Friday, May 27, 2011

വ്യാഴത്തില്‍ എന്റെ ഭാരം 180 കിലോ!!

ഭൂമിയില്‍ ഞാന്‍ മെലിഞ്ഞിരിക്കുന്നത് നോക്കേണ്ട....ഇവിടെ 72 കിലോ ഗ്രാം ഭാരമേ ഉള്ളൂ എന്നതിലും കാര്യമില്ല. വ്യാഴത്തില്‍ എന്റെ ഭാരം 180 കിലോ ഗ്രാമാണ്!!

കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം ആന്‍ഡ് പ്ലാനറ്റോറിയത്തിലെ ജ്യോതിശ്ശാസ്ത്ര ഗാലറിയില്‍ വെച്ചാണ് വേണമെങ്കില്‍ രോമാഞ്ചമുളവാക്കാവുന്ന ഈ വിവരം എനിക്ക് കിട്ടിയത്. മറ്റേതെങ്കിലും ഗ്രഹത്തില്‍ പോയി ഒരു രൂപായിട്ട് തൂക്കം നോക്കാന്‍ ഇത്രകാലവും തോന്നാത്തതില്‍ ഞാന്‍ പരിതപിച്ചു!

വ്യാഴത്തിലേത് മാത്രമല്ല, മറ്റ് ഗ്രഹങ്ങളില്‍ എന്ത് ഭാരമുണ്ടെന്നറിയാനും ജ്യോതിശ്ശാസ്ത്ര ഗാലറിയില്‍ വഴിയുണ്ട്. തൂക്കം നോക്കാനുള്ള തട്ടില്‍ കയറി നിന്നാല്‍ മതി. മുന്നിലെ ബോര്‍ഡില്‍ വിവിധ ഗ്രഹങ്ങള്‍ക്ക് താഴെയുള്ള അക്കങ്ങള്‍ മാറും.നടുക്കവും ആവേശവുമുളവാക്കുന്ന സംഖ്യകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തെളിയും.

വിവിധ ഗ്രഹങ്ങളിലെയും ചന്ദ്രനിലെയും എന്റെ ഭാരം ചുവടെ-

ശനി -77 കിലോ (അത്ര പോര...കുറച്ചുകൂടി ആകാമായിരുന്നു)

യുറാനസ് - 88 കിലോ (കൊള്ളാം, മോശമില്ല)

ശുക്രന്‍ - 64 കിലോ (ഉള്ളതും പോയി)

ചന്ദ്രന്‍ - 11 കിലോ ഗ്രാം (കരഞ്ഞുപോകും...ഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുന്നവര്‍ക്ക് ചന്ദ്രനില്‍ പോയി ചുളുവില്‍ അത് ചെയ്യുന്ന കാര്യം ആലോചിച്ച് കൂടേ. ഭാവിയില്‍ വെയ്റ്റ് ലോസിനുള്ള ഉപാധികളില്‍ ചാന്ദ്രയാത്രയും പെടുമോ ആവോ).

ജ്യോതിശ്ശാസ്ത്ര ഗാലറിക്ക് മുമ്പ് ലൈഫ് സയന്‍സ് ഗാലറിയില്‍ കയറിയിരുന്നു. അവിടുത്തെ അക്വേറിയത്തില്‍ വിവിധ തരം മത്സ്യങ്ങള്‍ പോസുചെയ്തും വാലാട്ടിയും ചിറകിളക്കിയും ഞങ്ങള്‍ സന്ദര്‍ശകരെ സന്തോഷിപ്പിക്കുകയുണ്ടായി.

അതിലൊരിടത്ത് വലിയ തിലാപ്പിയയുടെ വലിപ്പവും ഏതാണ്ട് അതിന്റെ ആകൃതിയുമുള്ള ഏതാനും മത്സ്യങ്ങള്‍ മാത്രം എന്നെ ക്രൂരമായി നോക്കി. സാധനം എന്താണെന്നറിയാന്‍ ഞാന്‍ ലേബലില്‍ പരതി-പിരാന! അയ്യോ, ആമസോണിലെ മാംസംതീനികള്‍.

'ഈ മലയാളി റാസ്‌കലിനെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ തിന്ന് എല്ലാക്കി വിടാമായിരുന്നു' എന്നായിരിക്കണം, എന്നെ നോക്കി ഒരു പിരാന മറ്റൊരെണ്ണത്തോട് രഹസ്യം പറഞ്ഞത്! വേറൊരെണ്ണം എന്നെ നോക്കി ഇങ്ങനെ പറയുന്നതായി ഞാന്‍ ഭയപ്പാടോടെ സങ്കല്‍പ്പിച്ചു: 'ചുണയുണ്ടെങ്കില്‍ നീ ആമസോണില്‍ വാടാ'. പേടിയോടെ അവിടുന്ന് പുറത്തു കടന്നു.

റോക്കറ്റ് നിര്‍മാണ വര്‍ക്ക്‌ഷോപ്പിന് എട്ടാംക്ലാസുകാരിയായ മകളെ പ്ലാനറ്റോറിയത്തില്‍ കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഈയുള്ളവനും അവിടെയെത്തിയത്. ആദ്യമായാണ് ശാസ്ത്രകേന്ദ്രത്തിനുള്ളില്‍ ഒന്ന് ചുറ്റി നടക്കുന്നത്.

ചെറിയൊരു മഴ പെയ്താല്‍ വെള്ളംകെട്ടുന്ന ജാഫര്‍ഖാന്‍ കോളനിയുടെ അതിര്‍ത്തിയിലെ അവഗണിക്കാവുന്ന ഒരിടം എന്നു മാത്രം ഇത്രകാലവും കരുതിയിരുന്ന ആ സ്ഥാപനം, യഥാര്‍ഥത്തില്‍ കോഴിക്കോട്ടെ ഏറ്റവും മുന്തിയ വിദ്യാഭ്യാസകേന്ദ്രങ്ങളിലൊന്നാണെന്ന് ആദ്യസന്ദര്‍ശനത്തില്‍ തന്നെ ആര്‍ക്കും മനസിലാകും.

കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും പഠിക്കാനും മനസിലാക്കാനും ഏറെക്കാര്യങ്ങള്‍ അവിടെയുണ്ട്. ഫണ്‍സയന്‍സ് ഗാലറി, ജ്യോതിശ്ശാസ്ത്ര ഗാലറി, മാന്ത്രിക കണ്ണാടികള്‍, മനുഷ്യക്ഷമതാഗാലറി, ലൈഫ് സയന്‍സ് ഗാലറി, ശാസ്‌ത്രോദ്യാനം, ദിനോസര്‍ പാര്‍ക്ക്, ത്രിഡി ഫാന്റസി ഷോ എന്നിങ്ങനെ ശാസ്ത്രത്തിന്റെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന ഇടങ്ങള്‍.

