വടക്കേയമേരിക്കയില്‍ വ്യാപകമായി കാണപ്പെടുന്ന ജീവിവര്‍ഗമാണ് 'മാനെലികള്‍' (Deer mice). ഈ ജീവികളുടേത് ഇരുണ്ട രോമക്കുപ്പായമാണ്. നെബ്രാസ്കയിലെ മണല്‍പ്രദേശത്ത് കാണപ്പെടുന്ന എലികള്‍ക്ക് മാത്രം പക്ഷേ, നിറത്തില്‍ വ്യത്യാസം. ഇരുണ്ട രോമക്കുപ്പായത്തിന് പകരം അവയുടേത് നിറം കുറഞ്ഞ, മങ്ങിയ രോമാവരണമാണ്; മണലില്‍ ശത്രുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ളത്.
ഇതിന്റെ പൊരുള്‍ തേടിപ്പോയ ഗവേഷകര്‍ കണ്ടത്, പരിണാമപ്രക്രിയയുടെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം (natural selection) തങ്ങളുടെ കണ്മുന്നില് ചുരുള്‍ നിവരുന്നതാണ്! അതിജീവനത്തിനായി, ഏതാനും ആയിരം വര്‍ഷംകൊണ്ട് ആ ജീവികളുടെ നിറം മാറുകയായിരുന്നുവെന്ന് തെളിയിക്കാന്‍ ഗവേഷകര്‍ക്കായി. ജീവശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട 'മാതൃക'യായി ആ ചെറുജീവികള്‍ മാറിയിരിക്കുകയാണ്.
ആ ജീവികളില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രത്യേക ജീനാണ്, രോമക്കുപ്പായത്തിന്റെ നിറം മാറ്റിയത്. മാത്രമല്ല, തലമുറകളിലേക്ക് ആ മാറ്റം അവ കൈമാറുകയും ചെയ്യുന്നു. നെബ്രാസ്കയിലെ മാനെലികള്‍ക്ക് മാത്രം നിറ വ്യത്യാസം സംഭവിച്ചതിന്റെ കാരണം ഇതാണെന്ന്, 'സയന്‍സ്' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 'ശരിക്കുള്ള' പ്രകൃതിനിര്‍ധാരണം അവിടെ പ്രവര്‍ത്തനത്തിലാണെന്ന് സാരം.
ഇരുണ്ട നിറമുള്ള സാധാരണ മാനെലികളെ, മൂങ്ങകള്‍ക്കും പരുന്തുകള്‍ക്കും ഇരുണ്ട മണ്ണില്‍ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. എന്നാല്‍, നെബ്രാസ്കയിലെ സാന്‍ഡ് ഹില്‍സ് എന്ന മണല്പ്രദേശത്താകുമ്പോള്, മണലിന്റെ നിറമായിരിക്കുന്നു എലികളുടെ കുപ്പായം. "മണല്‍ പ്രദേശത്തുള്ള എലികളും ഏതാനും കിലോമീറ്റര്‍ അകലെ കാണപ്പെടുന്നവയും തമ്മില്‍ എങ്ങനെ ഈ വ്യത്യാസം സംഭവിച്ചു എന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു"-മസാച്ച്യൂസെറ്റ്സില് കേംബ്രിഡ്ജിലുള്ള ഹാര്‍വാഡ് സര്‍വകലാശാലയിലെ ഡോ. കാതറിന് ലിനെന്‍ പറഞ്ഞു.
സാന്‍ഡ് ഹില്‍സ് എന്ന മണല്‍പ്രദേശം രൂപപ്പെട്ടത് 8000-15000 വര്‍ഷം മുമ്പ് മാത്രമാണെന്ന വസ്തുത തങ്ങളുടെ ജിജ്ഞാസ വര്‍ധിപ്പിച്ചതായി ഡോ. ലിനെന്‍ അറിയിക്കുന്നു. "ഇതിനര്‍ഥം, അവിടുള്ള എലികളില്‍ നിറവ്യത്യാസം സംഭവിച്ചിട്ട് ഏതാനും ആയിരം വര്‍ഷങ്ങളേ ആയിട്ടുള്ളു എന്നാണ്". ബര്‍ക്ക്ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും പഠനത്തില്‍ പങ്കാളികളായി.
'അഗോറ്റി' (Agouti) എന്ന വിളിപ്പേരുള്ള ഒരു ജീനാണ് സാന്‍ഡ് ഹില്‍സിലെ എലികളുടെ മങ്ങിയ രോമാവരണത്തിന് കാരണമെന്ന് പഠനത്തില്‍ വ്യക്തമായി. സാധാരണ ഗതിയില്‍ ഏതെങ്കിലും ജീനിന് വ്യതികരണം സംഭവിച്ചാണ് ജീവികളില്‍ പുതിയ സവിശേഷതകള്‍ പ്രത്യക്ഷപ്പെടാറ്. എന്നാല്‍, സാന്‍ഡ് ഹില്‍സ് എലികളുടെ കാര്യത്തില്‍, അഗോറ്റി ജീന്‍ 4000 വര്‍ഷം മുമ്പ് മാത്രമാണ് അവയുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന് പഠനത്തില്‍ തെളിഞ്ഞു.
ഇതിനര്‍ഥം 8000 തലമുറയേ ആയിട്ടുള്ളു ആ ജീവികള്‍ പുതിയ നിറത്തില്‍ കാണപ്പെടാന്‍ തുടങ്ങിയിട്ട് എന്നാണ്. അതിന് ശേഷം സാന്‍ഡ് ഹില്‍സ് എലികളില്‍ ആ ജീന്‍ സര്‍വസാധാരണമായി എന്നും ഗവേഷകര്‍ കണ്ടെത്തി.
"ആ ജീന്‍ മുമ്പ് ഉണ്ടായിരുന്നില്ല, അതിനാല്‍ പുതിയ ഏതോ വ്യതികരണത്തിന്റെ ഫലമായി അത് പ്രത്യക്ഷപ്പെടാന്‍ എലികള്‍ക്ക് 'കാത്തിരിക്കേണ്ടി' വന്നു"- ഗവേഷണസംഘത്തില്‍ അംഗമായ ഹാര്‍വാഡിലെ പ്രൊഫ. ഹോപി ഹൊയേക്സ്ത്ര അഭിപ്രായപ്പെട്ടു. "എലികള്‍ക്ക് സംഭവിച്ച മാറ്റത്തിന് രണ്ട് ഭാഗങ്ങളുണ്ടായിരുന്നു. വ്യതികരണം വഴി ആദ്യം ജീന്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് പ്രകൃതിനിര്‍ധാരണം അതിന്റെ ആവേഗം വര്‍ധിപ്പിച്ചു".
വന്യജീവികളില്‍ പുതിയൊരു ജീന്‍ പ്രത്യക്ഷപ്പെടുന്നതും അത് പ്രകൃതിനിര്‍ധാരണത്തിന് പ്രേരണയാകുന്നതും അതുവഴിയുള്ള മാറ്റം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും നേരിട്ട് രേഖപ്പെടുത്താന്‍ കഴിയുന്നത് ആദ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല, പ്രകൃതിനിര്‍ധാരണ സമ്മര്‍ദത്തിന്റെ തീവ്രത എത്രയെന്ന് കണക്കാക്കി നോക്കാനും ഗവേഷകര്‍ക്കായി.
നിറം കുറഞ്ഞ മങ്ങിയ രോമക്കുപ്പായം സാന്‍ഡ് ഹില്‍സ് എലികളുടെ അതിജീവന സാധ്യത 0.5 ശതമാനം വര്‍ധിപ്പിച്ചതായാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. "ഇത് വലിയൊരു വര്‍ധനയാണെന്ന് ആദ്യം തോന്നില്ല. എന്നാല്‍, ആയിരക്കണക്കിന് അംഗങ്ങളെയും ആയിരക്കണക്കിന് വര്‍ഷങ്ങളെയും പരിഗണിക്കുമ്പോള്‍, ഈ അതിജീവന സാധ്യത വലിയ അന്തരമാണ് ഉണ്ടാക്കുക"-പ്രൊഫ. ഹൊയേക്സ്ത്ര പറയുന്നു.
