ഭൂമുഖത്തെ ഏറ്റവും പഴക്കമുള്ള പാറപ്പരപ്പ് കാനഡയില്‍ കണ്ടെത്തിയിരിക്കുന്നു.
ഭൂമിയുടെ പ്രായം വെറും 30 കോടിവര്‍ഷം മാത്രമുള്ളപ്പോള്‍ രൂപപ്പെട്ട പാറപ്പരപ്പ് കാനഡയില്‍ കണ്ടെത്തി. 428 കോടി വര്‍ഷം പ്രായമുള്ള ആ പാറയാണ്, ഭൂപ്രതലത്തില്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമുള്ള പ്രദേശം. ഭൂമിയുടെ പ്രായം ഏതാണ്ട് 460 കോടി വര്‍ഷമെന്നാണ് കണക്കാക്കുന്നത്. അതുവെച്ചു നോക്കിയാല്‍, ഏതാണ്ട് ഭൂമിയോളം തന്നെ പഴക്കമുള്ളതാണ് മോണ്‍ട്രിയളില്‍ മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയ പ്രാചീനമേഖല. ഭൂമിയെങ്ങനെ രൂപപ്പെട്ടു, ജീവന്റെ ഉത്ഭവം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്കാന് പുതിയ കണ്ടെത്തല്‍ സഹായിച്ചേക്കും.
'ഫലകചലന പ്രക്രിയ'യുടെ ഫലമായി ഭൂപ്രതലം ഒരിക്കലും സ്ഥിരമായിരിക്കില്ല. ഭൂമിക്കുള്ളിലെ ഭാഗങ്ങള്‍ പ്രതലത്തിലെത്തുകയും, പ്രതലഭാഗങ്ങള് ഭൂമിക്കുള്ളിലേക്ക് ആവാഹിക്കപ്പെടുകയും ചെയ്യും. ഒരുതരം പുനചംക്രമണം. നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം മാറ്റമാണ് ഭൂഖണ്ഡങ്ങളുടെയും സമുദ്രങ്ങളുടെയും സൃഷ്ടിക്ക് കാരണം. ഭൂപ്രതലത്തിലെ മിക്ക പ്രദേശങ്ങളും ചെറുപ്പമായിരിക്കുന്നത് അതുകൊണ്ടാണ്. ആ പൊതുസ്വഭാവത്തിന് വിരുദ്ധമാണ് കാനഡയില്‍ വടക്കന്‍ ക്യുബെക്കിലെ ഹഡ്സണ്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പാറപ്പരപ്പെന്ന് ഗവേഷകര്‍ കണ്ടെത്തി. 'നുവ്വഗിറ്റുക്വ് ഗ്രീന്‍സ്റ്റോണ്‍' എന്നറിയപ്പെടുന്ന ആ പ്രാചീന ശിലകള്‍ക്ക്, ഭൂമുഖത്ത് അറിയപ്പെടുന്ന ഏത് ശിലയെക്കാളും 25 കോടിവര്‍ഷം പഴക്കം കൂടുതലുണ്ടെന്ന് 'സയന്‍സ്' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
മക്ഗില്‍ സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞന്‍ ജോനാഥന് ഒനീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നില്‍. `ഭൂമിയുടെ പ്രാരംഭഘട്ടത്തിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള സാധ്യതയാണ് ഈ കണ്ടെത്തലോടെ തുറന്നിരിക്കുന്നത്`-ഒനീല്‍ പറയുന്നു. എപ്പോഴാണ്, എങ്ങനെയാണ് ജീവന് പ്രത്യക്ഷപ്പെട്ടത്, പ്രാചീനഭൂമിയുടെ അന്തരീക്ഷം എങ്ങനെയായിരുന്നു, ആദ്യ ഭൂഖണ്ഡങ്ങള്‍ രൂപപ്പെട്ടത് എന്നാണ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഈ പ്രാചീനശിലകള്‍ സഹായിച്ചേക്കുമെന്ന് അദ്ദേഹം കരുതുന്നു.
പ്രാചീന ശിലകള്‍ കണ്ടെത്താന്‍ ഏറ്റവും സാധ്യതയുള്ള പ്രദേശമായി വടക്കന്‍ ക്യുബെക്ക് മേഖലയെ 2001-ല്‍ തന്നെ ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. അവിടെ നിന്നുള്ള ശിലാമാതൃക, വാഷിങ്ടണിലെ കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷനില്‍ അയച്ചാണ് പരിശോധിച്ചത്. ശിലകളില്‍ അപൂര്‍വ ഭൗമമൂലകങ്ങളായ നിയോഡൈമിനം, സമാരിയം എന്നിവയുടെ ഐസോടോപ്പുകളുടെ അളവ് പരിശോധിക്കുക വഴി, ശിലയുടെ പ്രായമറിയാനുള്ള ഒരു സവിശേഷ രാസമുദ്ര തങ്ങള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍ പറയുന്നു. 'ഫോക്സ് ആംഫിബൊലൈറ്റ്' (faux amphibolite) എന്നു പേരിട്ടിട്ടുള്ള ആ പ്രാചീനശിലയ്ക്ക് 428 കോടി വര്‍ഷം പഴക്കമുണ്ടെന്ന് അങ്ങനെയാണ് വ്യക്തമായതെന്ന്, പഠനസംഘത്തില്‍ ഉള്‍പ്പെട്ട പ്രൊഫ. ഡോണ്‍ ഫ്രാന്ക്സി അറിയിക്കുന്നു.
