Sunday, November 05, 2006
കാലത്തില്‍ നിന്നു കാതങ്ങള്‍ക്കകലെ
(1993 മെയ് 16-ന്റെ മാതൃഭൂമി (Mathrubhumi) വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍)
പത്താംതരം പാസ്സായ രണ്ടേരണ്ടു പേര്‍; പഞ്ചായത്തിലാകെ ഒരേയൊരു കക്കൂസ്! കേരളീയത കണികാണാത്ത ഒരു കേരളഗ്രാമത്തിലൂടെ....
ക്ഷേത്രഗണിത ആകൃതിയില്‍ ചെങ്കുത്തായ മലനിരകള്‍. മലഞ്ചെരുവുകളില്‍ ചിതറിക്കിടക്കുന്ന ഗോതമ്പുവയലുകളു (wheat fields)ടെ ചതുരങ്ങള്‍. ഇടയ്ക്കിടെ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുകുപാടങ്ങള്‍. അവിടവിടെ പേരറിയാത്ത വിചിത്രപുഷ്പങ്ങള്‍. ശൈത്യത്തിന്റെ കാഠിന്യമാര്‍ന്ന സാന്നിധ്യം. അതു വകവെയ്ക്കാതെ അലസമായി മേഞ്ഞുനടക്കുന്ന കോവര്‍കഴുതകള്‍. അവയ്ക്കിടയിലൂടെ കമ്പിളിപുതച്ച് കൂനിക്കൂടി നീങ്ങുന്ന കുറേ മനുഷ്യര്‍-ആകാശത്തേക്കു തുറന്നുവെച്ച പ്രകൃതിയുടെ ഹൃദയത്തില്‍ ഇതാ, ഒരു ഗ്രാമം! കേരളത്തില്‍ ഇങ്ങനെയൊരു ഗ്രാമമോ? അതെ, കേരളീയത തൊട്ടുകുളിക്കാത്ത കേരളഗ്രാമമാണ് വട്ടവട (Vattavada).
മൂന്നാറില്‍ (Munnar) നിന്ന് 52 കിലോമീറ്റര്‍ കിഴക്കോട്ടു യാത്ര ചെയ്യുക. ആകാശച്ചെരുവില്‍ നെടുനീളെ വിതറിയിട്ടിരിക്കുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നീങ്ങുമ്പോള്‍, ദുര്‍ഘടമായ പാതയിലെ പൊടിയില്‍ കണ്ണുതുറക്കാന്‍ വിഷമം തോന്നിയാലും, രണ്ടു കണ്ണുകള്‍കൊണ്ടു മാത്രം ഉള്‍ക്കൊള്ളാനാവാത്ത പ്രകൃതിയുടെ ചാരുതയാണ് ചുറ്റും. പശ്ചിമഘട്ടത്തിലെ ചേതോഹരമായ സമൃദ്ധിയുടെ സാന്നിധ്യങ്ങള്‍ക്കു നടുവിലൂടെ, കുറിഞ്ഞിപൂക്കുന്ന മലഞ്ചെരുവുകളാണ് ചുറ്റിനും എന്ന പ്രലോഭനീയമായ അറിവില്‍, മാട്ടുപ്പെട്ടി (Mattupetty) പിന്നിട്ട്, ചെണ്ടുപുരകൂടി, യെല്ലപ്പെട്ടി കഴിഞ്ഞ് കേരള (Kerala)-തമിഴ്‌നാട് (Tamil Nadu) അതിര്‍ത്തിയിലൂടെ വട്ടവട എത്താം.