രാജ്യത്തെ ഏറ്റവും വലിയ ജ്യോതിശ്ശാസ്ത്ര ഗാലറിയാണിവിടുത്തേതെന്ന് കഴിഞ്ഞ ദിവസം 'മാതൃഭൂമി' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് (മെയ് 20, 2011) പറയുന്നു.

കോഴിക്കോട് പ്ലാനറ്റോറിയത്തെക്കുറിച്ച് അത്ര മതിപ്പില്ലാതിരുന്നതിനാല്‍, തിരുവനന്തപുരത്ത് പോകുമ്പോഴാണ് കുട്ടികളെ പ്ലാനറ്റോറിയത്തില്‍ കൊണ്ടുപോയിരുന്നത്. ആ മുന്‍വിധി തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായി.

അക്കാര്യം കൂടുതല്‍ ഉറപ്പിക്കുന്നതാണ് കോഴിക്കോട് പ്ലാനറ്റോറിയത്തിലെ സന്ദര്‍ശകരുടെ കണക്ക്. 2010-2011 വര്‍ഷത്തില്‍ ഇവിടം സന്ദര്‍ശിച്ച് ശാസ്ത്രവിജ്ഞാനത്തില്‍ പങ്കുപറ്റിയവര്‍ എത്രയെന്നോ - 509438 പേര്‍! രാജ്യത്ത് ഏറ്റവുമധികം സന്ദര്‍ശകരുള്ള പ്ലാനറ്റോറിയത്തിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് അത്ഭുതത്തോടെ ഓര്‍ത്തു.

കോഴിക്കോട് കഴിഞ്ഞാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ അടുത്ത സ്ഥാനം കൊല്‍ക്കത്ത പ്ലാനറ്റോറിയത്തിനാണ്-3.5 ലക്ഷം സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം അവിടെയെത്തി. രാജ്യത്തുള്ള 28 പ്ലാനറ്റോറിയങ്ങളില്‍ മറ്റുള്ളവയിലെല്ലാം സന്ദര്‍ശകരുടെ എണ്ണം 3.5 ലക്ഷത്തില്‍ താഴെയാണ്.

ഗാലറികളും പാര്‍ക്കുകളും മാത്രമല്ല, പ്രദര്‍ശനത്തിന്റെ കാര്യത്തിലും കോഴിക്കോട് പ്ലാനറ്റോറിയം മുന്നിലാണ്. ദിവസവും ശരാശരി നാല് പ്രദര്‍ശനങ്ങളാണ് മറ്റ് സ്ഥലങ്ങളില്‍ നടക്കുന്നതെങ്കില്‍, ഇവിടെ 14 പ്രദര്‍ശനങ്ങള്‍ വരെ നടത്തുന്നു.

അവധിയില്ല എന്നതാണ് പ്ലാനറ്റോറിയത്തിന്റെ പ്രത്യേകത. സാധാരണ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആഴ്ചയില്‍ എല്ലാ ദിവസവും ശാസ്ത്രകേന്ദ്രം പ്രവര്‍ത്തിക്കുന്നു.

സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്ന് പറയുമ്പോള്‍, അത് ഗുണപരമായിക്കൂടി മാറുന്നുണ്ടോ എന്നത് പ്രശ്‌നമാണ്. ചില ഗാലറികളില്‍ എത്തിയ സന്ദര്‍ശകരുടെ പെരുമാറ്റം അത്തരമൊരു സംശയമുണര്‍ത്തി. ബീച്ചില്‍ പോകുന്ന അതേ മാനസികാവസ്ഥയോടെ പ്ലാനറ്റോറിയത്തിലെത്തുന്നവര്‍ കുറവല്ല. വെറുതെ സമയം പോക്കാനെത്തുന്നവര്‍, എന്തിനിവിടെ എത്തി എന്ന് അറിയാത്തവര്‍, അലസമായി കാഴ്ചകള്‍ കണ്ട് മറ്റേതോ ലോകത്താണെന്ന മട്ടില്‍ കടന്നു പോകുന്നവര്‍.

പക്ഷേ, അതിനിടയില്‍ ജിജ്ഞാസയും വിജ്ഞാനദാഹവും പ്രതിഫലിക്കുന്ന മുഖങ്ങളുമുണ്ട് എന്നതാണ് ആശ്വാസം.

സമാന്തരരേഖകള്‍

ശില്പശാല നടക്കുന്ന ആദ്യദിവസം വൈകിട്ട് 4.30 ന് മകളെ കൂട്ടാന്‍ വീണ്ടും പ്ലാനറ്റോറിയത്തിലെത്തി. മെയ് മാസത്തിന്റെ ചൂടില്‍ നീറുകയാണ് അന്തരീക്ഷം. ഞാനും ഭാര്യയും കൂടി ഗേറ്റ് കടന്ന് ഇടതുവശത്തെ തണല്‍ വിരിച്ച നടപ്പാതയിലൂടെ നീങ്ങി. പാര്‍ക്കിലൂടെ വീശുന്ന ചെറിയ കാറ്റ് ചൂടിന് അല്‍പ്പം ആശ്വാസം പകരുന്നുണ്ട്.

വാത്തകളെയും മുയല്‍ക്കുഞ്ഞുങ്ങളെയും പാര്‍പ്പിച്ചിരിക്കുന്ന കൂടുകള്‍ക്കിപ്പുറത്ത് പര്‍ദ ധരിച്ച കുറെ സ്ത്രീകള്‍ നിസ്‌ക്കരിക്കുന്നു. മലബാര്‍ പ്രദേശങ്ങളില്‍ ഈ കാഴ്ച പതിവാണ്.

എങ്കിലും ശാസ്ത്രത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഇത്തരമൊരു സ്ഥാപനത്തിനുള്ളില്‍ ഈ കാഴ്ച കൗതുകമുണര്‍ത്തുന്നു. എങ്ങനെയാണ് ഇതിനെ വ്യാഖ്യാനിക്കാനാവുക.

മതവും ശാസ്ത്രവും തമ്മിലുള്ള തര്‍ക്കം ലോകത്ത് വ്യത്യസ്ത തരത്തിലാണ് പുരോഗമിക്കുന്നതെന്ന കാര്യം ഞാനോര്‍ത്തു.

ആധുനിക ശാസ്ത്രത്തിന്റെ മുഖമുദ്രകളിലൊന്ന്, നമ്മള്‍ അംഗീകരിക്കാന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ദൈവത്തിന്റെ പങ്ക് പ്രപഞ്ചത്തിന്റെ കാര്യങ്ങളില്‍ നിന്ന് മുക്തമാക്കി എന്നതാണ്. 'നിസ്സാര' പ്രപഞ്ചകാര്യങ്ങളില്‍ നിന്ന് ആധുനികശാസ്ത്രം ദൈവത്തിന് വിടുതല്‍ നല്‍കി എന്ന് പറയുന്നതാകും ശരി.

