Wednesday, June 07, 2017

സ്വര്‍ണ്ണംപൂശിയ ആകാശക്കണ്ണ്

ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ പിന്‍ഗാമിയായ ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് വിക്ഷേപിക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് നാസ. ജ്യോതിശ്ശാസ്ത്രത്തെയും പ്രപഞ്ചപഠനത്തെയും പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പോന്ന ആ സൂപ്പര്‍ ടെലിസ്‌കോപ്പിന് വരുംമാസങ്ങളില്‍ പാസാകാനുള്ളത് കഠിനപരീക്ഷകളാണ്


 Pic1. ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്-ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: നാസ 

ഇന്നത്തെ നിലവാരം വെച്ചുനോക്കിയാല്‍ കളിപ്പാട്ടമെന്ന് കരുതാവുന്ന ഒന്നായിരുന്നു ആ ഉപകരണം. ഒരു കുഴല്‍, ഉള്ളില്‍ രണ്ടു ലെന്‍സുകള്‍, അത്രമാത്രം. അക്കാലത്ത് 'ചാരഗ്ലാസ്' എന്ന് അറിയപ്പെട്ടിരുന്ന ആ ദൂരദര്‍ശനി ഉപയോഗിച്ച് 1609 നവംബര്‍ അവസാനം ഗലിലിയോ ഗലീലി ആകാശത്ത് നോക്കിയതോടെ ലോകം അടിമുടി മാറി. ആകാശത്ത് അന്നുവരെ മനുഷ്യന്‍ കാണാത്ത പലതും ഗലിലിയോയ്ക്ക് മുന്നില്‍ തെളിഞ്ഞുവന്നു. ഒരു പുത്തന്‍ യുഗപ്പിറവിയായിരുന്നു അത്. 

380 വര്‍ഷങ്ങള്‍ക്ക് ശേഷം, 1990 ഏപ്രില്‍ 24 ന് ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് നാസ വിക്ഷേപിച്ചു. ഭൗമാന്തരീക്ഷത്തിലെ പൊടിയുടെയും പുകയുടെയും തടസ്സമില്ലാതെ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ശാസ്ത്രത്തിന് അവസരമുണ്ടായി. ഗലിലിയോ തുടക്കം കുറിച്ച വിജ്ഞാനവിപ്ലവത്തില്‍ പുതിയ അധ്യായം ഹബ്ബിള്‍ എഴുതിച്ചേര്‍ത്തു. ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി മാറി കഴിഞ്ഞ 25 വര്‍ഷത്തെ ഹബ്ബിളിന്റെ പ്രവര്‍ത്തനം. 

ഇപ്പോഴിതാ ഹബ്ബിളിന്റെ പിന്‍ഗാമി ബഹിരാകാശത്ത് എത്താന്‍ തയ്യാറാകുന്നു. 2018 ഒക്ടോബറില്‍ നാസ വിക്ഷേപിക്കുന്ന 'ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്' ആണത്. മഹാവിസ്‌ഫോടനത്തെ തുടര്‍ന്ന് ആദിമപ്രപഞ്ചത്തില്‍ സംഭവിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ് 'വെബ്ബ് ടെലിസ്‌കോപ്പ്' പ്രധാനമായും ചെയ്യുക. ആ നിരീക്ഷണത്തില്‍ ആദ്യനക്ഷത്രങ്ങളുടെ പിറവിയും ആദ്യ ഗാലക്‌സികളുമൊക്കെ പെടും. സൗരയൂഥത്തില്‍ കിയ്പ്പര്‍ ബെല്‍റ്റ് പോലുള്ള തണുത്തിരുണ്ട മേഖലകള്‍ പരിശോധിക്കാനും ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനുമൊക്കെ ടെലിസ്‌കോപ്പ് സഹായിക്കും. 


Pic2. ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ ഭാഗങ്ങള്‍

ഏതര്‍ഥത്തിലും ഒരു സൂപ്പര്‍ ടെലിസ്‌കോപ്പാണ് വെബ്ബ് ടെലിസ്‌കോപ്പ്. ഹബ്ബിളിന്റെ മുഖ്യദര്‍പ്പണത്തെ (പ്രൈമറി മിറര്‍) അപേക്ഷിച്ച് മൂന്നുമടങ്ങ് വിസ്താരമേറിയതാണ് വെബ്ബ് ടെലിസ്‌കോപ്പിലെ മുഖ്യദര്‍പ്പണം. ഹബ്ബിളിലേത് 2.4 മീറ്റര്‍ വിസ്താരമുള്ളതാണെങ്കില്‍, വെബ്ബിലേത് 6.5 മീറ്റര്‍ വിസ്തൃതിയുള്ളതാണ്. സ്വര്‍ണ്ണംപൂശിയ 18 ബെരിലിയം ഭാഗങ്ങള്‍ ചേര്‍ന്നതാണ് വെബ്ബ് ടെലിസ്‌കോപ്പിലെ മുഖ്യദര്‍പ്പണം. പതിനെട്ട് ഭാഗങ്ങളും കൂട്ടുചേര്‍ന്നാണ് വിദൂരവസ്തുക്കളെ ഒറ്റ ദൃശ്യമായി ഫോക്കസ് ചെയ്യുക. 

