ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്നതാണ് ഗ്ലാസ്കോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഈ കണ്ടെത്തല്‍. 'സൂപ്പര്‍ ഐപ്പോഡുകള്‍' പോലുള്ള ഉപകരണങ്ങള്‍ രംഗത്തെത്താന്‍ ഈ മുന്നേറ്റം സഹായിച്ചേക്കും.
തന്മാത്രയുടെ വലിപ്പം മാത്രമുള്ള ഒരു നാനോസ്വിച്ചാണ് പുതിയ സങ്കേതത്തിന്റെ മര്‍മം. ഉപകരണങ്ങളുടെ വലിപ്പം കൂട്ടാതെതന്നെ ഡേറ്റാ സംഭരണശേഷി വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും. നിലവില്‍ ലഭ്യമായ ഐപ്പോഡ് എംപി-3 പ്ലെയറുകളില്‍ പരമാവധി 40,000 പാട്ടുകള്‍ വരെയാണ് സംഭരിക്കാനാവുക. എന്നാല്‍, പുതിയ സങ്കേതം പ്രയോഗത്തിലെത്തുന്നതോടെ, ലക്ഷക്കണക്കിന് വീഡിയോ ഫയലുകളും മ്യൂസിക് ട്രാക്കുകളും ഐപ്പോഡില്‍ സംഭരിക്കാനാവും.
ഗ്ലാസ്കോ സര്‍വകലാശാലയില്‍ കെമിസ്ട്രി വകുപ്പിലെ പ്രൊഫ. ലീ ക്രോണിനും ഡോ.മാല്‍ക്കം ഖഡോഡ്വാലയുമാണ് പുതിയ തന്മാത്രാസ്വിച്ച് വികസിപ്പിച്ചത്. ഒരു നാണയത്തുട്ടിന്റെ വലിപ്പം മാത്രമുള്ള മൈക്രോചിപ്പിനെ അഞ്ചുലക്ഷം ജി.ബി.(gigabytes) ശേഷിയുള്ളതാക്കാന്‍ തങ്ങളുടെ കണ്ടുപിടിത്തംകൊണ്ട് കഴിഞ്ഞതായി ഇരുവരും പറയുന്നു. പുതിയ ലക്കം 'നേച്ചര്‍ നാനോടെക്നോളജി'യിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒരു മില്ലിമീറ്ററിന്റെ 320 ലക്ഷത്തിലൊരംശം അകലത്തില്‍ രണ്ട് തന്മാത്രാവൃന്ദങ്ങള് (clusters of molecules) സ്ഥാപിച്ചാണ് ഗവേഷകര്‍ നാനോസ്വിച്ച് രൂപപ്പെടുത്തിയത്. ഇത്തരം സ്വിച്ച് സ്വര്‍ണത്തിന്റെയോ കാര്‍ബണിന്റെയോ പ്രതലത്തില്‍ സ്ഥാപിച്ചാല്‍, ഒറ്റ ചിപ്പിലേക്ക് നൂറുകോടി ട്രാന്സിസ്റ്ററുകളെ സന്നിവേശിപ്പിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. നിലവില്‍ ഒരു ചിപ്പില്‍ സാധ്യമാകുന്നതിന്റെ അഞ്ചിരട്ടി വരുമിത്.
ഐപ്പോഡുകളില് മാത്രമല്ല, ഡി.വി.ഡി.പ്ലെയറുകളിലും ഈ സങ്കേതം പ്രയോജനപ്പെടുമെന്ന് ഗവേഷകര്‍ കരുതുന്നു. അവയുടെ മെമ്മറിയും പ്രവര്‍ത്തനക്ഷമതയും പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ ഇതുവഴി കഴിയും. ഡേറ്റാസംഭരണത്തിന് കാര്യക്ഷമമായ പുതിയൊരു സങ്കേതമാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന്, പ്രൊഫ. ക്രോണിന് പറയുന്നു.(അവലംബം: നേച്ചര്‍ നാനോടെക്നോളജി)
1 comment:
ഒരു നാണയത്തുട്ടിന്റെ വലിപ്പം മാത്രമുള്ള മൈക്രോചിപ്പിനെ അഞ്ചുലക്ഷം ജി.ബി ശേഷിയുള്ളതാക്കാന്‍ കഴിയുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. ഐപ്പോഡുകള്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ സംഭരണശേഷി ഒന്നരലക്ഷം മടങ്ങ് വര്‍ധിപ്പിക്കാന്‍ പുതിയ കണ്ടുപിടിത്തം സഹായിച്ചേക്കും.
Post a Comment