Monday, June 05, 2017

കരിമീനേ, നിനക്കും ഗോണ്ട്വാനയ്ക്കും തമ്മിലെന്ത്

പര്‍വ്വതങ്ങളിലൂടെയും പാറകളിലൂടെയും മണ്ണിലൂടെയും നദികളിലൂടെയും ഫോസിലുകളിലൂടെയും ജീവജാതികളിലൂടെയും ഇതുവരെ ആരും പറയാത്ത ഒരു ഇന്ത്യാചരിത്രം രചിക്കുകയാണ് പ്രണയ് ലാല്‍ എന്ന എഴുത്തുകാരന്‍ 


Pic 1 - 'ഗോണ്ട്വാനാ ജംഗ്ഷന്‍' അഥവാ കന്യാകുമാരി മുനമ്പ്. ചിത്രം: ലേഖകന്‍

കുട്ടനാട്ടിലെ കരിമീന്‍ പൊള്ളിച്ചത് സ്വാദോടെ കഴിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും ഓര്‍മ കാണും 2010ല്‍ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിക്കപ്പെട്ട കക്ഷിയാണ് തന്റെ മുന്നിലുള്ളതെന്ന്. മാത്രമല്ല, 'കരിമീന്‍ വര്‍ഷ'മായി 2010 ആചരിക്കുകയും ചെയ്തിരുന്നു. 

പ്രണയ് ലാല്‍ രചിച്ച 'ഇന്‍ഡിക്ക' എന്ന ഗ്രന്ഥം വായിച്ച ശേഷമാണ് കരിമീന്‍ കഴിക്കാനിരിക്കുന്നതെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ ഇതില്‍ മാത്രം ഒതുങ്ങില്ല. കോടിക്കണക്കിന് വര്‍ഷം മുമ്പ് ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിലെ കായലുകളില്‍ കഴിഞ്ഞിരുന്ന 'സിക്‌ലിഡ്‌സ്' ( cichlids ) മത്സ്യയിനങ്ങളുടെ പിന്‍ഗാമിയാണ് മുന്നിലിരിക്കുന്നതെന്ന ചിന്ത നിങ്ങളെ ഭ്രമിപ്പിക്കും. ഇന്ത്യയും ആ മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് മുന്നില്‍. 

ഗോണ്ട്വാനാലാന്‍ഡിന്റെ ഭാഗമായിരുന്നു ഇന്ത്യ എന്നതിന് വേറെയും തെളിവുകള്‍ പ്രണയ് ലാല്‍ നിരത്തുന്നു. 1999ല്‍ കോട്ടയത്ത് കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്ന്, ഇപ്പോള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ.സത്യഭാമദാസ് ബിജു ആദ്യമായി കണ്ടെത്തിയ 'പന്നിമൂക്കന്‍ തവള' ( Nasikabatrachus sahyadrensis ) ആണ് മറ്റൊരു തെളിവ്. 

'ജീവിക്കുന്ന ഫോസില്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ജീവി ലോകത്ത് അറിയപ്പെടുന്ന ഒരു തവളകുടുംബത്തിലും ഉള്‍പ്പെടുന്നതായിരുന്നില്ല. അതിന്റെ കണ്ടെത്തല്‍ 2003ല്‍ നേച്ചറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു നൂറ്റാണ്ടിനിടെ ആദ്യമായി പുതിയൊരു തവളകുടുംബത്തെ കണ്ടെത്തിയെന്ന് ശാസ്ത്രലോകം ഉദ്‌ഘോഷിച്ചു. ജീനുകളില്‍ 13 കോടി വര്‍ഷത്തെ പരിണാമചരിത്രം പേറുന്ന ആ വിചിത്രജീവിയുടെ അടുത്ത ബന്ധുക്കള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ സേയ്‌ഷെല്‍സ് ദ്വീപുകളാണുള്ളത്. ഒരുകാലത്ത് ഇന്ത്യയും സേയ്‌ഷെല്‍സും മഡഗാസ്‌കറും ആഫ്രിക്കയുമൊക്കെ ഗോണ്ട്വാനയുടെ ഭാഗമായിരുന്നു എന്നതിന് വ്യക്തമായ തെളിവായി പന്നിമൂക്കന്‍ തവള. 


Pic 2- കരിമീന്‍-ഈ ജീവിയുടെ ജനിതകവേരുകള്‍ ഗോണ്ട്വാനയിലാണ്. ചിത്രം: ഫ്രാന്‍സിസ് ഡേ/വിക്കിമീഡിയ കോമണ്‍സ് 

ഇത്രയും കൊണ്ട് വിശ്വാസം വരാത്തവരെ ഗ്രന്ഥകാരന്‍ നേരെ കൊണ്ടുനിര്‍ത്തുന്നത് കന്യാകുമാരി മുനമ്പിലാണ്. മൂന്ന് സമുദ്രങ്ങളുടെ സംഗമസ്ഥാനം. അവിടെ കടലില്‍ തിരുവള്ളുവര്‍ സ്മാരകവും വിവേകാനന്ദ പാറയും. ആ ശിലാമേഖയ്ക്ക് ഭൗമശാസ്ത്രജ്ഞര്‍ വിളിക്കുന്ന പേര് 'ഗോണ്ട്വാനാ ജംഗ്ഷന്‍' എന്നാണെന്നറിയുമ്പോള്‍ നമ്മള്‍ അമ്പരക്കും. ഭൂഖണ്ഡങ്ങള്‍ അടര്‍ന്ന് വേര്‍പെടുകയെന്ന ഭൗമചരിത്രത്തിലെ മഹാനാടകം അരങ്ങേറിയ വേദിയാണത്. ഒരുകാലത്ത് ഗോണ്ട്വാനയുടെ ഭാഗമായി ഇന്ത്യയും മഡഗാസ്‌കറും ശ്രീലങ്കയും കിഴക്കന്‍ അന്റാര്‍ട്ടിക്കയും ഓസ്‌ട്രേലിയയും ചേര്‍ന്നിരുന്ന സ്ഥാനം! ഇതറിഞ്ഞു കഴിഞ്ഞാല്‍ കന്യാകുമാരി ആര്‍ക്കും പഴയ കന്യാകുമാരി ആയിരിക്കില്ല. 

ഏതാണ്ട് 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പശ്ചിമഘട്ടം മുറിഞ്ഞ് കാണപ്പെടുന്നത് പ്രധാനമായും ഒരിടത്താണ്, പാലക്കാട് ചുരത്തില്‍. ശരാശരി 30 കിലോമീറ്റര്‍ വിസ്താരമുണ്ട് പാലക്കാടന്‍ ചുരത്തിന്. മഡഗാസ്‌കറിന്റെ ഭൂപടം നമ്മുടേതുമായി ചേര്‍ത്തുവെച്ചാല്‍, പാലക്കാടന്‍ ചുരം മധ്യമഡഗാസ്‌കറിലെ പര്‍വ്വതമേഖലയിലൂടെ തുടരുന്ന അത്ഭുതം കാണാം! 8.8 കോടി വര്‍ഷം മുമ്പ് ഒരു അഗ്നിപര്‍വ്വതസ്‌ഫോടനം വേര്‍പെടുത്തും മുമ്പ് ഇന്ത്യയും മഡഗാസ്‌കറും ചേര്‍ന്ന് നിലകൊണ്ടു എന്നതിത് തെളിവാണിത്. ഒരുകാലത്ത് പാലക്കാടന്‍ ചുരത്തിലൂടെ നടക്കുന്നയാള്‍ എത്തിച്ചേരുക മഡഗാസ്‌കറിലായിരുന്നു എന്നര്‍ഥം! 

18 കോടി വര്‍ഷം മുമ്പ് മുതല്‍ 8 കോടി വര്‍ഷം മുമ്പു വരെയുള്ള കാലത്ത് സമുദ്രാന്തര്‍ഭാഗത്തുണ്ടായ മൂന്ന് ഭീമന്‍ ലാവാപ്രവാഹങ്ങളും ഭൗമപ്രവര്‍ത്തനങ്ങളുമാണ് ഗോണ്ട്വാനയെ പിളര്‍ത്തി വ്യത്യസ്ത ഭൂഖണ്ഡങ്ങളാക്കി മാറ്റിയത്. ഗോണ്ട്വാനാലാന്‍ഡ് പിളര്‍ന്ന് വേര്‍പെടും വരെ ഇന്ത്യയുടെ ബംഗാള്‍-തമിഴ്‌നാട് തീരം അന്റാര്‍ട്ടിക്കയുമായി ചേര്‍ന്ന് സ്ഥിതിചെയ്തു. ചെന്നൈയില്‍ നിന്ന് ഒരു ദിനോസറിന് അനായാസം കിഴക്കന്‍ അന്റാര്‍ട്ടിക്കയിലേക്ക് കടക്കാമായിരുന്നു. ഷില്ലോങ്, ഗുവാഹതി തുടങ്ങിയ വടക്കുകിഴക്കന്‍ മേഖലയിലേക്ക് പശ്ചിമ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍ നിന്ന് ഒരു കല്ലേറ് ദൂരമേ ഉണ്ടായിരുന്നുള്ളൂ! 


