Saturday, November 04, 2006
കുറിഞ്ഞി കൈവിട്ട ഗ്രാമം
ഒരു കുറിഞ്ഞിക്കാലത്തിന് മുമ്പ് വട്ടവട മഴയുടെയും തണുപ്പിന്റെയും കൂരാടമായിരുന്നു. 'നാല്പതാംനമ്പര്മഴ' പെയ്തിരുന്ന അപൂര്‍വ്വം പ്രദേശങ്ങളിലൊന്ന്. ഗോതമ്പുകൃഷി ചെയ്യുന്ന കേരളഗ്രാമം. പതിമൂന്ന് വര്‍ഷത്തിന് ശേഷം വട്ടവട സന്ദര്‍ശിച്ച ലേഖകന്‍ കണ്ടത് മഴയോ വെള്ളമോ ഇല്ലാതെ, മണ്ണുമരിച്ചു തുടങ്ങിയ ഗ്രാമത്തെയാണ്. വട്ടവടയിലെ നീലക്കുറിഞ്ഞിക്കാടുകള്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. ഗ്രാന്‍ഡിസ് കൃഷി ഗ്രാമത്തെ ശരിക്കുമൊരു പരിസ്ഥിതി ദുരന്തത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഐശ്വര്യം കൊണ്ടുവരുന്നു നീലക്കുറിഞ്ഞി. ഇടുക്കിയിലെ വട്ടവട ഗ്രാമവാസികളും ഇക്കാര്യം വിശ്വസിക്കുന്നു. കാലങ്ങളായി അവര്‍ കുറിഞ്ഞിപ്പൂക്കാലത്തെ അങ്ങനെയാണ് സമീപിക്കുന്നതും. മലഞ്ചെരുവുകള്‍ നീളെ നീലകുറിഞ്ഞി (Neelakurinji) പൂവിട്ടു തുടങ്ങിയാലുടന്‍ ഊരുമൂപ്പന്റെ നേതൃത്വത്തില്‍ പൂജാരിയെ (പുലയനെ) കൊണ്ടുവന്ന് 'കുറിഞ്ഞിപ്പൊങ്കാല'യിടും; കുറിഞ്ഞിയാണ്ടവന് പഴങ്ങള്‍ നേദിക്കും. ആ ചടങ്ങില്‍ വെച്ചാണ് പൂജാരി തേനീച്ചകളെ ക്ഷണിക്കുക. രണ്ടുമാസം കഴിഞ്ഞ് ഉത്സവഛായകലര്ന്ന മറ്റൊരു ചടങ്ങില്‍ വെച്ച് പൂജാരി ആദ്യകുറിഞ്ഞിതേന് ആണ്ടവന് നേദിക്കും. അതുകഴിഞ്ഞാല്‍ ഗ്രാമവാസികള്‍ക്ക് മലഞ്ചെരിവുകളില്‍ നിന്ന് ഇഷ്ടംപോലെ തേന്‍ ശേഖരിക്കാം. നീലക്കുറിഞ്ഞിക്കാലത്തെ അവരങ്ങനെ ആഘോഷമാക്കുന്നു; തേനൂറുന്ന ആഘോഷം.
'കുറിഞ്ഞിക്കാലം തേനിന്റെ സമയം കൂടിയാണ്. നല്ലവാസനയുള്ള, പ്രത്യേക ഗുണമുള്ള ഒന്നാണ് കുറിഞ്ഞിത്തേന്‍' വട്ടവടയില്‍ കോവിലൂരിലെ വി.കെ.പളനിസ്വാമി അറിയിക്കുന്നു. തേന്‍(honey)ശേഖരിക്കലാണ് പളനിസ്വാമിയുടെ മുഖ്യതൊഴില്‍. അറുപത്തിയഞ്ചു വയസ്സിനിടെ നാല് കുറിഞ്ഞിത്തേനെടുത്ത പളനിസ്വാമിക്ക് നീലക്കുറിഞ്ഞിയുടെ വ്യാഴവട്ടങ്ങള്‍ സ്വന്തം ജീവിതരേഖ തന്നെയാണ്. പക്ഷേ, ഇത്തവണ ഗ്രാമവാസികള്‍ക്ക് തേനെടുക്കേണ്ടി വന്നില്ല. കാരണം കുറിഞ്ഞിക്കാടുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. വട്ടവടയില്‍ നീലക്കുറിഞ്ഞി പൂത്തിരുന്ന മലഞ്ചരുവുകളും പുല്‍മേടുകളും ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ഗ്രാന്‍ഡീസ് തോട്ടങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു. 'കുറിഞ്ഞിയില്ല, പിന്നെങ്ങനെ തേനുണ്ടാകും'പാളനിസ്വാമിയുടെ ചോദ്യം. അതുകൊണ്ട് വട്ടവടയില്‍ ആഘോഷങ്ങളും നടന്നില്ല.
