ജീന്‍ എഡിറ്റിങ് ടെക്‌നോളജിയായ ക്രിസ്‌പെര്‍-കാസ്9 നെക്കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് അടുത്തയിടെ ഫെങ് ഷാങ് (Feng Zhang) എന്ന കിടിലന്‍ കക്ഷിയിലേക്ക് എത്തുന്നത്. ചൈനീസ് വംശജനായ അമേരിക്കന്‍ ഗവേഷകനാണ്. 2012ല്‍ ക്രിസ്‌പെര്‍ ( CRISPR ) വിദ്യ മനുഷ്യകോശങ്ങളില്‍ പ്രയോഗിക്കാന്‍ വഴിതുറന്ന ഗവേഷകന്‍.
ജീവശാസ്ത്രത്തിലെ നിര്‍ണായകമായ കണ്ടുപിടുത്തമാണ് ക്രിസ്‌പെര്‍ വിദ്യയുടേത്. ഭാവിയെ മാറ്റിമറിക്കാന്‍ പോന്ന മുന്നേറ്റം. ആ സുപ്രധാന കണ്ടുപിടുത്തം നടത്തിയവരില്‍ പ്രധാനി എന്നത് മാത്രമല്ല ഷാങിന്റെ സവിശേഷതയായി എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി നമ്മുടെ സി.വി.രാമനെ അനുസ്മരിപ്പിക്കുന്നു എന്നതും എന്നെ ആകര്‍ഷിച്ചു! പുതിയ ആശയങ്ങളും ക്രിയാത്മകതയും പോലെ തന്നെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ശാസ്ത്രഗവേഷണത്തില്‍ പ്രധാനമാണ് എന്ന പാഠമാണ് രാമന്‍ നല്‍കുന്നത്. സാഹചര്യങ്ങള്‍ പ്രതികൂലമാകാം, കഠിനാധ്വാനം വഴി അത് അനുകൂലമാക്കി മാറ്റാമെന്ന് രാമന്‍ തെളിയിച്ചു. പ്രധാനപ്പെട്ടതെന്ന് തോന്നുന്ന ഒരു ആശയം കിട്ടിയാല്‍ വെച്ചുതാമസിയാതെ അതിലേക്ക് ഊളിയിടുക, പകല്‍ സമയം തികയുന്നില്ലെങ്കില്‍ രാത്രി മുഴുവന്‍ ലാബില്‍ അധ്വാനിക്കുക, പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഒരു താമസവും വരുത്താതിരിക്കുക. ഇതൊക്കെ രാമന്റെ രീതികളായിരുന്നു. ഷാങും ഏതാണ്ട് ഇങ്ങനെ തന്നെയെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
35 വയസ്സ് കഴിയുന്നതേയുള്ളൂ ഈ ഗവേഷകന്. ഇതിനകം രണ്ട് നൊബേലിനുള്ള വക ഷാങിന്റെ ക്രഡിറ്റില്‍ എത്തിക്കഴിഞ്ഞു. ആധുനിക ന്യൂറോസയന്‍സില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന 'ഓപ്‌ടോജനറ്റിക്‌സ്' (optogenetics) ആണ് അതിലൊന്ന്. ജീവശാസ്ത്രത്തിന്റെയും, ഒപ്പം മനുഷ്യവര്‍ഗത്തിന്റെയും ഭാവി നിര്‍ണയിക്കാന്‍ ശേഷിയുള്ള 'ക്രിസ്‌പെര്‍-കാസ്9' (CRISPR-Cas9) ജീന്‍ എഡിറ്റിങ് വിദ്യയാണ് രണ്ടാമത്തേത്. ഈ രണ്ട് മുന്നേറ്റങ്ങളുടെ വെളിച്ചത്തില്‍, 'ജീവിച്ചിരിക്കുന്നതില്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ബയോളജിസ്റ്റുകളിലൊരാള്‍' ആയി ഷാങിനെ മാധ്യമങ്ങള്‍ പ്രതിഷ്ഠിക്കുന്നു. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (MIT) യുടെ ജിനോമിക് റിസര്‍ച്ച് സെന്ററായ 'ബ്രോഡ് ഇന്‍സ്റ്റിട്ട്യൂട്ടി'ലെ എട്ട് 'കോര്‍ ഫാക്കല്‍റ്റി'യില്‍ ഒരാളാണ് (https://goo.gl/xuLByD). ഷാങിന്റെ പല പോസ്റ്റ് ഡോക്ടറല്‍ ഫെലോകളും ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികളും അദ്ദേഹത്തെക്കാള്‍ പ്രായമുള്ളവരും!
