Friday, July 11, 2008

ഐന്‍സ്റ്റയിന്‌ വീണ്ടും വിജയം

93 വര്‍ഷംമുമ്പ്‌ സാമാന്യആപേക്ഷികതാ സിദ്ധാന്തം വഴി ഐന്‍സ്റ്റയിന്‍ നടത്തിയ ഒരു പ്രവചനം കൂടി ശരിയെന്ന്‌ തെളിഞ്ഞിരിക്കുന്നു. അത്യപൂര്‍വമായ ഒരു പള്‍സര്‍ദ്വയമാണ്‌ ഇത്തവണ ഐന്‍സ്റ്റയിന്റെ തുണയ്‌ക്കെത്തിയത്‌.

സാമാന്യആപക്ഷികതാ സിദ്ധാന്തത്തില്‍ (general theory of relativity) ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍ നടത്തിയ ഒരു പ്രവചനം കൂടി ശരിയാണെന്ന്‌ തെളിയിക്കാനായതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ്‌ ശാസ്‌ത്രലോകം. അതീവപിണ്ഡമുള്ള രണ്ടുവസ്‌തുക്കള്‍ സമീപസ്ഥാനങ്ങളില്‍ പരസ്‌പരം ഭ്രമണം ചെയ്‌താല്‍, ഗുരുത്വാകര്‍ഷണ മണ്ഡലത്തിന്റെ സ്വാധീനത്താല്‍ അവയിലൊന്നിന്റെ അച്ചുതണ്ടിന്‌ പ്രത്യേകതരത്തില്‍ ദിശാവ്യതിയാനം (precession) സംഭവിക്കുമെന്ന പ്രവചനമാണ്‌ ശരിയെന്ന്‌ തെളിഞ്ഞിരിക്കുന്നത്‌. അത്യപൂര്‍വ ഇരട്ട പള്‍സറുകളെ നാലുവര്‍ഷം നിരീക്ഷിച്ച്‌ അവയുടെ ചലനം വിശകലനം ചെയ്‌ത ഗവേഷകര്‍, ഐന്‍സ്റ്റയിന്റെ 93 വര്‍ഷം പഴക്കമുള്ള പ്രവചനം സ്ഥിരീകരിക്കുകയായിരുന്നു.

പ്രേതനക്ഷത്രങ്ങളാണ്‌ പള്‍സറുകള്‍; സൂര്യനെക്കാള്‍ വലിയ നക്ഷത്രങ്ങള്‍ മരിച്ചുകഴിഞ്ഞ്‌ അവശേഷിക്കുന്നവ. സൂര്യനെക്കാള്‍ നാലു മുതല്‍ എട്ടു മടങ്ങു വരെ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ അവയുടെ അന്ത്യത്തില്‍ സൂപ്പര്‍നോവ സ്‌ഫോടനങ്ങള്‍ക്കു വിധേയമാകുമ്പോള്‍, അവയുടെ അകക്കാമ്പ്‌ അതിഭീമമായ ഗുരുത്വാകര്‍ഷണബലത്താല്‍ ഞെരിഞ്ഞമരുകയും, ആറ്റങ്ങളിലെ ഇലക്ട്രോണുകള്‍ പ്രോട്ടോണുകളുമായി ചേര്‍ന്ന്‌ ന്യൂട്രോണുകളായി മാറുകയും ചെയ്യും. ഇങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ട നക്ഷത്രാവശിഷ്ടങ്ങളാണ്‌ ന്യൂട്രോണ്‍താരങ്ങള്‍. ഒരു ന്യൂട്രോണ്‍താരത്തിന്‌ ഏതാണ്ട്‌ 16 കിലോമീറ്റര്‍ വ്യാസവും, സൂര്യന്റെ 1.4 മടങ്ങ്‌ പിണ്ഡവും ഉണ്ടാകും. ന്യൂട്രോണ്‍താരത്തില്‍ നിന്നെടുക്കുന്ന ഒരു സ്‌പൂണ്‍ ദ്രവ്യത്തിന്‌ ഭൂമിയില്‍ നൂറ്‌ കോടി ടണ്‍ ഭാരമുണ്ടായിരിക്കുമെന്നാണ്‌ കണക്ക്‌.

