ഒരു വീട് കാഴ്ചയില്‍ എങ്ങനെയിരിക്കും എന്നറിയാന്‍ അകത്തുനിന്നു മാത്രം നോക്കിയിട്ടു കാര്യമില്ല, പുറത്തിറങ്ങിക്കൂടി നോക്കണം. ഭൂമിയുള്‍പ്പടെ എട്ട് ഗ്രഹങ്ങളും മാതൃനക്ഷത്രമായ സൂര്യനും ഉള്‍പ്പെടുന്ന സൗരയൂഥം ഇതുവരെ അകത്തുനിന്നു മാത്രമേ മനുഷ്യന് കണ്ടിട്ടുള്ളൂ. സൗരയൂഥത്തിന്റെ ബാഹ്യആകൃതി എന്നത് ഇത്രകാലവും അനുമാനം മാത്രമായിരുന്നു. എന്നാല്‍, ചരിത്രത്തിലാദ്യമായി സൗരയൂഥത്തെ പുറത്തുനിന്ന് നിരീക്ഷിക്കാന്‍ മനുഷ്യന് അവസരമുണ്ടായിരിക്കുന്നു. 30 വര്‍ഷമായി യാത്ര തുടരുകയും ഇപ്പോള്‍ സൗരയൂഥത്തിന്റെ അതിരിലേക്ക് എത്തുകയും ചെയ്തിട്ടുള്ള വൊയേജര്‍ രണ്ട് പേടകമാണ്, ഈയൊരു അപൂര്‍വകാഴ്ച ഗവേഷകലോകത്തിന് നല്‍കിയിരിക്കുന്നത്.
ബഹിരാകാശപര്യവേക്ഷണത്തില്‍ ഇതിനകം തന്നെ ചരിത്രം സൃഷ്ടിച്ച വൊയേജര്‍ ദൗത്യം, സൗരയൂഥത്തിന്റെ ബാഹ്യദൃശ്യം ഭൂമിയിലെത്തിക്കുക വഴി പുതിയൊരു നാഴികക്കല്ലാണ് സ്ഥാപിച്ചിരിക്കുന്നത്. സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനം പ്രകടമാകുന്ന സ്ഥലം അവസാനിക്കുന്നിടം ഹിലിയോസ്ഫിയര്‍ (heliosphere) എന്നാണ് അറിയപ്പെടുന്നത്. ആ ഭാഗത്ത് സൗരവാതകങ്ങള്‍ (solar wind) ഒരു കുമിളപോലെ സൗരയൂഥമേഖലയെ പൊതിഞ്ഞിട്ടുണ്ടാകും. അതിനപ്പുറം, ആകാശഗംഗയുടെ ഇതര ഭാഗങ്ങള്‍ക്കായി സ്വാധീനം. സൂര്യന്റെ സ്വാധീനം അവസാനിക്കുയും, ബാഹ്യലോകത്തിന്റെ സ്വാധീനം പ്രകടമാകുകയും ചെയ്യുന്ന ഈ അതിര്‍ത്തിക്ക് 'ടെര്‍മിനേഷന്‍ ഷോക്ക്' (termination shock) എന്നാണ് പേര്.
വൊയേജര്‍ രണ്ട് വാഹനം ഈ അതിര്‍ത്തി പ്രതീക്ഷിച്ചതിലും വേഗം കടന്നു. അതിനര്‍ഥം അവിടുത്തെ ഹിലിയോസ്ഫിയര്‍ കരുതുന്നതിലും ഉള്‍വലിഞ്ഞാണ് സ്ഥിതിചെയ്യുന്നതെന്നാണ്. സൗരയൂഥത്തിന് ഗോളാകൃതിയല്ല, പകരം അണ്ഡാകൃതിയാണെന്നു വേണം ഇതില്‍നിന്ന് ഊഹിക്കാനെന്ന്, 'നേച്ചര്‍' ഗവേഷണവാരിക അടുത്തയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സൗരയൂഥത്തിന്റെ ഏറ്റവും ബാഹ്യമായ ഭാഗം എന്നു കരുതപ്പെടുന്ന 'ഹിലിയോഹീത്തി' (heliosheath) ലാണ് വൊയേജര്‍ രണ്ട് ഇപ്പോഴുള്ളത്. അതങ്ങനെ അനന്തമായി പ്രയാണം തുടരും. അതിന്റെ ഇരട്ടവാഹനമായ വൊയേജര്‍ ഒന്ന് സൗരയൂഥത്തിന്റെ മറ്റൊരു ഭാഗത്ത് നമ്മളില്‍നിന്ന് അകലേക്ക് യാത്ര തുടരുകയാണ്. ഭൂമിയില്‍നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന മനുഷ്യനിര്‍മിതമായ വസ്തുവാണ് ഇപ്പോള്‍ വൊയേജര്‍ ഒന്ന്.
