Tuesday, April 12, 2011

യൂറോപ്പിന്റെ ഭാവി ആഫ്രിക്കയ്ക്ക് അടിയിലെന്ന് ശാസ്ത്രജ്ഞര്‍

യൂറോപ്യന്‍ ഭൂഫലകം ആഫ്രിക്കയ്ക്ക് അടിയിലേക്ക് നീങ്ങിത്തുടങ്ങുമെന്ന് ഭൗമശാസ്ത്രജ്ഞര്‍. മെഡിറ്റനേറിയന്‍ മേഖലയില്‍ ഫലകസംഗമസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ ഭാവിയില്‍ യൂറോപ്പിന്റെ സ്ഥാനം ആഫ്രിക്കയ്ക്ക് അടിയിലാക്കിയേക്കാമത്രേ! ഇറ്റലയില്‍ സിസിലി തീരത്തിന് വടക്ക് സ്ഥിതിചെയ്യുന്ന സ്‌ട്രോംബോലി അഗ്നിപര്‍വതം പോലുള്ളവയുടെ വര്‍ധിച്ച പ്രവര്‍ത്തനം, മെഡിറ്റനേറിയനിലെ ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളുടെ സൂചകമാണെന്ന് കരുതുന്നു.....
ഭൂഗോളത്തിന്റെ ബാഹ്യപാളി എന്നത് പരസ്പരം ബലംപ്രയോഗിക്കുകയും അകലുകയും ചെയ്യുന്ന ഫലകങ്ങളുടെ കൂട്ടമാണ്. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ആ ഭൂഫലകങ്ങള്‍ (പ്ലേറ്റുകള്‍) ചലിക്കുന്നതിന്റെ ഫലമായാണ് ഭൂമുഖം ഇങ്ങനെയായത് എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് വിശ്വാസം വന്നെന്നിരിക്കില്ല. എന്നാല്‍ 'ഫലകചലന സിദ്ധാന്തം' അനുസരിച്ച് സംഗതികള്‍ അങ്ങനെയാണ്. ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും ഉണ്ടായത് ഫലകങ്ങളുടെ ചലനം മൂലമാണ്.

ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം കഴിഞ്ഞ മാര്‍ച്ച് 11 ന് ജപ്പാനില്‍ കണ്ടു. രാജ്യത്തിന്റെ വടക്കന്‍ ഹോന്‍ഷു ദ്വീപിന് 2.4 മീറ്റര്‍ സ്ഥാനചലനമുണ്ടാക്കാന്‍ പോന്ന വിനാശകാരിയായ ഭൂകമ്പവും, സുനാമിയും ആയിരങ്ങളുടെ ജീവനാണ് അപഹരിച്ചത്. ഭൂകമ്പമാപിനിയില്‍ 9.0 രേഖപ്പെടുത്തിയ ആ ഭൂകമ്പത്തിലും സുനാമിയിലും തകരാര്‍ പറ്റിയ ആണവനിലയങ്ങള്‍, ഇപ്പോള്‍ ജപ്പാന് മാത്രമല്ല സമീപരാജ്യങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തുന്നു.

ഭൂചലനങ്ങള്‍ പോലെ, ഫലകചലനത്തിന്റെ നേരിട്ടുള്ള മറ്റൊരു ഫലമാണ് അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍. എന്നാല്‍, ഫലകങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഫലങ്ങള്‍ പലപ്പോഴും ഇതിനെക്കാളൊക്കെ വലിയ മാനങ്ങളുള്ളവയാണ്. അത് പക്ഷേ, നമുക്ക് നേരിട്ട് നിരീക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കോടിക്കണക്കിന് വര്‍ഷങ്ങളുടെ ഫലമായാണ് അത്തരം ഫലങ്ങള്‍ ഭൂമുഖത്ത് പ്രത്യക്ഷപ്പെടുക. അവ ചിലപ്പോള്‍ പുതിയ സമുദ്രങ്ങളാകും, അല്ലെങ്കില്‍ ഭൂഖണ്ഡങ്ങളാകും!