മുകളിലേക്കെറിഞ്ഞ കല്ലിന് തറയില്‍ വീഴാനും, ഇടിമുഴക്കമുണ്ടാകാനും, സൂര്യന് ചുറ്റും ഗ്രഹങ്ങള്‍ക്ക് ചലിക്കാനും, പ്രപഞ്ചത്തിന് വികസിക്കാനും ഒരു അതീന്ദ്രിയശക്തിയുടെ ആവശ്യമില്ല എന്ന് ആധുനികശാസ്ത്രം വ്യക്തമാക്കി തന്നു. 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' ആവിഷ്‌ക്കരിച്ചതിലൂടെ ജീവലോകത്തെ കാര്യത്തിലും അതീതശക്തി ആവശ്യമില്ലെന്ന് ചാള്‍സ് ഡാര്‍വിന്‍ തെളിയിച്ചു.

പ്രകൃതിയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത് പ്രകൃതിയിലെ തന്നെ നിയമങ്ങള്‍ പ്രകാരമാണെന്ന് ആധുനികശാസ്ത്രം അടിവരയിട്ട് പറയുന്നു. സ്വാഭാവികമായും ഇത് മതങ്ങള്‍ പ്രചരിപ്പിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ്.

പാശ്ചാത്യലോകത്ത് ഇതിനെല്ലാം മറു സിദ്ധാന്തങ്ങള്‍ ചമച്ചുകൊണ്ടാണ് മതവിശ്വാസികള്‍ മറുപടി നല്‍കുന്നത്. പരിണാമസിദ്ധാന്തത്തിന്, സൃഷ്ടിവാദത്തിന്റെ പുതിയ രൂപമായ ബൗദ്ധീകരൂപകല്‍പ്പനാവാദം (ഇന്റലക്ച്വല്‍ ഡിസൈന്‍ തിയറി) രംഗത്തെത്തിയത് ഉദാഹരണം.

എന്നാല്‍, ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഏത് ആധുനിക ശാസ്ത്രമുന്നേറ്റമുണ്ടാകുമ്പോഴും അതെല്ലാം സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പേ ഇവിടുള്ളവര്‍ കണ്ടെത്തിയിരുന്നു എന്ന വാദവുമായി ഒരു കൂട്ടര്‍ രംഗത്തെത്തുന്നാണ് ഇന്ത്യന്‍ സ്റ്റൈല്‍!

ഹൈഡ്രജന്‍ ബോംബും പരിണാമസിദ്ധാന്തവും ഇവിടെയുണ്ടായതാണ്... എന്തിന് ഗോളാന്തരയാത്ര വരെ ഇന്ത്യക്കാര്‍ അയ്യായിരം വര്‍ഷം മുമ്പ് നടത്തിയിരുന്നു എന്ന് വാദിക്കാന്‍ ചിലര്‍ക്ക് യാതൊരു ഉളുപ്പുമില്ല.

ആന്‍ഞ്‌ജെല സൈനി രചിച്ച 'ഗീക്ക് നേഷന്‍' (Geek Nation - How Indian Science is Taking Over the World) എന്ന ഗ്രന്ഥത്തില്‍ ഇന്ത്യക്കാരുടെ ഈ സ്വഭാവം അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷകയായ മീര നന്ദ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത് സൈനി ഉദ്ധരിക്കുന്നു-'ഇന്ത്യക്കാരെ ഒരുതരം അപകര്‍ഷതാബോധം പിടികൂടിയിട്ടുണ്ട്, അതിനെ നമ്മള്‍ ഒരു ഉത്കൃഷ്ടതാബോധം കൊണ്ട് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു'! അതിന്റെ പ്രതിഫലനമാണ്, എല്ലാം നമ്മള്‍ മുമ്പേ കണ്ടെത്തിയിരുന്നു എന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ തട്ടിവിടുന്നു എന്നത്.

ഈ പ്രശ്‌നത്തെ പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ മേഘനാഥ് സാഹ ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്. 'നിങ്ങള്‍ക്ക് ഒരു കാര്യത്തെക്കുറിച്ച് വേണ്ടത്ര അറിവോ ധാരണയോ ഇല്ലെങ്കില്‍, അത് മറച്ചുവെയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധി 'ഇതെല്ലാം വേദങ്ങളിലുണ്ട്' എന്ന് പ്രസ്താവിക്കലാണ്'.

ഇത് മാത്രമല്ല, മതപരമായ സംഗതികള്‍ വിശദീകരിക്കാന്‍ ആധുനികശാസ്ത്രത്തെ കൂട്ടുപിടിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് നീങ്ങുന്നു.

മതവും ശാസ്ത്രവും സമാന്തരരേഖകളാണെന്ന് അംഗീകരിച്ചാല്‍ ഇത്തരം അപകടം ഒഴിവാക്കാം. പരസ്പരം ചേരാത്തവയാണ് ഇവ. മതത്തെ മതത്തിന്റെ രീതിയിലും ശാസ്ത്രത്തെ അതിന്റെ വഴിക്കും വിടുകയാണ് നല്ലത്. അതുകൊണ്ട് ശാസ്ത്രകേന്ദ്രത്തിനകത്ത് നിസ്‌ക്കരിച്ചതുകൊണ്ട് ആര്‍ക്കും ഒരു ദോഷവും സംഭവിക്കുന്നില്ല, അതില്‍ അത്ഭുതപ്പെടേണ്ട കാര്യവുമില്ല- ഞാന്‍ മനസില്‍ പറഞ്ഞു.

