Friday, May 27, 2011

വ്യാഴത്തില്‍ എന്റെ ഭാരം 180 കിലോ!!

ഭൂമിയില്‍ ഞാന്‍ മെലിഞ്ഞിരിക്കുന്നത് നോക്കേണ്ട....ഇവിടെ 72 കിലോ ഗ്രാം ഭാരമേ ഉള്ളൂ എന്നതിലും കാര്യമില്ല. വ്യാഴത്തില്‍ എന്റെ ഭാരം 180 കിലോ ഗ്രാമാണ്!!

കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം ആന്‍ഡ് പ്ലാനറ്റോറിയത്തിലെ ജ്യോതിശ്ശാസ്ത്ര ഗാലറിയില്‍ വെച്ചാണ് വേണമെങ്കില്‍ രോമാഞ്ചമുളവാക്കാവുന്ന ഈ വിവരം എനിക്ക് കിട്ടിയത്. മറ്റേതെങ്കിലും ഗ്രഹത്തില്‍ പോയി ഒരു രൂപായിട്ട് തൂക്കം നോക്കാന്‍ ഇത്രകാലവും തോന്നാത്തതില്‍ ഞാന്‍ പരിതപിച്ചു!

വ്യാഴത്തിലേത് മാത്രമല്ല, മറ്റ് ഗ്രഹങ്ങളില്‍ എന്ത് ഭാരമുണ്ടെന്നറിയാനും ജ്യോതിശ്ശാസ്ത്ര ഗാലറിയില്‍ വഴിയുണ്ട്. തൂക്കം നോക്കാനുള്ള തട്ടില്‍ കയറി നിന്നാല്‍ മതി. മുന്നിലെ ബോര്‍ഡില്‍ വിവിധ ഗ്രഹങ്ങള്‍ക്ക് താഴെയുള്ള അക്കങ്ങള്‍ മാറും.നടുക്കവും ആവേശവുമുളവാക്കുന്ന സംഖ്യകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തെളിയും.

വിവിധ ഗ്രഹങ്ങളിലെയും ചന്ദ്രനിലെയും എന്റെ ഭാരം ചുവടെ-

ശനി -77 കിലോ (അത്ര പോര...കുറച്ചുകൂടി ആകാമായിരുന്നു)

യുറാനസ് - 88 കിലോ (കൊള്ളാം, മോശമില്ല)

ശുക്രന്‍ - 64 കിലോ (ഉള്ളതും പോയി)

ചന്ദ്രന്‍ - 11 കിലോ ഗ്രാം (കരഞ്ഞുപോകും...ഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുന്നവര്‍ക്ക് ചന്ദ്രനില്‍ പോയി ചുളുവില്‍ അത് ചെയ്യുന്ന കാര്യം ആലോചിച്ച് കൂടേ. ഭാവിയില്‍ വെയ്റ്റ് ലോസിനുള്ള ഉപാധികളില്‍ ചാന്ദ്രയാത്രയും പെടുമോ ആവോ).

ജ്യോതിശ്ശാസ്ത്ര ഗാലറിക്ക് മുമ്പ് ലൈഫ് സയന്‍സ് ഗാലറിയില്‍ കയറിയിരുന്നു. അവിടുത്തെ അക്വേറിയത്തില്‍ വിവിധ തരം മത്സ്യങ്ങള്‍ പോസുചെയ്തും വാലാട്ടിയും ചിറകിളക്കിയും ഞങ്ങള്‍ സന്ദര്‍ശകരെ സന്തോഷിപ്പിക്കുകയുണ്ടായി.

അതിലൊരിടത്ത് വലിയ തിലാപ്പിയയുടെ വലിപ്പവും ഏതാണ്ട് അതിന്റെ ആകൃതിയുമുള്ള ഏതാനും മത്സ്യങ്ങള്‍ മാത്രം എന്നെ ക്രൂരമായി നോക്കി. സാധനം എന്താണെന്നറിയാന്‍ ഞാന്‍ ലേബലില്‍ പരതി-പിരാന! അയ്യോ, ആമസോണിലെ മാംസംതീനികള്‍.

