Friday, May 25, 2007

മൂന്നു ജീവികള്‍, ഒരേ സന്ദേശം

ഒരു ആമ, ഒരു മൂങ്ങ, ഒരു തവള. മൂന്നു വ്യത്യസ്‌ത ജീവികള്‍, മൂന്നു വാര്‍ത്തകള്‍. പക്ഷേ, അവ മൂന്നും നല്‍കുന്നത്‌ ഒരേ സന്ദേശം; അല്ലെങ്കില്‍ ഒരേ മുന്നറിയിപ്പ്‌. ജീവലോകത്തെപ്പറ്റി മനുഷ്യന്‍ ഇനിയും എത്രമാത്രം മനസിലാക്കാന്‍ ബാക്കികിടക്കുന്നു, എന്തെല്ലാം അറിയാന്‍ അവശേഷിക്കുന്നു എന്ന്‌. അറിയും മുമ്പ്‌ നാം അവയെ നാശത്തിലേക്ക്‌ തള്ളിവിടുകയല്ലേ; ഭാവിതലമുറയ്‌ക്കുള്ള ഓരോ സാധ്യതകളും എന്നെന്നേക്കുമായി കെട്ടിയടച്ചുകൊണ്ട്‌...

ഒരു കടലാമയുടെ ദേശാടനം

ഴിഞ്ഞ ജനവരിയിലാണ്‌ സംഭവം. ഒരു ഭീമന്‍ കടലാമയെ ചൈനയിലെ ഒരു ഹോട്ടലിലേക്ക്‌ വില്‍ക്കാന്‍ തുടങ്ങുകയായിരുന്നു. ഇതു കണ്ട ഒരു ബുദ്ധഭിഷു ആ ജീവിയെ വിലയ്‌ക്കു വാങ്ങി. അതിന്റെ തോടില്‍ തിയതിയും തന്റെ ക്ഷേത്രത്തിന്റെ പേരും ചൈനീസ്‌ ഭാഷയില്‍ കോറിയിട്ട്‌ സന്ന്യാസി അതിനെ കടലലിക്ക്‌ വിട്ടു. അങ്ങനെ ചൈനീസ്‌ ഹോട്ടലിലെ സ്‌പെഷ്യല്‍ വിഭവമാകേണ്ടിയിരുന്ന ആമ കടലിലൂടെ തന്റെ ദേശാടനം ആരംഭിച്ചു.

നാലുമാസം കഴിഞ്ഞു. ഈ മെയ്‌ ആദ്യം 120 കിലോഗ്രാം തൂക്കം വരുന്ന ആ പെണ്ണാമയെ 3000 കിലോമീറ്റര്‍ അകലെ ശാന്തസമുദ്രത്തിലെ ഒഗസാവര ദ്വീപില്‍ മുട്ടയിടാന്‍ സ്ഥലമന്വേഷിച്ചു നടക്കുന്ന നിലയില്‍ ഒരുസംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടെത്തി. ജപ്പാന്റെ ഭാഗമായ ഒഗസാവര ദ്വീപില്‍ പ്രകൃതിസംരക്ഷണ സംഘടനയായ 'എവര്‍ലാസ്റ്റിങ്‌ നേച്ചര്‍ ഓഫ്‌ ഏഷ്യ'യിലെ പ്രവര്‍ത്തകരാണ്‌ ആമയെ തിരിച്ചറിഞ്ഞത്‌. അതിന്റെ തോടിലെ ചൈനീസ്‌ കുറിപ്പ്‌ തിരിച്ചറിയല്‍ എളുപ്പമാക്കി.

'ഹരിതആമ'(green turtle)കളുടെ വിഭാഗത്തില്‍ പെടുന്ന ആ ജീവി, ഒഗസാവരയില്‍ 77 മുട്ട ഇട്ടു. കടലാമകളുടെ ദേശാടനത്തെക്കുറിച്ച്‌ വളരെ വിലപ്പെട്ട വിവരങ്ങള്‍ ഈ ആമയെ കണ്ടെത്തുക വഴി ലഭിച്ചതായി പരിസ്ഥിതിഗവേഷകര്‍ പറയുന്നു. ജപ്പാനില്‍ നിന്നുള്ള ഹരിതആമകള്‍ ചൈനീസ്‌ വന്‍കര വരെ യാത്രചെയ്യുന്നതിന്‌ ആദ്യമായാണ്‌ തെളിവു ലഭിക്കുന്നത്‌-നേച്ചര്‍ ഓഫ്‌ ഏഷ്യയുടെ അധ്യക്ഷന്‍ ഹിരോയുകി സുഗനുമ പറയുന്നു.