Pic 3 - 8.8 കോടി വര്‍ഷം മുമ്പ് ഭൂഖണ്ഡങ്ങളുടെ സ്ഥിതി. മഞ്ഞ അടയാളമുള്ള ഭാഗമാണ് ഇന്ത്യ. ചിത്രം കടപ്പാട്: ക്രിസ്റ്റഫര്‍ സ്‌കോട്ടീസ്   

ഇങ്ങനെ ഇന്ത്യയുടെ ഭൗമചരിത്രത്തെക്കുറിച്ചും ഇവിടുത്തെ ജീവജാതികളുടെ ഉത്ഭവത്തെക്കുറിച്ചുമുള്ള കഥകള്‍ സമഗ്രമായി വിവരിക്കുകയാണ് പ്രണയ് ലാല്‍ തന്റെ ഗ്രന്ഥത്തില്‍. മേല്‍സൂചിപ്പിച്ച ഗോണ്ട്വാനയുടെ കഥ അതില്‍ ഒരധ്യായം മാത്രം. അതിലും എത്രയോ വിശാലമായ ക്യാന്‍വാസാണ് ഗ്രന്ഥകാരന്‍ നമുക്ക് മുന്നില്‍ നിവര്‍ത്തിവെയ്ക്കുന്നത്. ശരിക്കുപറഞ്ഞാല്‍, 450 കോടി വര്‍ഷത്തെ ഭൗചരിത്രത്തില്‍ സംഭവിച്ച സംഗതികളെയാകെ ഇന്ത്യയിലെ പര്‍വ്വതങ്ങളിലൂടെയും പാറകളിലൂടെയും മണ്ണിലൂടെയും നദികളിലൂടെയും ഫോസിലുകളിലൂടെയും ജീവജാതികളിലൂടെയും വിവരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. ഇതുവരെ ആരും പറയാത്ത ഇന്ത്യാചരിത്രമാണിത്.

20 വര്‍ഷത്തെ തന്റെ അധ്വാനം ഈ ഗ്രന്ഥത്തിന് പിന്നിലുണ്ടെന്ന് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. 'മൂന്നാംധ്രുവം' എന്നാണ് ഹിമലയവും ടിബറ്റും ചേര്‍ന്ന പ്രദേശത്തെ ഭൗമശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഗോണ്ട്വാനാ ജംഗ്ഷന്‍ മുതല്‍ മൂന്നാംധ്രുവം വരെ കാലത്തിലൂടെ നടത്തുന്ന ഒരു ദീര്‍ഘയാത്രയെന്ന് 'ഇന്‍ഡിക്ക'യെ വിശേഷിപ്പിക്കാം. ഭൂമി രൂപപ്പെട്ടതു മുതല്‍ ഏതാണ്ട് അറുപതിനായിരം വര്‍ഷം മുമ്പ് പ്രാചീന മനുഷ്യന്‍ ഇന്ത്യയില്‍ കുടിയേറിയതുവരെയുള്ള ചരിത്രമാണ് ഈ യാത്രയില്‍ ചുരുളഴിയുന്നത്. 

ബാംഗ്ലൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ നന്ദി ഹില്‍സിലുള്ള പാറപ്പരപ്പുകള്‍ ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ ശിലകളാണെന്ന് പലര്‍ക്കും അറിയില്ല. 350 കോടി വര്‍ഷം പഴക്കമുള്ള അത്തരം പാറകള്‍ ഭൂമുഖത്ത് തന്നെ അപൂര്‍വ്വമാണ്. ആ പാറ രൂപപ്പെടുന്ന കാലത്ത് അന്തരീക്ഷത്തില്‍ ജീവവായുവായ ഓക്‌സിജന്റെ തോത് നാമമാത്രമായിരുന്നു. മാത്രമല്ല, ഭൂമിയുടെ ഭ്രമണം ഇന്നത്തേതിലും വേഗത്തിലുമായിരുന്നു. അന്ന് ഒരുദിവസമെന്നത് ആറു മണിക്കൂര്‍ മാത്രം! 

