Monday, June 05, 2017

ടൈപ്പ് റൈറ്റിങും ഷോര്‍ട്ട്ഹാന്‍ഡും!

ഒരുകാലത്ത് കേരളത്തില്‍ ഏത് നാട്ടിന്‍പുറത്തുമെന്ന പോലെ ഒരു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിട്ട്യൂട്ട് അമ്പൂരിയിലുമുണ്ടായിരുന്നു-'പ്രതിഭ ഇന്‍സ്റ്റിട്ട്യൂട്ട്'. ഇപ്പോള്‍ പല മലയോര പ്രദേശങ്ങളിലും 'ഫോറന്‍സിക് സയന്‍സി'ന് നല്ല സ്‌കോപ്പാ' (കോപ്പാ!) എന്ന് പ്രചരിപ്പിക്കും പോലെ, അക്കാലത്ത് പറഞ്ഞിരുന്നത് 'ടൈപ്പ് റൈറ്റിങും ഷോട്ട്ഹാന്‍ഡും പഠിച്ചാല്‍ ജോലി ഉറപ്പാ' എന്നായിരുന്നു! 

നാട്ടിലെ പത്താംക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികളില്‍ മിക്കവരും അവിടെ വരും എന്നതായിരുന്നു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിട്ട്യൂട്ടുകളുടെ പ്രത്യേക. അതുകൊണ്ട് തന്നെ, കൗമാരപ്രായക്കാരായ ഞങ്ങളുടെ മനസില്‍ ഇന്‍സ്റ്റിട്ട്യൂട്ടിന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അവിടെ പഠിക്കാന്‍ പോകുന്നത് മിക്ക ചെറുപ്പക്കാരും സ്വപ്‌നം കണ്ടു. 

എന്റെ കാര്യത്തില്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമായത് പത്താംക്ലാസ് കഴിയുന്ന വേളയിലാണ്. പക്ഷേ, മൂന്നാഴ്ച കൊണ്ട് സ്വപ്‌നം പൊലിഞ്ഞു. വില്ലനായത് ഷോര്‍ട്ട്ഹാന്‍ഡ് ആണ്. ടൈപ്പ് റൈറ്റിങ് ഒരുവിധം സഹിക്കാം, ഗൂഢഭാഷയായ ഷോട്ട്ഹാന്‍ഡ് സഹിക്കാനുള്ള ശേഷി എനിക്കില്ല എന്ന് വേഗം പിടികിട്ടി. മൂന്നാഴ്ച കൊണ്ട് മതിയാക്കി. ഒരുമാസത്തെ ഫീസ് കൊടുത്തതുകൊണ്ട്, നാലാമത്തെ ആഴ്ച അമ്പൂരിയില്‍ എനിക്ക് വീട്ടുകാരറിയാതെ ഒളിവില്‍ കഴിയേണ്ടിവന്നു! 

പ്രീഡിഗ്രിക്ക് ചേര്‍ന്ന ശേഷം വീണ്ടും ഭാഗ്യം പരീക്ഷിച്ചു. ഇത്തവണ ഷോട്ട്ഹാന്‍ഡ് ഒഴിവാക്കിയായിരുന്നു പഠനം. പക്ഷേ, ഏതാനും ആഴ്ചകൊണ്ട് സംഭവം അവസാനിപ്പിക്കേണ്ടിവന്നു. പ്രീഡിഗ്രി കഴിഞ്ഞ ശേഷം ഞാനെന്റെ 'ടൈപ്പ് റൈറ്റിങ് പരീക്ഷകള്‍ മൂന്നാംഭാഗ'ത്തിന് വിധേയനായി. ഇത്തവണ ഒരു മാസത്തിലേറെ പഠനം നീളുകയും സ്പീഡ് ടെസ്റ്റിന് വിധേയനാകാന്‍ പാകത്തില്‍ പരിശീലനം നേടുകയും ചെയ്തു. ഇംഗ്ലീഷ് അക്ഷരമാലയെ മുന്നോട്ടുംപിന്നോട്ടും അനായാസം ഹിംസിക്കുന്നത് എനിക്ക് ഹരംപകര്‍ന്നു. എങ്കിലും ഫീസ് കെട്ടിവെച്ച് പരീക്ഷയ്ക്ക് തയ്യാറാവാതെ പിന്‍വാങ്ങി!

കാര്യങ്ങള്‍ അവിടെ അവസാനിച്ചു എന്നാണ് കരുതിയത്. കലചക്രം ഉരുണ്ടു (അതാണല്ലോ സ്‌റ്റൈല്‍!), വര്‍ഷങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് വഴിമാറി. 23 വര്‍ഷം കഴിഞ്ഞ് കോഴിക്കോട് മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റായ എനിക്ക് കൈകൊണ്ട് എഴുതാന്‍ വയ്യെന്ന സ്ഥിതി വന്നു. ഒരു ആയുര്‍വേദ ഡോക്ടര്‍ നല്‍കിയ ഉപദേശപ്രകാരം, കനമുള്ള മഷിപ്പേന ഉപയോഗിച്ചുനോക്കി (മിഠായി തെരുവിലെ കൃഷ്ണ ഓപ്ടിക്കല്‍സില്‍ നമ്മുടെ ആവശ്യപ്രകാരം മഷിപ്പേന ഉണ്ടാക്കിത്തരുമായിരുന്നു. ഒരു എസ് ഐയ്ക്ക് ലാത്തിയുടെ വലുപ്പവും ആകൃതിയുമുള്ള പേനയാണ് അവര്‍ നല്‍കിയത്). ഒരുവര്‍ഷം അങ്ങനെ അഡ്ജസ്റ്റ് ചെയ്തു. അപ്പോഴേക്കും മഷിപ്പേനയും പറ്റാതെ വന്നു. 

അവസാനം കമ്പ്യൂട്ടറില്‍ എഴുതുകയല്ലാതെ നിവൃത്തിയില്ല എന്ന ഘട്ടമായി. 2005 ലായിരുന്നു അത്. തീരുമാനമെടുത്ത് ആദ്യദിനം തന്നെ ഒരു വാര്‍ത്ത വലിയ ബുദ്ധിമുട്ടില്ലാതെ മലയാളത്തില്‍ കമ്പോസ് ചെയ്യാനായത് എന്നെ അത്ഭുതപ്പെടുത്തി. അതോടൊപ്പം, അതിശയകരമായ ഒരുകാര്യം എനിക്ക് മനസിലായി, 23 വര്‍ഷം മുമ്പ് അമ്പൂരിയിലെ പ്രതിഭ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് അഭ്യസിച്ച ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് പാഠങ്ങളാണ്, ഒറ്റ ദിവസംകൊണ്ട് എന്നെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പ്രാപ്തനാക്കിയത്. 12 വര്‍ഷമായി ഞാന്‍ കമ്പ്യൂട്ടറില്‍ മലയാളം എഴുതുന്നു. Typeit! എന്ന മലയാളം എഡിറ്ററാണ് ഏറെക്കാലമായി എന്റെ തുണ. 

എന്ത് സംഗതിയായിക്കോട്ടെ, ഏത് പഠനമായിക്കോട്ടെ. അതിന്റെ ഗുണം എന്നായാലും നമ്മളെ തേടിവരും എന്ന വലിയ പാഠമാണ് ഇതെനിക്ക് നല്‍കിയത്. 

No comments: