ഭൂമിയെന്ന ഗ്രഹം എങ്ങനെ ജീവന്റെ വാസഗേഹമായി. കോടാനുകോടി നക്ഷത്രങ്ങള്‍ക്കിടയില്‍ സൂര്യനെ ചുറ്റുന്ന ഭൂമിയില്‍ മാത്രമാണ് ജീവന് നിലനില്‍ക്കുന്നതായി നമുക്കറിയാവുന്നത്. ഭൂമി എന്തുകൊണ്ട് ഈ അപൂര്‍വ ബഹുമതിക്ക് അര്‍ഹമായി. എട്ടു ഗ്രഹങ്ങളുണ്ട് സൗരയൂഥത്തില്‍; മൂന്നു കുള്ളന്‍ഗ്രഹങ്ങളും. ഇവയ്ക്കെല്ലാംകൂടി 166 ഉപഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ സൗരയൂഥത്തിന് വെളിയില്‍ ഈ ഏപ്രില്‍ വരെ 287 ഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. 2000-ന് ശേഷം ഓരോവര്‍ഷവും ശരാശരി 15 എന്ന കണക്കിനാണ് അന്യഗ്രഹങ്ങളെ കണ്ടെത്തുന്നത്. 2007-ല്‍ മാത്രം 61 എണ്ണത്തെ തിരിച്ചറിഞ്ഞു. ഇനിയും കോടിക്കണക്കിന് ഗ്രഹങ്ങള്‍ ബാക്കിയുണ്ട് കണ്ടെത്താനായി എന്നാണ് കരുതുന്നത്. പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത്, ഒരുപക്ഷേ, ഒരിക്കലും നമുക്ക് എത്തിച്ചേരാന്‍ സാധ്യതയില്ലാത്ത ഇടങ്ങളില്‍ പുതിയ ഗ്രഹങ്ങള്‍ക്കായി മനുഷ്യന് നടത്തുന്ന ഈ തിരച്ചിലിന് എന്താണ് അര്‍ഥം. ഏറെ സമയവും സമ്പത്തും ചെലവിട്ടുള്ള ഈ അന്വേഷണം എന്തിനുവേണ്ടി?
മറ്റ് ഗ്രഹത്തിലേക്ക് ബഹിരാകാശപേടകങ്ങള്‍ അയയ്ക്കുമ്പോഴും, അന്യനക്ഷത്രസമൂഹങ്ങളിലേക്ക് ടെലസ്കോപ്പുകള്‍ തിരിക്കുമ്പോഴും, വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന നിഗൂഢഗ്രഹങ്ങളെ കണ്ടെത്തുമ്പോഴും മനുഷ്യന് ആവേശം കൊള്ളുന്നതിന് പിന്നിലുള്ളത് ഒരൊറ്റ സംഗതിയാണ്-അവിടെ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യം കണ്ടേക്കാം എന്ന പ്രതീക്ഷ. ഭൂമിയെപ്പോലൊരു ഗ്രഹം, മനുഷ്യരെപ്പോലുള്ള ജീവികള്‍...അനന്തവിഹായസ്സിലെ ധൂളീപടലങ്ങള്ക്കുള്ളില് നമ്മുടെ നോട്ടമെത്താനായി കാത്തിരിക്കുന്നുണ്ടാകാം! ദൗര്‍ഭാഗ്യവശാല്‍ ഇത്രകാലവും അങ്ങനെയൊന്ന് കണ്ടെത്താന്‍ നമുക്കായിട്ടില്ല, ഇനി കഴിയുമോ എന്ന് ഉറപ്പുമില്ല.
