Saturday, May 26, 2007

ഇനി 'പ്ലാസ്റ്റിക്‌'രക്തവും!

അടിയന്തര ഘട്ടങ്ങളില്‍ പ്രയോജനം ചെയ്യുന്ന ഒരിനം കൃത്രിമരക്തം പ്ലാസ്റ്റിക്‌ തന്മാത്രകളുപയോഗിച്ച്‌ സൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ വിജയം കണ്ടു. രക്തദൗര്‍ലഭ്യത്തിന്‌ ഒരു പരിധിവരെ പരിഹാരമായേക്കാവുന്ന ഒന്നാണ്‌ ഈ കണ്ടെത്തല്‍
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പറഞ്ഞാല്‍ തീരില്ല. കനംകുറഞ്ഞ പ്ലാസ്‌റ്റിക്‌ ബാഗുകള്‍ പരിസ്ഥിതിക്ക്‌ കടുത്ത ഭീഷണി സൃഷ്ടിക്കുന്ന പ്രശ്‌നം ഒരുവശത്തു നിലനില്‍ക്കുമ്പോള്‍ തന്നെ, മറുവശത്ത്‌ പ്ലാസ്റ്റിക്കിന്റെ പുത്തന്‍ സാധ്യതകള്‍ ശാസ്‌ത്രലോകം കണ്ടെത്തുകയാണ്‌. അവയില്‍ പലതും അമ്പരപ്പിക്കുന്ന സാധ്യതകളുമാണ്‌. പ്ലാസ്‌റ്റിക്‌ ഉപയോഗിച്ച്‌ കൃത്രിമരക്തം നിര്‍മിക്കുന്നതില്‍ ഒരു സംഘം ഗവേഷകര്‍ വിജയിച്ചു എന്ന വാര്‍ത്ത ആ ഗണത്തില്‍ പെടും.

വടക്കന്‍ ഇംഗ്ലണ്ടില്‍ ഷെഫീല്‍ഡ്‌ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ 'പ്ലാസ്റ്റിക്‌'രക്തം നിര്‍മിക്കുന്നതില്‍ വിജയിച്ചത്‌. സ്വാഭാവികരക്തത്തെ അപേക്ഷിച്ച്‌ ഇതിന്‌ ഭാരം കുറവാണ്‌. ശീതീകരണികളില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. സ്വാഭാവിക രക്തത്തെക്കാള്‍ കൂടുതല്‍ കാലം സൂക്ഷിച്ചുവെയ്‌ക്കാനും കഴിയും. ഈ ഗുണങ്ങള്‍ മൂലം, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളിലും യുദ്ധമേഖലകളിലും 'പ്ലാസ്റ്റിക്‌'രക്തം അനുഗ്രഹമാകുമെന്നാണ്‌ പ്രതീക്ഷ.

ഹീമോഗ്ലാബിനെ അനുസ്‌മരിപ്പിക്കും വിധം മധ്യഭാഗത്ത്‌ ഇരുമ്പിന്റെ ആറ്റം അടങ്ങിയിട്ടുള്ള ഒരിനം പ്ലാസ്റ്റിക്‌ തന്മാത്രകളുപയോഗിച്ചാണ്‌ കൃത്രിമരക്തം രൂപപ്പെടുത്തിയത്‌. ശരീരത്തിത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ കൃത്രിമരക്തത്തിന്‌ കഴിയും. 'പ്ലാസ്റ്റിക്‌'രക്തത്തിന്റെ നിര്‍മാണച്ചെലവ്‌ വളരെ കുറവാണെന്നതും ശ്രദ്ധേയമാണ്‌. ഇത്‌ ജിവികളില്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഗവേഷകര്‍.

"ഈ ഉത്‌പന്നത്തിന്റെ സാധ്യതയും ഇതിന്‌ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന വസ്‌തുതയും ഞങ്ങളെ ആവേശഭരിതാരാക്കി"-ഷെഫീല്‍ഡ്‌ സര്‍വകലാശാലയില്‍ രസതന്ത്രവിഭാഗത്തിലെ ഡോ.ലാന്‍സ്‌ ട്വിമാന്‍ പറഞ്ഞു. യുദ്ധരംഗത്തും അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലത്തുമെല്ലാം, സമയത്ത്‌ രക്തം കിട്ടാതെ മരിക്കുന്ന നൂറുകണക്കിനാളുകളുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ ചെലവു കുറഞ്ഞ, എളുപ്പം കേടുവരാത്ത കൃത്രിമരക്തം അനുഗ്രഹമാകും-അദ്ദേഹം അറിയിച്ചു.

