Friday, November 17, 2006

കുറിഞ്ഞിപ്പൂക്കാലം-3

ഒരു ഡയറിക്കുറിപ്പ്‌
രാജമല, മൂന്നാര്‍
സപ്തംബര്‍11, 1994

രവികുളം നാഷണല്‍പാര്‍ക്കിന്റെ ടൂറിസം മേഖലയായ രാജമലയില്‍ നായ്ക്കൊല്ലി മലയിലേക്കുള്ള കയറ്റം. ഇടമലക്കുടിയിലേക്കു പോകുന്ന പര്‍വതപാത. ഈ പ്രദേശത്തു മാത്രം കാണുന്ന കൊടുവെട്ടി (Drusira peltata) എന്ന ഇരപിടിയന്‍ സസ്യം പാതയോരത്ത്‌ ഇളംകാറ്റില്‍ തലയാട്ടുന്നു. 'ഫോര്‍ വിങ്ങ്സ്‌ 'എന്നറിയപ്പടുന്ന ശലഭം അടുത്തൊരു കുറിഞ്ഞിച്ചെടിയില്‍ വന്നിരുന്ന്‌ തേന്‍ നുകരാന്‍ ആരംഭിക്കുന്നു. 'നീലഗിരിയിലെയും, ഇരവികുളത്തെയും ഉയര്‍ന്ന പ്രദേശത്തു മാത്രം അവശേഷിച്ചിട്ടുള്ള ഒരു ചിത്രശലഭമാണിത്‌ '-ഒപ്പമുള്ള പി.വി.കരുണാകരന്‍ ഓര്‍മിപ്പിച്ചു. ഇരവികുളം നാഷണല്‍പാര്‍ക്കില്‍ വരയാടുകളെ (Nilgir Tahr) പറ്റി പഠനം നടത്തുകയാണ്‌, ഡെറാഡൂണ്‍ വൈല്‍ഡ്‌ ലൈഫ്‌ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകനായ അദ്ദേഹം. ഫോട്ടോയെടുക്കാന്‍ ശ്രമം തുടങ്ങിയതോടെ ഫോര്‍വിങ്ങ്സ്‌ അതിന്റെ നാലു കുഞ്ഞിച്ചിറകുകളും വീശി വായുവില്‍ കടുത്ത നീലവര്‍ണ്ണത്തില്‍ ഒരു രേഖ സൃഷ്ടിച്ചു മിന്നല്‍ പോലെ അപ്രത്യക്ഷമായി.

അപ്പോള്‍ അതാവരുന്നു, നക്ഷത്രങ്ങളെയും മഴവില്ലിനെയും വീതിയേറിയ ചിറകില്‍ തേച്ചുപിടിപ്പിച്ച മറ്റൊരു വിദ്വാന്‍. പീ കോക്ക്‌ വര്‍ഗ്ഗത്തില്‍പെട്ട ശലഭമാണത്‌. ഇത്തരം ഉയര്‍ന്ന വിതാനങ്ങളില്‍ മാത്രം കാണപ്പെടുന്നത്‌. അത്‌ കുറിഞ്ഞിപ്പൂക്കളില്‍ ഇരിക്കുന്നതും കാത്ത്‌ ക്യാമറയുമായി ഞങ്ങള്‍ കുറെ നേരം പിന്തുടര്‍ന്നു. രക്ഷയില്ല, സന്ദര്‍ശകര്‍ക്ക്‌ കടന്നു പോകാന്‍ അനുവാദമുള്ള ടാറിട്ട പാതയിലൂടെ മാത്രമാണ്‌ അവന്റെ സഞ്ചാരം. 'ഇവന്‍ ഫോറസ്റ്റ്‌ ഔട്ട്പോസ്റ്റില്‍ നിന്ന്‌ പാസെടുത്തു പോന്നതാകണം. കുറിഞ്ഞിയെ ഉപദ്രവിക്കരുതെന്ന്‌ അവര്‍ പറഞ്ഞുവിട്ടു കാണും!"-ഒരു സന്ദര്‍ശകന്റെ കമന്റ്‌. വീതിയേറിയ ഇലകളിലെ നരച്ച പച്ചപ്പോടെ ഒരു കാട്ടുമുന്തിരി വഴിയോരത്ത്‌, കുറിഞ്ഞിച്ചെടികള്‍ക്കിടയില്‍ തപസ്സുചെയ്യുന്നു.

