Tuesday, January 31, 2017

ഓഫ് റോഡ് ടൂറിസം.....!


മുംബൈ ഭീകരാക്രമണം കഴിഞ്ഞ് അധികം വൈകാതെ അവിടെ പുതിയൊരിനം ടൂറിസം ശക്തിപ്രാപിക്കുകയുണ്ടായി. 'ടെറര്‍ ടൂറിസം' എന്ന് പലരും അതിനെ വിശേഷിപ്പിച്ചു. താജ് ഹോട്ടലില്‍ ഭീകരര്‍ മുപ്പതുപേരെ വകവരുത്തിയ ആറാംനിലയായിരുന്നു ടെറര്‍ ടൂറിസത്തിന്റെ കേന്ദ്രബിന്ദു. ആക്രമണത്തിനിരയായ താജും നരിമാന്‍ ഹൗസുമൊക്കെ കാണാന്‍ ചൈനയില്‍ നിന്നും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏറെപ്പേരെത്തി. 

ആക്രമണത്തെ തുടര്‍ന്ന് കുറച്ചുകാലം അടച്ചിട്ട താജ് ഹോട്ടല്‍ വീണ്ടും തുറന്നപ്പോള്‍, ആറാംനിലയിലെ മുറികള്‍ ബുക്കുചെയ്യാന്‍ വന്‍തിരക്കായിരുന്നുവത്രേ. ഒരുവര്‍ഷം കഴിഞ്ഞിട്ടും, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് താജിലെ ആറാംനിലയിലെ റൂമുകളോടായിരുന്നു പ്രിയം!

ആക്രമണം നടന്ന സ്ഥലങ്ങള്‍ കാണുക, ആളുകളെ ഭീകരര്‍ വകവരുത്തിയ സ്ഥലത്ത് ഒരു ദിവസമെങ്കിലും പാര്‍ക്കുക എന്ന വിചിത്രമായ മാനസികാവസ്ഥയായിരുന്നു അത്തരക്കാര്‍ക്ക്. ചുടലക്കളങ്ങളില്‍ രാത്രി ചെലവിട്ടിരുന്ന നാറാണത്ത് ഭ്രാന്തന്റെ ശരിക്കുള്ള പിന്‍ഗാമികള്‍. 

ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഇടുക്കി ജില്ലയില്‍ ശക്തിപ്രാപിക്കുന്ന പുതിയൊരിനം ടൂറിസത്തെക്കുറിച്ച് കേട്ടതാണ്. 'ഓഫ് റോഡ് ടൂറിസം' (' off road tourism ') എന്നാണ് സംഭവത്തിന്റെ പേരെന്ന് രാജാക്കാടുകാരനായ സുഹൃത്ത് Anish Chirackal പറയുന്നു. ഇടുക്കിയിലെ റോഡുകള്‍ ആധുനികവത്ക്കരിക്കപ്പെടുകയും, ജീപ്പുകളുടെ സ്‌പേസില്‍ സിസി പവര്‍ കൂടുതലുള്ള ഓട്ടോറിക്ഷകളും കാറുകളും ഇടംപിടിക്കുകയും ചെയ്തതാണ് പുതിയ ടൂറിസം സാധ്യതയ്ക്ക് വഴിതുറന്നത്. 

ഓട്ടോറിക്ഷകളും കാറുകളും ഏത് കയറ്റവും കയറും എന്ന് വന്നതോടെ സ്വാഭാവികമായും ജീപ്പുകളുടെ ഡിമാന്റ് കുറഞ്ഞു. അപ്പോള്‍ ജീപ്പുകാര്‍ മഴിമാറി ചിന്തിച്ചു. നല്ല റോഡിലൂടെയല്ലേ ബസ്സും കാറും ഓട്ടോയും പോകൂ. പൊട്ടിപ്പൊളിഞ്ഞ പാതകളില്‍, അല്ലെങ്കില്‍ റോഡേ ഇല്ലാത്തിടത്ത് ജീപ്പ് തന്നെയല്ലേ ശരണം. അത്തരം ദുര്‍ഘടവഴികള്‍ എത്ര വേണമെങ്കിലുമുണ്ട് ഇടുക്കി ജില്ലയില്‍. അതിലൂടെ ജീപ്പില്‍ സഞ്ചരിക്കുന്നതിന്റെ സാഹസികത മുതലാക്കാന്‍ അവര്‍ തീരുമാനിച്ചു....അതാണ് 'ഓഫ് റോഡ് ടൂറിസം'. ശ്വാസംപിടിച്ചിരുന്ന് ജീവന്‍പണയം വെച്ചുള്ള ജീപ്പുയാത്ര! അതിന് തയ്യാറായി ധാരാളം പേര്‍ എത്തുന്നുണ്ടത്രേ. 

ഇതുകേട്ടപ്പോള്‍ എന്റെ തലയ്ക്കകത്ത് ബള്‍ബ് കത്തി....കേരളത്തില്‍ ഇതുപോലുള്ള ടൂറിസം സാധ്യതകള്‍ ഇനിയുമുണ്ട്. പെട്ടന്ന് തോന്നിയ ഐഡിയ പറയാം. 'ക്യൂ ടൂറിസം'. കേരളത്തിലെ പോലെ ഇത്ര ശാന്തസുന്ദരമായ ക്യൂവുകള്‍ കാണാനും, വേണമെന്ന് തോന്നിയാല്‍ ഒന്ന് ക്യൂനില്‍ക്കാനും പറ്റിയ സ്ഥലം ലോകത്ത് വേറെ എവിടെയുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ക്യു മാത്രം പോരെ ഈ ആശയം വിജയിപ്പിക്കാന്‍. ബിവറേജസ് ക്യു മോശമാണെന്ന് തോന്നുന്നവരെ ചില്ലറയുള്ള ഏതെങ്കിലും എടിഎമ്മിന് മുന്നിലെ ക്യൂവിലെത്തിച്ചാല്‍ മതി, പ്രശ്‌നം സോള്‍വായിക്കോളും!

ആലോചിച്ചു നോക്കൂ. കണ്ടക്ടറ്റ് ടൂര്‍ നടത്തുന്ന ഏജന്‍സികള്‍ 'ക്യൂ ടൂറിസം' കൂടി അവരുടെ ലിസ്റ്റില്‍ പെടുത്തുന്ന കാര്യം. ടൂറിസ്റ്റിന് ക്യൂ നില്‍ക്കുകയും ചെയ്യാം, വൈകിട്ട് മിനുങ്ങാനുള്ള സാധനം നേരിട്ട് വാങ്ങുകയും ചെയ്യാം! കൂടെ ക്യൂ നില്‍ക്കുന്നവരുമായി ആശയവിനിമയമാകാം, ചങ്ങാത്തം കൂടാം, ലോക്കല്‍ കള്‍ച്ചറിനെക്കുറിച്ച് ധാരണ വര്‍ധിപ്പിക്കാം. മാത്രമല്ല, ക്യൂ നില്‍ക്കുന്നത് എന്തോ മോശം കാര്യമാണെന്ന തോന്നല്‍ നാട്ടുകാരില്‍ നിന്ന് മാറ്റുകയും ചെയ്യാം! ഒരുവെടിക്ക് എത്ര കൃഷികള്‍!

