ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ കൃത്രിമപോഷകങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നു എന്ന് സൂചനകൃത്രിമഭക്ഷ്യവസ്‌തുക്കള്‍ അത്ര ഗുണം ചെയ്യില്ല എന്നത് മിക്ക ആരോഗ്യവിദഗ്‌ധരും സമ്മതിക്കുന്ന വസ്‌തുതയാണ്. കൃത്രിമപോഷകങ്ങളും ജീവകങ്ങളും കഴിക്കുന്നത് ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ ആയുസ്സ് തന്നെ കുറച്ചേക്കാമെന്ന് പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നു. ജീവകം-എ, ജീവകം-ഇ തുടങ്ങിയവ അധികമായാല്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിക്ക് ദോഷം സംഭവിക്കാം. അതിനാല്‍, കൃത്രിമപോഷകങ്ങള്‍ക്ക് പിന്നാലെ പോകാതെ സാധാരണ ഭക്ഷണത്തില്‍തന്നെ ആവശ്യത്തിന് പോഷകങ്ങളും ജീവകങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്‌ധര്‍ പറയുന്നു.
ബീറ്റാ-കരോട്ടിന്‍, ജീവികം-എ, സി, ഇ, സെലിനിയം തുടങ്ങിയവ അധികമായി കഴിക്കുന്നതിന്റെ ഫലത്തെപ്പറ്റി നടന്ന, 67 പഠനറിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്‌ത കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ നിഗമനത്തില്‍ എത്തിയത്. കൃത്രിമപോഷകങ്ങളെക്കുറിച്ച് ലോകമെങ്ങും നടന്ന 817 പഠനങ്ങളില്‍നിന്ന്, 67 എണ്ണം ഗവേഷകര്‍ വിശകലനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. അത്രയും പഠനങ്ങളില്‍ ഉള്‍പ്പെട്ട 2.33 ലക്ഷം പേരുടെ അനുഭവമാണ്, കൃത്രിമപോഷകങ്ങളുടെയും ജീവകങ്ങളുടെയും ഫലമെന്തെന്ന് വിലയിരുത്താന്‍ ഗവേഷകര്‍ അവലംബമാക്കിയത്.
പരിഗണനയര്‍ഹിച്ച 67 റിപ്പോര്‍ട്ടുകളില്‍നിന്ന് സൂക്ഷ്‌മപരിശോധനയ്‌ക്ക് ശേഷം 20 എണ്ണംകൂടി ഒഴിവാക്കി. അവശേഷിച്ച പഠനറിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്‌തതില്‍നിന്ന് ഗവേഷകരെത്തിയ നിഗമനം അലോസരമുണ്ടാക്കുന്നതാണ്. ജീവകം-എ അധികമടങ്ങിയ കൃത്രിമഭക്ഷ്യവസ്‌തുക്കള്‍ മരണസാധ്യ 16 ശതമാനം വര്‍ധിപ്പിക്കുമ്പോള്‍, ബീറ്റാ-കരോട്ടിന്റെ കാര്യത്തില്‍ ഈ വര്‍ധന ഏഴ് ശതമാനമാണ്. ജീവകം-ഇ യുടെ കാര്യത്തില്‍ ഈ വര്‍ധന നാലുശതമാണ്. എന്നാല്‍, ജീവകം-സി, സെലിനിയം എന്നിവയുടെ കാര്യത്തില്‍ മരണസാധ്യത കൂടുകയോ കുറയുകയോ ചെയ്‌തതായി കണ്ടില്ല-'കൊക്രേന്‍ കൊളാബൊറേഷന്‍'(Cochrane Collaboration) പുറത്തുവിട്ട അവലോകന റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം അധികഭക്ഷണങ്ങള്‍ എന്തുകൊണ്ട് ഈ ഫലം വരുത്തുന്നു എന്നതിനെക്കുറിച്ച് വ്യക്തമല്ല. ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ ഇത്തരം കൃത്രിമഭക്ഷ്യവസ്‌തുക്കള്‍ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് ഊഹിക്കേണ്ടിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ബീറ്റാ-കരോട്ടിന്റെ കാര്യം ഉദാഹരണമായെടുക്കുക. ശരീരം കൊഴുപ്പ് ഉപയോഗിക്കുന്ന രീതി വ്യത്യാസപ്പെടുത്താന്‍ ഇതിനാകും. അതായിരിക്കാം പ്രതികൂലമാകുന്നത്-ഗവേഷകര്‍ കരുതുന്നു.
ശരീരത്തില്‍ അടിഞ്ഞുകൂടന്ന 'സ്വതന്ത്രറാഡിക്കലു'(free radicals)കളാണ് അര്‍ബുദം മുതല്‍ ഹൃദ്രോഗം വരെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണം. സ്വതന്ത്രറാഡിക്കലുകളെ ഉന്‍മൂലനം ചെയ്യുന്ന 'നിരോക്‌സീകാരികളു'(antioxidents)ടെ കലവറയെന്ന പേരിലാണ് കൃത്രിമപോഷകാഹാരങ്ങള്‍ മിക്കതും പ്രചരിപ്പിക്കപ്പെടുന്നത്. ഇത്തരം കൃത്രിമഭക്ഷ്യവസ്‌തുക്കളുടെ ആഗോളവിപണി എതാണ്ട് 250 കോടി ഡോളര്‍ (10,000 കോടിരൂപ) വരും.