ജീവികളെ രക്ഷപ്പെടുത്തി തുറന്നു വിടുന്നത്‌ ഭാഗ്യം കൊണ്ടുവരുമെന്ന്‌ ചൈനക്കാര്‍ വിശ്വസിക്കുന്നു. അതേസമയം, കടലാമകളെ ഭക്ഷണത്തിനും പരമ്പരാഗത ഔഷധങ്ങള്‍ക്കും ധാരളമായി ഉപയോഗിക്കുന്നവരാണ്‌ അവര്‍. അതിനാല്‍, ജനവരിയില്‍ ബുദ്ധഭിഷു ആ കടലാമയെ വാങ്ങി കടലില്‍ വിട്ടത്‌ വാര്‍ത്തയായിരുന്നു. ഇക്കാര്യം അറിയാമായിരുന്നതുകൊണ്ടാണ്‌, സുഗനുമയ്‌ക്കും കൂട്ടര്‍ക്കും മൂവായിരം കിലോമീറ്റര്‍ താണ്ടിവന്ന ആ ജീവിയുടെ പ്രാധാന്യം തിരിച്ചറിയാനായത്‌.

കടുത്ത വംശനാശഭീഷണി നേരിടുന്ന വര്‍ഗ്ഗമാണ്‌ കടലാമകള്‍; പ്രത്യേകിച്ചും ഹരിതആമകള്‍. അവയെ മാംസത്തിനായി വന്‍തോതില്‍ കൊല്ലുന്നതും, ട്രോളറുകളില്‍ കുടുങ്ങി അവ നശിക്കുന്നതും, മൃഗങ്ങളും മനുഷ്യരും പക്ഷികളും അവയുടെ മുട്ട വന്‍തോതില്‍ കവരുന്നതും, കടലാമകളെ ഉന്‍മൂലനത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്‌. കടലാമകളുടെ ദേശാടനരീതി പോലും ശാസ്‌ത്രലോകത്തിന്‌ ഇനിയും വ്യക്തമായി മനസിലായിട്ടില്ല.

'വിചിത്രമൂങ്ങ'യെ കാട്ടില്‍ കണ്ടപ്പോള്‍

ഥാര്‍ത്ഥ ചുറ്റുപാടില്‍ വെച്ച്‌ ഇതുവരെ ഗവേഷകര്‍ക്ക്‌ കാണാനവാത്ത അപൂര്‍വവും അതിവിചിത്രവുമായ ഒരു ചെറുപക്ഷി. അതിന്റെ ശാസ്‌ത്രീയനാമമോ 'വിചിത്രമൂങ്ങ'(strange owl) എന്നര്‍ത്ഥം വരുന്ന പദം. അതിനെ ആദ്യമായി വന്യചുറ്റുപാടില്‍ കണ്ടെത്തിയത്‌ ഗവേഷക ലോകത്ത്‌ കൗതുകമുണര്‍ത്തി. പെറുവിലെ സ്വകാര്യവനത്തില്‍ വെച്ചാണ്‌ ഒരു സംഘം സരംക്ഷണപ്രവര്‍ത്തകര്‍ 'വിചിത്രമൂങ്ങ'യെ അടുത്തയിടെ നേരില്‍ കണ്ടത്‌.

ഈ ജീവിവര്‍ഗ്ഗം ഭൂമുഖത്ത്‌ അവശേഷിക്കുന്നുണ്ട്‌ എന്നതിന്‌ മുപ്പത്‌ വര്‍ഷമായി ഒരു തെളിവും ഗവേഷകരുടെ പക്കലുണ്ടായിരുന്നില്ല. 1976-ല്‍ വലയില്‍ കുടുങ്ങിയ ഒരു 'വിചിത്രമൂങ്ങ'യാണ്‌ ഇതുവരെ കിട്ടിയ ഏക മാതൃക. നിലവില്‍ വെറും 250 'വിചിത്രമൂങ്ങകളേ' അവശേഷിച്ചിട്ടുള്ളൂ എന്നാണ്‌ കരുതുന്നത്‌.