ഫലകചലന സിദ്ധാന്ത പ്രകാരം, ഭൗമചരിത്രത്തിന്റെ ഒരു ശതമാനത്തിന്റെ വെറും പത്തിലൊന്ന് മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ. ഭൂഖണ്ഡങ്ങള്‍ ഇപ്പോഴും അവയുടെ ചലനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആ ചലനങ്ങള്‍ ചിലപ്പോള്‍ നിലവിലുള്ള ഭൂഖണ്ഡങ്ങളെ ഇല്ലാതാക്കാം, പുതിയ സൃഷ്ടിക്കാം. കോടിക്കണക്കിന് വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ ഭൂമിയിലുള്ള ഇടങ്ങളാകില്ല ഇവിടെ കാണുക!

ഉദാഹരണത്തിന്, മെഡിറ്റനേറിയന്‍ പ്രദേശത്ത് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളതായി ഗവേഷകര്‍ക്ക് സൂചന ലഭിച്ച പുതിയൊരു ഭൂഗര്‍ഭ പ്രവര്‍ത്തനം പരിഗണിക്കാം. ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ആഫ്രിക്കന്‍ ഫലകത്തിന്റെ (African tectonic plate) വടക്കേയറ്റം, യൂറോപ്പിനടിയിലേക്ക് നീങ്ങുകയായിരുന്നു. അപ്രതീക്ഷിതമായ സംഗതികളാല്‍ ഇപ്പോള്‍ ആ പ്രവര്‍ത്തനം നിലച്ചിരിക്കുന്നുവത്രേ. പകരം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നത് യൂറോപ്പിന്റെ ഭൗമഭാവിയെക്കുറിച്ച് സൂചന നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു.

കഴിഞ്ഞയാഴ്ച യൂറോപ്യന്‍ ജിയോസയന്‍സ് യൂണിയന്റെ (EGU) സമ്മേളനത്തിലാണ് കൗതുകമുണര്‍ത്തുന്ന പുതിയ നിഗമനം യുട്രെച്ച് സര്‍വകലാശാലയിലെ റിനുസ് വോര്‍ട്ടെല്‍ അവതരിപ്പിച്ചത്. അവരുടെ നിഗമനപ്രകാരം, മെഡിറ്റനേറിയനില്‍ പുതിയൊരു ഭ്രംശമേഖല രൂപപ്പെടുകയെന്ന അപൂര്‍വ സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതിന്റെ ഫലം ഇതായിരിക്കും-യൂറേഷ്യന്‍ ഫലകം ആഫ്രിക്കന്‍ ഫലകത്തിനടിയിലേക്ക് നീങ്ങും!

മെഡിറ്റനേറിയന് അടിയില്‍ ആഫ്രിക്കന്‍ ഫലകത്തിന്റെ അഗ്രം യൂറേഷ്യന്‍ ഫലകത്തിനടിയിലേക്ക് കടന്നിരുന്നു. യൂറേഷ്യന്‍ ഫലകത്തിന് മേലാണ് യൂറോപ്പിന്റെ സ്ഥാനം. എന്നാല്‍, ആ പ്രവേശനം വര്‍ധിപ്പിക്കാന്‍ പോന്നത്ര പിണ്ഡമുള്ളതല്ല ആഫ്രിക്കന്‍ വന്‍കര.

'അതിനാല്‍, ആഫ്രിക്കന്‍ ഫലകം കൂടുതല്‍ കടന്നില്ല. പകരം കൂട്ടിക്കൊളുത്തിയ നിലയില്‍ ഇരു ഫലകങ്ങളും ഒരുമിച്ച് ചലിച്ചു. അതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്'-വോര്‍ട്ടല്‍ പറഞ്ഞു. 'കാലക്രമേണ യൂറോപ്പ് ആഫ്രിക്കയ്ക്ക് അടിയിലേക്ക് നീങ്ങാനാണ് പുതിയ സംഭവം ഇടവരുത്തുക'.

യുട്രെച്ച് സംഘത്തിന്റെ നിഗമനം ഇങ്ങനെയാണ്-വര്‍ഷം രണ്ടു സെന്റീമീറ്റര്‍ എന്ന തോതിലാണ് ആഫ്രിക്കന്‍ ഫലകം യൂറേഷ്യന്‍ ഫലകത്തിന് അടിയിലേക്ക് നീങ്ങിയിരുന്നത്. എന്നാല്‍, വിദൂര പൂര്‍വ പ്രദേശമായ തുര്‍ക്കിയില്‍ രണ്ട് ഫലകങ്ങള്‍ തമ്മിലുണ്ടായ കൂട്ടിയിടി, മെഡിറ്റനേറിയനില്‍ നടന്ന ആ പ്രക്രിയയെ തടസ്സപ്പെടുത്തി. ആഫ്രിക്കയുടെ ഭാരക്കുറവു മൂലം ഫലകസംഗമം നിലയ്ക്കുകയും ചെയ്തു.