വട്ടവടയില്‍ ആഘോഷം ഉണ്ടായില്ലെങ്കിലും, അവിടെ നിന്ന് 52 കിലോമീറ്റര്‍ അകലെ മൂന്നാറി(Munar)ല്‍ ആദ്യമായി നീലക്കുറിഞ്ഞിയുത്സവം നടന്നു (മൂന്നാറിനടുത്ത് ഇരവികുളം നാഷണല്‍പാര്‍ക്കില്‍ വസന്തം വിരിയിച്ച നീലക്കുറിഞ്ഞിക്ക് നന്ദി പറയുക; ആ പ്രദേശം സംരക്ഷിക്കപ്പെടാന്‍ നിമിത്തമായ വരയാടു(Nilgir tahr)കളോടും). ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കമ്പൂര്‍ വില്ലേജുകളെ ഉള്‍പ്പെടുത്തി പുതിയൊരു 'നീലക്കുറിഞ്ഞി സാങ്ങ്ച്വറി' നിലവില്‍ വന്നതായി, ഒക്ടോബര്‍ ഏഴിന് ശനിയാഴ്ച മൂന്നാറില്‍ നടന്ന 'നീലക്കുറിഞ്ഞിയുത്സവ'ത്തിന്റെ ഉദ്ഘാടനവേളയില്‍ കേരള (Kerala) സംസ്ഥാന വനംമന്ത്രി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. നീലക്കുറിഞ്ഞിയുടെയും, അതിന്റെ ആവാസവ്യവസ്ഥയുടെയും സംരക്ഷണാര്‍ത്ഥമാണ് ഇങ്ങനെയൊരു നടപടിയെന്നും മന്ത്രി പ്രസ്താവിച്ചു. അറബിക്കടലില്‍(Arabian Sea) രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി, കോരിച്ചൊരിഞ്ഞ മഴയില്‍ കുതിര്‍ന്നാണ് മൂന്നാറില്‍ ആ ചടങ്ങ് നടന്നത്.
നീലക്കുറിഞ്ഞിയുത്സവം തുടങ്ങിയതിന്റെ പിറ്റേന്നാണ് ഈ ലേഖകന്‍ വട്ടവടയിലെത്തിയത്. മൂന്നാര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് അരീഷ് ചിറയ്ക്കലും ഒപ്പമുണ്ടായിരുന്നു. മൂന്നാറിലെ പെരുമഴയുടെയും, മാട്ടുപ്പെട്ടി (Mattupetti)യിലെ കൊടുംതണുപ്പിന്റെയും ഭീതി ഉള്ളില്‍ അവശേഷിച്ചിരുന്നു. പതിമൂന്ന് വര്‍ഷം മുമ്പ്, 1993-ല്‍ ആദ്യമായി വട്ടവട സന്ദര്‍ശിച്ചതിന്റെ ഓര്മ പുത്തനായിത്തന്നെ മനസിലുണ്ട്. അന്ന് ഇടുക്കിജില്ല (Idukki district)യില്‍ 'നാല്പതാംനമ്പര് മഴ'യെന്നറിയപ്പെടുന്ന നൂലുമഴ പെയ്തിരുന്ന അപൂര്‍വ്വം ചില പ്രദേശങ്ങളിലൊന്നായിരുന്നു കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വട്ടവട. ഗോതമ്പും (wheat) വെളുത്തുള്ളിയും കൃഷിചെയ്യുന്ന കേരളഗ്രാമം. മലഞ്ചെരുവുകളില്‍ നിന്ന് തട്ടുതട്ടായി സമതലത്തിലേക്കെത്തുന്ന പാടങ്ങള്‍. ഏതെങ്കിലും ഹിമാലയന്ഗ്രാമത്തിലാണോ വന്നുപെട്ടത് എന്ന സന്നിഗ്ധതയില്‍ സന്ദര്ശകനെയെത്തിക്കുന്ന പ്രദേശം. മൂന്നാറില്‍ നാലുഡിഗ്രി സെല്‍സിയസാണ് താപനിലയെങ്കില്‍, വട്ടവടയില്‍ അത് വട്ടപൂജ്യമായിരിക്കുമെന്ന് മുന്നറിയിപ്പ് ലഭിക്കുമായിരുന്നു. തണുപ്പിന്റെ ആധിക്യത്താല്‍ നെല്ല് (paddy) കതിരിടാന്‍ പത്തുമാസം വേണ്ടിവരുന്ന വിചിത്രസ്ഥലം. മൂന്നുവര്‍ഷം കൊണ്ടുമാത്രം കുലയ്ക്കാന് വിധിക്കപ്പെട്ട വാഴകളുടെ നാട്.