ഇതൊരു സാധ്യത മാത്രം. ഇതുപോലെ എത്രയെണ്ണം കിടക്കുന്നു.

# off road tourism #FBPost

നാടന്‍ ചാരായവും നാടന്‍ കേക്കും!


ക്രിസ്മസ് കാലമാകുമ്പോള്‍ പല സുഹൃത്തുക്കളും എന്നോട് ചോദിക്കാറുണ്ട്: 'നിങ്ങള്‍ വീട്ടില്‍ കേക്കൊക്കെ ഉണ്ടാക്കാറില്ലേ'. എന്റെ അറിവില്‍ ഞങ്ങള്‍ നിരപരാധികളാണ്, ഇതുവരെ വീട്ടില്‍ കേക്കുണ്ടാക്കിയിട്ടില്ല. 

ഒരിക്കല്‍ അമ്മയോട് ഞാന്‍ ഇക്കാര്യം ചോദിച്ചു. ഒരു മലയോര കുടിയേറ്റ ദരിദ്ര കര്‍ഷക ബുദ്ധിജീവിയാകാന്‍ എന്തുകൊണ്ടും യോഗ്യയായ അമ്മ കൈമലര്‍ത്തി; 'ആര്‍ക്കറിയാം, ഇതൊക്കെ'! കേക്കുണ്ടാക്കാന്‍ അറിയില്ല എന്നത് ഒരു അയോഗ്യതയായി കരുതേണ്ട കാര്യമില്ലെന്ന് അതോടെ ഞാന്‍ തീരുമാനിച്ചു. 

യഥാര്‍ഥത്തില്‍ 1884 ന് മുമ്പ് കേരളത്തില്‍ ആര്‍ക്കും കേക്കുണ്ടാക്കാന്‍ അറിയുമായിരുന്നില്ല എന്നതാണ് വാസ്തവം. തലശ്ശേരിയിലെ 'മമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ്‌സ് ഫാക്ടറി' സ്ഥാപിച്ച മമ്പള്ളി ബാപ്പു ആണ് കേരളത്തില്‍ ആദ്യമായി കേക്കുണ്ടാക്കിയത് (ഇന്ത്യക്കാരനുണ്ടാക്കിയ ആദ്യ കേക്കും അതുതന്നെയെന്ന് ചരിത്രം).

1884 ഡിസംബര്‍ 20 ന് താനുണ്ടാക്കിയ കേക്ക്, ബ്രിട്ടീഷുകാരനായ പ്ലാന്റര്‍ മര്‍ഡോക് ബ്രൗണിന് ബാപ്പു സമ്മാനിച്ചു. ബ്രൗണിന്റെ പ്രേരണയാലാണ് ബാപ്പു കേക്കുണ്ടാക്കിയ്ത്. ആ വെള്ളക്കാരന്‍ തന്നെയാണ് കേക്കിന്റെ ചേരുവ ബാപ്പുവിന് പറഞ്ഞുകൊടുത്തതും. പക്ഷേ, ബാപ്പുവുണ്ടാക്കിയ കേക്കിന്റെ നാവിലലിയുന്ന രുചി അനുഭവിച്ച് സായ്‌വ് അത്ഭുതപ്പെട്ടു. 

ആ വിശിഷ്ടരുചിയുടെ രഹസ്യം ബാപ്പു വെളിപ്പെടുത്തിയത് ഇങ്ങനെ: കേക്കിന് വാസനയും രുചിയും കൂട്ടാന്‍ മാഹിയില്‍ കിട്ടുന്ന ഒരിനം ഫ്രഞ്ച് ബ്രാന്‍ഡി ഉപയോഗിക്കാനാണ് മര്‍ഡോക് ബ്രൗണ്‍ ഉപദേശിച്ചത്. ബാപ്പു അതവഗണിച്ചു, പകരം അവിടെ സുലഭമായിരുന്ന നാടന്‍ചാരായം ചേര്‍ത്തു. ക്രിസ്മസ് കേക്ക് അങ്ങനെ കിടിലനായി!

ഈ മമ്പള്ളി ബാപ്പുവുണ്ടല്ലോ, പുള്ളിക്കാരന്‍ മരണമാസായിരുന്നു! ബര്‍മയില്‍ പോയി ബിസ്‌ക്കറ്റുണ്ടാക്കാന്‍ പഠിച്ച് തിരിച്ചെത്തിയാണ് കേരളത്തിലെ ആദ്യ തദ്ദേശിയ ബിസ്‌കറ്റ് നിര്‍മാണകേന്ദ്രം 1880 ല്‍ തലശ്ശേരിയില്‍ തുടങ്ങുന്നത്. നാട്ടുകാര്‍ ബേക്കറി വിഭവങ്ങളിലേക്ക് തിരിയാത്ത കാലമായതിനാല്‍, വെള്ളക്കാരെ ലാക്കാക്കിയായിരുന്നു ബിസ്‌കറ്റ് നിര്‍മാണം. ബിസ്‌കറ്റുകള്‍, റസ്‌ക്കുകള്‍, ബ്രഡ്, ബണ്‍ എന്നിങ്ങനെ 40 വ്യത്യസ്ത വിഭവങ്ങള്‍ ബാപ്പുവിന്റെ 'ഫാക്ടറി'യിലുണ്ടാക്കിയിരുന്നു. 

ബാപ്പുവിന്റെ കുടുംബക്കാര്‍ ബേക്കറി ബിസിനസ് വിട്ടില്ല. കേരളത്തിലങ്ങോളമിങ്ങോളം അവരിന്ന് ബേക്കറികള്‍ നടത്തുന്നു. കൊച്ചിന്‍ ബോക്കറി, തിരുവനന്തപുരത്തെ ശാന്ത ബേക്കറി, കോഴിക്കോട്ടെ മോഡേണ്‍ ബേക്കറി, കോട്ടയത്തെ ബെസ്റ്റ് ബേക്കിങ് കോ, തലശ്ശേരിയിലെ മാമ്പള്ളീസ് ഒക്കെ ബാപ്പുവിന്റെ പിന്‍മുറക്കാര്‍ നടത്തുന്ന ബേക്കറികളാണ്. 