Tuesday, April 12, 2011

യൂറോപ്പിന്റെ ഭാവി ആഫ്രിക്കയ്ക്ക് അടിയിലെന്ന് ശാസ്ത്രജ്ഞര്‍

യൂറോപ്യന്‍ ഭൂഫലകം ആഫ്രിക്കയ്ക്ക് അടിയിലേക്ക് നീങ്ങിത്തുടങ്ങുമെന്ന് ഭൗമശാസ്ത്രജ്ഞര്‍. മെഡിറ്റനേറിയന്‍ മേഖലയില്‍ ഫലകസംഗമസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ ഭാവിയില്‍ യൂറോപ്പിന്റെ സ്ഥാനം ആഫ്രിക്കയ്ക്ക് അടിയിലാക്കിയേക്കാമത്രേ! ഇറ്റലയില്‍ സിസിലി തീരത്തിന് വടക്ക് സ്ഥിതിചെയ്യുന്ന സ്‌ട്രോംബോലി അഗ്നിപര്‍വതം പോലുള്ളവയുടെ വര്‍ധിച്ച പ്രവര്‍ത്തനം, മെഡിറ്റനേറിയനിലെ ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളുടെ സൂചകമാണെന്ന് കരുതുന്നു.....
ഭൂഗോളത്തിന്റെ ബാഹ്യപാളി എന്നത് പരസ്പരം ബലംപ്രയോഗിക്കുകയും അകലുകയും ചെയ്യുന്ന ഫലകങ്ങളുടെ കൂട്ടമാണ്. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ആ ഭൂഫലകങ്ങള്‍ (പ്ലേറ്റുകള്‍) ചലിക്കുന്നതിന്റെ ഫലമായാണ് ഭൂമുഖം ഇങ്ങനെയായത് എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് വിശ്വാസം വന്നെന്നിരിക്കില്ല. എന്നാല്‍ 'ഫലകചലന സിദ്ധാന്തം' അനുസരിച്ച് സംഗതികള്‍ അങ്ങനെയാണ്. ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും ഉണ്ടായത് ഫലകങ്ങളുടെ ചലനം മൂലമാണ്.

ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം കഴിഞ്ഞ മാര്‍ച്ച് 11 ന് ജപ്പാനില്‍ കണ്ടു. രാജ്യത്തിന്റെ വടക്കന്‍ ഹോന്‍ഷു ദ്വീപിന് 2.4 മീറ്റര്‍ സ്ഥാനചലനമുണ്ടാക്കാന്‍ പോന്ന വിനാശകാരിയായ ഭൂകമ്പവും, സുനാമിയും ആയിരങ്ങളുടെ ജീവനാണ് അപഹരിച്ചത്. ഭൂകമ്പമാപിനിയില്‍ 9.0 രേഖപ്പെടുത്തിയ ആ ഭൂകമ്പത്തിലും സുനാമിയിലും തകരാര്‍ പറ്റിയ ആണവനിലയങ്ങള്‍, ഇപ്പോള്‍ ജപ്പാന് മാത്രമല്ല സമീപരാജ്യങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തുന്നു.

ഭൂചലനങ്ങള്‍ പോലെ, ഫലകചലനത്തിന്റെ നേരിട്ടുള്ള മറ്റൊരു ഫലമാണ് അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍. എന്നാല്‍, ഫലകങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഫലങ്ങള്‍ പലപ്പോഴും ഇതിനെക്കാളൊക്കെ വലിയ മാനങ്ങളുള്ളവയാണ്. അത് പക്ഷേ, നമുക്ക് നേരിട്ട് നിരീക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കോടിക്കണക്കിന് വര്‍ഷങ്ങളുടെ ഫലമായാണ് അത്തരം ഫലങ്ങള്‍ ഭൂമുഖത്ത് പ്രത്യക്ഷപ്പെടുക. അവ ചിലപ്പോള്‍ പുതിയ സമുദ്രങ്ങളാകും, അല്ലെങ്കില്‍ ഭൂഖണ്ഡങ്ങളാകും!

ഫലകചലന സിദ്ധാന്ത പ്രകാരം, ഭൗമചരിത്രത്തിന്റെ ഒരു ശതമാനത്തിന്റെ വെറും പത്തിലൊന്ന് മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ. ഭൂഖണ്ഡങ്ങള്‍ ഇപ്പോഴും അവയുടെ ചലനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആ ചലനങ്ങള്‍ ചിലപ്പോള്‍ നിലവിലുള്ള ഭൂഖണ്ഡങ്ങളെ ഇല്ലാതാക്കാം, പുതിയ സൃഷ്ടിക്കാം. കോടിക്കണക്കിന് വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ ഭൂമിയിലുള്ള ഇടങ്ങളാകില്ല ഇവിടെ കാണുക!

ഉദാഹരണത്തിന്, മെഡിറ്റനേറിയന്‍ പ്രദേശത്ത് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളതായി ഗവേഷകര്‍ക്ക് സൂചന ലഭിച്ച പുതിയൊരു ഭൂഗര്‍ഭ പ്രവര്‍ത്തനം പരിഗണിക്കാം. ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ആഫ്രിക്കന്‍ ഫലകത്തിന്റെ (African tectonic plate) വടക്കേയറ്റം, യൂറോപ്പിനടിയിലേക്ക് നീങ്ങുകയായിരുന്നു. അപ്രതീക്ഷിതമായ സംഗതികളാല്‍ ഇപ്പോള്‍ ആ പ്രവര്‍ത്തനം നിലച്ചിരിക്കുന്നുവത്രേ. പകരം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നത് യൂറോപ്പിന്റെ ഭൗമഭാവിയെക്കുറിച്ച് സൂചന നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു.

കഴിഞ്ഞയാഴ്ച യൂറോപ്യന്‍ ജിയോസയന്‍സ് യൂണിയന്റെ (EGU) സമ്മേളനത്തിലാണ് കൗതുകമുണര്‍ത്തുന്ന പുതിയ നിഗമനം യുട്രെച്ച് സര്‍വകലാശാലയിലെ റിനുസ് വോര്‍ട്ടെല്‍ അവതരിപ്പിച്ചത്. അവരുടെ നിഗമനപ്രകാരം, മെഡിറ്റനേറിയനില്‍ പുതിയൊരു ഭ്രംശമേഖല രൂപപ്പെടുകയെന്ന അപൂര്‍വ സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതിന്റെ ഫലം ഇതായിരിക്കും-യൂറേഷ്യന്‍ ഫലകം ആഫ്രിക്കന്‍ ഫലകത്തിനടിയിലേക്ക് നീങ്ങും!

മെഡിറ്റനേറിയന് അടിയില്‍ ആഫ്രിക്കന്‍ ഫലകത്തിന്റെ അഗ്രം യൂറേഷ്യന്‍ ഫലകത്തിനടിയിലേക്ക് കടന്നിരുന്നു. യൂറേഷ്യന്‍ ഫലകത്തിന് മേലാണ് യൂറോപ്പിന്റെ സ്ഥാനം. എന്നാല്‍, ആ പ്രവേശനം വര്‍ധിപ്പിക്കാന്‍ പോന്നത്ര പിണ്ഡമുള്ളതല്ല ആഫ്രിക്കന്‍ വന്‍കര.

'അതിനാല്‍, ആഫ്രിക്കന്‍ ഫലകം കൂടുതല്‍ കടന്നില്ല. പകരം കൂട്ടിക്കൊളുത്തിയ നിലയില്‍ ഇരു ഫലകങ്ങളും ഒരുമിച്ച് ചലിച്ചു. അതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്'-വോര്‍ട്ടല്‍ പറഞ്ഞു. 'കാലക്രമേണ യൂറോപ്പ് ആഫ്രിക്കയ്ക്ക് അടിയിലേക്ക് നീങ്ങാനാണ് പുതിയ സംഭവം ഇടവരുത്തുക'.