മഴയുടെയും തണുപ്പിന്റെയും ഗൃഹാതുരത്വമുണര്‍ത്തുന്ന കൂടാരം. ഒരു കുറിഞ്ഞിക്കാലത്തിന് മുമ്പത്തെ ഈ ചിത്രവും മനസില്‍വെച്ച് വട്ടവട വണ്ടിയിറങ്ങുന്നവര്‍ ശരിക്കും അമ്പരക്കും. ഉണങ്ങിപൊടിപാറുന്ന തെരുവുകളാണ് കോവിലൂരില്‍ ഇപ്പോള്‍ സന്ദര്‍ശകനെ കാത്തിരിക്കുന്നത്. മൂന്നാറില്‍ പെയ്ത പെരുമഴ വട്ടവടയെത്തിയപ്പോള്‍ എവിടെ മറഞ്ഞു? ഇവിടുത്തെ തണുപ്പിനെന്തുപറ്റി? മലഞ്ചെരുവുകളില്‍ നിന്ന് ഊര്‍ന്നിറങ്ങിയിരുന്ന കൃഷിയിടങ്ങള്‍ എങ്ങനെ താഴ്വരയുടെ അടിത്തട്ടിലേക്ക് ശോഷിച്ചു പോയി? ഗ്രാന്‍ഡീസ് തോട്ടങ്ങളുടെ ചൂളംവിളിക്കുന്ന വിരസത എങ്ങനെയാണ് ഗ്രാമത്തെ ഇത്രയേറെ ഗ്രസിച്ചത്? നീലക്കുറിഞ്ഞി അതിന്റെ സ്വപ്നവര്‍ണ്ണം ചാര്‍ത്തിയിരുന്ന മലഞ്ചെരുവുകളോ പുല്‍മേടുകളോ ഇല്ല. എവിടെയും ഗ്രാന്‍ഡീസ് തോട്ടങ്ങള്‍. ഇതാണോ തലേദിവസം 'നീലക്കുറിഞ്ഞി സാങ്ങ്ച്വറി'യായി പ്രഖ്യാപിക്കപ്പെട്ട സ്ഥലം. കലങ്ങളില്‍ വെള്ളം ചുമന്ന് ശ്രമപ്പെട്ടെത്തുന്ന സ്ത്രീകള്‍. കണ്ണോ(ഹെഡ്ലൈറ്റ്), മേല്‍മൂടിയോ ഇല്ലാത്ത കുറെ ജീപ്പ്പ്പ്പുകള്‍ വട്ടവടയെ വട്ടമിടുന്നു. ദുര്‍ഘടമായ മലഞ്ചെരുവുകളില്‍ നിന്ന് ഗ്രാന്‍ഡീസ് തടി റോഡിലെത്തികാനുള്ള ഉപാധികളാണ് 'കണ്ണില്ലാത്ത' ജീപ്പ്പ്പ്പുകള്‍. ഈ പുതിയ കാഴ്ചകള്‍ക്കൊപ്പം മാറാത്തതായി ഒന്നുണ്ട്; ധ്യാനനിമഗ്നരെന്ന പോലെ ഗ്രാമവീഥികളില്‍ അലയുന്ന കോവര്‍കഴുതകള്‍(ാൌഹലെ). ദൂരെപ്പോകാതിരിക്കാനായി അവയുടെ പിന്കാലുകള് കയറുകൊണ്ട് വട്ടംകെട്ടിയിരിക്കുകയാണ്. അതിനാല്‍, വേഗംകൂട്ടാന്‍ അവയ്ക്ക് ചാടിച്ചാടി നടക്കണം.
'ഇവിടെ ശരിക്ക് മഴപെയ്തിട്ട് ഒരു മാസമായി'മൂന്നാറിലെ പെരുമഴയുടെ നടുക്കം മനസില്‍ നിന്ന് വിട്ടുമാറിയിട്ടില്ലാത്ത ഞങ്ങളോട്, വട്ടവടയിലെ പോസ്റ്റ്മാനായ ഗോവന്ദരാജ് പറഞ്ഞു. 'നൂലുമഴയിപ്പോള് വട്ടവടയില്‍ പെയ്യാറില്ല. പെയ്താല്‍ തന്നെ അത് കുത്തിയൊഴുകിയുള്ള മഴയാണ്; ഉള്ള മണ്ണും ഒലിച്ചുപോകും'-കോവിലൂരില്‍ കട നടത്തുന്ന ഗണേശന്റെ വാക്കുകളില്‍ ഈ പ്രദേശം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധി ശരിക്കും പ്രതിഫലിക്കുന്നു. 'ലോകത്ത് എവിടെ പെയ്തില്ലെങ്കിലും, വട്ടവടയില്‍ മഴ പെയ്യുമായിരുന്നു'പളനിസ്വാമിയുടെ വാക്കുകള്‍.പക്ഷേ, അതിപ്പോള്‍ പഴങ്കഥ മാത്രം. മഴ മാത്രമല്ല മാറിയത്; തണുപ്പും മറഞ്ഞു. 'താഴ്വരയിലേക്ക് ഒഴുകിയെത്തുന്ന ഒട്ടേറെ നീരുറവകള്‍ വട്ടവടയിലെ മലഞ്ചെരുവുകളിലുണ്ടായിരുന്നു; ഗ്രാന്‍ഡീസ് കൃഷി വ്യാപകമായതോടെ അതൊക്കെ വറ്റി'-വട്ടവട സര്‍ക്കാര്‍ ഹൈസ്കൂളിലെ അധ്യാപകനായ മുരുകന് എസ്.കെ അറിയിക്കുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഗ്രാമം മിക്കപ്പോഴും നേരിടുന്നത്.
