Tuesday, July 06, 2010

പ്രാചീന പ്രപഞ്ചദൃശ്യം, 'പ്ലാങ്കി'ല്‍ നിന്ന്

പ്രപഞ്ചത്തിന്റെ ഉത്ഭവവും ഉള്ളടക്കവും പരിണാമവും 'അടുത്തറിയാന്‍' വിക്ഷേപിച്ച യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'പ്ലാങ്ക് ദൗത്യ'ത്തില്‍ നിന്ന് ആകാശത്തിന്റെ പൂര്‍ണദൃശ്യം ആദ്യമായി ലഭിച്ചു. വെറും ആറു മാസം പ്ലാങ്ക് നടത്തിയ ആകാശ സ്‌കാനിങിന്റെ ഫലമാണ് ഈ അസാധാരണ ദൃശ്യം.

380,000 വര്‍ഷം മാത്രം പ്രായമുള്ളപ്പോള്‍ പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശത്തിന്റെ അവശിഷ്ടം കണ്ടെത്താനുള്ള സര്‍വ്വെയാണ് പ്ലാങ്ക് നടത്തുന്നത്. മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ടമായി പ്രപഞ്ചമെങ്ങും വ്യാപിച്ചു കിടക്കുന്ന ഫോസില്‍ വികരണത്തെ 'പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തലം' (CMB) എന്നാണ് വിളിക്കുക.

ആ തരംഗപശ്ചാത്തലം അസാധാരണമാംവിധം വ്യക്തതയോടെ പകര്‍ത്താന്‍ പ്ലാങ്കിന് കഴിയുന്നുണ്ടെന്ന്, ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം വ്യക്തമാക്കുന്നു. ഇതുവരെ ഒരു ദൗത്യത്തിനും സൂക്ഷ്മതരംഗ പശ്ചാത്തലം ഇത്ര സൂക്ഷ്മമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

ഈ ദൃശ്യത്തിന്റെ മധ്യേ കുറുകെ കാണുന്ന തിളക്കമാര്‍ന്ന രേഖ ഭൂമിയും സൂര്യനും സ്ഥിതിചെയ്യുന്ന ഗാലക്‌സിയായ ആകാശഗംഗ (ക്ഷീരപഥം) ആണ്. ചിത്രത്തിലുള്ളത് നഗ്നനേത്രങ്ങള്‍ക്കൊണ്ട് ദൃശ്യമാകാത്തത്ര ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള (മൈക്രോവേവ് മുതല്‍ ഇന്‍ഫ്രാറെഡ് വരെയുള്ള) പ്രകാശമാണ്.

'ശരിക്കും നമ്മുടെ ഗാലക്‌സിയിലെ വാതകപടലങ്ങളും ധൂളികളും മാത്രമേ ഇതില്‍ ദൃശ്യമായിട്ടുള്ളു'-പ്ലാങ്ക് ദൗത്യസംഘത്തിലെ അംഗം ആന്‍ഡ്രൂ ജഫീ അറിയിക്കുന്നു. ഗാലക്‌സികളുടെ രൂപപ്പെടല്‍ സംബന്ധിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഇതിലെ വിശദാംശങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

സൂക്ഷ്മതരംഗ പശ്ചാത്തലത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കുക വഴി, പ്രപഞ്ചത്തിന്റെ 'അതിവികാസത്തിന്' (inflation) വ്യക്തമായ തെളിവ് കണ്ടെത്തുകയെന്നതും പ്ലാങ്കിന്റെ ലക്ഷ്യമാണ്. മഹാവിസ്‌ഫോടനം നടന്ന ആദ്യനിമിഷത്തില്‍ തന്നെ പ്രകാശത്തെക്കാള്‍ വേഗത്തിലൊരു 'അതിവികാസത്തി'ന് പ്രപഞ്ചം വിധേയമായി എന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകള്‍ സൂചന നല്‍കുന്നത്. ആ സംഭവം സൂക്ഷ്മതരംഗ പശ്ചാത്തലത്തില്‍ മുദ്രണം ചെയ്തിട്ടുണ്ടെന്ന് കരുതുന്നു.

2009 മെയില്‍ വിക്ഷേപിച്ച പ്ലാങ്ക്, ഭൂമിയില്‍ നിന്ന് പത്തുലക്ഷത്തിലേറെ കിലോമീറ്റര്‍ അകലെ നിന്നാണ് പ്രപഞ്ചനിരീക്ഷണം നടത്തുന്നത്. അതിശീതാവസ്ഥയില്‍ പ്രവര്‍ത്തിക്കത്തക്ക വിധമാണ് പ്ലാങ്കിലെ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതിലെ ചില ഡിറ്റെക്ടറുകള്‍ പ്രവര്‍ത്തിക്കുക മൈനസ് 273.05 ഡിഗ്രി സെല്‍സിയസ് ഊഷ്മാവിലാണ്. ദ്രവ്യത്തിന് എത്താവുന്ന ഏറ്റവും താഴ്ന്ന താപനിലയായ കേവലപൂജ്യം മൈനസ് 274 ഡിഗ്രിയാണെന്നോര്‍ക്കുക (അവലംബം: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി).

കാണുക

5 comments:

Joseph Antony said...