ചോലക്കാട്ടിനുള്ളില്‍

ഒരു ചോലക്കാട്ടിനുള്ളിലേക്ക്‌ ഞങ്ങള്‍ കയറി. പായല്‍പൊതിഞ്ഞ ഒരു പാറപ്പുറത്തിരുന്ന്‌ ഓരത്തുകൂടി ഒഴുകുന്ന നീര്‍ച്ചാലില്‍ കുളിര്‍മയേറിയ സ്ഫടികവര്‍ണ്ണ ജലം സൃഷിക്കുന്ന സംഗീതം ശ്രദ്ധിച്ചു. നായ്ക്കൊല്ലി മലയുടെ സ്നേഹസാന്നിധ്യം. അതിനപ്പുറം ആനമുടി. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി. ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്ന്‌ 6500 അടി ഉയരത്തിലാണ്‌. ആനമുടിയുടെ ഉയരം 8840 അടി. അന്തരീക്ഷ താപനില ഇവിടെ ഏഴു ഡിഗ്രി മുതല്‍ 27 ഡിഗ്രി സെല്‍സിയസ്‌ വരെ വ്യത്യാസപ്പെടുന്നു. ടെമ്പറേറ്റ്‌ മേഖലയിലേയും ഉഷ്ണമേഖലയിലേയും കാലവാസ്ഥയുടെ ഒരു മിശ്രണം.

കുരുവിയെക്കാള്‍ അല്‍പ്പം കൂടി വലുപ്പമുള്ള കടുംനീല വര്‍ണ്ണമുള്ള ഒരു പക്ഷി, മുമ്പിലെ മരച്ചില്ലയില്‍ വന്നിരുന്ന്‌ ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി. അതിന്റെ ചുണ്ടുപോലും നീലയാണെന്നു തോന്നി. തന്റെ സാമ്രാജ്യത്തില്‍ ഞങ്ങള്‍ അതിക്രമിച്ചു കടന്നതിലെ കോപം അവന്റെ കുഞ്ഞിക്കണ്ണുകളില്‍ കണ്ടതുപോലെ. 'നീലഗിരിയിലെയും ഇരവികുളത്തെയും ഉയര്‍ന്ന വിതാനങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ പക്ഷിയെ ലോകത്ത്‌ വേറെയൊരിടത്തും കാണാനൊക്കില്ല'-കരുണാകരന്‍ പറഞ്ഞു. ഫ്ലൈ ക്യാച്ചര്‍ (Fly Catcher ) എന്നാണിവന്റെ പേര്‌. ഇതു മാത്രമല്ല, ഈ പ്രത്യേക പരിസ്ഥിതിയില്‍ മാത്രം കാണപ്പെടുന്ന വേറെയും പക്ഷികളുണ്ട്‌. 'ഗ്രാസ്‌ ഓള്‍ (Grass owl), ബ്ലാക്ക്‌ ആന്‍ഡ്‌ ഓരഞ്ച്‌ ഫ്ലൈ കാച്ചര്‍ (Black and Orange Fly Catcher ), യുറേഷ്യന്‍ കെസ്ട്രല്‍ (Euracian Kestrel) എന്നിങ്ങനെ പല പക്ഷികളും ഇവിടെയേ കാണൂ'-എനിക്ക്‌ തീരെ പിടിയില്ലാത്ത ഒരു വിഷയമാണ്‌ കരുണാകരന്‍ വളരെ ലളിതമായി പറഞ്ഞു തരുന്നത്‌.

പെട്ടന്ന്‌ കോടമഞ്ഞ്‌ നായ്ക്കൊല്ലിമലയെ മൂടി. ഞങ്ങളിരുക്കുന്ന ചോലക്കാട്‌ മൂടല്‍മഞ്ഞിന്റെ ഇഴകളില്‍പെട്ട്‌ ചാഞ്ചാടുന്നതു പോലെ. തണുപ്പ്‌ ഒറ്റയടിക്ക്‌ വര്‍ധിച്ചു. വിറയ്ക്കാതിരിക്കാന്‍ ഞാന്‍ പണിപ്പെടുന്നുണ്ടായിരുന്നു. മഞ്ഞിന്റെ കൂടാരത്തില്‍ മുങ്ങിക്കിടക്കുന്ന ഈ കുറിഞ്ഞിക്കടലില്‍ നിന്നാകുമോ നാട്ടക്കുറിഞ്ഞിരാഗം ആദിമ തമിഴ്സംഗീതജ്ഞര്‍ ഇഴപിരിച്ചെടുത്തിട്ടുണ്ടാവുക.