ഡി.എന്‍.എ.യിലുണ്ടായ മാറ്റവും സാന്‍ഡ് ഹില്‍സ് എലികള്‍ക്ക് പ്രകൃതിയിലുള്ള അതിജീവനശേഷി വര്‍ധിച്ചതും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്നതാണ് ഈ ഗവേഷണത്തിന്റെ പ്രാധാന്യം- ഡോ.ലിനെന്‍ പറയുന്നു.
ഒരര്‍ഥത്തില്‍, വടക്കന്‍ ഇംഗ്ലണ്ടില്‍ കാണപ്പെടുന്ന 'പെപ്പെറഡ് ശലഭങ്ങള്‍'ക്ക് സമാനമാണ് സാന്‍ഡ് ഹില്‍സ് എലികള്‍. പരിസ്ഥിതിക്കനുസരിച്ച് പ്രകൃതിനിര്‍ധാരണത്തിന്റെ ഫലമായി വന്യജീവികളില്‍ പുതിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിന് ഉദാഹരണമായി പതിറ്റാണ്ടുകളോളം ചൂണ്ടിക്കാട്ടിയിരുന്ന ജീവിയാണ് പെപ്പെറഡ് ശലഭങ്ങള്‍ (Biston betularia).
നിറംകുറഞ്ഞ, മങ്ങിയ ശലഭങ്ങളായിരുന്നു ഇവ മുമ്പ്. അത്തരം നിറമുള്ള വൃക്ഷങ്ങളുടെ കൊമ്പുകളില്‍ ഇവയെ ശത്രുക്കള്‍ക്ക് തിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നു. വ്യവസായിക വിപ്ലവത്തിന്റെ ഫലമായി വ്യാപകമായി സംഭവിച്ച അന്തരീക്ഷ മലിനീകരണം, വൃക്ഷങ്ങളുടെ നിറം കൂടുതല്‍ കറുത്തതാക്കി. പെപ്പെറഡ് ശലഭങ്ങളും അതിനനുസരിച്ച് കടുത്ത നിറമുള്ളതായി പരിണമിച്ചു.
കാഴ്ചക്കാരെ പറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ജീവികളിലും മാറ്റം സംഭവിച്ചത്. എന്നാല്‍, ശലഭങ്ങളിലെ മാറ്റം ഒരര്‍ഥത്തില്‍ സാങ്കേതികമായ ഒന്നായിരുന്നു. മനുഷ്യനുണ്ടാക്കിയ മലിനീകരണത്തിന്റെ ഫലം. അതേസമയം, എലികളിലേത് ശരിക്കും പ്രകൃതിദത്തമായ മാറ്റമാണ്്. പരിണാമം കണ്മുന്നില് സംഭവിക്കുന്നത് തന്നെയാണ് ശലഭങ്ങളിലേത് എങ്കിലും, അവയ്ക്ക് സംഭവിച്ച ജനിതകമാറ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും അറിയില്ല. എലികളുടെ കാര്യം അങ്ങനെയല്ല. ഏത് ജീനാണ് പുതിയതായി പ്രത്യക്ഷപ്പെട്ടത്, എത്രകാലം മുമ്പാണ് അത് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തം. (അവലംബം: സയന്‍സ്)
13 comments:
വടക്കേയമേരിക്കയില്‍ വ്യാപകമായി കാണപ്പെടുന്ന ജീവിവര്‍ഗമാണ് 'മാനെലികള്‍' (Deer mice). ഈ ജീവികളുടേത് ഇരുണ്ട രോമക്കുപ്പായമാണ്. നെബ്രാസ്കയിലെ മണല്‍പ്രദേശത്ത് കാണപ്പെടുന്ന എലികള്‍ക്ക് മാത്രം പക്ഷേ, നിറത്തില്‍ വ്യത്യാസം. ഇരുണ്ട രോമക്കുപ്പായത്തിന് പകരം അവയുടേത് നിറം കുറഞ്ഞ, മങ്ങിയ രോമാവരണമാണ്; മണലില്‍ ശത്രുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ളത്. ഇതിന്റെ പൊരുള്‍ തേടിപ്പോയ ഗവേഷകര്‍ കണ്ടത്, പരിണാമപ്രക്രിയയുടെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം (natural selection) തങ്ങളുടെ കണ്മുന്നില് ചുരുള്‍ നിവരുന്നതാണ്! അതിജീവനത്തിനായി, ഏതാനും ആയിരം വര്‍ഷംകൊണ്ട് ആ ജീവികളുടെ നിറം മാറുകയായിരുന്നുവെന്ന് തെളിയിക്കാന്‍ ഗവേഷകര്‍ക്കായി. ജീവശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട 'മാതൃക'യായി ആ ചെറുജീവികള്‍ മാറിയിരിക്കുകയാണ്.
പരിണാമം എന്നും നടക്കുന്ന പ്രക്രിയയാണെന്നതിന് ഒരു തെളിവു കൂടി...ഈ ശാസ്ത്രവര്‍ഷത്തില്‍ ഇതിന് പ്രാധാന്യമേറുന്നു...
നന്ദി....
പരിണാമത്തെപ്പറ്റി മറ്റു ചില ബ്ലോഗില്‍ ചര്‍ച്ചകള്‍ ചൂടായി വരുന്ന സമയത്താണ് ഈ പോസ്റ്റ്.
നന്നായി.
എലി പരിണമിച്ച് പൂച്ചയാവാഞ്ഞതെന്തേ എന്നൊരു മറുചോദ്യവും അവിടെ കണ്ടു, എന്തു പറയും ?!!!!
:)
പരിണാമത്തെ കുറിച്ച് ഇനി എന്തൊക്കെ അറിയാന്‍ കിടക്കുന്നു !!!!!!!...ഈ അറിവ് പകര്‍ന്നു തന്നതിന് വളരെ നന്ദി ...
Brilliant JA,
genetics-ലൊക്കെ വല്യ പുലിയായ ഒരു ചേട്ടന് പരിണാമ സിദ്ധാന്തത്തെ പൊളിച്ചടുക്കാന്‍ തുടങ്ങീട്ടുണ്ട് ഒരു ബ്ലോഗ്. കഷ്ടം, അയ്യാള് ഇതൊക്കെ ഒന്ന് വായിച്ചു മനസ്സിലായിരിക്കിയിരുന്നെങ്കില് എത്രയോ വിലപ്പെട്ട man-hours സേവ് ചെയ്യായിരുന്നു എന്നോര്‍ക്കുകയാണ് ഞാന്‍.
ലിങ്കും ഇന്ട്രോയും ഞാന്‍ Bright ന്റെ ബ്ലോഗില്‍ ഇട്ടിരുന്നു. ഹോപ് ദാറ്റ് ഹേല്പ്സ്
പതിവ് പോലെ നല്ല ആര്‍ട്ടിക്കിള്‍.
ഇനി, എലി കുട്ടന്മാര് ബ്ലോണ്ട് ഹെയര്‍ ഡൈ അടിച്ചു വന്നതാ അലെങ്ങില്‍ സായിപ്പ് അങ്ങനെ ചെയ്തതാ എന്ന് ആള്കാര് പറഞ്ഞു കളയുമോ ?
great news!
കൊള്ളാം.. നല്ല ഒരു വാര്‍ത്ത !!