'ഈ മലയാളി റാസ്‌കലിനെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ തിന്ന് എല്ലാക്കി വിടാമായിരുന്നു' എന്നായിരിക്കണം, എന്നെ നോക്കി ഒരു പിരാന മറ്റൊരെണ്ണത്തോട് രഹസ്യം പറഞ്ഞത്! വേറൊരെണ്ണം എന്നെ നോക്കി ഇങ്ങനെ പറയുന്നതായി ഞാന്‍ ഭയപ്പാടോടെ സങ്കല്‍പ്പിച്ചു: 'ചുണയുണ്ടെങ്കില്‍ നീ ആമസോണില്‍ വാടാ'. പേടിയോടെ അവിടുന്ന് പുറത്തു കടന്നു.

റോക്കറ്റ് നിര്‍മാണ വര്‍ക്ക്‌ഷോപ്പിന് എട്ടാംക്ലാസുകാരിയായ മകളെ പ്ലാനറ്റോറിയത്തില്‍ കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഈയുള്ളവനും അവിടെയെത്തിയത്. ആദ്യമായാണ് ശാസ്ത്രകേന്ദ്രത്തിനുള്ളില്‍ ഒന്ന് ചുറ്റി നടക്കുന്നത്.

ചെറിയൊരു മഴ പെയ്താല്‍ വെള്ളംകെട്ടുന്ന ജാഫര്‍ഖാന്‍ കോളനിയുടെ അതിര്‍ത്തിയിലെ അവഗണിക്കാവുന്ന ഒരിടം എന്നു മാത്രം ഇത്രകാലവും കരുതിയിരുന്ന ആ സ്ഥാപനം, യഥാര്‍ഥത്തില്‍ കോഴിക്കോട്ടെ ഏറ്റവും മുന്തിയ വിദ്യാഭ്യാസകേന്ദ്രങ്ങളിലൊന്നാണെന്ന് ആദ്യസന്ദര്‍ശനത്തില്‍ തന്നെ ആര്‍ക്കും മനസിലാകും.

കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും പഠിക്കാനും മനസിലാക്കാനും ഏറെക്കാര്യങ്ങള്‍ അവിടെയുണ്ട്. ഫണ്‍സയന്‍സ് ഗാലറി, ജ്യോതിശ്ശാസ്ത്ര ഗാലറി, മാന്ത്രിക കണ്ണാടികള്‍, മനുഷ്യക്ഷമതാഗാലറി, ലൈഫ് സയന്‍സ് ഗാലറി, ശാസ്‌ത്രോദ്യാനം, ദിനോസര്‍ പാര്‍ക്ക്, ത്രിഡി ഫാന്റസി ഷോ എന്നിങ്ങനെ ശാസ്ത്രത്തിന്റെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന ഇടങ്ങള്‍.

രാജ്യത്തെ ഏറ്റവും വലിയ ജ്യോതിശ്ശാസ്ത്ര ഗാലറിയാണിവിടുത്തേതെന്ന് കഴിഞ്ഞ ദിവസം 'മാതൃഭൂമി' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് (മെയ് 20, 2011) പറയുന്നു.

കോഴിക്കോട് പ്ലാനറ്റോറിയത്തെക്കുറിച്ച് അത്ര മതിപ്പില്ലാതിരുന്നതിനാല്‍, തിരുവനന്തപുരത്ത് പോകുമ്പോഴാണ് കുട്ടികളെ പ്ലാനറ്റോറിയത്തില്‍ കൊണ്ടുപോയിരുന്നത്. ആ മുന്‍വിധി തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായി.

അക്കാര്യം കൂടുതല്‍ ഉറപ്പിക്കുന്നതാണ് കോഴിക്കോട് പ്ലാനറ്റോറിയത്തിലെ സന്ദര്‍ശകരുടെ കണക്ക്. 2010-2011 വര്‍ഷത്തില്‍ ഇവിടം സന്ദര്‍ശിച്ച് ശാസ്ത്രവിജ്ഞാനത്തില്‍ പങ്കുപറ്റിയവര്‍ എത്രയെന്നോ - 509438 പേര്‍! രാജ്യത്ത് ഏറ്റവുമധികം സന്ദര്‍ശകരുള്ള പ്ലാനറ്റോറിയത്തിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് അത്ഭുതത്തോടെ ഓര്‍ത്തു.