പതിനൊന്ന് വയസ്സുള്ളപ്പോള്‍ അമ്മ ഷുജുന്‍ ഷോവുവിനൊപ്പം ചൈന വിട്ട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു ഷാങ്. അയോവയിലെ ഡെ മോയ്‌നിലാണ് താമസമുറപ്പിച്ചത്. ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയറായിട്ടും ഷാങിന്റെ അമ്മയ്ക്ക് കുടിയേറിയ രാജ്യത്ത് കിട്ടിയത് മോട്ടല്‍ ഹൗസ്‌കീപ്പര്‍ പോലുള്ള ജോലികളായിരുന്നു. ഷാങിന്റെ പിതാവ് പിന്നീടാണ് ചൈനയില്‍ നിന്നെത്തി കുടുംബത്തിനൊപ്പം ചേരുന്നത്.
ഡേ മോയ്‌നിലെ മിഡില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ശനിയാഴ്ച തോറും ജീവതന്മാത്രാശാസ്ത്രത്തില്‍ നടത്താറുള്ള പ്രത്യേക പ്രോഗ്രാമിന് ആ വിദ്യാര്‍ഥി ചേര്‍ന്നു. അവിടെ അധ്യാപകര്‍ ക്ലാസെടുത്ത് കുട്ടികളെ ബോറടിപ്പിക്കുന്നതിന് പകരം, 'ജുറാസിക് പാര്‍ക്ക്' കാട്ടിക്കൊടുത്തു. എന്നോ വംശമറ്റുപോയ ദിനോസറുകളെ പുനരുജ്ജീവിപ്പിക്കാന്‍, ദിനോസറിന്റെയും തവളയുടെയും ഡിഎന്‍എ സമ്മേളിപ്പിക്കുകയാണ് 1993ലെ ആ ചിത്രത്തില്‍ ഗവേഷകര്‍ ചെയ്യുന്നത്. ഇത് കൗമാരപ്രായക്കാരനായ ഷാങിന്റെ ഭാവനയെ ഉണര്‍ത്തി. അച്ഛനും അമ്മയും കമ്പ്യൂട്ടര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാകയാല്‍, പ്രോഗ്രാമിങ്ങില്‍ ചെറുപ്പത്തിലേ അവന് താത്പര്യമുണ്ട്. ആ സിനിമ കണ്ടത് അത്തരമൊരു ചിന്തയിലേക്ക് അവനെ എടുത്തിട്ടു, 'ബയോളജിയും പ്രോഗ്രാം ചെയ്യാവുന്ന ഒരു സംവിധാനം ആയിരിക്കും!' എന്നായിരുന്നു ആ ചിന്ത. തന്റെ മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ കോഡ് തയ്യാറാക്കുന്നതുപോലെ, ഒരു ജീവിയുടെ ജനിതകനിര്‍ദ്ദേശങ്ങള്‍ മാറ്റിയെഴുതിയാല്‍ അതിന്റെ സ്വഭാവം മാറുമെന്ന കാര്യം അവന്റെ മനസില്‍ പതിഞ്ഞു.