പ്രിയപ്പെട്ട കുറിഞ്ഞി,
പരിണാമവാദത്തെയും ഗതിയേയും കുറിച്ചു് ഈയിടെ പലയിടത്തായി വായിച്ച കഴമ്പുള്ളതും ഇല്ലാത്തതുമായ പല ആശയങ്ങളേയുംകുറിച്ചു് മൊത്തമായി ഒരു അഭിപ്രായം രണ്ടു കഷ്ണമായി ഇവിടെ കൊണ്ടിടാം എന്നു വിചാരിച്ചു. ഒട്ടും മര്യാദയില്ലാത്ത ഈ ഒട്ടകപ്പൊറുതി പൊറുക്കുമല്ലോ!
മിക്കവാറും എല്ലാ ജീവജാലങ്ങളും പ്രജനനനിരക്കുകളിലെ വളരെ ലോലമായ പരിധികൾക്കുള്ളിലാണു് ജീവിച്ചുപോകുന്നതു്. ആ പരിധികൾ ബാഹ്യമായ കാരണങ്ങളാൽ സ്വല്പം ഉയരുകയോ താഴുകയോ ചെയ്താൽ ഒന്നുകിൽ അവയുടെ ജീവസംഖ്യ ആ കാരണങ്ങളെ മറികടന്നു് സ്വയം തിരിച്ച് സംതുലനാവസ്ഥയിലെത്തുകയോ അതല്ലെങ്കിൽ എന്നെന്നേയ്ക്കുമായി ആ വംശം നശിച്ചുപോവുകയോ ചെയ്യാം. ഭക്ഷ്യശൃംഖലപോലെ ജീവജാലങ്ങൾ തമ്മിൽ പരസ്പരമുള്ള ഓരോ ബന്ധങ്ങൾക്കും ഈ പരിധികളെ സ്വാധീനിക്കാനാവും. ജീവൻ തുടങ്ങിവെച്ച നാൾ മുതലേ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു താനും.
സൂക്ഷ്മമായി ശ്രദ്ധിച്ചാൽ നമ്മുടെ കേരളത്തിൽ തന്നെ പതിറ്റാണ്ടുകളുടെ വ്യത്യാസത്തിൽ പരിണാമത്തിന്റെ നിശ്ശബ്ദമായ കാല്പാടുകൾ കാണാൻ സാധിക്കും. പ്രജനനനിരക്കിൽ മനുഷ്യൻ നേരിട്ടു് ഇടപെടാത്ത, എന്നാൽ അവന്റെ പ്രവൃത്തികൾ കൊണ്ടു് സന്തുലനവ്യവസ്ഥയിൽ ശല്യപ്പെടുത്തലുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില പൂക്കളും കാട്ടുചെടികളും കളകളും കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ മാത്രമായി, വളരെ ശീഘ്രമായ നിരക്കിൽ നിറത്തിലും മണത്തിലും മറ്റും രൂപാന്തരപ്രാപ്തി നേടുന്നത് കണ്ടറിയാൻ സാധിച്ചിട്ടുണ്ടു്. കമ്മൽപൂ, കാശിത്തുമ്പ, തെച്ചി തുടങ്ങി ചില ഇനങ്ങളിൽ ഇത്തരം വ്യത്യാസങ്ങൾ ഈയിടെയായി നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നാണു് എന്റെ സംശയം. അത്യന്തം ശാസ്ത്രബോധമുള്ള, കൃഷി തന്നെ ജീവനും ജീവോപാധിയും ആയി കൊണ്ടുനടക്കുന്ന, അതിനുവേണ്ടി മറ്റുൽക്കർഷങ്ങളൊന്നും വേണ്ടെന്നു വെച്ചുതന്നെ ലളിതമായി ജീവിതം നയിക്കുന്ന എന്റെ നാട്ടിൻപുറത്തുകാരൻ സുഹൃത്തു് മുകുന്ദൻ ഇത്തരം ജനുസ്സുകളെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളുടെ കുട്ടിക്കാലത്തുമുതൽ കണ്ടുപരിചയമുള്ള പല ചെടികളുടേയും പൂക്കളും ഇലകളും രൂപവർണ്ണങ്ങൾ മാറി പ്രത്യക്ഷപ്പെടുന്നതു് തമ്മിൽ കാണുമ്പോഴൊക്കെ ഞങ്ങളുടെ പ്രധാന ചർച്ചാവിഷയമാണു്.