യുട്രെച്ച് സംഘത്തിന്റെ നിഗമനം ഇങ്ങനെയാണ്-വര്‍ഷം രണ്ടു സെന്റീമീറ്റര്‍ എന്ന തോതിലാണ് ആഫ്രിക്കന്‍ ഫലകം യൂറേഷ്യന്‍ ഫലകത്തിന് അടിയിലേക്ക് നീങ്ങിയിരുന്നത്. എന്നാല്‍, വിദൂര പൂര്‍വ പ്രദേശമായ തുര്‍ക്കിയില്‍ രണ്ട് ഫലകങ്ങള്‍ തമ്മിലുണ്ടായ കൂട്ടിയിടി, മെഡിറ്റനേറിയനില്‍ നടന്ന ആ പ്രക്രിയയെ തടസ്സപ്പെടുത്തി. ആഫ്രിക്കയുടെ ഭാരക്കുറവു മൂലം ഫലകസംഗമം നിലയ്ക്കുകയും ചെയ്തു.

തുടര്‍ന്ന്, യൂറേഷ്യക്ക് അടിയിലേക്ക് താണ ആഫ്രിക്കന്‍ ഫലകം പൊട്ടിയടര്‍ന്ന് ഭൂവല്‍ക്കത്തിന് അടിയിലുള്ള മാന്റിലിലേക്ക് പോയി. അങ്ങനെയുണ്ടായ സമ്മര്‍ദക്കുറവില്‍ യൂറേഷ്യന്‍ ഫലകം മെഡിറ്റനേറിയനിലൂടെ തെക്കോട്ട് തള്ളിനീങ്ങാന്‍ തുടങ്ങി. പുതിയ ഭ്രംശമേഖല തെക്കായി രൂപപ്പെട്ടു.

ഇതിന്റെ അന്തിമഫലം യൂറേഷന്‍ ഫലകം ആഫ്രിക്കന്‍ ഫലകത്തിന് അടിയിലേക്ക് നീങ്ങുക എന്നതായിരിക്കും. കമ്പ്യൂര്‍ മാതൃകാപഠനങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ അറിയിക്കുന്നു. മേഖലയിലെ ഭൂകമ്പങ്ങളുടെ സ്വഭാവം വിശകലനം ചെയ്തതില്‍ നിന്ന് ലഭിക്കുന്ന സൂചനയും ഇതാണത്രേ!
(കടപ്പാട്: ബിബിസി ന്യൂസ്)

കാണുക

Saturday, March 05, 2011

പ്രളയവും വരള്‍ച്ചയും അതിജീവിക്കുന്ന സൂപ്പര്‍നെല്ലിന് സാധ്യത

പ്രളയത്തെ അതിജീവിക്കാന്‍ തുണയാകുന്ന ഒരു പ്രത്യേക ജീന്‍, നെല്‍ച്ചെടികളെ വരള്‍ച്ചയില്‍ നിന്ന് കാക്കാനും സഹായിക്കുമെന്ന് കണ്ടെത്തല്‍. ചതുപ്പ് നിലങ്ങളില്‍ മാത്രമല്ല, വളണ്ട മണ്ണിലും വിളവ് നല്‍കുന്ന സൂപ്പര്‍നെല്ല് വികസിപ്പിക്കാന്‍ വഴിതുറന്നേക്കാവുന്ന കണ്ടെത്തലാണിത്. ലോകം ഭക്ഷ്യപ്രതിസന്ധി നേരിടുന്ന വേളയില്‍ പ്രതീക്ഷയേകുന്ന കണ്ടെത്തലായി ഇത് വിലയിരുത്തപ്പെടുന്നു.

SUB1A എന്ന ജീനിനാണ് അത്ഭുതം പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടത്. പ്രളയജലത്തെ അതിജീവിക്കാന്‍ നെല്‍ച്ചെടികളെ സഹായിക്കുന്നതാണ് ഈ ജീനെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേ ജീനിന് വരണ്ട കാലാവസ്ഥയ്‌ക്കെതിരെയും പ്രതിരോധശേഷി നല്‍കാനാകുമെന്നാണ് ഗവേഷകര്‍ കണ്ടത്. വരണ്ട കാലാവസ്ഥയില്‍ കഴിഞ്ഞ നെല്‍ച്ചെടികളില്‍ പുതുനാമ്പ് മുളയ്ക്കാന്‍ ഈ ജീന്‍ സഹായിക്കുന്നു.

ഭൂമിയില്‍ ഏതാണ്ട് 300 കോടി ആളുകള്‍ വിശപ്പടക്കാന്‍ ആശ്രയിക്കുന്ന ധാന്യമാണ് നെല്ല്. ലോകത്ത് 25 ശതമാനം നെല്ലും വിളയുന്നത് പ്രതികൂല കാലവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ പുതിയ കണ്ടെത്തലിന് വലിയ പ്രധാന്യമുണ്ട്. 'ദി പ്ലാന്റ് സെല്‍' ജേര്‍ണലിലാണ് പുതിയ കണ്ടെത്തലിന്റെ വിവരമുള്ളത്.

വെള്ളക്കെട്ടിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നതു കൊണ്ട്, വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ജീനുള്ള ചെടികള്‍ക്ക് കുറയുന്നില്ല. മാത്രമല്ല, വരണ്ട കാലാവസ്ഥയെ ഈ ചെടികള്‍ ഗുണകരമാക്കുന്നതുപോലെയാണ് കാണുന്നത്-പഠനപ്രബന്ധത്തിന്റെ മുഖ്യരചയിതാവ് ജൂലിയ ബെയ്‌ലി -സിരെസ് പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ റിവര്‍സൈഡില്‍ ബോട്ടണി ആന്‍ഡ് പ്ലാന്റ് സയന്‍സസിലെ ഗവേഷകയാണ് ജൂലിയ.

വെള്ളത്തിലാണ് വളരുന്നതെങ്കിലും, പ്രളയം നെല്ലിന് ഗുണകരമല്ല. പ്രളയത്തെ പ്രതിരോധിക്കാന്‍ SUB1A ജീന്‍ നെല്‍ച്ചെടികളെ സഹായിക്കുന്ന വിവരം കണ്ടെത്തയത് 2006 ലാണ്. നെല്ലിന്റെ പൂര്‍ണജനിതകസാരം (ജിനോം) കണ്ടെത്തി ഒരുവര്‍ഷം തികയും മുമ്പായിരുന്നു അത്.