"രക്തത്തെ അപേക്ഷിച്ച്‌ വളരെ അനായാസം ഈ ഉത്‌പന്നം സൂക്ഷിച്ചു വെയ്‌ക്കാനാവും. ആംബുലന്‍സുകളിലും മറ്റും യുദ്ധമേഖലകളില്‍ കൂടുതല്‍ അളവില്‍ കൊണ്ടുപോകാനും സാധിക്കും"-ഡോ. ട്വിമാന്‍ പറയുന്നു. എന്നാല്‍, ശരീരം കൃത്രിമരക്തത്തോട്‌ എങ്ങനെ പ്രതികരിക്കും, വൃക്കകള്‍ക്കോ മറ്റ്‌ അവയവങ്ങള്‍ക്കോ ഇത്‌ കേടുവരുത്തുമോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ.

മെയ്‌ 22-ന്‌ ലണ്ടനിലെ സയന്‍സ്‌ മ്യൂസിയത്തില്‍ പ്ലാസ്റ്റിക്കിന്റെ ചരിത്രത്തെപ്പറ്റി ആരംഭിച്ച 'പ്ലാസ്റ്റിസിറ്റി: 100 ഇയേഴ്‌സ്‌ ഓഫ്‌ മേക്കിങ്‌ പ്ലാസ്റ്റിക്‌സ്‌'(Plastictiy: 100 Years of Making Plastics) എന്ന എക്‌സിബിഷനില്‍ 'പ്ലാസ്റ്റിക്‌'രക്തത്തിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചു.(കടപ്പാട്‌: ബിബിസി ന്യൂസ്‌)

5 comments:

Joseph Antony said...

പ്ലാസ്റ്റിക്കിന്റെ സാധ്യതകള്‍ പറഞ്ഞാല്‍ തീരില്ല. പ്ലാസ്റ്റിക്‌ ഉപയോഗിച്ച്‌ കൃത്രിമരക്തം രൂപപ്പെടുത്തിയിരിക്കുകയാണ്‌ ഒരു സംഘം ഗവേഷകര്‍. അതെക്കുറിച്ച്‌.

സു | Su said...

നല്ല കാര്യം. ഇനി കൃത്രിമരക്തം വന്നാല്‍, കുറേ സ്റ്റോക്ക് ചെയ്ത് വെക്കാം. പലരും രക്ഷപ്പെടും. പക്ഷെ എത്ര പരീക്ഷണങ്ങള്‍ കഴിയണം ഇതൊന്ന് ശരിക്ക് നിലവില്‍ വരാന്‍.

മൂര്‍ത്തി said...

ഈ പരീക്ഷണം വിജയിക്കട്ടെ..പോസ്റ്റിനു നന്ദി...
qw_er_ty

myexperimentsandme said...

കുറച്ച് വിവരങ്ങള്‍ ഇവിടെയുമുണ്ട്.

ഇതിലുപയോഗിച്ചിരിക്കുന്നത് പോളി‌എതിലീന്‍ ഗ്ലൈക്കോള്‍ എന്ന പോളിമറാണ് എന്നാണ് ആ ലേഖനം പറയുന്നത്. ഇത് വെള്ളത്തിലൊക്കെ ലയിക്കുന്ന തരം പോളിമറാണ് (പ്ലാസ്റ്റിക് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന പി.വി.സി, നൈലോണ്‍, പോളീത്തീന്‍ പോലുള്ളവയുടെ സ്വഭാവമല്ല ഈ പോളിമറിനുള്ളത്). ഇപ്പോള്‍തന്നെ ധാരാളം മെഡിക്കല്‍ സംബന്ധമായ കാര്യങ്ങള്‍ക്കും ടൂത്ത് പേസ്റ്റിലും ക്രീമുകളിലും മറ്റും പോളി‌എതിലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിക്കുന്നുണ്ട്.

