Tuesday, April 01, 2008

ആര്‍ക്ടിക്‌ ദ്വീപില്‍ ഒരു 'നോഹയുടെ പെട്ടകം'

വിത്തുഗുണം പത്തുഗുണം എന്നാണല്ലോ പറയാറ്‌. അങ്ങനെയെങ്കില്‍ വിത്തുബാങ്കിന്‌ പത്തുബാങ്കിന്റെ ഗുണമുണ്ടാകും. പത്തല്ല, ആയിരം ബാങ്കിന്റെ മൂല്യമുള്ള ഒരു വിത്തുബാങ്ക്‌ തയ്യാറാവുകയാണ്‌ വിദൂര ആര്‍ക്ടിക്ക്‌ ദ്വീപില്‍. ലോകമവസാനിച്ചാലും, ഭൂമുഖത്തെ വിത്തിനങ്ങള്‍ അവിടെ സുരക്ഷിതമായിരിക്കും. നോര്‍വെ വന്‍കരയില്‍നിന്ന്‌ ആയിരം കിലോമീറ്റര്‍ വടക്ക്‌, ആര്‍ക്ടിക്കില്‍ നാലു ദ്വീപുകള്‍ ചേര്‍ന്നൊരു പ്രദേശമുണ്ട്‌; സ്വാല്‍ബാര്‍ഡ്‌. അതില്‍പെട്ട സ്‌പിറ്റ്‌സ്‌ബെര്‍ജന്‍ ദ്വീപിലെ പര്‍വതത്തില്‍ 130 മീറ്റര്‍ ഉള്ളിലൊരു 'നോഹയുടെ പെട്ടകം' ഒരുങ്ങുകയാണ്‌, ഭൂമുഖത്തെ വിളകളുടെയെല്ലാം വിത്തുകള്‍ക്കായി. പഴയനിയമത്തില്‍ പ്രളയം ഭൂമിയെ വിഴുങ്ങിയപ്പോള്‍ നോഹയുടെ പെട്ടകം എന്താണോ ചെയ്‌തത്‌, അതിന്‌ സമാനമായൊരു ദൗത്യമാണ്‌ 'സ്വാല്‍ബാര്‍ഡ്‌ ഗ്ലോബല്‍ സീഡ്‌ വാല്‍ട്ട്‌' (Svalbard Global Seed Vault) എന്ന വിത്തുപത്തായത്തിനുള്ളത്‌. ഏത്‌ തരത്തിലുള്ള ദുരന്തം ഭൂമിയെ വേട്ടയാടിയാലും, അതുകഴിഞ്ഞ്‌ കൃഷിയാരംഭിക്കാന്‍ പാകത്തില്‍ വിത്തുകള്‍ ആ പത്തായത്തില്‍ സുരക്ഷിതമായിരിക്കും.

45 ലക്ഷം വിത്തുസാമ്പിളുകള്‍ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാന്‍ പാകത്തിലുള്ള ഈ വിത്തുബാങ്കിന്റെ ചുമതല വഹിക്കുന്നത്‌ 'ഗ്ലോബല്‍ ക്രോപ്പ്‌ ഡൈവേഴ്‌സിറ്റി ട്രസ്റ്റ്‌' (GCDT) ആണ്‌. ഭൂമുഖത്തിപ്പോള്‍ നിലവിലുള്ള 1400-ലേറെ വിത്തുബാങ്കുകളുടെ സഹകരണത്തോടെ ദൗത്യം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ഈ വിത്തുബാങ്ക്‌ 90 ലക്ഷം ഡോളര്‍ (3.6 കോടി രൂപ) ചെലവില്‍ ലോകത്തിന്‌ സമ്മാനമായി നിര്‍മിച്ചു നല്‍കുന്നത്‌ നോര്‍വെ സര്‍ക്കാരും. ആര്‍ട്ടിക്കിലെ ഹിമമണ്ണിനടിയില്‍ (permafrost) മൈനസ്‌ 18 ഡിഗ്രിസെല്‍സിയസ്‌ ഊഷ്‌മാവില്‍ സൂക്ഷിക്കുന്ന വിത്തുകള്‍ കുറഞ്ഞത്‌ ആയിരം വര്‍ഷത്തേക്ക്‌ കേടുകൂടാതെയിരിക്കും.

