തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളിയില്‍ 1888 നവംബര്‍ ഏഴിനാണ് രാമന്റെ ജനനം. അച്ഛന്‍ ചന്ദ്രശേഖരയ്യര്‍ അധ്യാപകനായിരുന്നു. അമ്മ പാര്‍വതിയമ്മാള്‍. വിശാഖപട്ടണത്ത് സ്‌കൂള്‍ പഠനം കഴിഞ്ഞ് 1902-ല്‍ ചെന്നൈയിലെ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. 1904-ല്‍ ബി.എ.യും 1907-ല്‍ എം.എ.യും ഒന്നാം റാങ്കോടെ പാസായി. അധ്യാപകര്‍ അന്നേ രാമനിലുള്ള ശാസ്‌ത്രപ്രതിഭ തിരിച്ചറിഞ്ഞിരുന്നു. ശബ്‌ദവും പ്രകാശവുമായിരുന്ന അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയങ്ങള്‍.
1907-ല്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനലറലായി ജോലി കിട്ടി കൊല്‍ക്കത്തയിലെത്തി. ആയിടയ്‌ക്ക് വിവാഹവും കഴിഞ്ഞു. ഭാര്യ സുന്ദരാംബാള്‍ സംഗീത വിദുഷിയായിരുന്നു. മികച്ച സംഗീതാസ്വാദകന്‍ കൂടിയായിരുന്ന രാമന്, ശബ്‌ദത്തിന്റെ രഹസ്യങ്ങളിലേക്കുള്ള പ്രയാണത്തില്‍ ഭാര്യയുടെ കൂട്ട് എപ്പോഴുമുണ്ടായിരുന്നു. 1917-ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ രാമന്‍ പ്രൊഫസറായി ചേര്‍ന്നു. 1933 വരെ അവിടെ തുടര്‍ന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുള്ള സര്‍വകലാശാലകളുടെ സമ്മേളനം 1921-ല്‍ ലണ്ടനില്‍ നടന്നപ്പോള്‍ പ്രൊഫ. രാമന് അതില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. ലണ്ടനില്‍ നിന്ന് തിരിച്ചുള്ള കപ്പല്‍യാത്രയിലാണ്, ലോകപ്രശസ്‌തമായ തന്റെ കണ്ടുപിടുത്തത്തിനുള്ള ഉള്‍ക്കാഴ്‌ച രാമന് ലഭിച്ചത്. മധ്യധരണ്യാഴി കടന്ന് കപ്പല്‍ വരികയായിരുന്നു. കടലിന്റെ നീലനിറം രാമന്റെ ശ്രദ്ധയാകര്‍ഷിച്ചു. ആകാശത്തിന്റെ പ്രതിഫലനമല്ല അത്; പ്രകാശത്തിന് എന്തോ രൂപപരിണാമം സംഭവിക്കുന്നതാണ് എന്ന ശക്തമായ ചിന്ത അദ്ദേഹത്തെ പിടികൂടി.
സുതാര്യമായ മാധ്യമങ്ങളില്‍ കൂടി കടന്നു വരുമ്പോള്‍ പ്രകാശത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനുള്ള കഠിനാധ്വാനമായി നാട്ടിലെത്തിയ ശേഷം. ആറുവര്‍ഷത്തെ ക്ഷമയോടെയുള്ള അധ്വാനം. 1928-ല്‍ `രാമന്‍ പ്രഭാവം' (Raman Effect) എന്ന് പിന്നീട് അറിയപ്പെട്ട പ്രതിഭാസം അദ്ദേഹം കണ്ടെത്തി. 1928 മാര്‍ച്ച് ലക്കം `നേച്ചറി'ല്‍ പുതിയ കണ്ടുപിടുത്തത്തെപ്പറ്റി രാമനും ശിക്ഷ്യന്‍ കെ.എസ്.കൃഷ്‌ണനും കൂടി തയ്യാറാക്കിയ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ആ കണ്ടുപിടിത്തത്തിന് 1930-ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം രാമനെ തേടിയെത്തി.
രാമന് കിട്ടിയ ബഹുമതികളില്‍ ഒന്നു മാത്രമായിരുന്നു നോബല്‍ പുരസ്‌ക്കാരം. കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഡോക്‌ടറേറ്റ്(1922), റോയല്‍ സൊസൈറ്റി ഫെലോഷിപ്പ്(1924), ബ്രിട്ടീഷ് രാജ്ഞിയുടെ സര്‍ സ്ഥാനം(1929), മൈസൂര്‍ രാജാവിന്റെ രാജസഭാഭൂഷണ്‍(1935), അമേരിക്കയുടെ ഫ്രാങ്ക്‌ലിന്‍ മെഡല്‍(1941), ഭാരതരത്‌നം(1954), സോവിയറ്റ് യൂണിയന്റെ ലെനിന്‍ പുരസ്‌കാരം(1957) എന്നിവയൊക്കെ അദ്ദേഹത്തെത്തേടിയെത്തിയ ബഹുമതികളാണ്.