നീലക്കുറിഞ്ഞി പൂത്തതു കാണാന്‍ രാജമലയിലേക്ക്‌ കുടുംബാംഗങ്ങളോടൊപ്പമെത്തിയ ഒരു പെണ്‍കുട്ടിയെ തലേദിവസം ആകാശവാണിക്കു വേണ്ടി ഇന്റര്‍വ്യൂ ചെയ്തിരുന്നു. കുറിഞ്ഞിപ്പൂക്കളുടെ അനന്തമായ നിരയെ ചൂണ്ടി ഇതൊന്നു വര്‍ണ്ണിക്കാമോ എന്നു ചോദിച്ചപ്പോള്‍, അവള്‍ കുറിഞ്ഞിക്കാടുകളെ നോക്കി അല്‍പ്പനേരം നിശബ്ദയായി. എന്നിട്ട്‌, പര്‍വ്വതക്കെട്ടിനു താഴെ തമ്പടിക്കുന്ന മേഘത്തെ ശ്രദ്ധിച്ചുകൊണ്ട്‌ നിശിതമായ ഭാവത്തില്‍ പറഞ്ഞു: 'പൂത്തിരി കത്തിച്ച്‌ വിതറിയിട്ടതുപോലയുണ്ട്‌'. ഇതുപറയുമ്പോള്‍, കൗമാരം കടന്ന ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ നീലക്കുറിഞ്ഞി പൂത്തുലയുന്നതു കാണാമായിരുന്നു.

മഞ്ഞ്‌ മാറുന്നതോടെ, നിലാവിനെക്കാള്‍ നേര്‍ത്ത വെയിലിന്റെ പാളികള്‍ കുറിഞ്ഞിപ്പൂക്കളെ തിളക്കമുള്ളതാക്കുന്നു. അഭൗമമായ എന്തോ ഒരു പ്രതിഭാസത്തിന്‌ നടുവിലാണെന്ന പ്രതീതി. എന്റെ തോളില്‍ വീതികൂടിയ ഇലകളുള്ള ഒരു അപരിചിത സസ്യം കാറ്റില്‍ വന്ന്‌ ഇടയ്ക്കിടെ തൊടുന്നുണ്ട്‌. അത്‌ എന്തോ എന്നെ ഓര്‍മിപ്പിക്കാനുള്ള ശ്രമമാണെന്നു തോന്നി. കഷ്ടിച്ച്‌ ഒരു മീറ്റര്‍ ഉയരം കാണും അതിന്‌. അതൊരു കുറിഞ്ഞിയാണെന്ന്‌ കരുണാകരന്‍ പറഞ്ഞുതന്നു. ആരും അതിന്റെ ജീവചക്രം എത്രയാണെന്ന്‌ കണക്കാക്കിയിട്ടില്ല. അടുത്തതാ കൈയെത്തുന്ന ദൂരത്ത്‌ നാലു വ്യത്യസ്ത കുറിഞ്ഞിച്ചെടികള്‍! ചോലക്കാടിന്‌ വെളിയില്‍ കണ്ണെത്തുന്ന ദൂരത്തോളം പൂത്തുലഞ്ഞുകിടക്കുന്ന നീലക്കുറിഞ്ഞി. അഞ്ച്‌ കുറിഞ്ഞികളുടെ സൗമ്യസാമീപ്യത്തിലാണ്‌ ഞാന്‍. 'അതാണീ പ്രദേശത്തിന്റെ പാരിസ്ഥിതികമായ പ്രാധാന്യം. ലോകത്തൊരിടത്തുമില്ലാത്തത്ര ജൈവവൈവിധ്യം(biodiversity) കൊണ്ട്‌ അനുഗ്രഹീതമാണ്‌ സമുദ്രനിരപ്പില്‍ നിന്ന്‌ അയ്യായിരം അടിക്കു മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം'-കരുണാകരന്‍ പറഞ്ഞു.