1995ല്‍ വെറും 16 വയസുള്ളപ്പോള്‍, ജീവികളില്‍ പ്രോഗ്രാമിങ് നടത്താനുള്ള അവസരം ഷാങിനുണ്ടായി. അവന്‍ പഠിക്കുന്ന തിയോഡോര്‍ റൂസ്‌വെല്‍റ്റ് ഹൈസ്‌കൂളിന് സമീപമാണ് മെഥേഡിസ്റ്റ് ഹോസ്പിറ്റല്‍. അവിടെയുള്ള ജീന്‍ തെറാപ്പി ലാബില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കാനുള്ള അവസരം അവന് ലഭിച്ചു. ലാബിന്റെ മേധാവി ഡോ.ജോണ്‍ ലെവി അവനെ പ്രോത്സാഹിപ്പിച്ചു. മോളിക്യുലാര്‍ ബയോളജിയുടെ ബാലപാഠങ്ങളെല്ലം ഡോ.ലെവി അവന് പകര്‍ന്നു നല്‍കി. അതെല്ലാം അവന്‍ വളരെ വേഗം സ്വായത്തമാക്കി. ടെക്‌നിക്കുകളും വശത്താക്കി. അങ്ങനെയാണ്, ജെല്ലിഫിഷിലെ ഫ് ളൂറസെന്റ്
ജീനുകള്‍ വൈറസുകളുടെ സഹായത്തോടെ ട്യൂമര്‍ കോശങ്ങളില്‍ സന്നിവേശിപ്പിക്കാനുള്ള പ്രോജക്ട് കിട്ടിയത്. ദിനോസറുകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന പരിപാടി ആയിരുന്നില്ല അതെങ്കിലും, ഒരു ജീവിയുടെ കോശങ്ങളില്‍ മറ്റൊരു ജീവിയുടെ ജീനുകള്‍ പ്രവര്‍ത്തന നിരതമാകാന്‍ പാകത്തില്‍ സെല്‍ എഞ്ചിനിയറിങ് നടത്താന്‍ അവന്‍ പഠിച്ചു. ഫ് ളൂറസെന്റ് ജീനുകളുപയോഗിച്ചുള്ള പഠനം പിന്നെയും തുടര്‍ന്നു.
ജീനുകള്‍ വൈറസുകളുടെ സഹായത്തോടെ ട്യൂമര്‍ കോശങ്ങളില്‍ സന്നിവേശിപ്പിക്കാനുള്ള പ്രോജക്ട് കിട്ടിയത്. ദിനോസറുകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന പരിപാടി ആയിരുന്നില്ല അതെങ്കിലും, ഒരു ജീവിയുടെ കോശങ്ങളില്‍ മറ്റൊരു ജീവിയുടെ ജീനുകള്‍ പ്രവര്‍ത്തന നിരതമാകാന്‍ പാകത്തില്‍ സെല്‍ എഞ്ചിനിയറിങ് നടത്താന്‍ അവന്‍ പഠിച്ചു. ഫ് ളൂറസെന്റ് ജീനുകളുപയോഗിച്ചുള്ള പഠനം പിന്നെയും തുടര്‍ന്നു.
ഡോ.ലെവിയുടെ കീഴില്‍ ചെയ്ത മറ്റൊരു പ്രോജക്ട് അവന്, 2000 ലെ ഇന്റല്‍ സയന്‍സ് ടാലന്റ് സേര്‍ച്ചില്‍ ദേശിയതലത്തില്‍ മൂന്നാംസ്ഥാനവും അമ്പതിനായിരം ഡോളര്‍ സ്‌കോളര്‍ഷിപ്പും നേടിക്കൊടുത്തു. എച്ച് ഐ വി മാറ്റാനുള്ള ചികിത്സ കണ്ടെത്താന്‍ ആ പ്രോജക്ട് അവന് പ്രേരണ നല്‍കി. ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുടെ മോഹത്തിന് പക്ഷേ, പരിധിയുണ്ടല്ലോ.