1883 ലെ ക്രിസ്മസ് കാലത്ത് ഇംഗ്ലണ്ടീന്ന് കൊണ്ടുവന്ന ഒരു ക്രിസ്മസ് കേക്ക് മര്‍ഡോക് ബ്രൗണ്‍ ബാപ്പുവിന് സമ്മാനിച്ചതില്‍ നിന്നാണ് കേരളത്തിലെ കേക്ക് നിര്‍മാണ ചരിത്രം ആരംഭിക്കുന്നത്. അതുപോലത്തെ കേക്കുണ്ടാക്കിക്കൂടേ എന്ന് ബ്രൗണ്‍ ബാപ്പുവിനോട് ചോദിച്ചു, ചേരുവകളും പറഞ്ഞു കൊടുത്തു. അതിന്റെ ഫലമായിരുന്നു 1884 ല്‍ ബാപ്പു നിര്‍മിച്ച ഇന്ത്യയിലെ ആദ്യകേക്ക്. ആ കേക്കാണ് നാടന്‍ചാരായം ചേര്‍ത്ത് രുചിവര്‍ധിപ്പിച്ചുണ്ടാക്കിയത്.

ക്രിസ്മസിന് ബ്രാന്‍ഡിയും വിസ്‌കിയും വോഡ്കയുമൊക്കെ വെള്ളം ചേര്‍ത്തോ ചേര്‍ക്കാതെയോ അടിച്ചോ, ഫിറ്റായിക്കോ...പക്ഷേ, കേക്ക് തിന്നുമ്പോള്‍ നമ്മുടെ നാടന്‍ വാറ്റിനെ മറക്കരുത്. സ്മരണ വേണം, സ്മരണ!

(വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്: 1. Times of India https://goo.gl/r477vk; 2. Thalassery - A historical perspective (FB Page) https://goo.gl/8tIu9s)

# Thalassery # Cake History of Kerala  # FBPost

ആനക്കുളം - ആനകളുടെ ബാര്‍....!


ഒരു ബന്ധുഭവനത്തിലെ വിവാഹത്തിനാണ് ഇടുക്കിയിലെ മാങ്കുളത്തെത്തിയത്. ഞാനും അനുജന്‍ ആന്റണിയും. ഞാന്‍ കോഴിക്കോട്ട് നിന്നും, അനുജന്‍ തിരുവവന്തപുരത്തുനിന്നും വന്നു. മൂവാറ്റുപുഴ ഞങ്ങളെ സ്വീകരിക്കാന്‍ പ്രിയസുഹൃത്ത്  അനീഷ് ചിറയ്ക്കലും കുടുംബവും ഉണ്ടായിരുന്നു. 

അടിമാലി നിന്നുള്ള ബസില്‍ മാങ്കുളത്തിറങ്ങുമ്പോള്‍ വൈകിട്ട് 6.15. ചെറുതായി ഇരുട്ട് വീണു തുടങ്ങുന്നു. ആദ്യമായി മാങ്കുളത്ത് ചെല്ലുകയാണ്. ഒരുവശത്ത് ചെങ്കുത്തായ പര്‍വ്വതക്കെട്ടും വനവും. മറുവശത്ത് മലഞ്ചെരുവികളില്‍ ഗ്രാമം നീണ്ടുകിടക്കുന്നു. മൂടല്‍മഞ്ഞിന്റെ നേരിയ ആവരണം എവിടെയുമുണ്ട്. 

ചെന്നിറങ്ങിയ പാടെ കേട്ട വാര്‍ത്ത: 'ആനക്കുളത്ത് ആനയിറങ്ങിയിട്ടുണ്ട്, നിങ്ങള്‍ കാണാന്‍ പോകുന്നോ'. ആതിഥേയനായ ചേട്ടന്‍ പെട്ടന്നൊരു ഓട്ടോറിക്ഷ ഏര്‍പ്പാടാക്കി. ഞങ്ങളെയും കൊണ്ട് ബിനോയിയുടെ ഓട്ടോ കുതിച്ചു. വളവും തിരിവും കയറ്റവുമിറക്കവും ഏറെയുള്ള പാത. അടുത്തയിടെ ടാറിട്ട് നന്നാക്കിയതുകൊണ്ട് വണ്ടിയോടിക്കാന്‍ സുഖം. മാങ്കുളത്തുനിന്ന് 9 കിലോമീറ്ററുണ്ട് ഈറ്റച്ചോലയാറിന്‍ തീരത്തെ ആനക്കുളത്തേക്ക്. 

കുറച്ചങ്ങ് നീങ്ങിയപ്പോള്‍ ഇരുട്ടിന് കനംവെച്ചു. ഹെഡ്‌ലൈറ്റിട്ട ഓട്ടോ, തൊടുത്തുവിട്ട പിഎസ്എല്‍വി റോക്കറ്റ് പോലെ കുതിക്കുകയാണ്. അധികം ഇരുട്ടാകും മുമ്പ് ഞങ്ങളെ സംഭവസ്ഥലത്തെക്കിക്കാനുള്ള തത്രപ്പാടിലാണ് ബിനോയ്. എതിരെ ഒട്ടേറെ ബൈക്കുകളും ജീപ്പുകളും ലൈറ്റിട്ട് കയറ്റം കയറി വരുന്നു. 'അതൊക്കെ ആനക്കുളത്തുനിന്ന് വരുന്ന വണ്ടികളാ....നിങ്ങള്‍ കുറച്ചുകൂടി നേരത്തെ എത്തേണ്ടതായിരുന്നു', എന്ന് പറഞ്ഞിട്ട് ബിനോയ് വീണ്ടും ഓട്ടോയുടെ സ്പീഡ് കൂട്ടി. 

'കുഴപ്പമില്ല, ഇത്ര വേഗം വേണ്ട', ഉള്ളിലൊരു വിറയലോടെ ഞാന്‍ മൂപ്പരോട് പറഞ്ഞു. സ്പീഡ് അല്‍പ്പം കുഞ്ഞു. 

ഏഴുമണിക്ക് ആനക്കുളത്തെത്തുമ്പോള്‍ അവിടെ ഉത്സവപ്രതീതി. ആനകളെ കാണാന്‍ എത്തിവര്‍, വിദേശടൂറിസ്റ്റുകളുമുണ്ട്. സമീപത്തെ ക്ഷേത്രത്തില്‍ മൈക്കില്‍ നിന്ന് പഞ്ചവാദ്യമുയരുന്നു....സ്‌പോട്ട്‌ലൈറ്റുകളുടെ വെട്ടത്തില്‍ ആറ്റിന്‍തീരത്തെ വോളീബോള്‍ കോര്‍ട്ട് വ്യക്തമായി കാണാം. ആ കളിക്കളത്തിനപ്പുറംം വേനലില്‍ ശോഷിച്ച ഈറ്റച്ചോലയാര്‍. അതിനപ്പുറം കുട്ടമ്പുഴ വനമേഖല. ആറ്റില്‍ ഇരുണ്ട് നിഴലുകള്‍ പോലെ ആനകള്‍ അനക്കമില്ലാതെ ധ്യാനത്തില്‍.....ഞങ്ങളെത്തുമ്പോള്‍ എട്ടെണ്ണമുണ്ട്, പോരുംമുമ്പ് നാലെണ്ണം കൂടി കാട്ടില്‍ നിന്നിറങ്ങി വന്നു. ഇരുട്ടില്‍ നില്‍ക്കുന്ന ആനകളുടെ അടുത്ത് മൊബൈല്‍ ക്യാമറ കൊണ്ട് കാര്യമില്ല. 