ഇത്തരം ന്യൂട്രോണ്‍താരങ്ങളില്‍ ചിലത്‌ ഭ്രമണം ചെയ്യുന്നവയാണ്‌. ഭ്രമണത്തോടൊപ്പം വന്‍തോതില്‍ ഊര്‍ജം പുറത്തുവിടുകയും ചെയ്യും. ഇവയാണ്‌ പള്‍സറുകള്‍ (Pulsars). വളരെ വേഗത്തിലുള്ള ഭ്രമണം മൂലം അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലമാണ്‌ പള്‍സറുകള്‍ സൃഷ്ടിക്കുക. ഒപ്പം, അവയുടെ കാന്തികധ്രുവങ്ങളിലൂടെ ശക്തമായ റേഡിയോതരംഗങ്ങള്‍ ഇടവിട്ടിടവിട്ട്‌ പുറത്തുവരികയും ചെയ്യും. ഒരു ലൈറ്റ്‌ഹൗസിലെ ചുറ്റിത്തിരിയുന്ന ലൈറ്റില്‍നിന്നുള്ള പ്രകാശം നമ്മെ തേടിയെത്തുന്ന രീതിയിലാണ്‌, പള്‍സറുകള്‍ റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുക. ഭൂമിയില്‍നിന്ന്‌ റേഡിയോ ടെലസ്‌കോപ്പുകളുടെ സഹായത്തോടെ ഇവയെ നിരീക്ഷിക്കാനാകും.

1967ല്‍ ജോസെലിന്‍ ബെല്‍ ബേര്‍ണല്‍ ആണ്‌ പള്‍സറുകളെ ആദ്യം കണ്ടെത്തിയത്‌. ഏതാണ്ട്‌ 1700 പള്‍സറുകളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഇരട്ട പള്‍സര്‍ സംവിധാനം ഒരെണ്ണമേ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ഭൂമിയില്‍നിന്ന്‌ 1700 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന 'PSR J0737-3039A/B' ആ പള്‍സര്‍ദ്വയത്തെ 2003-ലാണ്‌ വാനനിരീക്ഷകര്‍ തിരിച്ചറിഞ്ഞത്‌. 2.4 ദിവസത്തിലൊരിക്കല്‍ പരസ്‌പരം ഭ്രമണം ചെയ്യുന്നവയാണിവ. ഇവയില്‍ പള്‍സര്‍ A, 23 മില്ലിസെക്കന്‍ഡ്‌ കൂടുമ്പോഴും, പള്‍സര്‍ B, 2.8 സെക്കന്‍ഡ്‌ കൂടുമ്പോഴും സ്വയംഭ്രമണം ചെയ്യുന്നു.

സാധാരണ ഗുരുത്വാകര്‍ഷണ മണ്ഡലങ്ങളില്‍ സാമാന്യആപേക്ഷികതാ സിദ്ധാന്തം പരീക്ഷിക്കാനാവില്ല. അതിന്‌ അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലം കൂടിയേ തീരൂ. ആ നിലയ്‌ക്ക്‌ `ഐന്‍സ്റ്റയിന്റെ പ്രവചനം പരീക്ഷിച്ചറിയാന്‍ പറ്റിയ നല്ലൊരു വേദിയാണ്‌ ഇരട്ടപള്‍സര്‍ സവിധാനം'-കാനഡയില്‍ മോണ്‍ട്രിയലിലുള്ള മാക്‌ഗില്‍ സര്‍വകലാശാലയിലെ റിനെ ബ്രെട്ടണ്‍ പറയുന്നു.