നമ്മളില്‍ നിന്നും കാലത്തില്‍ നിന്നും കാതങ്ങള്‍ക്കകലെ, അജ്ഞതയാല്‍ ആവരണമിട്ട ഒരത്ഭുതമായി വട്ടവട ഗ്രാമം. ഈ ഗ്രാമത്തിലേക്ക് ആദ്യം യാത്രചെയ്യാനൊരുങ്ങുന്ന ഒരാള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ പരസ്പരവിരുദ്ധങ്ങളാവാം. അടിമാലി (Adimali)യില്‍ നിന്ന് ഒരാള്‍ പറഞ്ഞത്, ബസ്സിറങ്ങി 20 കിലോമീറ്റര്‍ നടന്നാലേ വട്ടവട എത്തൂ എന്നാണ്. മറയൂരില്‍ (Marayur) നിന്ന് അറിഞ്ഞത്, കഞ്ചാവ് ചെടികള്‍ക്കിടയില്‍ പടര്‍ന്നു കിടക്കുന്ന ഒരു വനപ്രദേശമാണ് ഇത് എന്നാണ്. സംശയകരമായി ഒരാളവിടെ എത്തിയാല്‍ മടങ്ങിപ്പോരാന്‍ വിഷമമാണത്രേ! മൂന്നാറില്‍ രാത്രിതാപനില മൈനസ് നാല് ഡിഗ്രി ആയിരിക്കുമ്പോള്‍ വട്ടവടയില്‍ അത് മൈനസ് പത്തു ഡിഗ്രി ആയിരിക്കുമെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
ഈ പ്രസ്താവനയിലടങ്ങിയിരിക്കുന്ന അതിശയോക്തി നീക്കംചെയ്താലും ഇതില്‍ അല്‍പ്പം വാസ്തവമുണ്ട്. തണുപ്പിന്റെ ശക്തികൊണ്ട് സമയത്ത് നെല്ലു (rice) വിളയാത്ത പ്രദേശമാണ് വട്ടവട. ഇവിടെ വയലുകളില്‍ നെല്‍ച്ചെടികള്‍ കതിരിടാന്‍ പത്തുമാസം വേണം; വാഴ (banana tree) കുലയ്ക്കാന്‍ മൂന്നു വര്‍ഷവും! അതിശൈത്യത്തില്‍ മനുഷ്യന്‍ മാത്രം അകാലത്തില്‍ വാര്‍ധക്യം ബാധിച്ച് അകാലത്തില്‍ മരിക്കുന്നു. പോഷകാഹാരക്കുറവിലും തണുപ്പിലും പൊരിഞ്ഞുപൊട്ടിയ മുഖങ്ങളുമായി കുറെ കുട്ടികള്‍. അവരുടെ മിഴികളില്‍ ക്ഷീണത്തിന്റെയും തണുപ്പിന്റെയും വിളര്‍ച്ച.
കാലത്തിലൂടെ പിന്നോട്ടു യാത്ര ചെയ്തെത്താവുന്ന സ്ഥലങ്ങളിലൊന്നാണ് വട്ടവട. ഇതൊരു ഒറ്റപ്പെട്ട ലോകമാണ്. ഒരു ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ എല്ലാ ലക്ഷണങ്ങളും പേറുന്ന അന്തരീക്ഷം. അമ്പതുവര്‍ഷം മുമ്പത്തെ ഒരു തമിഴ്ഗ്രാമത്തില്‍ വന്നിറങ്ങിയ പ്രതീതി.
കല്ലുപാകിയ ഇടുങ്ങിയ വൃത്തിഹീനമായ തെരുവിനിരുവശവും അട്ടിയടുങ്ങിയ പൊക്കം കുറഞ്ഞ വീടുകള്‍. എല്ലാവരും ഇറങ്ങുന്നത് തെരുവിലേക്കാണ്. അസാധാരണമായ തിരക്കാണ് വട്ടവടയുടെ പ്രധാന കേന്ദ്രമായ കോവിലൂര്‍ (Kovilur) എന്ന സ്ഥലത്തനുഭവപ്പെടുന്നത്. തിക്കും തിരക്കും കോലാഹലവും. നിശബ്ധതയെ സ്നേഹിക്കുകയും ഉപാസിക്കുകയും ചെയ്യുന്നത് ഒരേയൊരു വര്‍ഗ്ഗം മാത്രം-കോവര്‍ കഴുതകള്‍ (mules)!
വീടുകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ കോളനിയുടെ ഇത്തിരി വട്ടം കഴിഞ്ഞാല്‍ മലഞ്ചെരുവുകളും കൃഷിയിടങ്ങളും മാത്രം. വീടുകളെല്ലാം ഇവിടെ ഒരിടത്തു കേന്ദ്രീകരിച്ചിരിക്കുന്നു. കോലാഹലങ്ങള്‍ക്കിടയിലൂടെ ഒരു ഘോഷയാത്ര. ഗ്രാമം മുഴുവന്‍, മുന്നിലായി പോകുന്ന മഞ്ചലിനുപിന്നില്‍ മെല്ലെ നീങ്ങുന്നു. ഒരു മരണം നടന്നിരിക്കുന്നു.അലങ്കരിച്ച മഞ്ചലില്‍ ശവത്തെ നേരെ ഇരുത്തിയിരിക്കുന്നു. വിചിത്രമായ ഒരു സംഗീതോപകരണത്തിന്റെ നാദം, നിശ്ശബ്ദതയില്‍നിന്നുയരുന്ന ഞാണൊലികള്‍ പോലെ മുറുകിക്കേള്‍ക്കാം.സുഖമില്ലാതെ കിടന്ന ഒരു പെണ്‍കുട്ടിയാണ് മരിച്ചത്. മരണകാരണം തിരക്കിയാല്‍, അവരുടെ വിശദീകരണം നമുക്ക് മനസിലായില്ല എന്നുവരാം. കാരണം, അതവര്‍ക്ക് അറിയില്ല. അജ്ഞാതരോഗങ്ങള്‍ തുടരെ പ്രത്യക്ഷപ്പെടുന്ന ലോകമാണ് വട്ടവട. അപ്രതീക്ഷിതമായി പലരും ഇവിടെ മരിക്കുന്നു.
ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററിലെത്താന്‍ അമ്പത്തിരണ്ടു കിലോമീറ്റര്‍ താണ്ടി മൂന്നാറിലെത്തണമെങ്കില്‍, അത്തരമൊരു സ്ഥലത്ത് അജ്ഞാതരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണമറിയാന്‍ എളുപ്പമാണല്ലോ! ചടങ്ങുകള്‍ക്കുശേഷം പടക്കങ്ങള്‍ പൊട്ടുന്നു. ഒരാത്മാവിന്റെ അന്ത്യയാത്ര വട്ടവട നിവാസികള്‍ ശബ്ദമുഖരിതമായി ആഘോഷിക്കുകയാണ്.
'കുതിര'യെന്നാണ് കോവര്‍കഴുതയെ വട്ടവടക്കാര്‍ വിളിക്കുന്നത്. ഒരു യഥാര്‍ത്ഥ കുതിരയില്‍ നിന്ന് കോവര്‍കഴുതയിലേക്കുള്ള പരിണാമദൈഘ്യം തന്നെയാണ്, പരിഷ്കാരങ്ങളുമായി വട്ടവടക്കാര്‍ക്കുള്ള യഥാര്‍ത്ഥ അകലം!
പൊടിനിറഞ്ഞ ദുര്‍ഘടമായ പാതകള്‍ താണ്ടി മൂന്നാറില്‍ നിന്ന് പകല്‍ സമയത്തെത്തുന്ന രണ്ടു പ്രൈവറ്റ് ബസ്സുകള്‍ വട്ടവടയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നു. ഇവിടെ പഞ്ചായത്ത് ഓഫീസുണ്ട്. വില്ലേജ് ഓഫീസും കൃഷിഭവനുമുണ്ട്. എങ്കിലും അവയൊക്കെ അറിയപ്പെടാത്ത പുറംലോകത്തു നിന്നു വട്ടവടയില്‍ കുടിയേറിയതെന്ന ഒരു പരിവേഷത്തോടെ ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള താവളങ്ങള്‍ മാത്രം.
1508 കുടുംബങ്ങളുള്ള വട്ടവട പഞ്ചായത്തില്‍ എസ് എസ് എല്‍ സി വിദ്യാഭ്യാസം നേടിയ രണ്ടുപേരാണുള്ളത്. പഞ്ചായത്തിലെ ഒരേയൊരു കക്കൂസ് കോവിലൂരിലെ കൃഷിഭവനിലും! പട്ടികജാതിയില്‍പെട്ട മലയര്‍ (Malayar) എന്ന വിഭാഗമാണ് വട്ടവട പഞ്ചായത്തില്‍ കൂടുതല്‍. നായാടി (Nayadi), മുതുവര്‍ (Mudugar) എന്നീ ആദിവാസി വിഭാഗങ്ങളുമുണ്ട്.