സ്‌കൂള്‍ കഴിഞ്ഞ ശേഷം, ഫുള്‍ സ്‌കോളര്‍ഷിപ്പോടെ ഷാങ് ഹാര്‍വാഡില്‍ പ്രവേശിച്ചു. അവിടെ കെമിസ്ട്രിയും ഫിസിക്‌സും പഠിച്ച ആ വിദ്യാര്‍ഥിയുടെ ഗവേഷണം ഇതായിരുന്നു: ഫ് ളൂ വൈറസ് എങ്ങനെ കോശങ്ങളില്‍ കടന്നുകൂടുന്നു. അയോവയിലെ ജീന്‍ തെറാപ്പി ലാബില്‍ അവന്‍ കൈകാര്യം ചെയ്ത ജെല്ലിഫിഷിന്റെ ഫ് ളൂറസെന്റ്
പ്രോട്ടീനാണ് അവനെ ഹാര്‍വാഡിലെ ഗവേഷണത്തില്‍ രക്ഷിച്ചത്. ഷാങിന്റെ പ്രബന്ധം ലോകത്തെ നമ്പര്‍ വണ്‍ ശാസ്ത്രജേര്‍ണലായ 'നേച്ചര്‍' പ്രസിദ്ധീകരിച്ചു (https://goo.gl/mUfqza).
പ്രോട്ടീനാണ് അവനെ ഹാര്‍വാഡിലെ ഗവേഷണത്തില്‍ രക്ഷിച്ചത്. ഷാങിന്റെ പ്രബന്ധം ലോകത്തെ നമ്പര്‍ വണ്‍ ശാസ്ത്രജേര്‍ണലായ 'നേച്ചര്‍' പ്രസിദ്ധീകരിച്ചു (https://goo.gl/mUfqza).
കഠിനമായ വിഷാദരോഗം ബാധിച്ച ഒരു സഹപാഠിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ ഹാര്‍വാഡില്‍ വെച്ച് ഷാങിന് ഏറെ സമയം ചെലവിടേണ്ടി വന്നു. വേദനാജനകമായ ആ അവസ്ഥ ഷാങിനെ തിരിച്ചുവിട്ടത് ന്യൂറോസയന്‍സിലേക്കാണ്. മസ്തിഷ്‌കരോഗം ബാധിച്ചവരെ സഹായിക്കാന്‍ പുതിയ ടെക്‌നോളജികള്‍ വികസിപ്പിക്കാന്‍ അവന്‍ ആഗ്രഹിച്ചു. 2004 ജൂണല്‍ ഹാര്‍വാഡില്‍ നിന്ന് ബിരുദം നേടി ആ ഗവേഷകന്‍ നേരെ സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലെത്തി ന്യൂറോയന്‍സ് പ്രൊഫസര്‍ കാള്‍ ദീസ്സെറോത്തിന് കീഴില്‍ ഗവേഷണം തുടങ്ങി. ഷാങും സഹപാഠിയായ എഡ് ബോയ്ദനും പ്രൊഫസര്‍ ദീസ്സെറോത്തും ചേര്‍ന്നാണ്, മസ്തിഷ്‌ക്കപഠനത്തിനുള്ള അത്യന്താധുനിക വിദ്യയായ 'ഓപ്‌ടോജനറ്റിക്‌സ്' സങ്കേതം വികസിപ്പിക്കുന്നത്. മസ്തിഷ്‌കത്തിലെ നിശ്ചിത ന്യൂറോണ്‍ ഭാഗങ്ങളെ പ്രകാശിപ്പിക്കാനുള്ള വിദ്യയാണത്. പ്രകാശത്തോട് പ്രതികരിക്കുന്ന പ്രോട്ടീനുകളുടെ സഹായത്തോടെയാണ്, പ്രത്യേക ന്യൂറല്‍ സര്‍ക്കീട്ടുകളെ പ്രകാശിപ്പിക്കുക. കോശങ്ങളുടെ തലത്തില്‍ മാനിസികരോഗങ്ങളുടെ കാരണം കണ്ടെത്താന്‍ സഹായിക്കുന്ന ടെക്‌നോളജിയാണിത്. മാനിസികരോഗങ്ങളും മസ്തിഷ്‌ക്കതകരാറുകളും ചികിത്സിക്കാന്‍ പുതിയൊരു പാത തുറക്കുകയാണ് ഇതുവഴി. ഈ വിദ്യ രൂപപ്പെടുത്തുന്നതില്‍ ഷാങ് നിര്‍ണായക പങ്ക് വഹിച്ചു.
