Monday, October 27, 2008

തൂവലുള്ള പുതിയ ദിനോസര്‍, ചൈനയില്‍ നിന്ന്‌

പറക്കാന്‍ മാത്രമല്ല തൂവലുകള്‍ ഉപയോഗിക്കുന്നത്‌, പ്രദര്‍ശനത്തിനും ആകാം. പറക്കല്‍ എന്ന ലക്ഷ്യത്തിനായി തൂവലുകള്‍ രൂപപ്പെടുന്നതിന്‌ വളരെ മുമ്പുതന്നെ അലങ്കാരവസ്‌തുവായി തൂവലുകള്‍ രൂപപ്പെട്ടിരുന്നുവത്രേ. പുതിയതായി കണ്ടെത്തിയ തൂവലുള്ള ദിനോസര്‍ നല്‍കുന്ന സൂചന അതാണ്‌.

വളരെ പണ്ട്‌, പക്ഷികള്‍ക്കും മുമ്പ്‌, ഭൂമിയില്‍ ജീവിച്ചിരുന്ന തൂവലുകളുള്ള ദിനോസറുകളുടെ ഫോസില്‍ ചൈനയില്‍ നിന്ന്‌ ഗവേഷകര്‍ കണ്ടെടുത്തു. റിബ്ബണിന്റെ മാതിരി നാല്‌ നെടുങ്കന്‍ തൂവലുകള്‍ വാലിലുണ്ടായിരുന്ന അവ പറക്കാന്‍ കഴിവുള്ളവ ആയിരുന്നില്ലെന്ന്‌ ഗവേഷകര്‍ കരുതുന്നു. മയിലിന്റെ വലിപ്പമുള്ള ജീവികളായിരുന്നു അവ.

'എപ്പിഡെക്‌സിപ്‌ടെറിക്‌സ്‌' (Epidexipteryx) എന്ന്‌ പേരിട്ടിട്ടുള്ള അവയുടെ ശരീരത്തില്‍, പറക്കലിന്‌ ആവശ്യമായ തൂവല്‍ഭാഗങ്ങള്‍ കാണപ്പെടുന്നില്ല. പ്രദര്‍ശനത്തിന്‌ മാത്രമുള്ളതായിരിക്കാം അവയുടെ തൂവലുകള്‍ എന്ന്‌ 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ജുറാസിക്‌ യുഗത്തിന്റെ മധ്യഭാഗം മുതല്‍ ഉത്തരഭാഗം വരയുള്ള കാലഘട്ടത്തില്‍ ഭൂമുഖത്ത്‌ നിലനിന്ന ജൈവവൈവിധ്യത്തെക്കുറിച്ച്‌ പുതിയ ഉള്‍ക്കാഴ്‌ച നല്‍കുന്നതാണ്‌ ഈ കണ്ടെത്തല്‍. പക്ഷികള്‍ പ്രത്യക്ഷപ്പെട്ടതിന്‌ തൊട്ടു മുമ്പത്തെ കാലമാണത്‌.
'ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സസി'ലെ പുരാവസ്‌തു ഗവേഷകരായ ഫുഷെങ്‌ ഷാങ്‌, ഷിങ്‌ ക്‌സു എന്നീ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പുതിയ കണ്ടെത്തലിന്‌ പിന്നില്‍. ഇന്നര്‍ മംഗോളിയ പ്രവിശ്യയിലെ നിന്‍ചെങ്‌ കൗണ്ടിയില്‍ പെടുന്ന ദാവോഹ്യൂഗോ സമതലത്തില്‍ നിന്നാണ്‌ പുതിയ ദിനോസര്‍ ഫോസില്‍ കണ്ടെത്തിയത്‌. നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ആ ഫോസിലിന്റെ പഴക്കം 16.8 കോടിക്കും 15.2 കോടി വര്‍ഷത്തിനും മധ്യേയാണെന്ന്‌ കണക്കാക്കുന്നു.

തൂവലുള്ള ദിനോസറുകള്‍ പരിണാമശ്രേണിയില്‍ ദിനോസറുകള്‍ക്കും പക്ഷികള്‍ക്കും ഇടയ്‌ക്കുള്ള കണ്ണികള്‍ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. `പുതിയ ഫോസില്‍ ആവേശജനകവും അപ്രതീക്ഷിതവുമായ ഒരു കണ്ടെത്തലാണ്‌`-ലണ്ടന്‍ നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിലെ ഗവേഷക ഡോ. ആഞ്‌ജല മില്‍നെര്‍ അഭിപ്രായപ്പെടുന്നു. `പറക്കാനുള്ള ഉപാധിയാകും മുമ്പ്‌, ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ തൂവലുകള്‍ വെറും അലങ്കാരത്തിനായി മാത്രം ഉപയോഗിച്ചിരുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌`-അവര്‍ ചൂണ്ടിക്കാട്ടി.

മാംസഭുക്കുകളായ ചെറു ദിനോസറുകള്‍ പക്ഷികളായി പരിണമിച്ച ചരിത്രത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നതാണ്‌ പുതിയ കണ്ടെത്തലെന്ന്‌ ഗവേഷകര്‍ കരുതുന്നു. ചൈനയിലെ പേരുകേട്ട ഫോസില്‍ പ്രദേശമായ ലിയായോനിങ്‌ പ്രവിശ്യയില്‍ നിന്ന്‌ ഇതിന്‌ മുമ്പ്‌ തൂവലുള്ള ഒട്ടേറെ ദിനോസറുകളുടെ ഫോസില്‍ കിട്ടിയിട്ടുണ്ട്‌. അവയില്‍ ഏറ്റവും ശ്രദ്ധേയം 'മൈക്രോറാപ്‌ടര്‍' (Microraptor) എന്ന ചെറുദിനോസറിന്റെ അവശിഷ്ടങ്ങളായിരുന്നു. തൂവലുള്ള ആ ജീവിക്ക്‌ വെറുമൊരു അണ്ണാന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ. നാല്‌ കാലുകളിലെയും നീളമുള്ള തൂവലുകള്‍ അവയെ മരങ്ങളില്‍നിന്ന്‌ മരങ്ങളിലേക്ക്‌ പറന്നിറങ്ങാന്‍ സഹായിച്ചിരിക്കണം. ദിനോസറുകളില്‍നിന്ന്‌ പക്ഷികളിലേക്കുള്ള പരിണാമത്തിന്റെ ചരിത്രത്തില്‍ മൈക്രോറാപ്‌ടര്‍ ഒരു നിര്‍ണായക കണ്ണി എന്ന്‌ വലിയിരുത്തപ്പെട്ടു.
എന്നാല്‍, പുതിയതായി കണ്ടെത്തിയ എപ്പിഡെക്‌സിപ്‌ടെറിക്‌സ്‌ തൂവലുള്ള ദിനോസര്‍ കുടുംബത്തിലെ കൂടുതല്‍ പഴയ അംഗമാണ്‌. പറക്കാന്‍ കഴിവില്ലാത്തത്‌. പക്ഷികളുടെ പരിണാമത്തിന്‌ വഴിവെച്ച ദിനോസര്‍ കുടുംബത്തിന്‌ 'തെറോപ്പോഡുകള്‍' (theropods) എന്നാണ്‌ പേര്‌. തെറോപ്പോഡുകളുടെ കൂട്ടത്തില്‍ 'അപ്രതീക്ഷിത സവിശേഷതകള്‍ കൂടിച്ചേര്‍ന്ന' ഇനമാണ്‌ പുതിയതായി കണ്ടെത്തിയ ദിനോസറുകളെന്ന്‌ ഗവേഷകര്‍ പറയുന്നു. കാലുകളില്‍ തൂവലില്ല, എന്നാല്‍ വാലില്‍ നെടുങ്കന്‍ തൂവലുകള്‍ ഉണ്ട്‌, എന്നതാണ്‌ പുതിയ ദിനോസറിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.