ചില വര്‍ഗ്ഗഭേദങ്ങള്‍

‍നീലക്കുറിഞ്ഞി കനകാംബരത്തിന്റെ വര്‍ഗ്ഗത്തില്‍ പെട്ട സസ്യമാണ്‌. ഈ ജാനസില്‍ പെട്ട 250 ഇനങ്ങളെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്‌. അതില്‍ 146 ഇനം ഇന്ത്യയില്‍ ഉള്ളതായി 'ദി ഫ്ലോറ ഓഫ്‌ ബ്രിട്ടീഷ്‌ ഇന്ത്യ'(The Flora of British India-1884) രേഖപ്പെടുത്തിയിരിക്കുന്നു. 'ദി ഫ്ലോറ ഓഫ്‌ ദി പ്രസിഡന്‍സി ഓഫ്‌ മദ്രാസി'(The Flora of the Presidency of Madras-1924)ല്‍ സൂചിപ്പിച്ചിരിക്കുന്നതു പ്രകാരം ദക്ഷിണേന്ത്യയില്‍ മാത്രം 46 ഇനം കുറിഞ്ഞികളുണ്ട്‌. നീലഗിരിക്ക്‌ തെക്ക്‌ പളനി മലകള്‍, രാജമല, സയിലന്റ്‌വാലി തുടങ്ങിയ ഇടങ്ങളില്‍ നിന്നായി 19 കുറിഞ്ഞിയിനങ്ങളെ കണ്ടെത്തിയതായി 'ദി ഫ്ലോറ ഓഫ്‌ ദി സൗത്ത്‌ ഇന്ത്യന്‍ ഹില്‍ സ്റ്റേഷന്‍സ്‌ ' (The Flora of the South Indian Hill Stations - 1932) പറയുന്നു. മൂന്നു മുതല്‍ 14 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂക്കുന്ന കുറിഞ്ഞികളുണ്ട്‌. അവയില്‍ പ്രധാനം 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയാണെന്നു മാത്രം. 1838-1958 കാലയളവില്‍ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി(BNHS) തുടര്‍ച്ചയായി ഒന്‍പത്‌ നീലക്കുറിഞ്ഞി പൂക്കാലം രേഖപ്പെടുത്തിയിട്ടുണ്ട്‌.

1935-ല്‍ എം. ഇ. റോബിന്‍സണ്‍ ഇങ്ങനെയെഴുതി: 'നീലക്കുറിഞ്ഞി 12 വര്‍ഷത്തിലൊരിക്കലേ പരക്കെ പൂക്കാറുള്ളൂ എന്ന്‌ കരുതേണ്ടിയിരിക്കുന്നു. 1934-ല്‍ ഒരു പൂര്‍ണ്ണ പൂക്കാലമായിരുന്നു. എല്ലാ കുന്നുകളിലും കുറിഞ്ഞി പൂത്തു. ഏക്കറുകണക്കിന്‌ നീലപ്പൂക്കള്‍ ജൂലായ്‌ ആദ്യം മുതല്‍ ഡിസംബര്‍ വരെ പളനി മലകളില്‍ കാണപ്പെടുകയുണ്ടായി. പൂമ്പാറയുടെ മലയോരങ്ങള്‍ കുറ്റിച്ചെടികള്‍ നിറഞ്ഞതാകയാല്‍, അവിടെ ഒറ്റപ്പെട്ട നിലയില്‍ അങ്ങിങ്ങായി മാത്രമേ കുറിഞ്ഞി പൂത്തൊള്ളൂ. നീലഗിരിമലകളില്‍ ആഗസ്ത്‌ വരെ ഒരു പൂര്‍ണ്ണ പൂക്കാലം ഉണ്ടായില്ല. എന്നാല്‍, ആനമുടിക്കുന്നുകളുടെ മലഞ്ചെരുവുകളില്‍ പരവതാനി പോലെ നീലപ്പൂക്കള്‍ നിരന്നത്‌ ഒക്ടോബറിലാണ്‌'. നീലക്കുറിഞ്ഞിയുടെ പൂക്കാലം തേനീച്ചകളുടെ ഉത്സവകാലം കൂടിയാണ്‌. 1922-ല്‍ കൊടൈക്കനാലില്‍ കുറിഞ്ഞിപൂത്ത മലഞ്ചെരുവിനു സമീപമൊരു മരത്തില്‍ മാത്രം തൂക്കുതേനീച്ചകളുടെ 28 കൂടുകള്‍ കണ്ടെത്തിയിരുന്നു. അതിനടുത്തുള്ള പാറയില്‍ 32 തേന്‍കൂടുകളും!

