Sunday, November 19, 2006

ഒഴിഞ്ഞുപോയ കൂട്ടിയിടി

ഭൂമിയും അതിലെ ജീവജാലങ്ങളും ശരിക്കുള്ള ഭീഷണി നേരിടുന്നത്‌ ക്ഷുദ്രഗ്രഹങ്ങളില്‍ നിന്നാണ്‌. ഭൂമിയിലെ നാഗരികത തകര്‍ക്കാന്‍ കഴിവുള്ള രണ്ടായിരത്തോളം ക്ഷുദ്രഗ്രഹങ്ങള്‍ പതിവായി ഭൂമിയുടെ പാത കടന്നു പോകുന്നു.

തൊലിപ്പുറമേ മുറിവേല്‍പ്പിക്കാതെ ഉരസിപ്പോയ വെടിയുണ്ടയുടെ കാര്യം ചിന്തിച്ചു നോക്കൂ. വാനശാസ്ത്രമാനങ്ങളില്‍ കണക്കാക്കിയാല്‍ അത്തരമൊരനുഭവം കഴിഞ്ഞ ജൂലായ്‌ മൂന്നിന്‌ ഭൂമിക്കുണ്ടായി. ഭൂമിയില്‍ വന്‍നാശം വിതയ്ക്കാന്‍ പോന്ന ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം(asteroid) ഭൂമിക്കു സമീപത്തുകൂടി പോറലേല്‍പ്പിക്കാതെ കടന്നു പോയി. '2004XP14' എന്ന ക്ഷുദ്രഗ്രഹമാണ്‌ ഭൂമിക്ക്‌ 432308 കിലോമീറ്റര്‍ സമീപത്തുകൂടി സഞ്ചരിച്ചത്‌. ഉപഗ്രഹമായ ചന്ദ്രനിലേക്ക്‌ ഭൂമിയില്‍ നിന്നുള്ള അകലം 384403 കിലോമീറ്ററാണെന്നോര്‍ക്കുക. ഭൂമിയെപ്പോലൊരു ഗ്രഹത്തിന്‌ ക്ഷുദ്രഗ്രഹങ്ങളുയര്‍ത്തുന്ന ഭീഷണിയുടെ വ്യാപ്തിയറിയുന്നവര്‍, ജൂലായ്‌ മൂന്നിന്‌ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു; ഒന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത്‌.

ഭൂമിയെന്ന ഗ്രഹം ക്ഷുദ്രഗ്രഹങ്ങളുടെ നിരന്തര ഭീഷണിയിലാണെന്ന കാര്യം മിക്കവര്‍ക്കുമറിയില്ല. ഇതിനു മുമ്പ്‌ ഭൂമുഖത്തുണ്ടായിട്ടുള്ള കൂട്ടനാശങ്ങളില്‍ പലതും ക്ഷുദ്രഗ്രഹ പതനങ്ങളുടെ ഫലമായിരുന്നു. ആറരക്കോടി വര്‍ഷം മുമ്പ്‌ ഭൂമുഖത്തു നിന്ന്‌ ദിനോസറു(Dinosaur)കളെ നാമാവശേഷമാക്കിയത്‌ 4.6 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ക്ഷുദ്രഗ്രഹത്തിന്റെ പതനമായിരുന്നു. 25 കോടി വര്‍ഷം മുമ്പ്‌ അന്റാര്‍ട്ടിക്കയില്‍ പതിച്ച കൂറ്റന്‍ ക്ഷുദ്രഗ്രഹത്തിന്റെ വ്യാപ്തി 48.3 കിലോമീറ്റര്‍ ആയിരുന്നുവെന്ന്‌ ഗവേഷകര്‍ കണ്ടെത്തിയത്‌ അടുത്തയിടെയാണ്‌. ആ കൂട്ടിയിടിയുടെ ഫലമായാണത്രേ, 'പെര്‍മിയന്‍-ട്രിയാസിക്‌ '(Permian Triassic) വിനാശം ഭൂമുഖത്തുണ്ടായത്‌. മാത്രമല്ല, ഗോണ്ട്വാനാ മഹാഭൂഖണ്ഡത്തില്‍(Gondwanaland) നിന്ന്‌ ഓസ്ട്രേലിയ പൊട്ടിയടര്‍ന്നു മാറാന്‍ വഴിമരുന്നിട്ടതും ആ ക്ഷുദ്രഗ്രഹപതനം ആയിരുന്നു എന്നാണിപ്പോള്‍ ഗവേഷകര്‍ അനുമാനിക്കുന്നത്‌.

