Saturday, January 08, 2011

പെണ്ണിന്റേത് വെറും മുതലക്കണ്ണീരല്ല!

പുരുഷന്റെ ആസക്തി കുറയ്ക്കാന്‍ സ്ത്രീകളുടെ കണ്ണീരിന് കഴിയും

ഇസ്രായേലില്‍ വീസ്മാന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. കരയുന്ന പെണ്ണിന് മുന്നില്‍ പുരുഷന്റെ ലൈംഗികാസക്തി കുറയും. അതിനുള്ള 'രാസസൂചകം' (chemical signal) സ്ത്രീയുടെ കണ്ണീരില്‍ അടങ്ങിയിട്ടുണ്ട്.

പുരുഷ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം, ലൈംഗീകാസക്തിയുമായി ബന്ധപ്പെട്ട മസ്തിഷ്‌ക്ക പ്രവര്‍ത്തനത്തിന് ശമനമുണ്ടാക്കാനും പെണ്‍കണ്ണീരിലെ രാസസൂചകം കാരണമാകുമെന്ന്, ഗവേഷണത്തില്‍ പങ്കാളിയായ പ്രൊഫ. നോം സോബെല്‍ ബി.ബി.സിയോട് പറഞ്ഞു.

ഗവേഷകരുടെ അടുത്ത ലക്ഷ്യം പുരുഷന്റെ കണ്ണീരിന് എന്തെങ്കിലും ഫലമുണ്ടോ (പെണ്ണുങ്ങളിലും, അതുപോലെ ആണുങ്ങളിലും) എന്നറിയലാണ്.

ദുഖപൂര്‍ണമായ സിനിമകള്‍ കണ്ട് സ്ത്രീകള്‍ ഒഴുക്കിയ കണ്ണീര്‍ ശേഖരിക്കുകയാണ് പഠനത്തിനായി ഗവേഷകര്‍ ആദ്യം ചെയ്തത്. അടുത്തപടിയായി പുരുഷ വോളണ്ടിയര്‍മാരെ ഉപ്പുനീരും സ്ത്രീകളുടെ കണ്ണീരും ഉപയോഗിച്ച് പരീക്ഷണവിധേയരാക്കി.

ഉപ്പുനീരും കണ്ണീരും വെവ്വേറെ പാഡുകളിലാക്കി വോളണ്ടിയര്‍മാരുടെ മൂക്കിന് താഴെ വെച്ചിട്ട് (ഉപ്പുനീരാണോ കണ്ണീരാണോ എന്ന് പറയാതെ), സ്ത്രീകളുടെ ചിത്രങ്ങള്‍ വിലയിരുത്താന്‍ ഗവേഷകര്‍ അവരോട് ആവശ്യപ്പെട്ടു. ആദ്യം കണ്ണീര്‍ പാഡ് വെച്ച് ചിത്രങ്ങള്‍ വിലയിരുത്തിയവര്‍, പിന്നീട് ഉപ്പുനീര്‍ പാഡ് വെച്ചും അത് ആവര്‍ത്തിച്ചു, നേരെ തിരിച്ചും.

ഉപ്പുനീരിനെക്കാള്‍, പുരുഷന്‍മാരെ സംബന്ധിച്ച് കണ്ണീര്‍ പാഡ് മണത്തപ്പോള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ആകര്‍ഷണം കുറഞ്ഞതായി മാറി. സ്ത്രീകളുടെ കണ്ണീരിന്റെ സാന്നിധ്യത്തില്‍ പുരുഷന്‍മാരുടെ ഉമിനീരില്‍ ലൈംഗീഗാസക്തിക്ക് മുഖ്യനിദാനമായ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ തോത് ശരാശരി 13 ശതമാനം കുറഞ്ഞതായും ഗവേഷകര്‍ മനസിലാക്കി.