സൂര്യന് എന്ന ഇടത്തരം നക്ഷത്രത്തെ ചുറ്റുന്ന ഒരു സാധാരണഗ്രഹം മാത്രമായ ഭൂമി എന്തുകൊണ്ട് ജീവന്റെ അസാധാരണ വാസഗേഹമായി. ശുക്രനിലോ ചൊവ്വായിലോ മനുഷ്യനുണ്ടാകാതെ പോയത് എന്തുകൊണ്ട്? ഇവിടെയാണ് കാലത്തിന്റെയും ഉള്ളടക്കത്തിന്റെയും സ്ഥാനത്തിന്റെയുമൊക്കെ അസാധാരണ ചേരുവയാണ് ഭൂമിയെന്ന കാര്യം നമ്മള് ഓര്‍ക്കേണ്ടത്, ഭൂമിയെന്ന ഗ്രഹത്തിന്റെ അപൂര്‍വത എത്രയെന്നറിയേണ്ടത്. ശരിയായ സ്ഥാനത്ത്, കൃത്യമായ സമയത്ത്, അനുയോജ്യമായ ഉള്ളടക്കത്താല്‍ രൂപപ്പെട്ടതിനൊപ്പം, യോജിച്ച ഉപഗ്രഹം കൂടിയായപ്പോള്‍ ഭൂമിക്ക് ജീവന്റെ വാസഗേഹമാകാന്‍ യോഗ്യതയുണ്ടായി. സ്ഥാനം, കാലം, ചേരുവ ഇങ്ങനെ ഡസണ്‍കണക്കിന് അനുകൂലഘടകങ്ങളില്‍ ഏതെങ്കിലും തെറ്റിയിരുന്നെങ്കില്‍, ഭൂമിയുടെയും ഇവിടുത്തെ ജീവന്റെയും കഥ മറ്റൊന്നായേനെ.
യഥാര്‍ഥത്തില്‍ ജീവന് നിലനില്ക്കാന് അത്ര അനുകൂലമായ സ്ഥലമാണോ ഭൂമി. അല്ല എന്നതാണ് വാസ്തവം. സമുദ്രത്തിലെ ഏറ്റവും ആഴമുള്ള സ്ഥലം പരിഗണിക്കുക. അവിടം മുതല്‍ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിവരെ പരിഗണിച്ചാല്‍ ആകെ 20 കിലോമീറ്റര്‍ കനമേ വരൂ. ഭൂപ്രതലത്തില്‍ ജീവന് നിലനില്‍ക്കുന്നത് ഈ വെറും 20 കിലോമീറ്റര്‍ കനത്തിലുള്ള ഭാഗത്ത് മാത്രം. പ്രപഞ്ചത്തെയാകെ പരിഗണിച്ചാലും ജീവന് ഉണ്ടെന്ന് നമുക്ക് ഉറപ്പിച്ചു പറയാവുന്ന ഒരേയൊരു സ്ഥലവും ആ 20 കിലോമീറ്റര്‍ ഭാഗം മാത്രം!
ഏതാണ്ട് 40 കോടി വര്‍ഷം മുമ്പ് കടലില്‍നിന്ന് കരയ്ക്കെത്തി ഓക്സിജന്‍ ശ്വസിച്ചു ജീവിച്ചുതുടങ്ങിയ വര്‍ഗങ്ങളുടെ പിന്‍ഗാമികളാണ് മനുഷ്യന്. കരയിലെത്തിയ ജീവികള്‍ക്ക്, ഭൂമിയില്‍ ജീവന് അനുകൂലമായ സ്ഥലത്തിന്റെ 99.5 ശതമാനം സ്ഥലവും അതോടെ അന്യമായി. ജീവമണ്ഡലത്തിലെ മൊത്തം സ്ഥലം പരിശോധിച്ചാല്‍, കൂടുതല്‍ പ്രദേശവും അത്യുഷ്ണമോ അതിശൈത്യമോ മൂലം ജീവന് അനുകൂലമല്ല. മനുഷ്യന് ജീവിക്കാന്‍ പറ്റിയ സ്ഥലം കരയുടെ വെറും 12 ശതമാനം മാത്രമേ വരൂ. സമുദ്രമടക്കം ഭൗമോപരിതലം മുഴുവനെടുത്താല്‍ അത് നാലു ശതമാനമാകും.
