Wednesday, June 07, 2017

ഗൂബെക്ലി തെപിയിലെ വാല്‍നക്ഷത്ര വിവരണം

പതിമൂവായിരം വര്‍ഷം മുമ്പ് ഭൂമിയില്‍ പതിച്ച വാല്‍നക്ഷത്രത്തിന്റെ വിവരം പ്രചീനമനുഷ്യന്‍ രേഖപ്പെടുത്തി സൂക്ഷിച്ചതായി കണ്ടെത്തല്‍. മനുഷ്യനെ കൃഷിയിലേക്ക് തള്ളിവിട്ട ചെറുഹിമയുഗത്തിന് കാരണം ആ വാല്‍നക്ഷത്ര പതനമാകാമെന്ന നിഗമനത്തിലാണ് ഗവേഷകര്‍
Pic1. ഗൂബെക്ലി തെപി. ചിത്രം കടപ്പാട്: വിന്‍സെന്റ് ജെ.മുസി, നാഷണല്‍ ജ്യോഗ്രഫിക് 

ക്ലോസ് ഷ്മിറ്റ് എന്ന ജര്‍മന്‍ പുരാവസ്തു ഗവേഷകന്‍ 1994ല്‍ കണ്ടെത്തിയ നാള്‍ മുതല്‍ തുര്‍ക്കിയിലെ ഗൂബെക്ലി തെപി എന്ന പ്രാചീനസ്മാരകം ഗവേഷകരെ അമ്പരപ്പിച്ചിട്ടുള്ളത് കുറച്ചൊന്നുമല്ല. മനുഷ്യചരിത്രത്തിലെ ഒരു നിര്‍ണായകഘട്ടത്തെക്കുറിച്ചുള്ള ധാരണകളെയാകെ പുനപ്പരിശോധിക്കാന്‍ ആ സ്മാരകം കാരണമായി. 

ഇപ്പോഴിതാ ഗൂബെക്ലി തെപിയിലെ ഒരു ശിലാലിഖിതം വായിച്ചെടുത്ത ഗവേഷകര്‍ അതിന്റെ അര്‍ഥമറിഞ്ഞ് വീണ്ടും അമ്പരക്കുന്നു. ഏതാണ്ട് പതിമൂവായിരം വര്‍ഷംമുമ്പ് ഭൂമിയില്‍ പതിച്ച് വന്‍നാശം വിതച്ച വാല്‍നക്ഷത്രത്തെക്കുറിച്ചുള്ള വിവരമാണത്രേ ആ ശിലാലിഖിതത്തില്‍! 'കഴുകന്‍ കല്ല്' (vulture stone) എന്ന് വിളിക്കുന്ന ആള്‍രൂപത്തിലുള്ള ശിലാസ്തൂപത്തിലാണ് ഇക്കാര്യം പ്രതീകാത്മകമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിയില്‍ ആയിരം വര്‍ഷം നീണ്ട ചെറുഹിമയുഗത്തിന് കാരണം ആ ധുമകേതു പതനമാകാമെന്ന സാധ്യതയാണ് ഇതോടെ ശക്തിപ്പെടുന്നത്. വൂളി മാമത്തുകള്‍ അപ്രത്യക്ഷമായതും, വെട്ടയാടി അലഞ്ഞുതിരിഞ്ഞ് നാടോടികളായി കഴിഞ്ഞിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കൃഷി തുടങ്ങി സ്ഥിരതാമസം ആരംഭിക്കുന്നതും ആ കാലത്താണ്.
Pic2. വാല്‍നക്ഷത്രവിവരണമുള്ള കഴുകന്‍ കല്ല്. ചിത്രം: അലിസ്റ്റെയര്‍ കൂമ്പ്‌സ് / PA Wire
 ഗൂബെക്ലി തെപി (Gobekli Tepe) നല്‍കുന്ന ചരിത്രവെളിപാടുകള്‍ അവസാനിക്കുന്നില്ല എന്നര്‍ഥം. തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ ഒരു കുന്നിന്‍ ചെരുവില്‍ 22 ഏക്കര്‍ സ്ഥലത്ത് വൃത്താകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സ്മാരകമാണ് ഗൂബെക്ലി തെപി (ഗൂബെക്ലി തെപി എന്നാല്‍ തുര്‍ക്കിയില്‍ 'കുടവയറന്‍ കുന്ന്' എന്നര്‍ഥം). ഭീമന്‍ ചുണ്ണാമ്പുകല്‍സ്തൂപങ്ങളാലാണ് ഇത് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് മീറ്റര്‍ ഉയരവും ഏഴ് ടണ്ണോളം ഭാരവുമുള്ള ആ ശിലാസ്തൂപങ്ങളില്‍ ചിലതില്‍ സിംഹങ്ങള്‍, തേളുകള്‍, കഴുകന്‍, ചെന്നായ് തുടങ്ങിയവയുടെ രൂപങ്ങള്‍ വരഞ്ഞ് വെച്ചിട്ടുമുണ്ട്. 

