Sunday, April 27, 2008

ഹൃദയകോശങ്ങള്‍ പരീക്ഷണശാലയില്‍ സൃഷ്ടിച്ചു

ഹൃദ്രോഗം നേരിടാന്‍ ഒരുവശത്ത്‌ പ്രതീക്ഷയുളവാക്കുന്ന കണ്ടെത്തലുകള്‍ നടക്കുമ്പോള്‍, മറുവശത്ത്‌ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഹൃദ്രോഗബാധ പകര്‍ച്ചവ്യാധി പോലെ പടരുന്നു. പ്രതീക്ഷയും ആശങ്കയുമുണര്‍ത്തുന്ന രണ്ട്‌ റിപ്പോര്‍ട്ടുകളെപ്പറ്റി

പരീക്ഷണശാലയില്‍ രൂപംനല്‍കുന്ന ഹൃദയകോശങ്ങളുടെ സഹായത്തോടെ ഭാവിയില്‍ ഹൃദ്രോഹം ചികിത്സിക്കാന്‍ കഴിഞ്ഞേക്കും. വിത്തുകോശങ്ങളുടെ (സ്റ്റെം കോശങ്ങള്‍) സഹായത്തോടെ ഹൃദയകോശം സൃഷ്ടിക്കുന്നതില്‍ ഒരു അന്താരാഷ്ട്ര ഗവേഷകസംഘം നടത്തിയ മുന്നേറ്റം അതാണ്‌ സൂചിപ്പിക്കുന്നത്‌.
ഹൃദയത്തില്‍ കാണപ്പെടുന്ന മൂന്നു വ്യത്യസ്‌തയിനം കോശങ്ങള്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഭ്രൂണവിത്തുകോശങ്ങളില്‍ ആവശ്യത്തിന്‌ വളര്‍ച്ചാഘടകങ്ങള്‍ സന്നിവേശിപ്പിച്ചാണ്‌, വ്യത്യസ്‌ത ഹൃദയകോശങ്ങള്‍ രൂപപ്പെടുത്താന്‍ ഗവേഷകര്‍ക്ക്‌ സാധിച്ചത്‌. അത്തരത്തില്‍ രൂപപ്പെടുത്തിയ കോശങ്ങള്‍ മാറ്റിവെച്ചപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായും ഗവേഷകര്‍ കണ്ടു. എലികളിലുണ്ടായ ഈ ഫലം മനുഷ്യരിലും ആവര്‍ത്തിക്കാനായാല്‍, ഹൃദ്രോഗചികിത്സയില്‍ വിപ്ലവം തന്നെയുണ്ടായേക്കാമെന്നാണ്‌ റിപ്പോര്‍ട്ട്‌.
ശരീരത്തിലെ ഏതിനം കോശങ്ങളായും രൂപപ്പെടാന്‍ ശേഷിയുള്ള അടിസ്ഥാനകോശങ്ങളൊണ്‌ വിത്തുകോശങ്ങള്‍. ഈ കോശങ്ങളുപയോഗിച്ച്‌ ഹൃദയകോശങ്ങള്‍ സൃഷ്ടിക്കാന്‍ ലോകമെങ്ങും ഊര്‍ജിതശ്രമം നടക്കുന്നതിനിടെയാണ്‌, കാനഡ, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരുടെ സംയുക്തസംഘത്തിന്‌ ഈ രംഗത്ത്‌ മുന്നേറ്റം സാധ്യമായത്‌. പുതിയ ലക്കം 'നേച്ചറി'ല്‍ ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
'കാര്‍ഡിയോമയോസൈറ്റുകള്‍'(cardiomyocytes), 'എന്‍ഡോഥെലിയല്‍ കോശങ്ങള്‍'(endothelial cells), 'വാസ്‌കുലാര്‍ സ്‌മൂത്ത്‌ പേശീകോശങ്ങള്‍'(vascular smooth muscle cells) എന്നീ ഹൃദയകോശങ്ങളുടെ പ്രാഥമികരൂപങ്ങളാണ്‌ ഗവേഷകര്‍ പരീക്ഷണശാലയില്‍ സൃഷ്ടിച്ചത്‌. ഭ്രൂണവിത്തുകോശങ്ങളില്‍ ശരിയായ സമയത്ത്‌ ശരിയായ വളര്‍ച്ചാഘടകങ്ങള്‍ സന്നിവേശിപ്പിച്ചാണ്‌ ഇത്‌ സാധ്യമായതെന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു. ''ഗവേഷണാവശ്യങ്ങള്‍ക്ക്‌ വേണ്ടത്ര ഹൃദയകോശങ്ങള്‍ നമുക്ക്‌ കൃത്രിമമായി സൃഷ്ടിക്കാനാകും എന്നാണ്‌ ഈ മുന്നേറ്റം വ്യക്തമാക്കുന്നത്‌`-ടൊറൊന്റോയില്‍ 'മക്‌ഇവെന്‍ സെന്റര്‍ ഫോര്‍ റീജനറേറ്റീവ്‌ മെഡിസിനി'ലെ ഡോ.ഗോര്‍ഡന്‍ കെല്ലര്‍ പറയുന്നു.
ഹൃദയകോശങ്ങളുടെ വളര്‍ച്ച, പ്രവര്‍ത്തനം, ഔഷധങ്ങളോടുള്ള പ്രതികരണം മുതലായവ പഠിക്കാന്‍ നിലവില്‍ വളരെ പരിമിതമായ രീതിയിലേ ജീവനുള്ള ഹൃദയകോശങ്ങള്‍ ഗവേഷകര്‍ക്ക്‌ ലഭിക്കാറുള്ളു. ആ പരിമിതി മറികടക്കാന്‍ സഹായിക്കുന്നു എന്നതാണ്‌ പുതിയ ഗവേഷണം മുന്നോട്ടുവെയ്‌ക്കുന്ന ആദ്യസാധ്യതയെന്ന്‌ ഡോ.കെല്ലര്‍ അഭിപ്രായപ്പെടുന്നു. `ഹൃദയാഘാതത്തിന്‌ ശേഷം ഹൃദയത്തിന്റെ തകരാര്‍ പരിഹരിക്കാനും, പുതിയ ഹൃദ്രോഗ ചികിത്സകള്‍ വികസിപ്പിക്കാനും ഭാവിയില്‍ ഈ മുന്നേറ്റം പ്രയോജനപ്പെട്ടേക്കും'-അദ്ദേഹം പറയുന്നു.

ഇന്ത്യ ഹൃദ്രോഹത്തിന്റെ അതിസമ്മര്‍ദത്തില്‍
ഒരുവശത്ത്‌ ഇത്തരം പ്രതീക്ഷയുളവാക്കുന്ന കണ്ടെത്തലുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ, ഇന്ത്യ ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ അതീവസമ്മര്‍ദത്തിലാണെന്ന്‌ പുതിയൊരു റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. ലോകത്ത്‌ ഏറ്റവുമധികം ഹൃദ്രോഗികളുള്ള രാജ്യമെന്ന ദുരിതമാണത്രേ ഇന്ത്യയെ കാത്തിരിക്കുന്നത്‌. ഒപ്പം ഹൃദ്രോഗചികിത്സ ഏറെ വൈകി മാത്രം ലഭിക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യയാണെന്ന്‌ പുതിയൊരു പഠനം പറയുന്നു. ദാരിദ്ര്യം മൂലം ഹൃദ്രോഗചികിത്സ ലഭിക്കാത്തവരും, രോഗപ്രതിരോധ നടപടികളിലൊന്നും ഉള്‍പ്പെടാത്തവരും ഇന്ത്യയിലാണത്രേ കൂടുതല്‍.
2010 ആകുമ്പോഴേക്കും ലോകത്താകെയുള്ള ഹൃദ്രോഗബാധിതരില്‍ 60 ശതമാനം ഇന്ത്യയിലായിരിക്കുമെന്നാണ്‌ പഠനം പറയുന്നത്‌. ആഗോള ശരാശരിയുടെ നാലു മടങ്ങ്‌ വരുമിത്‌. ഇന്ത്യയിപ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ്‌. അതിനാല്‍, സമ്പന്നരാഷ്ട്രങ്ങളില്‍ സംഭവിച്ചതുപോലെ ഹൃദ്രോഗനിരക്ക്‌ ഇനിയും കൂടാനാണ്‌ സാധ്യതയെന്നും 'ലാന്‍സെറ്റ്‌' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ബാംഗ്ലൂരില്‍ 'സെന്റ്‌ ജോണ്‍സ്‌ നാഷണല്‍ അക്കാദമി ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സസി'ലെ ഡോ.ഡെന്നീസ്‌ സേവ്യറും സംഘവുമാണ്‌ പഠനം നടത്തിയത്‌.
രാജ്യത്തെ 50 നഗരങ്ങളിലെ 89 ആസ്‌പത്രികളില്‍ 21,000 ഹൃദ്രോഗികളില്‍നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചാണ്‌ ഡോ.സേവ്യറും സംഘവും പഠനം നടത്തിയത്‌. ഇവരില്‍ 20,468 പേരുടെ രോഗവിവരം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. അതില്‍ 60 ശതമാനം പേരിലും ഹൃദയാഘാതത്തിന്റെ തെളിവുണ്ടായിരുന്നു. ഹൃദയാഘാതം മൂലമുള്ള ഹൃദ്രോഗനിരക്ക്‌ വികസ്വരരാഷ്ട്രങ്ങളില്‍ 40 ശതമാനം ആണ്‌. ഇന്ത്യയില്‍ ഈ തോത്‌ കൂടുതലാണെന്ന്‌ ഈ കണക്ക്‌ വ്യക്തമാക്കുന്നു.