1996ല്‍ വെബ്ബ് ടെലിസ്‌കോപ്പ് പദ്ധതിക്ക് നാസ തുടക്കമിട്ടു. പദ്ധതിച്ചെലവ് 160 കോടി ഡോളര്‍. 2011ല്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതി. 'നെക്സ്റ്റ് ജനറേഷന്‍ സ്‌പേസ് ടെലിസ്‌കോപ്പ്' എന്നായിരുന്നു ആദ്യ പേര്. നാസ മേധാവിയായിരുന്ന ജെയിംസ് വെബ്ബിന്റെ പേരില്‍ 2002ലാണ് പുനര്‍നാമകരണം നടന്നത്. നിശ്ചയിച്ച ലക്ഷ്യം നേടാന്‍ കഴിയാതെ വരുകയും പദ്ധതിച്ചെലവ് കുതിച്ചുയരുകയും ചെയ്തപ്പോള്‍ യു.എസ്.പ്രതിനിധിസഭ 2011ല്‍ ടെലിസ്‌കോപ്പ് പദ്ധതി തന്നെ റദ്ദാക്കി. പക്ഷേ, ആ വര്‍ഷം തീരുമാനം പുനപ്പരിശോധിച്ചു. ഒടുവില്‍ 2018ല്‍ വിക്ഷേപിക്കാന്‍ തീരുമാനിക്കുകയും, പദ്ധതിച്ചെലവ് 880 കോടി ഡോളര്‍ (ഏതാണ്ട് 57,000 കോടി രൂപ) എന്ന് പുനര്‍നിശ്ചയിക്കുകയും ചെയ്തു. 

ഫ്രഞ്ച് ഗ്വിയാനയില്‍ നിന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആരിയാന്‍ 5 റോക്കറ്റിലാണ് 2018ല്‍ വെബ്ബ് ടെലിസ്‌കോപ്പ് വിക്ഷേപിക്കുക. വിക്ഷേപണവേളയിലെ അതിശക്തമായ പ്രകമ്പനം ടെലിസ്‌കോപ്പിലെ ഉപകരണങ്ങള്‍ അതിജീവിക്കുമോ എന്നറിയാനുള്ള പരീക്ഷണം (വൈബ്രേഷന്‍ ടെസ്റ്റിങ്) യു.എസിലെ മാരിലന്‍ഡില്‍ ഗ്രീന്‍ബല്‍റ്റിലുള്ള നാസയുടെ ഗോദ്ദാര്‍ദ് സ്‌പേസ് ഫ്‌ലൈറ്റ് സെന്ററില്‍ പുരോഗമിക്കുകയാണ്. 


Pic3. ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെയും വെബ്ബ് ടെലിസ്‌കോപ്പിന്റെയും മുഖ്യദര്‍പ്പണങ്ങള്‍ തമ്മിലുള്ള താരതമ്യം 

വെബ്ബ് ടെലിസ്‌കോപ്പില്‍ മുഖ്യമായും നാല് ഉപകരണങ്ങളാണുള്ളത്: 1. നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ (NIRCam), 2. നിയര്‍-ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോഗ്രാഫ് (NIRSpec), 3. മിഡ്-ഇന്‍ഫ്രാറേഡ് ഇന്‍സ്ട്രുമെന്റ് (MIRI), 4. ഫൈന്‍ ഗൈഡന്‍സ് സെന്‍സര്‍/നിയര്‍ ഇന്‍ഫ്രാറെഡ് ഇമേജര്‍ ആന്‍ഡ് സ്ലിറ്റ്‌ലെസ്സ് സ്‌പെക്ട്രോഗ്രാഫ് (FGS/NIRISS). ഇതില്‍ ആദ്യത്തേതാണ് ടെലിസ്‌കോപ്പിന്റെ പ്രൈമറി ഇമേജര്‍. ടെലിസ്‌കോപ്പിലെ ഈ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് കഴിഞ്ഞ ഒരുവര്‍ഷം ഗോദ്ദാര്‍ദ് സ്‌പേസ് സെന്റര്‍ സാക്ഷ്യംവഹിച്ചു. അതിന് ശേഷമാണ് വൈബ്രേഷന്‍ ടെസ്റ്റിങ് തുടങ്ങിയത്. 

ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെ 'ലോ എര്‍ത്ത് ഓര്‍ബിറ്റിലാ'ണ് ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഭൂമിയെ ചുറ്റുന്നതെങ്കില്‍, ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ 'എല്‍2' (Lagrangian 2 point) സ്ഥാനത്തുള്ള ഹാലോ ഓര്‍ബിറ്റിലാണ് വെബ്ബ് ടെലിസ്‌കോപ്പ് സ്ഥിതിചെയ്യുക. അങ്ങേയറ്റം താഴ്ന്ന താപനിലയാണ് അവിടെ. അത്രയും കുറഞ്ഞ താപനിലയിലെത്തുമ്പോഴാണ് ടെലിസ്‌കോപ്പിലെ ഘടകങ്ങളെല്ലാം അവയുടെ യഥാര്‍ഥ സ്ഥിതിയിലെത്തേണ്ടത്. ഇക്കാര്യം വിക്ഷേപണത്തിന് മുമ്പ് പരീക്ഷിച്ച് ഉറപ്പാക്കേണ്ടതുണ്ട്. അതിനുള്ള ക്രയോജനിക് ടെസ്റ്റിങ് ആണ് അടുത്ത് നടക്കുക.


Pic4. ടെലിസ്‌കോപ്പിന്റെ പരീക്ഷണം നടക്കുന്ന ചേംബര്‍ എ. ചിത്രം കടപ്പാട്: നാസ 

അതിനായി ടെലിസ്‌കോപ്പിനെ ഏപ്രില്‍ അവസാനത്തോടെ ഹൂസ്റ്റണില്‍ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തിക്കും. അവിടെ, അപ്പോളോ പേടകങ്ങളെ ടെസ്റ്റ് ചെയ്ത 'ചേംബര്‍ എ' എന്നറിയപ്പെടുന്ന അതേ തെര്‍മല്‍ വാക്വംചേംബറില്‍ വെബ്ബ് ടെലിസ്‌കോപ്പിന്റെയും ക്രയോജനിക് ടെസ്റ്റിങ് നടക്കും. ചേംബര്‍ എ എന്നത് 16.8 മീറ്റര്‍ വ്യാസവും 27.4 മീറ്റര്‍ ഉയരവുമുള്ള തെര്‍മല്‍ വാക്വം ടെസ്റ്റ് ചേംബറാണ്. ഈ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ ടെസ്റ്റിങ് സംവിധാനം. 

ടെലിസ്‌കോപ്പും അനുബന്ധ ഉപകരണങ്ങളും കേവലപൂജ്യത്തിന് ഏതാണ്ട് 40 ഡിഗ്രി മുകളിലുള്ള താപനില (മൈനസ് 388 ഡിഗ്രി ഫാരെന്‍ഹെയ്റ്റ്) വരെ തണുപ്പിക്കുകയാണ് ചേംബര്‍ എ-യില്‍ ചെയ്യുക. ഭ്രമണപഥത്തിലെ അതേ ശീതാവസ്ഥയിലും ശൂന്യതയിലും 90 ദിവസം വെബ്ബ് ടെലിസ്‌കോപ്പ് കഴിയും. അപ്പോള്‍ ടെലിസ്‌കോപ്പ് നിശ്ചയിക്കപ്പെട്ടതുപോലെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിനിടെ ഗൗരവതരമായ എന്തെങ്കിലും സാങ്കേതികപ്രശ്‌നം കണ്ടെത്തിയാല്‍, വിക്ഷേപണം നീളാനിടയാകും. എന്നുവെച്ചാല്‍, രണ്ട് പതിറ്റാണ്ട് നീളുന്ന വെബ്ബ് ടെലിസ്‌കോപ്പിന്റെ ചരിത്രത്തില്‍ വളരെ നിര്‍ണായകമാണ് ഇനി വരുന്ന മാസങ്ങള്‍. ശരിക്കും ആകാംക്ഷയിലാണ് ശാസ്ത്രലോകം (വിവരങ്ങള്‍ക്ക് കടപ്പാട്: നാസ). 
- ജോസഫ് ആന്റണി 

* 2017 ഏപ്രില്‍ 25ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

No comments: