Friday, April 18, 2008

'കാസ്സിനി-ഹൈജന്‍സ്‌ ദൗത്യം' രണ്ടുവര്‍ഷം കൂടി

ശനിഗ്രഹത്തെ ചുറ്റി സഞ്ചരിക്കുന്ന ആദ്യ ദൗത്യപേടകമായ കാസ്സിനി-ഹൈജന്‍സന്‍സിന്റെ കാലാവധി രണ്ടുവര്‍ഷംകൂടി നീട്ടുന്നു.

ശനിഗ്രഹത്തിന്റെയും അതിന്റെ ഉപഗ്രഹങ്ങളുടെയും നിഗൂഢതകള്‍ അനാവരണം ചെയ്യാന്‍ അയച്ച 'കാസ്സിനി-ഹൈജന്‍സ്‌ ദൗത്യ'ത്തിന്റെ കാലാവധി രണ്ടുവര്‍ഷം കൂടി നീട്ടുന്നതായി നാസ പ്രഖ്യാപിച്ചു. 2004-ല്‍ ശനിയുടെ ഭ്രമണപഥത്തിലെത്തിയ ആ പേടകത്തിന്റെ സമയപരിധി 2008 ജൂലായില്‍ തീരേണ്ടതായിരുന്നു. പുതിയ തീരുമാനപ്രകാരം കുറഞ്ഞത്‌ 60 തവണ കൂടി പേടകത്തിന്‌ ശനിഗ്രഹത്തെ ചുറ്റാനാകും. ശനിയുടെ ഉപഗ്രഹങ്ങളെ ഇനിയും ഒട്ടേറെ തവണ നിരീക്ഷിക്കാനും കഴിയും.

പേടകം ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നതായി, നാസയുടെ 'ജറ്റ്‌ പ്രൊപ്പല്‍ഷന്‍ ലബോറട്ടറി' (JPL)യില്‍ കാസ്സിനി-ഹൈജന്‍സ്‌ ദൗത്യത്തിന്റെ പ്രോഗ്രാം മാനേജര്‍ ബോബ്‌ മിച്ചെല്‍ അറിയിക്കുന്നു. ശനിയെക്കുറിച്ചും അതിന്റെ ഉപഗ്രഹങ്ങളായ ടൈറ്റന്‍ (Titan), എന്‍സെലാഡസ്‌ (Enceladus) തുടങ്ങിയവയെക്കുറിച്ചും മറ്റൊരു സ്രോതസ്സില്‍നിന്നും ഇതുവരെ ലഭിക്കാത്ര വിവരങ്ങളാണ്‌ കാസ്സിനി-ഹൈജന്‍സ്‌ ദൗത്യം ഭൂമിയിലെത്തിച്ചത്‌. ഭാവി പര്യവേക്ഷണ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയാവും പേടകം അടുത്ത രണ്ടുവര്‍ഷം കൊണ്ട്‌ മുഖ്യമായും ചെയ്യുക.

നാസ(NASA)യുടെയും യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയായ 'ഇസ'(ESA)യുടെയും സംയുക്ത സംരംഭമാണ്‌ കാസ്സിനി-ഹൈജന്‍സ്‌ ദൗത്യം. രണ്ട്‌ വാഹനങ്ങളാണ്‌ ദൗത്യത്തിലുണ്ടായിരുന്നത്‌; 'കാസ്സിനി'യും 'ഹൈജന്‍സും'. ഫ്‌ളോറിഡയില്‍ കേപ്‌ കാനവെറലില്‍ നിന്ന്‌ 1997 ഒക്ടോബര്‍ 15-ന്‌ യാത്ര തിരിച്ച ദൗത്യം, 350 കോടി കിലോമീറ്റര്‍ സഞ്ചരിച്ച്‌ 2004 ജൂലായ്‌ ഒന്നോടെ ശനിയുടെ ഭ്രമണപഥത്തിലെത്തി. ആ വര്‍ഷം ഡിസംബര്‍ 25-ന്‌ കാസ്സിനിയില്‍ നിന്ന്‌ വേര്‍പെട്ട ഹൈജന്‍സ്‌ വാഹനം, 2005 ജനവരി 14-ന്‌ ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ ഇടിച്ചിറങ്ങി, ഭൂമിയുടെ അപരനെന്നറിയപ്പെടുന്ന ആ ഉപഗ്രഹത്തിന്റെ അന്തരീക്ഷത്തെയും പ്രതലത്തെയും രാസഘടനയെയും കുറിച്ച്‌ വിലപ്പെട്ട വിവരങ്ങള്‍ ഭൂമിയിലെത്തിച്ചു.

ശനിയുടെ ഉപഗ്രഹങ്ങളെ ആദ്യം നിരീക്ഷിച്ച ഇറ്റാലിയന്‍-ഫ്രഞ്ച്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ജിയോവന്നി ഡൊമനിക്കോ കാസ്സിനിയുടെ പേരിലാണ്‌ ആ ഇരട്ടദൗത്യത്തില്‍ നാസ നിര്‍മിച്ച 'കാസ്സിനി' വാഹനം അറിയപ്പെടുന്നത്‌; ഇസ നിര്‍മിച്ച 'ഹൈജന്‍സ്‌' വാഹനം, 1655-ല്‍ ടൈറ്റനെ കണ്ടെത്തിയ ഡച്ച്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനും ഗണിതജ്ഞനുമായ ക്രിസ്‌റ്റിയാന്‍ ഹൈജന്‍സിന്റെ പേരിലും.

