ഇന്‍സുലിന്‍ ഉത്പാദനത്തെയല്ല, ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ഒരു ജീന്‍ കണ്ടെത്തുന്നത് ആദ്യം. പ്രമേഹചികിത്സയില്‍ പുതിയ മുന്നേറ്റത്തിന് ഈ കണ്ടെത്തല്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷ
ജീവിതശൈലീ രോഗമായ ടൈപ്പ്-രണ്ട് പ്രമേഹത്തിന് ഫലപ്രദമായ ചികിത്സ രൂപപ്പെടുത്താനും, രോഗത്തിന്റെ വ്യാപനത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച ലഭിക്കാനും സഹായിക്കുന്ന ഒരു ജീന്‍ അന്താരാഷ്ട്ര ഗവേഷകസംഘം കണ്ടെത്തി. രക്തത്തില്‍ കലരുന്ന ഇന്‍സുലിനോട് ശരീരം പ്രതികരിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഇത്തരമൊരു ജീന്‍ തിരിച്ചറിയുന്നത് ആദ്യമായാണ്.
പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനല്ല കണ്ടുപിടിക്കപ്പെട്ടത്. ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ജീനാണത്. കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകസംഘമാണ് 'ഇന്‍സുലിന്‍ റിസെപ്ടര്‍ സബ്‌സ്‌ട്രേറ്റ് 1' (IRS1) എന്നു പേരുള്ള പുതിയ ജീനിനെ കണ്ടെത്തിയതെന്ന്, 'നേച്ചര്‍ ജനറ്റിക്‌സി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
"പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുക വഴി പ്രമേഹ സാധ്യതയെ സ്വാധീനിക്കുന്ന ഒട്ടേറെ ജീനുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ സമയം പ്രമേഹത്തില്‍ ശരീരത്തിലെ മറ്റ് കോശഭാഗങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ് പുതിയ ജീന്‍"-മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകനും പഠനസംഘത്തില്‍ അംഗവുമായ ഡോ. റോബര്‍ട്ട് സ്ലാഡെക് പറഞ്ഞു. "ഇന്‍സുലിന്‍ ഉത്പാദനം കുറയ്ക്കുന്നതിന് പകരം, പേശി, കരള്‍, കൊഴുപ്പ് തുടങ്ങിയവയിലെ ഇന്‍സുലിന്‍ സ്വാധീനം നിയന്ത്രിക്കുകയാണ് പുതിയ ജീന്‍ ചെയ്യുക". 'ഇന്‍സുലിന്‍ പ്രതിരോധം' എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. പഞ്ചസാര ആഗിരണം ചെയ്ത് ഊര്‍ജമായി വിഘടിപ്പിക്കാന്‍ ശരീരകോശങ്ങളെ സഹായിക്കുന്നത് ഇന്‍സുലിനാണ്. പാന്‍ക്രിയാസിന് ഇന്‍സുലിന്‍ ഉത്പാദനശേഷി കുറയുമ്പോള്‍, രക്തത്തില്‍ കലരുന്ന പഞ്ചസാര വിഘടിപ്പിച്ച് ഊര്‍ജമാക്കാനുള്ള കോശങ്ങളുടെ ശേഷി ശോഷിക്കുന്നു. പ്രമേഹത്തിന്റെ കാരണം ഇതാണ്.