ആ പഠനത്തെ മുന്നോട്ടു നയിക്കാനാണ് പ്രൊഫ. ജൂലിയയും സംഘവും ശ്രമിച്ചത്. ഒരു ചെടിയെ സംബന്ധിച്ച് വെള്ളക്കെട്ട് എന്നതും വരളച്ചയെന്നതും പാരിസ്ഥിതികമായ രണ്ട് തീവ്ര വിഷമസന്ധികളാണ്. അവയെ രണ്ടിനെയും അതിജീവിക്കാനും വീണ്ടും മുളപൊട്ടാനും SUB1A ജീനടങ്ങിയ നെല്‍ച്ചെടിക്ക് സാധിക്കുമെന്നാണ് ഇപ്പോള്‍ തെളിഞ്ഞത്.

വെള്ളക്കെട്ടിനെ അതിജീവിക്കാന്‍ ഈ ജീനിനുള്ള ശേഷിയെ ഇതിനകം തന്നെ കാര്‍ഷികശാസ്ത്രജ്ഞര്‍ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന വിളവു നല്‍കുന്ന ചില സങ്കരയിനങ്ങളിലേക്ക് ജീന്‍ സന്നിവേശിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പുതിയ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ അന്താരാഷ്ട്ര നെല്ല് ഗവേഷണ സ്ഥാപന (IRRI)ത്തിലെ ശാസ്ത്രജ്ഞരും പങ്കുചേരും. (അവലംബം: The Plant Cell).

Thursday, March 03, 2011

ന്യൂട്രോണ്‍ താരങ്ങള്‍ക്കുള്ളില്‍ 'വിചിത്രദ്രവ്യരൂപം'

ന്യൂട്രോണ്‍ താരങ്ങളെന്ന് പറഞ്ഞാല്‍ തന്നെ വിചിത്രരൂപങ്ങളാണ്. സൂപ്പര്‍നോവ സ്‌ഫോടനങ്ങളുടെ ശേഷിപ്പ്. അവയുടെ അകക്കാമ്പില്‍ കൂടുതല്‍ വിചിത്രമായ ദ്രവ്യരൂപമാണത്രേ ഉള്ളത്. ഗുരുത്വാകര്‍ഷണത്തെ ധിക്കരിക്കാന്‍ ശേഷിയുള്ളതായി തോന്നുന്ന, അതിചാലകശേഷിയുള്ള, അതിദ്രാവകാവസ്ഥയുള്ള ഒന്നാണത്രെ ന്യൂട്രോണ്‍ താരങ്ങളുടെ അകക്കാമ്പ്.

നമ്മുടെ സ്വന്തം ഗാലക്‌സിയായ ക്ഷീരപഥം അഥവാ ആകാശഗംഗയില്‍ സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ ബാക്കിയായി അവശേഷിക്കുന്ന 'കാസിയോപ്പീയ എ' (Cassiopeia A) എന്ന ന്യൂട്രോണ്‍ താര (neutron star)ത്തെ പഠനവിധേയമാക്കിയ ഗവേഷകരാണ്, അതിവിചിത്ര ദ്രവ്യരൂപമാണ് (weird state of matter) ന്യൂട്രോണ്‍ താരങ്ങളുടെ അകക്കാമ്പില്‍ (core) ഉള്ളതെന്ന നിഗമനത്തിലെത്തിയത്.

'ന്യൂട്രോണ്‍ താരങ്ങളുടെ അകക്കാമ്പ് തീര്‍ത്തും അപരിചിത രൂപത്തിലാകാമെന്ന് മുമ്പു തന്നെ ഗവേഷകര്‍ സംശയിച്ചിരുന്നു. ആ സംശയത്തിന് ഇതുവരെ നേരിട്ട് തെളിവ് ലഭിച്ചിരുന്നില്ല'-പഠനത്തിന് നേതൃത്വം നല്‍കിയ ക്യാനഡിയില്‍ ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞന്‍ ക്രെയ്ഗ് ഹീന്‍കെ പറയുന്നു. 'അതിദ്രവാവസ്ഥയിലുള്ള ഹീലിയം ഭൂമിയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു ന്യൂട്രോണ്‍ താരത്തിന്റെ അകക്കാമ്പ് അത്തരമൊരു അവസ്ഥയിലാണെന്നതിന് ആദ്യമായി തെളിവ് ലഭിക്കുകയാണ്'.

സൂപ്പര്‍നോവ വിസ്‌ഫോടനത്തില്‍ അവശേഷിക്കുന്ന അതിസാന്ദ്രതയുള്ള ഭാഗമാണ് ന്യൂട്രോണ്‍ താരം. ഭീമാകാരമായ നക്ഷത്രങ്ങളുടെ അകക്കാമ്പ് ഗുരുത്വാകര്‍ഷണത്താല്‍ തകര്‍ന്നടിയുമ്പോള്‍, അതിശക്തമായി ഊര്‍ജപ്രവാഹം പുറത്തേക്കുണ്ടാവുകയും ആ ഊര്‍ജപ്രവാഹത്തില്‍ നക്ഷത്രത്തിന്റെ ബാഹ്യഅടരുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് സൂപ്പര്‍നോവ വിസ്‌ഫോടനം. തകര്‍ന്നടിഞ്ഞ അകക്കാമ്പ് ഒരു തമോഗര്‍ത്തമോ അതിന്റെ 'കാണാവുന്ന ബന്ധു'വായ ന്യൂട്രോണ്‍ താരമോ ആയി പരിണമിക്കുന്നു.

തമോഗര്‍ത്തങ്ങള്‍ നമ്മുക്ക് ദര്‍ശിക്കാനാവാത്ത രൂപത്തിലേക്ക് മാറുന്നു. എന്നാല്‍, ന്യൂട്രോണ്‍ താരങ്ങളെ നമുക്ക് കാണാം. ന്യൂട്രോണ്‍ താരങ്ങളിലെ ദ്രവ്യത്തില്‍ മുഖ്യമായും ന്യൂട്രോണുകള്‍ മാത്രമേ ഉണ്ടാകൂ, മറ്റ് മൗലികകണങ്ങള്‍ കുറവായിരിക്കും. 'പ്രപഞ്ചത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്ന ഏറ്റവും സാന്ദ്രതയേറിയ വസ്തുക്കളാണ് ന്യൂട്രോണ്‍ താരങ്ങള്‍'-ഹീന്‍കെ വിശദീകരിക്കുന്നു.