പ്ലാസ്റ്റിക്കിനെയും റബ്ബറിനെയും തമ്മില്‍ സ്വഭാവത്തില്‍ വേര്‍‌തിരിക്കുന്നത് ഒരു പ്രത്യേക താപനിലയാണ് (ഗ്ലാസ്സ് റ്റു റബ്ബര്‍ ട്രാന്‍‌സിഷന്‍ ടെമ്പറേച്ചര്‍). ആ താപനിലയ്ക്ക് താഴെ (സാധാരണ രീതിയിലുള്ള) ഒരു പോളിമര്‍ (സാധാരണ ഗതിയില്‍) പ്ലാസ്റ്റിക്കിന്റെ സ്വഭാവങ്ങളും ആ താപനിലയ്ക്ക് മുകളില്‍ റബ്ബറിന്റെ സ്വഭാവങ്ങളും കാണിക്കും. നമ്മുടെ സ്വാഭാവിക റബ്ബറിന്റെ കാര്യത്തില്‍ ഈ താപനില പൂജ്യത്തിനും താഴെ ഏതാണ് -70 ഡിഗ്രി സെല്‍‌ഷ്യസിനടുത്താണ് (ശരിക്ക് പറഞ്ഞാല്‍ -65 മുതല്‍ -75 വരെയോ മറ്റോ ഉള്ള ഒരു റേഞ്ചാണ് ഇത്, ഒരൊറ്റ വാല്യു അല്ല). അതുകൊണ്ടാണ് സാധാരണ അന്തരീക്ഷ താപനിലയില്‍ സ്വാഭാവിക റബ്ബര്‍ റബ്ബറിന്റെ സ്വഭാവം കാണിക്കുന്നത്. റബ്ബര്‍ ഷീറ്റെടുത്ത് -70 ഡിഗ്രിയ്ക്ക് താഴെ തണുപ്പിച്ചാല്‍ അത് നല്ല ഉറപ്പുള്ള ഒരു പ്ലാസ്റ്റിക് പോലെയായി, മടക്കിയാല്‍ ഒടിഞ്ഞ് പോരുന്ന അവസ്ഥയാവും.

പല പ്ലാസ്റ്റിക്കുകളുടെയും മുകളില്‍ പറഞ്ഞ താപനില (അത് നിശ്ചയിക്കുന്നതിന് വേറേയും ഘടകങ്ങളുണ്ട്, എന്നാലും) സാധാരണ അന്തരീക്ഷ താപനിലയിലും മുകളിലാണ്. അതുകൊണ്ട് റബ്ബര്‍ -70 ഡിഗ്രിക്ക് താഴെ എങ്ങിനെ പ്രവര്‍ത്തിക്കുമോ (പ്ലാസ്റ്റിക്കിന്റെ സ്വഭാവം), ആ രീതിയിലായിരിക്കും പല പ്ലാസ്റ്റിക്കുകളും റൂം ടെം‌പറേച്ചറില്‍ പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക്കുകളുടെ ഗ്ലാസ്സ്-റ്റു-റബ്ബര്‍ ട്രാന്‍‌സിഷന്‍ ടെമ്പറേച്ചറിനു മുകളില്‍ താത്വികമായെങ്കിലും അവ റബ്ബറിന്റെ സ്വഭാവം കാണിക്കും.

പറയാന്‍ കാരണം പോളി എതിലീന്‍ ഗ്ലൈക്കോളിന്റെ ഗ്ലാസ്സ്-റ്റു-റബ്ബര്‍ ട്രാന്‍‌സിഷന്‍ ടെം‌പറേച്ചര്‍ പൂജ്യത്തിനും താഴെയാണ് (ശരിക്കുറപ്പില്ല, ചിലതിന്റെയെങ്കിലും). ആ ഒരു കാരണം വെച്ച് അവയെ പ്ലാസ്റ്റിക് എന്ന് വിളിക്കാമോ എന്നുമൊരു സംശയം. പോളിമര്‍ രക്തമെന്നതായിരിക്കുമോ ഒന്നുകൂടി യോജിച്ച പേര്?

പോളിമര്‍ രക്തത്തിനെപ്പറ്റി ആദ്യമായി അറിഞ്ഞത് പതിവുപോലെ കുറിഞ്ഞി ഓണ്‍‌ലൈനില്‍ നിന്ന്.

പുള്ളി said...

രസകരമായ അറിവ്!
ഓ.ടോ: ഇത് കാര്‍ബണേറ്റ് ചെയ്ത് ഡ്രാക്കോളാ എന്ന പേരില്‍ പെപ്സിയോ കൊക്കോകോളയോ ഇറക്കുമായിരിക്കും...