മലകളിലെ പൂക്കാലം
1982-ല്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍, കുറിഞ്ഞിമലകള്‍ സന്ദര്‍ശിച്ച് ജി.രാജ്കുമാര്‍ തയ്യാറാക്കിയ അനുഭവ വിവരണം അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു
കൊടൈക്കനാല്‍ പ്രദേശത്ത് കുറിഞ്ഞി പൂത്തിരിക്കുന്നതിനെക്കുറിച്ച് വളരെ അപ്രധാനമായ ഒരു വാര്‍ത്ത ഈയിടെ തമിഴ്പത്രത്തില്‍ കണ്ടു. 1970-ല്‍ കുറിഞ്ഞി പൂത്തപ്പോള്‍ അതൊരു സെന്‍സേഷണല്‍ വാര്‍ത്തയായിരുന്നു. നീലഗിരിയിലും കൊടൈക്കനാലിലും മറ്റും കുന്നുകള്‍ നീലക്കുറിഞ്ഞിപ്പൂക്കളാല്‍ മൂടപ്പെട്ടു കിടക്കുന്നതിന്റെ ചിത്രങ്ങള്‍ അന്നു പത്രങ്ങളില്‍ കണ്ടത് ഇന്നും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്നു. അടുത്ത തവണ, അതായത് 1982-ല്‍ കുറിഞ്ഞി പൂക്കുമ്പോള്‍ എങ്ങനെയും അതു കണ്ടിരിക്കുമെന്ന് അന്നേ മനസ്സില്‍ കുറിച്ചിട്ടിരുന്നതാണ്.
കുറിഞ്ഞി പൂക്കുന്ന കാലത്തെപ്പറ്റി പരസ്പരവിരുദ്ധമായ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാറുണ്ട്. എല്ലാ കൊല്ലവും പതിവായി അഗസ്ത്യകൂടത്തിലേക്ക് തീര്‍ത്ഥയാത്ര നടത്താറുള്ള തമിഴര്‍ പറയുന്നത് കുറിഞ്ഞി പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കൂട്ടത്തോടെ പൂക്കുകയുള്ളൂ എന്നാണ്. അഗസ്ത്യകൂടത്തിന് മുകളില്‍ പണ്ടു കുറിഞ്ഞി ധാരാളമുണ്ടായിരുന്നു. പിന്നീട് അവിടേക്ക് മനുഷ്യരുടെ തള്ളിക്കയറ്റം ഉണ്ടായപ്പോള്‍ ആ മലമുകളിലെ ചെടികളെല്ലാം നശിച്ചു. ഇത്തവണ കൊടൈക്കനാലില്‍ കുറിഞ്ഞി പൂത്തിരിക്കുന്നതായി അറിവു കിട്ടിയപ്പോള്‍ അതു കാണുവാനുള്ള താത്പര്യം അടക്കാനാവില്ലായിരുന്നു.
മൂന്നാറില്‍ നിന്ന് കൊടൈക്കനാലിലേക്ക് നടന്നുപോകാന്‍ ഒരു വഴി ഉണ്ടെന്നല്ലാതെ ആ പ്രദേശത്തെപ്പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മൂന്നാറില്‍ നിന്ന് ബസ്സില്‍ പതിനെട്ടാം കല്ല് എന്ന സ്ഥലത്തെത്തി; അവിടന്ന് നടന്ന് ടോപ്പ് സ്റ്റേഷനിലും. പണ്ട് 'ബോഡിനായിക്കനൂര്‍'ക്ക് റോപ് വേ ഉണ്ടായിരുന്ന സ്ഥലമാണ് ടോപ്പ് സ്റ്റേഷന്‍. അവിടെ എത്തിയപ്പോള്‍ നേരം വൈകിയിരുന്നു. ഒരു ചെറിയ കാപ്പിക്കടയില്‍ നിന്ന് അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പുല്‍ത്തൈലം വാറ്റിയെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു തമിഴനുമായി പരിചയപ്പെട്ടു. കുറിഞ്ഞി കാണാന്‍ കൊടൈക്കനാലില്‍ പോകാന്‍ ഇറങ്ങിയിരിക്കുകയാണ് ഞാന്‍ എന്നറിഞ്ഞപ്പോള്‍ അയാള്‍ നിര്‍ദ്ദേശിച്ചു: 'കുറിഞ്ഞി കാണാനാണെങ്കില്‍ കൊടൈക്കനാലിലേക്ക് പോകേണ്ട, കോവിലൂരിനടുത്തുള്ള കുറിഞ്ഞിമലയിലേക്ക് പോയാല്‍ മതി. മലനിറയെ കുറിഞ്ഞി പൂത്തിരിക്കുകയാണ്'.