'പഞ്ചവാദ്യം ആസ്വദിക്കുന്ന കാട്ടാനകളോ', ഞാന്‍ അത്ഭുതം കൂറി. 

'അതവിടെ ഓരുണ്ട്...ആനകളത് തിന്ന് രസിക്കുവാ', എന്റെ വര്‍ത്തമാനം കേട്ടുകൊണ്ട് അടുത്തുനിന്ന പ്രായമുള്ള ചേട്ടന്‍ വിവരിച്ചു. 'അതുങ്ങള് എന്നപ്പോലെ കുറെ കഴിയുമ്പോള്‍ പൂസാകും. അതുവരെ അവരവിടെ ഉണ്ടാകും'. അപ്പഴാ ശ്രദ്ധിച്ചത് ചേട്ടന്‍ ലേശം മിനുങ്ങിയിട്ടുണ്ട്. 

പുഴയില്‍ വെള്ളംതാഴുമ്പോള്‍, അവിടെ ഒരുതരം കുമിളകള്‍ വരുമത്രേ. 'ഓര്' (ലവണാംശം) എന്നാണ് നാട്ടുകാര്‍ അതിനെ പറയുന്നത്. ഓര് തിന്ന് മത്തുപിടിക്കാനാണ് ആനകള്‍ വരുന്നത്. തൊട്ടടുത്ത് ഒരു 150 മീറ്ററിനിപ്പുളം ആളുകള്‍ നില്‍ക്കുന്നതൊന്നും ആനകള്‍ കാര്യമാക്കുന്നില്ല. 'ശരിയാ, രണ്ടെണ്ണം അകത്ത് ചെന്നാല്‍ പിന്നെ ചിലര്‍ക്ക് ഒടുക്കത്തെ ധൈര്യമല്ലേ, അതുപോലെയായിരിക്കും', ഞാനോര്‍ത്തു.

നെയ്യാര്‍ വനത്തില്‍ പണ്ട് ഒന്നുരണ്ടുതവണ ആനകളുടെ അടുത്ത് ചെന്നുപെടുകയും ജീവന്‍രക്ഷിക്കാന്‍ ഓടിത്തള്ളുകയും ചെയ്ത അനുഭവമുള്ളതുകൊണ്ട്, ചെറിയ ഭയത്തോടെയാണ് ഞാനവിടെ നിന്നത്. കുറെ കഴിഞ്ഞിട്ടും ആനകള്‍ ഞങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോള്‍ പേടി മാറി. 

ഇന്നലെ കോഴിക്കോട്ടിന് തിരിച്ചുപോരുമ്പോള്‍ സുഹൃത്ത് അഡ്വ. സജു ഫോണില്‍ വിളിച്ചു. മാങ്കുളത്ത് പോയി വരുകയാണെന്ന് കേട്ടപ്പോള്‍ ആനക്കുളത്ത് പോയോ, ആനകളെ കണ്ടോ എന്ന് മൂപ്പര്‍ ചോദിച്ചു. സജു കുറെ നാളായി കാന്തല്ലൂരില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാങ്കുളവും ആനക്കുളവുമൊക്കെ കേട്ട് പരിചയമുണ്ട്. ഞാന്‍ തലേന്ന് വൈകിട്ടത്തെ അനുഭവം വിവരിച്ചു. പൂസായി നില്‍ക്കുന്ന ആനകളെ കണ്ട കാര്യവും പറഞ്ഞു.

അപ്പോള്‍ സജുവിന്റെ പ്രതികരണം ഇതായിരുന്നു: 'അതുശരി, അപ്പോള്‍ അത് ആനകളുടെ ബാറാണല്ലേ!'

വാസ്തവം, ഞാന്‍ മനസിലോര്‍ത്തു. ഏതായാലും അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ നാഷണല്‍ ഹൈവേ ഇല്ലാത്തത് ആനകളുടെ ഭാഗ്യം! 

(ഞങ്ങള്‍ ആനക്കുളത്ത് അന്ന് എത്തുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് അവിടം സന്ദര്‍ശിച്ച അനുജന്‍ ടോമി മൊബൈലിലെടുത്ത ചിത്രമാണ് ഇതോടൊപ്പം)

* 2017 ജനുവരി 7 നാണ് മാങ്കുളത്ത് പോയത്. 

#FBPost

നായ കടിച്ചാല്‍ എന്തു ചെയ്യണം...!


ചില സംഗതികളുണ്ട്, എല്ലാവര്‍ക്കും അറിയാമന്ന് നമ്മള്‍ ചുമ്മാ അങ്ങ് കരുതും. ആരോടെങ്കിലും അത് ചോദിക്കുന്നതോടെ നമ്മുടെ ധാരണ പാടെ പൊളിയുകയും ചെയ്യും. 

നായ കടിച്ചാല്‍ പ്രാഥമികമായി എന്താണ് വേണ്ടത്? സത്യം പറയാമല്ലോ, ഇതിനുള്ള ഉത്തരം എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു എന്റെ വിചാരം. നൂറുകണക്കിന് തെരുവ് നായകള്‍ കറങ്ങി നടക്കുന്ന നമ്മുടെ നാട്ടില്‍ ഏത് സമയവും സംഭവിക്കാവുന്നതാണ് പട്ടികടി എന്നതിനാല്‍ പ്രത്യേകിച്ചും!

കഴിഞ്ഞയാഴ്ച ഒരു ക്ലാസില്‍ ഇക്കാര്യം ചോദിക്കാന്‍ ഇടവന്നു. ഡിഗ്രി കഴിഞ്ഞ നാല്പതോളം യുവാക്കളും യുവതികളുമാണ് ക്ലാസിലുണ്ടായിരുന്നത്. 

'നായ കടിച്ചാല്‍ നിങ്ങള്‍ ആദ്യം എന്തുചെയ്യും?'

'ഇതൊക്കെ ഇത്ര ചോദിക്കാനെന്തിരിക്കുന്നു' എന്ന ഭാവത്തില്‍ ഭൂരിപക്ഷം പേരും ഇങ്ങനെ മറുപടി നല്‍കി: 'ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോകും'. 