ഇത്തരം പ്രതികൂലാവസ്ഥകളെയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടെ ജീവന് നിലനില്ക്കുന്നു എന്നതാണ് പ്രധാനം. അതാണ് ഭൂമിക്ക് അതിന്റെ അപൂര്‍വത നല്‍കുന്നത്. ആ അപൂര്‍വതയ്ക്കു പിന്നിലെ ഘടകങ്ങള്‍ ഏതെന്നു പരിശോധിച്ചാല്‍ ഒട്ടേറെ സംഗതികള്‍ ഒറ്റയടിക്ക് പരിഗണയ്ക്കെത്തും. അവയില്‍ ആദ്യഘടകം, ശരിയായ നക്ഷത്രത്തെ ഭൂമിക്ക് കിട്ടി എന്നതാണ്. സൂര്യന്റെ വലിപ്പം അല്‍പ്പംകൂടി ഏറിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. വലിപ്പം കൂടിയ നക്ഷത്രങ്ങളിലെ ഇന്ധനം വേഗം എരിഞ്ഞു തീരും. അത്തരം നക്ഷത്രങ്ങള്‍ വേഗം മരിക്കും. സൂര്യന്റെ ആയുസ്സ് ആയിരം കോടി വര്‍ഷമാണ്. എന്നാല്‍, നമ്മുടെ മാതൃനക്ഷത്രത്തിന് സൂര്യനെക്കാള്‍ പത്തിരട്ടി വലിപ്പമുണ്ടായിരുന്നെങ്കിലോ. അതിലെ ഇന്ധനം ഒരുകോടി വര്‍ഷംകൊണ്ട് എരിഞ്ഞു തീര്‍ന്നേനെ, നമ്മള് ഇവിടെ ഉണ്ടാകുമായിരുന്നില്ല.
ശരിയായ ഭ്രമണപഥത്തിലാണ്, അല്ലെങ്കില്‍ സ്ഥാനത്താണ് ഭൂമി സ്ഥിതിചെയ്യുന്നത് എന്നതാണ് ജീവന് അനുകൂലമായ മറ്റൊരു പ്രധാന ഘടകം. സൂര്യനില്‍നിന്നുള്ള അകലം അഞ്ചുശതമാനം അടുത്തോ, 15 ശതമാനം അകലെയോ ആയിരുന്നെങ്കില്‍ ഭൂമിയും മറ്റൊരു ശുക്രനോ ചൊവ്വയോ ആകുമായിരുന്നു. ശുക്രന്റെ കാര്യം പരിഗണിക്കുക. ഭൂമിയുടെ ഏതാണ്ട് അതേ ഉള്ളടക്കവും ഘടനയുമുള്ള ഗ്രഹമാണത്. വലിപ്പത്തിന്റെ കാര്യത്തിലും കാര്യമായ അന്തരമില്ല. പക്ഷേ, ശുക്രന് ഭൂമിയെക്കാള്‍ സൂര്യനോട് നാലുകോടി കിലോമീറ്റര്‍ അടുത്താണ് സ്ഥിതിചെയ്യുന്നത്. സൂര്യനില്‍നിന്നുള്ള താപം ഭൂമിയിലെത്തുന്നതിന് രണ്ടുമിനിറ്റ് മുമ്പ് ശുക്രനിലെത്തുന്നു.
ആദ്യകാലത്ത് സ്വാഭാവികമായും ഭൂമിയെക്കാള്‍ താപനില ഏതാനും ഡിഗ്രി കൂടുതലായിരുന്നിരിക്കണം ശുക്രനില്‍. അന്നവിടെ സമുദ്രങ്ങളും ഉണ്ടായിരുന്നിരിക്കണം. പക്ഷേ, ആ ഊഷ്മാവില്‍ സമുദ്രങ്ങള്‍ ബാഷ്പീകരിക്കപ്പെട്ടു. ഹൈഡ്രജന്‍ ആറ്റങ്ങള്‍ അന്തരീക്ഷത്തില്‍നിന്ന് പുറത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. കാര്‍ബണുമായി ഓക്സിജന്‍ സംയോജിച്ച് അന്തരീക്ഷത്തില്‍ ഇീ2 നിറഞ്ഞിരിക്കും. ഹരിതഗൃഹവാതകമായ ഇഛ2ന്റെ അതിസാന്നിധ്യം മൂലം ഇന്ന് ശുക്രന്റെ അന്തരീക്ഷ താപനില 470 ഡിഗ്രിസെല്‍സിയസ് ആണ്. ജീവന് നിലനില്ക്കുക അസാധ്യം. സൂര്യനോട് രണ്ട് പ്രകാശമിനിറ്റുകള് അടുത്തായിരുന്നെങ്കില്‍ ഭൂമിക്കും സംഭവിക്കുമായിരുന്നത് ഇതാണ്. അകന്നാലോ, വിപരീതാവസ്ഥയാകും ഫലം; തണുത്തുറയും.
സ്ഥാനം മാത്രം ശരിയായാല്‍ പോര. അങ്ങനെയെങ്കില്‍ ചന്ദ്രനില്‍ വനങ്ങളും വന്യജീവികളും കാണേണ്ടതായിരുന്നു. ജീവന് നിലനില്ക്കാന് അനുയോജ്യമായ ഗ്രഹവുമായിരിക്കണം. ഉരുകിമറിയുന്ന ലാവയുള്ള അകക്കാമ്പാണ് ഭൂമിയുടേത്. അഗ്നിപര്‍വതങ്ങളും ഭൂകമ്പങ്ങളുമൊക്കെ ഇതുമൂലം ഉണ്ടാകുന്നുവെങ്കിലും, ഇത്തരമൊരു അകക്കാമ്പ് ഉണ്ടായതാണ് ഭൂമിയുടെ ഭാഗ്യം. അന്തരീക്ഷത്തെ പോഷിപ്പിക്കാന്‍ വാതകങ്ങള്‍ വമിക്കുന്നതും, പ്രാപഞ്ചിക കിരണങ്ങളില്‍നിന്ന് ഭൂമിയെ രക്ഷിക്കുന്ന കാന്തികമണ്ഡലം രൂപപ്പെട്ടിരിക്കുന്നതും, ഫലകചലനത്തിനുമൊക്കെ കാരണം ഈ അകക്കാമ്പാണ്.
ഫലകചലനത്തിന്റെ ഫലമായാണ് ഭൗമോപരിതലം കുന്നുകളും ഭൂഖണ്ഡങ്ങളും ഗര്ത്തങ്ങളുമൊക്കെയുള്ള സ്ഥലമായി പരിണമിച്ചത്. പ്രതലം കുറ്റമറ്റ വിധം നിരപ്പായിരുന്നെങ്കില്‍ ഭൂമി മുഴുവന്‍ നാലുകിലോമീറ്റര്‍ ആഴത്തില്‍ വെള്ളം മൂടിക്കിടക്കുമായിരുന്നു. ആ ജലലോകത്ത് ജീവന് ഉണ്ടായേക്കാം, പക്ഷേ മനുഷ്യന് ഉണ്ടാകുമായിരുന്നില്ല. ഭൗമാന്തരീക്ഷവും ഭൂമിയെ അനുകൂലമായ ഗ്രഹമാക്കുന്നു. ഭൂമിയിലെ ശരാശരി അന്തരീക്ഷ ഊഷ്മാവ് ഇപ്പോള്‍ 14 ഡിഗ്രി സെല്‍സിയസ് ആണ്. അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ ഭൂമിയുടെ പ്രതലഊഷ്മാവ് മൈനസ് 50 ഡിഗ്രി സെല്‍സിയസ് ആകുമായിരുന്നു. ആ താപനിലയില്‍ ഇന്നത്തെ ഭൂമി ഉണ്ടാകുമായിരുന്നില്ല.