ഏതാണ്ട് ഇപ്പോഴത്തെ ഭൂമിയെപ്പോലെ തന്നെ തോന്നിക്കുന്ന പ്രാചീന ഭൂമിയുടെ ചിത്രമാണ് ഈ കണ്ടെത്തല്‍ നല്‍കുന്നതെന്ന്, ഗവേഷണത്തില്‍ പങ്കാളിയായ കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷനിലെ റിച്ചാര്‍ഡ് ഡബ്ല്യു. കാള്സണ് പറയുന്നു. ശിലാഖണ്ഡങ്ങളില്‍ പ്രചീനസൂക്ഷ്മജീവികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായാല്‍, ജീവന്റെ ഉത്ഭവത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങളാകും അത് നല്‍കുക. തിരയടിക്കുന്ന മാഗ്മസമുദ്രങ്ങളുടെ അപരിചിത ലോകമായിരുന്നു ഭൂമി ആദ്യകാലത്ത് എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ ചോദ്യം ചെയ്യുന്നതാണ് പുതിയ കണ്ടെത്തല്‍.
എന്നാല്‍, ആ പ്രാചീനശിലകളുടെ പ്രായം പൂര്‍ണമായി അംഗീകരിക്കാത്തവരുമുണ്ട്. 428 കോടി വര്‍ഷം പഴക്കമുള്ള ശിലാവശിഷ്ടങ്ങള്‍ പ്രായംകുറഞ്ഞ ശിലകളുമായി അമര്‍ന്നു ചേര്‍ന്നു രൂപപ്പെട്ടതാകാം വടക്കന്‍ ക്യുബക്കിലേതെന്ന് കോളറാഡോ സര്‍വകലാശാലയിലെ സ്റ്റീഫന്‍ മൊജ്സ്സിസ് അഭിപ്രായപ്പെടുന്നു. തന്റെ നിഗമനം തെറ്റാണെന്ന് തെളിഞ്ഞാല്‍, വടക്കന്‍ ക്യുബെക്കിലേക്ക് ഭൗമശാസ്ത്രജ്ഞരുടെ ഒരു തള്ളിക്കയറ്റം തന്നെ വരുംനാളുകളില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.
ഇതുവരെ ഭൂമുഖത്തെ ഏറ്റവും പ്രായമുള്ള ശിലകള്‍ എന്ന് കണക്കാക്കിയിരുന്നത് കനേഡിയന്‍ നോര്ത്ത്വെസ്റ്റിലുള്ളവയായിരുന്നു. 403 കോടി വര്‍ഷമാണ് അവയുടെ പഴക്കമെന്ന് കണക്കാക്കുന്നു. എന്നാല്‍, പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പ്രായംകുറഞ്ഞ ശിലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണലുപോലുള്ള ഒരിനം ചെറുപരലുകള്ക്ക് 436 കോടി വര്‍ഷം പ്രായമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. (അവലംബം: സയന്‍സ് ഗവേഷണവാരിക)
കാണുക: പഴയ ഭൂമി, പുതിയ കണ്ടെത്തല്‍
5 comments:
കാനഡയില്‍ കണ്ടെത്തിയ 428 കോടി വര്‍ഷം പ്രായമുള്ള പാറയാണ്, ഭൂപ്രതലത്തില്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമുള്ള പ്രദേശം. ഭൂമിയുടെ പ്രായം ഏതാണ്ട് 460 കോടി വര്‍ഷമാണെന്നാണ് കണക്കാക്കുന്നത്. അതുവെച്ചു നോക്കിയാല്‍, ഏതാണ്ട് ഭൂമിയോളം തന്നെ പഴക്കമുള്ളതാണ് മോണ്‍ട്രിയളില്‍ മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയ പ്രാചീനമേഖല. ഭൂമിയെങ്ങനെ രൂപപ്പെട്ടു, ജീവന്റെ ഉത്ഭവം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്കാന് പുതിയ കണ്ടെത്തല്‍ സഹായിച്ചേക്കും.
പാറയ്ക്ക് അകത്തുള്ള റേഡിയോ ആക്റ്റീവ് ആയ പദാര്‍ഥങ്ങളുടെ അളവ് നോക്കിയാണ് പാറകളുടെ പ്രായം കണക്കാക്കുന്നത് . ഈ റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങള്‍ അഴുകുകയും (Decay) കാലക്രമത്തില്‍ റേഡിയോ ആക്റ്റീവ് അല്ലാത്ത മറ്റു പദാര്‍ഥങ്ങള്‍ ആവുകയും ചെയ്യും . ഈ രണ്ടു പദാര്‍ഥങ്ങള്‍ തമ്മില്ലുള്ള അനുപാദവും റേഡിയോ ആക്റ്റീവ് ആയ പദാര്‍ഥത്തിന്റെ Half Life Period ( റേഡിയോ ആക്റ്റീവ് എലമെന്റ്സ് അഴുകുകി അതിന്റെ പകുതി ആകാന്‍ വേണ്ട സമയം ) ഉം ഉപയോഗിച്ചാണ് പാറകളുടെ പ്രായം കണക്കാക്കുന്നത് .
സ്കൂളില്‍ പഠിച്ച ഓര്‍മ്മ ....
ഈ അറിവുകള്‍ എനിക്ക് പ്രയോജനപ്രദം.
നിങ്ങള്‍ വെറുതെ ആളെ പറ്റിക്കാതെ സാറെ. ഇതൊക്കെ മനുഷ്യനെ പരീക്ഷിക്കാന്‍ സാത്താന് വഴി ദൈവം ചെയ്യിക്കുന്നതല്ലേ.... ഭൂമിക്ക് വെറും അയ്യായിരം വര്‍ഷത്തെ പഴക്കമേ ഉള്ളൂ... :)
കൊള്ളാം
Post a Comment