'നല്ലത്, പക്ഷേ അടുത്ത് ആസ്പത്രിയില്ലെങ്കില്‍' - ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ആര്‍ക്കുമില്ലായിരുന്നു (അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല. നായ കടിച്ചാല്‍ അടിയന്തരമായി എന്താണ് വേണ്ടതെന്നതിന് രണ്ട് പേര്‍ ശരിയായ ഉത്തരം നല്‍കി). 

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. വീട്ടിലെത്തിയ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന മകളോട് ഇക്കാര്യം ഫോണില്‍ ചോദിച്ചു. കിട്ടിയ മറുപടി അതുതന്നെയായിരുന്നു: 'ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോകും!'

നായകടിച്ചാല്‍ അടിയന്തരമായി വേണ്ടത്, വെള്ളം നന്നായൊഴിച്ച് മുറിവ് കഴുകുക എന്നതാണ്. ഓര്‍ക്കുക: മുറിവ് കഴകുന്നത് സോപ്പുപയോഗിച്ചാണെങ്കില്‍ വളരെ നല്ലത്. പക്ഷേ,  സോപ്പ് കിട്ടിയില്ലെന്ന് കരുതി കഴുകാന്‍ വൈകിക്കൂടാ. ഇത് ചെയ്തിട്ട് വേണം രോഗിയെ ആസ്പത്രിയിലെത്തിക്കാന്‍. 

ഇത്ര പ്രധാനപ്പെട്ട സംഗതി അറിയാതെയാണ്, തെരുവുപട്ടികള്‍ തേരാപാരാ നടക്കുന്ന നാട്ടില്‍ നമ്മുടെ കുട്ടികള്‍ വളരുന്നതെന്ന് പറഞ്ഞാല്‍ അത്ഭുതമല്ലേ! ഇതുപോലെ ഇനിയും എത്ര അത്ഭുതങ്ങള്‍ അറിയാന്‍ കിടക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. 

വാല്‍ക്കഷണം: നായയോ പൂച്ചയോ കടിക്കുമ്പോള്‍ മുറിവില്‍ അവയുടെ ഉമിനീര്‍ പറ്റിയാണ് പേവിഷബാധയ്ക്ക് കാരണമായ റാബിസ് വൈറസ് മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. മുറിവ് ഉടന്‍ നന്നായി വെള്ളമൊഴിച്ച് കഴുകിയാല്‍, 80 ശതമാനം വൈറസും നശിക്കും. പേവിഷബാധയേല്‍ക്കാനുള്ള സാധ്യത അത്രയും കുറയും. അതുകഴിഞ്ഞ് ആസ്പത്രിയിലെത്തിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം റാബിസ് വാക്‌സിന്‍ എടുക്കുകയാണ് വേണ്ടത്. 

('ഇതൊക്കെ ഇവിടെ വിളമ്പാന്‍ താനാരുവാ' എന്ന ചോദ്യം പ്രതീക്ഷിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്. കൊല്ലം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ പ്രൊഫസര്‍ ഡോ.ബി.പത്മകുമാറിനോട് ഫോണ്‍ മുഖേന സംസാരിച്ച് സംഗതി സ്ഥരീകരിച്ചിട്ടുണ്ട്).

#FBPost

Friday, December 02, 2016

ചെടികള്‍ നടുന്ന ഉറുമ്പുകള്‍

വൃക്ഷശിഖരങ്ങളില്‍ വിത്ത് നട്ട് ചെടി മുളപ്പിച്ച് അതിന് വളവും പോഷകങ്ങളും നല്‍കി വളര്‍ത്തി സ്വന്തം പാര്‍പ്പിടവും ഭക്ഷണവും ഒരുക്കുകയാണ് ഫിജിയിലെ ഒരിനം ഉറുമ്പുകള്‍. ഇതു വഴി വൃക്ഷങ്ങള്‍ക്ക് മുകളില്‍ ഒരു 'സസ്യനഗരം' തന്നെ ഇവ സൃഷ്ടിക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍ 
മരക്കൊമ്പുകളിലെ ഉറുമ്പുകളുടെ സസ്യകൃഷി. ഫോട്ടോ കടപ്പാട്: Guillaume Chomicki, University of Munich

വാസയോഗ്യമായ ഒരു വിദൂര ഉപഗ്രഹത്തില്‍ അപൂര്‍വ്വധാതു തേടിപ്പോയ മനുഷ്യരുടെ കഥയാണല്ലോ 2009ല്‍ പുറത്തിറങ്ങിയ 'അവതാര്‍' എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ പ്രമേയം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, 'പന്‍ഡോര'യെന്ന വിദൂര ഉപഗ്രഹവും അവിടുത്തെ നീലനിറമുള്ള പ്രാദേശിക 'നവി' ( Na'vi ) വര്‍ഗ്ഗക്കാരും 2154ല്‍ അവിടെയെത്തുന്ന മനുഷ്യരുമാണുള്ളത്.

പന്‍ഡോരയിലെ നവി വര്‍ഗ്ഗക്കാര്‍ പാര്‍ക്കുന്നത് വിശാലമായ 'ഭവനവൃക്ഷങ്ങളി'ല്‍ ( Hometree ) ആണ്. വളരെ പൊക്കത്തില്‍ വിശാലമായി വളരുന്ന ആ വിചിത്രവൃക്ഷങ്ങളാണ് അവരുടെ ജീവിതം സാധ്യമാക്കുന്നത്. ആ വൃക്ഷവിശാലതകളില്‍ പാര്‍പ്പിടങ്ങളുള്‍പ്പടെ എല്ലാം അവര്‍ ഒരുക്കുന്നു. ഒരുതരം ആകാശനഗരങ്ങള്‍ തന്നെ അവര്‍ സൃഷ്ടിക്കുന്നു.

ഫിജിയിലെ ഒരിനം ഉറുമ്പുകള്‍ വൃക്ഷങ്ങള്‍ക്ക് മുകളില്‍ കൃഷി നടത്തുകയും 'സസ്യനഗരങ്ങള്‍' സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന കണ്ടെത്തല്‍, അവതാറിലെ നവി ജനതയെയും ഭവനവൃക്ഷങ്ങളെയും ഓര്‍മിപ്പിക്കും. 'ഫിലിദ്രിസ് നാഗാസോ' ( Philidris nagasau ) എന്നയിനം ഉറുമ്പുകളാണ്, വൃക്ഷശിഖരങ്ങില്‍ 'സ്‌ക്വാമെല്ലാരിയ' ( Squamellaria ) ചെടികള്‍ നട്ടുവളര്‍ത്തി സ്വന്തം പാര്‍പ്പിടവും ഭക്ഷണവും ഒരുക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. 
ഫിലിദ്രിസ് നാഗാസോ ഉറുമ്പ്. ഫോട്ടോ കടപ്പാട്: Guillaume Chomicki, University of Munich
ഉറുമ്പുകളെങ്ങനെ ചെടികള്‍ നടും, വൃക്ഷശിഖരങ്ങളില്‍ അവയ്‌ക്കെങ്ങനെ പാര്‍പ്പിടവും ഭക്ഷണവുമുണ്ടാക്കാന്‍ കഴിയും എന്നൊക്കെ ഇത് വായിക്കുമ്പോള്‍ സംശയം തോന്നാം. പക്ഷേ, സംഭവം സത്യമാണ്. പ്രകൃതിയുടെ രീതികള്‍ പലപ്പോഴും നമ്മുടെ സങ്കല്‍പ്പത്തിന് പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം വിചിത്രങ്ങളാണ്. ഫിലിദ്രിസ് ഉറുമ്പുകളുടെ അതിജീവനത്തിന്റെ രഹസ്യം പഠിച്ച, ജര്‍മനിയില്‍ മ്യൂണിക്ക് സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ഗ്വില്ലോം ചോമിക്കിയും സംഘവും കണ്ടെത്തിയത് അതാണ്. 