കൊടുംതണുപ്പു മൂലം നെല്ല് കതിരിടാന്‍ പത്തുമാസം വേണ്ടിയിരുന്ന വിചിത്രനാടാണ് വട്ടവട. ജൈവകൃഷിയായിരുന്നു പതിവ്. രാസവളമോ കീടനാശിനിയോ ഉപയോഗിക്കുക പതിവില്ല. അതുകൊണ്ടുതന്നെ വട്ടവടയില്‍ വിളയുന്ന അരിക്ക് ഗുണം കൂടുതലായിരുന്നു. 'ഇവിടുത്തെ ചോറ് കഴിച്ചാല്‍, മരിക്കാന്‍ കിടക്കുന്നവനും ഒരു ദിവസം കഴിഞ്ഞേ പോകൂ'- ഗോവിന്ദരാജ് സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, മഴയും വെള്ളവും ഇല്ലാതായതോടെ നെല്‍കൃഷി പാടേ ഇല്ലാതായി. 'ഒരു കൃഷി ഇല്ലാതാകുമ്പോള്‍, അതുമായി ബന്ധപ്പെട്ട് ഗ്രാമവാസികള്‍ കാലങ്ങളായി നടത്തി വരുന്ന ഒട്ടേറെ ആചാരങ്ങളും ആഘോഷങ്ങളും അന്യംനില്ക്കുന്നു'-അധ്യാപകനായ മുരുകന്റെ വാക്കുകള്‍, ഗ്രാമം നേരിടുന്ന പ്രതിസന്ധിയുടെ മറ്റൊരു വശം കാട്ടിത്തരുന്നു. 'ഏറുവെപ്പ് ' ഉത്സവം കഴിഞ്ഞേ പാടം ഉഴാന് പാടുള്ളായിരുന്നു; അതാണ് രീതി. ആ ആഘോഷം ചിങ്ങത്തിലാണ് നടക്കുക. ഫിബ്രവരിയില്‍ കളയെടുപ്പ്. അതിനുമുണ്ട് ആഘോഷം; തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനോട് സാമ്യമുള്ള ഒന്ന്. കൊയ്ത്തും അങ്ങനെ തന്നെ. ആദ്യം കൊയ്തെടുക്കുന്ന നെല്ല്, ആടിനെ വെട്ടി കാളിക്ക് ബലിയിടും. കതിര് എല്ലാ വീട്ടിലുമെത്തിക്കും. അതിനുശേഷമാണ് ഓരോരുത്തര് അവരവരുടെ പാടം കൊയ്യുക. 'പക്ഷേ, ഇപ്പോള്‍ നെല്‍കൃഷിയില്ല; ആഘോഷവും'-മുരുകന് അറിയിക്കുന്നു.
നെല്ല് മാത്രമല്ല, വാഴക്കൃഷിയും വട്ടവട വിട്ടിട്ട് വര്‍ഷങ്ങളായി. കാപ്പികൃഷി നന്നെ ചുരുങ്ങി. സൂചിഗോതമ്പ് പേരിനു മാത്രമായി. മുത്താറി(കൂവരക്, കേപ്പ)യുടെ സ്ഥിതിയും അങ്ങനെ തന്നെ. 'വട്ടവട വെളുത്തുള്ളിയെന്നാല് ഏറ്റവും ഗുണമുള്ളത് എന്ന പ്രശസ്തിയുണ്ടായിരുന്നു'ഗോവിന്ദരാജ് ഓര്‍മിപ്പിക്കുന്നു. ഇന്നത്തെ നിലയ്ക്ക് എത്രകാലം കൂടി വെളുത്തുള്ളികൃഷി വട്ടവടയിലുണ്ടാകും. കുറെയെങ്കിലും ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത് ഉരുളക്കിഴങ്ങും കാരറ്റും ബീന്സുമൊക്കെയാണ്. പന്ത്രണ്ട് വാര്‍ഡുകളിലായി 3565 കുടുംബങ്ങള്‍ വട്ടവടയില്‍ താമസിക്കുന്നു. മലയന്‍, ചെട്ടിയാര്‍, മറവന്‍, ചെക്ലിയന് തുടങ്ങിയ വിഭാഗക്കാരാണ് ഭൂരിപക്ഷവും. തമിഴ്ഗോത്രവര്ഗ്ഗഗ്രാമത്തിന്റെ പകര്‍പ്പാണ് വട്ടവട. ഇവിടെ 8000 ഏക്കര്‍ പ്രദേശത്ത് പച്ചക്കറികൃഷിയുണ്ടെന്ന് പഞ്ചായത്തിന്റെ ഔദ്യോഗികരേഖകളില്‍ പറയുന്നു. പക്ഷേ, അത് രേഖകളിലേ ഉള്ളൂ, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. മലഞ്ചെരുവിലെ പുല്‍മേടുകള്‍ ഗ്രാന്‍ഡിസിന് വഴിമാറിയതോടെ, ഗ്രാമത്തിലെ കാലിവളര്‍ത്തലും അവസാനിച്ചു. 'പത്തുവര്‍ഷം മുമ്പു വരെ ഓരോ വീട്ടിലും നൂറ് മാടുകള്‍(രമേഹേല) വരെയുണ്ടായിരുന്നു. ഇന്ന് ആ ഏര്‍പ്പാടേ ഇല്ല'കോവിലൂരിലെ ആര്‍ട്ടിസ്റ്റായ ടി. ആണ്ടവന് അറിയിക്കുന്നു.