മാത്രമല്ല, ത്വക്കിന്റെ ഊഷ്മാവ്, ഹൃദയമിടിപ്പിന്റെയും ശ്വാസോച്ഛ്വാസത്തിന്റെയും തോത് തുടങ്ങിയവ അനുസരിച്ച്, കണ്ണീരിന്റെ സാന്നിധ്യത്തില്‍ പുരുഷന്‍മാരുടെ വൈകാരികനിലയും താഴ്ന്നതായി ഗവേഷകര്‍ക്ക് വെളിപ്പെട്ടു. കണ്ണീരിന്റെ സാന്നിധ്യത്തില്‍ എടുത്ത എംആര്‍ഐ മസ്തിഷ്‌ക്ക സ്‌കാനില്‍, ലൈംഗികാസക്തികയുമായി ബന്ധപ്പെട്ട് ഉത്തേജിതമാകാറുള്ള മസ്തിഷ്‌ക്കഭാഗങ്ങളില്‍ കാര്യമായ പ്രവര്‍ത്തനം നടക്കുന്നില്ല എന്നും മനസിലായി.

കണ്ണീരിന് പ്രത്യേകിച്ച് ഗന്ധമൊന്നുമില്ലാത്തതിനാല്‍, ഉപ്പുനീരും കണ്ണീരും തിരിച്ചറിയാന്‍ പുരുഷ വോളണ്ടിയര്‍മാര്‍ക്ക് സാധിച്ചിരുന്നില്ലെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. 'മനുഷ്യരില്‍ നിന്ന് പുറപ്പെടുന്ന രാസസൂചകങ്ങള്‍, അതെപ്പറ്റി ബോധവാന്‍മരല്ലെങ്കില്‍ കൂടി, മറ്റുള്ളവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ പഠനഫലം'-പ്രൊഫ. സോബെല്‍ പറഞ്ഞു.

എന്നാല്‍, ഏത് രാസചേരുവയാണ് കണ്ണീരില്‍ നിന്ന് സിഗ്നലുകള്‍ അയയ്ക്കുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. അക്കാര്യം ഗവേഷകര്‍ക്ക് ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.(കടപ്പാട്: ബിബിസി ന്യൂസ്)

6 comments:

Joseph Antony said...

ഇസ്രായേലില്‍ വീസ്മാന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. കരയുന്ന പെണ്ണിന് മുന്നില്‍ പുരുഷന്റെ ലൈംഗികാസക്തി കുറയും. അതിനുള്ള 'രാസസൂചകം'സ്ത്രീയുടെ കണ്ണീരില്‍ അടങ്ങിയിട്ടുണ്ട്.

കുസുമം ആര്‍ പുന്നപ്ര said...

informative aya oru write up

vasanthalathika said...

നമ്മുടെ നാട്ടുകാര്‍ പണ്ടെ ഇത് കണ്ടെത്തിയിരുന്നു...പക്ഷെ പെണ്ണിന്റെ പൂങ്കണ്ണീരിനു മുന്നില്‍ തോല്‍ക്കരുതെന്നും അവര്‍ ആണുങ്ങളെ ആഹ്വാനം ചെയ്തു.എന്നിട്ടും കരയുന്ന പെണ്ണിനെ പുരുഷന്‍ സ്നേഹിക്കുകയും അവള്‍ക്കു മുന്നില്‍ തോല്‍ക്കുന്നതായി നടിക്കുകയും ചെയ്തു....


ആന്തരിക ചോദനയ്ക്ക് അനുസൃതമായി ഉടലെടുക്കുന്ന ശ്രവങ്ങള്‍ക്ക് ശക്തിയുന്റെന്നു തീര്‍ച്ചയാണ്.

Kadalass said...

പരീക്ഷണങ്ങള്‍ ഇനിയും നടക്കട്ടെ!
വളരെ ഇന്‍ഫര്‍മാറ്റീവായ പോസ്റ്റ്

എല്ലാ അഭിനന്ദനങ്ങളും നേരുന്നു

SHANAVAS said...

very good and informative post.
more such articles expected.
regards.
shanavas thazhakath,
punnapra.

തച്ചോടിയന്‍ said...

മാഷേ..വളരേ വിജ്ഞാന പ്രദമായ അറിവുകള്‍ നല്‍കുന്ന ഈ ബ്ലോഗുകളീലേക്ക് വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..മാഷിന്റെ ജിമയില്‍ അഡ്രസ്സോ, ഫോണ്‍ നമ്പറൊ തരുമോ ..പരിചയപ്പെടണമെന്നുണ്ട്..എന്റെ ജി മൈല്‍ ഐഡി ഇതോടോപ്പം വെക്കുന്നു...
ashifthachody@gmail.com