ഫിലിദ്രിസ് ഉറുമ്പുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ഏര്‍പ്പാട്. കുറഞ്ഞത് 30 ലക്ഷം വര്‍ഷമായി അവ കൃഷി തുടങ്ങിയിട്ടെന്ന് 'നേച്ചര്‍ പ്ലാന്റ്‌സ് ജേര്‍ണലി'ന്റെ പുതിയ ലക്കത്തില്‍ ഗ്വില്ലോം ചോമിക്കി, സൂസാന്‍ എസ്. റെന്നര്‍ എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ( https://goo.gl/h6ZjB7 ) പറയുന്നു. 

ഉറുമ്പുകള്‍ കൃഷി മുമ്പേ തുടങ്ങി

മനുഷ്യര്‍ കൃഷി തുടങ്ങിയ കാര്യം നമുക്കറിയാം. പതിനായിരം വര്‍ഷം മുമ്പാരംഭിച്ച കാര്‍ഷികവൃത്തിയാണ് ഇന്നത്തെ നിലയ്ക്ക് നാഗരികത കെട്ടിപ്പെടുക്കാന്‍ മനുഷ്യവര്‍ഗത്തെ പ്രാപ്തമാക്കിയത്. വേട്ടക്കാരനില്‍ നിന്ന് കൃഷിക്കാരനിലേക്കുന്ന മനുഷ്യന്റെ മാറ്റം, മാനവചരിത്രത്തിലെ ഏറ്റവും നിര്‍ണായക വഴിത്തിരിവായിരുന്നു. 
 ഇലവെട്ടി ഉറുമ്പുകള്‍. ഫോട്ടോ കടപ്പാട്: Alex Wild

എന്നാല്‍, നിസ്സാരമായ ഉറുമ്പുകളുടെ അടുത്ത് ആയിരക്കണക്കിന് വര്‍ഷം മുമ്പ് കൃഷി തുടങ്ങിയെന്ന വീരവാദവുമായി ചെന്നാല്‍ നമ്മള്‍ നാണംകെട്ടുപോകും! കാരണം, ഭൂമുഖത്തെ ചിലയിനം ഉറുമ്പുകള്‍ കൃഷിചെയ്ത് ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങിയിട്ട് അഞ്ചുകോടി വര്‍ഷമെങ്കിലും ആയെന്നാണ് കണ്ടെത്തിയിട്ടുള്ളത്! അതുവെച്ച് നോക്കിയാല്‍ ഫിജിയില്‍ കണ്ടെത്തിയ ഫിലിദ്രിസ് ഉറുമ്പുകളുടെ കൃഷിക്ക് പോലും അത്രയധികം ചരിത്രമില്ല. 

ദക്ഷിണ അമേരിക്കയില്‍ കാണപ്പെടുന്ന 'ഇലവെട്ടി ഉറുമ്പുകള്‍' ( leafcutters ) ആണ് തങ്ങള്‍ക്ക് ആഹാരമാക്കേണ്ട പോഷകസമൃദ്ധമായ ഫംഗസുകള്‍ അഞ്ചുകോടി വര്‍ഷമായി കൃഷിചെയ്തുണ്ടാക്കുന്നത്. ഈ ഉറുമ്പുകള്‍ മനുഷ്യരെപ്പോലെ കാലക്രമത്തില്‍ കൃഷിരീതി മെച്ചപ്പെടുത്തുകയും, വിളകളെ കൂടുതല്‍ പോഷകസമൃദ്ധമാക്കുകയും ചെയ്യുന്നന്നതായി രണ്ടുവര്‍ഷം മുമ്പ് ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. 

കോപ്പന്‍ഹേഗന്‍, ലുണ്ട് സര്‍വകലാശാലകളിലെ ഒരുസംഘം ഗവേഷകര്‍ 2014 ഡിസംബര്‍ ആദ്യം 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ( http://www.nature.com/articles/ncomms6675 ), ഇലവെട്ടി ഉറുമ്പുകള്‍ കാലക്രമത്തില്‍ തങ്ങളുടെ കൃഷിയും വിഭവവും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയത്. 
ഉറുമ്പുകള്‍ സൃഷ്ടിക്കുന്ന 'ഫംഗസ് തോട്ടങ്ങള്‍'. ഫോട്ടോ കടപ്പാട്: Alex Wild

ഇത്തരം ഉറുമ്പുകള്‍ ഇലക്കഷണങ്ങള്‍ വെട്ടിയെടുത്ത് തങ്ങളുടെ കൂട്ടിലെത്തിക്കുകയും, അവയെ പ്രത്യേക രാസാഗ്നികളുപയോഗിച്ച് ദ്രവിപ്പിച്ച് ഫംഗസുകള്‍ വളര്‍ത്തുകയുമാണ് ചെയ്യുക. ഇതാണ് കൃഷി. കാര്‍ബോഹൈഡ്രേറ്റുകളും ലിപ്പിഡുകളും രാസാഗ്നികളും ഉള്‍പ്പടെ ഉറുമ്പുകര്‍ഷകരുടെ എല്ലാ പോഷകാവശ്യങ്ങളും നിര്‍വഹിക്കാന്‍ പര്യാപ്തമായ ഫംഗസ് വിളയാണ് കൃഷി വഴി ലഭിക്കുക. 

ഇത്തരത്തില്‍ ഫംഗസുകളെ പോഷകസമൃദ്ധമായ ഫുഡ്പാക്കേജുകളാക്കി മാറ്റാന്‍ കാലക്രമത്തില്‍ ഉറുമ്പുകള്‍ക്ക് സാധിച്ചതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അഞ്ചുകോടി വര്‍ഷം മുമ്പ് ഫംഗസ് കൃഷി ആരംഭിച്ചെങ്കിലും, ഇത്തരം ഫുഡ്പാക്കേജുകള്‍ രൂപപ്പെടുത്താന്‍ ഉറുമ്പുകള്‍ ആരംഭിച്ചിട്ട് രണ്ടുകോടി വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് ഗവേഷകരുടെ നിഗമനം. 