നന്ദി ഹില്‍സില്‍ നിന്ന് 2700 കിലോമീറ്റര്‍ വടക്ക് ജമ്മുവിലേക്ക് ഗ്രന്ഥകാരന്‍ നമ്മളെ നയിക്കുന്നു. ജമ്മുവിലെ പാറകള്‍ താരതമ്യേന ചെറുപ്പമാണ്. നന്ദി ഹില്‍സിലെ പാറപ്പരപ്പില്‍ നിന്ന് ജമ്മുവിലെ പാറകളിലേക്കെത്തുമ്പോള്‍ ഭൗമചരിത്രത്തിലെ 300 കോടി വര്‍ഷങ്ങളാണ് ഒരര്‍ഥത്തില്‍ നമ്മള്‍ തരണംചെയ്യുന്നത്!


Pic 4 - 'ഇന്‍ഡിക്ക'-ഭൂമിയുടെ ചരിത്രം, ഇന്ത്യയുടേയും

പാറ മാത്രമല്ല, ലോകത്തെ ഏറ്റവും പഴക്കമേറിയ മണ്ണും കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലൊന്ന് ഇന്ത്യയാണ്. ഒഡീഷയിലെ കിയോഞ്ജാര്‍ പട്ടണത്തിന് ആറു കിലോമീറ്റര്‍ വടക്ക് മദ്രാംഗിജോറി ഗ്രാമത്തില്‍ നിന്ന് 2014ല്‍ ഇന്ത്യന്‍, ഐറിഷ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞ മണ്ണിന്റെ പഴക്കം 300 കോടി വര്‍ഷമാണ്. പ്രാചീനഭൂമിയില്‍ ഓക്‌സിജന്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ കാലം അടുത്തറിയാനുള്ള മാന്ത്രിക താക്കോലായി ഈ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നു (ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ സസ്യഫോസില്‍ അടുത്തയിടെ ഇന്ത്യയില്‍ നിന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു). 

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ (ലോകത്തെ മൂന്നാമത്തെ) ഉല്‍ക്കാപതനത്തിന്റെ ശേഷിപ്പ് സ്ഥിതിചെയ്യുന്ന മധ്യപ്രദേശില്‍ ശിവപുരി ജില്ലയിലെ ചെറുഗ്രാമമായ ദലായിലേക്ക് വായനക്കാരെ ഗ്രന്ഥകാരന്‍ കൂട്ടിക്കൊണ്ട് പോകുന്നു. 11 കിലോമീറ്റര്‍ വിസ്താരമുള്ള 'ദലാഗര്‍ത്തം' യഥാര്‍ഥത്തില്‍ ഗര്‍ത്തമല്ലെന്നും, 250-160 കോടി വര്‍ഷം മുമ്പുണ്ടായ അതിശക്തമായ ഉത്ക്കാപതനത്തിന്റെ തീഷ്ണതയില്‍ തിളച്ചുപൊങ്ങിയ മണ്ണുപാറയും തറനിരപ്പില്‍ നിന്ന് ഉയര്‍ന്ന് ഒരു കടുവയുടെ കാല്‍പ്പാദത്തിന്റെ ആകൃതി പൂണ്ടതാണെന്നുമുള്ള അറിവ് നമ്മളെ അത്ഭുതപ്പെടുത്തും.

ഗോണ്ട്വാന പൊട്ടിയടര്‍ന്ന് വേര്‍പെടാനാരംഭിക്കുന്ന വേളയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം വന്നു. പത്തുലക്ഷം വര്‍ഷം നീണ്ടുനിന്ന പേമാരി ഇന്ത്യയുള്‍പ്പടെയുള്ള പ്രദേശങ്ങളെ സ്ഥിരം പ്രളയത്തിലാഴ്ത്തി. അതിന്റെ ഭാഗമായി വന്‍തോതില്‍ ജൈവാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി അവശിഷ്ടപാളികളായി മാറി. ജൈവരാസമാറ്റങ്ങള്‍ ആ അവശിഷ്ടപാളികളെ കല്‍ക്കരിശേഖരമാക്കി രൂപപ്പെടുത്തി. 30-27 കോടി വര്‍ഷംമുമ്പ് ഇന്നത്തെ ബിഹാര്‍, ജാര്‍ക്കണ്ഡ്, കിഴക്കന്‍ ഒഡിഷ, പശ്ചിമബംഗാള്‍ മേഖല നദീശൃംഖലകളും ചതുപ്പുകളും ഡല്‍റ്റകളും വനങ്ങളും നിറഞ്ഞതായിരുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. ആ മേഖലയാണ് 'ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡിസ്' എന്ന് ഇപ്പോള്‍ അറിയപ്പെടുന്നത്. നാല് കിലോമീറ്റര്‍ താഴ്ച വരെ ഏതാണ്ട് 4000 ചതുരശ്ര കിലോമീറ്ററില്‍ ആ കല്‍ക്കരിപ്പാടം വ്യാപിച്ചുകിടക്കുന്നു. 6100 കോടി ടണ്‍ കല്‍ക്കരി ശേഖരം ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഗ്ലോസോപ്റ്ററിസ് ( Glossopteris ) മഴക്കാടുകള്‍ അടിഞ്ഞുകൂടിയുണ്ടായ ഇത്രയും കല്‍ക്കരി ശേഖരമുണ്ടാകാന്‍, ഇപ്പോള്‍ ലോകത്തുള്ള മുഴുവന്‍ വനത്തിന്റെയും 200 മടങ്ങ് വേണം!