പിറ്റേ ദിവസം രാവിലെ ഒരു വിവാഹപ്പാര്‍ട്ടി ടോപ് സ്റ്റേഷനില്‍ നിന്നും കോവിലൂരിലേക്ക് പോകുന്നുണ്ടായിരുന്നു. ഞാനും അവരുടെ ഒപ്പം കൂടി. ഈ മലംപ്രദേശങ്ങളില്‍ വാഹന ഗതാഗതത്തിന് റോഡുകളൊന്നുമില്ല. ഭാരം കൊണ്ടുപോകാന്‍ കുതിരയെയാണ് ഉപയോഗിക്കുന്നത്. ഏതാണ്ട് ഉച്ചയോടുകൂടി ഞങ്ങള്‍ കോവിലൂര്‍ ഗ്രാമത്തിലെത്തി. കോവിലൂരില്‍ നിന്ന് മുകളിലേക്ക് വലിയ ഒരു കയറ്റമാണ്. ഏകദേശം നാലുമണക്കൂര്‍ വേണ്ടിവന്നു മലകയറി മുകളിലെത്താന്‍. വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നിരുന്നു. മലകയറി മുകളിലെത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ എതിരെ വരുന്നതു കണ്ടു. അവരുടെ കൈയില്‍ പാത്രങ്ങളും പൊതികളും കണ്ടിട്ടു കുടിക്കാന്‍ കുറച്ചു വെള്ളം ചോദിച്ചു. അവരിലൊരാള്‍ പറഞ്ഞു: 'കുറച്ചുകൂടി മുന്‍പോട്ടു പോകുമ്പോള്‍ അവിടെ ഒരു അരുവി ഉണ്ട്; കുടിക്കാന്‍ നല്ല വെള്ളം കിട്ടും'. ശരിയായിരുന്നു. കുറച്ചുകൂടി നടന്നപ്പോള്‍ ഒരു തെളിനീരരുവി.
താഴെ കണ്ട കോവിലൂര്‍ ഗ്രാമത്തില്‍ കുടിക്കാന്‍ പോലും വെള്ളം ഇല്ല. അവിടെ നിന്ന് പിന്നെയും രണ്ടായിരം അടികൂടി മുകളില്‍ വന്നപ്പോള്‍ നിറഞ്ഞൊഴുകുന്ന നീര്‍ചാല്. ഇതെങ്ങനെ വന്നു? ഉത്തരം വ്യക്തമായിരുന്നു. താഴെയുള്ള കാടെല്ലാം വെട്ടിനശിപ്പിച്ചിരിക്കുന്നു. അവിടെ അരുവികളെല്ലാം മരിച്ചുകിടക്കുന്നു. ഈ പര്‍വ്വതപ്രദേശങ്ങളുടെ എക്കോളജിയിലെ പ്രധാനകണ്ണിയാണ് അവിടവിടെയുള്ള ചെറിയ 'ഷോലാ' വനങ്ങളും അവയില്‍ നിന്ന് ഉത്ഭവിക്കുന്ന കൊച്ച് നീര്‍ച്ചാലുകളും. ഞാന്‍ നില്‍ക്കുന്ന മലയുടെ മുകളില്‍ മനുഷ്യര്‍ ഇതുവരെ നാശമൊന്നും ചെയ്തിട്ടില്ല. പ്രകൃതി അവളുടെ അമൂല്യ സൗഭാഗ്യങ്ങള്‍ പലതും നിലനിര്‍ത്തിയിരിക്കുന്നു. അതുകൊണ്ടാണ് ആ കൊച്ചരുവി ഇനിയും മരിക്കാത്തത്.