1933-ല്‍ ബാംഗ്ലൂരില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സി'ന്റെ ഡയറക്‌ടറായ രാമന്‍, മൈസൂര്‍ രാജാവ് സൗജന്യമായി നല്‍കിയ സ്ഥലത്ത് 1949-ല്‍ സ്വന്തം ഗവേഷണകേന്ദ്രം സ്ഥാപിച്ചു. `രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്' എന്നത് അറിയപ്പെട്ടു. എണ്‍പതാം വയസിലും കര്‍മനിരതനായിരുന്ന രാമന്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങളുടെ എണ്ണം നാനൂറിലേറെയാണ്. മികച്ച അധ്യാപകന്‍ കൂടിയായിരന്നു അദ്ദേഹം. കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക് ലോകത്തിന്റെ നെറുകയിലെത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ആ മഹാന്‍ 1970 നവംബര്‍ 21-ന്‍ അന്തരിച്ചു. എണ്‍പത്തിരണ്ടാം പിറന്നാള്‍ ആഘോഷിച്ച് 14 ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.
പ്രകാശം സുതാര്യമായ ഒരു മാധ്യമത്തിലൂടെ (അത് ഖരമാകട്ടെ, ദ്രാവകമാകട്ടെ) കടന്നു പോകുമ്പോള്‍ പ്രകാശത്തിന്റെ സ്വാഭത്തിന് മാറ്റമുണ്ടാകുന്ന പ്രതിഭാസമാണ് 'രാമന്‍പ്രഭാവം' എന്നറിയപ്പെടുന്നത്. പ്രകാശം കടന്നു പോകുന്ന മാധ്യമത്തിലെ തന്മാത്രകള്‍ പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ക്ക് വിസരണമുണ്ടാക്കുന്നതാണ് രാമന്‍പ്രഭാവത്തിന് കാരണം. ക്വാണ്ടം സിദ്ധാന്തത്തിനുള്ള ആദ്യ തെളിവുകളിലൊന്നായി രാമന്‍ പ്രഭാവം കണക്കാക്കപ്പെടുന്നു. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ക്കുണ്ടാകുന്ന സൂക്ഷ്‌മവ്യതിയാനത്തില്‍ നിന്ന്, അത് കടന്നു വരുന്ന വസ്‌തുവിന്റെ തന്മാത്രഘടന മനസിലാക്കാനാകും. രാസവസ്‌തുക്കളുടെ തന്മാത്രഘടന മനസിലാക്കുന്നതില്‍ രാമന്‍പ്രഭാവം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
രാമന്‍പ്രഭാവം കണ്ടെത്തി വെറും ഒരു പതിറ്റാണ്ടിനുള്ളില്‍ രണ്ടായിരത്തിലേറെ രാസവസ്‌തുക്കളുടെ ആന്തരഘടന തിരിച്ചറിയാന്‍ ശാസ്‌ത്രലോകത്തിന് കഴിഞ്ഞു എന്നു പറയുമ്പോള്‍, രാമന്റെ കണ്ടുപിടിത്തം എത്രവലിയ പ്രായോഗിക സ്വാധീനമാണ് സൃഷ്‌ടിച്ചതെന്ന് ഊഹിക്കാമല്ലോ. ക്രിസ്റ്റലുകളുടെ ആന്തരഘടന വിശകലനം ചെയ്യാനും പില്‍ക്കാലത്ത് രാമന്‍പ്രഭാവം തുണയ്‌ക്കെത്തി. ലേസറിന്റെ കണ്ടെത്തലോടെ ഗവേഷകരുടെ പക്കല്‍, രാമന്‍ പ്രഭാവം ശരിക്കും ശക്തമായ ഒരായുധമായി മാറി.(കാണുക: ശ്രീനിവാസ രാമാനുജന്‍)
4 comments:
കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക് ലോകത്തിന്റെ നെറുകയിലെത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച സി.വി.രാമനാണ്, രാജ്യത്ത് ആധുനിക ശാസ്‌ത്രഗവേഷണത്തിന് അടിത്തറ പാകിയത്. 'ഭാരതീയശാസ്‌ത്രജ്ഞര്‍' പരമ്പരയിലെ പുതിയ ലക്കം സി.വി.രാമനെക്കുറിച്ച്.
നല്ല പോസ്റ്റ്. ഈ വലിയ പ്രതിഭയെ ഓര്‍മിപ്പിച്ചതിനു നന്ദി. ആ കണ്‍ടുപിത്തങ്ങളുടെ പ്രായോഗിക വശം അല്പം കൂടി വിശദീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് തോന്നി
ഫോറന്‍സിക് സയന്‍സിലും മയക്കുമരുന്ന് വേട്ടയിലും രാമന്‍ സ്പെക്ട്രോസ്കോപ്പ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. പോര്‍ട്ടബില്‍ രാമന്‍ സ്പെക്ട്രോമീറ്റര്‍ കൊണ്ട് പോലീസുകാരും മറ്റും ഓണ്‍സൈറ്റായി മയക്കുമരുന്നുകള്‍ ടെസ്റ്റ് ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നു (പ്രായോഗികമായ ഉപയോഗങ്ങളിലൊന്ന്).
നല്ല പോസ്റ്റ്.
Post a Comment