ഒറ്റ കുറിഞ്ഞിക്കാലം കൊണ്ടാണ് വട്ടവട ഇങ്ങനെയായത്. എന്താണ് സംഭവിക്കുന്നതെന്ന് ഗ്രാമീണര്‍ക്ക് തിരിച്ചറിയാന്‍ കഴിയും മുമ്പ് കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളില്‍ പുറമേ നിന്നെത്തിയവര്‍ വട്ടവടയിലെ കൈവശഭൂമി തുച്ഛവിലയ്ക്ക് വന്‍തോതില്‍ വാങ്ങി ഗ്രാന്‍ഡിസ് കൃഷി തുടങ്ങിയതോടെയായിരുന്നു തുടക്കം. ബാങ്കുവായ്പയെടുത്ത് കൃഷിചെയ്ത് കടംകയറിയ കര്‍ഷകരെയാണ് വസ്തുകച്ചവടക്കാര് ആദ്യം ഉന്നമിട്ടത്. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാര്‍ ശാഖയാണ് വട്ടവടക്കാര്‍ക്ക് വായ്പ നല്‍കിവരുന്നത്. 'ഭൂമികച്ചവടക്കാര്‍ ആദ്യം ബാങ്കിലെത്തി കടക്കാരുടെ പട്ടികയെടുത്തു. എന്നിട്ട് കടംവീട്ടിത്താരാം പകരം സ്ഥലം തന്നാല്‍ മതിയെന്ന് പറഞ്ഞ് വട്ടവടയിലെ ഓരോ കടക്കാരനെയായി സമീപിച്ചു'-അധ്യപകനായ മുരുകന് അറിയിക്കുന്നു. കടംകൊണ്ട് പൊറുതിമുട്ടിയിരുന്ന വട്ടവടക്കാര്‍ അതില്‍ വീഴുകയും ചെയ്തു. മലഞ്ചെരുവിലെ കൈവശഭൂമി ഏക്കറൊന്നിന് വെറും രണ്ടായിരവും അയ്യായിരവും രൂപ എന്ന കണക്കിന് നാട്ടുകാര്‍ക്ക് കൈമാറി. വട്ടവടയില്‍ ഇപ്പോഴും കുറഞ്ഞത് 500 പേര്‍ക്കെങ്കിലും ലോണുള്ളതായി, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാര്‍ ശാഖാമാനേജര്‍ പി.ശശീധരക്കുറുപ്പ് അറിയിക്കുന്നു. അഞ്ചുലക്ഷം വരെ ലോണെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരും കൂട്ടത്തിലുണ്ട്.
ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ മനപ്പുറത്ത് വീട്ടില്‍ പീറ്റര്‍ എട്ടുവര്‍ഷം മുമ്പാണ് വട്ടവടയില്‍ പത്തേക്കര്‍ ഭൂമി വാങ്ങിയത്. 'ഏക്കറിന് പതിനായിരം രൂപ വീതം അന്ന് കൊടുത്തു'അദ്ദേഹം അറിയിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലയില്‍ നിന്നുള്ളവര്‍ വട്ടവടയില്‍ ഭൂമിവാങ്ങി ഗ്രാന്‍ഡിസ് കൃഷിചെയ്തിട്ടുണ്ട്. ഇടുക്കിജില്ലക്കാരാണ് അതില്‍ ഏറെയുമെന്ന് പീറ്റര്‍ പറയുന്നു. ഗ്രാന്‍ഡിസ് കൃഷിക്കു പിന്നിലെ സാമ്പത്തികശാസ്ത്രം, അത് എളുപ്പം വരുമാനം നല്‍കുമെന്നതാണ്. ആറുവര്‍ഷം വളര്ച്ചയെത്തിയാല് ഗ്രാന്‍ഡിസ് പള്‍പ്പ് നിര്‍മാണത്തിന് പാകമാകും. 'അപ്പോള്‍ ഗ്രാന്‍ഡിസ് വിറ്റാല്‍ ഒരേക്കര്‍ സ്ഥലത്തുനിന്ന് കുറഞ്ഞത് 50000 രൂപ കിട്ടും'പീറ്റര്‍ അറിയിക്കുന്നു. മുന്നൂറ് ഏക്കര്‍ വരെ വട്ടവടയില്‍ വാങ്ങി ഗ്രാന്‍ഡിസ് കൃഷിചെയ്തവരുണ്ട്. ഭൂമി കൈവിട്ടതോടെ ഗ്രാമവാസികള്‍ക്ക് ഗ്രാന്‍ഡീസ് തോട്ടങ്ങളിലെ പണി തന്നെയായി നിത്യവൃത്തിക്കുള്ള ആശ്രയം. 'കുറഞ്ഞ സമയം കൊണ്ട് സ്വന്തം സ്ഥലത്ത് വെറും കൂലിപ്പണിക്കാരായി മാറിയിരിക്കുകയാണിന്ന് വട്ടവടക്കാര്‍'ഗോവിന്ദരാജ് പറയുന്നു.