2003-ല്‍ ഇരട്ടപള്‍സര്‍ സംവിധാനം കണ്ടെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ സാമാന്യആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഏതാനും ഫലങ്ങള്‍ പരീക്ഷിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞിരുന്നു. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നതു മൂലമുണ്ടാകുന്ന ഊര്‍ജനഷ്ടം, ഈ പള്‍സറുകളുടെ ഭ്രമണപഥങ്ങളെ ചുരുക്കിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ ആദ്യം തെളിയിക്കപ്പെട്ട ഒരു ഫലം. ദിവസവും ഏഴ്‌ മില്ലിമീറ്റര്‍ എന്ന കണക്കിന്‌ ഭ്രമണപഥം ചുരുങ്ങല്‍ (orbital decay) സംഭവിക്കുന്നു എന്നാണ്‌ കണ്ടത്‌. അതുപ്രകാരം, 850 ലക്ഷം വര്‍ഷംകൊണ്ട്‌ ഇരു പള്‍സറുകളും കൂട്ടിയിടിച്ച്‌ തകരും. ഇത്തരത്തിലുള്ള ഭ്രമണപഥം ചുരുങ്ങള്‍ ഇരട്ടന്യൂട്രോണ്‍ താരങ്ങളില്‍ മുമ്പ്‌ തന്നെ നിരീക്ഷിച്ചിട്ടുണ്ട്‌. അത്തരമൊരു കണ്ടെത്തല്‍ നടത്തി സാമാന്യആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രവചനം സ്ഥിരീകരിച്ച റസ്സല്‍ ഹള്‍സ്‌, ജോസഫ്‌ ടെയ്‌ലര്‍ എന്നീ ഗവേഷകര്‍ 1993-ലെ ഭൗതീകശാസ്‌ത്ര നോബല്‍പുരസ്‌കാരം പങ്കിട്ടിരുന്നു.

അസ്‌ട്രോഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന ബ്രെട്ടണും മക്‌ഗില്‍ സര്‍വകലാശാലയിലെ പള്‍സര്‍ ഗ്രൂപ്പിന്റെ മേധാവിയായ ഡോ. വിക്ടോറിയ കാസ്‌പിയുമാണ്‌ ഇപ്പോഴത്തെ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയത്‌. മക്‌ഗില്‍ സര്‍വകലാശാലയിലെ ഗവേഷകരെ കൂടാതെ, അമേരിക്ക, ബ്രിട്ടണ്‍, ഇറ്റലി, ഫ്രാന്‍സ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്‌ത്രജ്ഞരും ഐന്‍സ്റ്റയിന്റെ പ്രവചനം ശരിയാണോ എന്ന്‌ പരീക്ഷിക്കുന്നതിന്‌ ഒത്തുചേര്‍ന്നു. ഗ്രീന്‍ ബാങ്കില്‍ നാഷണല്‍ റേഡിയോ അസ്‌ട്രോണമി ഒബ്‌സര്‍വേറ്ററിയിലെ 'റോബര്‍ട്ട്‌ സി. ബയ്‌ഡ്‌ ഗ്രീന്‍ ബാങ്ക്‌ റേഡിയോ ടെലസ്‌കോപ്പ്‌' ഉപയോഗിച്ചായിരുന്നു നാലുവര്‍ഷം നീണ്ട നിരീക്ഷണം.

തൊട്ടടുത്ത്‌ പരസ്‌പരം പ്രദക്ഷിണംവെയ്‌ക്കുന്ന ഇരട്ടപള്‍സറുകള്‍ സൃഷ്ടിക്കുന്ന അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലത്തിന്റെ സ്വാധീനഫലമായി, ഭ്രമണം ചെയ്യുന്ന വസ്‌തുക്കളിലൊന്നിന്റെ അച്ചുതണ്ടിന്‌ ദിശാമാറ്റം സംഭവിക്കുമെന്നാണ്‌ ഐന്‍സ്റ്റയിന്‍ പ്രവചിച്ചിരുന്നത്‌-ഡോ.കാസ്‌പി അറിയിക്കുന്നു. 1915-ല്‍ സാമാന്യആപേക്ഷികതാ സിദ്ധാന്തത്തില്‍ എന്താണോ ഐന്‍സ്‌റ്റയിന്‍ പറഞ്ഞിരുന്നത്‌ അതേ രീതിയില്‍ തന്നെ, ഇരട്ടപള്‍സറുകളില്‍ ഒന്നിന്റെ അച്ചുതണ്ടിന്‌ ദിശാമാറ്റം സംഭവിക്കുന്നതായി നിരീക്ഷണത്തില്‍ തെളിഞ്ഞെന്ന്‌, 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