ചൊവ്വാ(Mars)യ്ക്കും വ്യാഴ(Jupiter)ത്തിനുമിടയിലാണ്‌ ക്ഷുദ്രഗ്രഹങ്ങള്‍ കാണപ്പെടുന്നത്‌. അവ എത്ര വരുമെന്ന്‌ ആര്‍ക്കും തിട്ടമില്ല. നൂറുകോടി ക്ഷുദ്രഗ്രഹങ്ങളെങ്കിലും ഉണ്ടാകാമെന്നാണ്‌ മതിപ്പു കണക്ക്‌. പത്തൊന്‍പതാം നൂറ്റാണ്ടാണ്ടിലാണ്‌ ഗവേഷകര്‍ ഈ ഭൗമേതരവസ്തുക്കളുടെ സാന്നിദ്ധ്യം ആദ്യം തിരിച്ചറിഞ്ഞത്‌. ശരിക്കു പറഞ്ഞാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദിവസമാണ്‌ മനുഷ്യന്‍ ആദ്യ ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയതു തന്നെ! ഗ്വിയൊാസ്പ്പി പിയാസിയെന്ന സിസിലിക്കാരനായിരുന്നു ആ കണ്ടുപിടുത്തത്തിന്‌ പിന്നില്‍. ആദ്യ രണ്ടു ക്ഷുദ്രഗ്രഹങ്ങള്‍ക്ക്‌ 'സിറെസ്‌'(Ceres), 'പല്ലാസ്‌'(Pallas) എന്നിങ്ങനെ പേരിട്ടു. അവ ഗ്രഹങ്ങളെന്നാണ്‌ ആദ്യം കരുതിയത്‌. പിന്നീട്‌ വില്ല്യം ഹെര്‍ഷല്‍ നടത്തിയ നിരീക്ഷണങ്ങളാണ്‌ അവ ഗ്രഹങ്ങളല്ലെന്നു തെളിയിച്ചത്‌; ആ ഭൗമേതരവസ്തുക്കള്‍ക്ക്‌ 'ക്ഷുദ്രഗ്രഹങ്ങള്‍'എന്നു പേരിട്ടതും അദ്ദേഹമാണ്‌.

പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ വളരെ ജനപ്രീതിയാര്‍ജ്ജച്ച ഒരു വാനശാസ്ത്രപ്രവര്‍ത്തനമായി മാറി ക്ഷുദ്രഗ്രഹങ്ങളെ കണ്ടുപിടിക്കുകയെന്നത്‌. കണ്ടുപിടിച്ചവയെ തന്നെ പുതിയതെന്നു തെറ്റിദ്ധരിച്ചു പലരും 'കണ്ടുപിടിച്ച' ധാരാളം അവസരങ്ങളുണ്ടായി. നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേയ്ക്കും തിരിച്ചറിഞ്ഞ ക്ഷുദ്രഗ്രഹങ്ങളുടെ എണ്ണം ആയിരം തികഞ്ഞു. പക്ഷേ, അപ്രസക്തമായ ശിലാഖണ്ഡങ്ങളെന്നു കരുതിയതി, ക്ഷുദ്രഗ്രഹങ്ങളെപ്പറ്റി പഠിക്കാന്‍ അക്കാലത്ത്‌ മിക്ക വാനശാസ്ത്രജ്ഞരും മിനക്കെട്ടില്ല. ഒടുവില്‍ ഡച്ചുകാരനായ ജറാര്‍ഡ്‌ കിയ്പ്പര്‍ രംഗത്തെത്തേണ്ടി വന്നു ക്ഷുദ്രഗ്രഹങ്ങളെക്കുറിച്ച്‌ ശാസ്ത്രരംഗത്തു നിലനിന്ന ക്ഷുദ്രചിന്താഗതി അവസാനിപ്പിക്കാന്‍(സൗരയൂഥത്തിന്റെ ബാഹ്യഅതിരില്‍ സ്ഥിതിചെയ്യുന്ന ശിലാഖണ്ഡങ്ങളും മഞ്ഞുപാളികളും ധൂളീപടലങ്ങളും നിറഞ്ഞ ഭാഗമായ 'കിയ്പ്പര്‍ ബല്‍ട്ട്‌ '(kuiper belt)ആ ഡച്ചുശാസ്ത്രജ്ഞന്റെ പേരിലാണ്‌ അറിയപ്പെടുന്നത്‌). 2001 ജൂലായ്‌ ആയപ്പോഴേയ്ക്കും 26000 ക്ഷുദ്രഗ്രഹങ്ങളെ കണ്ടെത്തി പേരിടാന്‍ ഗവേഷകര്‍ക്കായി.