മത്സ്യങ്ങളും ഉഭയജീവികളും ലോകത്തെ ഭരിച്ചിരുന്ന കാലത്താണ് കല്‍ക്കരി പാടങ്ങള്‍ ഭൂമിയില്‍ രൂപപ്പെട്ടത്. ഇന്ന് അതേ കല്‍ക്കരിയുടെ ഉപയോഗം വഴിയുണ്ടാകുന്ന ആഗോളതാപനം മത്സ്യങ്ങളുടെയും ഉഭയജീവികളുടെയും നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്ന കാര്യം ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു. 


Pic 5 - പന്നിമൂക്കന്‍ തവള എന്ന 'ജീവിക്കുന്ന ഫോസില്‍'. ചിത്രം കടപ്പാട്: സത്യഭാമദാസ് ബിജു

കടലുപേക്ഷിച്ച് കരയില്‍ ജീവിതമാരംഭിച്ച ആദ്യജീവിവര്‍ഗങ്ങളിലൊന്നിനെ പരിചയപ്പെടുത്താന്‍ ഗ്രന്ഥകാരന്‍ നമ്മളെ നയിക്കുന്നത് മൈസൂരിലെ വനപ്രദേശത്തേക്കാണ്. 'ദ്രാവിഡ ഗ്രാന്‍ഡിസ്' ( Drawida grandis ) എന്ന ആ മണ്ണിര 50 സെന്റീമീറ്റര്‍ നീളത്തില്‍ വളരുന്ന ജീവിയാണ്. 

ഇന്ത്യയിലെ ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ തെലുങ്കാനയിലെ അഡിലാബാദ് ജില്ലയില്‍ നിന്നാണ് കണ്ടെടുത്തതെന്നും, 16 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന സസ്യഭുക്കായ അവയ്ക്ക് 18 മീറ്റര്‍ നീളവും ഏഴ് ടണ്‍ ഭാരവുമായിരുന്നു എന്നും അറിയുക. ആ ഭീമന് മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ പേരാണ് ശാസ്ത്രജ്ഞര്‍ നല്‍കിയത്-'ബാരപ്പസോറസ് ടാഗോറി' ( Barapasaurus tagorei ). ജീവിച്ചിരുന്നതില്‍ ഏറ്റവും ഭീകരമായ ജീവിയെന്ന് 'ജുറാസിക് പാര്‍ക്കി'ലൂടെ കുപ്രസിദ്ധി നേടിയ ടി.റെക്‌സിനോളം ഭയങ്കരനായ മറ്റൊരു ദിനോസര്‍ ഇന്ത്യയിലും വാണിരുന്നു-'രാജസോറസ്' ( Rajasaurus ). 

ജോദ്പൂര്‍-ജെയ്‌സല്‍മാര്‍ ഹൈവെയില്‍ രാജസ്ഥാനിലെ തായിയാട്ട് എന്ന് സ്ഥലത്തിനടുത്തുകൂടി 16 കോടി വര്‍ഷം മുമ്പ് നിങ്ങള്‍ യാത്രചെയ്തിരുന്നെങ്കില്‍, ദിനോസറുകള്‍ പാത മുറിച്ച് കടന്ന് പോകുന്നത് കാണാമായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഇന്ത്യയിലെ ഒരു യഥാര്‍ഥ 'ജുറാസിക് പാര്‍ക്കാ'യിരുന്നു ആ പ്രദേശം. ദിനോസറുകളുടെ ഭൂമുഖത്തെ പ്രധാന പ്രജനനകേന്ദ്രങ്ങളില്‍ ചിലത് കണ്ടെത്തിയിട്ടുള്ളതും ഇന്ത്യയില്‍ തന്നെയാണ്. ഗുജറാത്തില്‍ ബറോഡയ്ക്ക് 70 കിലോമീറ്റര്‍ വടക്ക് ഖേദ ജില്ലയിലെ റെയ്‌ഹോലി ഗ്രാമം ഉദാഹരണം. ദിനോസര്‍ മുട്ടകളുടെ വലിയ ശേഖരം തന്നെ അവിടെ നിന്ന് ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. 


Pic 6 - ഇന്ത്യയില്‍ ഒരുകാലത്ത് ഭീതി വിതച്ചിരുന്ന ദിനോസര്‍ രാജസോറസ്. ചിത്രം കടപ്പാട്: റൊഡോള്‍ഫോ നൊഗീറോ

ദിനോസറുകളുടെ യുഗം അവസാനിച്ച് സസ്തനികള്‍ ഭൂമി കീഴടക്കി. ഗുജറാത്തിലെ കച്ച് മുതല്‍ ജമ്മു വരെ നീളുന്ന ഇന്ത്യാ-പാക് അതിര്‍ത്തി മേഖലയില്‍ നിന്ന് 1975 ന് ശേഷം 18 വ്യത്യസ്തയിനം തിമിംഗലങ്ങളുടെ ഫോസിലുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പറയുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ എത്ര വൈവിധ്യം പുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാകും. 

ഇന്ത്യാ ഉപഭൂഖണ്ഡം മഡഗാസ്‌കറില്‍ നിന്ന് വേര്‍പെട്ട് പ്രാചീന സമുദ്രത്തിലൂടെ ഇന്നത്തെ സ്ഥാനത്തേക്ക് നീങ്ങുന്ന കാലത്താണ്, ഭൂമിയിലെ ഏറ്റവും വലിയ ലാവാപ്രവാഹം ഇവിടെയുണ്ടായത്. 6.5-5.3 കോടി വര്‍ഷങ്ങള്‍ക്കിടയ്ക്ക് മൂന്നുഘട്ടങ്ങളായുണ്ടായ ആ ലാവാപ്രവാഹമാണ് ഡക്കാന്‍ പീഢഭൂമിയെ ഇന്നത്തെ നിലയ്ക്ക് രൂപപ്പെടുത്തിയത്. അതിന്റെ അസംഖ്യം തെളിവുകള്‍ ഗ്രന്ഥകാരന്‍ നിരത്തുന്നു. 

ഇന്ത്യയുടെ ഭൗമചരിത്രത്തിലെ മറ്റൊരു പ്രധാന നാടകീയ സംഭവം ഹിമാലയത്തിന്റെയും ടിബറ്റിന്റെയും രൂപപ്പെടലായിരുന്നു. ഗോണ്ട്വാനാ മേഖലയില്‍ കടലിന്നടിയിലുണ്ടായ ലക്ഷക്കണക്കിന് വര്‍ഷം നീണ്ട ലാവാപ്രവാഹമാണ് പരസ്പരം പൊട്ടിയടര്‍ന്ന് ഭൂഖണ്ഡങ്ങളെ ഇന്നത്തെ സ്ഥാനങ്ങളിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. അതില്‍ അവസാനത്തെ ഘട്ടമായിരുന്നു ഇന്ത്യയുടെ സ്ഥാനചലനം. മഡഗാസ്‌കറില്‍ നിന്ന് വേര്‍പെട്ട് നീങ്ങിയ ഇന്ത്യന്‍ ഉപഭൂഖണ്ഡം യൂറേഷ്യന്‍ ഭൂഫലകത്തില്‍ വന്നിടിച്ചതിന്റെ ഫലമായാണ് ടിബറ്റും ഹിമാലയവും രൂപപ്പെട്ടത്. 4.1 കോടി വര്‍ഷം മുമ്പ് മുതല്‍ 40 ലക്ഷം വര്‍ഷം മുമ്പ് വരെയുള്ള കാലത്ത് മൂന്ന് മുഖ്യഘട്ടങ്ങളിലായാണ് ഹിമാലയം ഇന്നത്തെ നിലയ്ക്ക് ഉയര്‍ന്നുവന്നതെന്ന് ഗ്രന്ഥകാരന്‍ തെളിവുകള്‍ നിരത്തി വിവരിക്കുന്നു. ഹിമാലയത്തില്‍ നിന്നുള്ള നദികളും അതിന് ശേഷമാണ് ഒഴുകാന്‍ തുടങ്ങിയത്.