ചന്ദ്രനെപ്പോലൊരു ഉപഗ്രഹകൂട്ടാളിയെ ഭൂമിക്ക് ലഭിച്ചിരുന്നില്ലെങ്കിലും കഥ മാറിയേനെ. കൃത്യമായ ഭ്രമണത്തിന് ഭൂമിയെ പ്രാപ്തമാക്കുന്നത് ചന്ദ്രന് ഭൂമിയ്ക്കുമേലും ഭൂമി ചന്ദ്രനു മേലും പ്രയോഗിക്കുന്ന ഗുരുത്വാകര്‍ഷണബലമാണ്. സൗരയൂഥത്തില്‍ മാതൃഗ്രഹവുമായി താരതമ്യം ചെയ്താല്‍ ചന്ദ്രന്റെയത്ര വലിപ്പമുള്ള ഉപഗ്രഹം കണ്ടെത്തുക ബുദ്ധിമുട്ടാണ് (പ്ലൂട്ടോയുടെ ഉപഗ്രഹമായ കെയ്റണ്‍ ആണ് അപവാദം). ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നില്‍ കൂടുതലുണ്ട് ചന്ദ്രന്റെ വ്യാസം. എന്നാല്‍, ചൊവ്വായുടെ ഉപഗ്രഹങ്ങളായ ഫോബോസിന്റെയും ഡീമോസിന്റെയും കാര്യം പരിഗണിക്കുക. അവയുടെ വ്യാസം വെറും പത്തുകിലോമീറ്റര്‍ വീതമേ വരൂ. മാതൃഗ്രഹത്തിന് മേല്‍ വലിയ സ്വാധീനമൊന്നും അവയ്ക്ക് ചെലുത്താനാകില്ല.
സമയവും സുപ്രധാനമാണ്. 460 കോടി വര്‍ഷം മുമ്പ് ഭൂമി പിറവിയെടുത്തു. അന്നുമുതല്‍ ശരിയായ സമയങ്ങളില്‍ അനുകൂലമായ രീതിയില്‍ ഉണ്ടായ പരശ്ശതം സംഭവങ്ങളുടെ പരമ്പരയാണ് ഇങ്ങേയറ്റത്ത് ഇന്നത്തെ നിലയ്ക്ക് ജീവന്റെ നിലനില്പ് ഭൂമിയില്‍ സാധ്യമാക്കിയത്. അതിനിടയിലുണ്ടായ ഏതെങ്കിലും സംഭവങ്ങള്‍ മറ്റൊരു രീതിയിലായിരുന്നെങ്കില്‍ കഥ മാറിയേനെ. ഉദാഹരണത്തിന് ഒരു ക്ഷുദ്രഗ്രഹം പതിച്ച് ദിനോസറുകള്‍ അന്യംനില്ക്കാതിരുന്നെങ്കില്, എന്താകുമായിരുന്നു സ്ഥിതി. അത്തരമൊരു ക്ഷുദ്രഗ്രഹം പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഭൂമിയില്‍ പതിച്ചിരുന്നെങ്കിലോ. ജീവികള്‍ക്ക് വെള്ളത്തില്‍നിന്ന് കരയ്ക്കു കയറാന്‍ ആവശ്യമായ പരിണാമ ആനുകൂല്യം പ്രകൃതി നല്കാതിരുന്നെങ്കിലോ. അന്തരീക്ഷത്തിലെ രാസചേരുവ മറ്റൊന്നായിരുന്നെങ്കിലോ.
ഇങ്ങനെ എത്രയോ അസാധാരണ സംഭവങ്ങളുടെയും ആനുകൂല്യങ്ങളുടെയും സമ്മേളനഫലമായാണ് ഭൂമിയെന്ന ഗ്രഹം ജീവന്റെ വാസഗേഹമായി മാറിയത്. ഭൂമിയിലെ ജീവന്റെ യഥാര്‍ഥ മാനം ഇനിയും മനുഷ്യന് പൂര്‍ണമായി മനസിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. 36 ലക്ഷം മുതല്‍ പത്തുകോടിവരെ ജീവജാതികള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് കണക്ക്. അവയില്‍ ഇതുവരെ ശാസ്ത്രലോകത്തിന് കണ്ടെത്തി വിശദീകരിക്കാനും പേരിടാനും കഴിഞ്ഞത് വെറും 18 ലക്ഷം എണ്ണത്തിന് മാത്രമാണ്. അറിഞ്ഞതിലും എത്രയോ അധികം അറിയാനിരിക്കുന്നു.