അത്ഭുതങ്ങളുടെ 30 വര്‍ഷം
വൊയേജര്‍ ദൗത്യം ആദ്യമായല്ല ചരിത്രം കുറിക്കുന്ന കണ്ടുപിടിത്തം നടത്തുന്നത്. 30 വര്‍ഷത്തെ അതിന്റെ പ്രയാണത്തിനിടെ, പ്രതീക്ഷിച്ചതിലും എത്രയോ അധികം വിവരങ്ങളും അത്ഭുതങ്ങളും ആ വാഹനങ്ങള്‍ സൃഷ്ടിച്ചു. 75 കോടി ഡോളറിലും അധികമായി വൊയേജര്‍ ദൗത്യത്തിന്റെ ചെലവെങ്കിലും, 1989 ആയപ്പോഴേക്കും എന്‍സൈക്ലോപ്പീഡയയുടെ 6000 പതിപ്പുകള്‍ക്ക് ആവശ്യമായത്ര വിവരങ്ങള്‍ അത് ഭൂമിയിലെത്തിച്ചു എന്നാണ് കണക്ക്. വിവരങ്ങളുടെ ആ ഒഴുക്ക് ഇനിയും അവസാനിച്ചിട്ടില്ല. സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനം കുറഞ്ഞ മേഖലകളിലേക്ക് പ്രവേശിച്ചു കഴിഞ്ഞ വൊയേജര്‍ വാഹനങ്ങള്‍, ആകാശഗംഗയിലൂടെ അനന്തമായ യാത്ര തുടരും. പക്ഷേ, 2020 വരെയേ വാഹനങ്ങളിലെ ആണവവൈദ്യുത സംവിധാനം നിലനില്‍ക്കൂ എന്നതിനാല്‍, അതോടെ വൊയേജറിന് ഭൂമിയുമായുള്ള ബന്ധം അവസാനിക്കും.
യഥാര്‍ഥത്തില്‍ 1981-ല്‍ അവസാനിക്കേണ്ടിയിരുന്ന വൊയേജര്‍ ദൗത്യമാണ്, ഗവേഷകരുടെ സര്‍വകണക്കുകളും തെറ്റിച്ചുകൊണ്ട് ഇപ്പോഴും തുടരുന്നത്. വൊയേജര്‍ ഒന്ന്, വൊയേജര്‍ രണ്ട് എന്നീ ആളില്ലാ വാഹനങ്ങളാണ് നാസയുടെ ഈ ദൗത്യത്തിലുള്ളത്. വൊയേജര്‍ രണ്ടാണ് ആദ്യം വിക്ഷേപിച്ചത്; കെന്നഡി സേപ്സ് സെന്ററില്‍ നിന്ന് ടൈറ്റാന്‍-സെന്റൂര്‍ റോക്കറ്റില്‍ 1977 ആഗസ്ത് 20-ന്. സൗരയൂഥത്തിലെ രണ്ട് ബാഹ്യഗ്രഹങ്ങളായ യുറാനസിനെയും നെപ്യൂണിനെയും അടുത്തു നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ആ വര്‍ഷം സപ്തംബര്‍ അഞ്ചിന് വൊയേജര്‍ ഒന്നും യാത്രതിരിച്ചു. ശനി ഗ്രഹത്തെ പഠിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.
