Thursday, November 23, 2006

കാഴ്ചാലയം

കൂത്താട്ടുകുളത്തെ 'ശ്രീധരീയം' ആരംഭിച്ചത്‌ നേത്രരോഗങ്ങള്‍ക്ക്‌ ആയുര്‍വേദത്തില്‍ ചികിത്സയുണ്ടെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്‌. വെളിച്ചത്തിന്റെ ലോകം നഷ്ടമാകുന്ന ആയിരങ്ങള്‍ക്ക്‌ അവസാനത്തെ അത്താണിയാണ്‌ ഇപ്പോള്‍ ഈ നേത്രാസ്പത്രി. ചികിത്സയില്ലെന്നു പറഞ്ഞ്‌ ആധുനികവൈദ്യശാസ്ത്രം കൈയൊഴിഞ്ഞ പല രോഗങ്ങള്‍ക്കും ശ്രീധരീയത്തില്‍ പ്രതിവിധിയുണ്ട്‌.

ഇന്റര്‍നെറ്റിലെ ഗൂഗിളില്‍ പോയി 'റെറ്റിനിറ്റിസ്‌ പിഗ്മെന്റോസ'(ആര്‍.പി) എന്ന നേത്രരോഗത്തെപ്പറ്റി സേര്‍ച്ച്‌ ചെയ്തു നോക്കിയാല്‍ 11.3 ലക്ഷം ഫലങ്ങള്‍ മുമ്പിലെത്തും. ജനിതകത്തകരാര്‍ മൂലമുണ്ടാകുന്ന ഈ അസുഖം, ആദ്യം നിശാന്ധതയായി തുടങ്ങി ക്രമേണ കാഴ്ച പൂര്‍ണമായി അപഹരിക്കുന്ന ഒന്നാണെന്ന്‌, ആ സേര്‍ച്ച്ഫലങ്ങളിലെല്ലാം പലവിധത്തില്‍ വിവരിച്ചിട്ടുണ്ടാകും. ഒരു പ്രായം വരെ നല്ല കാഴ്ചയുണ്ടായിരുന്ന വ്യക്തി, സാവധാനത്തില്‍ അന്ധതയുടെ ലോകത്ത്‌ അകപ്പെടുക; അതാണ്‌ സംഭവിക്കുന്നത്‌. ഈ രോഗത്തെക്കുറിച്ച്‌ വ്യത്യസ്ത വിവരണങ്ങള്‍ നല്‍കുന്ന സേര്‍ച്ച്ഫലങ്ങളെല്ലാം പക്ഷേ, ഒരു കാര്യത്തില്‍ യോജിക്കുന്നു; ചികിത്സയുടെ കാര്യം പറയുന്നിടത്ത്‌. ആര്‍.പി. എന്ന നേത്രരോഗത്തിന്‌ ഒരു ചികിത്സയും നിലവിലില്ല എന്ന്‌ അവയെല്ലാം ആവര്‍ത്തിക്കുന്നു. ജീന്‍ തെറാപ്പി, വിത്തുകോശചികിത്സ തുടങ്ങിയവ ഭാവിയില്‍ രംഗത്തെത്തിയേക്കാമെന്ന ആശ്വാസവാചകങ്ങളും ആ വിവരണങ്ങളിലുണ്ടാകും.

സേര്‍ച്ചിങ്ങിന്‌ ശേഷമാണ്‌ സഞ്ജയ്‌ മോഡിയുടെ അനുഭവ വിവരണം കേട്ടിരുന്നതെങ്കില്‍, മനസ്‌ ഒരുപക്ഷേ അത്ഭുതം കൊണ്ട്‌ നടുങ്ങിയേനെ. എറണാകുളത്തുനിന്ന്‌ 48 കിലോമീറ്റര്‍ അകലെ കൂത്താട്ടുകുളത്തെ 'ശ്രീധരീയം ആയുര്‍വേദ ഐ ഹോസ്പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററി'ല ഇരുന്നൂറ്റി അറുപത്തിയാറാം നമ്പര്‍ മുറിയില്‍ വെച്ചാണ്‌ മോഡിയെ കാണുന്നത്‌. ഗുജറാത്തിലെ ബറോഡയില്‍ 'സഞ്ജയ്‌ മോഡി ആന്‍ഡ്‌ അസോസിയേറ്റ്സ്‌ ' എന്ന സ്ഥാപനം നടത്തുന്ന ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായ അദ്ദേഹം, ആര്‍.പി.യുടെ ചികിത്സയ്ക്ക്‌ ശ്രീധരീയത്തിലെത്തിയതാണ്‌. അമ്പതുവര്‍ഷത്തെ ജീവിതത്തിന്‌ ശേഷം കാഴ്ച മാഞ്ഞുതുടങ്ങിയ മോഡിയെ ഡോക്ടര്‍മാരെല്ലാം ചികിത്സയില്ലെന്നു പറഞ്ഞ്‌ കൈയൊഴിയുകയായിരുന്നു. മുംബൈയിലെ ഒരു സുഹൃത്ത്‌ പറഞ്ഞ്‌ ശ്രീധരീയത്തെപ്പറ്റി അറിയുമ്പോഴേക്കും, തൊട്ടടുത്തു നില്‍ക്കുന്നവരെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മോഡി. അവസാനത്തെ ശ്രമമെന്ന നിലയില്‍ ശ്രീധരീയത്തില്‍ എത്താമെന്ന്‌ തീരുമാനിച്ചു.