ഈ വസ്തുത കണക്കിലെടുത്ത് പ്രമേഹത്തിന്റെ ജനിതകതലത്തിലുള്ള ബന്ധം കണ്ടെത്താന്‍ മിക്ക പഠനങ്ങളും ശ്രദ്ധിക്കുന്നത് ഇന്‍സുലന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ്. അതില്‍നിന്ന് വ്യത്യസ്തമാണ് പുതിയ കണ്ടെത്തല്‍. ഇന്‍സുലിന്റെ സാന്നിധ്യം കൊണ്ട് ശരീരകോശങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ജീനാണ് ഐ.ആര്‍.എസ്1 - ഡോ. സ്ലാഡെക് പറഞ്ഞു. ''ഹേയ്, ഇതാ ഇന്‍സുലിന്‍. രക്തത്തില്‍ നിന്ന് അതിനെ സ്വീകരിക്കാന്‍ തുടങ്ങൂ എന്ന് കോശത്തിനോട് പറയുകയാണ് ഈ ജീന്‍ ചെയ്യുക. അത് പ്രവര്‍ത്തിച്ചില്ലെങ്കില്‍, കോശങ്ങള്‍ പഞ്ചസാര ആഗിരണം ചെയ്യുന്ന പ്രക്രിയ മുഴുവന്‍ തകരാറിലാകും".
പ്രമേഹവുമായി ബന്ധമുള്ള പുതിയ ജീനിനെ തിരിച്ചറിയുക മാത്രമല്ല ഗവേഷകര്‍ ചെയ്തത്. കോശങ്ങളില്‍ ജീന്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നും, ജീനിന്റെ പ്രവര്‍ത്തന വൈകല്യം അപ്രതീക്ഷിതമായ ശരീരഭാഗങ്ങളെ ബാധിക്കുന്ന കാര്യവും പഠനത്തില്‍ വ്യക്തമായി. ഐ.ആര്‍.എസ്1 ജീനിന്റെ പ്രവര്‍ത്തനം തടയപ്പെടുമ്പോള്‍, ആവശ്യത്തിന് ഇന്‍സുലിന്‍ രക്തത്തിലുണ്ടെങ്കിലും പ്രയോജനമില്ലാതെ വരുന്നതായാണ് കണ്ടത്. പ്രമേഹത്തെക്കുറിച്ച് മനസിലാക്കുന്നതില്‍ സുപ്രധാനമായ സംഗതിയാണിത്. (അവലംബം: നേച്ചര്‍ ജനറ്റിക്‌സ്, മക്ഗില്‍ സര്‍വകലാശാല, ലണ്ടന്‍ ഇംപീരിയല്‍ കോളേജ് എന്നിവയുടെ വാര്‍ത്താക്കുറിപ്പ്).
3 comments:
ജീവിതശൈലീ രോഗമായ ടൈപ്പ്-രണ്ട് പ്രമേഹത്തിന് ഫലപ്രദമായ ചികിത്സ രൂപപ്പെടുത്താനും, രോഗത്തിന്റെ വ്യാപനത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച ലഭിക്കാനും സഹായിക്കുന്ന ഒരു ജീന്‍ അന്താരാഷ്ട്ര ഗവേഷകസംഘം കണ്ടെത്തി. രക്തത്തില്‍ കലരുന്ന ഇന്‍സുലിനോട് ശരീരം പ്രതികരിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഇത്തരമൊരു ജീന്‍ തിരിച്ചറിയുന്നത് ആദ്യമായാണ്.
‘സയന്റിഫിക് റ്റെമ്പർ’ ഒട്ടും ഇല്ലാത്ത ഒരു നാടാണിത്. പ്രിന്റ്-ഇലക്ട്രോണിക് മീഡിയ അതുകോണ്ടാണ് ശാസ്ത്രത്തേക്കാൾ അന്ധവിശ്വാസങ്ങൾക്കു മുൻതൂക്കം നൽകുന്നത്. ബ്ലോഗിലെ ശാസ്ത്രവിഷയ ബ്ലോഗുകൾ വലിയൊരു ശൂന്യത നികത്തുകയാണു ചെയ്യുന്നത്. കുറിഞ്ഞി സ്ഥിരമായി നോക്കുന്നു. വളരെ നല്ല ബ്ലോഗ്. അഭിനന്ദനം. എല്ലാ ആശംസകളും.
ശാസ്ത്രാന്വേഷികൾക്ക് വളരെ പ്രയോജന പ്രദമായ ബ്ലോഗ്. എല്ലാ വിധ ആശംസകളും
Post a Comment