Pic 7 - ബാംഗ്ലൂരിന് സമീപം സമുദ്രനിരപ്പില്‍ നിന്ന് 1226 മീറ്റര്‍ ഉയരമുള്ള സവനദുര്‍ഗ മല. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഘടനയാണിത്. ചിത്രം കടപ്പാട്: നിരഞ്ജ് വൈദ്യനാഥന്‍

നദികള്‍ ഉണ്ടാവുക മാത്രമല്ല കാലാവസ്ഥയിലും വലിയ മാറ്റം സംഭവിച്ചു. ഏഷ്യന്‍ മണ്‍സൂണ്‍ പോലും ഹിമാലയത്തിന്റെ സൃഷ്ടിയാണെന്നോര്‍ക്കുക. അത്രകാലവും, എന്നുവെച്ചാല്‍ ഏതാണ്ട് 1.3 കോടി വര്‍ഷം മുമ്പുവരെ ഏഷ്യന്‍ മണ്‍സൂണ്‍ എന്നത് ദുര്‍ബലമായ ഒരു കാലാവസ്ഥാ പ്രതിഭാസമായിരുന്നു. ഹിമാലയം വന്നതോടെ മണ്‍സൂണിന്റെ ശക്തിയും സ്വാധീനവും വര്‍ധിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ജലബാഷ്പത്തെ ആവാഹിച്ച് 400 കിലോമീറ്റര്‍ വടക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ന്യൂനമര്‍ദ്ദ മേഖലയിലേക്ക് എത്തിക്കുകയാണ് മണ്‍സൂണ്‍ ചെയ്യുന്നത്. ഏതാണ്ട് ഒരുലക്ഷംകോടി ടണ്‍ മഴ മണ്‍സൂണിന്റെ ഭാഗമായി ഇന്ത്യയില്‍ പെയ്യുന്നു! കഴിഞ്ഞ 80 ലക്ഷം വര്‍ഷമായി ഇത് തുടരുന്നു. 

40 ലക്ഷം വര്‍ഷംമുമ്പ് ഹിമാലയം കൂടുതല്‍ ഉയര്‍ന്നപ്പോള്‍, മണ്‍സൂണിന്റെ ശക്തി വര്‍ധിച്ചു. അതിന്റെ ഫലമായി കിഴക്കന്‍ ആഫ്രിക്കയിലെ കാലാവസ്ഥയും മാറി. അത് മനുഷ്യന്റെ പൂര്‍വികവര്‍ഗ്ഗങ്ങളുടെ പരിണാമത്തിന് പശ്ചാത്തലമൊരുക്കി. 20 ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ രൂപമെടുത്ത് ലോകമെങ്ങുമെത്തി പാര്‍പ്പുറപ്പിച്ച 'ഹോമോ ഇറക്ടസ്' വര്‍ഗമാണ് നരവംശങ്ങളിലെ ഏറ്റവും വിജയിച്ച വിഭാഗം. ഭൂമിയില്‍ 19 ലക്ഷം വര്‍ഷം ജീവിച്ച ഇറക്ടസിന്റെ പാര്‍പ്പിട മേഖലകള്‍ ഇന്ത്യയില്‍ ശിവാലിക് കുന്നുകള്‍ മുതല്‍ തെക്കന്‍ തമിഴ്‌നാട് വരെ നീളുന്നതായി നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. ഏതാണ്ട് 70,000 വര്‍ഷം മുമ്പ് ആ നരവംശം ഭൂമുഖത്തുനിന്ന് ഉന്‍മൂലനം ചെയ്യപ്പെട്ടു. 

ഇന്നത്തെ മനുഷ്യവംശമായ ഹോമോ സാപ്പിയന്‍സ് 60,000 വര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള കുറുമ്പ, ഇരുള പോലുള്ള ആദിമവിഭാഗക്കാര്‍ അന്നെത്തിയ സാപ്പിയന്‍സിന്റെ നേര്‍പിന്‍ഗാമികളാണെന്ന് ജനിതകപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.