പ്രകൃതിദത്തമായ തിരഞ്ഞെടുപ്പ് അഥവാ പ്രകൃതിനിര്‍ധാരണം ( natural selection ) വഴി സാവധാനത്തിലാണ് ഉറുമ്പുകൃഷി ഇന്നത്തെ നിലയ്ക്ക് പരിണമിച്ചത്. ഗവേഷകരുടെ അഭിപ്രായത്തില്‍, അഞ്ചുകോടി വര്‍ഷം മുമ്പ് ഉറുമ്പുകള്‍ കൃഷി ആരംഭിച്ച സമയത്തേക്കാള്‍ പതിനായിരം മടങ്ങ് വലുപ്പമുള്ളതാണ് ഇന്നത്തെ ഫംഗസ് കൃഷിയിടങ്ങള്‍. 

വിത്തും കൈക്കോട്ടും

കൃഷിയുടെ കാര്യത്തില്‍ ദക്ഷിണ അമേരിക്കയിലെ ഉറുമ്പുകളെ അപേക്ഷിച്ച് താരതമ്യേന നവാഗതരാണ് ഫിജിയിലെ ഫിലിദ്രിസ് ഉറുമ്പുകള്‍. 30 ലക്ഷം വര്‍ഷമേ ആയിട്ടുള്ളൂ അവ കാര്‍ഷികവൃത്തി തുടങ്ങിയിട്ട്. അതുപക്ഷേ, നല്ല വൃത്തിയിലാണ് നിര്‍വഹിക്കുന്നത്. വെറുതെ ഇലവെട്ടിക്കൊണ്ടിട്ട് ഫംഗസുണ്ടാക്കലല്ല, പകരം വിത്ത് നട്ട് ചെടി മുളപ്പിച്ച് അതിന് വളവും പോഷകങ്ങളും നല്‍കി വളര്‍ത്തി, പാര്‍പ്പിടവും ഭക്ഷണവും ആ ചെടിയുടെ സഹായത്തോടെ സൃഷ്ടിക്കുകയാണ് അവ ചെയ്യുന്നത്. 

സ്‌ക്വാമെല്ലാരിയ ചെടികളുടെ നിലനില്‍പ്പിന് ഫിലദ്രിസ് ഉറുമ്പുകള്‍ കൂടിയേ തീരൂ. അതുപോലെ തന്നെ, ഫിലദ്രിസ് ഉറുമ്പുകള്‍ക്ക് സ്‌ക്വാമെല്ലാരിയ ചെടികള്‍ ഉണ്ടെങ്കിലേ പറ്റൂ. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് പ്രകൃതിയില്‍ രൂപപ്പെട്ട ഒരു പരസ്പരാശ്രയ സംവിധാനത്തിന്റെ കണ്ടെത്തല്‍ കൂടിയാണ് ഗ്വില്ലോം ചോമിക്കിയും സംഘവും ഫിജിയില്‍ നടത്തിയത്. 
സ്‌ക്വാമെല്ലാരിയ ചെടി. ചിത്രം കടപ്പാട്: Guillaume Chomicki, University of Munich 

'സസ്യനഗരങ്ങള്‍' സൃഷ്ടിക്കാന്‍ ഫിലദ്രിസ് ഉറുമ്പുകള്‍ ആദ്യം ചെയ്യുന്നത് സ്‌ക്വാമെല്ലാരിയ ചെടിയുടെ വിത്ത് നടലാണ്. വൃക്ഷങ്ങളുടെ വലിയ ശിഖരങ്ങിലെ തൊണ്ടിലും തൊലിയിലും പൊട്ടലുള്ള ഭാഗങ്ങളില്‍ വിത്തുകള്‍ 'നടുന്നു'. വിത്തിട്ട് സ്ഥലംവിടുകയല്ല ചെയ്യുക. അവിടെ തൊഴിലാളി ഉറുമ്പുകള്‍ തുടര്‍ച്ചയായി റോന്തുചുറ്റി ജാഗ്രത പാലിക്കും. ഒപ്പം തങ്ങളുടെ വിസര്‍ജ്യം ചെടിക്ക് വളമായി നല്‍കുകയും ചെയ്യും!

സ്‌ക്വാമെല്ലാരിയ ചെടി വളരുമ്പോള്‍, അവയുടെ വൃക്ഷശിഖരങ്ങളോടു ചേര്‍ന്നുള്ള കടഭാഗം തടിച്ചുവീര്‍ത്ത് പൊള്ളയായ ഒരു ഘടന രൂപപ്പെടുന്നു. 'ഡൊമാറ്റിയ' ( domatia ) എന്ന ആ ഭാഗം ഉറുമ്പുകള്‍ തങ്ങളുടെ കൂടാക്കി മാറ്റി താമസമുറപ്പിക്കും. ഭീമന്‍ ബള്‍ബുകള്‍ പോലെ അവ മരക്കൊമ്പുകളില്‍ കാണപ്പെടും. ചെടിയുടെ ഫലത്തിലെ മാംസളഭാഗങ്ങള്‍ തിന്നിട്ട് വിത്തുകള്‍ അടുത്ത കൃഷിക്കായി ഉറുമ്പുകള്‍ ഉപയോഗിക്കുന്നു. പഠനം നടത്തിയ ചോമിക്കിയും സൂസാനും കണ്ടെത്തിയത്, ഫിജിയില്‍ ആറിനം സ്‌ക്വാമെല്ലാരിയ ചെടികളെ ഫിലദ്രിസ് ഉറുമ്പുകള്‍ കൃഷിക്കും താമസത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്നു എന്നാണ്. ഈ ഇനങ്ങള്‍ക്കെല്ലാം വേരുകളുടെ പ്രത്യേകതകൊണ്ട് വൃക്ഷശിഖരങ്ങളില്‍ വളരാന്‍ കഴിയും. 

ചെടികള്‍ ചെറുപ്പമായിരിക്കുമ്പോഴേ, ഉറുമ്പുകള്‍ അവയുടെ കടഭാഗമായ ഡൊമിറ്റയത്തിലെ ചെറുസുക്ഷിരങ്ങളിലൂടെ കടന്ന് ചെടിക്ക് വളം നല്‍കാന്‍ തുടങ്ങുമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ഉറുമ്പുകള്‍ വളമിടുന്നത് നേരിട്ട് നിരീക്ഷിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചില്ല. ഉറുമ്പുകള്‍ തങ്ങളുടെ വിസര്‍ജ്യം ചെടിക്ക് വളമായി നല്‍കുന്നുവെന്നാണ് അനുമാനം.


സ്‌ക്വാമെല്ലാരിയ ചെടിയുടെ വേരുകളുടെ സവിശേഷതകൊണ്ട് അവയ്ക്ക് വൃക്ഷശിഖരങ്ങളില്‍ വളരാന്‍ കഴിയുന്നു
ചെടി വളരുന്നതോടെ, ബള്‍ബിന്റെ ആകൃതിയില്‍ ഡൊമാറ്റിയം വലുതായി വികസിക്കും. വിത്തുകള്‍ ഉണ്ടാകുമ്പോള്‍ അത് ശേഖരിച്ച് മറ്റ് വൃക്ഷശിഖരങ്ങളില്‍ മറ്റു സ്ഥലത്ത് 'നടും'. എന്നിട്ട് അവയ്ക്ക് കാവലൊരുക്കും! അങ്ങനെയാണ് 'സസ്യനഗരങ്ങള്‍' ഉറുമ്പുകള്‍ സൃഷ്ടിക്കുന്നത്. ഗവേഷകര്‍ നിരീക്ഷിച്ച ഒരു 'നഗരം' 25 സ്‌ക്വാമെല്ലാരിയ ചെടികളടങ്ങിയ കോളനിയായിരുന്നു.

മധുരമുള്ള സഹകരണം 

ഒരു സസ്യവും ഒരു ജീവിയും തമ്മിലുള്ള പരസ്പരസഹകരണത്തിന്റെ ഉദാത്ത മാതൃകയാണ് സ്‌ക്വാമെല്ലാരിയ ചെടിയും ഫിലദ്രിസ് ഉറുമ്പുകള്‍ തമ്മില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി രൂപപ്പെട്ടിട്ടുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. ഇരുകൂട്ടരും നിലനില്‍ക്കുന്നത് ഈ സഹകരണം വഴിയാണ്. 
സ്‌ക്വാമെല്ലാരിയ ചെടി പൂര്‍ണവളര്‍ച്ചയെത്തിയാലും, അതിനുള്ളില്‍ പാര്‍ക്കുന്ന ഉറുമ്പുകള്‍ ചെടിക്ക് വളം നല്‍കുന്നത് തുടരും. പകരമായി മധുരിക്കുന്ന പഴങ്ങള്‍ ഉറുമ്പുകള്‍ക്ക് ചെടി നല്‍കും. 30 ലക്ഷം വര്‍ഷങ്ങളായി ഇത് തുടരുന്നുവെന്നാണ് ജനിതകപഠനങ്ങള്‍ വ്യക്തമാക്കിയത്. 

ഉറുമ്പുകള്‍ സൃഷ്ടിക്കുന്ന 'സസ്യനഗരങ്ങള്‍' അടുത്തടുത്തുള്ള അനേകം വൃക്ഷങ്ങളുടെ ശിഖരങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടാകാം. ഇങ്ങനെ സ്‌ക്വാമെല്ലാരിയ ചെടികളുടെ വിത്തുകള്‍ പുതിയ സ്ഥലങ്ങളിലേക്ക് എത്താന്‍ ഫിലദ്രിസ് ഉറുമ്പുകള്‍ കൂടിയേ തീരൂ. ഇതിന് ഈ ചെടികള്‍ പൂര്‍ണമായി ആശ്രയിക്കുന്നത് ഉറുമ്പുകളെയാണ്. പകരം, ഉറുമ്പുകള്‍ക്ക് നിലനില്‍ക്കാന്‍ ഭക്ഷണവും പാര്‍പ്പിടവും ചെടികള്‍ നല്‍കുന്നു.


 ഉറുമ്പുകള്‍ സൃഷ്ടിക്കുന്ന ഓരോ 'സസ്യനഗരവും' സമീപത്തുള്ള അനേകം വൃക്ഷങ്ങളില്‍ വ്യാപിച്ചിട്ടുണ്ടാകാം. ഫോട്ടോ കടപ്പാട്: Guillaume Chomicki, University of Munich
പരസ്പരാശ്രിത സഹകരണത്തിന്റെ ഭാഗമായി ഉറുമ്പുകള്‍ ചെടികള്‍ കൃഷിചെയ്യുന്നതായുള്ള ആദ്യ കണ്ടെത്തലാണ് ഫിജിയില്‍ നിന്നുണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു. അങ്ങേയറ്റം മികച്ച രീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഫിലദ്രിസ് ഉറുമ്പുകള്‍ക്ക് ഇതിന് കഴിയുന്നതെന്ന്, ഓസ്‌ട്രേലിയയില്‍ ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയിലെ കിര്‍സ്റ്റി ആബോട്ട് അഭിപ്രായപ്പെടുന്നു. 'നമ്മള്‍ കരുതുന്നതിലും സ്മാര്‍ട്ടാണ് ഈ ഉറുമ്പുകള്‍', അവര്‍ പറയുന്നു.

മനുഷ്യര്‍ കഴിഞ്ഞാല്‍ ഉറുമ്പുകളെപ്പോലെ അപൂര്‍വ്വം ചില ജീവികളേ സ്വന്തമായി കൃഷിചെയ്ത് ഭക്ഷണമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളൂ. യതി ഞണ്ടുകള്‍ ( Yati Crabs ) ആണ് അവയിലൊന്ന്. 2005ലാണ് ഈ ജീവിയെ സമുദ്രഗവേഷകര്‍ കണ്ടെത്തിയത് ( http://www.mbari.org/discovery-of-yeti-crab/). 

ഈസ്റ്റര്‍ ദ്വീപിന് തെക്കുഭാഗത്ത് പെസഫിക്-അത്‌ലാന്റിക് പ്രദേശത്ത് കടലിനടിയില്‍ നിന്ന് തിരിച്ചറിഞ്ഞ ഈ ജീവി, അവയുടെ കൈകളിലെ രോമക്കാടുകളില്‍ ബാക്ടീരിയയെ വന്‍തോതില്‍ വളര്‍ത്തി ഭക്ഷണമാക്കുന്നതായാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 

എന്തൊക്കെയായാലും, ചെടികള്‍ നട്ടുവളര്‍ത്തുന്ന ഫിലദ്രിസ് ഉറുമ്പുകള്‍, ഈ രംഗത്ത് പുതിയൊരു അധ്യായമാണ്. 

(അവലംബം: 1. Obligate plant farming by a specialized ant, Nature Plants, Nov 21, 2016; 2. Symbiotic adaptations in the fungal cultivar of leaf - cutting ants, Nature Communications, Dec 1, 2014; 3. Arts Technica, Nov 24, 2016)

by ജോസഫ് ആന്റണി 

- മാതൃഭൂമി ഓണ്‍ലൈനില്‍ (നവംബര്‍ 27, 2016) പ്രസിദ്ധീകരിച്ച ലേഖനം