Thursday, June 25, 2009

35,000 വര്‍ഷം പഴക്കമുള്ള 'പുല്ലാങ്കുഴല്‍'

സംഗീതത്തെ മനുഷ്യന്‍ പ്രണയിച്ച്‌ തുടങ്ങിയത്‌ എന്നാണ്‌. കൃത്യമായ ഉത്തരം പറയാനാകില്ല. കാറ്റിലുലഞ്ഞ മുളംതണ്ടില്‍ നിന്നൊരു പുല്ലാങ്കഴലുണ്ടാക്കി പണ്ടെന്നോ അവന്‍ സംഗീതത്തെ കൂടെ കൂട്ടിയിരിക്കാം എന്നാണ്‌ കാവ്യഭാവന. പക്ഷേ, ഭാവനയ്‌ക്കും അപ്പുറത്താണ്‌ കാര്യങ്ങളെന്ന്‌ പുരാവസ്‌തു ഗവേഷകര്‍ പറയുന്നു. 35,000 വര്‍ഷംമുമ്പ്‌ മനുഷ്യന്‍ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്‌ അവര്‍.

അതിപ്രാചീനകാലത്ത്‌ നിര്‍മിക്കപ്പെട്ട മൂന്ന്‌ ഫ്‌ളൂട്ടുകളാണ്‌ തെക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെ ഹോഹ്‌ലെ ഫെല്‍സില്‍ നിന്ന്‌ ലഭിച്ചത്‌. മനുഷ്യവര്‍ഗം യൂറോപ്പില്‍ താമസമുറപ്പിക്കുന്ന കാലത്തേതാണ്‌ സംഗീതോപകരണങ്ങള്‍. മൂന്ന്‌ ഫ്‌ളൂട്ടുകളാണ്‌ ലഭിച്ചത്‌. അതില്‍ ഏറ്റവും നന്നായി സൂക്ഷിക്കപ്പെട്ടിരുന്ന ഉപകരണത്തിന്‌ 20 സെന്റീമീറ്റര്‍ നീളമുണ്ട്‌. കഴുകന്റെ ചിറകെല്ലില്‍നിന്നുണ്ടാക്കിയ അതില്‍ അഞ്ച്‌ സുക്ഷിരങ്ങളുണ്ട്‌. ആനക്കൊമ്പുകളുപയോഗിച്ച്‌ നിര്‍മിച്ചതാണ്‌ (മാമൊത്തുകളുടെ കൊമ്പാണെന്ന്‌ കരുതുന്നു) മറ്റ്‌ രണ്ടെണ്ണം. ആ പ്രാചീന ഉപകരണങ്ങളെ മലയാളത്തില്‍ 'പുല്ലാങ്കുഴല്‍' എന്നാണോ 'എല്ലാങ്കുഴല്‍' എന്നാണോ വിളിക്കേണ്ടത്‌.

ജര്‍മനിയില്‍ ടുബിന്‍ഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ കണ്ടെത്തലിന്റെ റിപ്പോര്‍ട്ട്‌ 'നേച്ചര്‍' മാഗസിനിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. അതിപ്രാചീനകാലത്ത്‌ തന്നെ മനുഷ്യന്‍ ശരിക്കുമൊരു സംഗീതപ്രേമിയായിരുന്നു എന്ന്‌ വ്യക്തമാക്കുന്നതാണ്‌ കണ്ടെത്തല്‍. ജര്‍മനിയിലെ ഇതേ മേഖലയില്‍നിന്ന്‌ കണ്ടെത്തുന്ന ഫ്‌ളൂട്ടുകളുടെ എണ്ണം, ഇപ്പോഴത്തെ കണ്ടെത്തലോടെ എട്ടായി. അതില്‍ നാലെണ്ണം മാമൊത്തുകളുടെ കൊമ്പുകൊണ്ടും നാലെണ്ണം പക്ഷികളുടെ എല്ലുകൊണ്ടുമാണ്‌ നിര്‍മിച്ചിട്ടുള്ളത്‌.