1965-ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ മൈക്കല്‍ മിനോവിക്കും ഗാരി ഫ്ളാന്ഡ്രോയും കണ്ടെത്തിയ 'ഗുരുത്വാകര്‍ഷണ സഹായ സങ്കേതം' (gravity assist technique) ആണ് വൊയേജര്‍ വാഹനങ്ങള്‍ക്ക് തുണയായത്. ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ബലത്തിന്റെ സഹായത്തോടെയാണ് ബഹിരാകാശവാഹനങ്ങളുടെ വേഗം അസാധാരണമാം വിധം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സങ്കേതമാണിത്. ഭൂമിയില്‍ നിന്ന് യാത്രതിരിച്ചപ്പോഴത്തെ വേഗത്തിലാണെങ്കില്‍ കുറഞ്ഞത് 30 വര്‍ഷം വേണമായിരുന്നു വൊയേജര്‍ രണ്ടിന് നെപ്യൂണിന് സമീപമെത്താന്‍. എന്നാല്‍ ഗുരുത്വാകര്‍ഷണ സങ്കേതം തുണയേകിയപ്പോള്‍ 12 വര്‍ഷം കൊണ്ട് അത് ലക്ഷ്യസ്ഥാനത്തെത്തി.
സൗരയൂഥത്തിലെ നാല് ബാഹ്യഗ്രഹങ്ങളും (വ്യാഴം, ശനി, യുറാനസ്, നെപ്യൂണ്‍) പ്രത്യേക സ്ഥാനങ്ങളിലെത്തുമ്പോള്‍ മാത്രമേ, ബഹിരാകാശ വാഹനങ്ങള്‍ക്ക് അവയുടെയെല്ലാം ഗുരുത്വാകര്‍ഷണ ബലം അനുകൂമാക്കാന്‍ കഴിയൂ. 175 വര്‍ഷത്തിലൊരിക്കലാണ് ഈ നാലു ഗ്രഹങ്ങളും അത്തരം സവിശേഷ സ്ഥാനങ്ങളില്‍ എത്തുക. അത്തരമൊരു അവസരം ഒത്തുവന്നതാണ് 1977-ല്‍ വൊയേജര്‍ ദൗത്യത്തിന് നാസയെ പ്രേരിപ്പിച്ചത്. രണ്ട് വൊയേജര്‍ വാഹനങ്ങള്‍ക്കും യാത്രയ്ക്കിടെ സ്വയം പുനക്രമീകരിക്കാന്‍ കഴിവുണ്ട്. വൊയേജര്‍ രണ്ട് വാഹനം വലിയ തോതില്‍ സ്വയം പുനക്രമീകരണം നടത്തി. വാഹനത്തിലെ ആറ് കമ്പ്യൂട്ടറുകളാണ് ഇതിന് വാഹനത്തെ സഹായിക്കുന്നത്.
വൊയേജര്‍ പേടകങ്ങളുടെ ഭാരം 815 കിലോഗ്രാം വീതം ആണ്. പതിനൊന്ന് വ്യത്യസ്ത നിരീക്ഷണങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ വൊയേജര്‍ രണ്ടിലുണ്ട്. ടെലിവഷന്‍ ക്യാമറകള്‍, ഇന്‍ഫ്രാറെഡ്, ആള്‍ട്രാവയലറ്റ് ഡിറ്റെക്ടറുകള്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനം ഒക്കെ അതില്‍ പെടുന്നു. പ്ലൂട്ടോണിയം-238 അടങ്ങിയിട്ടുള്ള 'റേഡിയോഐസോടോപ്പ് തെര്‍മല്‍ ജനറേറ്ററുകള്‍' (RTG) ആണ് വൊയേജര്‍ വാഹനങ്ങളുടെ വൈദ്യുതസ്രോതസ്സ്. വാഹനങ്ങളിലെ ഊര്‍ജോത്പാദനം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഭൂമിയില്‍ നിന്ന് യാത്രതിരിക്കുമ്പോഴത്തേതിനെ അപേക്ഷിച്ച് 60 ശതമാനം ഊര്‍ജം വീതമേ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുള്ളു. അതിനാല്‍ ക്യാമറകള്‍ പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍ ആള്‍ട്രാവയലറ്റ് ഡിറ്റക്ടറുകള്‍ ഇപ്പോഴും സജ്ജമാണ്.