ആ മല മുഴുവനും നീലക്കുറിഞ്ഞി പൂക്കളാണ്. ശരിക്കും ഒരു നീലപ്പൂങ്കടല്‍. ചുറ്റുപാടുമുള്ള കുന്നുകളിലെല്ലാം നീലനിറം മാത്രമേ കാണുവാനുള്ളു. മലകള്‍ക്ക് പിന്നില്‍ ചാഞ്ഞുതുടങ്ങിയ സൂര്യന്റെ പൊന്‍കതിരുകള്‍ തട്ടിയപ്പോള്‍ മലകള്‍ക്ക് അലൗകികമായൊരു ഭംഗി.
മലയിറങ്ങി സന്ധ്യയോടുകൂടി ചെന്നെത്തിയത് മലയുടെ മറുവശത്തുള്ള ക്ലാവറ എന്ന ഗ്രാമത്തിലാണ്. വിശപ്പ് വീണ്ടും ആക്രമിച്ചുതുടങ്ങിയിരിക്കുന്നു. നല്ല തണുപ്പും. ആദ്യം കണ്ട ഒരു കടയില്‍ ഓടിക്കയറി. അതൊരു കൊച്ച് ചായക്കടയായിരുന്നു. മാത്രമല്ല, നെടുമങ്ങാട്ടുകാരായ രണ്ട് ചെറുപ്പക്കാരാണ് അതു നടത്തുന്നതും.
കുറച്ചുദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ കൂടി മൂന്നാറില്‍ പോയി. ഇത്തവണ ഞങ്ങള്‍ അഞ്ചുപേരുണ്ടായിരുന്നു-നെടുമങ്ങാട് എം.എല്‍.എ. ശ്രീ. കെ.വി.സുരേന്ദ്രനാഥ്, ഡോ.കെ.വേലായുധന്‍ നായര്‍, പി.കെ. ഉത്തമന്‍, സുരേഷ് ഇളമണ്‍. ബാക്ക്പാക്കുകളും ക്യാമറാസഞ്ചികളും തൂക്കിവരുന്ന നാലഞ്ചുപേരെ കണ്ട് വഴിയിലുള്ള ഗ്രാമങ്ങളിലെ കുട്ടികളും മുതിര്‍ന്നവരും ചുറ്റും കൂടി. അവരുടെ ഗ്രാമത്തിനു ചുറ്റും ധാരാളമായി പൂത്തുകിടക്കുന്ന കുറിഞ്ഞിപ്പൂ കാണാന്‍ വന്നിരിക്കുന്നവരാണ് ഞങ്ങളെന്ന് അറിഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍ അത്ഭുതഭാവം. അതുവരെ കുറിഞ്ഞി കാണാന്‍ ആ പ്രദേശത്തെങ്ങും ആരെങ്കിലും വന്നതായി അവര്‍ക്കറിയില്ല. സാധാരണ ടൂറിസ്റ്റുകള്‍ വളരെ ദൂരം നടന്ന് ഈ മലമുകളില്‍ കുറിഞ്ഞി കാണാന്‍ എത്തുകയില്ല. പുറത്തറിയിച്ചാല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കൗതുക വസ്തുവാണ് ഗ്രാമത്തിനു ചുറ്റും പൂത്തു മറിഞ്ഞ് കിടക്കുന്ന നീലക്കുറിഞ്ഞിയെന്ന് കോവിലൂരിലെയും മറ്റും ഗ്രാമീണര്‍ക്ക് അറിയാമെന്ന് തോന്നുന്നില്ല. അവര്‍ക്ക് പുറംലോകവുമായുള്ള ബന്ധംതന്നെ ഉരുളക്കിഴങ്ങും മലക്കറികളും ബോഡിനായ്കനൂരിലും മറ്റും കൊണ്ടുപോയി വില്‍ക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നു.