(കീടനാശിനികളും മറ്റു പരിസ്ഥിതിഘടകങ്ങളും മൂലം പ്രതിരോധശക്തി കുറവുള്ള ഒരു ജാതിയുടെ എണ്ണം കുറഞ്ഞും അതു താരതമ്യേന കൂടുതലുള്ള മറ്റൊരു ജാതിയുടെ എണ്ണം കൂടിയും അതുവഴി അവതമ്മിൽ നടക്കുന്ന പരാഗണ-പ്രജനനവിനിമയങ്ങളിൽ രണ്ടാമത്തെ ജാതിയ്ക്കു് മേൽക്കയ്യുകിട്ടുന്നതും പ്രകൃതിനിർദ്ധാരണത്തിന്റെ ഒരു നല്ല ഉദാഹരണമാണു്.)
സ്വാഭാവികപരിണാമനിരക്കിലും ഉപരി മനുഷ്യന്റെ തീവ്രമായ ഇടപെടലുകൾ കൊണ്ട് വംശമറ്റുപോയ / പോയിക്കൊണ്ടിരിക്കുന്ന ജീവനുകൾക്കു് നമ്മുടെ നാട്ടിലെ ഏറ്റവും നല്ല ഉദാഹരണം ഒരു പക്ഷേ ചിറ്റേനി, വട്ടൻ, ചെമ്പാവു് തുടങ്ങിയ നെൽവിത്തുകളും മറ്റുമായിരിക്കണം. സഹസ്രാബ്ദങ്ങളായി അന്യോന്യം മത്സരിച്ചുകൊണ്ടുതന്നെ വംശാവലി തുടർന്നുകൊണ്ടിരുന്ന ഈ ഇനങ്ങളിൽ പലതും ഇപ്പോൾ അഥവാ കാർഷികസർവ്വകലാശാലയുടെ പട്ടാമ്പി കേന്ദ്രത്തിലും മറ്റുമല്ലാതെ, ആരെങ്കിലും സ്വയമേവ കൃഷി ചെയ്യുന്നുണ്ടോ എന്നുതന്നെ അറിയില്ല. പ്രായേണ നെല്ലിന്റെ ഒരു വകഭേദം ഇല്ലാതെയായി മറ്റൊരു വകഭേദം മാത്രം നിലനിൽക്കുന്ന ഈ അവസ്ഥയുണ്ടായത് കഴിഞ്ഞ മുപ്പതുകൊല്ലങ്ങൾക്കുള്ളിലാണു്.
(അടുത്ത മുപ്പതുവർഷം കൊണ്ടു് നെല്ല് എന്ന ചെടി തന്നെ കേരളത്തിൽ ഇല്ലാതാവാനും മതി!)
അതാതുകാലങ്ങളിൽ പോരടിച്ചു ജയിച്ചുനിൽക്കാൻ ഏറ്റവും യോജിച്ചത് ഏതാണോ അതു നിലനിൽക്കുന്നതും അല്ലാത്തതു് സ്വയം മുടിഞ്ഞുപോവുന്നതും ജീവശാസ്ത്രത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്നതാണു് എന്റെ അഭിപ്രായത്തിൽ, പരമമായ സത്യം. ‘സദാചാര’ദൈവമതങ്ങൾക്കു് ക്രൂരമായി തോന്നിയേക്കാമെങ്കിലും അതേ തത്വം ഭാഷയിലും മതത്തിലും സാങ്കേതികവിദ്യയിലും വിജ്ഞാനശാസ്ത്രങ്ങളിലും എന്തിനു്, സിനിമാപ്പാട്ടുകളിൽ വരെ നിലനിന്നുപോരുന്നുണ്ടു്. ഏറ്റവും യോജിച്ചതു് എന്നാൽ എല്ലാ കാലഘട്ടങ്ങൾക്കുവേണ്ടിയും ഏറ്റവും മികച്ചതെന്നോ ഏതെങ്കിലും ദൈവത്തിനോ സംസ്കാരത്തിനോ വ്യക്തിയ്ക്കോ അനുകൂലമോ അനുസരണീയമോ എന്നോ അർത്ഥമില്ലെന്നു മാത്രം.