മക്കയും വത്തിക്കാനും ബോധ് ഗയയും ജറുസലേമും പോലെ, ലോകത്തെ ആദ്യ വിശുദ്ധസ്ഥലമാണ് ഗൂബെക്ലി തെപി എന്ന് പുരാവസ്തു ഗവേഷകര്‍ കരുതുന്നു. അതൊരു ജ്യോതിശാസ്ത്ര നിരീക്ഷണാലയം കൂടിയായിരുന്നു എന്നാണ്, ഇപ്പോള്‍ ശിലാലിഖിതം വായിച്ചെടുത്ത എഡിന്‍ബറോ സര്‍വകലാശാലയിലെ മാര്‍ട്ടിന്‍ സ്വീറ്റ്മാനും സംഘവും എത്തിയ നിഗമനം.
Pic3. ഗൂബെക്ലി തെപിയുടെ ആകാശദൃശ്യം. ചിത്രം കടപ്പാട്: ALAMY 

ഓസ്‌ട്രേലിയന്‍ വംശജനും മാക്‌സിസ്റ്റ് ചിന്തകനമായ വി. ഗോര്‍ഡന്‍ ചൈല്‍ഡ് ആണ് 1920കളില്‍  'നവീനശിലായുഗ വിപ്ലവം' (Neolithic Revolution) എന്ന സങ്കല്‍പ്പം മുന്നോട്ടുവെച്ചത്. ഏതാണ്ട് പതിനായിരം വര്‍ഷം മുമ്പ്, നവീനശിലായുഗത്തിന്റെ തുടക്കത്തില്‍ മനുഷ്യന്‍ അലച്ചില്‍ നിര്‍ത്തി കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ചെറുഹിമയുഗം അവസാനിച്ചപ്പോള്‍, പശ്ചിമേഷ്യന്‍ മേഖലയില്‍ അന്തരീക്ഷതാപനില ഏറുകയും മഴലഭ്യത വര്‍ധിക്കുകയും ചെയ്തത് ഗോതമ്പും മറ്റ് ധാന്യങ്ങളും വലിയതോതില്‍ കൃഷിചെയ്യാന്‍ അനുകൂല സാഹചര്യമൊരുക്കിയെന്ന് കരുതുന്നു. 

നാഗരികത സൃഷ്ടിക്കാന്‍ മനുഷ്യന്‍ ആരംഭിച്ചത് അക്കാലത്താണ്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ സംഭവിച്ചതല്ല അത്. തലമുറ തലമുറകളിലായി സംഭവിച്ച ചെറിയചെറിയ പുരോഗതികള്‍ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും കൊണ്ട് നാഗരികതയുടെ നറുവെട്ടത്തിലേക്ക് മനുഷ്യകുലത്തെ നയിച്ചു. 
Pic4. ഗൂബെക്ലി തെപി. ചിത്രം കടപ്പാട്: വിക്കിപീഡിയ