ലോകം നേരിടുന്ന ഭീഷണികളെക്കുറിച്ച്‌ മനുഷ്യവര്‍ഗത്തിനുള്ള കടുത്ത ആശങ്കകളുടെ മൂര്‍ത്തരൂപമാണ്‌ സ്വാല്‍ബാര്‍ഡ്‌ വിത്തുപത്തായം. ആണവയുദ്ധത്താലോ, ആഗോളതാപനം മൂലമുള്ള പരിസ്ഥിതി നാശത്താലോ, ക്ഷുദ്രഗ്രഹപതനത്താലോ (ദിനോസറുകളെ ഉന്‍മൂലനം ചെയ്‌തതുപോലുള്ള) ഭൂമി ദുരന്തം നേരിടാം. അത്തരമൊരു ദുസ്ഥിതിയിലാണ്‌ ഈ വിത്തുബാങ്ക്‌ അനുഗ്രഹമായെത്തുക. മാനവരാശിക്കുള്ള ഒരു ഇന്‍ഷുറന്‍സ്‌ പോളിസിയാണ്‌ ഈ വിത്തുബാങ്കെന്ന്‌, ജി.സി.ഡി.ടി.മേധാവി കാരി ഫോളെര്‍ പറയുന്നു. `പുതിയ കാലാവസ്ഥാ ഘടകങ്ങളാണ്‌ നമ്മള്‍ നേരിടാന്‍ പോകുന്നത്‌. അതിന്റെ ഭാഗമായി പുതിയ കീടങ്ങളും പുതിയ രോഗങ്ങളും എത്തും'-അദ്ദേഹം പറയുന്നു. ഇന്ന്‌ സൂക്ഷിച്ചു വെയ്‌ക്കുന്ന വിത്തുകളുടെ പ്രാധാന്യം അത്തരമൊരു ഘട്ടത്തിലാണ്‌ മനസിലാകുക.

പരിസ്ഥിതിനാശവും നഗരവത്‌ക്കരണവും ലോകത്തെ ജൈവവൈവിധ്യത്തിനേല്‍പ്പിക്കുന്ന ആഘാതം ഏറ്റവും കൂടുതല്‍ താങ്ങേണ്ടി വരുന്നത്‌ കൃഷിയിനങ്ങള്‍ക്കാണ്‌. വന്യജീവികള്‍ക്കുണ്ടാകുന്ന വംശനാശത്തെക്കുറിച്ച്‌ നമ്മള്‍ വേവലാതിപ്പെടുന്നു. എന്നാല്‍, വിത്തിനങ്ങള്‍ക്കു സംഭവിക്കുന്ന ഉന്‍മൂലനത്തെക്കുറിച്ച്‌ പലരും അറിയുന്നു പോലുമില്ല. ഗോതമ്പിന്റെയും നെല്ലിന്റെയുമായി രണ്ടു ലക്ഷത്തോളം വ്യത്യസ്‌തയിനങ്ങള്‍ ലോകത്തുണ്ടെന്നാണ്‌ കണക്ക്‌. പക്ഷേ, കാലാവസ്ഥാമാറ്റവും പുത്തന്‍ കൃഷിരീതികളുമൊക്കെ ഈ വൈവിധ്യത്തെ അനുദിനം ശോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. മറ്റ്‌ വിത്തിനങ്ങളുടെയും സ്ഥിതി വ്യത്യസ്‌തമല്ല. ആ നിലയ്‌ക്ക്‌ സ്വാല്‍ബാര്‍ഡ്‌ വിത്തുബാങ്ക്‌ ശരിക്കുമൊരു ഇന്‍ഷുറന്‍സ്‌ പോളിസി തന്നെയാണ്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ നിര്‍മാണം തുടങ്ങിയ സ്വാല്‍ബാര്‍ഡ്‌ വിത്തുബാങ്കിന്റെ ഉദ്‌ഘാടനം കഴിഞ്ഞ ഫിബ്രവരി 26-നാണ്‌ നടന്നത്‌. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്‌ ഷുസെ മാനുവല്‍ ബരോസോയുടെ സാന്നിധ്യത്തില്‍, പ്രസിദ്ധ ആഫ്രിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകയും നോബല്‍ജേതാവുമായ വാന്‍ഗാരി മാതായിയും നോര്‍വീജിയന്‍ പ്രധാനമന്ത്രി ജെന്‍സ്‌ സ്റ്റോള്‍റ്റെന്‍ബര്‍ഗും ചേര്‍ന്ന്‌, വിത്തുബാങ്കിന്റെ മൂന്ന്‌ ശീതഅറകളിലൊന്നില്‍ നെല്‍വിത്ത്‌ പ്രതീകാത്മകമായ നിക്ഷേപിച്ചുകൊണ്ടായിരുന്നു ഉദ്‌ഘാടനം. ഭൂഗര്‍ഭവിത്തുബാങ്ക്‌ തണുപ്പിക്കുന്ന പ്രവര്‍ത്തനം കഴിഞ്ഞ നവംബറിലേ ആരംഭിച്ചിരുന്നു.