കൃത്രിമപോഷകാഹാരങ്ങള്‍ വലിയ വില നല്‍കി വാങ്ങിക്കഴിക്കുന്നതിലും ആരോഗ്യകരം, ആവശ്യത്തിന് പോഷകങ്ങളടങ്ങിയ പ്രകൃതിദത്തമായ സാധാരണഭക്ഷ്യവസ്‌തുക്കളെ ആശ്രയിക്കുന്നതാണെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച പ്രസ്‌താവന പറയുന്നു. നിരോക്‌സീകാരികളും പോഷകങ്ങളുമടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക, ആവശ്യത്തിന് വ്യായാമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പുകവലി ശീലം പാടെ ഉപേക്ഷിക്കുക-ആയുസ്സ് കൂട്ടാന്‍ ഇതാണ് നല്ല മാര്‍ഗമെന്ന് വിദഗ്‌ധര്‍ പറയുന്നു.
ജീവകങ്ങള്‍ -ഉറവിടം, ഫലം
1.ജീവകം-എ: മത്തിപോലെ നെയ്യുള്ള മത്സ്യങ്ങള്‍, മുട്ട, കരള്‍. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മത്തിന്റെയും കണ്ണിന്റെയും ആരോഗ്യം സംരക്ഷിക്കാനും ബീജോത്‌പാദനത്തിനും ജീവകം-എ കൂടിയേ തീരൂ.
2.ജീവകം-സി: പഴങ്ങള്‍, പച്ചക്കറികള്‍. മുറിവുകള്‍ ഉണക്കാനും ഇരുമ്പ് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ജീവകം-സി ആവശ്യമാണ്.
3.ജീവകം-ഇ: സസ്യ എണ്ണകള്‍, പരിപ്പുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍. രക്തചംക്രമണം വര്‍ധിപ്പിക്കാനും പ്രായമേറിയവരെ ഊര്‍ജ്വൊലരായി നിലനിര്‍ത്താനും സഹായിക്കുന്നു.
4.ബീറ്റ-കരോട്ടിന്‍: കാരറ്റ് പോലെ ചുവപ്പുകലര്‍ന്ന നിറമുള്ള പച്ചക്കറികള്‍. കാഴ്‌ചശക്തി വര്‍ധിപ്പിക്കാനും മനസിന്റെ ഏകാഗ്രത നിലനിര്‍ത്താനും സഹായിക്കുന്നു.
5.സെലിനിയം: വെണ്ണ, പരിപ്പുവര്‍ഗങ്ങള്‍, കരള്‍, മത്സ്യം. ശരീരപ്രതിരോധസംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ സെലിനിയം സഹായകമാണ്.(കടപ്പാട്: കൊക്രേന്‍ കൊളാബൊറേഷന്‍, മാതൃഭൂമി)
2 comments:
കൃത്രിമപോഷകങ്ങളും ജീവകങ്ങളും ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ ആയുസ്സ് തന്നെ കുറച്ചേക്കാമെന്ന് പുതിയൊരു പഠനം പറയുന്നു. ജീവകം-എ അധികമടങ്ങിയ കൃത്രിമഭക്ഷ്യവസ്‌തുക്കള്‍ മരണസാധ്യ 16 ശതമാനം വര്‍ധിപ്പിക്കുമ്പോള്‍, ബീറ്റാ-കരോട്ടിന്റെ കാര്യത്തില്‍ ഇത് ഏഴ് ശതമാനമാണ്.
അതിരുകവിഞ്ഞ ശാസ്ത്രവാദികളല്ലാത്തവര്‍ക്കൊക്കെ അറിയാവുന്ന ചിന്ന കാര്യങ്ങളാണിവയൊക്കെ. പ്രകൃതിയോടിണങ്ങി ജീവിക്കണം എന്നു പറഞ്ഞാല്‍, പ്രകൃതിജീവനക്കാരന്‍ എന്നു പറഞ്ഞു കളിയാക്കും. അല്‌പം യോഗയും മെഡിറ്റേഷനും ആവാം എന്നു പറഞ്ഞാല്‍, തിന്മയുടെ മതമായ ഹിന്ദുമതത്തിന്റെ വിഷം പുരട്ടിയ തത്ത്വങ്ങള്‍, കാവിവല്‌ക്കരണം തുടങ്ങിയ ആക്ഷേപങ്ങള്‍. മരുന്ന് ആയുര്‍വ്വേദമായാലോ, ശാസ്ത്രീയമല്ലാത്തതുകൊണ്ട് ആഭാസകരം. ഇതിന്റെയിടയില്‍ സാധാരണ ജനങ്ങള്‍ ഓരോ പുതിയ കണ്ടെത്തലിന്റെയും ഇടയില്‍ പെട്ട് എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നു. കഷ്ടം!!!!!
Post a Comment