അങ്ങനെ, സ്റ്റാന്‍ഫഡില്‍ നിന്ന് ഡോക്ടറേറ്റ് നേടി. അപ്പോഴേയ്ക്കും ഷാങിന്റെ ചിന്തകളില്‍ മറ്റൊരു സംഗതി കടന്നുകൂടിയിരുന്നു. 'എങ്ങനെ ജീവികളിലേക്ക് എളുപ്പത്തില്‍ ജീനുകള്‍ സന്നിവേശിപ്പിക്കാം'. ഓപ്‌ടോജനറ്റിക്‌സ് വിദ്യ വികസിപ്പിച്ചപ്പോള്‍, അതില്‍ വൈറസുകളുടെ സഹായത്തോടെയാണ് പ്രകാശജീനുകളെ ഷാങ് സിരാകോശങ്ങളിലെത്തിച്ചത്. അത് വളരെ ശ്രമകരമായ പണിയാണ്. അതിന് പകരം ഏത് തരം ജീനും ഏത് ജീവിയിലേക്കും എങ്ങനെ എളുപ്പത്തില്‍ സന്നിവേശിപ്പിക്കാം, അതിനുള്ള ടെക്‌നോളജി എങ്ങനെ വികസിപ്പിക്കാം. ഇതായി ചിന്ത മുഴുവന്‍. ജീന്‍ എഡിറ്റിങ് വഴിയാണ് ഇത് സാധ്യമാവുക. അന്ന് നിലവിലുള്ള ഒരു ജീന്‍ എഡിറ്റിങ് വിദ്യ 'zinc fingers' സങ്കേതമായിരുന്നു. പ്രോട്ടീന്‍ അധിഷ്ഠിതമായ സങ്കീര്‍ണമായ ഒരു ടെക്‌നോളജിയായതിനാല്‍ ഈ സങ്കേതം പ്രയോഗിക്കുക എളുപ്പമായിരുന്നില്ല. 2009ല്‍ ഗവേഷകര്‍ 'TALEs' എന്നൊരു പുതിയ ജീന്‍ എഡിറ്റിങ് ടെക്‌നോളജി വികസിപ്പിച്ചു. അതും പ്രോട്ടീന്‍ അധിഷ്ഠിതവും സങ്കീര്‍ണതയേറിയതുമായിരുന്നു. ഈ രണ്ട് വിദ്യയിലും ഷാങ് പ്രാഗത്ഭ്യം നേടി. എങ്കിലും, ഇതിലും ലളിതമായി ജീന്‍ എഡിറ്റിങ് നടത്താന്‍ കഴിയും എന്ന ചിന്ത ഷാങിനെ പിന്തുടര്‍ന്നു.
ബ്രോഡ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ചേര്‍ന്ന ഷാങ്, അവിടെ വെച്ച് 2011 ഫെബ്രുവരിയില്‍ ഒരു ഗവേഷകന്‍ 'ക്രിസ്‌പെര്‍' സങ്കേതത്തെക്കുറിച്ച് നടത്തിയ പ്രഭാഷണം കേള്‍ക്കാനിടയായി. അത് ജിജ്ഞാസ ഉണര്‍ത്തി. ക്രിസ്‌പെറിനെക്കുറിച്ച് ആ ഗവേഷകന് അന്ന് ഒന്നുമറിയില്ലായിരുന്നു. അതെപ്പറ്റി ഗൂഗിള്‍ ചെയ്ത ഷാങ് ആവേശഭരിതനായി. ഏതാനും ദിവസം കഴിഞ്ഞ് ഒരു ശാസ്ത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മിയാമിയിലെത്തിയ ഷാങ്, സമ്മേളനഹാളില്‍ പോകാതെ ഹോട്ടല്‍ റൂമില്‍ അടച്ചിരുന്ന് ക്രിസ്‌പെര്‍ സങ്കേതവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മുഴുവന്‍ ഗവേഷണ പ്രബന്ധങ്ങളും വായിച്ചുതീര്‍ത്തു. അതിക്രമിച്ച് കയറുന്ന വൈറസുകളെ നശിപ്പിക്കാന്‍ ബാക്ടീരിയ പ്രയോഗിക്കുന്ന സൂത്രവിദ്യയാണ് ക്രിസ്‌പെര്‍ സങ്കേതത്തിന്റെ കാതല്‍. അത് മനുഷ്യകോശങ്ങളില്‍ പ്രയോഗക്ഷമമാകുമോ എന്ന് പരിശോധിക്കാനുള്ള ഉറച്ച തീരുമാനത്തോടെയാണ് ഷാങ് അവിടം വിട്ടത്. തന്റെ ഗ്രഡ്വേറ്റ് വിദ്യാര്‍ഥി ലി കോങിനെയാണ് ഇക്കാര്യത്തില്‍ അദ്ദേഹം കൂട്ടുപിടിച്ചത്.