Pic 8 - മഞ്ഞിന്റെ മൂടിയില്ലാതെ എവറസ്റ്റ് കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന് 8848 മീറ്റര്‍ പൊക്കമുള്ളതാണ് എവറസ്റ്റ്. കൊടുമുടിയുടെ മുകള്‍ഭാഗത്തെ മഞ്ഞനിറമുള്ള ഭാഗം ഈ ചിത്രത്തില്‍ വ്യക്തമാണ്. ആ ഭാഗത്തെ ശിലാപാളികളില്‍ പ്രാചീന സമുദ്രജീവികളുടെ ഫോസിലുകള്‍ സുലഭമാണ്. എന്നാല്‍, കൊടുമുടിയുടെ ചുവട്ടിലെ ശിലാപാളികളില്‍ ഫോസിലുകള്‍ ഇല്ല. ഹിമാലയത്തിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് ഇത് വ്യക്തമായ സൂചന നല്‍കുന്നു. ചിത്രം കടപ്പാട്: Uwe Gille/Wikipedia 

സമ്പന്നമായ ഒരു ദീര്‍ഘയാത്ര പൂര്‍ത്തിയാക്കിയ അനുഭവമാണ് 'ഇന്‍ഡിക്ക' വായിച്ചുകഴിയുമ്പോള്‍ ഉണ്ടാവുക. ഒപ്പം ചില തിരിച്ചറിവുകളും കിട്ടും. 450 കോടി വര്‍ഷത്തെ ഭൗമചരിത്രത്തില്‍ നമ്മളിന്ന് കാണുന്ന തരത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്ഥാനമുറപ്പിച്ചിട്ട് അധികകാലമായിട്ടില്ല. അഞ്ചുകോടി വര്‍ഷം മുമ്പ് ഇന്ത്യയ്ക്ക് വടക്ക് ഹിമാലയം പോലും ഉണ്ടായിരുന്നില്ല, സിന്ധു നദിയോ ഗംഗയോ ബ്രഹ്മപുത്രയോ ഉണ്ടായിരുന്നില്ല. എന്തിന് നമ്മളിന്ന് കാണുന്ന രൂപത്തിലുള്ള മണ്‍സൂണ്‍ പോലും ഇന്ത്യയില്‍ പെയ്തിരുന്നില്ല. ഏതാണ്ട് 75000 വര്‍ഷംമുമ്പ് ആഫ്രിക്കയില്‍ നിന്ന് പുറത്തുകടന്ന ആയിരത്തില്‍ താഴെ ഹോമോ സാപ്പിയന്‍സാണ് ഇന്ത്യയടക്കം ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജനതകളുടെയെല്ലാം നേര്‍പൂര്‍വ്വികര്‍. മനുഷ്യന്റെ സങ്കുചിതമായ ദേശീയതയ്ക്കും ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരുപറഞ്ഞുള്ള അഹങ്കാരത്തിനും യാതൊരു അര്‍ഥമില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയാണ് ഈ ഗ്രന്ഥം. 

ഒരുകാര്യം കൂടി: ഈ ഗ്രന്ഥത്തിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത, അതിലെ ചിത്രങ്ങളാണ്. ഗ്രന്ഥകാരന്‍ വിവരിക്കുന്ന എല്ലാം പ്രധാന സംഗതികളെയും സാധൂകരിക്കുന്ന ചിത്രങ്ങളും വിവരണവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 54 പേജുകള്‍ വരുന്ന വിശദമായ കുറിപ്പുകളും വിജ്ഞാനദാഹികളായ വായനക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. 

(Indica: A Deep Natural History of the Indian Subcontinent, by Pranay Lal. Allen Lane. Page: 468. Rs. 999)
- ജോസഫ് ആന്റണി 

* മാതൃഭൂമി ഓണ്‍ലൈനില്‍ (2017 ഏപ്രില്‍ 11) പ്രസിദ്ധീകരിച്ചത് 

3 comments:

Joymon said...

75 ലക്ഷം വര്‍ഷം മുമ്പല്ല ഹോമോ സാപ്പിയന്‍സ് പുറത്തു വന്നത് എന്ന് തോന്നുന്നു. 75 ആയിരം ആയിരിക്കാം. ഒന്നുകൂടെ നോക്കിയാല്‍ നന്നായിരുന്നു.

Joseph Antony said...

@Jaymon, നന്ദി, ആ പിശക് ചൂണ്ടിക്കാട്ടിയതിന്. തിരുത്തിയിട്ടുണ്ട്.

Anonymous said...

മനോഹരം ❤❤