തുടര്‍ന്ന്, യൂറേഷ്യക്ക് അടിയിലേക്ക് താണ ആഫ്രിക്കന്‍ ഫലകം പൊട്ടിയടര്‍ന്ന് ഭൂവല്‍ക്കത്തിന് അടിയിലുള്ള മാന്റിലിലേക്ക് പോയി. അങ്ങനെയുണ്ടായ സമ്മര്‍ദക്കുറവില്‍ യൂറേഷ്യന്‍ ഫലകം മെഡിറ്റനേറിയനിലൂടെ തെക്കോട്ട് തള്ളിനീങ്ങാന്‍ തുടങ്ങി. പുതിയ ഭ്രംശമേഖല തെക്കായി രൂപപ്പെട്ടു.

ഇതിന്റെ അന്തിമഫലം യൂറേഷന്‍ ഫലകം ആഫ്രിക്കന്‍ ഫലകത്തിന് അടിയിലേക്ക് നീങ്ങുക എന്നതായിരിക്കും. കമ്പ്യൂര്‍ മാതൃകാപഠനങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ അറിയിക്കുന്നു. മേഖലയിലെ ഭൂകമ്പങ്ങളുടെ സ്വഭാവം വിശകലനം ചെയ്തതില്‍ നിന്ന് ലഭിക്കുന്ന സൂചനയും ഇതാണത്രേ!
(കടപ്പാട്: ബിബിസി ന്യൂസ്)

കാണുക

8 comments:

Joseph Antony said...

യൂറോപ്യന്‍ ഭൂഫലകം ആഫ്രിക്കയ്ക്ക് അടിയിലേക്ക് നീങ്ങിത്തുടങ്ങിയിരിക്കുന്നതായി ഭൗമശാസ്ത്രജ്ഞര്‍. മെഡിറ്റനേറിയന്‍ മേഖലയില്‍ ഫലകസംഗമസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ ഭാവിയില്‍ യൂറോപ്പിന്റെ സ്ഥാനം ആഫ്രിക്കയ്ക്ക് അടിയിലാക്കിയേക്കാമത്രേ! ഇറ്റലയില്‍ സിസിലി തീരത്തിന് വടക്ക് സ്ഥിതിചെയ്യുന്ന സ്‌ട്രോംബോലി അഗ്നിപര്‍വതം പോലുള്ളവയുടെ വര്‍ധിച്ച പ്രവര്‍ത്തനം, മെഡിറ്റനേറിയനിലെ ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളുടെ സൂചകമാണെന്ന് കരുതുന്നു.

ദിവാരേട്ടN said...

Thanks for sharing information

chithrakaran:ചിത്രകാരന്‍ said...

ആഫ്രിക്ക കോടിക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് യൂറോപ്പായിത്തീരുമെന്ന് ആശിക്കാം !

സുഗീഷ്. ജി|Sugeesh.G said...

കോടിക്കണക്കിന് വർഷങ്ങൾക്കു ശേഷം ആഫ്രിക്കയെന്നല്ല ഒരു ഭൂഖണ്ഡങ്ങളും ഉണ്ടാകില്ല... ഒറ്റ വൻകര മാത്രം........... ഒരു സമുദ്രവും..........

SHANAVAS said...

ഈ വിലയേറിയ വിവരങ്ങള്‍ പങ്കുവെച്ചതിന് അഭിനന്ദനങ്ങള്‍.അപ്പോള്‍ വെള്ളക്കാര്‍ കറുത്തവരുടെ അടിയിലേക്ക് പോകും അല്ലെ.ഇതാണ് കാവ്യനീതി.

സുശീല്‍ കുമാര്‍ said...

വായിച്ചു. നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

തികച്ചും വിജ്ഞാനപ്രദം

അനില്‍ശ്രീ... said...

അന്ത്യ ദിനം അതിനും എത്രയോ മുമ്പേ ആണെന്ന് ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.... പിന്നെന്തിനാ ഈ ശാസ്ത്രഞ്ജന്മാര്‍ വെറുതെ സമയം കളയുന്നത്... :) :)

വിവരങ്ങള്‍ക്ക് നന്ദി...