ഇതേ നേത്രരോഗം ബാധിച്ച ബറോഡയിലെ ബിസിനസുകാരനായ തന്റെ സുഹൃത്ത്‌ സന്ദീപ്‌ ബന്‍സറുമൊത്ത്‌ ശ്രീധരീയത്തിലെത്തിയതിന്റെ പതിനാലാം ദിവസമാണ്‌ ലേഖകന്‍ മോഡിയെ കാണുന്നത്‌. ആസ്പത്രിയിലാകെ സൗമമായി അലയടിക്കുന്ന ധന്വന്തരമന്ത്രം. മുന്നില്‍ അന്ധതയിലേക്ക്‌ വഴുതി വീണുകൊണ്ടിരിക്കുന്ന രണ്ട്‌ മനുഷ്യര്‍. പക്ഷേ, ഇരുവരുമിപ്പോള്‍ ശുഭപ്രതീക്ഷയിലാണ്‌. വാക്കുകളില്‍ അത്‌ വ്യക്തം. "ശ്രീധരീയത്തിലെ ചികിത്സക്ക്‌ നല്ല ഫലമുണ്ട്‌. എനിക്കിപ്പോള്‍ അഞ്ചുശതമാനത്തോളം കാഴ്ച വീണ്ടുകിട്ടിയിരിക്കുന്നു. നിങ്ങളെ ചെറിയതോതില്‍ തിരിച്ചറിയാം; ജോസഫിന്‌ താടിയുണ്ടല്ലേ'- തൊട്ടുമുമ്പില്‍ നിന്ന്‌ ആ കുറിയ മനുഷ്യന്‍ പറഞ്ഞതിന്റെ അര്‍ത്ഥം പൂര്‍ണതോതില്‍ മനസിലാക്കാന്‍, പിന്നീട്‌ ഇന്റര്‍നെറ്റില്‍ 'റെറ്റിനിറ്റിസ്‌ പിഗ്മെന്റോസ'യെപ്പറ്റി സേര്‍ച്ച്ചെയ്തു നോക്കേണ്ടി വന്നു.

സഞ്ജയ്‌ മോഡിയും സന്ദീപ്‌ ബന്‍സറും

മോഡിയുടെ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല. ആധുനികവൈദ്യശാസ്ത്രം ചികിത്സയില്ലെന്ന്‌ എഴുതിത്തള്ളിയ ഒട്ടേറെ നേത്രരോഗങ്ങള്‍ക്ക്‌ പരിഹാരം തേടി നൂറുകണക്കിനാളുകള്‍ ശ്രീധരീയത്തിലെത്തുന്നു. റെറ്റിനിറ്റിസ്‌ പിഗ്മെന്റോസ പോലുള്ള പ്രശ്നങ്ങള്‍ക്കു മാത്രമല്ല, ഹൃസ്വദൃഷ്ടി, കണ്ണില്‍ രക്തസമ്മര്‍ദ്ദം ഏറിയുണ്ടാകുന്ന ഗ്ലൂക്കോമ, പ്രമേഹത്തിന്റെ ഫലമായുണ്ടാകുന്ന ഡയബറ്റിക്‌ റെറ്റിനോപ്പതി, നേത്രഗോളത്തിന്റെ ഒരു ഭാഗം ചുരുക്കുന്ന മാക്കുലാര്‍ ഡീജനറേഷന്‍, നേത്രഗോളം പുറത്തേക്കു തള്ളി വരുന്ന അവസ്ഥായായ കെരാറ്റോ കോണസ്‌, കുട്ടികളിലെ ദൃഷ്ടിവൈകല്യങ്ങള്‍ ഇങ്ങനെ ഒട്ടേറെ നേത്രപ്രശ്നങ്ങള്‍ക്ക്‌ പലര്‍ക്കും അവസാന ആശ്രയമാണിന്ന്‌ ശ്രീധരീയമെന്ന ആയുര്‍വേദ നേത്രചികിത്സായലം.