പറക്കല്‍ എന്ന ലക്ഷ്യത്തിനായി തൂവലുകള്‍ രൂപപ്പെടുന്നതിന്‌ വളരെ മുമ്പുതന്നെ പ്രദര്‍ശനത്തിനായുള്ള തൂവലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന്‌, ഡോ. ഫുഷെങ്‌ ഷാങ്‌ പറയുന്നു. `ഇത്രകാലവും കണ്ടെത്തിയ തൂവലുള്ള ദിനോസറുകളെല്ലാം, ആദ്യ പക്ഷി ഭൂമുഖത്ത്‌ പ്രത്യക്ഷപ്പെട്ടതിന്‌ ശേഷമുള്ളവയുടേതാണ്‌. എന്നാല്‍, പക്ഷികള്‍ക്ക്‌ തൊട്ടുമുമ്പുള്ളതാണപുതിയ ദിനോസര്‍'-ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ 'ആനിമല്‍ ഫ്‌ളൈറ്റ്‌ ഗ്രൂപ്പി'ലെ ഡോ. ഗ്രഹാം ടെയ്‌ലര്‍ പറയുന്നു.

അതിനാല്‍ പുതിയ കണ്ടെത്തല്‍ പ്രധാന്യമര്‍ഹിക്കുന്നു. ദിനോസറുകളില്‍ നിന്ന്‌ പക്ഷികള്‍ പരിണമിച്ചുണ്ടായ നിര്‍ണായക കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചറിയാന്‍ സാധ്യത തുറക്കുകയാണ്‌ പുതിയ കണ്ടെത്തല്‍- ഡോ.ടെയ്‌ലര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല, പറക്കാന്‍ ഉപയോഗിക്കുന്നതിന്‌ വളരെ മുമ്പ്‌ അലങ്കാരവസ്‌തുവായി തൂവലുകള്‍ ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിനും തെളിവാണ്‌ ഈ കണ്ടെത്തല്‍. അത്തരത്തില്‍ പരിഗണിച്ചാലും പുതിയ കണ്ടെത്തല്‍ പ്രധാനപ്പെട്ട ഒന്നാണെന്ന്‌ അദ്ദേഹം വിലയിരുത്തുന്നു. (അവലംബം: നേച്ചര്‍)

കാണൂക: ചിറകുള്ള ദിനോസര്‍ ഭീമന്‍, മുമ്പേ പറന്ന മൃഗങ്ങള്‍

2 comments:

Joseph Antony said...

തൂവലുള്ള ദിനോസറുകള്‍ പരിണാമശ്രേണിയില്‍ ദിനോസറുകള്‍ക്കും പക്ഷികള്‍ക്കും ഇടയ്‌ക്കുള്ള കണ്ണികള്‍ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. `പുതിയ ഫോസില്‍ ആവേശജനകവും അപ്രതീക്ഷിതവുമായ ഒരു കണ്ടെത്തലാണ്‌`-ലണ്ടന്‍ നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിലെ ഗവേഷക ഡോ. ആഞ്‌ജല മില്‍നെര്‍ അഭിപ്രായപ്പെടുന്നു. `പറക്കാനുള്ള ഉപാധിയാകും മുമ്പ്‌, ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ തൂവലുകള്‍ വെറും അലങ്കാരത്തിനായി മാത്രം ഉപയോഗിച്ചിരുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌`-അവര്‍ ചൂണ്ടിക്കാട്ടി.

siva // ശിവ said...

നന്ദി ഈ അറിവിന്....എപ്പിഡെക്‌സിപ്‌ടെറിക്‌സ്‌ ഇന്ന് ഉണ്ടായിരുന്നേല്‍ ഞാന്‍ ഒരെണ്ണത്തെ വളര്‍ത്തിയേനേ....