തണുപ്പുറഞ്ഞുകൂടിയിരിക്കുന്ന മലഞ്ചെരുവുകളില്‍ നെല്ലോ വാഴയോ ഒന്നും സമയത്തു വിളവുനല്‍കാത്തതുകൊണ്ട് സൂചിഗോതമ്പും വെളുത്തുള്ളിയും ബീന്‍സും കാബേജും കടുകും ഒക്കെ കൃഷിചെയ്യുന്നു. ഡിസംബറിലെ കഠിനശൈത്യത്തില്‍ ഗോതമ്പിനായി പാടങ്ങള്‍ ഒരുക്കുന്നു. വളമോ വെള്ളമോ ഒന്നും സമൃദ്ധമായ മണ്ണിന് ആവശ്യമില്ല. മാര്‍ച്ചുമാസത്തില്‍ ഗോതമ്പിന്റെ വിളവെടുത്തുകഴിഞ്ഞാല്‍ വട്ടവടക്കാരുടെ പ്രധാന വരുമാനമാര്‍ഗമായ വെളുത്തുള്ളി (garlic) കൃഷിക്കായി പാടങ്ങള്‍ ഒരുങ്ങുകയായി. കേരളത്തില്‍ വെളുത്തുള്ളി കൃഷിയുള്ള ഏകസ്ഥലമാണ് വട്ടവട. ഇടയ്ക്കിടെ കടുകുവയലുകളില്‍, മഞ്ഞപ്പൂക്കളുടെ ചേതോഹരമായ ഉടയാടകള്‍ പ്രത്യക്ഷപ്പെടുന്നു.
6785 ഹെക്ടര്‍ വസ്തീര്‍ണമുള്ള ഈ പഞ്ചായത്തിന്റെ 75 ശതമാനവും വനപ്രദേശമാണ്. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള 1647 ഹെക്ടര്‍ സ്ഥലമാണ് കൃഷിഭൂമി. കേരളത്തിലെ ആധുനിക കാര്‍ഷികശാസ്ത്രവും പഠിച്ച് വട്ടവട എത്തുന്ന ഒരു കാര്‍ഷികോദ്യോഗസ്ഥന് ഇവിടം ഒരു വെല്ലുവിളിയാണ്. താന്‍ പഠിച്ചതൊന്നും പ്രയോഗിക്കാനാവാത്ത പ്രതിസന്ധി. ഗ്രാമീണര്‍ ചെയ്യുന്ന, തികച്ചും അപരിചിതമായ കൃഷിരീതികളില്‍ നിന്ന് അയാള്‍ പഠിച്ചുതുടങ്ങണം, പുതിയൊരു കൃഷിരീതി.
പഞ്ചായത്തും ഭരണസമിതിയും പ്രസിഡണ്ടുമൊക്കെ ഉണ്ടെങ്കിലും വഴക്കുകള്‍ തീര്‍ക്കേണ്ടത് മിക്കവാറും ഊരുമൂപ്പന്‍ (Village Chief) ഗണപതിയുടെ ജോലിയാണ്. ഊരുമൂപ്പനും മൂപ്പന് കീഴിലുള്ള 'മന്ത്രി'മാരും പരാതികള്‍ കേട്ട്, കുറ്റം വിശകലനം ചെയ്ത്, ശിക്ഷ വിധിക്കുന്നു. പലപ്പോഴും ഒരു മുന്നറിയിപ്പോ ഉപദേശമോ ഒക്കെയാവും ശിക്ഷ.
