Monday, June 01, 2009

'മലയാളം വിക്കി'ക്ക്‌ പതിനായിരത്തിന്റെ നിറവ്‌

സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പില്‍ പതിനായിരം ലേഖനങ്ങള്‍ തികഞ്ഞു. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സേവനതത്‌പരരായ ഒരുപിടി ആളുകളുടെ ശ്രമഫലമായി ആറര വര്‍ഷം കൊണ്ടാണ്‌ 'മലയാളം വിക്കി' ഈ നേട്ടം കൈവരിച്ചത്‌.

ആര്‍ക്കും എഴുതാവുന്ന, എഡിറ്റ്‌ ചെയ്യാവുന്ന, സൗജന്യമായി ഉപയോഗിക്കാവുന്ന സ്വതന്ത്രവിജ്ഞാനകോശമാണ്‌ വിക്കിപീഡിയ. കല, ചരിത്രം, ഭൂമിശാസ്‌ത്രം, ശാസ്‌ത്രം, സാങ്കേതികം, സാമൂഹികം എന്നീ വിഭാഗങ്ങളും വാര്‍ത്തകളുമാണ്‌ മലയാളം വിക്കിയിലുള്ളത്‌. ജൂണ്‍ ഒന്നിന്‌ മലയാളം വിക്കിയില്‍ 10,007 ലേഖനങ്ങളുണ്ട്‌.

ജിമ്മി വെയ്‌ല്‍സും ലാറി ലേസഞ്ചറും ചേര്‍ന്ന്‌ 2001 ജനവരി 15-ന്‌ ആരംഭിച്ച ഇംഗ്ലീഷ്‌ എഡിഷനാണ്‌ വിക്കിപീഡിയയുടെ മാതൃസംരംഭം. വിക്കിപീഡിയയുടെ ഇംഗ്ലീഷ്‌ പതിപ്പില്‍ ഇപ്പോള്‍ മുപ്പത്‌ ലക്ഷത്തോളം ലേഖനങ്ങളുണ്ട്‌. ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തേടുന്നവരുടെ ഏറ്റവും വലിയ ആശ്രമയമായി വിക്കിപീഡിയ ഇന്ന്‌ മാറിയിരിക്കുന്നു.

ലോകത്തെ ഇരുന്നൂറ്റി മുപ്പതോളം ഭാഷകളില്‍ വിക്കി പതിപ്പുകളുണ്ട്‌. അതിലൊന്നാണ്‌ 'മലയാളം വിക്കിപീഡിയ'. ഇംഗ്ലീഷ്‌ വിക്കിപീഡിയ ആരംഭിച്ച്‌ ഏതാണ്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞ്‌, 2002 ഡിസംബര്‍ 21-നാണ്‌ മലയാളം വിക്കിയുടെ തുടക്കം. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ്‌ മേനോന്‍ എം.പി.യാണ്‌ മലയാളം വിക്കിയുടെ തുടക്കക്കാരന്‍.

തുടക്കത്തില്‍ ഭാഷാകമ്പ്യൂട്ടിങിന്റെയും മറ്റും ഗൗരവമേറിയ പ്രശ്‌നങ്ങള്‍ നേരിട്ട മലയാളം വിക്കിസംരംഭത്തിന്‌ 2004 വരെ കാര്യമായ പുരോഗതി സാധ്യമായില്ല. രണ്ടുവര്‍ഷമെടുത്തു മലയാളം വിക്കിയില്‍ ആദ്യ നൂറ്‌ ലേഖനങ്ങള്‍ തികയാന്‍.

എന്നാല്‍, 2004 മധ്യത്തോടെ മലയാളം കമ്പ്യൂട്ടിങ്‌ രംഗത്തുണ്ടായ മുന്നേറ്റം വിക്കി സംരംഭത്തിനും തുണയായി. മലയാളഭാഷയില്‍ യുണീകോഡ്‌ എഴുത്ത്‌ സാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായത്‌ ഇക്കാലത്താണ്‌. മലയാളം ബ്ലോഗുകളും ഇക്കാലത്ത്‌ ഇന്റര്‍നെറ്റില്‍ സജീവമായി. ബ്ലോഗിങിലെ താത്‌പര്യം മൂലം കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പഠിച്ചവരില്‍ പലരും മലയാളം വിക്കിയിലേക്കും സംഭാവന നല്‍കിത്തുടങ്ങി.

2006 മുതലാണ്‌ ശരിക്ക്‌ പറഞ്ഞാല്‍ മലയാളം വിക്കിക്ക്‌ പ്രകടമായ പുരോഗതി സാധ്യമായത്‌. ആ വര്‍ഷം ഏപ്രിലില്‍ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. അതേ സപ്‌തംബറില്‍ ലേഖനങ്ങളുടെ എണ്ണം ആയിരം കടന്നു. 2007 സപ്‌തംബറില്‍ ലേഖനങ്ങളുടെ എണ്ണം 3500 ആയി. അതാണ്‌ വീണ്ടും രണ്ടുവര്‍ഷം കഴിയുമ്പോള്‍ പതിനായിരം കടക്കുന്നത്‌. 10,564 ഉപഭോക്താക്കള്‍ നിലവില്‍ മലയാളം വിക്കിയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

കേരളത്തിന്‌ വെളിയില്‍ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന വിജ്ഞാനകുതുകികളാണ്‌ മലയാളം വിക്കിക്ക്‌ സംഭാവന നടത്തുന്നവരില്‍ ഏറെയും. കേരളത്തില്‍ നിന്നുതന്നെ കാര്യമായ സംഭാവന ഉണ്ടായാലേ, മലയാളത്തില്‍ സമഗ്രമായ ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശമായി വിക്കിയെ മാറ്റാനാകൂ എന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

3 comments:

Joseph Antony said...

സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പില്‍ പതിനായിരം ലേഖനങ്ങള്‍ തികഞ്ഞു. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സേവനതത്‌പരരായ ഒരുപിടി ആളുകളുടെ ശ്രമഫലമായി ആറര വര്‍ഷം കൊണ്ടാണ്‌ 'മലയാളം വിക്കി' ഈ നേട്ടം കൈവരിച്ചത്‌.

Wikkanabhi said...

മാഷേ, ഈ വാര്‍ത്ത ബ്ലോഗിലും മാതൃഭൂമി ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചതിനു നന്ദി.

വിക്കനഭി, ഒരു വിക്കിപീഡിയന്‍

Viswaprabha said...

:)