ഏറുന്ന ഭീഷണി

ഇന്ന്‌, നീലക്കുറിഞ്ഞി പൂക്കുന്ന മലഞ്ചെരുവുകളൊക്കെ പലവിധ പാരിസ്ഥിതിക ഭീഷണികളുടെ നിഴലിലാണ്‌. പേരിനുപോലും നീലക്കുറിഞ്ഞിയോട്‌ കടപ്പെട്ടിരിക്കുന്ന നീലഗിരിക്കുന്നുകളില്‍ ഇപ്പോള്‍ കുറിഞ്ഞിപൂക്കുന്നത്‌ നാമമാത്രമായാണ്‌. കൂനൂരിന്റെ ചില ഭാഗങ്ങളൊഴിച്ചാല്‍ നീലഗിരിയില്‍ കുറിഞ്ഞിച്ചെടികള്‍ ഇല്ലെന്നു തന്നെ പറയാം. ആ പ്രദേശത്ത്‌ കുറിഞ്ഞിയുടെ അന്ത്യം ആരംഭിക്കുന്നത്‌ 1850-കളോടെയാണ്‌. തേയില പ്ലാന്റേഷനുകള്‍ക്കായി ആദ്യം നടത്തിയ ആസൂത്രണങ്ങളിലൊന്ന്‌, കുറിഞ്ഞിയെ ഒരു കളയായി പരിഗണിച്ച്‌ നശിപ്പിക്കുകയെന്നതായിരുന്നു! ആ മലകളില്‍ തങ്ങളുടെ ജീവിതചര്യയെ കുറിഞ്ഞിപ്പൂക്കാലവുമായി കോര്‍ത്തിണക്കിയിരുന്ന ഒരു കൂട്ടം ഗോത്രവര്‍ഗ്ഗക്കാരുടെ സംസ്ക്കാരം തന്നെ അതോടെ അന്യം നിന്നു. നീലഗിരിയിലെ തോടാസ്‌, ബഡഗാസ്‌, കോട്ടാസ്‌ എന്നീ ആദിവാസി വിഭാഗങ്ങളുടെ ജീവിതവുമായി നീലക്കുറിഞ്ഞി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ജനനം, മരണം, ഉത്സവങ്ങള്‍ എന്നിങ്ങനെ തങ്ങളുടെ ജീവിതത്തിലെ മുഖ്യസംഭവങ്ങളെല്ലാം കുറിഞ്ഞി പൂക്കുന്ന കാലവുമായാണ്‌ അവര്‍ ബന്ധപ്പെടുത്തി പോന്നത്‌. വയസ്സുപോലും പറയാറുള്ളത്‌ 'ഇത്ര കുറിഞ്ഞിപ്പൂക്കാലം' എന്ന നിലയ്ക്കാണ്‌.

നീലഗിരി കഴിഞ്ഞാല്‍ കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ കുറിഞ്ഞി പൂക്കുന്ന മലഞ്ചെരിവുകളുള്ളത്‌, ഇടുക്കിയിലെ കോവിലൂര്‍ ഗ്രാമം മുതല്‍ കൊടൈക്കനാല്‍ വരെയുള്ള പളനി മലകളിലാണ്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ മലഞ്ചെരിവുകളില്‍ നടന്നിട്ടുള്ള കൈയേറ്റവും കുടിയേറ്റവും മൂലം കുറിഞ്ഞിക്കാടുകള്‍ പലതും കൃഷിഭൂമിയായി രൂപപ്പെട്ടു. ഇപ്പോള്‍, അങ്ങിങ്ങ്‌ ചില തുരുത്തുകള്‍ പോലെയാണ്‌ ഈ മേഖലയില്‍ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്‌. ഇതിനുമുമ്പ്‌ ഏറ്റവുമൊടുവില്‍ നീലക്കുറിഞ്ഞി പൂത്തത്‌ 1982-ലാണ്‌. അന്ന്‌ പളനിമലകളില്‍ ഉണ്ടായിരുന്ന കുറിഞ്ഞിക്കാടുകളില്‍ വളരെ ചെറിയൊരു പങ്കു മാത്രമാണ്‌ ഇന്നവശേഷിച്ചിട്ടുള്ളത്‌.

കേരളത്തില്‍ ഏറ്റവുമധികം നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം ആനമുടിയുടെ ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കാണ്‌. പുല്‍മേടുകളും ചോലക്കാടുകളും ഇടകലര്‍ന്ന സവിശേഷമായ ഒരു പാരിസ്ഥിതിക മേഖലയാണിത്‌. 97 ചതുശ്രകിലോമീറ്ററാണ്‌ ഈ പാര്‍ക്കിന്റെ വിസ്തൃതി. 1978-ല്‍ ആനമുടിയ്ക്കു ചുറ്റുമുള്ള ചോലപുല്‍മേടിനെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്‌ പ്രധാനമായും വംശനാശം നേരിടുന്ന വരയാടുകളെ സംരക്ഷിക്കാനാണ്‌. 'പക്ഷേ, ഈ അമൂല്യമായ ജൈവവൈവിധ്യ മേഖലയ്ക്കു മുഴുവന്‍ രക്ഷയാകുകയായിരുന്നു ആ പ്രഖ്യാപനം'കരുണാകരന്‍ അഭിപ്രായപ്പെട്ടു. ഇന്ന്‌ ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന ആവാസവ്യവസ്ഥകളില്‍(വമയശമേേ‍െ‍) ഒന്നാണ്‌ ഇരവികുളം നാഷണല്‍പാര്‍ക്കിലേത്‌. കുറിഞ്ഞിക്കാടുകള്‍ ഈ പാര്‍ക്കിന്റെ അതിരിനുള്ളില്‍ ഏറെക്കുറെ സുരക്ഷിതമാണ്‌.