പള്‍സറുകള്‍ ചെറിയ വസ്‌തുക്കളായതിനാല്‍ ഭൂമിയില്‍നിന്ന്‌ അവയെ നേരിട്ടു നിരീക്ഷിച്ച്‌, അച്ചുതണ്ടിന്റെ ദിശാവ്യതിയാനം പഠിക്കുക സാധ്യമല്ല. പള്‍സറുകളില്‍ ഒരെണ്ണം രണ്ടാമത്തേതിന്റെ മുന്നിലെത്തുമ്പോള്‍, പുറകിലുള്ളതില്‍ നിന്നു പുറപ്പെടുന്ന റേഡിയോ കിരണങ്ങള്‍ മുന്നിലേതിന്റെ കാന്തികമണ്ഡലം ആഗിരണം ചെയ്യും. ഈ സാധ്യതയാണ്‌, അവയുടെ അച്ചുതണ്ടിന്റെ ദിശ മനസിലാക്കാന്‍ ഗവേഷകര്‍ക്ക്‌ തുണയായത്‌. ആകാശഗോളങ്ങളുടെയും മറ്റും അച്ചുതണ്ടിലുള്ള ദിശാമാറ്റം (precession) സൗരയൂഥത്തിലും നിരീക്ഷിച്ചിട്ടുണ്ടെങ്കിലും, അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ സംഭവിക്കുന്നതായി ഐന്‍സ്‌റ്റയിന്‍ പ്രവചിച്ചത്‌ തികച്ചും വ്യത്യസ്‌തമായ ദിശാമാറ്റമാണ്‌. അതാണ്‌ ഇപ്പോള്‍ ശരിയെന്ന്‌ തെളിഞ്ഞിരിക്കുന്നത്‌.

`ഇതുവരെ നടത്തിയ പരീക്ഷണങ്ങളെയെല്ലാം ഐന്‍സ്‌റ്റയിന്റെ സിദ്ധാന്തം വിജയകരമായി തരണം ചെയ്‌തുകഴിഞ്ഞു; ഞങ്ങളുടേത്‌ അടക്കം. ഭാവിയില്‍ ആരെങ്കിലും ഗുരുത്വാകര്‍ഷണം സംബന്ധിച്ച്‌ പുതിയൊരു സിദ്ധാന്തവുമായി മുന്നോട്ടു വന്നാല്‍, അവര്‍ക്ക്‌ ഞങ്ങളുടെ ഈ പരീക്ഷണഫലവും കണക്കിലെടുക്കേണ്ടി വരും'-ബ്രെട്ടണ്‍ പറയുന്നു. `ഐന്‍സ്റ്റയിന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഈ ഫലത്തില്‍ അദ്ദേഹം ആഹ്ലാദിച്ചേനെ. തന്റെ സിദ്ധാന്തം സ്ഥിരീകരിച്ചതില്‍ മാത്രമാകില്ല ആ ആഹ്ലാദം, അതിന്‌ സ്വീകരിക്കപ്പെട്ട നൂതനമായ മാര്‍ഗത്തെക്കുറിച്ചും അദ്ദേഹം സന്തോഷവാനായേനെ'-മഞ്ചെസ്‌റ്റര്‍ സര്‍വകലാശാലയിലെ ഡോ.മൈക്കല്‍ ക്രാമര്‍ അഭിപ്രായപ്പെടുന്നു.

സ്ഥിരീകരിക്കപ്പെടുന്ന നാലാം പ്രവചനം
സാമാന്യആപേക്ഷികതാ സിദ്ധാന്തത്തില്‍ ഒട്ടേറെ പ്രചനങ്ങളും സാധ്യതകളുമുണ്ട്‌. പ്രപഞ്ചത്തിന്റെ ഉത്ഭവം, വികാസം, ഭാവി ഒക്കെ അതില്‍ പെടുന്നു. തമോഗര്‍ത്തങ്ങളാണ്‌ മറ്റൊരു സാധ്യത. ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട്‌ ആ സിദ്ധാന്തം മുന്നോട്ടുവെച്ച പ്രവചനങ്ങളില്‍ നാലാമത്തേതാണ്‌ ഇപ്പോള്‍ സ്ഥിരീകരിക്കപ്പെടുന്നത്‌.