കോഴിക്കോട് കഴിഞ്ഞാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ അടുത്ത സ്ഥാനം കൊല്‍ക്കത്ത പ്ലാനറ്റോറിയത്തിനാണ്-3.5 ലക്ഷം സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം അവിടെയെത്തി. രാജ്യത്തുള്ള 28 പ്ലാനറ്റോറിയങ്ങളില്‍ മറ്റുള്ളവയിലെല്ലാം സന്ദര്‍ശകരുടെ എണ്ണം 3.5 ലക്ഷത്തില്‍ താഴെയാണ്.

ഗാലറികളും പാര്‍ക്കുകളും മാത്രമല്ല, പ്രദര്‍ശനത്തിന്റെ കാര്യത്തിലും കോഴിക്കോട് പ്ലാനറ്റോറിയം മുന്നിലാണ്. ദിവസവും ശരാശരി നാല് പ്രദര്‍ശനങ്ങളാണ് മറ്റ് സ്ഥലങ്ങളില്‍ നടക്കുന്നതെങ്കില്‍, ഇവിടെ 14 പ്രദര്‍ശനങ്ങള്‍ വരെ നടത്തുന്നു.

അവധിയില്ല എന്നതാണ് പ്ലാനറ്റോറിയത്തിന്റെ പ്രത്യേകത. സാധാരണ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആഴ്ചയില്‍ എല്ലാ ദിവസവും ശാസ്ത്രകേന്ദ്രം പ്രവര്‍ത്തിക്കുന്നു.

സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്ന് പറയുമ്പോള്‍, അത് ഗുണപരമായിക്കൂടി മാറുന്നുണ്ടോ എന്നത് പ്രശ്‌നമാണ്. ചില ഗാലറികളില്‍ എത്തിയ സന്ദര്‍ശകരുടെ പെരുമാറ്റം അത്തരമൊരു സംശയമുണര്‍ത്തി. ബീച്ചില്‍ പോകുന്ന അതേ മാനസികാവസ്ഥയോടെ പ്ലാനറ്റോറിയത്തിലെത്തുന്നവര്‍ കുറവല്ല. വെറുതെ സമയം പോക്കാനെത്തുന്നവര്‍, എന്തിനിവിടെ എത്തി എന്ന് അറിയാത്തവര്‍, അലസമായി കാഴ്ചകള്‍ കണ്ട് മറ്റേതോ ലോകത്താണെന്ന മട്ടില്‍ കടന്നു പോകുന്നവര്‍.

പക്ഷേ, അതിനിടയില്‍ ജിജ്ഞാസയും വിജ്ഞാനദാഹവും പ്രതിഫലിക്കുന്ന മുഖങ്ങളുമുണ്ട് എന്നതാണ് ആശ്വാസം.

സമാന്തരരേഖകള്‍

ശില്പശാല നടക്കുന്ന ആദ്യദിവസം വൈകിട്ട് 4.30 ന് മകളെ കൂട്ടാന്‍ വീണ്ടും പ്ലാനറ്റോറിയത്തിലെത്തി. മെയ് മാസത്തിന്റെ ചൂടില്‍ നീറുകയാണ് അന്തരീക്ഷം. ഞാനും ഭാര്യയും കൂടി ഗേറ്റ് കടന്ന് ഇടതുവശത്തെ തണല്‍ വിരിച്ച നടപ്പാതയിലൂടെ നീങ്ങി. പാര്‍ക്കിലൂടെ വീശുന്ന ചെറിയ കാറ്റ് ചൂടിന് അല്‍പ്പം ആശ്വാസം പകരുന്നുണ്ട്.

വാത്തകളെയും മുയല്‍ക്കുഞ്ഞുങ്ങളെയും പാര്‍പ്പിച്ചിരിക്കുന്ന കൂടുകള്‍ക്കിപ്പുറത്ത് പര്‍ദ ധരിച്ച കുറെ സ്ത്രീകള്‍ നിസ്‌ക്കരിക്കുന്നു. മലബാര്‍ പ്രദേശങ്ങളില്‍ ഈ കാഴ്ച പതിവാണ്.

എങ്കിലും ശാസ്ത്രത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഇത്തരമൊരു സ്ഥാപനത്തിനുള്ളില്‍ ഈ കാഴ്ച കൗതുകമുണര്‍ത്തുന്നു. എങ്ങനെയാണ് ഇതിനെ വ്യാഖ്യാനിക്കാനാവുക.