രക്ഷ എത്രകാലം?

ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ പരിധിക്കുള്ളില്‍ പോലും കുറിഞ്ഞിക്കാടുകള്‍ ഇനി എത്രകാലം സുരക്ഷിതമായിരിക്കും? വനത്തെ സംബന്ധിച്ചും വനസംരക്ഷണത്തെ സംബന്ധിച്ചും നമ്മുടെ വനംവകുപ്പ്‌ വെച്ചുപുലര്‍ത്തുന്ന മുന്‍വിധികളും സമീപനങ്ങളും തന്നെ ഈ പാരിസ്ഥിതികവ്യൂഹത്തിന്റെ നാശത്തിന്‌ കാരണമായേക്കാം. കാരണം, പുല്‍മേടുകളെയും ചോലക്കാടുകളെയും സംബന്ധിച്ച്‌ രണ്ടുതരം വാദഗതികള്‍ നിലവിലുണ്ട്‌. പുല്‍മേടുകള്‍ തന്നെ രണ്ടുതരമുണ്ട്‌. സമുദ്രനിരപ്പിന്‌ അയ്യായിരം അടി മുകളില്‍ എന്ന കണക്കു വെച്ചാല്‍, അതിന്‌ താഴെയുള്ളവയും അയ്യായിരം അടിക്കു മുകളിലുള്ളവയും. ഇതില്‍ ആദ്യം പറഞ്ഞ തരത്തില്‍പെട്ട, താഴ്‌ന്ന വിതാനത്തിലുള്ള പുല്‍മേടുകളില്‍ ചെറുമരങ്ങളും പൊക്കംകൂടിയ കുറ്റിച്ചെടികളും ഉണ്ടാവും. നാശോന്മുഖമായ വനപ്രദേശങ്ങളാണ്‌ ഇങ്ങനെ തഴ്‌ന്ന വിതാനത്തിലെ പുല്‍മേടുകളായി രൂപപ്പെടുന്നതെന്നു കരുതുന്നു.

എന്നാല്‍, 5000 അടിക്ക്‌ മുകളിലുള്ള പുല്‍മേടുകള്‍ ഇതില്‍ നിന്നു തികച്ചും വിഭിന്നമാണ്‌. പൊക്കമുള്ള മരങ്ങളൊന്നും കാണില്ല. ഏറിയാല്‍ ഒന്നോ രണ്ടോ മീറ്റര്‍ ഉയരമുള്ള -കുറിഞ്ഞിച്ചെടികള്‍ ഉള്‍പ്പെടെയുള്ള- സസ്യങ്ങള്‍ മാത്രമാണുണ്ടാവുക. രണ്ട്‌ വക്രപ്രതലമുള്ള പുല്‍മേടുകള്‍ ഒത്തുചേരുന്നിടത്ത്‌ വളരെ സമൃദ്ധിയോടെ വളരുന്ന, ഏതാനും ഏക്കറുകള്‍ മാത്രം വിസ്ത്രീര്‍ണമുള്ള, ഒരു വനഭാഗം. തീര്‍ച്ചയായും, അതിനുള്ളില്‍ നിന്ന്‌ ഒരു നീര്‍ച്ചാലും ഉത്ഭവിക്കുന്നുണ്ടാകും; ഞാനീ ഇരിക്കുന്ന സ്ഥലത്ത്‌ കാണും പോലെ. ഈ കാടിനെയാണ്‌ ചോലക്കാട്‌(Shola forest) എന്ന്‌ വിളിക്കുന്നത്‌. വിവിധയിനം ഓര്‍ക്കിഡുകള്‍, ഔഷധസസ്യങ്ങള്‍, പായലുകള്‍, വള്ളികള്‍, വന്‍വൃക്ഷങ്ങള്‍, സൂക്ഷ്മജീവികള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജൈവസമ്പത്തിന്റെ കലവറയാണ്‌, ഇത്തരത്തിലുള്ള ഏതാനും ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള ഓരോ ചോലക്കാടും.