[ഏറ്റവും പുതിയ നിഗമനങ്ങൾ അനുസരിച്ചു് നിയാണ്ടർതാൽ മനുഷ്യനുകൾ ഒരുപക്ഷേ ക്രോ-മാഗ്നൺ (EEMH) മനുഷ്യരേക്കാൾ ബുദ്ധിപരമായി ഗണ്യമായ വികാസം പ്രാപിച്ചിരുന്നവരായിരിക്കണം. മാറിക്കൊണ്ടിരുന്ന കാലാവസ്ഥകളുമായി പൊരുത്തപ്പെടുന്നതിലും പരസ്പരപൂരകമായ സാമൂഹ്യസമ്പർക്കരീതികൾ ശീലമാക്കുന്നതിലും വന്ന ചെറിയ പോരായ്മകൾ മൂലമാവാം അവർക്കു പകരം ഇന്നു നാം ഈ ഭൂമി “അടക്കിവാഴുന്നതു്”. ഒരു ഘട്ടത്തിൽ ഏതാനും ആയിരങ്ങൾ മാത്രമായി ചുരുങ്ങിപ്പോയിരുന്ന ലൂസിയുടെ പിന്മുറക്കാർ വെറും പിൻബോൾ ഗെയിം കളിച്ചു് ഇന്നു് അറുനൂറു കോടി കവിഞ്ഞിരിക്കുന്നു!]
എന്തെങ്കിലും സമ്പൂർണ്ണത (പെർഫെക്ഷൻ) മുൻകൂട്ടി ലക്ഷ്യമാക്കി ആദ്യം മുതൽക്കേ നിശ്ചിതമായ ദിശകളിൽ ആരെങ്കിലും വണ്ടിയോടിച്ചുവിടുന്ന ഒരു യാത്രയായി പരിണാമത്തെ കാണുമ്പോഴാണു് പ്രത്യേകിച്ച് കഴമ്പൊന്നുമില്ലാത്ത വാദങ്ങളും തർക്കങ്ങളും ഉടലെടുക്കുന്നതു്. അതുകൊണ്ടാണു് ഘടികാരമുണ്ടാക്കുന്നയാൾ മുൻവിധികളും മുന്നിഷ്ടങ്ങളും ഇല്ലാതെ ഒരു കുരുടനായി ഇരിക്കേണ്ടുന്നതു് പ്രധാന നിബന്ധനയായി ആദ്യമേ മനസ്സിലാക്കേണ്ടതു്.
വാസ്തവത്തിൽ പരിണാമം എന്ന സങ്കൽപ്പത്തിലെത്താൻ നാം ഡാർവിൻ വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നു എന്നതാണു് അത്ഭുതകരമായി തോന്നുന്നതു്. ഒരു പക്ഷേ മുൻപേ പലരും ഇത്തരം സാദ്ധ്യതകളെപ്പറ്റി ആലോചിച്ചിരിക്കണം. ഡാർവ്വിൻ ആധികാരികമായി പഠിച്ചു് ഒരു പുസ്തകം എഴുതിയ നാൾ മുതലാവണം പരിണാമവാദം എന്ന ‘മതം’ സ്വയംതന്നെ മാമൂൽബദ്ധമായ മനുഷ്യപ്രകൃതിയുടെ നിഷ്ഠുരസ്വഭാവം അതിജീവിച്ചു് വംശവികാസം പ്രാപിച്ചതു്.