എല്ലായിടത്തും ഗ്രാന്‍ഡിസ് ആയതോടെ സ്വന്തം സ്ഥലത്ത് പരമ്പരാഗതകൃഷി തുടരാം എന്നു കരുതുന്നവര്‍ക്ക് രക്ഷയില്ലാതായി. 'തൊട്ടടുത്ത പറമ്പില്‍ ഗ്രാന്‍ഡിസ് ആണെങ്കില്‍, നിങ്ങളുടെ സ്ഥലത്ത് വേറെ എന്തു കൃഷിചെയ്തിട്ടും ഫലമില്ല'-കോവിലൂരിലെ കര്‍ഷകനായ കെ. നാഗപ്പന് അറിയിക്കുന്നു. സ്വന്തം ഓറഞ്ച് (orange) തോട്ടത്തിനരികെ ഗ്രാന്‍ഡിസ് തോട്ടമെത്തിയതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നയാളാണ് നാഗപ്പന്. താനും വൈകാതെ ഗ്രാന്ഡിസിലേക്ക് തിരിയേണ്ടിവരുമെന്ന് ആ കര്ഷകന് വേദനയോടെ പറയുന്നു. 'ഇന്നത്തെ സ്ഥിതിക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ വട്ടവടക്കാരെ മുഴുവന്‍ വേറെ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും'പളനിസ്വാമിയുടെ വാക്കുകളില്‍ നിര്‍വികാരിത.
ഒരു കുറിഞ്ഞിക്കാലത്തിന് മുമ്പ് വട്ടവടയെത്തിയപ്പോള്‍ ഈ ലേഖകന്‍ എഴുതി: കാലത്തില്‍ നിന്ന് കാതങ്ങള്‍ക്കകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം, പരിഷ്ക്കാരത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ പൊതുധാരയില്‍ നിന്ന് 50 വര്‍ഷം പിന്നിലാണ്. ഇന്നത് മാറ്റി പറയേണ്ടി വന്നിരിക്കുന്നു. പരിസ്ഥിതി നാശ (environmental degradation)ത്തിന്റെ കാര്യത്തില്‍ ഈ ഗ്രാമം കേരളത്തിലെ മറ്റ് പ്രദേശങ്ങളെ 50 വര്‍ഷത്തിലേറെ പിന്നിലാക്കിയിരിക്കുന്നു. നിസ്സഹായതയില്‍ എങ്ങോട്ടു നീങ്ങണമെന്നറിയാതെ ഉഴലുന്ന കാലുകെട്ടിവിട്ട കോവര്‍കഴുതകള്‍, ഈ ഗ്രാമത്തിന്റെ അവസ്ഥ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഗ്രാന്‍ഡിസ് എന്ന 'കുഴല്‍ക്കിണര്‍'
'യൂക്കാലിപ്റ്റസ് ഗ്രാന്‍ഡിസ് '(Eucalypus grandis) എന്നാണ് ഗ്രാന്‍ഡിന്റെ മുഴുവന്‍ പേര്. പക്ഷേ, വട്ടവടയിലും പരിസരപ്രദേശത്തുമുള്ളവര്‍ ഈ വിദേശസസ്യത്തിന് മറ്റൊരു പേരാണ് നല്‍കിയിട്ടുള്ളത്-'കുഴല്‍ക്കിണര്‍'. മണ്ണില്‍ നിന്ന് അമിതമായി വെള്ളം വലിച്ചെടുക്കുന്ന ഈ മരത്തിന് ഏറ്റവും യോജ്യമായ പേരു തന്നെയാണിത്. അറുപതുകളില്‍ ഗ്രാന്‍ഡിസ് കൃഷി വ്യാപകമായ ബ്രസീലിലെ വനമേഖലകള്‍ക്ക് സംഭവിച്ച നാശത്തിന്റെ ചരിത്രം, വട്ടവടയ്ക്ക് എന്താണ് പറ്റിയതെന്ന ചോദ്യത്തിന് ഉത്തരം നല്കുന്നു. ബ്രസിലില്‍ ഗ്രാന്‍ഡിസ് കൃഷിചെയ്ത സ്ഥലമൊക്കെ വെള്ളമില്ലാതെ തരിശായി. കാലാവസ്ഥ മാറി; മഴ (rain)യില്ലാതായി.
'രണ്ട് തരത്തിലാണ് ഗ്രാന്‍ഡിസ് കൃഷി ഭൂമിയെ നശിപ്പിക്കുന്നത്. ഗ്രാന്‍ഡിസ് അമിതമായി ഭൂഗര്‍ഭജലം (ground water) വലിച്ചെടുക്കും; ജലവിതാനം താഴും. ഒപ്പം മണ്ണിലെ സൂക്ഷ്മജീവി (microbes)കളെ പാടെ നശിപ്പിക്കും'-മൗണ്ടന്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ(Mountain Conservation Trust of India)യുടെ ചെയര്‍മാനും പാലാ സെന്റ് തോമസ് കോളേജിലെ സസ്യശാസ്ത്രവിഭാഗം മേധാവിയുമായ ഡോ.ജോമി അഗസ്തിന് അറിയിക്കുന്നു. സൂക്ഷ്മജീവികളെ നശിപ്പിക്കുക വഴി മണ്ണി (soil)നെ കൊല്ലുകയാണ് ഗ്രാന്‍ഡിസ് ചെയ്യുന്നത്. 'മണ്ണില്‍ വെള്ളം തങ്ങിനില്ക്കണമെങ്കില് ചിലയിനം സൂക്ഷ്മജീവികള്‍ കൂടിയേ തീരൂ. അവയെയാണ് ഗ്രാന്‍ഡിസ് നശിപ്പിക്കുന്നത്'-ഡോ.ജോമി അഗസ്തിന്റെ വിശദീകരണത്തില്‍ തന്നെയുണ്ട്, എന്തുകൊണ്ട് വട്ടവടയിലെ നീരുറവകള്‍ വറ്റി എന്നതിന്റെ ഉത്തരം.
