Tuesday, October 28, 2008

സ്‌റ്റീഫിന്‍ ഹോക്കിങ്‌ സ്ഥാനമൊഴിയുന്നു

വിഖ്യാത ഭൗതികശാസ്‌ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌, ലോകത്തെ ഏറ്റവും പ്രശസ്‌തമായ അക്കാദമിക്‌ സ്ഥാനം ഒഴിയുന്നു. കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ 'ലൂക്കാസിയന്‍ പ്രൊഫസര്‍ ഓഫ്‌ മാത്തമാറ്റിക്‌സ്‌' പദവി വഹിക്കുന്ന അദ്ദേഹം, അടുത്ത വര്‍ഷം ആ പദവിയോട്‌ വിട വാങ്ങും.

ലൂക്കാസിയന്‍ പ്രൊഫസര്‍ സ്ഥാനം 67-ാം വയസ്സില്‍ ഒഴിയണം എന്നത്‌ കേംബ്രിഡ്‌ജിന്റെ നയമാണ്‌. ഹോക്കിങിന്‌ അടുത്ത ജനവരിയില്‍ 67 തികയും. ലോകത്തെ ഏറ്റവും പ്രമുഖനായ പ്രാപഞ്ചികശാസ്‌ത്രജ്ഞരില്‍ ഒരാളായ പ്രൊഫ. ഹോക്കിങ്‌, സ്ഥാനമൊഴിഞ്ഞാലും കേംബ്രിഡ്‌ജില്‍ തന്നെ അദ്ദേഹം പ്രവര്‍ത്തനം തുടരും.

1962-ല്‍ കേംബ്രിഡ്‌ജില്‍ ചേര്‍ന്ന പ്രൊഫ. ഹോക്കിങ്‌, 1979-ലാണ്‌ ലൂക്കാസിയന്‍ പ്രൊഫസറായി നിയമിതനാകുന്നത്‌. മാരകമായ മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ പിടിയിലായി ശരീരത്തിന്റെ ചലനശേഷി പോലും നഷ്ടപ്പെട്ടെങ്കിലും, മാറ്റ്‌ കുറയാത്ത പ്രതിഭ കൊണ്ട്‌ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ശാസ്‌ത്രജ്ഞനാണ്‌ പ്രൊഫ. ഹോക്കിങ്‌.

കേംബ്രിഡ്‌ജില്‍ 1663-ല്‍ ഹെന്‍ട്രി ലൂക്കാസ്‌ സ്ഥാപിച്ചതാണ്‌ ലൂക്കാസിയന്‍ പ്രൊഫസര്‍ പദവി. മഹത്തായ ഒരു തുടര്‍ന്ന അവകാശപ്പെടാനുള്ള ഈ പദവിയിലെത്തുന്ന 17-ാമത്തെ വ്യക്തിയാണ്‌ പ്രൊഫ. ഹോക്കിങ്‌.

1664-ല്‍ ഐസക്ക്‌ ബാരോയില്‍ ലൂക്കാസിയന്‍ പദവിയുടെ ചരിത്രം തുടങ്ങി. രണ്ടാമത്‌ ഈ സ്ഥാനം വഹിച്ചത്‌ സാക്ഷാല്‍ ഐസക്ക്‌ ന്യൂട്ടനായിരുന്നു; 1669-ല്‍ അദ്ദേഹം ലൂക്കാസിയന്‍ പ്രൊഫസറായി. ചാള്‍സ്‌ ബാബേജ്‌ 1828-ലും, പോള്‍ ഡിറാക്‌ 1932-ലും ഈ പദവിയിലെത്തി. പ്രൊഫ. ഹോക്കിങിന്‌ തൊട്ടുമുമ്പ്‌ ഈ സ്ഥാനം വഹിച്ചിരുന്നത്‌ സര്‍ ജെയിംസ്‌ ലൈറ്റ്‌ഹില്‍ ആയിരുന്നു. (കടപ്പാട്‌: ബി.ബി.സി, വിക്കിപീഡിയ).

4 comments:

Joseph Antony said...

വിഖ്യാത ഭൗതികശാസ്‌ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌, ലോകത്തെ ഏറ്റവും പ്രശസ്‌തമായ അക്കാദമിക്‌ സ്ഥാനം ഒഴിയുന്നു. കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ 'ലൂക്കാസിയന്‍ പ്രൊഫസര്‍ ഓഫ്‌ മാത്തമാറ്റിക്‌സ്‌' പദവി വഹിക്കുന്ന അദ്ദേഹം, അടുത്ത വര്‍ഷം ആ പദവിയോട്‌ വിട വാങ്ങും.

മേരിക്കുട്ടി(Marykutty) said...

വളരെ നല്ല ബ്ലോഗ്..ഇത്ര നാള്‍ ഇതു കാണാതെ പോയി..
late better than never :))

Jayasree Lakshmy Kumar said...

a brief history of time എന്ന പ്രശസ്തമായ പുസ്തകത്തിന്റെ എഴുത്തുകാരനു ഈ വിടവാങ്ങൽ വേളയിൽ ആശംസകൾ. മോട്ടോർ ന്യൂറോൺ ഡിസീസ് തളർത്താത്ത മനസ്സുമായ് ഈ നൂറ്റാണ്ടിന്റെ ഒരു അത്ഭുതം..സ്റ്റീവൻ ഹോക്കിങ്[യു കെ യിൽ അദ്ദേഹത്തിന്റെ സ്ഥലത്താണ് ഞാനിപ്പോൾ താമസിക്കുന്നത് എന്നു ഞാൻ എല്ലാരോടും ഗമ പറയാറുണ്ട്]

ഇങ്ങിനെ ഒരു പോസ്റ്റിട്ടതിനു അഭിനന്ദനങ്ങൾ

Joseph Antony said...

മേരിക്കുട്ടി,
ലക്ഷ്‌മി,
ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം.
ഹോക്കിങിന്റെ സ്ഥലത്തുനിന്ന്‌ തന്നെ ഒരാള്‍ ഈ പോസ്‌റ്റ്‌ വായിച്ച്‌ അഭിന്ദിച്ചത്‌ കൂടുതല്‍ സന്തോഷകരം.