ലക്ഷ്യമില്ലാതെ എറിഞ്ഞ പന്തുപോലെ പായുന്നു പ്രകൃതി...
ഒരേ തരം ഭിത്തികളിൽ വീണ്ടും വീണ്ടും ഇടിച്ചുതെറിച്ചാവർത്തിക്കുന്നു ചരിത്രം...
ഇത്തരം ജനിതക മാറ്റങ്ങള്‍ സംഭവിക്കുന്നത് തികച്ചും യാദര്ച്ഛികമായിട്ടാണ്. ചിത്ര എലിയോ ശലഭമോ ബോധപൂര്‍വ്വം മാറ്റങ്ങള്‍ സ്വയം ഉണ്ടാക്കുകയല്ല എന്ന് കൂട്ടിച്ചേര്‍ക്കുന്നു.
വിശ്വപ്രഭ,
"എന്തെങ്കിലും സമ്പൂർണ്ണത (പെർഫെക്ഷൻ) മുൻകൂട്ടി ലക്ഷ്യമാക്കി ആദ്യം മുതൽക്കേ നിശ്ചിതമായ ദിശകളിൽ ആരെങ്കിലും വണ്ടിയോടിച്ചുവിടുന്ന ഒരു യാത്രയായി പരിണാമത്തെ കാണുമ്പോഴാണു് പ്രത്യേകിച്ച് കഴമ്പൊന്നുമില്ലാത്ത വാദങ്ങളും തർക്കങ്ങളും ഉടലെടുക്കുന്നതു്".
വളരെ സത്യം. പരിണാമത്തെക്കുറിച്ചോ പ്രകൃതിനിര്ധാരണത്തെക്കുറിച്ചോ പറയുമ്പോള്‍ ചില്ലിട്ടു സൂക്ഷിക്കേണ്ട വാചകം. നന്ദി.
"അതാതുകാലങ്ങളിൽ പോരടിച്ചു ജയിച്ചുനിൽക്കാൻ ഏറ്റവും യോജിച്ചത് ഏതാണോ അതു നിലനിൽക്കുന്നതും അല്ലാത്തതു് സ്വയം മുടിഞ്ഞുപോവുന്നതും ജീവശാസ്ത്രത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്നതാണു് എന്റെ അഭിപ്രായത്തിൽ, പരമമായ സത്യം. ‘സദാചാര’ദൈവമതങ്ങൾക്കു് ക്രൂരമായി തോന്നിയേക്കാമെങ്കിലും അതേ തത്വം ഭാഷയിലും മതത്തിലും സാങ്കേതികവിദ്യയിലും വിജ്ഞാനശാസ്ത്രങ്ങളിലും എന്തിനു്, സിനിമാപ്പാട്ടുകളിൽ വരെ നിലനിന്നുപോരുന്നുണ്ടു്".
ഇതിനോടും യോജിക്കുന്നു. സത്യം പറഞ്ഞാല്‍ ഇന്ന് സോഫ്ട്വേറുകള്‍ വികസിപ്പിക്കുന്നവര്‍ വരെ പ്രകൃതിനിര്ധാരണത്തെയല്ലേ ബോധപൂര്‍വമല്ലാതെ ആശ്രയിക്കുന്നത്. ഭൂമിയിലെ ജീവന്റെ മാത്രമല്ല, മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടെങ്കില്‍ അതിന്റെയും അടിസ്ഥാനം പ്രകൃതിനിര്‍ധാരണം തന്നെയായിരിക്കും എന്ന് റിച്ചാര്‍ഡ് ഡാക്കിന്‍സ് ചൂണ്ടിക്കാട്ടിയ കാര്യം ഓര്‍ക്കുക.
യൂടൂബില്‍ നല്ല ഒരു ചര്‍ച്ച കണ്ടിരുന്നു....
here it is
Post a Comment