മതവും ശാസ്ത്രവും തമ്മിലുള്ള തര്‍ക്കം ലോകത്ത് വ്യത്യസ്ത തരത്തിലാണ് പുരോഗമിക്കുന്നതെന്ന കാര്യം ഞാനോര്‍ത്തു.

ആധുനിക ശാസ്ത്രത്തിന്റെ മുഖമുദ്രകളിലൊന്ന്, നമ്മള്‍ അംഗീകരിക്കാന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ദൈവത്തിന്റെ പങ്ക് പ്രപഞ്ചത്തിന്റെ കാര്യങ്ങളില്‍ നിന്ന് മുക്തമാക്കി എന്നതാണ്. 'നിസ്സാര' പ്രപഞ്ചകാര്യങ്ങളില്‍ നിന്ന് ആധുനികശാസ്ത്രം ദൈവത്തിന് വിടുതല്‍ നല്‍കി എന്ന് പറയുന്നതാകും ശരി.

മുകളിലേക്കെറിഞ്ഞ കല്ലിന് തറയില്‍ വീഴാനും, ഇടിമുഴക്കമുണ്ടാകാനും, സൂര്യന് ചുറ്റും ഗ്രഹങ്ങള്‍ക്ക് ചലിക്കാനും, പ്രപഞ്ചത്തിന് വികസിക്കാനും ഒരു അതീന്ദ്രിയശക്തിയുടെ ആവശ്യമില്ല എന്ന് ആധുനികശാസ്ത്രം വ്യക്തമാക്കി തന്നു. 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' ആവിഷ്‌ക്കരിച്ചതിലൂടെ ജീവലോകത്തെ കാര്യത്തിലും അതീതശക്തി ആവശ്യമില്ലെന്ന് ചാള്‍സ് ഡാര്‍വിന്‍ തെളിയിച്ചു.

പ്രകൃതിയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത് പ്രകൃതിയിലെ തന്നെ നിയമങ്ങള്‍ പ്രകാരമാണെന്ന് ആധുനികശാസ്ത്രം അടിവരയിട്ട് പറയുന്നു. സ്വാഭാവികമായും ഇത് മതങ്ങള്‍ പ്രചരിപ്പിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ്.

പാശ്ചാത്യലോകത്ത് ഇതിനെല്ലാം മറു സിദ്ധാന്തങ്ങള്‍ ചമച്ചുകൊണ്ടാണ് മതവിശ്വാസികള്‍ മറുപടി നല്‍കുന്നത്. പരിണാമസിദ്ധാന്തത്തിന്, സൃഷ്ടിവാദത്തിന്റെ പുതിയ രൂപമായ ബൗദ്ധീകരൂപകല്‍പ്പനാവാദം (ഇന്റലക്ച്വല്‍ ഡിസൈന്‍ തിയറി) രംഗത്തെത്തിയത് ഉദാഹരണം.

എന്നാല്‍, ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഏത് ആധുനിക ശാസ്ത്രമുന്നേറ്റമുണ്ടാകുമ്പോഴും അതെല്ലാം സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പേ ഇവിടുള്ളവര്‍ കണ്ടെത്തിയിരുന്നു എന്ന വാദവുമായി ഒരു കൂട്ടര്‍ രംഗത്തെത്തുന്നാണ് ഇന്ത്യന്‍ സ്റ്റൈല്‍!

ഹൈഡ്രജന്‍ ബോംബും പരിണാമസിദ്ധാന്തവും ഇവിടെയുണ്ടായതാണ്... എന്തിന് ഗോളാന്തരയാത്ര വരെ ഇന്ത്യക്കാര്‍ അയ്യായിരം വര്‍ഷം മുമ്പ് നടത്തിയിരുന്നു എന്ന് വാദിക്കാന്‍ ചിലര്‍ക്ക് യാതൊരു ഉളുപ്പുമില്ല.

ആന്‍ഞ്‌ജെല സൈനി രചിച്ച 'ഗീക്ക് നേഷന്‍' (Geek Nation - How Indian Science is Taking Over the World) എന്ന ഗ്രന്ഥത്തില്‍ ഇന്ത്യക്കാരുടെ ഈ സ്വഭാവം അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷകയായ മീര നന്ദ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത് സൈനി ഉദ്ധരിക്കുന്നു-'ഇന്ത്യക്കാരെ ഒരുതരം അപകര്‍ഷതാബോധം പിടികൂടിയിട്ടുണ്ട്, അതിനെ നമ്മള്‍ ഒരു ഉത്കൃഷ്ടതാബോധം കൊണ്ട് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു'! അതിന്റെ പ്രതിഫലനമാണ്, എല്ലാം നമ്മള്‍ മുമ്പേ കണ്ടെത്തിയിരുന്നു എന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ തട്ടിവിടുന്നു എന്നത്.