2001-ല്‍ ലോകത്താകമാനം 71 ലക്ഷം പേര്‍ ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ്‌ കണക്ക്‌. അതില്‍ 80 ശതമാനത്തിലേറെയും ഇന്ത്യയുള്‍പ്പടെയുള്ള വികസ്വരരാഷ്ട്രങ്ങളിലായിരുന്നു. ഹൃദയാഘാതം വരുന്നവരുടെ ശരാശരി പ്രായത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്നിലാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. സമ്പന്നരാഷ്ട്രങ്ങളിലുള്ളവരെ അപേക്ഷിച്ച്‌, ഇന്ത്യക്കാരെ മൂന്നു മുതല്‍ ആറ്‌ വര്‍ഷം മുമ്പേ തന്നെ ഹൃദയാഘാതം പിടികൂടുന്നു.
പുകവലിയും പുകയിലയുപയോഗവും, രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില, അമിത മാനസികസമ്മര്‍ദം-ഇവയാണ്‌, മറ്റെവിടേയും എന്നപോലെ, ഇന്ത്യക്കാരിലും ഹൃദ്രോഗനിരക്ക്‌ വര്‍ധിപ്പിക്കുന്നത്‌. എന്നാല്‍, ഇന്ത്യയില്‍ ഹൃദ്രോഗികള്‍ക്ക്‌ വൈദ്യസഹായം ലഭിക്കാന്‍ എടുക്കുന്ന ശരാശരി സമയം 300 മിനിറ്റാണ്‌; സമ്പന്നരാഷ്ട്രങ്ങളെ അപേക്ഷിച്ച്‌ ഇരട്ടിസമയം. രോഗം വഷളാകാനും രോഗി മരിക്കാനും വൈദ്യസഹായം വൈകുന്നത്‌ മുഖ്യകാരണമാണല്ലോ. മാത്രമല്ല, ദാരിദ്ര്യം മൂലം വൈദ്യസഹായം തന്നെ തേടാത്തവരും, പ്രതിരോധ നടപടികള്‍ക്ക്‌ മുതിരാത്തവരും കുറവല്ലെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. (അവലംബം: നേച്ചര്‍, ലാന്‍സെറ്റ്‌)

2 comments:

Joseph Antony said...

ഹൃദ്രോഗം നേരിടാന്‍ ഒരുവശത്ത്‌ പ്രതീക്ഷയുളവാക്കുന്ന കണ്ടെത്തലുകള്‍ നടക്കുമ്പോള്‍, മറുവശത്ത്‌ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഹൃദ്രോഗബാധ പകര്‍ച്ചവ്യാധി പോലെ പടരുന്നു. പ്രതീക്ഷയും ആശങ്കയുമുണര്‍ത്തുന്ന രണ്ട്‌ റിപ്പോര്‍ട്ടുകളെപ്പറ്റി.

താരാപഥം said...

ജനങ്ങള്‍ മുന്‍കരുതലെടുക്കേണ്ട റിപ്പോര്‍ട്ടും പ്രതീക്ഷയുളവാക്കുന്ന പുതിയ കണ്ടുപിടുത്തവും. എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രാധന്യം അര്‍ഹിക്കുന്ന പോസ്റ്റ്‌.