മണ്ണില്‍ നിന്ന് ആഗിരണം ചെയ്യുന്ന വെള്ളം, ഇലകളുടെ കീഴ്ഭാഗത്തുള്ള സൂക്ഷ്മസുക്ഷിരങ്ങളായ 'സ്റ്റൊമാറ്റോ'(stomato) വഴിയാണ് സസ്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. സാധാരണ വൃക്ഷങ്ങളിലെല്ലാം ഇലകളുടെ കീഴ്ഭാഗത്തു മാത്രമേ ഈ സുക്ഷിരങ്ങള്‍ കാണുന്നുള്ളൂ. 'പക്ഷേ, യൂക്കാലിപ്റ്റസ് വര്‍ഗ്ഗത്തില്‍ പെട്ട ഗ്രാന്‍ഡിസ് പോലുള്ള ചെടികളുടെ ഇലകളില്‍ മേല്‍ഭാഗത്തും കീഴ്ഭാഗത്തും സ്റ്റൊമാറ്റോ കാണപ്പെടുന്നു'-ഡോ.ജോമി അഗസ്തിന് അറിയിക്കുന്നു. എന്നുവെച്ചാല്‍, മറ്റ് വൃക്ഷങ്ങള്‍ പുറന്തള്ളുന്നതിന്റെ ഇരട്ടി വെള്ളം ഗ്രാന്‍ഡിസ് ഭൂമിയില്‍ നിന്ന് വലിച്ചെടുത്ത് പുറന്തള്ളും എന്നര്‍ത്ഥം. ഇങ്ങനെ അന്തരീക്ഷത്തില്‍ കൂടുതല്‍ ജലബാഷ്പം വ്യാപിക്കുന്നത് പ്രാദേശിക കാലാവസ്ഥയെ തകിടം മറിക്കും. മഴകുറയും. ബ്രസീലില്‍ ഗ്രാന്‍ഡിസ് തോട്ടങ്ങള്‍ വ്യാപകമായ സ്ഥലങ്ങള്‍ നല്കുന്ന മുന്നറിയിപ്പ് ഇതാണ്.
കേരളത്തില്‍ നിന്ന് കിഴക്കോട്ടൊഴുകുന്ന പ്രധാന നദികളിലൊന്നാണ് പാമ്പാര്‍ (Pambar). മന്നവന്‍ചോലയില്‍ നിന്നാണ് അത് ഉത്ഭവിക്കുന്നതെങ്കിലും, വട്ടവടയിലെ നീരുറവകളും(streams) പാമ്പാറിനെ പുഷ്ടിപ്പെടുത്തുന്നു. വട്ടവടയില്‍ മഴയും വെള്ളവുമില്ലാതായാല് അത് പാമ്പാറിനെ തളര്‍ത്തും-ഡോ.ജോമി അഗസ്തിന് അറിയിക്കുന്നു. ചിന്നാര്‍ (Chinnar) വന്യജീവി സങ്കേതത്തിന്റെയും അവിടുത്തെ ആദിവാസികളുടെയും നിലനില്‍പ്പ് പാമ്പാര്‍ തളരുന്നതോടെ അപകടത്തിലാകും. വട്ടവടയുടെ പ്രതിസന്ധി ഗ്രാമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങില്ലെന്നു സാരം.
Subscribe to:
Post Comments (Atom)
4 comments:
അതിഗംഭീര ലേഖനം. വട്ടവടയെ അറിയാവുന്നവര്‍ക്ക് നൊമ്പരം അനുഭവവേദ്യമാക്കുന്ന ലേഖനം. വട്ടവടയുടേയും,കൊട്ടക്കാമ്പൂരിന്റേയും, പഴന്തോട്ടത്തിന്റേയും കാട്ടു വഴികളിലൂടെയും, നടപ്പാതകളിലൂടെയും ഒരു പാട് സഞ്ചരിച്ചിട്ടുണ്ട് ഞാന്‍.കേരളത്തിലെ ആദ്യത്തെ വ്യവഹാര രഹിത പഞ്ചായത്താണ് വട്ടവട. ഇവിടെ അടുത്താണ് കഞ്ചാവിന്റെ ലഹരി പൂക്കുന്ന കൃഷിയിടങ്ങള്‍. മഞ്ഞപ്പെട്ടിയും, കടവരിയും, കമ്പക്കല്ലും ഇവിടെയാണ്. വര്‍ഷത്തിലൊരിക്കല്‍ ഒരു ചടങ്ങു പോലെ കാട്ടുദ്യോഗസ്ഥന്മാര് കഞ്ചാവ് വേട്ടക്ക് ഇറങ്ങും.