ഗുരുത്വാകര്‍ഷണത്താല്‍ പ്രകാശകിരണം പോലും വളയുമെന്നതാണ്‌ സാമാന്യആപേക്ഷികതാ സിദ്ധാന്തത്തിലെ ആദ്യം തെളിയിക്കപ്പെട്ട പ്രവചനം. അതിന്‌ ഐന്‍സ്റ്റയിന്‍ തന്നെ ഒരു മാര്‍ഗം നിര്‍ദേശിച്ചു. ഗ്രഹണസമയത്ത്‌, സൂര്യനു സമീപത്തുകൂടി കടന്നുവരുന്ന നക്ഷത്രരശ്‌മികളെ പരിഗണിച്ചാല്‍ മതിയെന്നായിരുന്നു ആ നിര്‍ദ്ദേശം. 1919-ല്‍ ബ്രിട്ടീഷ്‌ വാനശാസ്‌ത്രജ്ഞനായ ആര്‍തര്‍ എഡിങ്‌ടന്റെ നേതൃത്വത്തിലുള്ള സംഘം, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ പ്രിന്‍സിപ്പെയില്‍ വെച്ച്‌ നടത്തിയ നിരീക്ഷണത്തില്‍ ഐന്‍സ്റ്റയിന്റെ പ്രവചനം ശരിയാണെന്ന്‌ തെളിഞ്ഞു. ഐന്‍സ്റ്റയിനെയും ആപേക്ഷികതാ സിദ്ധാന്തത്തെയും ലോകപ്രശസ്‌തമാക്കിയത്‌ ആ പരീക്ഷണമായിരുന്നു.

സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ബുധന്റെ ഭ്രമണപഥത്തിന്‌ ഒരു സവിശേഷതയുണ്ട്‌. മറ്റ്‌ ഗ്രഹങ്ങളുടെ ഭ്രമണപഥത്തെ അപേക്ഷിച്ച്‌ കൂടുതല്‍ വാര്‍ത്തുളം (elliptical) ആണത്‌. ഭ്രമണപഥത്തിന്റെ അച്ചുതണ്ട്‌ നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടില്‍ ഭ്രമണപഥത്തിനുണ്ടാകുന്ന ഈ മാറ്റം ഐസക്‌ ന്യൂട്ടന്റെ സിദ്ധാന്തം അനുസരിച്ച്‌ കണക്കാക്കുമ്പോള്‍, നിരീക്ഷണഫലങ്ങള്‍ നല്‍കുന്ന സംഖ്യയെക്കാള്‍ 43 ഡിഗ്രി കുറവാണ്‌. എന്നാല്‍, സമാന്യആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഐന്‍സ്റ്റയിനും എം.ഗ്രോസ്സ്‌മാനും ചേര്‍ന്ന്‌ കൃത്യമായി ഈ മാറ്റം കണക്കുകൂട്ടി. ന്യൂട്ടോണിയന്‍ സിദ്ധാന്തത്തിലെ പിശകുപോലും ശരിയാക്കുന്ന സിദ്ധാന്തമാണ്‌ ഐന്‍സ്‌റ്റയിന്റേത്‌ എന്ന്‌ ഇത്‌ വെളിവാക്കി.