ഒട്ടേറെ വഴിയാത്രക്കാര്‍ മുന്നറിയിപ്പില്ലാതെ റോഡ്‌ മുറിച്ചു കടക്കുന്ന ഒരു രാജപാത സങ്കല്‍പ്പിച്ചു നോക്കുക. അത്തരമൊരു പാതയിലൂടെ നീങ്ങുന്ന അതിവേഗ വാഹനത്തിന്റെ സ്ഥിതിയാണ്‌ ഭൂമിയുടേത്‌. സ്വന്തം ഭ്രമണപഥത്തിലൂടെ മണിക്കൂറില്‍ ഒരു ലക്ഷത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ഭൂമിയുടെ പാതയില്‍, നൂറുകണക്കിന്‌ ക്ഷുദ്രഗ്രഹങ്ങള്‍ കടന്നു പോകുന്നു. വാഹനം വരുന്നത്‌ ശ്രദ്ധിക്കാതെ റോഡ്‌ മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാരെപ്പോലെയാണ്‌ അവ. ഭൂമിയിലെ നാഗരികത തകര്‍ക്കാന്‍ കഴിവുള്ള രണ്ടായിരത്തോളം ക്ഷുദ്രഗ്രഹങ്ങള്‍ പതിവായി ഭൂമിയുടെ പാത കടന്നു പോകുന്നു എന്നറിയുമ്പോഴാണ്‌, എത്ര വലിയ ഭീഷണിയാണ്‌ നമ്മുടെ ഗ്രഹം നേരിടുന്നതെന്ന്‌ മനസിലാവുക. ചെറിയൊരു വീടിന്റെ വലുപ്പമുള്ള ക്ഷുദ്രഗ്രഹത്തിന്‌ ഒരു നഗരത്തെ നശിപ്പിക്കാനാകും. രാത്രിയില്‍ ആകാശം പ്രകാശിപ്പിക്കാന്‍ കഴിഞ്ഞാല്‍, പത്തു മീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള പത്തുകോടി ക്ഷുദ്രഗ്രഹങ്ങളെ കാണാനാകുമെന്ന്‌ വിദഗ്ധര്‍ പറയുന്നു.

1991-ല്‍ ഭൂമിക്ക്‌ 170000 കിലോമീറ്റര്‍ അരികിലൂടെ '1991BA' എന്ന ക്ഷുദ്രഗ്രഹം കടന്നു പോയി. വലിയൊരു ക്ഷുദ്രഗ്രഹം രണ്ടു വര്‍ഷം കഴിഞ്ഞ്‌ ഭൂമിക്ക്‌ 145000 കിലോമീറ്റര്‍ സമീപത്തുകൂടി സഞ്ചരിച്ചു-രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ അകലം. 2004 ഒക്ടോബറില്‍ 4.6 കിലോമീറ്റര്‍ വിസ്തൃതിയുള്ള ക്ഷുദ്രഗ്രഹം ഭൂമിക്ക്‌ 16 ലക്ഷം കിലോമീറ്റര്‍ അരികിലൂടെ പോയി. ജൂലായ്‌ മൂന്നിന്‌ ഭൂമിക്കരികിലൂടെ സഞ്ചരിച്ച 2004XP14 എന്ന ക്ഷുദ്രഗ്രഹത്തെ 2004-ലാണ്‌ തിരിച്ചറിഞ്ഞത്‌. 800 മീറ്റര്‍ വിസ്തൃതിയാണ്‌ ഇതിനുള്ളതെന്നു കണക്കാക്കുന്നു. ഇവയെയൊക്കെ ഭൂമിക്ക്‌ വളരെ അടുത്തെത്തിയ ശേഷമാണ്‌ വാനനിരീക്ഷകര്‍ക്ക്‌ തിരിച്ചറിയാന്‍ സാധിച്ചത്‌. സമീപഭാവിയില്‍ ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുക 'അപോഫിസ്‌ '(Apophis) എന്ന ക്ഷുദ്രഗ്രഹത്തില്‍ നിന്നാണെന്ന്‌ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. 2036-ലാണ്‌ ഇത്‌ ഭൂമിക്ക്‌ ഭീഷണിയാവുക. ആഴ്ചയില്‍ ഇത്തരം രണ്ടോ മൂന്നോ കടന്നു പോകലുകള്‍ സംഭവിക്കാറുണ്ട്‌; മനുഷ്യന്റെ ശ്രദ്ധയില്‍ പെടാതെ. ആപത്ത്‌ കൂടെയുണ്ടെന്നു സാരം. അതിന്റെ ആക്കം കുറയ്ക്കാനുള്ള ശ്രമവും ശാസ്ത്രലോകത്ത്‌ നടക്കുന്നുണ്ട്‌. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ 'ഡോണ്‍ ക്വിക്സോട്ട്‌ ' (Don Quixote) ദൗത്യവും, നാസയുടെ 'ഡീപ്‌ ഇംപാക്ട്‌ '(Deep Impact) ദൗത്യവും ക്ഷുദ്രഗ്രഹ ഭീഷണി നേരത്തെ മനസിലാക്കാനുദ്ദേശിച്ചുള്ളവയാണ്‌.(അവലംബം: NASA, A Short History of Nearly Everything, by Bill Bryson, Wikipedia)

3 comments:

മുസാഫിര്‍ said...

അറിവു പകരുന്ന ഒരു പോസ്റ്റ്,കുറിഞ്ഞി,വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.

ദിവാസ്വപ്നം said...
This comment has been removed by the author.
വേണു venu said...

കൌതുകകരമായ വിഷയം.

വളരെ ലളിതമായി വിവരണം.

നന്നായിരിക്കുന്നു.