കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധമാണ് ഇത്തവണ ഉത്സവസീസണില്‍ നാട്ടാനകള്‍ക്ക് മദംപൊട്ടിയത്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന മൂന്നുപേരെ കൊല്ലുന്നതിന്റെ ലൈവ്ദൃശ്യങ്ങളുണ്ടാക്കിയ നടുക്കം ഇനിയും മാറിയിട്ടില്ല. പതിവില്ലാത്തവിധം ആനകള്‍ക്കുണ്ടായ മദംപൊട്ടലിനും ശാന്തസമുദ്രത്തില്‍ രൂപപ്പെട്ടിട്ടുള്ള 'ലാനിനാ' (La Nina) കാലാവസ്ഥാ പ്രതിഭാസത്തിനും തമ്മില്‍ ബന്ധമുണ്ടോ?
ശാന്തസമുദ്രമെവിടെ കിടക്കുന്നു, കേരളമെവിടെ സ്ഥിതിചെയ്യുന്നു എന്നാവാം ഇതെപ്പറ്റി ആദ്യം തോന്നുക. എന്നാല്‍, അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. 'സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സി'(SPCA)ലെ ആനവിദഗ്ധനായ ഡോ.ബി.അരവിന്ദ് പറയുന്നത് ശരിയാണെങ്കില്‍, ലാനിനായ്ക്കും ആനകളുടെ അസാധാരണമായ മദംപൊട്ടലിനും തമ്മില്‍ ബന്ധമുണ്ട്.
കാലാവസ്ഥാമാറ്റം ആനകളുടെ മദംപൊട്ടല്‍ സമയം മുന്നോട്ടാക്കിയതാണ്, ഇത്തവണ പല ഉത്സവങ്ങളും ദുരന്തത്തില്‍ കലാശിക്കാന്‍ കാരണമായതെന്ന് ഡോ.അരവിന്ദ് പറയുന്നു. കേളത്തില്‍ പെയ്ത അസാധാരണമായ വേനല്‍മഴ അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിപ്പിച്ചു. വര്‍ധിച്ച അന്തരീക്ഷഈര്‍പ്പവും കൊടുംചൂടും ചേര്‍ന്ന് ആനകള്‍ക്ക് മദമിളകാന്‍ അനുകൂല അന്തരീക്ഷം സൃഷ്ടിച്ചുവത്രേ. (എന്താണ് ആനകളുടെ മദമിളകല്‍, ആനകളോടു നമ്മള് കാട്ടുന്ന ക്രൂരതയ്ക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു മികച്ച ലേഖനം അനോനി ആന്റണിയുടെ ബ്ലോഗിലുണ്ട്-ഇതു കാണുക). ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് മിക്കയിടങ്ങളിലും അന്തരീക്ഷഈര്‍പ്പത്തിന്റെ തോത് 80 ശതമാനത്തിലേറെയായി; ചൂട് 35 ഡിഗ്രി സെല്സിയസിലുമധികവും. ആനകള്‍ക്ക് വര്‍ഷത്തില്‍ മൂന്നുമാസമാണ് മദംപൊട്ടല്‍ കാലയളവ്. കാലാവസ്ഥയിലെ മാറ്റം ഈ കാലയളവ് മുന്നോട്ടാക്കിയെന്നാണ് ഡോ.അരവിന്ദന്റെ നിഗമനം (ദ ഹിന്ദു, ഏപ്രില്‍ 27, 2008).
അസാധാരണമായ വേനല്‍മഴ ഏല്‍പ്പിച്ച ആഘാതത്തിന്റെ മുറിവുകള്‍ കേരളം നക്കിയുണക്കി വരുന്നതേയുള്ളു. ലോകമാകെ അരിക്ഷാമം കൊടുമ്പിരികൊള്ളുമ്പോഴാണ്, കേരളത്തില്‍ വേനല്‍മഴയില്‍ നൂറുകണക്കിന് ഏക്കര്‍ വിളഞ്ഞ നെല്ല് പാടെ നശിച്ചത്. ഉണ്ടായത് കോടികളുടെ നഷ്ടം. എന്തുകൊണ്ട് ഇത്തരമൊരു കാലാവസ്ഥാ മാറ്റം കേരളത്തില്‍ ഇത്തവണ സംഭവിച്ചു എന്നു പരിശോധിക്കുമ്പോഴാണ് ലാനിനാ പ്രതിഭാസം പരിഗണനയിലെത്തുന്നത്. ഈ പ്രതിഭാസം ശാന്തസമുദ്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള സമയമാണിത്.
ലാനിനാ ശക്തിപ്പെടുന്ന വര്‍ഷങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ മഴ, അതും കാലംതെറ്റി പെയ്യുക പതിവാണ്. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ശരാശരി ലഭിക്കുന്ന മഴ 1.8 സെന്റീമീറ്ററാണ്. ഇത്തവണ പക്ഷേ, അതിന്റെ ഏതാണ്ട് ആറിരട്ടി (10.3 സെന്റീമീറ്റര്‍) മഴ പെയ്തു. ഇതുപോലെ മറ്റൊരു റിക്കോഡ് വേനല്‍മഴ ദക്ഷിണേന്ത്യയില്‍ പെയ്തത് 1984-ലാണ്. അന്നും ലാനിനാ ശക്തിപ്പെട്ടിരുന്നു. കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് ആനകളെ അണിനിരത്തണോ എന്ന് ആലോചിക്കുന്നവര്‍ കാലാവസ്ഥയെക്കുറിച്ചുകൂടി കുറച്ച് അറിഞ്ഞിരിക്കുന്നുത് നന്നായിരിക്കും.('ലാനിനാ'യെക്കുറിച്ച് അറിയാന്‍ കാണുക: ഉറുമ്പുകള്‍ കാലാവസ്ഥ പ്രവചിക്കുമ്പോള്‍).
4 comments:
കേരളത്തില്‍ പതിവില്ലാത്തവിധം ആനകള്‍ക്കുണ്ടായ മദംപൊട്ടലിനും ശാന്തസമുദ്രത്തില്‍ രൂപപ്പെട്ടിട്ടുള്ള 'ലാനിനാ' കാലാവസ്ഥാ പ്രതിഭാസത്തിനും തമ്മില്‍ ബന്ധമുണ്ടോ? ശാന്തസമുദ്രമെവിടെ കിടക്കുന്നു, കേരളമെവിടെ സ്ഥിതിചെയ്യുന്നു എന്നാവാം ഇതെപ്പറ്റി ആദ്യം തോന്നുക. എന്നാല്‍, അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. ഇവയ്ക്കു തമ്മില്‍ ബന്ധമുണ്ട്. ഉത്സവങ്ങള്‍ക്ക് ആനകളെ അണിനിരത്തണോ എന്ന് ആലോചിക്കുന്നവര്‍ കാലാവസ്ഥയെക്കുറിച്ചുകൂടി കുറച്ച് അറിഞ്ഞിരിക്കുന്നുത് നന്നായിരിക്കും.
നന്ദി വിവരത്തിന്..
വായിച്ചു. ശ്രദ്ധേയമായ വിഷയങ്ങള്‍ കൊണ്ടുവരുന്നതിനു നന്ദി.
രാജീവ്ജി,
വളരെ നന്ദി ഈ അറിവ് പങ്ക് വെച്ചതിന്.
Post a Comment