Sunday, May 27, 2007

മസ്‌തിഷ്‌കകോശങ്ങളെ പുനര്‍ജനിപ്പിക്കാം

മസ്‌തിഷ്‌കത്തിലെ സിരാകോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കാന്തിക ഉത്തേജനം കൊണ്ട്‌ കഴിഞ്ഞേക്കുമെന്ന കണ്ടെത്തല്‍ ചികിത്സാരംഗത്ത്‌ പുത്തന്‍ പ്രതീക്ഷയാവുകയാണ്‌. അല്‍ഷൈമേഴ്‌സ്‌ പോലുള്ള രോഗങ്ങളുടെ രൂക്ഷത വര്‍ധിക്കുന്നത്‌ തടയാനെങ്കിലും ഇതുവഴി കഴിഞ്ഞേക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു

സ്‌തിഷ്‌കത്തില്‍ സിരാകോശങ്ങള്‍(ന്യൂറോണുകള്‍) പുനര്‍ജനിപ്പിക്കാന്‍ കാന്തികഉത്തേജനം കൊണ്ട്‌ കഴിയുമെന്ന്‌ കണ്ടെത്തല്‍. എലികളെ ഉപയോഗിച്ചു പരീക്ഷിച്ചപ്പോള്‍ ലഭിച്ച ഈ ഫലം മനുഷ്യരിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍, അല്‍ഷൈമേഴ്‌സ്‌ പോലെ വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും പിടികൊടുക്കാത്ത രോഗങ്ങളുടെ ചികിത്സയില്‍ വന്‍മുന്നേറ്റമാകും അത്‌. മാത്രമല്ല, ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ ക്ഷമത വര്‍ധിപ്പിക്കാനും പുതിയ സങ്കേതം സഹായിച്ചേക്കും.

ഓര്‍മശക്തിയും മാനസികനിലയുടെ നിയന്ത്രണവും സാധ്യമാക്കുന്ന മസ്‌തിഷ്‌കഭാഗത്താണ്‌ കാന്തികഉത്തേജനത്തിലൂടെ സിരാകോശങ്ങള്‍ പുനര്‍ജനിച്ചത്‌. ഇക്കാര്യം പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ സിറ്റി സര്‍വകലാശാലയിലെ ഡോ. ഫോര്‍ച്യുനേറ്റോ ബട്ടാഗ്ലിയ, ഡോ. ഹൊവാവുയാന്‍ വാങ്‌ എന്നിവരാണ്‌ കാന്തികസങ്കേതം പരീക്ഷിച്ചത്‌. അമേരിക്കന്‍ അക്കാദമി ഫോര്‍ ന്യൂറോസയന്‍സിന്റെ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം ഈ ഗവേഷണഫലം അവതരിപ്പിക്കപ്പെട്ടു.

ഒരു കാന്തികചുരുളിന്റെ സഹായത്തോടെ മസ്‌തിഷ്‌കഭാഗങ്ങളില്‍ വൈദ്യുതമണ്ഡലം സൃഷ്ടിച്ച്‌ സിരാകോശഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നതിന്‌ 'ട്രാന്‍സ്‌ ക്രാനിയല്‍ മാഗ്നെറ്റിക്‌ സ്റ്റിമുലേഷന്‍'(ടി.എം.എസ്‌) എന്നാണ്‌ പറയുന്നത്‌. വിഷാദം, സ്‌കിസോഫ്രീനിയ തുടങ്ങിയ പ്രശ്‌നങ്ങള്‍ ബാധിച്ചവരിലും, മസ്‌തിഷ്‌കാഘാതം (സ്‌ട്രോക്ക്‌) വന്നവരിലും ടി.എം.എസ്‌. പ്രയോജനപ്പെടാറുണ്ട്‌. ഈ സങ്കേതം ഉപയോഗിച്ച്‌ സിരാകോശങ്ങള്‍ പുനര്‍ജനിപ്പിക്കാമെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന്‌ 'ന്യൂ സയന്റിസ്റ്റ്‌' വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