'ഈ ചോലവനവും പുല്‍മേടും അതാതിന്റെ അതിര്‍ത്തികാക്കുന്നതില്‍ നിര്‍ബന്ധബുദ്ധിക്കാരാണ്‌ '-കരുണാകരന്റെ വാക്കുകള്‍ എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി. ഇത്രയും ഉയര്‍ന്ന വിതാനത്തില്‍ മാത്രമാണ്‌ ചോലക്കാടും പുല്‍മേടും ചേരുംപടി ചേര്‍ന്നുള്ള വനപ്രദേശമുള്ളത്‌. ഇത്‌ എല്ലാ വനങ്ങളുടെയും ഏറ്റവും മുന്തിയരൂപമാണെന്നൊരു വാദമുണ്ട്‌. അതല്ല, ഇതും നശിച്ചുകഴിഞ്ഞ വനമാണ്‌ എന്ന്‌ മറ്റൊരു വാദഗതിയുമുണ്ട്‌. ഇതില്‍ ആദ്യവാദഗതി (മുന്തിയതില്‍ മുന്തിയ വനം എന്നുള്ളത്‌) അംഗീകരിച്ചാല്‍, ഇത്തരം പ്രദേശത്തെ പോറല്‍ പോലുമേല്‍പ്പിക്കാതെ നമ്മള്‍ സംരക്ഷിക്കേണ്ടി വരും. എന്നാല്‍, രണ്ടാമത്തെ വാദത്തിനാണ്‌ പ്രാമുഖ്യം നല്‍കുന്നതെങ്കിലോ? നശിച്ചുകഴിഞ്ഞതിനെ സംരക്ഷിക്കേണ്ടതില്ലല്ലോ. ആ പൊല്ലാപ്പ്‌ ഒഴിഞ്ഞുകിട്ടും. മാത്രമല്ല, നശിച്ചുകഴിഞ്ഞ പ്രദേശത്ത്‌ മരങ്ങള്‍ നട്ടുപിടിപ്പിച്ച്‌ പുതിയ വനമുണ്ടാക്കാന്‍(സോഷ്യല്‍ ഫോറസ്ട്രി) അവസരം കിട്ടുകയും ചെയ്യും.

ദൗര്‍ഭാഗ്യവശാല്‍ മേല്‍പ്പറഞ്ഞതില്‍ രണ്ടാമത്തെ വാദഗതിയാണ്‌ വനംവകുപ്പ്‌ പലപ്പോലും കരണീയമായി എടുക്കാറുള്ളത്‌. അതുവഴി, ആയിരക്കണക്കിന്‌ ഏക്കര്‍ പുല്‍മേടുകളില്‍ അക്കേഷ്യയും യൂക്കാലിപ്റ്റസും നട്ടുപിടിപ്പിക്കുന്നതിനുള്ള വഴിതുറന്നു കിട്ടുകയും ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ പൊന്മുടിക്ക്‌ മുകലിലുള്ള സ്വാഭാവിക വനമേഖലയായ ചെമ്മുഞ്ചി മെടുകള്‍ മുതല്‍, ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ അതിര്‍ത്തിവരെ അക്കേഷ്യയും യൂക്കാലിപ്റ്റസ്‌ ഗ്രാന്‍ഡിസും പോലുള്ള അപകടകാരികളായ മരങ്ങളെ വന്‍തോതില്‍ നട്ടുപിടിപ്പിച്ച്‌ 'സാമൂഹ്യവിരുദ്ധ വനവല്‍ക്കരണം' നടത്തിയവരെ നയിച്ചത്‌ മേല്‍സൂചിപ്പിച്ച രണ്ടാമത്തെ ന്യായമാണ്‌. സ്വാഭാവിക വനപ്രദേശങ്ങളെ നശിപ്പിച്ച്‌ വനംവകുപ്പ്‌ ഇതുവരെ 3000 ചതുരശ്രകിലോമീറ്റര്‍ സ്ഥലത്ത്‌ ഈ ഏര്‍പ്പാട്‌ നടത്തിയെന്നാണ്‌ കണക്ക്‌.

കുറിഞ്ഞിക്കാടുകള്‍ നിറഞ്ഞ പുല്‍മേടുകളില്‍ ഇത്തരം വിദേശവൃക്ഷങ്ങളെ നട്ടുപിടിപ്പിക്കുമ്പോള്‍, അത്‌ കുറിഞ്ഞിക്കാടുകളുടെ അന്ത്യം കുറിക്കുന്നു. കുറിഞ്ഞിയില തിന്നു ജീവിക്കുന്ന വരയാടുകള്‍ക്ക്‌ തീറ്റ കിട്ടാതാവും. ഒരു നാഷണല്‍ പാര്‍ക്കുകൊണ്ടും ഈ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ കഴിയാതെ വരും. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വരയാടുകളുടെ എണ്ണം ആയിരത്തിന്‌ മുകളില്‍ മാത്രമാണ്‌. ലോകത്ത്‌ വേറെയൊരിടത്തും ഈ ജീവിവര്‍ഗ്ഗം ഇന്നവശേഷിക്കുന്നില്ല എന്നോര്‍ക്കുക.