പക്ഷികളുടെ ജീവശാസ്‌ത്രശാഖയെ സംബന്ധിച്ചിടത്തോളം 'വിശുദ്ധ പാനപാത്രം'(holy grail) എന്നു തന്നെ ഈ പക്ഷിയെ വിശേഷിപ്പിക്കാമെന്ന്‌, പഠനത്തില്‍ പങ്കുചേര്‍ന്ന 'അമേരിക്കന്‍ ബേര്‍ഡ്‌ കണ്‍സര്‍വെന്‍സി' പറയുന്നു. ലോങ്‌-വിസ്‌കേര്‍ഡ്‌ ഓലെറ്റ്‌ (long-whiskered owlet) എന്ന്‌ വിശേഷിപ്പിക്കുന്ന ഈ പക്ഷിയെ "നേരിട്ട്‌ കണ്ടത്‌ ആവേശകരമായ സംഗതിയായിരുന്നു"വെന്ന്‌, സംഘാംഗമായിരുന്ന ഡേവിഡ്‌ ഗിയല്‍ അറിയിച്ചു. 'അസോസിയേഷന്‍ ഇക്കോസിസ്‌റ്റിമാസ്‌ ആന്‍ഡിനോസി'ന്റെ പ്രവര്‍ത്തകനാണ്‌ അദ്ദേഹം.

തിളങ്ങുന്ന ഓറഞ്ച്‌ കണ്ണുകളുള്ള, വന്യമുഖത്തോടുകൂടിയ, ഈ ചെറുപക്ഷിയുടെ ശാസ്‌ത്രീയനാമം 'ക്‌സീനോഗ്ലോക്‌സ്‌'(Xenoglaux) എന്നാണ്‌. അര്‍ത്ഥം 'വിചിത്രമൂങ്ങ'. പെറുവിലെയും മറ്റും വിദൂര മലയോരങ്ങളിലെ വനങ്ങളിലാണ്‌ ഇവ കഴിയുന്നത്‌. എന്നാല്‍, പെറുവില്‍ ശക്തിപ്രാപിക്കുന്ന വനനാശം ഈ ജീവിയുടെ സ്വാഭാവിക ആവാസവ്യവസ്ഥ (habitat) ഇല്ലാതാക്കുകയാണ്‌. ഇന്നത്തെ നിലയ്‌ക്ക്‌ എത്രകാലം കൂടി ഈ വര്‍ഗ്ഗം അവശേഷിക്കും എന്ന്‌ ഗവേഷകര്‍ ആശങ്കപ്പെടുന്നു.

പുതിയ തവളവര്‍ഗ്ഗം-തായ്‌ലന്‍ഡില്‍ നിന്ന്‌

രിസരത്തിനനുസരിച്ച്‌ നിറംമാറാന്‍ കഴിവുള്ള പുതിയൊരിനം തവളയെ തായ്‌ലന്‍ഡില്‍ നിന്നു കണ്ടെത്തി. വടക്കുകിഴക്കന്‍ തായ്‌ലന്‍ഡിലെ പര്‍വതമേഖലയില്‍ കാണപ്പെടുന്ന ഇതിന്റെ പേര്‌ 'ഒഡൊറാണ ഔറിയോല'(Odorrana aureola) എന്നാണെങ്കിലും, പ്രാദേശികമായി അറിയപ്പെടുന്നത്‌ 'ഫു ലുവാങ്‌ ക്ലിഫ്‌ തവള'(Phu Luang Cliff frog) എന്നാണ്‌.

എട്ടു സെന്റീമീറ്റര്‍ വരെ നീളമുള്ള ഇതിന്റെ ശരീരം സാധാരണഗതിയില്‍ പച്ചനിറമുള്ളതാണ്‌. പരിസരത്തിനനുസരിച്ച്‌ ഇടയ്‌ക്കിത്‌ തവിട്ടുനിറമാകും-ബാങ്കോക്കില്‍ നാഷണല്‍ സയന്‍സ്‌ മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ടാനിയ ചാനാര്‍ഡ്‌ പറഞ്ഞു. ടാനിയയുള്‍പ്പെട്ട ഗവേഷകസംഘമാണ്‌ പുതിയ തവളയെ പഠനവിധേയമാക്കിയത്‌.