'കണ്ണിന്‌ ആയുര്‍വേദത്തിലും ചികിത്സയുണ്ടെന്ന്‌ ലോകത്തെ അറിയിക്കുക. ഇതായിരുന്നു ലക്ഷ്യം' ശ്രീധരീയത്തിന്റെ മാനേജിങ്‌ ഡയറക്ടര്‍ നെല്യക്കാട്ട്‌ പരമേശ്വരന്‍ പരമേശ്വരന്‍ നമ്പൂതിരിയെന്ന ഡോ. എന്‍.പി.പി.നമ്പൂതിരി പറയുമ്പോള്‍, അതില്‍ അവകാശവാദങ്ങളുടെ കഠിനധ്വനിയില്ല. പകരം, ഒരു ദൗത്യനിര്‍വഹണത്തിന്റെ നിശ്ചയദാര്‍ഢ്യം മാത്രം. അച്ഛന്റെ ജേഷ്ഠന്‍ ത്രിവിക്രമന്‍ നമ്പൂതിരിയില്‍ നിന്ന്‌ ചികിത്സയുടെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ ശേഷം, കോളേജില്‍ ചേര്‍ന്ന്‌ പഠിച്ച്‌ ആയുര്‍വേദത്തില്‍ ബിരുദം നേടുകയും, കാല്‍നൂറ്റാണ്ടിലേറെ സര്‍ക്കാര്‍ സര്‍വീസില്‍ ആയുര്‍വേദ നേത്രരോഗവിദഗ്ധനായി ജോലിചെയ്യുകയും, പിന്നീട്‌ ശ്രീധരീയം തുടങ്ങിയപ്പോള്‍ അതിന്റെ മുഖ്യസാരഥിയാവുകയും ചെയ്ത വ്യക്തിയാണ്‌ ഡോ. നമ്പൂതിരി. ആയുര്‍വേദത്തിന്റെ സാധ്യതയും പരിമിതിയും നന്നായി മനസിലാക്കിയിട്ടുള്ള വ്യക്തി.

ഡോ. എന്‍.പി.പി.നമ്പൂതിരി

'ശ്രീധരീയ'ത്തെ ഒരു വ്യക്തിയായി പരിഗണിച്ചാല്‍, ഒന്നാം തരത്തില്‍ ചേര്‍ക്കാനുള്ള പ്രായമേ അതിന്‌ ആയിട്ടുള്ളൂ; വെറും ആറു വയസ്‌. പക്ഷേ, ഈ ചെറിയ കാലം കൊണ്ട്‌ കേരളത്തിലെ എണ്ണപ്പെട്ട സ്ഥാപനങ്ങിലൊന്നായി മാറാന്‍ ശ്രീധരീയത്തിന്‌ കഴിഞ്ഞത്‌, ആയുര്‍വേദത്തില്‍ നേത്രചികിത്സ സാധ്യമാണെന്നു തെളിയിക്കാനും വിശ്വാസമാര്‍ജ്ജിക്കാനും ഡോ.നമ്പൂതിരിക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചതുകൊണ്ടാണ്‌. വിഷചികിത്സയും നേത്രചികിത്സയും പാരമ്പര്യമായി ചെയ്തു പോന്ന നെല്യക്കാട്ട്‌ തറവാടാണ്‌, ആറു വര്‍ഷം മുമ്പ്‌ വെറും എട്ടുകിടക്കകളുള്ള ശ്രീധരീയം ആയുര്‍വേദ നേത്രചികിത്സാലയമായി രൂപപ്പെട്ടത്‌. ഇന്നത്‌ 40 ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ചു കിടക്കുന്ന 260 കിടക്കകളുള്ള ഐ.എസ്‌.ഒ. അംഗീകാരമുള്ള സ്ഥാപനമാണ്‌. ഡോ.നമ്പൂതിരിയുടെ നേതൃത്വത്തില്‍ 17 ഡോക്ടര്‍മാര്‍, 80 നഴ്സിങ്‌ സ്റ്റാഫ്‌. സ്വന്തമായി ഗവേഷണകേന്ദ്രം, ഔഷധനിര്‍മാണശാല. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായിപ്പൂരില്‍ ശ്രീധരീയത്തിന്റെ ശാഖ തുടങ്ങിയിട്ട്‌ മാസങ്ങളേ ആയിട്ടുള്ളൂ. കൂത്താട്ടുകുളത്ത്‌ മാസത്തില്‍ രണ്ടു ദിവസം ആയിരത്തോളം പേര്‍ക്ക്‌ സൗജന്യമായി പരിശോധനയും ചികിത്സയും, കേരളത്തിനകത്തും പുറത്തും ഡസണിലേറെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ ഒക്കെ ഇന്ന്‌ ശ്രീധരീയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