ആദ്യം കൃഷി, പിന്നെ ഗ്രാമങ്ങളും പട്ടണങ്ങളും, അതുകഴിഞ്ഞ് ക്ഷേത്രവും ആരാധനാലയവും എന്ന പാറ്റേണ്‍ ആണ് മേല്‍വിവരിച്ച സംഗതിയില്‍ കാണാനാകുക. ഈ സംഭവഗതിയെ തിരുത്തിയെഴുതാന്‍ പുരാവസ്തുഗവേഷകരെ പ്രേരിപ്പിക്കുന്നു എന്നതാണ് ഗൂബെക്ലി തെപിയുടെ പ്രധാന്യം. കാര്‍ഷികവൃത്തിയിലേക്ക് മനുഷ്യന്‍ തിരിയുംമുമ്പുള്ള കാലത്താണ് ഈ സമുച്ചയം നിര്‍മിച്ചത്. വ്യത്യസ്ത വലയങ്ങളായി കാണപ്പെടുന്ന ഈ സ്മാരകത്തിലെ ആദ്യവലയം 11,600 വര്‍ഷം മുമ്പാണ് പൂര്‍ത്തിയാക്കിയത്. വേട്ടയാടിയും തിരഞ്ഞും അലഞ്ഞുനടന്ന നൂറുകണക്കിനാളുകള്‍ ഒരു പൊതുലക്ഷ്യത്തോടെ സഹകരിച്ചല്ലാതെ ഗൂബെക്ലി തെപി പോലൊരു സ്മാരകം നിര്‍മിക്കാന്‍ പറ്റില്ല. ഒന്നുംരണ്ടും വര്‍ഷമല്ല, നൂറ്റാണ്ടുകളോളം ആ സഹകരണവും അധ്വാനവും തുടര്‍ന്നു എന്നാണ് സ്മാരകത്തിലെ വ്യത്യസ്ത കാലങ്ങളിലെ ശിലാവലയങ്ങള്‍ വ്യക്തമാക്കുന്നത്. ഏറെപ്പേര്‍ക്ക് അത്രകാലം സ്ഥിരമായി ഭക്ഷണമെത്തിക്കുക അത്ര എളുപ്പമല്ല. അന്ന് കൃഷിയോ ധാന്യപ്പുരകളോ ഇല്ലെന്നോര്‍ക്കണം. മക്കവരും വേട്ടയാടിയും തിരഞ്ഞുപെറുക്കിയും നടക്കുകയാണ്. 
Pic5. ഗൂബെക്ലി തെപിയുടെ നിര്‍മാണം, ചിത്രകാരന്റെ ഭാവന

ഈ പശ്ചാത്തലത്തിലാണ്, ഏതാണ്ട് 9800 വര്‍ഷം മുമ്പ് മനുഷ്യന്‍ ഗോതമ്പ് കൃഷി ആദ്യമായി തുടങ്ങിയെന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലൊന്ന് ഗൂബെക്ലി തെപിക്ക് 30 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന വസ്തുതയ്ക്ക് പ്രാധാന്യമേറുന്നത്. വന്യഗോതമ്പിനമായ 'eikorn wheat' ഇപ്പോഴും തുര്‍ക്കിയിലെ ആ പ്രദേശത്ത് വളരുന്നു. ഗൂബെക്ലി തെപിയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നവരെ തീറ്റിപ്പോറ്റാനായി വന്യഗോതമ്പിനം വന്‍തോതില്‍ കൃഷിചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കണം. അതിലൂടെ പ്രാചീനമനുഷ്യര്‍ കാര്‍ഷികവൃത്തിയിലേക്ക് എത്തിയിരിക്കാം എന്നാണ് നിഗമനം.

നവീനശിലായുഗ വിപ്ലവം ആരംഭിക്കാനുള്ള പുതിയൊരു സാധ്യത ഗൂബെക്ലി തെപി മുന്നോട്ടുവെയ്ക്കുന്നു എന്നര്‍ഥം. ആദ്യം ക്ഷേത്രം, പിന്നെ കൃഷി, തുടര്‍ന്ന് ഗ്രാമങ്ങളും പട്ടണങ്ങളും എന്ന രീതിയില്‍ ചരിത്രഗതിയെ പുനര്‍നിര്‍വ്വചിക്കുകയാണ് ഗൂബെക്ലി തെപി ചെയ്യുന്നത്. മാത്രമല്ല, നായാടിയും തിരഞ്ഞും കഴിഞ്ഞ കാലത്തും മനുഷ്യന്‍ ആകാശവിസ്മയങ്ങള്‍ നിരീക്ഷിക്കാനും രേഖപ്പെടുത്താനും തുനിഞ്ഞിരുന്നു എന്നതിന് തെളിവാകുകയാണ് ഗൂബെക്ലി തെപിയില്‍ ഇപ്പോള്‍ വായിച്ചെടുത്ത വാല്‍നക്ഷത്ര വിവരണം! (കടപ്പാട്: ന്യൂസയന്റിസ്റ്റ്, ഏപ്രില്‍ 22, 2017; നാഷണല്‍ ജ്യോഗ്രഫിക്, ജൂണ്‍ 2011). 
- ജോസഫ് ആന്റണി 

* 2017 മെയ് 9ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

No comments: