ദരിദ്രരാജ്യങ്ങളില്‍ ലക്ഷങ്ങളെ കൊന്നൊടുക്കുന്ന ക്ഷയരോഗാണുവിന്റെ അതിജീവന രഹസ്യം ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തി. കൊഴുപ്പിന്റെ സംരക്ഷണകവചത്തില്‍ സമാധിയിരിക്കാന്‍ ക്ഷയരോഗ ബാക്ടീരിയകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍.
മാസങ്ങളോളം നീളുന്ന ചികിത്സ ക്ഷയരോഗത്തിന് വേണ്ടിവരുന്നതിനും, രോഗാണുക്കള്‍ വേഗം പ്രതിരോധശേഷി നേടുന്നതിനും കാരണം ഇതാണെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. പുത്തന്‍ ഔഷധങ്ങള്‍ വികസിപ്പിക്കാനും രോഗം വേഗം ഭേദമാക്കാനും സഹായിക്കുന്നതാണ് പുതിയ ഗവേഷണം.
ലോകത്ത് പ്രതിവര്‍ഷം 20 ലക്ഷം പേരുടെ ജീവന്‍ കവരുന്ന രോഗമാണ് ക്ഷയം. ഇന്ത്യയുള്‍പ്പടെയുള്ള വികസ്വരരാഷ്ട്രങ്ങള്‍ക്കാണ് ഈ രോഗം കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. കുറഞ്ഞത് ആറുമാസം മുടങ്ങാതെ കൃത്യമായി മരുന്നു കഴിച്ചാലേ രോഗശമനം സാധ്യമാകൂ. ഇപ്പോള്‍ ഉപയോഗത്തിലുള്ള ഔഷധങ്ങളോട് ക്ഷയരോഗാണുക്കള്‍ വളരെ വേഗം പ്രതിരോധശേഷി നേടുന്നു എന്നത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഭരണകൂടങ്ങള്‍ക്കും തലവേദന സൃഷ്ടിക്കുന്നു.
ക്ഷയരോഗാണുക്കളുടെ ജീവചക്രത്തെക്കുറിച്ച് ശാസ്‌ത്രലോകത്തിന് പരിമിതമായ അറിവേയുള്ളു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആ നിലയ്‌ക്ക് പുതിയ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ടെന്ന്, 'പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ് മെഡിസിന്‍' (PLOS Medicine) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ക്ഷയരോഗികളുടെ കഫത്തിലുള്ള ബാക്ടീരിയകളെ ലെയ്‌സെസ്റ്റര്‍ സര്‍വകലാശാല, ലണ്ടന്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനവിധേയരാക്കിയത്.
പരീക്ഷണശാലയില്‍ ടെസ്റ്റ്‌ട്യൂബില്‍ വളര്‍ത്തുന്ന രോഗാണുക്കളെ അപേക്ഷിച്ച്, കഫത്തിലുള്ള ക്ഷയരോഗാണുക്കളില്‍ പലതും കൊഴുപ്പുകണങ്ങളുടെ സംരക്ഷിത കവചത്തിനുള്ളിലാണെന്ന് ഗവേഷകര്‍ കണ്ടു. കൊഴുപ്പിനുള്ളില്‍ കഴിയുന്ന അവ ഒരര്‍ഥത്തില്‍ സമാധിഘട്ടത്തിലാണ്. വളര്‍ച്ച നിലച്ച അവസ്ഥയിലുള്ള അത്തരം രോഗാണുക്കള്‍ക്ക് രോഗികളില്‍നിന്ന് മറ്റുള്ളവരിലേക്ക് പ്രതികൂല സാഹചര്യങ്ങള്‍ അവഗണിച്ച് പകരാന്‍ കഴിയും. പിന്നീട് അനുകൂല സാഹചര്യമെത്തുമ്പോള്‍ വളര്‍ച്ച പുനരാരംഭിച്ചാല്‍ മതി. ക്ഷയരോഗികള്‍ ദീര്‍ഘകാലം മരുന്നു കഴിക്കേണ്ടി വരുന്നതിന്റെ കാരണം ഇത് വ്യക്തമാക്കുന്നു.
മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് (Mycobacterium tuberculosis) എന്ന ബാക്ടീരിയമാണ് ക്ഷയരോഗ ഹേതു. രോഗം ബാധിച്ചയാള്‍ ചുമയ്‌ക്കുകയും തുമ്മുകയും മറ്റും ചെയ്യുമ്പോള്‍ വായുവിലൂടെ ഈ രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നു. നിര്‍ത്താതെയുള്ള ചുമയും ശരീരം മെലിയുന്നതുമൊക്കെ രോഗലക്ഷണങ്ങളാണ്. നെഞ്ചിന്റെ എക്‌സ്‌റേ, ക്ഷയരോഗനിര്‍ണയത്തിനുള്ള ടെസ്‌റ്റ് (tuberculin skin test), കഫപരിശോധന തുടങ്ങിയവയിലൂടെയാണ് രോഗനിര്‍ണയം.
കഫത്തിലെ രോഗാണുക്കളെല്ലാം ഔഷധപ്രയോഗത്താല്‍ നശിക്കുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. അത് ശരിയല്ലെന്ന് പുതിയ ഗവേഷണം വ്യക്തമാക്കി. ക്ഷയരോഗം പടരുന്നത് ചെറുക്കാനും, ചികിത്സ കാര്യക്ഷമമാക്കാനും പുതിയ മാര്‍ഗം തുറന്നു തരുന്നതാണ് ഈ കണ്ടെത്തലെന്ന്, ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ബാരെര്‍ പറയുന്നു. കഫത്തിനുള്ളില്‍ സമാധിയില്‍ കണ്ടെത്തിയ ബാക്ടീരിയകളെ നേരിടാനായാല്‍, ക്ഷയരോഗ ചികിത്സയുടെ വേഗംകൂട്ടാനുള്ള മാര്‍ഗമാകുമത്-അദ്ദേഹം പറയുന്നു. സരക്ഷിത കൊഴുപ്പുകവചത്തെ ലക്ഷ്യമിട്ട് ബാക്ടീരിയകളെ നശിപ്പിക്കാന്‍ പാകത്തില്‍ പുതിയ ഔഷധങ്ങള്‍ നിര്‍മിക്കാനുള്ള സാധ്യതയാണ് പുതിയ ഗവേഷണം നല്‍കുന്നതെന്ന്, ഗവേഷണസംഘത്തില്‍പെട്ട പ്രൊഫ.ഫിലിപ്പ് ബുച്ചര്‍ പറയുന്നു. (അവലംബം: PLOS Medicine, കടപ്പാട്: മാതൃഭൂമി).
3 comments:
ക്ഷയരോഗാണുക്കളുടെ ജീവചക്രത്തെക്കുറിച്ച് ശാസ്‌ത്രലോകത്തിന് പരിമിതമായ അറിവേയുള്ളു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആ നിലയ്‌ക്ക് വലിയ പ്രാധാന്യമുള്ള ഒരു കണ്ടെത്തല്‍ ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയിരിക്കുന്നു. ക്ഷയരോഗാണുക്കളില്‍ ചിലത് കൊഴുപ്പുകവചത്തിനുള്ളില്‍ സുരക്ഷിതരായി കഴിയുന്നുവെന്നതാണ് ആ കണ്ടെത്തല്‍.
very nice & informative
അറിവു തരുന്ന കുറിപ്പ്,കുറിഞ്ഞി.
Post a Comment