മസ്‌തിഷ്‌കത്തില്‍ ഓര്‍മശക്തിയുടെ ഉറവിടമായ ഹിപ്പോകാമ്പസിലെ കോശങ്ങളാണ്‌ കാന്തികഉത്തേജനം വഴി പുനര്‍ജനിക്കാന്‍ ആരംഭിച്ചത്‌. മാത്രല്ല, ഇത്തരം സിരാകോശങ്ങളിലെ ഒരു പ്രത്യേക 'സ്വീകരണി'(റിസെപ്‌ടര്‍) വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതിനും ഈ സങ്കേതം വഴിതെളിക്കുന്നതായി ഗവേഷകര്‍ കണ്ടു. അല്‍ഷൈമേഴ്‌സ്‌ രോഗത്തോടൊപ്പം ക്ഷയിക്കുന്നതായി തെളിഞ്ഞിട്ടുള്ള സ്വീകരണിയാണിയാണത്‌. അല്‍ഷൈമേഴ്‌സ്‌ ഭേദമാക്കാനായില്ലെങ്കിലും, രോഗം ശക്തിപ്പെടുന്നത്‌ ചെറുക്കാന്‍ പുതിയ സങ്കേതം സഹായിക്കുമെന്നാണ്‌ ഈ കണ്ടെത്തല്‍ നല്‍കുന്ന സൂചന.

ഡിമെന്‍ഷ്യ, മസ്‌തിഷ്‌കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ബാധിച്ചവരില്‍ മസ്‌തിഷ്‌കഉത്തേജനം വളരെയേറെ പ്രയോജനം ചെയ്യുമെന്ന്‌ പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നു. മസ്‌തിഷ്‌കാഘാതം പോലുള്ള പ്രശ്‌നങ്ങളാല്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ നശിച്ചാലും, അവശേഷിക്കുന്ന ഭാഗങ്ങളുടെ ശേഷി കൂട്ടുക വഴി രോഗത്തിന്റെ തീവ്രത കുറയ്‌ക്കാന്‍ കാന്തികസങ്കേതം പ്രയോജനം ചെയ്യുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. കാന്തികഉത്തേജനത്തിന്റെ ക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന ഔഷധങ്ങള്‍ കൂടി വികസിപ്പിക്കാനായാല്‍ ചികിത്സാരംഗത്ത്‌ വലിയ മുന്നേറ്റമാകുമത്‌.(കടപ്പാട്: മാതൃഭൂമി, ന്യൂ സയന്റിസ്റ്റ്)

3 comments:

Joseph Antony said...

മസ്‌തിഷ്‌കത്തിലെ സ്‌മൃതികോശങ്ങള്‍ പുനര്‍ജനിപ്പിക്കാന്‍ കാന്തിക ഉത്തേജനംവഴി കഴിയുമെന്ന്‌ കണ്ടെത്തല്‍. അല്‍ഷൈമേഴ്‌സ്‌ അടക്കമുള്ള മാരകരോഗങ്ങളുടെ ചികിത്സയില്‍ പുതിയ പ്രതീക്ഷയേകുന്നു ഈ കണ്ടെത്തല്‍. അതെപ്പറ്റി.

oru blogger said...

ja, എന്റെ ഒരു ഫേവറൈറ്റ് ആക്ടര്‍ ആയിരുന്നു മൈക്കള്‍ ജെ ഫോക്സ്.

അദ്ദേഹം ആള്‍സൈമേഷ്സുമായി കഴിയുന്ന കാണുമ്പോള്‍, ഇങ്ങനെയുള്ള റിസേര്‍ച്ചുകളും, പിന്നെ സ്റ്റെം-സെല്‍ റിസേര്‍ച്ചുമൊക്കെ തലച്ചോറിനെ ബാധിക്കുന്ന മരകരോഗങ്ങള്‍ക്ക് ഒരു പ്രതിവിധി കണ്ടുപിടിക്കും എന്നു പ്രതീക്ഷിക്കാം!

വേണു venu said...

പ്രതീക്ഷ പകര്‍ത്തുന്ന കണ്ടെത്തല്‍‍ പങ്കു വച്ചതിനു് നന്ദി.:)