നിലവില്‍ വൊയേജര്‍ വാഹനങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ വളരെ ദുര്‍ബലമാണ്. സെക്കന്‍ഡില്‍ 160 ബൈറ്റ്സ് ഡേറ്റ വീതം വാഹനങ്ങളില്‍ നിന്ന് ലഭിക്കുന്നു. വളരെ കരുത്തേറിയ ആന്റിനകള്‍ കൊണ്ടേ സിഗ്നലുകള്‍ സ്വീകരിക്കാനാവൂ. ഇതിനായി 'ഡീപ് സ്പേസ് നെറ്റ്വര്‍ക്ക്' എന്ന സംവിധാനമാണ് നാസ ഉപയോഗിക്കുന്നത്. സ്പെയിനിലെ മാഡ്രിഡ്, ഓസ്ട്രേലിയയിലെ കാന്‍ബറ, കാലിഫോര്‍ണിയയിലെ മൊജാവെ മരുഭൂമി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ആന്റിനകളുടെ ശൃംഗലയാണിത്. ഇയോവിലെ അഗ്നിപര്‍വതം
യുറാനസിനും നെപ്യൂണിനും അടുത്തെത്തിയ ഏക വാഹനമാണ് വൊയേജര്‍ രണ്ട്. വൊയേജര്‍ രണ്ട് നെപ്യൂണിന് ഏറ്റവും അടുത്തെത്തിയത് 1989 ആഗസ്ത് 25-നായിരുന്നു. അതിനകം ആ വാഹനം അഞ്ച് ലക്ഷം കോടി ബൈറ്റ്സ് ഡേറ്റ ഭൂമിയിലേക്ക് അയച്ചിരുന്നു. 1981 നവംബര്‍ 12-ന് വൊയേജര്‍ ഒന്ന് ശനിയുടെ 64,200 കിലോമീറ്റര്‍ സമീപത്തുകൂടി കടന്നു പോയി. വൊജേയര് രണ്ട് വാഹനം 1981 ആഗസ്ത് 25-ന് ശനിക്ക് 41,000 കിലോമീറ്റര്‍ അരികിലെത്തി.
വൊയേജറിന്റെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്ന് വ്യാഴഗ്രഹത്തിന്റെ ഉപഗ്രഹമായ ഇയോ (Io)വിലെ സജീവ അഗ്നിപര്‍വതങ്ങളായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കണ്ടെത്തല്‍. വൊയേജര്‍ ഒന്ന് 1979-ല്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പരിശോധിച്ച ഗവേഷകരാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഇയോവിലെ പെലെ (Pele) അഗ്നിപര്വത്തില് നിന്ന് ധൂളീപടലങ്ങളും കട്ടിയായ പുകയും എവറസ്റ്റ് കൊടുമുടിയുടെ 30 മടങ്ങ് പൊക്കത്തിലാണ് ഉയരുന്നത്. ഭൂമിയിലല്ലാതെ സജീവ അഗ്നിപര്‍വതങ്ങള്‍ സൗരയൂഥത്തിലുണ്ട് എന്ന കാര്യം ആദ്യമായി അറിയുകയായിരുന്നു.
ശനിയുടെ വലയങ്ങള്‍ ആയിരക്കണക്കിന് ഹിമധൂളികളും ചെറുവസ്തുക്കളുമൊക്കെ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്ന് വൊയേജര്‍ തെളിയിച്ചു. യുറാനസ്, നെപ്യൂണ്‍ എന്നിവയുടെ കാന്തികധ്രുവങ്ങള്‍, ഗ്രഹമധ്യരേഖയ്ക്കരികിലാണെന്ന കണ്ടെത്തല്‍ അത്ഭുതകരമായിരുന്നു. ഭൂമിയുടെ യഥാര്‍ഥ ധ്രുവങ്ങളില്‍ തന്നെയാണ് കാന്തികധ്രുവങ്ങളും, ഭൂമധ്യരേഖയിലല്ല. യുറാനസിന്റെ ചെറു ഉപഗ്രഹമായ മിരാന്‍ഡ (500 കിലോമീറ്റര്‍ വിസ്താരം) യ്ക്കാണ്, സൗരയൂഥത്തിലെ ഏറ്റവും സങ്കീര്‍ണമായ ഗ്രഹപ്രതലമുള്ളതെന്ന കണ്ടെത്തലായിരുന്നു മറ്റൊരു അത്ഭുതം. സൗരയൂഥത്തില്‍ ഏറ്റവും വേഗത്തില്‍ വീശുന്ന കാറ്റുകള്‍ നെപ്യൂണിലാണെന്ന കണ്ടെത്തലും അതിശയിപ്പിക്കുന്നതായിരുന്നു. 2008 മെയ് 22-ലെ കണക്കുവെച്ച് വൊയേജര്‍ ഒന്ന് വാഹനം സൂര്യനില്‍നിന്ന് 106.4 അസ്ട്രോണമിക്കല്‍ യൂണിറ്റ് (AU) അകലെയാണ്. 2006 സപ്തംബറിലെ കണക്കനുസരിച്ച് വൊയേജര്‍ രണ്ട് വാഹനം സൂര്യനില്‍ നിന്ന് 80.5 AU അകലെയാണ് സഞ്ചരിക്കുന്നത്. സൂര്യനും പ്ലൂട്ടോയും തമ്മിലുള്ള അകലത്തിന്റെ ഇരട്ടി വരുമിത്. നിലവില്‍ വൊയേജര്‍ ഒന്ന് വാഹനം സെക്കന്‍ഡില്‍ 17 കിലോമീറ്റര്‍ വേഗത്തിലും, വൊയേജര്‍ രണ്ട് വാഹനം 15 കിലോമീറ്റര്‍ വേഗത്തിലുമാണ് സഞ്ചരിക്കുന്നത്.