ഈ തവള പുതിയ വര്‍ഗ്ഗത്തില്‍പെട്ടതാണെന്നും, ഫു ലുവാങ്‌ നാഷണല്‍ പാര്‍ക്കിന്റെ പരിധിക്കുള്ളിലേ കാണപ്പെടുന്നുള്ളൂ എന്നും ടാനിയ അറിയിച്ചു. വടക്കന്‍ തായ്‌ലന്‍ഡിലെ മൂന്നു പര്‍വതമേഖലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ്‌ ആ നാഷണല്‍ പാര്‍ക്ക്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 1000 മുതല്‍ 1500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശത്തെ വെള്ളച്ചാട്ടങ്ങളിലും അരുവികളിലുമാണ്‌ ഒഡൊറാണ തവളകള്‍ കഴിയുന്നത്‌.

യഥാര്‍ത്ഥത്തില്‍ ഈ തവളകളെ മുമ്പു തന്നെ ഗവേഷകര്‍ കണ്ടിട്ടുണ്ട്‌. പക്ഷേ, കഴിഞ്ഞ വര്‍ഷം അതിന്റെ ഡി.എന്‍.എ വിശകലനം ചെയ്‌തപ്പോഴാണ്‌ അത്‌ പുതിയൊരു വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന്‌ വ്യക്തമായത്‌-ബാങ്കോക്കില്‍ കഴിഞ്ഞ ദിവസം ഒരു സെമിനാറില്‍ ഈ കണ്ടെത്തല്‍ അവതരിപ്പിച്ചുകൊണ്ട്‌ ടാനിയ പറഞ്ഞു.

ഒഡൊറാണ തവള പുതിയൊരു വര്‍ഗ്ഗമാണെന്ന്‌ അമേരിക്കന്‍ ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ചിരുന്നതായി ടാനിയ അറിയിച്ചു. തായ്‌ലന്‍ഡിലെ വന്യമേഖലയില്‍ ഈ വര്‍ഗ്ഗത്തില്‍പെട്ട എത്ര തവളകള്‍ അവശേഷിക്കുന്നു എന്നത്‌ ഗവേഷകര്‍ക്ക്‌ അറിയില്ല. ഇവയുടെ പ്രജനന തോത്‌ വളരെ കുറവായതിനാല്‍, അത്രയധികം തവളകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ്‌ ഗവേഷകരുടെ അനുമാനം.(കടപ്പാട്‌: നാഷണല്‍ ജ്യോഗ്രഫിക്‌, എഎഫ്‌പി)

6 comments:

Joseph Antony said...

ലോകത്തിന്റെ മൂന്നു കോണുകളില്‍ നിന്ന്‌ മൂന്നു ജീവികളെപ്പറ്റിയുള്ള വ്യത്യസ്‌ത വാര്‍ത്തകള്‍. പക്ഷേ, ആ റിപ്പോര്‍ട്ടുകളെല്ലാം ഓര്‍മിപ്പിക്കുന്നത്‌ ഒരേ കാര്യം; ജീവലോകത്തെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ഇനിയും മനുഷ്യന്‍ എന്തെല്ലാം അറിയാന്‍ ബാക്കിയുണ്ട്‌ എന്ന്‌.

Inji Pennu said...

മാഷേ, ഹായ് ലേബത്സ് വന്നൂല്ലൊ. ഇത് മലയാളത്തിലും കൂടി ആകാമോ ലേബത്സ്? അങ്ങിനെയാണെങ്കില്‍ സേര്‍ച്ചാനൊക്കെ എളുപ്പാവും?

Dinkan-ഡിങ്കന്‍ said...

Kurinjeee,
Good Aryicle..

Siju | സിജു said...

അനന്തം അഞ്ജാതം അവര്‍ണനീയം..

തലക്കെട്ടില്‍ ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക്, ശരിയാക്കൂ..

qw_er_ty

Joseph Antony said...

ഇഞ്ചി പെണ്ണിന്‌,
താങ്കളുടെ ഉപദേശമാണ്‌, ലേബലുകളെ ഈ തരത്തിലെങ്കിലുമാക്കി, അടുക്കുംചിട്ടയും വരുത്താന്‍ സഹായിച്ചത്‌. തീര്‍ച്ചയായും കടപ്പാടുണ്ട്‌. ഇംഗ്ലീഷിന്‌ പകരം മലയാളം ലേബലുകള്‍...ഓ.കെ. അടുത്ത പോസ്‌റ്റ്‌ മുതല്‍
സിജൂ,
ഇത്തരം തെറ്റുകള്‍ കണ്ണില്‍ പെടില്ല, ചൂണ്ടിക്കാട്ടിയത്‌ നന്നായി.
-ജോസഫ്‌

അശോക് said...

As always, good article.
Thanks JA.