മുരുകന്റെ പുഞ്ചിരി

വംശനാശത്തിന്റെ വക്കിലെത്തിയ സസ്യങ്ങള്‍ക്കും ജീവികള്‍ക്കുമിടിയിലാണ്‌ ഞാനെന്ന ചിന്ത മനസിനെ ഗ്രസിച്ചു. കേരളത്തിന്റെ ഈ ഉച്ചിയിലേക്ക്‌ കയറിവരുന്നവരുടെ കണ്ണുകളിലെ ആശങ്ക, ഇനിയൊരിക്കല്‍ കാണാന്‍ മാത്രം ഇതൊക്കെ അവശേഷിക്കുമോ എന്നതാണ്‌. അതുകൊണ്ടു തന്നെ വരുന്നവരെല്ലാം കൈയില്‍ ക്യാമറയും കരുതിയിരിക്കുന്നു. ഈ നിമിഷങ്ങളെ അനശ്വരമാക്കാന്‍. രണ്ടു ചെറുപ്പക്കാര്‍, മുഖത്ത്‌ പ്രകടമായ നിരാശയോടെ മലകയറി വരുന്നു. ഞങ്ങളെ കണ്ടതും അവരുടെ മുഖത്ത്‌ പ്രതീക്ഷ. അവരുടെ ക്യാമറ പ്രവര്‍ത്തിക്കുന്നില്ല, അത്‌ ഞങ്ങളൊന്നു നോക്കണം, അതാണ്‌ പ്രശ്നം. ആ യാഷിക്ക ക്യാമറയ്ക്ക്‌ തകരാറൊന്നുമില്ലെന്നു പറഞ്ഞ്‌ പ്രവര്‍ത്തിച്ചു കാണിച്ചപ്പോള്‍, അവരുടെ മുഖം തെളിഞ്ഞു. 'ഇത്‌ എറിഞ്ഞു പൊട്ടിക്കാന്‍ തോന്നി'- അതിലൊരു ചെറുപ്പക്കാരന്‍ പറഞ്ഞു. 'കുറിഞ്ഞിക്കാട്ടില്‍ ഇത്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നെയെന്താ ചെയ്ക'. അത്‌ ശരിയാണെന്ന്‌ എനിക്കും തോന്നി.

സിഗരറ്റും ചുണ്ടില്‍ വെച്ച്‌ ബൈക്കില്‍ കയറിവരുന്ന മറ്റൊരു ചെറുപ്പക്കാരനെ കണ്ടപ്പോള്‍ കരുണാകരന്‍ പറഞ്ഞു. 'ഇത്തവണ ഈ പുല്‍മേട്‌ ആരുടെയെങ്കിലും അശ്രദ്ധകൊണ്ട്‌ തീപിടിക്കാനിടയായാല്‍, 2006-ല്‍ ഇവിടെ കുറിഞ്ഞി പൂക്കില്ല'. ശരിയാണ്‌, കാട്ടുതീ എല്ലാവര്‍ഷവും ഈ പുല്‍മേടുകളെ വേട്ടയാടാറുണ്ടെങ്കിലും, ഈ വര്‍ഷം വളരെ നിര്‍ണായകമാണ്‌. സാധാരണഗതിയില്‍ തീപിടിച്ചാലും കുറിഞ്ഞി വീണ്ടും തളിര്‍ത്തുവരും. പക്ഷേ, പൂക്കാലം വിത്തിന്റെ കൂടി കാലമാണ്‌. വീണ്ടും കുറിഞ്ഞി ഉണ്ടാകണമെങ്കില്‍, വിത്ത്‌ നശിക്കാതിരിക്കണം. അതിന്‌ ഇത്തവണ തീ പിടിക്കാതിരിക്കണം. ഉണ്ടായാല്‍...ഇല്ല, മുരുകന്റെ പുഞ്ചിരി അങ്ങനെയൊന്നും ഈ മലഞ്ചെരുവില്‍ നിന്ന്‌ മാഞ്ഞുപോകില്ല.

1 comment:

വിഷ്ണു പ്രസാദ് said...

ആരും വായിച്ചില്ലെന്നു തൊന്നി ഈ ബ്ലോഗെഴുത്ത് നിര്‍ത്തല്ലേ. വീണ്ടും വീണ്ടും വായിക്കാനായി ഇതിലെ എല്ലാ പോസ്റ്റുകളും ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു.നാല്‍ക്കണ്ണികളും,ബുദ്ധമയൂരികളും മറ്റും ഞാന്‍ താമസിക്കുന്ന ആനക്കരയിലും ഉണ്ട്.