ഇന്ത്യയും സ്വാല്‍ബാര്‍ഡ്‌ വിത്തുബാങ്ക്‌ പദ്ധതിയില്‍ പങ്കാളിയാണ്‌. ആന്ധ്രാപ്രദേശിലെ 'ഇന്റര്‍നാഷണല്‍ ക്രോപ്പ്‌സ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ദ സെമി-ആരിഡ്‌ ട്രോപ്പിക്‌സി' (ICRISAT)ന്റെ വിത്തുബാങ്കില്‍നിന്ന്‌ 1.1 ലക്ഷം വിത്തുകള്‍ സ്വാല്‍ബാര്‍ഡിന്‌ നല്‍കും. സ്വാല്‍ബാര്‍ഡ്‌ വിത്തുബാങ്കിലേക്കുള്ള ആദ്യബാച്ച്‌ വിത്തുകള്‍ ഫിബ്രവരി ആദ്യമാണ്‌ എത്തിയത്‌; ആഫ്രിക്കയില്‍നിന്ന്‌. നൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍' 36 ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന്‌ ശേഖരിച്ച 7000 വിത്തു സാമ്പിളുകള്‍ 21 പെട്ടിയിലായി എത്തി.

ലോകത്തെ 21 പ്രമുഖ വിത്തുബാങ്കുകളില്‍നിന്നുള്ള വിത്തിനങ്ങളാണ്‌ ആദ്യഘട്ടത്തില്‍ ശേഖരിക്കപ്പെടുക. അവസാനഘട്ടമെത്തുമ്പോഴേക്കും, ബാക്കി ആയിരത്തിലേറെ വിത്തുബാങ്കുകളില്‍ നിന്നും സംഭാവനകള്‍ സ്വാല്‍ബാര്‍ഡിലെത്തും.ഓരോ വിത്തുസാമ്പിളിലും നൂറുകണക്കിന്‌ വിത്തുകള്‍ ഉണ്ടാകും. അതിനാല്‍ സ്വാല്‍ബാര്‍ഡില്‍ ആകെ ശേഖരിക്കപ്പെടുന്ന 45 ലക്ഷം സാമ്പിളുകളില്‍ കുറഞ്ഞത്‌ 200 കോടി വിത്തുകള്‍ കാണും.