ശൈത്യകാലമാണെങ്കില്‍ തെരുവുകള്‍ നേരത്തെ വിജനമാവും. സൂര്യനസ്തമിക്കുന്നതോടെ ഒച്ചയും അനക്കവും തണുപ്പിന്റെ കാഠിന്യത്തോടൊപ്പം അലിഞ്ഞുചേര്‍ന്നില്ലാതാവുന്നു. യാത്രികന് ഒന്നു മുറിക്കു പുറത്തിറങ്ങണമെങ്കില്‍ ആവാം, പക്ഷേ, അസ്ഥിതുളയ്ക്കുന്ന തണുപ്പില്‍ വിറയ്ക്കാതെ കഴിയില്ല. നക്ഷത്രങ്ങള്‍ക്കൊന്നും ഇവിടെ മാറ്റമില്ല. അവ അനന്തമായ കാലത്തിനപ്പുറം നിന്നു കണ്ണുചിമ്മുന്നു. ഗോതമ്പുവയലുകളില്‍ കാറ്റ് നിമിഷനേരം ഇരുട്ടില്‍ നിശബ്ദത പാലിക്കുന്നു. ഒരു രാപ്പാടിയുടെ വിലാപം രാത്രിയുടെ നിശ്ശബ്ദതയിലേക്ക് ആണ്ടിറങ്ങുന്നു. അകലെ ബോഡിനായ്ക്കന്നൂര്‍ ചുരത്തിലൂടെ കാറ്റ് ഞെരുങ്ങി കടന്നുപോവുകയാണ്....
അതിരാവിലെ മൂന്നാറിലേക്ക് ഒരു ബസുണ്ട്. പുറംലോകത്തേക്കു പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അത് ഉച്ചത്തില്‍ ഹോണ്‍ മുഴക്കുന്നു. ബസ്സിനരികില്‍ തീ കത്തിക്കുകയാണ്; രാത്രിയിലെ തണുപ്പില്‍ ഉറഞ്ഞുപോയ യന്ത്രഭാഗങ്ങളിലെ ഓയില്‍ ചൂടാക്കി ബസ്സിന് ജീവന്‍ വെപ്പിക്കുകയാണ്.
വിണ്ടുകീറിയ മുഖങ്ങളുള്ള കുട്ടികളെ ചേലയില്‍ പൊതിഞ്ഞ്, ബോഡിനായ്ക്കന്നൂരിനും യെല്ലപ്പെട്ടിക്കും പോകാനുള്ള യാത്രികര്‍ ബസ്സില്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നു. അവരുടെ കരുവാളിച്ച മുഖങ്ങളില്‍ നിഷ്കളങ്കതയുടെ പുലരി പ്രതിഫലിക്കുന്നു. അടുത്തിരിക്കുന്നവരോട് തികച്ചും ഗ്രാമീണമായ തമിഴില്‍ യാത്രക്കാര്‍ നിര്‍ത്താതെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.
ബസ്സ് നീങ്ങുകയാണ്, കാലത്തിന്റെ കാതങ്ങള്‍ക്കകലെനിന്ന് വര്‍ത്തമാനത്തിന്റെ പുറംലോകത്തേക്ക്......
Subscribe to:
Post Comments (Atom)
2 comments:
വാരാന്തപ്പതിപ്പിലെ ഇന്നലത്തെ ലേഖനം വായിച്ചിരുന്നു. അതില്‍ സൂചിപിച്ച പതിമൂന്ന് വര്‍ഷം മുമ്പെത്തെ ലേഖനം ഇവിടെ പോസ്റ്റ് ചെയ്തത് ഉചിതമായി...
ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കുശേഷവും വട്ടവടയുടെ പാരിസ്ഥിതിക ദുര്‍വിധി മാറ്റമില്ലാതെ കൂടുതല്‍ ദുഷ്കരമായിരിക്കുന്നു. മഴ എന്നേ വട്ടവടയെ ഉപേക്ഷിച്ചു കഴിഞ്ഞു നെല്ല്കൃഷി പൂര്‍ണമായി ഇല്ലാതായിരിക്കുന്നു .ഗോതമ്പും റാഗിയും വല്ലോപോഴും ചെയ്തലായി. വട്ടവടയുടെ മലമടക്കുകള്‍ പൂര്‍ണമായി ഗ്രാന്‍ഡിസിന് കീഴടങ്ങിയിരിക്കുന്നു കുടിവെള്ളം പോലും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍.....
ഒരു ജനത കൂട്ട പലായനത്തിന്‍റെ വക്കിലും.....
ഗ്രാന്‍ഡിസ് കൃഷി ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കിയെന്ന് ചരിത്രം പറയുന്ന കാലം വരുന്നു.
ഇനിയെങ്കിലും നമ്മുടെ സര്‍ക്കാരുകള്‍ കണ്ണ് തുറക്കുമോ.....?
കാത്തിരിക്കാം ല്ലെ....?
Post a Comment