ലക്ഷക്കണക്കിനാളുകള്‍ക്ക് തീരാവേദന സമ്മാനിക്കുന്ന ആമവാതം(റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്) പോലുള്ള പ്രതിരോധവൈകല്യ രോഗങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്ന് പ്രതിവിധിയെത്തുന്നു
ആമവാതം, ടൈപ്പ്-ഒന്ന് പ്രമേഹം പോലുള്ള പ്രതിരോധവൈകല്യരോഗങ്ങള്‍ക്ക് പ്രതിവിധിയായേക്കാവുന്ന രണ്ട് രാസവസ്തുക്കള്‍ അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരിനം കടല്‍ച്ചൊറിയില്‍ നിന്നും, ബ്രഹ്മിയുടെ വര്‍ഗ്ഗത്തില്‍ പെട്ട ചെറുചെടിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത രാസവസ്തുക്കളാണ് പുതിയ പ്രതീക്ഷയാകുന്നത്. വൈദ്യശാസ്ത്രത്തിന് ഇനിയും കീഴടങ്ങാത്ത പല രോഗങ്ങള്‍ക്കും പ്രകൃതയില്‍ നിന്നാകാം പ്രതിവിധി ലഭിക്കുകയെന്ന കാര്യം അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ കണ്ടുപിടിത്തം.
ശരീരത്തെ രോഗാണുക്കളില്‍ നിന്നും അര്‍ബുദബാധയില്‍ നിന്നും സംരക്ഷിക്കുന്ന ചുമതലയാണ് പ്രതിരോധസംവിധാനത്തിനുള്ളത്. രക്തത്തിലെ ശ്വേതരക്താണുക്കളായ ടി-കോശങ്ങളാണ് പ്രതിരോധസംവിധാനത്തിലെ സൈനികര്‍. ചിലസന്ദര്‍ഭത്തില്‍ ഈ കോശങ്ങളില്‍ ഒരുഭാഗം ശരീരത്തെ ശത്രുവെന്ന് തെറ്റിദ്ധരിച്ച് തിരിച്ച് ആക്രമിക്കും. ജനിതകമോ പാരിസ്ഥിതികമോ ആയ കാരണങ്ങളാല്‍ ഇത് സംഭവിക്കാം. ആമവാതം, ടൈപ്പ്-ഒന്ന് പ്രമേഹം(ജുവനെയില്‍ ഡയബറ്റിസ്) എന്നിവയൊക്കെ പ്രതിരോധസംവിധാനത്തിന്റെ ഈ വൈകല്യം മൂലമുണ്ടാകുന്ന രോഗങ്ങളാണ്. 'ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍' എന്നറിയപ്പെടുന്ന ഇവയ്ക്ക് പ്രതിവിധി കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ശരീരത്തെ ആക്രമിക്കുന്ന വികലപ്രതിരോധകോശങ്ങളെ നിര്‍വീര്യമാക്കുന്ന രാസവസ്തുക്കളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇര്‍വിനില്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ ജോര്‍ജ്ജ് ചാണ്ടി, ക്രിസ്റ്റിന്‍ ബീറ്റോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നില്‍. മനുഷ്യരിലും എലികളിലും ഈ രാസവസ്തുക്കള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണം പ്രതീക്ഷ നല്‍കുന്നതായി ഗവേഷകര്‍ പറയുന്നു. ക്യൂബന്‍ കടല്‍ച്ചൊറി(സീ ആനിമോണ്‍)യില്‍ നിന്നു വേര്‍തിരിച്ചെടുത്ത 'എസ്.എല്‍-5' എന്ന രാസവസ്തുവും, ബ്രഹ്മിയുടെ വര്‍ഗ്ഗത്തില്‍ പെട്ട ചെടി(റൂള്‍ ചെടി)യില്‍ നിന്നുള്ള 'പി.എ.പി-1' എന്നതുമാണ് ചികിത്സയ്ക്കുപയോഗിച്ച രാസവസ്തുക്കള്‍.
വികലപ്രതിരോധകോശങ്ങള്‍ ശരീരത്തിന്റെ സന്ധികളെ ആക്രമിക്കുന്നതാണ് ആമവാതത്തിന് കാരണം. സന്ധികളില്‍ വീക്കവും കഠിനമായ വേദനയും വൈകല്യവുമൊക്കെയുണ്ടാകാന്‍ ഇതു കാരണമാകും. ഇത്തരത്തില്‍ ഹൃദയപേശികള്‍ ആക്രമിക്കപ്പെട്ടാല്‍ മരണം വരെ സംഭവിക്കാം. പാന്‍ക്രിയാസിലെ കോശങ്ങള്‍ ഇത്തരത്തില്‍ തെറ്റായി ആക്രമിക്കപ്പെട്ട് നശിക്കുന്നതിന്റെ ഫലമാണ് 'ടൈപ്പ്-ഒന്ന് പ്രമേഹം'. പ്രതിരോധകോശങ്ങളെ ആക്രമണകാരികളാക്കുന്ന ഒരു 'അയണ്‍ചാനല്‍' കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ആ ചാനല്‍ തടസ്സപ്പെടുത്തുക വഴി ഈ വികലകോശങ്ങളെ നിര്‍വീര്യമാക്കുകയാണ് രണ്ട് രാസവസ്തുക്കളും ചെയ്യുക. അത്ഭുതശേഷിയുള്ള ഇത്തരം ഒട്ടേറെ രാസവസ്തുക്കള്‍ പ്രകൃതിയില്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഭൂമുഖത്തെ ജൈവവൈവിധ്യം നശിക്കാതെ കാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു(അവലംബം: പ്രോസെഡിങ്ങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്സ്).
No comments:
Post a Comment