ഒരുവിധപ്പെട്ട ഭീഷണികളൊന്നും ബാധിക്കാത്തത്ര സുരക്ഷിതമായ രീതിയിലാണ്‌ സ്വാല്‍ബാര്‍ഡ്‌ വിത്തുബാങ്ക്‌ സ്ഥിതിചെയ്യുന്നത്‌. സമുദ്രനിരപ്പില്‍നിന്ന്‌ 130 മീറ്റര്‍ ഉയരത്തിലാണതിന്റെ സ്ഥാനം. അതിനാല്‍, ഭൂമിയിലെ ചൂടുകൂടി ഗ്രീന്‍ലന്‍ഡിലെയും ആര്‍ക്ടിക്കിലെയും മഞ്ഞുപാളികള്‍ മുഴുവന്‍ ഉരുകി സമുദ്രനിരപ്പുയര്‍ന്നാലും, അത്‌ വിത്തുബാങ്കിനെ ബാധിക്കില്ല. ശീതീകരണ സംവിധാനം തകര്‍ന്നാലും പേടിക്കേണ്ടതില്ല; ആര്‍ക്ടിക്കിലെ ഹിമമണ്‍പാളികള്‍ക്കുള്ളിലായതിനാല്‍ വിത്തുബാങ്കിലെ താപനില മൈനസ്‌ 3.5 ഡിഗ്രിയില്‍ കൂടില്ല. ആ താപനിലയില്‍ വിത്തുകള്‍ സുരക്ഷിതമായിരിക്കും.

വിത്തുബാങ്കില്‍ ആരും സ്ഥിരമായി ഉണ്ടാകില്ല. മോഷന്‍ ഡിറ്റെക്ടറുകളുടെയും കാമറകളുടെയും സഹായത്തോടെ വിദൂര ജാഗ്രതാസംവിധാനം വിത്തുബാങ്കിനായി സജ്ജമായിരിക്കും. വിത്തുബാങ്കിന്‌ നാലുവാതിലുകളുണ്ട്‌; അത്യന്താധുനിക രീതിയില്‍ ബന്തവസ്ഥാക്കിയവ. ഇലക്ട്രോണിക്‌ താക്കോലുകളുടെ ബഹുഘട്ട പ്രയോഗത്തിലൂടെയേ വാതിലുകള്‍ തുറക്കാനാവൂ. ബെല്‍ജിയത്തെക്കാള്‍ വിസ്‌തൃതമായ സ്വാല്‍ബാര്‍ഡ്‌ ദ്വീപസമൂഹത്തില്‍ ആകെയുള്ളത്‌ 2300 പേരാണ്‌. ഒരു കൃഷിയും ആ പ്രദേശത്ത്‌ ഇല്ല. അതിനാല്‍, നാഗരികതയുടെ ഒരുവിധ ബാഹ്യശല്യവും വിത്തുബാങ്കിന്‌ ഉണ്ടാകാന്‍ സാധ്യതയില്ല.(കടപ്പാട്‌: ഗ്ലോബല്‍ ക്രോപ്പ്‌ ഡൈവേഴ്‌സിറ്റി ട്രസ്റ്റ്‌, ബി.ബി.സി)

4 comments:

Joseph Antony said...

നോര്‍വെ വന്‍കരയില്‍നിന്ന്‌ ആയിരം കിലോമീറ്റര്‍ വടക്ക്‌ സ്വാല്‍ബാര്‍ഡിലെ പര്‍വതത്തില്‍ 130 മീറ്റര്‍ ഉള്ളിലൊരു 'നോഹയുടെ പെട്ടകം' ഒരുങ്ങുകയാണ്‌, ഭൂമുഖത്തെ വിളകളുടെയെല്ലാം വിത്തുകള്‍ക്കായി. ഏത്‌ തരത്തിലുള്ള ദുരന്തം ഭൂമിയെ വേട്ടയാടിയാലും, അതുകഴിഞ്ഞ്‌ കൃഷിയാരംഭിക്കാന്‍ പാകത്തില്‍ വിത്തുകള്‍ അവിടെ സുരക്ഷിതമായിരിക്കും.

rathisukam said...
This comment has been removed by a blog administrator.
യാരിദ്‌|~|Yarid said...

ഇതിനെപ്പറ്റി വേറെവിടെയൊ വായിച്ചതു പോലെ, ഏതൊ ആനുകാലികത്തിലാണെന്ന് തോന്നുന്നു.

Anonymous said...
This comment has been removed by a blog administrator.