ഷാങും കോങും രാത്രിയെ പകലാക്കിയുള്ള ഗവേഷണം ആരംഭിച്ചു. മറ്റ് ഗവേഷകരും ഈ രംഗത്ത് സജീവമായി ഉണ്ടായിരുന്നു. ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നീ വനിതാഗവേഷകര്‍, 2012 ജൂണില്‍ സുപ്രധാനമായ ഒരു പ്രബന്ധം ഇതെപ്പറ്റി പ്രസിദ്ധീകരിച്ചു. ക്രിസ്‌പെര്‍ സങ്കേതമുപയോഗിച്ച് ഡി.എന്‍.എ.ഭാഗങ്ങള്‍ കൃത്യമായി മുറിച്ചുനീക്കാന്‍ കഴിഞ്ഞു എന്നായിരുന്നു അവരുടെ പ്രബന്ധം (https://goo.gl/5kCys7). പ്രോഗ്രാം ചെയ്ത ആര്‍.എന്‍.എ.യുടെ സഹായോത്തോടെ ടെസ്റ്റ്ട്യൂബിനുള്ളിലാണ് ഇത് സാധിച്ചത്.
പക്ഷേ, ഷാങ് പതറിയില്ല. ടെസ്റ്റ്ട്യൂബിലല്ല തന്റെ ഗവേഷണം, മനുഷ്യകോശങ്ങളിലാണ്. ടെസ്റ്റ്ട്യൂബില്‍ നടക്കുന്ന പലതും കോശങ്ങളില്‍ സാധിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ട് കാര്‍പ്പെന്റിയറും ദൗഡ്‌നയും തന്നെ കടത്തിവെട്ടിയതായി ഷാങിന് തോന്നിയില്ല.
ക്രിസ്‌പെര്‍-കാസ്9 ടെക്‌നോളജി എന്നത് നിശ്ചിത ഡി.എന്‍.എ.ഭാഗം കൃത്യവും സൂക്ഷ്മവുമായി മുറിച്ചുനീക്കാനും കൂട്ടിച്ചേര്‍ക്കാനും സഹായിക്കുന്ന ജീന്‍ എഡിറ്റിങ് വിദ്യയാണ്. മൂന്ന് ഭാഗങ്ങളാണ് അതിലുള്ളത്-ക്രിസ്‌പെര്‍ എന്ന ഡി.എന്‍.എ.ശ്രേണി, അത് പുറപ്പെടുവിക്കുന്ന ഒരു ഗൈഡ് ആര്‍.എന്‍.എ, കാസ്-9 എന്ന രാസാഗ്നി (എന്‍സൈം). ഇതില്‍ ഗൈഡ് ആര്‍.എന്‍.എ.യാണ് എഡിറ്റുചെയ്യേണ്ട നിശ്ചിത ഡി.എന്‍.എ.ഭാഗം സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്ന വഴികാട്ടി. പ്രോഗ്രാം ചെയ്യപ്പെടുന്നത് പ്രകാരം കൃത്യമായി ഡി.എന്‍.എ ശ്രേണി മുറിച്ചുമാറ്റുന്ന കത്രികയാണ് കാസ്-9 രാസാഗ്നി. ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ പോലെ കൃത്യമായി പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാം എന്നതാണ് ക്രിസ്‌പെര്‍ ടെക്‌നോളജിയുടെ സവിശേഷത. അതിന്റെ സാധ്യതയും അതുതന്നെയാണ് (ക്രിസ്‌പെര്‍ ലേഖനം വായിക്കുക: https://goo.gl/VfX1fn).