ഈ പ്രശ്‌നത്തെ പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ മേഘനാഥ് സാഹ ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്. 'നിങ്ങള്‍ക്ക് ഒരു കാര്യത്തെക്കുറിച്ച് വേണ്ടത്ര അറിവോ ധാരണയോ ഇല്ലെങ്കില്‍, അത് മറച്ചുവെയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധി 'ഇതെല്ലാം വേദങ്ങളിലുണ്ട്' എന്ന് പ്രസ്താവിക്കലാണ്'.

ഇത് മാത്രമല്ല, മതപരമായ സംഗതികള്‍ വിശദീകരിക്കാന്‍ ആധുനികശാസ്ത്രത്തെ കൂട്ടുപിടിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് നീങ്ങുന്നു.

മതവും ശാസ്ത്രവും സമാന്തരരേഖകളാണെന്ന് അംഗീകരിച്ചാല്‍ ഇത്തരം അപകടം ഒഴിവാക്കാം. പരസ്പരം ചേരാത്തവയാണ് ഇവ. മതത്തെ മതത്തിന്റെ രീതിയിലും ശാസ്ത്രത്തെ അതിന്റെ വഴിക്കും വിടുകയാണ് നല്ലത്. അതുകൊണ്ട് ശാസ്ത്രകേന്ദ്രത്തിനകത്ത് നിസ്‌ക്കരിച്ചതുകൊണ്ട് ആര്‍ക്കും ഒരു ദോഷവും സംഭവിക്കുന്നില്ല, അതില്‍ അത്ഭുതപ്പെടേണ്ട കാര്യവുമില്ല- ഞാന്‍ മനസില്‍ പറഞ്ഞു.

16 comments:

Joseph Antony said...

ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷകയായ മീര നന്ദ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത് സൈനി ഉദ്ധരിക്കുന്നു-'ഇന്ത്യക്കാരെ ഒരുതരം അപകര്‍ഷതാബോധം പിടികൂടിയിട്ടുണ്ട്, അതിനെ നമ്മള്‍ ഒരു ഉത്കൃഷ്ടതാബോധം കൊണ്ട് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു'! അതിന്റെ പ്രതിഫലനമാണ്, എല്ലാം നമ്മള്‍ മുമ്പേ കണ്ടെത്തിയിരുന്നു എന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ തട്ടിവിടുന്നു എന്നത്.

ഈ പ്രശ്‌നത്തെ പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ മേഘനാഥ് സാഹ ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്. 'നിങ്ങള്‍ക്ക് ഒരു കാര്യത്തെക്കുറിച്ച് വേണ്ടത്ര അറിവോ ധാരണയോ ഇല്ലെങ്കില്‍, അത് മറച്ചുവെയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധി 'ഇതെല്ലാം വേദങ്ങളിലുണ്ട്' എന്ന് പ്രസ്താവിക്കലാണ്'.

SHANAVAS said...

രസകരവും വിജ്ഞാന പ്രദവും ആയ പോസ്റ്റ്‌. ആശംസകള്‍.

ChethuVasu said...

" 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' ആവിഷ്‌ക്കരിച്ചതിലൂടെ ജീവലോകത്തെ കാര്യത്തിലും അതീതശക്തി ആവശ്യമില്ലെന്ന് ചാള്‍സ് ഡാര്‍വിന്‍ തെളിയിച്ചു."
അപ്പൊ നിങ്ങളൊക്കെ ഈ ബൂലോകതോന്നുമല്ലേ..? ഡാര്‍വിന്‍ സിദ്ധാന്തം മൊത്തം പൊട്ട തെറ്റാണെന്ന് നമ്മുടെ സ്വന്തം ഹുസായിന്‍ സാഹിബ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട് മാനവ രാശിയെ മുന്നോട്ടു തെളിക്കുന്നത് കാണുന്നില്ലേ..? അതെല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ ..അല്ലെ .? കഷ്ടം കഷ്ടം !