ഗുരുത്വാകര്‍ഷണ മണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന ഫോട്ടോണിന്‌ ഊര്‍ജശോഷണം സംഭവിക്കുകയും, അത്‌ പ്രകാശവര്‍ണരാജിയുടെ (spectrum) ചുവപ്പുഭാഗത്തേക്ക്‌ നീങ്ങുകയും ചെയ്യുമെന്നതാണ്‌ സാമാന്യആപേക്ഷികതാ സിദ്ധാന്തം മുന്നോട്ടുവെയ്‌ക്കുന്ന മറ്റൊരു പ്രവചനം. ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ പ്രകാശത്തിന്‌ സംഭവിക്കുന്ന ഈ ചുവപ്പുമാറ്റത്തിന്‌ 'ഐന്‍സ്റ്റയിന്‍ ചുവപ്പുമാറ്റം' (Einstein redshift) എന്നാണ്‌ പേര്‌. ആകാശഗോളങ്ങളെ നിരീക്ഷിച്ച്‌ ഇത്‌ ശരിയാണെന്ന്‌ 1925-ല്‍ തന്നെ ശാസ്‌ത്രലോകം സ്ഥിരീകരിച്ചു. ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലും ഈ പ്രവചനം ശരിയാണെന്ന്‌ 1959-ല്‍ തെളിയിക്കപ്പെട്ടു. 23 മീറ്റര്‍ ഉയരുമുള്ള ഗോപുരത്തിലാണ്‌ പരീക്ഷണം നടന്നത്‌. ഗോപുരത്തിന്റെ ചുവട്ടില്‍നിന്ന്‌ മുകളിലെത്തുമ്പോഴേക്കും ഗാമാകിരണങ്ങള്‍ കൂടിയ തരംഗദൈര്‍ഘ്യമുള്ളവയായി (ഊര്‍ജശോഷണം സംഭവിച്ചവയായി) കാണപ്പെട്ടു.

മുമ്പ്‌ സ്ഥിരീകരിക്കപ്പെട്ട ഐന്‍സ്റ്റയിന്റെ മൂന്ന്‌ പ്രവചനങ്ങള്‍ ഇവയാണ്‌. ഇപ്പോള്‍ ഇരട്ടപള്‍സറുകളുടെ സഹായത്തോടെയും ഐന്‍സ്‌റ്റയിന്റെ വിജയഗാഥ തുടരുകയാണ്‌. ഇനിയും കണ്ടെത്താനുള്ള ഒട്ടേറെക്കാര്യങ്ങള്‍ സാമാന്യആപേക്ഷികതാ സിദ്ധാന്തം ബാക്കിവെച്ചിട്ടുണ്ട്‌; ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ ഉള്‍പ്പടെ. അവ സ്ഥിരീകരിക്കുകയാണ്‌ 21-ാം നൂറ്റാണ്ടില്‍ ഭൗതികശാസ്‌ത്രത്തിന്‌ മുന്നിലുള്ള പ്രധാന വെല്ലുവിളി.
(അവലംബം:സയന്‍സ്‌ ഗവേഷണ വാരിക, മക്‌ഗില്‍ സര്‍വകലാശാലയുടെയും നാഷണല്‍ റേഡിയോ അസ്‌ട്രേണമി ഒബ്‌സര്‍വേറ്ററിയുടെയും വാര്‍ത്താക്കുറിപ്പുകള്‍, Relativity Simply Explained-by Martin Gardner, The Cambridge Dictionary of Scientists).

2 comments:

Joseph Antony said...

തൊട്ടടുത്ത്‌ പരസ്‌പരം പ്രദക്ഷിണംവെയ്‌ക്കുന്ന ഇരട്ടപള്‍സറുകള്‍ സൃഷ്ടിക്കുന്ന അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലത്തിന്റെ സ്വാധീനഫലമായി, ഭ്രമണം ചെയ്യുന്ന വസ്‌തുക്കളിലൊന്നിന്റെ അച്ചുതണ്ടിന്‌ ദിശാമാറ്റം സംഭവിക്കുമെന്നാണ്‌ ഐന്‍സ്റ്റയിന്‍ പ്രവചിച്ചിരുന്നത്‌. 1915-ല്‍ സാമാന്യആപേക്ഷികതാ സിദ്ധാന്തത്തില്‍ എന്താണോ ഐന്‍സ്‌റ്റയിന്‍ പറഞ്ഞിരുന്നത്‌ അതേ രീതിയില്‍ തന്നെ, ഇരട്ടപള്‍സറുകളില്‍ ഒന്നിന്റെ അച്ചുതണ്ടിന്‌ ദിശാമാറ്റം സംഭവിക്കുന്നതായി നിരീക്ഷണത്തില്‍ തെളിഞ്ഞു. ഐന്‍സ്റ്റയിന്‌ വീണ്ടുമൊരു വിജയം

Unknown said...

thanks for the informative post