദൈര്‍ഘ്യമേറിയ ഹിമയുഗം സമ്മാനിച്ചതിന്‌ കാരണം, ഭൂമിയുടെ ഭ്രമണപഥത്തില്‍ വന്ന വ്യതിയാനവും അതുവഴി സൂര്യനില്‍നിന്നുള്ള ഊര്‍ജം കുറഞ്ഞതുമാണ്‌ എന്നുവേണം കരുതാന്‍. 1941-ല്‍ മിലോന്‍കോവിച്ച്‌ പ്രസിദ്ധീകരിച്ച പഠനം ശരിയാണെന്ന്‌ വീണ്ടും തെളിയുന്നു എന്നുസാരം.
(അവലംബം: 'സയന്‍സ്‌' ഗവേഷണവാരിക, കൊളംബിയ സര്‍വകലാശാലയ്‌ക്കു കീഴിലെ എര്‍ത്ത്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, The Weather Makers, by Tim Flannery).

5 comments:

Joseph Antony said...

ഹിമയുഗങ്ങള്‍ക്ക്‌ വഴിതെളിച്ച ഘടകങ്ങള്‍ തെടുന്നതിനിടെയാണ്‌ ഗവേഷകര്‍ ആഗോളതാപനമെന്ന വിപത്ത്‌ തിരിച്ചറിഞ്ഞത്‌. പ്രാചീനകാലത്ത്‌ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡ്‌ (CO2) കുറഞ്ഞതാകാം, അന്തരീക്ഷ താപനില താഴാനും ഹിമയുഗങ്ങള്‍ക്ക്‌ വഴിതെളിച്ചതും എന്നാണ്‌ പലരും കരുതിയിരുന്നത്‌. എന്നാല്‍, എട്ടരലക്ഷം വര്‍ഷംമുമ്പ്‌ കഠിനമായ ഹിമയുഗത്തിന്‌ കാരണമായത്‌ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ കുറവല്ലെന്ന്‌ പുതിയൊരു പഠനം പറയുന്നു.

Manoj മനോജ് said...

എന്തൊക്കെ ശാസ്ത്രീയ തെളിവ് വന്നാലും ശരി കാര്‍ബണ്‍ തന്നെ കാരണമെന്ന് പറഞ്ഞ് തങ്ങളുടെ പൊളിറ്റിക്കല്‍ അജണ്ട അവര്‍ നടപ്പിലാക്കും.

മിഡീവിയല്‍ വാം പിരിയഡ് ഇന്നത്തേതിലും ചൂടുള്ളതായിരുന്നില്ലേ? ഗ്രീന്‍ലാന്റില്‍ ആളുകള്‍ കുടിയേറി കൃഷി നടത്തിയിരുന്നില്ലേ?

Joseph Antony said...

മനോജ്‌,

'എന്തൊക്കെ ശാസ്‌ത്രീയ തെളിവ്‌ വന്നാലും ശരി കാര്‍ബണ്‍ തന്നെ കാരണമെന്ന്‌ പറഞ്ഞ്‌ തങ്ങളുടെ പൊളിറ്റിക്കല്‍ അജണ്ട അവര്‍ നടപ്പിലാക്കും'...

കമന്റിലെ ഈ ആദ്യഭാഗത്തിന്‌ വ്യക്തതയില്ല. നിലവില്‍ ഭൂമി നേരിടുന്ന താപനത്തിന്‌ കാരണം കാര്‍ബണ്‍ഡയോക്‌സയിഡ്‌ അല്ല എന്ന്‌ സ്ഥാപിക്കാന്‍ നടക്കുന്നവരുടെ അഭിപ്രായത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നതാണ്‌ അതെന്നു മാത്രമേ മനസിലായുള്ളു. അതിനൊരു മറുപടി ഇവിടെ ഉദ്ദേശിക്കുന്നില്ല, പരിണാമവുമായി ബന്ധപ്പെട്ടുയരുന്ന 'ബൗദ്ധീകരൂപകല്‍പ്പനാവാദം' പോലൊരു സംഗതിയായി മാത്രമേ ഇത്തരം വാദത്തെ കാണാനാകൂ.