ഗ്രാന്‍ഡിസ് ഇവിടെ വന്നതിനും, നട്ടതിനും റ്റാറ്റക്കുള്ള പങ്ക് വളരെ വലുതാണ്. മൂന്നാര്‍, ദേവികുളം,തുടങ്ങിയ എല്ലായിടത്തും വിറകിനെന്ന വ്യാജേന ഇവനെ വളര്‍ത്തി ടാറ്റ കാശു വാരുന്നു.മണ്ണിന്റെ ആഴങ്ങളില്‍ ഇറങ്ങി ഇവന് ജലം വലിച്ചെടുക്കുന്നു.മൂന്നാറിന്റെ സന്തുലിതാവസ്ഥ പാടെ മാറിപ്പോയി. ഞങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി ഇനിയും ഹൈക്കോടതിയുടെ പരിഗണന കാത്തു കിടക്കുന്നു.ഇതൊന്നും നേരെയാകുമെന്ന പ്രതീക്ഷ എനിക്കില്ല. നമ്മുടെ ഭരണകൂടങ്ങള്‍, ഉദ്യോഗസ്ഥന്മാര്, രാഷ്ട്രീയക്കാര്‍, എല്ലാവര്ക്കും ഇതില്‍ വലിയ പങ്കുണ്ട്..വട്ടവട മാത്രമല്ല, ഈ മലയോരമാകെ നശിച്ച് കൊണ്ടിരിക്കുന്നു.ആദിവാസികളേയും, കീഴ്ജാതിയില്‍ പെട്ട തമിഴന്മാരെയും പറ്റിച്ച് കുടിയേറ്റ മുതലാളിമാര്‍ എല്ലായിടവും കയ്യടക്കി ഗ്രാന്‍ഡിസ് നട്ടു കാശ് വാരുകയാണ്.കുപ്രസിദ്ധനായ ഭീകരന് തോമയെ കൈയ്യും, കാലും, ഉടലും വേര്‍തിരിച്ച് പ്രത്യേകം പ്രത്യേകം സ്ഥലങ്ങളില്‍ കൊണ്ടുപോയിട്ട് തെളിവില്ലാതെ ക്രൂരമായി കൊലചെയ്തത് ഇവിടെ പഴന്തോട്ടത്താണ്.കഞ്ചാവ് തോട്ടത്തിന്റെ കാവല്‍ കാരനായിരുന്നു ഭീകരന് തോമ.
വട്ടവട മാത്രമല്ല, മൂന്നാര്‍, പഴന്തോട്ടം, കടവരി, കമ്പക്കല്ല,കൊട്ടക്കാമ്പൂര്‍, ദേവികുളം, തുടങ്ങി അഞ്ചുനാട്ട് ഗ്രാമങ്ങള്‍ മുഴുവന്‍ നാശത്തിന്റെ വക്കിലാണ്. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ പോകണമെങ്കില്‍ ടാറ്റയുടെ അനുമതി വേണം. അതാണ് നമ്മുടെ നാടിന്റെ സ്ഥിതി. ടാറ്റ ഒരു അര്‍ദ്ധ സര്‍ക്കാര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാറില്‍ വൈദ്യുതി നല്‍കുന്നത് ടാറ്റയാണ്. അവന് വിരോധമുള്ളവരാണെങ്കില് വൈദ്യുതി നല്‍കില്ല. പിന്നെ കോടതിയില്‍ പോയി ഉത്തരവ് വാങ്ങുകയാണ് പതിവ്. കേരളത്തിലെ ഏക സ്വകാര്യ വൈദ്യുത വിതരണക്കാരാണ് ടാറ്റയെന്നാണ് അറിവ്. ഒരു വലിയ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.
മനസ്സില്‍ സങ്കടം ഉയര്‍ത്തുന്ന ലേഖനം
ആരോടുപറയാന്‍ നയം രൂപീകരിക്കുന്നവര്‍ക്കും നിയമസഭയുടെ പാരിസ്ഥിതികമ്മിറ്റിക്കാര്ക്കും ഇതൊന്നും കാണാനും കേള്‍ക്കാനും കണ്ണും കാതുമില്ലല്ലോ!
സാബു
2006 ലെ വട്ടവടയല്ല ഇപ്പോൾ ഉള്ളത് ലേഖനം കൂടുതൽ പ്രസക്തമായിരിക്കുന്നു പതിന്നൊന്നു വർഷങ്ങൾ കൊണ്ട് വട്ടവട ഏറെ മാറിയിരിക്കുന്നു പാരിസ്ഥിതിക തകർച്ച കാലാവസ്ഥാ വ്യതിയാനം കൊണ്ട് നട്ടംതിരിഞ്ഞ് ഇവിടുത്തെ കർഷകർ....
നല്ല എഴുത്ത് ആശംസകൾ....
എത്ര കാലം കഴിഞ്ഞിരിക്കുന്നു ആശ്ചര്യം
Post a Comment