രണ്ടാമത്തെ യാത്രയില്‍ അതിരാവിലെ ഞങ്ങള്‍ കുറിഞ്ഞിമലയുടെ മുകളിലെത്തി. മഞ്ഞുകണങ്ങള്‍ തങ്ങിനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കളില്‍ പ്രഭാതസൂര്യന്റെ സുതാര്യമായ വെളിച്ചം തട്ടുമ്പോള്‍ ആ കുന്നുകള്‍ക്കുണ്ടാകുന്ന മനോഹാരിത അനുഭവൈകവേദ്യമാണ്. ആ സൗന്ദര്യപൂരം ആസ്വദിക്കാന്‍ വേണ്ടിതന്നെയാണ് തലേ ദിവസം ക്ലാവറയില്‍ വന്നു താമസിച്ചതും തണുപ്പു വകവെയ്ക്കാതെ അതിരാവിലെ മലകയറിയതും.
കൊടൈക്കനാലിനടുത്തുതന്നെ ചില സ്ഥലങ്ങളില്‍ കുറെശ്ശേ കുറിഞ്ഞിപ്പൂക്കള്‍ കാണാം. അവിടെനിന്ന് ക്ലാവറയിലേക്ക് വരുന്ന വഴി പലയിടത്തും കാടുകളുടെ അരികിലും മറ്റുമായി കുറിഞ്ഞി പൂത്തുകിടക്കുന്നതു കാണാം. എങ്കിലും ക്ലാവറയ്ക്കും കോവിലൂരിനും ഇടയ്ക്കുള്ള മലയിലേതുപോലെ കുന്നുകളാകമാനം കുറിഞ്ഞിപ്പൂക്കളാല്‍ മൂടപ്പെട്ടുകിടക്കുന്ന കാഴ്ച മേറ്റ്ങ്ങും കണാനാവില്ല.
കുറിഞ്ഞിമലയുടെ അടിവാരത്തിലുള്ള കോവിലൂര്‍, വട്ടവട, കോട്ടക്കൊമ്പൂര്‍ എന്നീ ഗ്രാമങ്ങളെ കുറിഞ്ഞിദേശം എന്നു വിളിക്കുന്നു. 6000 അടിക്കും 8000 അടിക്കും ഇടയില്‍ ഉയരമുള്ള പര്‍വതപ്രദേശങ്ങളിലെ മരങ്ങളില്ലാത്ത കുന്നുകളിലാണ് നീലക്കുറിഞ്ഞി വളരുന്നത്. നീലഗിരി, ആനമല, പഴനി എന്നീ പശ്ചിമഘട്ട മലകളിലാണ് ഇത് ഏറ്റവും അധികമായി കാണപ്പെടുന്നത്. മുന്‍പൊക്കെ കൊടൈക്കനാലിലും ഊട്ടി വിനോദസഞ്ചാരകേന്ദ്രത്തിനടുത്തും നിറയെ കുറിഞ്ഞി ഉണ്ടായിരുന്നു.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒരുമിച്ച് കൂട്ടത്തോടെ പൂക്കുന്ന കുറിഞ്ഞി ധാരാളം വിനോദയാത്രികരെ ആകര്‍ഷിച്ചിരുന്നു. കുറിഞ്ഞിപ്പൂവിന്റെ യഥാര്‍ത്ഥ നിറം നീലയും ഊതയും ചേര്‍ന്നതാണ്. നീലക്കുറിഞ്ഞിയുടെ പൂ ഒറ്റയ്ക്കെടുത്താല്‍ അത്ര വലിയ ഭംഗിയൊന്നും ഉള്ളതല്ല. എന്നാല്‍, നോക്കെത്താത്ത ദൂരത്തോളം മലകളിലെല്ലാം ഒരുപോലെ പൂത്തുകിടക്കുന്ന കാട്ടുപൂവ് ലോകത്ത് കുറിഞ്ഞിയല്ലാതെ മറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ല. കുറിഞ്ഞിപ്പൂവിന് മണമില്ലെങ്കിലും മധു ധാരാളമുണ്ട്. കുറിഞ്ഞി പൂത്താല്‍ തേനീച്ചകള്‍ പിന്നെ മറ്റു പൂക്കളൊന്നും അന്വേഷിച്ച് പോകാറില്ല. ഇത്തവണ പൂത്ത കുറിഞ്ഞിച്ചെടികള്‍ ഡിസംബര്‍ കഴിയുമ്പോഴേക്കും ഉണങ്ങിപ്പോകും. അവയുടെ വിത്തുകള്‍ മുളച്ച് വീണ്ടും മല മുഴുവന്‍ കുറിഞ്ഞിച്ചെടികള്‍ വളരും.