കമന്റിന്റെ രണ്ടാംഭാഗത്ത്‌ പറഞ്ഞ കാര്യം നിലവില്‍ ലഭ്യമായ ശാസ്‌ത്രീയപഠനങ്ങളുമായി ചേര്‍ന്നു പോകുന്നതല്ല. 'മിഡീവിയല്‍ വാം പീരിയഡ്‌' ഇന്നത്തേതിലും ചൂടുള്ളതായിരുന്നില്ലേ?' എന്നാണ്‌ ചോദ്യം.

താരതമ്യേന ചൂടുകൂടി കാലാവസ്ഥ അനുഭവപ്പെട്ടിരുന്ന AD 800-1300 കാലത്തെയാണ്‌ മിഡീവിയല്‍ വാം പീരിയഡ്‌ എന്ന്‌ വിളിക്കുന്നത്‌. ആദ്യകാലത്ത്‌ ഇക്കാര്യത്തെ കുറിച്ച്‌ ഗവേഷകര്‍ കരുതിയിരുന്നത്‌ ഇത്‌ ആഗോളതലത്തില്‍ ഉണ്ടായ ഒരു ചൂടുകാലം എന്നാണ്‌. എന്നാല്‍, സമീപകാലത്ത്‌ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌ ഇത്‌ വടക്കന്‍ അറ്റ്‌ലാന്റിക്‌ മേഖലയ്‌ക്കാണ്‌ കൂടുതല്‍ ബാധകമായിരുന്നത്‌ എന്നാണ്‌. മഞ്ഞുപാളികള്‍ തുരന്നും വൃക്ഷങ്ങളിലെ വാര്‍ഷിക വളര്‍ച്ചാവലയങ്ങളും തടാകങ്ങളിലെ എക്കല്‍പാളികളും പരിശോധിച്ചും നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയത്‌ AD 800-1300 കാലത്ത്‌ ആഗോളതാപനില, ഇരുപതാംനൂറ്റാണ്ടിലെ ആദ്യപകുതിയിലേതിലും 0.03 ഡിഗ്രി സെല്‍സിയസ്‌ കുറവായിരുന്നു എന്നാണ്‌ (Climate in Medieval Time, Science Vol 302, 17 October 2003, by Raymond S. Bradley, Malcolm K. Hughes, Henry F. Diaz.). ഇരുപതാംനൂറ്റാണ്ടിലെ ആദ്യപകുതിയിലേതിലും കൂടുതലാണ്‌ ഇപ്പോള്‍ ആഗോളതാപനില എന്ന കാര്യം ഓര്‍ക്കുക.

മാത്രമല്ല, അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സയിഡ്‌ നിലയുമായി ആ കാലയളവിലെ താപനില വര്‍ധനയ്‌ക്ക്‌ ബന്ധമുണ്ടായിരുന്നതായും ഗവേഷകര്‍ കരുതുന്നില്ല. വടക്കന്‍ അറ്റ്‌ലാന്റിക്കിലെ 'തേര്‍മോഹേയ്‌ലിന്‍ സര്‍ക്കുലേഷന്‌' (North Atlantic thermohaline circulation) സംഭവിച്ച വ്യതിയാനമാണ്‌ മിഡീവിയല്‍ വാം പീരിയഡിന്‌ കാരണമായതെന്ന്‌ കരുതുന്നു. സമുദ്രോപരിതല ഊഷ്‌മാവും സമുദ്രത്തിലെ ലവണസാന്ദ്രതയുമായി ബന്ധപ്പെട്ടതാണ്‌ ഈ സര്‍ക്കുലേഷന്‍.

bhagz said...
This comment has been removed by the author.
bhagz said...

hi sir
nice article.
thanks.
bhaghy