ശനിഗ്രഹത്തെ ചുറ്റി സഞ്ചരിക്കുന്ന ആദ്യദൗത്യമാണ്‌ കാസ്സിനി-ഹൈജന്‍സ്‌; ആ ഗ്രഹത്തിന്‌ സമീപമെത്തുന്ന നാലാമത്തേതും. ഗ്രഹവലയങ്ങളുടെ ത്രിമാനഘടനയും സ്വഭാവവും അടുത്തറിയുക, ശനിയുടെ ഉപഗ്രഹങ്ങളുടെ പ്രതലഘടനയും അവയുടെ ഗ്രഹചരിത്രവും മനസിലാക്കുക, ശനിയുടെ ഉപഗ്രഹമായ 'ഇയാപെട്ടസി' (Iapetus)ലെ തമോവസ്‌തുവിന്റെ ഉത്ഭവവും സ്വഭാവവും പഠനവിധേയമാക്കുക, ശനിയുടെ മാഗ്നറ്റോസ്‌ഫിയറിന്റെ ക്രിയാത്മക സ്വഭാവവും ഘടനയും കണ്ടെത്തുക, ടൈറ്റന്റെ അന്തരീക്ഷത്തിലെ മേഘങ്ങളുടെ വൈവിധ്യം മനസിലാക്കുക, ആ ഉപഗ്രഹത്തിന്റെ പ്രതലസ്വഭാവം അറിയുക തുടങ്ങി ഒട്ടേറെ സുപ്രധാന ലക്ഷ്യങ്ങളോടെയാണ്‌ കാസ്സിനി-ഹൈജന്‍സ്‌ ദൗത്യം വിക്ഷേപിച്ചത്‌. ഇതിനൊക്കെ ആവശ്യമായ എല്ലാ അത്യന്താധുനിക ഉപകരണങ്ങളും വാഹനങ്ങളിലുണ്ടായിരുന്നു.

ഹൈജന്‍സിന്റെ മാതൃവാഹനമായാണ്‌ കാസ്സിനി പ്രവര്‍ത്തിച്ചത്‌. കാസ്സിനിക്ക്‌ 2150 കിലോഗ്രാമും ഹൈജന്‍സിന്‌ 350 കിലോഗ്രാമും ഭാരമുണ്ടായിരുന്നു. ശനിയുടെ ഭ്രമണപഥത്തില്‍ നിന്ന്‌ കാസ്സിനി അയയ്‌ക്കുന്ന സിഗ്നലുകള്‍ ഭൂമിയിലെത്താന്‍ (ഭ്രമണപഥത്തിലെ വ്യതിയാനം അനുസരിച്ച്‌) 68 മുതല്‍ 84 മിനിറ്റ്‌ വരെ സമയം എടുക്കുന്നു. സൂര്യനില്‍ നിന്ന്‌ ഭൂമിയെക്കാള്‍ വളരെ അകലെയാണ്‌ ശനിയെന്നതിനാല്‍, സൗരോര്‍ജം കൊണ്ട്‌ കാസ്സിനിയുടെ പ്രവര്‍ത്തനം സുഗമമായി നടത്താനാകില്ല. അതിനാല്‍, മൂന്ന്‌ 'റേഡിയോഐസോടോപ്പ്‌ തെര്‍മോഇലക്ട്രിക്‌ ജനറേറ്ററുകള്‍'(RTGs) ആണ്‌ വാഹനത്തിനാവശ്യമായ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്‌. അതിനായി 32.8 കിലോഗ്രാം പ്ലൂട്ടോണിയം കാസ്സിനിയില്‍ ഉപയോഗിച്ചത്‌ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

1997-ല്‍ കാസ്സിനി-ഹൈജന്‍സ്‌ ദൗത്യം പുറപ്പെടുന്ന സമയത്ത്‌ ശനിയുടെ 18 ഉപഗ്രഹങ്ങള്‍ മാത്രമാണ്‌ കണ്ടുപിടിച്ചിരുന്നത്‌. കാസ്സിനി വാഹനവും ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്‌കോപ്പുകളും ചേര്‍ന്ന്‌ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 42 ഉപഗ്രഹങ്ങള്‍ കൂടി കണ്ടെത്തി. കാസ്സിനി വാഹനം 2007 മെയ്‌ 30-ന്‌ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന്‌ അറുപതാമത്തെ ഉപഗ്രഹത്തിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞു. 60 ഉപഗ്രഹങ്ങളില്‍ 48 എണ്ണത്തിനേ പേരിട്ടിട്ടുള്ളു. 34 ഉപഗ്രങ്ങള്‍ വെറും പത്തു കിലോമീറ്ററില്‍ താഴെ മാത്രം വ്യാസമുള്ളവയാണ്‌. ശനിയുടെ ഉപഗ്രഹങ്ങളില്‍ വെറും ഏഴെണ്ണം മാത്രമാണ്‌ ഗുരുത്വാകര്‍ഷണത്താല്‍ സ്വയം ഗോളാകൃതി പ്രാപിക്കാന്‍ പോന്നത്ര പിണ്ഡമുള്ളവ.(അവലംബം: നാസ).
കാണുക: ശനിക്ക്‌ അറുപതാം ഉപഗ്രഹം

2 comments:

Joseph Antony said...

ശനിഗ്രഹത്തെ ചുറ്റി സഞ്ചരിക്കുന്ന ആദ്യ ദൗത്യപേടകമായ കാസ്സിനി-ഹൈജന്‍സന്‍സിന്റെ കാലാവധി രണ്ടുവര്‍ഷംകൂടി നീട്ടുന്നു. ഇതോടെ കുറഞ്ഞത്‌ 60 തവണ കൂടിയെങ്കിലും പേടകത്തിന്‌ ശനിഗ്രഹത്തെ ചുറ്റാനാകും.

Anonymous said...
This comment has been removed by a blog administrator.