പ്രപഞ്ചത്തിന്റെ ഉത്ഭവവും ഉള്ളടക്കവും പരിണാമവും 'അടുത്തറിയാന്‍' വിക്ഷേപിച്ച യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'പ്ലാങ്ക് ദൗത്യ'ത്തില്‍ നിന്ന് ആകാശത്തിന്റെ പൂര്‍ണദൃശ്യം ആദ്യമായി ലഭിച്ചു. വെറും ആറു മാസം പ്ലാങ്ക് നടത്തിയ ആകാശ സ്‌കാനിങിന്റെ ഫലമാണ് ഈ അസാധാരണ ദൃശ്യം. 380,000 വര്‍ഷം മാത്രം പ്രായമുള്ളപ്പോള്‍ പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശത്തിന്റെ അവശിഷ്ടം കണ്ടെത്താനുള്ള സര്‍വ്വെയാണ് പ്ലാങ്ക് നടത്തുന്നത്. മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ടമായി പ്രപഞ്ചമെങ്ങും വ്യാപിച്ചു കിടക്കുന്ന ഫോസില്‍ വികരണത്തെ 'പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തലം' (CMB) എന്നാണ് വിളിക്കുക.

Noble P Abraham said...

ലേഖനത്തിനു വളരെ നന്ദി.

'വെറും ആറു മാസം പ്ലാങ്ക് നടത്തിയ ആകാശ സ്‌കാനിങിന്റെ ഫലമാണ് ഈ അസാധാരണ ദൃശ്യം.'
ആറ് മാസം എന്നത് ശരിയല്ലല്ലോ. പ്ലാങ്ക് വിക്ഷേപിച്ചത് 2009 May 14 നാണ്. പ്രവര്‍ത്തനം ആരംഭിക്കുന്നത് 2009 August ലും. ഒരു വര്‍ഷത്തോളം എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

അക്ഷരങ്ങള്‍ മുറിഞ്ഞു പോകുന്നത് എന്താ? എന്തെങ്കിലും പ്രത്യേക ഫോര്‍മാറ്റിംഗ് ചെയ്തോ? ഞാന്‍ ഗൂഗിള്‍ ക്രോം ആണ് ഉപയോഗിക്കുന്നത് , അതിന്റെ കുഴപ്പമാണോ?

Joseph Antony said...

നോബിള്‍,
ഇവിടെയെത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം.

'ആറുമാസം' സംബന്ധിച്ച് ഒരു വിശദീകരണം വേണമെന്നു തോന്നുന്നു.

ഇത്തരം അതിസങ്കീര്‍ണമായ ദൗത്യങ്ങള്‍ നല്‍കുന്ന ഡേറ്റ പിറ്റേന്ന് തന്നെ അവതരിപ്പിക്കാന്‍ സാധാരണഗതിയില്‍ കഴിയില്ല. ശ്രമകരമായ വിശകലനങ്ങളിലൂടെ മാത്രമേ, ഇത്തരമൊരു പ്രപഞ്ചദൃശ്യം രൂപപ്പെടുത്താനാകൂ. അതിന് മാസങ്ങളോ വര്‍ഷങ്ങളോ എടുക്കും. 2009 ആഗസ്തില്‍ വിക്ഷേപിച്ച പ്ലാങ്ക് നാല് മാസം കഴിഞ്ഞാണ് ആകാശ നിരീക്ഷണം ആരംഭിച്ചത്. ആദ്യഫലങ്ങള്‍ 2009 സപ്തംബര്‍ മൂന്നാമത്തെ ആഴ്ച ഭൂമിയിലേക്ക് അയച്ചു തുടങ്ങി. അതുമുതല്‍ ആറുമാസം നടത്തിയ നിരീക്ഷണത്തിന്റെ ഫലമാണ് ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന പ്രപഞ്ചദൃശ്യത്തിലുള്ളത്. എന്നുവെച്ചാല്‍ 2010 മാര്‍ച്ച് വരെയുള്ള വിവരങ്ങളാണ് ഈ ദൃശ്യത്തിന് ഉപയോഗിച്ചത് എന്നര്‍ഥം. ഈ മാപ്പ് രൂപപ്പെടുത്താന്‍ ഗവേഷകര്‍ മൂന്നുമാസം ചിലവിട്ടു എന്നാണ് ഇതില്‍നിന്ന് മനസിലാക്കാവുന്നത്. (ഈ മാപ്പിലേത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ആദ്യ ഗവേഷണ പ്രബന്ധം പുറത്തുവരാന്‍ 2012 വരെയെങ്കിലും കാക്കണം എന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നു).

Joseph Antony said...

നോബിള്‍,
ഞാനും ക്രോം തന്നെയാണ് ഉപയോഗിക്കുന്നത്, പ്രശ്‌നമൊന്നും കാണുന്നില്ല. അഞ്ജലി ഓള്‍ഡ് ലിപിയാണ് ഞാന്‍ ഈ ബോഗിന് ഉപയോഗിക്കുന്നത്. ആ ഫോണ്ട് ഒന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കൂ, ശരിയാകാനാണ് സാധ്യത.

Noble P Abraham said...

വിശദീകരണത്തിലും തെറ്റുണ്ട് എന്നുള്ള ബോധ്യത്തില്‍ പോസ്റ്റില്‍ പറഞ്ഞിരുന്ന ലിങ്കില്‍ പോയി. ഈ ലിങ്കും http://www.esa.int/esaCP/SEMF2FRZ5BG_index_1.html#subhead4 നോക്കി. അവര്‍ പറയുന്നത്, 'Derived from observations taken between August 2009 and June 2010, this image is a low-resolution version of the full data', എന്നാണ്.
ശരി നമുക്ക് 'മാസ' കണക്കില്‍ തപ്പി തടയണ്ട. ഇതിലെ ശാസ്ത്രത്രീയ കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കാം, 2012 വരെ!