2005-ല്‍ മാത്രം 27,999 പേരാണ്‌ ശ്രീധരീയത്തില്‍ ചികിത്സയ്ക്കെത്തിയത്‌. അതില്‍ 3455 പേരെ കിടത്തി ചികിത്സിക്കേണ്ടി വന്നു. 2006 ജൂലായ്‌ വരെയുള്ള കണക്കു പ്രകാരം 15,171 പേര്‍ ഇവിടെയെത്തി, അതില്‍ 1886 പേരെ കിടത്തി ചികിത്സിച്ചു. ആസ്പത്രിയിലെ മുറികള്‍ തികയാതെ വരിക പതിവാണ്‌. അങ്ങനെയുള്ള അവസരത്തില്‍ രോഗികള്‍ക്കായി ലോഡ്ജുകള്‍ ബുക്കുചെയ്യേണ്ടി വരും. പുറമെയുള്ള വീടുകളിലെ മുറികളും ഏര്‍പ്പാടു ചെയ്തു കൊടുക്കാറുമുണ്ട്‌. കൂത്താട്ടുകുളത്തെ പല കുടുംബങ്ങള്‍ക്കും ശ്രീധരീയം അങ്ങനെ ഒരു വരുമാനമാര്‍ഗ്ഗമാകുന്നു. 'ഇവിടുത്തെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രബിന്ദു തന്നെ ശ്രീധരീയമാണെന്നു പറഞ്ഞാല്‍ അത്‌ അതിശയോക്തിയല്ല'-ശ്രീധരീയത്തിന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ വി. നരേന്ദ്രന്‍ പറയുന്നു. ശ്രീധരീയത്തില്‍ വരുന്ന രോഗികളില്‍ വെറും 35 ശതമാനം പേരേ കേരളത്തിനകത്തു നിന്ന്‌ എത്തുന്നുള്ളൂ. പത്തു ശതമാനം വിദേശത്തു നിന്നും, ബാക്കി 55 ശതമാനം സംസ്ഥാനത്തിന്‌ പുറത്തു നിന്നുമാണ്‌ വരുന്നത്‌.

എല്ലാചികിത്സകളും പരീക്ഷിച്ച്‌ പരാജയപ്പെട്ടതിന്‌ ശേഷമാണ്‌ പലരും ശ്രീധരീയത്തിലെത്തുക. 'സര്‍ജിക്കല്‍ അല്ലാത്ത കേസുകളില്‍ തുടക്കത്തില്‍ തന്നെ ആയുര്‍വേദചികിത്സ സാധിച്ചാല്‍ മെച്ചപ്പെട്ട ഫലം ലഭിക്കുമെന്നാണ്‌ അനുഭവം'- ഡോ. നമ്പൂതിരി പറയുന്നു. 'ഒരു ഘട്ടത്തില്‍ കാഴ്ച നഷ്ടമായ ശേഷം, പിന്നീട്‌ അത്‌ കുറച്ചെങ്കിലും തിരികെക്കിട്ടുന്നതാണ്‌ പ്രധാനം' ഡോ.നമ്പൂതിരി അഭിപ്രായപ്പെടുന്നു. ശ്രീധരീയത്തിലെ ചികിത്സകൊണ്ട്‌ അന്ധതിയില്‍ നിന്ന്‌ ഭാഗികമായി കരകയറിയപ്പോള്‍, സ്വന്തം മകനെ ആദ്യമായി കണ്ടതിന്റെ സന്തോഷമറിയിക്കാന്‍ കാസര്‍കോടു നിന്ന്‌ രായ്ക്കുരാമാനം വണ്ടികയറി പുലര്‍ച്ചെ തന്റെ വീട്ടിലെത്തിയ അഹമ്മദിന്റെ കഥ ഡോക്ടര്‍ ഓര്‍ക്കുന്നു. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍, അനുഭവങ്ങള്‍. 'മാതാപിതാക്കള്‍ക്ക്‌ പാരമ്പര്യമായി നേത്രവൈകല്യമുണ്ടെങ്കില്‍, മക്കള്‍ക്ക്‌ അത്‌ വാരതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഞങ്ങള്‍ ഉപദേശിച്ചു കൊടുക്കാറുണ്ട്‌'-ഡോ.നമ്പൂതിരി അറിയിക്കുന്നു.

കേരളത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടേറെ വി.ഐ.പി.കള്‍ ശ്രീധരീയത്തില്‍ ചികിത്സ തേടിയെത്താറുണ്ട്‌. ഛത്തീസ്ഗഡ്‌ മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാളിന്റെ ഭാര്യ സരിത അഗര്‍വാള്‍ രണ്ടു വര്‍ഷം മുമ്പ്‌ ആര്‍.പിക്കുള്ള ചികിത്സയ്ക്കെത്തിയതാണ്‌, റായ്പ്പൂരില്‍ ശ്രീധരീയത്തിന്റെ ശാഖ തുടങ്ങാന്‍ കാരണമായത്‌. എന്തിന്‌ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മുഖ്യസാരഥിയായ സാക്ഷാല്‍ പത്മശ്രീ ഡോ. പി.കെ.വാര്യര്‍ പോലും ശ്രീധരീയത്തിലെ രോഗികളുടെ പട്ടികയിലുണ്ടെന്നറിയുമ്പോള്‍ അത്‌ കൗതുകത്തിലേറെ ജിജ്ഞാസയുളവാക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട 'മാക്കുലാര്‍ ഡിജനറേഷന്‍' എന്ന പ്രശ്നത്തിനാണ്‌ ഡോ.വാര്യര്‍ ശ്രീധരീയത്തിലെ ചികിത്സ തേടിയത്‌. 'അവര്‍ വളരെ ആധികാരികമായാണ്‌ അവിടെ ചികിത്സ നടത്തുന്നത്‌. ഒരു മാസമായി ഞാന്‍ മരുന്നു കഴിക്കുന്നു. രോഗം ഒട്ടും കൂടിയിട്ടില്ല'കോട്ടക്കല്‍ വെച്ചു കണ്ടപ്പോള്‍ ഡോ. വാര്യര്‍ പറഞ്ഞു. ഒരു പക്ഷേ, ശ്രീധരീയത്തിലെ ചികിത്സയെപ്പറ്റി ഒരു ബാഹ്യസ്രോതസ്സില്‍ നിന്ന്‌ ലഭിക്കാവുന്ന ഏറ്റവും ആധികാരികമായ അഭിപ്രായമായിരിക്കുമിത്‌. എന്താണ്‌ ശ്രീധരിയത്തെപ്പറ്റി പൊതുവെ തോന്നിയത്‌ എന്ന ചോദ്യത്തിന്‌, ചുരുങ്ങിയ വാക്കുകളിലായിരുന്നു ഡോ. വാര്യരുടെ മറുപടി -'അഭിമാനമാണ്‌ തോന്നിയത്‌. കേരളത്തിനൊരു മുതല്‍ക്കൂട്ടാണ്‌ ആ സ്ഥാപനം'.

ആയുര്‍വേദവും നേത്രചികിത്സയും

ആയുര്‍വേദത്തിലെ എട്ട്‌ ശാഖകളിലൊന്നായ 'ശാലാക്യതന്ത്ര'മാണ്‌, കഴുത്തിന്‌ മേലുള്ള അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളും ചികിത്സാവിധികളും കൈകാര്യം ചെയ്യുന്നത്‌. 'സുശ്രുതസംഹിത'യാണ്‌ ഈ ചികിത്സാവിധിയെപ്പറ്റി ഏറ്റവുമധികം വിവരിച്ചിട്ടുള്ള പൗരാണിക ഗ്രന്ഥം. നേത്രചികിത്സ ശാലാക്യതന്ത്രത്തിന്റെ ഭാഗമാണ്‌. 76 നേത്രരോഗങ്ങളെപ്പറ്റി ശാലാക്യതന്ത്രത്തില്‍ വിവരിച്ചിരിക്കുന്നു. ഇവയില്‍ ആരംഭത്തില്‍ തന്നെ കാഴ്ച അപഹരിക്കുന്ന 12 രോഗങ്ങളാണ്‌ ഏറ്റവും പ്രധാനം. അതീവ ശ്രദ്ധയര്‍ഹിക്കുന്ന രോഗങ്ങളാണിവ. അക്ഷിതര്‍പ്പണം, അഞ്ജനം, ആശ്ചോതനം, നേത്രധാര, ശിരോധാര തുടങ്ങിയ ചികിത്സാവിധികളാണ്‌ ഇവയ്ക്ക്‌ നടത്താറ്‌. ജീവനീയ ഔഷധങ്ങളായ അടപതിയന്‍, പാല്‍മുതുക്‌, ദേവതാരം തുടങ്ങിയവയും ചക്ഷുഷ്യമായ ത്രിഫലയും ചേര്‍ത്ത്‌ നിര്‍മിക്കുന്ന ഔഷധങ്ങള്‍ക്ക്‌ കോശദ്രവീകരണം തടയാനുള്ള കഴിവുണ്ട്‌. തുടര്‍ച്ചയായുണ്ടാകുന്ന കോശദ്രവീകരണം തടയാനും, പ്രകാശനാഡികളെ(ഓപ്ടിക്കല്‍ നെര്‍വുകള്‍) പുഷ്ടിപ്പെടുത്തി കാഴ്ചശക്തി വര്‍ധിപ്പിക്കാനും ഇത്തരം ഔഷധങ്ങള്‍ സഹായിക്കുന്നു.

ആയുര്‍വേദ ചികിത്സ കൊണ്ട്‌ നേത്രരോഗങ്ങള്‍ ഭേദമാക്കാനാകും എന്ന വസ്തുതയ്ക്ക്‌ അനുഭവസാക്ഷ്യങ്ങളുടെ പിന്‍ബലം മാത്രം പോര. അടിസ്ഥാനപരമായ പഠനങ്ങളുടെ ഫലങ്ങളും ഇക്കാര്യം അംഗീകരിക്കണം. എങ്കില്‍, ശ്രീധരീയത്തെപ്പോലൊരു സ്ഥാപനത്തിന്റെ പ്രസക്തി പതിന്മടങ്ങ്‌ വര്‍ധിക്കും. ഈ ദിശയിലൊരു നീക്കമിപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്‌; 'ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി'ന്റെയും 'സെന്‍ട്രല്‍ കൗണ്‍സില്‍ ഫോല്‍ റസര്‍ച്ച്‌ ഇന്‍ ആയുര്‍വേദ ആന്‍ഡ്‌ സിദ്ദ'യുടെയും ശ്രീധരീയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍. ഡയബറ്റിക്‌ റെറ്റിനോപ്പതി, കെരാറ്റോ കോണസ്‌ എന്നീ രോഗങ്ങള്‍ക്ക്‌ ശ്രീധരീയം നടത്തുന്ന ചികിത്സ എത്രത്തോളം ഫലം ചെയ്യുന്നുവെന്ന്‌ ആധുനികശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ച്‌ പരിശോധിക്കുകയാണ്‌ ചെയ്യുക. 'ഒരു പക്ഷേ, നേത്രരോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സയെപ്പറ്റി ഇത്തരമൊരു പഠനം ആദ്യമായിട്ടാവും നടക്കുന്നത്‌' വി. നരേന്ദ്രന്‍ പറയുന്നു. പഠനത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഡിസംബര്‍ ആദ്യവാരം ശ്രീധരീയത്തില്‍ ഒരു ദേശീയ സെമിനാര്‍ നടക്കും. അതിന്‌ ശേഷമാണ്‌ പഠനം തുടങ്ങുക. ശ്രീധരീയം ഫോണ്‍ നമ്പര്‍: 0485-2251578, 2253007 (മാതൃഭൂമി വാരാന്തപ്പതിപ്പ്‌, 2006 ഒക്ടോബര്‍15)

-ജോസഫ്‌ ആന്റണി

1 comment:

അനംഗാരി said...

ഇതു വിക്കിയിലോ മറ്റൊ വരേണ്ട ഒരു ലേഖനമാണ്. മറ്റുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്ന വളരെ നല്ല വിവരങ്ങള്‍.