ആഫ്രിക്കയില്‍നിന്ന്‌ കുടിയേറിയ പ്രാചീന മനുഷ്യന്‍, യൂറോപ്പിലാകെ വ്യാപിക്കാന്‍ ആരംഭിക്കുന്നത്‌ 40,000 വര്‍ഷം മുമ്പാണ്‌. ആ കാലത്ത്‌ തന്നെ സംഗീതം പ്രചാരത്തിലുണ്ടായിരുന്നു എന്നാണ്‌ മനസിലാക്കേണ്ടത്‌ എന്ന്‌ ടുബിന്‍ഗന്‍ സര്‍വകലാശാലയിലെ പ്രൊഫ. നിക്കോളാസ്‌ കോണ്‍റാഡ്‌ പറയുന്നു. "അന്നേ സംഗീതം മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നത്‌ വ്യകതമാണ്‌". ഇന്ന്‌ നമ്മള്‍ ഉപയോഗിക്കുന്ന സാധാരണ സാഹചര്യങ്ങളില്‍ -മതപരമായ കാര്യങ്ങള്‍ക്കും വിനോദോപാധിയായും- അന്നേ മനുഷ്യന്‍ സംഗീതം ഉപയോഗിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍.

അതിപുരാതന കാലത്തേ സംഗീതം എത്ര പ്രചാരത്തില്‍ എത്തിയിരുന്നു എന്ന്‌ മാത്രമല്ല പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നത്‌, മനുഷ്യന്റെ ക്രിയാത്മക സത്ത അന്നേ എത്ര ശക്തമായിരുന്നു എന്നും ഇത്‌ വ്യക്തമാക്കുന്നു. ചിത്രകലയുടെ പ്രാചീനരൂപങ്ങളും അക്കാലത്ത്‌ മനുഷ്യന്‍ സൃഷ്ടിച്ചിരുന്നു എന്നും തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. പലതരം ആഭരണങ്ങളും അന്ന്‌ രൂപപ്പെടുത്തിയിരുന്നു. മനുഷ്യന്റെ ക്രിയാത്മകതയ്‌ക്ക്‌ ശക്തമായ അടിത്തറ അക്കാലത്ത്‌ തന്നെ രൂപപ്പെടാന്‍ തുടങ്ങിയിരുന്നു എന്നാണ്‌ ഇതൊക്കെ സൂചിപ്പിക്കുന്നത്‌.

നിയാണ്ടെര്‍ത്തല്‍ മനുഷ്യരില്‍ നിന്ന്‌ ആധുനിക മനുഷ്യനെ വേര്‍തിരിക്കുന്ന ഒന്നായി വേണമെങ്കില്‍ സംഗീതത്തിന്റെ പ്രചാരത്തെ കാണാമെന്ന്‌ ഗവേഷകര്‍ പറയുന്നു. സാംസ്‌കാരികമായി വളരെ യാഥാസ്ഥിതികസ്വഭാവം പുലര്‍ത്തിയിരുന്ന, ഒറ്റപ്പെട്ട സമൂഹങ്ങളായി കഴിഞ്ഞിരുന്ന, വര്‍ഗമാണ്‌ നിയാണ്ടെര്‍ത്തല്‍ മനുഷ്യന്‍. അതേസമയം, സാമൂഹികബന്ധം ശക്തിപ്പെടുത്താനും അതുവഴി ഒരുപക്ഷേ കൂടുതലിടങ്ങളിലേക്ക്‌ വ്യാപിക്കാനും ആധുനിക മനുഷ്യനെ സംഗീതം സഹായിച്ചിരിക്കാം എന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

ലണ്ടനില്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനും, മനുഷ്യവര്‍ഗത്തിന്റെ ഉത്ഭവം സംബന്ധിച്ച വിഷയത്തില്‍ വിദഗ്‌ധനുമായ പ്രൊഫ. ക്രിസ്‌ സ്‌ട്രിങറും ഈ അനുമാനം ശരിവെയ്‌ക്കുന്നു. ഇത്തരം ഫ്‌ളൂട്ടുകള്‍ രൂപപ്പെടുത്താന്‍ പോന്ന ഇന്ദ്രിയഗോചരമായ മേന്‍മകള്‍ 40,000 വര്‍ഷംമുമ്പ്‌ തന്നെ മനുഷ്യന്‍ സ്വായത്തമാക്കിയിരുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ഥം, ആധുനിക മനുഷ്യന്റെ പരിണാമചരിത്രം അതിനും എത്രയോ പിന്നോട്ട്‌ പോയേക്കം എന്നാണ്‌-അദ്ദേഹം പറയുന്നു. 50,000 വര്‍ഷം മുമ്പ്‌ ആഫ്രിക്കയിലേക്കാണ്‌ ആ ചരിത്രം നീളുന്നത്‌. "പക്ഷേ അതിന്റെ തെളിവുകള്‍ നമുക്ക്‌ ഇനിയും കിട്ടിയിട്ടല്ല എന്നുമാത്രം".(അവലംബം: നേച്ചര്‍ ഗവേഷണവാരിക).