സൂര്യന്റെ മാതൃഗാലക്സിയായ ആകാശഗംഗയിലൂടെ അനന്തമായി യാത്ര തുടരുകയെന്നതാണ് വൊയേജര്‍ വാഹനങ്ങളുടെ വിധി. 40,000 വര്‍ഷം കൊണ്ട് വൊയേജര്‍ ഒന്ന്, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍ രണ്ട് വാഹനം, സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. ഏതെങ്കിലും അന്യഗ്രഹജീവികളുടെ ശ്രദ്ധയില്‍ വൊജേയറെത്തിയാല്‍, ഭൂമിയെക്കുറിച്ചു മനസിലാക്കാന്‍ സഹായിക്കുന്ന ഒരു സുവര്‍ണ ഫോണോഗ്രാഫിക് റിക്കോര്‍ഡും അവയില്‍ അടക്കം ചെയ്തിട്ടുണ്ട്. 12 ഇഞ്ച് വരുന്ന ആ റിക്കോര്‍ഡ്, കാള്‍ സാഗന്റെ ആശയമാണ്. 55 ഭാഷകളിലെ ആശംസകളും, ഭൂമിയില്‍ നിന്നുള്ള 115 ദൃശ്യങ്ങളും, ഭൂമിയിലെ വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും അതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. (അവലംബം: നാസ, വിക്കിപീഡിയ).
ആദ്യ കൃത്രിമോപഗ്രഹമായ സ്ഫുട്നിക്കിനെക്കുറിച്ച് ഇവിടെ.
കാണുക: ബഹിരാകാശയുഗം പിറന്നിട്ട് അരനൂറ്റാണ്ട്, ബഹിരാകാശ ദൗത്യങ്ങള്‍-2
2 comments:
ഒരു വീട് കാഴ്ചയില്‍ എങ്ങനെയിരിക്കും എന്നറിയാന്‍ അകത്തുനിന്നു മാത്രം നോക്കിയിട്ടു കാര്യമില്ല, പുറത്തിറങ്ങിക്കൂടി നോക്കണം. ഭൂമിയുള്‍പ്പടെ എട്ട് ഗ്രഹങ്ങളും മാതൃനക്ഷത്രമായ സൂര്യനും ഉള്‍പ്പെടുന്ന സൗരയൂഥം ഇതുവരെ അകത്തുനിന്നു മാത്രമേ മനുഷ്യന് കണ്ടിട്ടുള്ളൂ. സൗരയൂഥത്തിന്റെ ബാഹ്യആകൃതി എന്നത് ഇത്രകാലവും അനുമാനം മാത്രമായിരുന്നു. എന്നാല്‍, ചരിത്രത്തിലാദ്യമായി സൗരയൂഥത്തെ പുറത്തുനിന്ന് നിരീക്ഷിക്കാന്‍ മനുഷ്യന് അവസരമുണ്ടായിരിക്കുന്നു. 30 വര്‍ഷമായി യാത്ര തുടരുകയും ഇപ്പോള്‍ സൗരയൂഥത്തിന്റെ അതിരിലേക്ക് എത്തുകയും ചെയ്തിട്ടുള്ള വൊയേജര്‍ രണ്ട് പേടകമാണ്, ഈയൊരു അപൂര്‍വകാഴ്ച ഗവേഷകലോകത്തിന് നല്‍കിയിരിക്കുന്നത്.
Thanks nice article. Pls continue the series.
Post a Comment