ന്യൂട്രോണ്‍ താരത്തിലെ ദ്രവ്യത്തിന്റെ സാന്ദ്രത അസാധാരണമാം വിധം ഉയര്‍ന്നതായിരിക്കും. ന്യൂട്രോണ്‍ താരത്തില്‍ നിന്നെടുക്കുന്ന ഒരു ടീസ്പൂണ്‍ ദ്രവ്യത്തിന്റെ പിണ്ഡം 600 കോടി ടണ്‍ വരുമെന്നാണ് കണക്ക്. ഏതാണ്ട് 700 കോടി മനുഷ്യര്‍ ഇപ്പോള്‍ ഭൂമുഖത്തുണ്ട്. അത്രയുംപേരെ അമര്‍ത്തി ഞരിച്ച് ഒരു ഷുഗര്‍ ക്യൂബിന്റെ വലിപ്പമാക്കിയാല്‍, ആ പഞ്ചസാരക്കട്ടയ്ക്ക് എന്ത് സാന്ദ്രതയുണ്ടാകുമോ അതാണ് ന്യൂട്രോണ്‍ താരത്തിന്റെ സാന്ദ്രത-ഹീന്‍കെ പറയുന്നു.

നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി നല്‍കുന്ന 'കാസിയോപ്പിയ എ'യുടെ വിവരങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷമായി പഠിക്കുന്ന ഗവേഷകരാണ് ഹീന്‍കെയും സൗതാംപ്ടണ്‍ സര്‍വകലാശാലയിലെ വയന്‍ ഹോയും. ഈ ന്യൂട്രോണ്‍ താരത്തിന്റെ അകക്കാമ്പ് തണുത്തുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷമാണ് അവര്‍ കണ്ടെത്തിയത്. പത്തുവര്‍ഷത്തിനിടെ നാല് ശതമാനം ഊഷ്മാവ് കുറഞ്ഞു.

ന്യൂട്രോണ്‍ താരങ്ങളുടെ ഊഷ്മാവുമായി ബന്ധപ്പെട്ട പഠനത്തില്‍ വിദഗ്ധരായ റഷ്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ പീറ്റര്‍ ഷറ്റെര്‍നിന്‍, ദിമിത്രി യാക്കോവ്‌ലേവ് എന്നിവരുമായി ഈ നിഗമനം ഇരുവരും ചര്‍ച്ച ചെയ്തു. കരുതിയതിലും വേഗത്തില്‍ കാസിയോപ്പിയ എ യുടെ അകക്കാമ്പ് തണുക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമായത്.

ഹീന്‍കെയുടെ സംഘത്തെ കൂടാതെ ജ്യോതിശാസ്ത്രജ്ഞനായ ഡാനി പേജിന്റെ നേതൃത്വത്തിലുള്ള മെക്‌സിക്കന്‍ സംഘവും ഇതെപ്പറ്റി പഠിക്കുന്നുണ്ടായിരുന്നു. ഇരു സംഘവും എത്തിയ നിഗമനം ഇതാണ്-ഊഷ്മാവ് കുറയുന്നു എന്നതിനര്‍ഥം, ന്യൂട്രോണ്‍ താരത്തിന്റെ അകക്കാമ്പില്‍ അതിദ്രാവകവാസ്ഥ (superfluid state) ഉണ്ടെന്നാണ്.

'ന്യൂട്രോണ്‍ താരങ്ങള്‍ക്കുള്ളില്‍ മൗലികമായി പ്രാധാന്യമുള്ള ചില വിചിത്ര സംഗതികള്‍ സംഭവിക്കുന്നുവെന്നാണ് നമ്മള്‍ ഇതുവഴി മനസിലാക്കുന്നത്'-ഹീന്‍കെ ചൂണ്ടിക്കാട്ടി. ഇരുസംഘത്തിന്റെയും പഠനറിപ്പോര്‍ട്ട് ഈ മാസം റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ 'മന്ത്‌ലി നോട്ടീസസി'ലും 'ഫിസിക്കല്‍ റിവ്യു ലറ്റേഴ്‌സി'ലും പ്രസിദ്ധീകരിക്കും.

അതിദ്രാവകാവസ്ഥ പ്രാപിച്ച ദ്രവത്തിന് അല്‍പ്പവും തടസ്സമില്ലാതെ (without any friction) ഒഴുകാനാകും. ഭൂമിയില്‍ ഈ അവസ്ഥ വളരെ താഴ്ന്ന ഊഷ്മാവില്‍ മാത്രമേ കണ്ടിട്ടുള്ളു. ദ്രാവക ഹീലിയത്തിന്റെ ഊഷ്മാവ് കേവലപൂജ്യത്തിന് (മൈനസ് 273 ഡിഗ്രി സെല്‍ഷ്യസ്) അല്‍പ്പം മുകളിലെത്തുമ്പോള്‍ അത് അതിദ്രാവകമായി മാറുന്നു. സാധാരണ പാത്രങ്ങളില്‍ അതിദ്രാവകത്തെ സൂക്ഷിക്കാനാവില്ല. ഒരു ചായക്കപ്പില്‍ അതിദ്രാവകാവസ്ഥയിലുള്ള ഹീലിയം എടുത്താല്‍, ഹീലിയം ദ്രാവകം മുഴുവന്‍ കപ്പിന്റെ വശങ്ങളിലൂടെ മുകളിലേക്ക് കയറിയൊഴുകി നഷ്ടപ്പെടും.

ഭൂമയില്‍ ഇത്ര താഴ്ന്ന ഊഷ്മാവിലേ അതിദ്രാവകവസ്ഥ പ്രകടമാകുന്നുള്ളു എങ്കിലും, അസാധാരണമായ സാന്ദ്രതയുള്ളതിനാല്‍ ന്യൂട്രോണ്‍ താരത്തിനുള്ളില്‍ വളരെ ഉയര്‍ന്ന ഊഷ്മാവില്‍ തന്നെ ഈ പ്രതിഭാസം സാധ്യമാകുന്നു എന്നുവേണം പുതിയ കണ്ടെത്തലില്‍ നിന്ന് അനുമാനിക്കാന്‍. അതിദ്രാവകം മാത്രമല്ല, കാസിയോപ്പിയ എ യുടെ അകക്കാമ്പ് അതിചാലകം (superconductor) കൂടിയാണെന്ന് ഗവേഷകര്‍ പറയുന്നു.

അല്‍പ്പവും പ്രതിരോധമില്ലാതെ വൈദ്യുതി കടത്തിവിടാന്‍ സഹായിക്കുന്നവയാണ് അതിചാലകങ്ങള്‍. ഭൂമിയില്‍ വളരെ താഴ്ന്ന ഊഷ്മാവിലേ അതിചാലകത്വവും ദര്‍ശിച്ചിട്ടുള്ളു (മൈനസ് 100 ഡിഗ്രി സെല്‍ഷ്യസില്‍). എന്നാല്‍, ന്യൂട്രോണ്‍ താരത്തിനുള്ളില്‍ വളരെ ഉയര്‍ന്ന ഊഷ്മാവില്‍ തന്നെ അതിചാലകത്വം സാധ്യമാണെന്നാണ് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്.

ഭൂമിയില്‍ അസാധാരണമാംവിധം താഴ്ന്ന ഊഷ്മാവില്‍ മാത്രം സാധ്യമാകുന്ന അവസ്ഥകളും പ്രതിഭാസങ്ങളും ലക്ഷക്കണക്കിന് ഡിഗ്രി ഊഷ്മാവുള്ള ന്യൂട്രോണ്‍ താരങ്ങളില്‍ സാധ്യമാകുന്നതായുള്ള കണ്ടെത്തല്‍, പുതിയ പഠനങ്ങള്‍ക്കും സാധ്യതകള്‍ക്കുമുള്ള വാതായനമാണ് തുറക്കുന്നത്.
(കടപ്പാട്: The Edmonton Journal)

Saturday, January 08, 2011

പെണ്ണിന്റേത് വെറും മുതലക്കണ്ണീരല്ല!

പുരുഷന്റെ ആസക്തി കുറയ്ക്കാന്‍ സ്ത്രീകളുടെ കണ്ണീരിന് കഴിയും

ഇസ്രായേലില്‍ വീസ്മാന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. കരയുന്ന പെണ്ണിന് മുന്നില്‍ പുരുഷന്റെ ലൈംഗികാസക്തി കുറയും. അതിനുള്ള 'രാസസൂചകം' (chemical signal) സ്ത്രീയുടെ കണ്ണീരില്‍ അടങ്ങിയിട്ടുണ്ട്.

പുരുഷ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം, ലൈംഗീകാസക്തിയുമായി ബന്ധപ്പെട്ട മസ്തിഷ്‌ക്ക പ്രവര്‍ത്തനത്തിന് ശമനമുണ്ടാക്കാനും പെണ്‍കണ്ണീരിലെ രാസസൂചകം കാരണമാകുമെന്ന്, ഗവേഷണത്തില്‍ പങ്കാളിയായ പ്രൊഫ. നോം സോബെല്‍ ബി.ബി.സിയോട് പറഞ്ഞു.

ഗവേഷകരുടെ അടുത്ത ലക്ഷ്യം പുരുഷന്റെ കണ്ണീരിന് എന്തെങ്കിലും ഫലമുണ്ടോ (പെണ്ണുങ്ങളിലും, അതുപോലെ ആണുങ്ങളിലും) എന്നറിയലാണ്.

ദുഖപൂര്‍ണമായ സിനിമകള്‍ കണ്ട് സ്ത്രീകള്‍ ഒഴുക്കിയ കണ്ണീര്‍ ശേഖരിക്കുകയാണ് പഠനത്തിനായി ഗവേഷകര്‍ ആദ്യം ചെയ്തത്. അടുത്തപടിയായി പുരുഷ വോളണ്ടിയര്‍മാരെ ഉപ്പുനീരും സ്ത്രീകളുടെ കണ്ണീരും ഉപയോഗിച്ച് പരീക്ഷണവിധേയരാക്കി.

ഉപ്പുനീരും കണ്ണീരും വെവ്വേറെ പാഡുകളിലാക്കി വോളണ്ടിയര്‍മാരുടെ മൂക്കിന് താഴെ വെച്ചിട്ട് (ഉപ്പുനീരാണോ കണ്ണീരാണോ എന്ന് പറയാതെ), സ്ത്രീകളുടെ ചിത്രങ്ങള്‍ വിലയിരുത്താന്‍ ഗവേഷകര്‍ അവരോട് ആവശ്യപ്പെട്ടു. ആദ്യം കണ്ണീര്‍ പാഡ് വെച്ച് ചിത്രങ്ങള്‍ വിലയിരുത്തിയവര്‍, പിന്നീട് ഉപ്പുനീര്‍ പാഡ് വെച്ചും അത് ആവര്‍ത്തിച്ചു, നേരെ തിരിച്ചും.

ഉപ്പുനീരിനെക്കാള്‍, പുരുഷന്‍മാരെ സംബന്ധിച്ച് കണ്ണീര്‍ പാഡ് മണത്തപ്പോള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ആകര്‍ഷണം കുറഞ്ഞതായി മാറി. സ്ത്രീകളുടെ കണ്ണീരിന്റെ സാന്നിധ്യത്തില്‍ പുരുഷന്‍മാരുടെ ഉമിനീരില്‍ ലൈംഗീഗാസക്തിക്ക് മുഖ്യനിദാനമായ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ തോത് ശരാശരി 13 ശതമാനം കുറഞ്ഞതായും ഗവേഷകര്‍ മനസിലാക്കി.

മാത്രമല്ല, ത്വക്കിന്റെ ഊഷ്മാവ്, ഹൃദയമിടിപ്പിന്റെയും ശ്വാസോച്ഛ്വാസത്തിന്റെയും തോത് തുടങ്ങിയവ അനുസരിച്ച്, കണ്ണീരിന്റെ സാന്നിധ്യത്തില്‍ പുരുഷന്‍മാരുടെ വൈകാരികനിലയും താഴ്ന്നതായി ഗവേഷകര്‍ക്ക് വെളിപ്പെട്ടു. കണ്ണീരിന്റെ സാന്നിധ്യത്തില്‍ എടുത്ത എംആര്‍ഐ മസ്തിഷ്‌ക്ക സ്‌കാനില്‍, ലൈംഗികാസക്തികയുമായി ബന്ധപ്പെട്ട് ഉത്തേജിതമാകാറുള്ള മസ്തിഷ്‌ക്കഭാഗങ്ങളില്‍ കാര്യമായ പ്രവര്‍ത്തനം നടക്കുന്നില്ല എന്നും മനസിലായി.

കണ്ണീരിന് പ്രത്യേകിച്ച് ഗന്ധമൊന്നുമില്ലാത്തതിനാല്‍, ഉപ്പുനീരും കണ്ണീരും തിരിച്ചറിയാന്‍ പുരുഷ വോളണ്ടിയര്‍മാര്‍ക്ക് സാധിച്ചിരുന്നില്ലെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. 'മനുഷ്യരില്‍ നിന്ന് പുറപ്പെടുന്ന രാസസൂചകങ്ങള്‍, അതെപ്പറ്റി ബോധവാന്‍മരല്ലെങ്കില്‍ കൂടി, മറ്റുള്ളവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ പഠനഫലം'-പ്രൊഫ. സോബെല്‍ പറഞ്ഞു.

എന്നാല്‍, ഏത് രാസചേരുവയാണ് കണ്ണീരില്‍ നിന്ന് സിഗ്നലുകള്‍ അയയ്ക്കുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. അക്കാര്യം ഗവേഷകര്‍ക്ക് ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.(കടപ്പാട്: ബിബിസി ന്യൂസ്)