4 comments:

Joseph Antony said...

സംഗീതത്തെ മനുഷ്യന്‍ പ്രണയിച്ച്‌ തുടങ്ങിയത്‌ എന്നാണ്‌. കൃത്യമായ ഉത്തരം പറയാനാകില്ല. കാറ്റിലുലഞ്ഞ മുളംതണ്ടില്‍ നിന്നൊരു പുല്ലാങ്കഴലുണ്ടാക്കി പണ്ടെന്നോ അവന്‍ സംഗീതത്തെ കൂടെ കൂട്ടിയിരിക്കാം എന്നാണ്‌ കാവ്യഭാവന. പക്ഷേ, ഭാവനയ്‌ക്കും അപ്പുറത്താണ്‌ കാര്യങ്ങളെന്ന്‌ പുരാവസ്‌തു ഗവേഷകര്‍ പറയുന്നു. 35,000 വര്‍ഷംമുമ്പ്‌ മനുഷ്യന്‍ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്‌ അവര്‍. അതിപ്രാചീനകാലത്ത്‌ നിര്‍മിക്കപ്പെട്ട മൂന്ന്‌ ഫ്‌ളൂട്ടുകളാണ്‌ തെക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെ ഹോഹ്‌ലെ ഫെല്‍സില്‍ നിന്ന്‌ ലഭിച്ചത്‌.

വീകെ said...

പുതിയ അറിവാണ് പകർന്നു തന്നത്.

ആശംസകൾ.

ദേവന്‍ said...

സംഗതി മനുഷ്യന്റെ തന്നെ ആണെന്ന് ഉറപ്പായോ ജോസഫ് മാഷേ?
നീയാഡെര്‍ത്തലുകള്‍ക്കും എല്ല് ഫ്ലൂട്ട് ഉണ്ടായിരുന്നു. അവര്‍ ഏതാണ്ട് അന്യം നില്‍ക്കുന്ന കാലത്തേതല്ലേ ഇത്?
http://en.wikipedia.org/wiki/Divje_Babe_flute
അതും ജെര്‍മ്മനിയില്‍ അവരുണ്ടായിരുന്നെന്നല്ലേ കണക്ക്?

ഇവിടെ വേഡ് വേരിഫിക്കേഷന്‍ elettti
"എല്ലെത്തി" എന്നാണോ?

Joseph Antony said...

ദേവന്‍ മാഷ്‌,
സന്തോഷം. മറുപടി കൃത്യമായി പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഫ്‌ളൂട്ട്‌ പ്രാചീന മനുഷ്യന്‍ ഉണ്ടാക്കിയത്‌ തന്നെ എന്ന നിഗമനത്തിലാണ്‌ ഗവേഷകര്‍.

നിയാണ്ടെര്‍ത്തല്‍ മനുഷ്യന്റേത്‌ എന്ന്‌ കരുതുന്ന സംഗീതോപകരണം കണ്ടുകിട്ടിയിട്ടുള്ളത്‌ സ്ലൊവേനിയയിലെ ദിവ്‌ജെ ബേബ്‌ (Divje Babe) എന്ന ആര്‍ക്കിയോളജിക്കല്‍ കേന്ദ്രത്തില്‍നിന്നാണ്‌. സ്ലോവേനിയന്‍ അക്കാദമി ഓഫ്‌ സയന്‍സസിലെ നിയാണ്ടെര്‍ത്തല്‍ വിദഗ്‌ധനായ ഡോ. ഇവാന്‍ ടുര്‍ക്‌ ആണ്‌, കരടിയുടെ എല്ലുകൊണ്ടുള്ള ആ പ്രാചീന ഉപകരണം കണ്ടെത്തിയത്‌.

43,000 നും 82,000 നും മധ്യേ പഴക്കമുള്ളതാണ്‌ ആ ഉപകരണം എന്നാണ്‌ കരുതുന്നത്‌. പക്ഷേ, കെട്ടിലും മട്ടിലും ആ ഉപകരണം, ജര്‍മനിയില്‍ നിന്ന്‌ കണ്ടെത്തിയ ഫ്‌ളൂട്ടിനെക്കാളും അപരിഷ്‌കൃതമാണെന്ന്‌ കാഴ്‌ചയില്‍ തന്നെ വ്യക്തമാണ്‌. നിയാണ്ടെര്‍ത്തല്‍ ഫ്‌ളൂട്ടിന്റൈ വിശദാംശങ്ങള്‍ അറിയാന്‍ ഈ ലിങ്ക്‌ കാണുക.