ഭൂമിയെയും അതിലെ ജീവന്റെ വൈവിധ്യത്തെയും ശരിക്ക് അറിയും മുമ്പുതന്നെ ഭൂമി കൈവിട്ടുപോകുമോ എന്ന ആശങ്ക ഇന്ന് ശക്തമാണ്. അത്രമാത്രം ഭീഷണികള്‍ ഇന്ന് ഭൂമി നേരിടുന്നു. അവയില്‍ പലതിനും കാരണം മനുഷ്യന് തന്നെയാണ്. ജീവന്റെ കാര്യത്തില്‍ ഭൂമിയുടെ ഏകാന്തത മാറ്റാന്‍ ഇതുവരെ ഒരു നിരീക്ഷണത്തിനും ആയിട്ടില്ല എന്നകാര്യവും, ഭൂമി നേരിടുന്ന ഭീഷണികളും കൂട്ടിവായിക്കുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വ്യക്തമാവുക. ഭൂമി നശിക്കുകയെന്നാല്‍, ജീവന് നശിക്കുകയെന്നു തന്നെയാണ് ഇന്നത്തെ നിലയ്ക്ക് അര്‍ഥം. ഭൂമി നേരിടുന്ന ഓരോ ഭീഷണിയും ജീവനു നേരെയുള്ള ഭീഷണിയാകുന്നു എന്നു സാരം. ആ ഭീഷണി ആണവായുധങ്ങളുടെ രൂപത്തിലായാലും, ആഗോളതാപനത്തിന്റെ പേരിലായാലും, ക്ഷുദ്രഗ്രഹപതനമായാലും സംഭവിക്കുന്ന കാര്യം വ്യത്യസ്തമല്ല.
(ബില്‍ ബ്രൈസന് രചിച്ച 'എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് നിയര്‍ലി എവരിതിങ്', ടിം ഫ്ളാനറിയുടെ 'ദ വെതര്‍ മേക്കേഴ്സ്', 'വിക്കിപീഡിയ' തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങള്‍ ഈ രചനയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്) -ഭൗമദിനത്തോടനുബന്ധിച്ച് മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ 'ഹരിശ്രീ'യില്‍ പ്രസിദ്ധീകരിച്ചത്.
7 comments:
എത്രയോ അസാധാരണ സംഭവങ്ങളുടെയും ആനുകൂല്യങ്ങളുടെയും സമ്മേളനഫലമായാണ് ഭൂമിയെന്ന ഗ്രഹം ജീവന്റെ വാസഗേഹമായി മാറിയത്. ഭൂമിയിലെ ജീവന്റെ യഥാര്‍ഥ മാനം ഇനിയും മനുഷ്യന് പൂര്‍ണമായി മനസിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. 36 ലക്ഷം മുതല്‍ പത്തുകോടിവരെ ജീവജാതികള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് കണക്ക്. അവയില്‍ ഇതുവരെ ശാസ്ത്രലോകത്തിന് കണ്ടെത്തി വിശദീകരിക്കാനും പേരിടാനും കഴിഞ്ഞത് വെറും 18 ലക്ഷം എണ്ണത്തിന് മാത്രമാണ്. അറിഞ്ഞതിലും എത്രയോ അധികം അറിയാനിരിക്കുന്നു.
Timely! Happy Earth Day.