മനുഷ്യകോശങ്ങളില്‍ ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് വിദ്യ ഉപയോഗിക്കുന്നതെങ്ങനെ എന്നുള്ള ഷാങിന്റെയും സംഘത്തിന്റെയും സുപ്രധാന പ്രബന്ധം (https://goo.gl/fop7IL) 2013 ജനുവരിയില്‍ സയന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു. അതോടെ മോളിക്യുലാര്‍ ബയോളജി രംഗത്ത് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഷാങ് ഉയര്‍ന്നു. ക്രിസ്‌പെര്‍ രംഗത്ത് ഏറ്റവുമധികം സൈറ്റേഷന്‍ ലഭിച്ച പ്രബന്ധമായി ഷാങിന്റേത്.
ഇന്ന് ലോകമെങ്ങും നൂറുകണക്കിന് ലാബുകളില്‍ ക്രിസ്‌പെര്‍ ടെക്‌നോളജിയില്‍ ഗവേഷണം നടക്കുന്നു. എച്ച്. ഐ.വി.ക്ക് ചികിത്സ കണ്ടെത്താനുള്ള ഷാങിന്റെ ബാല്യകാല ആഗ്രഹം ഇന്ന് അദ്ദേഹം കണ്ടെത്തിയ ജീന്‍ എഡിറ്റിങ് വിദ്യയുടെ സഹായത്തോടെ സഫലമായേക്കും എന്ന ഘട്ടത്തിലാണ്. ക്രിസ്‌പെര്‍ വിദ്യയുപയോഗിച്ച് എലികളില്‍ എച്ച്.ഐ.വി.ബാധ തടയുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചത് അടുത്തയിടെയാണ്. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടിയും, കാര്‍ഷിക വിളകള്‍ മെച്ചപ്പെടുത്താനുമൊക്കെ ക്രിസ്‌പെര്‍ ഗവേഷണം പുരോഗമിക്കുകയാണ്.
ക്രിസ്‌പെര്‍-കാസ്9 ടെക്‌നോളജിയുടെ ചരിത്രത്തില്‍ പക്ഷേ, ഒരു കറുത്ത അധ്യായമുണ്ട്. ആ അധ്യായത്തില്‍ വില്ലന്റെ വേഷം കെട്ടേണ്ടിവന്നത് ഷാങിനാണ്. ഈ ടെക്‌നോളജിയുടെ പേറ്റന്റ് നേടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഷാങിന്റെ മാതൃസ്ഥാപനമായ എം.ഐ.ടി.യാണ് പേറ്റന്റ് കരസ്ഥമാക്കിയത്. ഷാങ് ആണ് അതിന്റെ മുഖ്യഉപജ്ഞാതാവ്. ഇക്കാര്യത്തില്‍ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നിവരുടെ വാദങ്ങള്‍ തഴയപ്പെട്ടത്, ഷാങിനെതിരെ ശാസ്ത്രസമൂഹത്തില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മനുഷ്യകോശത്തില്‍ ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് പ്രയോഗിക്കാനുള്ള വിദ്യ വികസിപ്പിച്ചത് തങ്ങളാണെന്ന ഷാങിന്റെ വാദം യുഎസ് അധികൃതര്‍ അംഗീകരിക്കുകയായിരുന്നു.
ചിത്രം കടപ്പാട്: കാതറിന്‍ ടെയ്‌ലര്‍/ STAT
(ഈ കുറിപ്പിന് മുഖ്യമായും ആശ്രയിച്ച ലേഖനം: https://www.statnews.com/2015/11/06/hollywood-inspired-scientist-rewrite-code-life/)
No comments:
Post a Comment