എന്തായാലും വ്യാഴത്ത്തില്‍ പോയി ഭാരം കുറക്കാനുള്ള എന്തെകിലും കറക്കു വിദ്യകള്‍ വിറ്റു കുറച്ചു കാശുണ്ടാക്കാന്‍ പറ്റുമോ എന്നോ നോക്കട്ടെ ..! ആട്ടെ, .. ഒരു ന്യുട്രോണ്‍ സ്ടാറില്‍ എത്രയാ ഭാരം ..?ഒരു തമോദ്വാരത്തില്‍ എത്രയായിരിക്കും ഭാരം എന്ന് ഊഹിക്കാമോ..? :-)

anushka said...

പ്ലാനറ്റോറിയത്തില്‍ ഒരു ജ്യോതിശാസ്ത്ര ക്ലബ് കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു ക്ലബ്ബാണ് ഇത്.വാനനിരീക്ഷണം,ജ്യോതിശാസ്ത്രക്ലാസുകള്‍, പഠനയാത്രകള്‍ തുടങ്ങി ഒരു പാട് പ്രവര്‍ത്തനങ്ങള്‍ ഉണ്ട്.ഞാനും ഒരു മെമ്പറാണ്,സജീവപ്രവര്‍ത്തനമൊന്നുമില്ലെങ്കിലും.എല്ലാ രണ്ടാം ശനിയാഴചയും വൈകിട്ട് അഞ്ചു മണിക്ക് പ്രവര്‍ത്തകര്‍ കൂടിച്ചേരുന്നു.ജ്യോതിഷത്തിന്റെ ചില ആള്‍ക്കാരും ക്ലാസ്സുകള്‍ക്ക് വരുന്നുണ്ട്.എനിട്ടും തല തെളിയുന്നില്ലെങ്കിലും..

കൊച്ചുമുതലാളി said...

വിജ്ഞാനപ്രദമായ പോസ്റ്റ്.... വളരെയധികം നന്ദി... :)

ബിജു ചന്ദ്രന്‍ said...

"മതവും ശാസ്ത്രവും സമാന്തരരേഖകളാണെന്ന് അംഗീകരിച്ചാല്‍ ഇത്തരം അപകടം ഒഴിവാക്കാം. പരസ്പരം ചേരാത്തവയാണ് ഇവ."
"മതവും ശാസ്ത്രവും പരസ്പര വിരുദ്ധമല്ല " എന്ന് ഈ അടുത്ത കാലത്ത് ഒരു ക്രിസ്ത്യന്‍ ആത്മീയ നേതാവ് പ്രഭാഷണത്തില്‍ പറഞ്ഞത് പത്രത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. :-)
അമൃത ആന്റിയും സ്ഥിരം ഇത് പറയാറുണ്ട്‌.

Joseph Antony said...

ബിജു ചന്ദ്രന്‍,

'മതവും ശാസ്ത്രവും പരസ്പരം വിരുദ്ധമല്ലെ'ന്ന് ഇടയ്ക്കിടെ പറയാറുള്ള മറ്റൊരാള്‍ എ.പി.ജെ.അബ്ദുള്‍ കലാമാണ്.

സങ്കൽ‌പ്പങ്ങൾ said...

I interested your style of saying &good wishes to next posts

ഒരു യാത്രികന്‍ said...

നല്ല കുറിപ്പ്. വിജ്ഞാനപ്രദം.......സസ്നേഹം

സുശീല്‍ കുമാര്‍ said...

ഇടി വെട്ടിക്കുകയും മഴപെയ്യിക്കുകയും ചെയ്യുന്ന ദൈവം ഇന്നും മതഗ്രന്ഥങ്ങളെ നയിക്കുന്നു. ശാസ്ത്രത്തിന്റെ വെളിച്ചം ദൈവത്തെ കൂടുതല്‍ അകലേക്ക് മാറ്റിനിര്‍ത്തുന്നു. എപ്പോഴും ഇരുട്ടില്‍ മറഞ്ഞിരുന്ന് ലോകത്തെ 'ഭരിക്കുന്നവരാണ്‌' ദൈവങ്ങള്‍. ശാസ്ത്രം എത്ര വളര്‍ന്നാലും ദൈവത്തിനിരിക്കാന്‍ എവിടെയെങ്കിലുമൊക്കെ ഇടം ബാക്കിയുണ്ടാകും. കാരണം ദൈവത്തെ സംരക്ഷിക്കുന്നവരുടെ ഭൗതിക താല്പര്യങ്ങളിലാണ്‌ ദൈവം കുടികൊള്ളുന്നത്.

ലേഖനം ഉപകാരപ്രദം. രണ്ടുവട്ടം അവിടെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. കുടുംബ സമേതം.

Salim PM said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

തിരുവനന്തപുരത്തെ പ്ലാനറ്റോറിയത്തെക്കാൾ മികച്ചതാണ് കോഴിക്കോട്ടെ എന്ന വിലയിരുത്തലിനു നന്ദി. ഇനി അങ്ങോട്ട് പോയാൽ മതിയല്ലൊ.

Salim PM said...

>>>>പ്രകൃതിയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത് പ്രകൃതിയിലെ തന്നെ നിയമങ്ങള്‍ പ്രകാരമാണെന്ന് ആധുനികശാസ്ത്രം അടിവരയിട്ട് പറയുന്നു. സ്വാഭാവികമായും ഇത് മതങ്ങള്‍ പ്രചരിപ്പിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ്.<<<


ഇത് മതങ്ങള്‍ പ്രചരിപ്പിക്കുന്ന നിലാപാടുകള്‍ക്ക് ഒട്ടും വിരുദ്ധമല്ല. ഈ പ്രകൃതി നിയമങ്ങള്‍ എവിടെനിന്നു വന്നു? ആരാണ് ഈ നിയമങ്ങള്‍ ഇത്ര കൃത്യതയോടെ നിയന്ത്രിക്കുന്നത്?


>>>>മതവും ശാസ്ത്രവും സമാന്തരരേഖകളാണെന്ന് അംഗീകരിച്ചാല്‍ ഇത്തരം അപകടം ഒഴിവാക്കാം. പരസ്പരം ചേരാത്തവയാണ് ഇവ.<<<<

ഇതൊരു പമ്പര വിഡ്ഢിത്ത നിലപാടാണെന്നു പറയേണ്ടിയിരിക്കുന്നു. മതം പറയുന്നത് ഈ പ്രപഞ്ചമഖിലവും സൃഷ്ടിച്ചു പരിപാലിക്കുന്നത് ദൈവമണെന്നാണ്. ആ ദൈവത്തിന്‍റെ വക്കുകളാണ് മത സംഹിതകള്‍. ദൈവത്തിന്‍റെ വാക്കുകള്‍ ദൈവത്തിന്‍റെ പ്രവൃത്തികള്‍ക്ക് വിരുദ്ധ മാകുന്നതെങ്ങനെ? പരസ്പര വിരുദ്ധമായ രണ്ടാശയങ്ങള്‍ ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ? രണ്ടും അംഗീകരിക്കണമെങ്കില്‍ അവ രണ്ടും പരസ്പര പൂരകങ്ങളായിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ഒന്ന് ഉപേക്ഷിച്ചേ തീരൂ.

മുഹമ്മദ് ഖാന്‍(യുക്തി) said...

സ്വര്‍ഗ്ഗത്തില്‍ എന്റെ ഭാരം എത്രയായിരിക്കും,ചില പഹയന്മാര്‍ എന്റെ വഴിമുടക്കാന്‍ ശ്രമിക്കും,എന്തായാലും 72ല്‍ പരം ഹൂറികളെ കൈകാര്യം ചെയ്യാന്‍ എനിക്കു എന്റെ
bmi ശരിയാക്കാന്‍ അതീവ പൂതി.
ഇനി നരകത്തിലാണങ്കിലും അവിടുത്തെ ഇന്ധനലാഭത്തിനായി വൈറ്റ് കുറയ്ക്കേണ്ടിയിരിക്കുന്നു-ശിക്ഷകനോടും വേണ്ടേ മനുഷ്യത്വം.

SAFEER N said...

http://msmpangode.blogspot.com/2010/11/parinamam.html

K.P.Sukumaran said...

ഹ ഹ തലക്കെട്ട് നന്നായി. ഭാരം എന്ന് പറയുന്നത് ഒരു വസ്തുവിന്മേല്‍ ഒരു ഗ്രഹം/ഉപഗ്രഹം പ്രയോഗിക്കുന്ന ഗുരുത്വാകര്‍ഷണബലമാണല്ലൊ. ലേഖനം നന്നായിട്ടുണ്ട് മാഷേ..