അത്ഭുതപ്പെടുത്തുന്നു ഈ ലേഖനം, രാജ്യാതിര്‍ത്തികള്‍, ഭാഷകള്‍, നിറം, ഭാഷ,മതങ്ങള്‍ എല്ലാ വിഭാഗീയതകളും ഇല്ലാതായി മനുഷ്യന് എന്നാണു ഒന്നിച്ചിരുന്നു ഇതൊക്കെ പഠിക്കാന്‍ തയ്യാറാവുക. ഈ ലേഖനം തന്നെ ദൈവംചിന്തയ്ക്കു ബലംവെപ്പിക്കാനും പിന്നേയും ഛിദ്രതയുണ്ടാക്കാനും ആവാതിരുന്നാല്‍ മതിയായിരുന്നു. എല്ലാം ഒന്നായി ഹായ് ഹായ് പറഞ്ഞു ഭൂമിയെ നന്നാക്കുന്ന ഒരു കാലം വരുമായിരിക്കും അല്ലെ.
ജോസഫ് മാഷേ, നല്ലൊരു ലേഖനം. ഒരു പാടുകാര്യങ്ങള്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്നു. കുറേനാളായി ഞാനാഗ്രഹിക്കുന്ന ഒരു കാര്യമാണ് ഭൂമിയുടെ ഈ പ്രത്യേകതയെപ്പറ്റി പലഭാഗങ്ങളായി ഒരു സീരീസ് പോസ്റ്റുകള്‍ ഇടണം എന്നത്. ഇതൊക്കെയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ എനിക്കെപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്. ഇതൊക്കെയും കേവല യാദൃശ്ചികതകളോ, അതോ മഹാനായ ഒരു എഞ്ചിനീയറുടെ മഹത്തായ ഒരു സൃഷ്ടിയോ. രണ്ടാമത്തേത് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ലേഖനത്തില്‍ പറഞ്ഞിട്ടുള്ള ഒരു വാചകം “അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ ഭൂമിയുടെ പ്രതലഊഷ്മാവ് മൈനസ് 50 ഡിഗ്രി സെല്‍സിയസ് ആകുമായിരുന്നു“ ഇത് എത്രത്തോളം ശരിയാണ്? ചന്ദ്രനില്‍ പകല്‍ സമയത്തെ താപനില ഏകദേശം 200 ഡിഗ്രി സെത്ഷ്യസും രാത്രിയില്‍ -50 ഓളവും അല്ലേ? ഇതേ അവസ്ഥ ഭൂമിയിലും ഉണ്ടാകുമായിരുന്നില്ലേ, അന്തരീക്ഷം ഇല്ലായിരുന്നുവെങ്കില്‍? അതുപോലെ ജലം ദ്രാവകാവസ്തയില് സ്ഥിതിചെയ്യുവാന്‍ സഹായിക്കുന്നത് ഇപ്പോള്‍ നിലവിലുള്ള അന്തരീക്ഷമര്ദ്ദമാണല്ലോ. ഇതീലെല്ലാം എത്രയോ അതിശയകരമാണ് 23 ഡിഗ്രി ചരിഞ്ഞിരിക്കുന്ന ഭൂമിയുടെ അച്ചുതണ്ടും, അതുമൂലം (അതിനാല്‍ മാത്രം!) സംജാതമാകുന്ന വ്യത്യസ്ത സീസണുകളും. ആലോചിച്ചാല്‍ ഒരെത്തും പിടിയും കിട്ടാത്ത ഒരു മഹത്തായ സൃഷ്ടിതന്നെ ഈ ഭൂമി. നന്ദി!
വളരെ മികച്ച ഒരു ലേഖനം. നന്ദി മാഷേ.
:)
അശോക്,
ബയാന്‍,
അപ്പു,
ശ്രീ,
ഇവിടെയെത്തി അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ സന്തോഷം.
അപ്പു, താങ്കള്‍ ഉന്നയിച്ച സംശയം ന്യായമാണ്. ഭൂമിയില്‍ ഇപ്പോഴത്തെ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസ് ആണല്ലോ. കൂടിയ താപനിലയും കുറഞ്ഞ താപനിലയും ഇതില്‍നിന്ന് വ്യത്യസ്തമാണല്ലോ. അതുപോലെ, അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ ശരാശരി താപനില മൈനസ് 50 ആകുമായിരുന്നു എന്നാണ് ലേഖനത്തില്‍ ഉദ്ദേശിച്ചത്.
Post a Comment