കുറിഞ്ഞി എല്ലാവര്‍ഷവും പൂക്കുമെന്ന് ഇവിടെയും ചില പത്രങ്ങളില്‍ എഴുതിയിരുന്നു. ഈ പ്രസ്താവന ഒരേസമയം സത്യവും സത്യവിരുദ്ധവുമാണ്. കുറിഞ്ഞിവര്‍ഗ്ഗത്തില്‍പ്പെട്ട (Strobilanthes) അന്‍പതിലധികം ജാതി ചെടികള്‍ തെക്കേ ഇന്ത്യയിലെ പര്‍വതങ്ങളില്‍ ഉണ്ട്. കുറിഞ്ഞിവര്‍ഗത്തിലെ ചെടികള്‍ എല്ലാം ഒരു നിശ്ചിത സമയത്തിനു ശേഷം കൂട്ടത്തോടെ പൂക്കുന്ന സ്വഭാവമുള്ളവയാണ്. ഓരോ വര്‍ഷവും ഏതെങ്കിലുമൊക്കെ ജാതി കുറിഞ്ഞികള്‍ പൂക്കുന്നുണ്ടാകും. ഒരു തവണ പൂക്കുന്ന ചെടി അതോടെ കരിഞ്ഞുപോവുകയാണ് പതിവ്. ഇത്തവണ പൂത്തിരിക്കുന്ന നീലക്കുറിഞ്ഞി പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കൂട്ടത്തോടെ പൂക്കുകയും കൂട്ടത്തോടെ നശിക്കുകയും ചെയ്യുന്നു. മുമ്പ് 1910, 1922, 1934, 1946, 1958, 1970 എന്നീ വര്‍ഷങ്ങളില്‍ നീലക്കുറിഞ്ഞി പൂത്തതിനെക്കുറിച്ച് രേഖകളുണ്ട്. ഇങ്ങനെ പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കൂട്ടത്തോടെ പൂക്കുന്ന നീലക്കുറിഞ്ഞി ഇടയ്ക്കുള്ള വര്‍ഷങ്ങളിലും ഒറ്റതിരിഞ്ഞ് പൂക്കാറുണ്ട്. ഇതുകൊണ്ടാണ് നീലക്കുറിഞ്ഞി എല്ലാ കൊല്ലവും പൂക്കുമെന്ന് പറയുന്നത്. എന്നാല്‍ നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂക്കുന്നത് പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്. ഇനി 1994-ല്‍ മാത്രമേ നീലക്കുറിഞ്ഞി ഇതുപോലെ പൂക്കുകയുള്ളൂ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് -1982 നവംബര്‍ 21-27)
2 comments:
:)
കൊള്ളാല്ലോ, അപ്പോ ഇത് രണ്ട് പ്രാവശ്യം മുമ്പ് കുറിഞ്ഞി പൂത്ത സമയത്ത് എഴുതിയതാണല്ലേ..
യാത്രവിവരണം നന്നായിരിക്കുന്നു.
-പാര്‍വതി.
Post a Comment