Monday, May 25, 2009

ഹബ്ബിളിന്‌ രണ്ടാംജന്മം

ഒരുവേള ഉപേക്ഷിക്കാന്‍ തന്നെ നാസ തീരുമാനിച്ച ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പിന്‌ പുതുജീവന്‍ ലഭിച്ചിരിക്കുന്നു. അഞ്ചുവര്‍ഷം കൂടി പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ അതിന്റെ നവീകരണം വിജയകരമായി നടത്തിയിരിക്കുന്നു.
ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ ഒരു പുതിയ പ്രപഞ്ചമാണ്‌ സൃഷ്ടിച്ചത്‌. ഇത്രകാലവും സാധ്യമാകാത്തത്ര വിശദാംശങ്ങളോടെ പ്രപഞ്ചസങ്കല്‍പ്പത്തെയാകെ ആ ഉപകരണം നവീകരിച്ചു. കണ്ടുപിടിത്തങ്ങളുടെ പ്രളയം. പ്രപഞ്ചത്തിന്റെ പ്രായവും, നീഗൂഢ ശ്യാമോര്‍ജത്തിന്റെ സാന്നിധ്യവും, നക്ഷത്രങ്ങളുടെ പിറവിയും അന്ത്യവും, തമോഗര്‍ത്തങ്ങളുടെ കാണാസാന്നിധ്യവുമൊക്കെ അതില്‍ പെടുന്നു. ഹബ്ബിള്‍ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച്‌ മാത്രം 6000 ഗവേഷണപ്രബന്ധങ്ങള്‍ പുറത്തുവന്നു. ആ ടെലിസ്‌കോപ്പ്‌ പകര്‍ത്തിയ പതിനായിരക്കണക്കിന്‌ ആകാശദൃശ്യങ്ങള്‍ ഒരു തലമുറയുടെ ദൃശ്യബോധത്തെ മാറ്റിമറിച്ചു. ജ്യോതിശ്ശാസ്‌ത്രത്തിന്‌ ലഭിച്ച ഏറ്റവും ശക്തമായ ഉപകരണമായി ഹബ്ബിള്‍ ടെലിസ്‌കോപ്പ്‌ മാറിയത്‌ അങ്ങനെയാണ്‌. അതുകൊണ്ടുതന്നെ, ഹബ്ബിളിന്റെ ആയുസ്സ്‌ അഞ്ചുവര്‍ഷം കൂടി നീട്ടിയിരിക്കുന്നു എന്നത്‌ ശുഭവാര്‍ത്തയാണ്‌.

നാനൂറ്‌ വര്‍ഷം മുമ്പ്‌, ശരിക്ക്‌ പറഞ്ഞാല്‍ 1609 നവംബര്‍ 30-ന്‌, പാദുവയിലെ തന്റെ പൂന്തോട്ടത്തില്‍ വെച്ച്‌ ടെലിസ്‌കോപ്പിലൂടെ ഗലീലിയോ ഗലീലി നടത്തിയ വാനനിരീക്ഷണമാണ്‌ ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്‌ തുടക്കം കുറിച്ചത്‌. ഗലീലിയോ വാനനിരീക്ഷണം തുടങ്ങിയതിന്റെ നാനൂറാം വാര്‍ഷികം ലോകമിപ്പോള്‍ ആഘോഷിക്കുകയാണ്‌; 2009-നെ അന്താരാഷ്ട്രജ്യോതിശാസ്‌ത്രവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട്‌. ഈ അവസരത്തില്‍ തന്നെയാണ്‌, ആധുനിക ജ്യോതിശാസ്‌ത്രത്തിന്‌ യഥാര്‍ഥ ആവേഗം സമ്മാനിച്ച ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പിനെ നാസ നവീകരിച്ചത്‌ എന്നകാര്യം ശ്രദ്ധേയമാണ്‌. ജ്യോതിശ്ശാസ്‌ത്രത്തില്‍ പുതിയ കുതിപ്പിന്‌ ഇത്‌ ഇടയാക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ മെയ്‌ 11-ന്‌ അറ്റ്‌ലാന്റിസ്‌ ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചവരാണ്‌ ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ നവീകരണം വിജയകരമായി പൂര്‍ത്തിയാക്കിയത്‌. 19 വര്‍ഷംമുമ്പ്‌ ഹബ്ബിള്‍ വിക്ഷേപിച്ച ശേഷം അതിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നടക്കുന്ന അഞ്ചാമത്തെ ദൗത്യമായിരുന്നു അറ്റ്‌ലാന്റിസിന്റേത്‌. വെറും കേടുതീര്‍ക്കല്‍ ആയിരുന്നില്ല ഈ അഞ്ചാംദൗത്യം. ഹബ്ബിളിലെ സുപ്രധാന ഭാഗങ്ങളെല്ലാം മാറ്റി പുതിയവ സ്ഥാപിക്കുകയാണ്‌ അറ്റ്‌ലാന്റിസ്‌ യാത്രികര്‍ ചെയ്‌തത്‌. പഴയ ക്യാമറയ്‌ക്ക്‌ പകരം പുതിയ 'വൈഡ്‌ ഫീല്‍ഡ്‌ ക്യാമറ' സ്ഥാപിച്ചു. സ്‌പേസ്‌ ടെലിസ്‌കോപ്പിന്റെ ബാലന്‍സ്‌ നിലനിര്‍ത്തുന്ന ആറ്‌ ഗൈറോസ്‌കോപ്പുകളും (മൂന്നെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നു) മാറ്റി. വിദൂരലക്ഷ്യങ്ങളില്‍ ദൃഷ്ടി ഉറപ്പിച്ചു നിര്‍ത്താന്‍ ഹബ്ബിളിനെ സഹായിക്കുന്ന 'ഫൈന്‍-ഗൈഡന്‍സ്‌ സെന്‍സറും' പുതുക്കി. ഭൂമിയുടെ നിഴലിലാകുന്ന വേളയില്‍ (ദിവസം ഏഴര മണിക്കൂര്‍ ഹബ്ബിള്‍ നിഴലിലായിരിക്കും) പ്രവര്‍ത്തിക്കനായി പുതിയ ബാറ്ററികളും സജ്ജമാക്കി.

ഹബ്ബിളിലെ പ്രവര്‍ത്തനരഹിതമായ 'കോസ്‌റ്റര്‍ ഇന്‍സ്‌ട്രുമെന്റി'ന്‌ പകരം പുതിയ 'കോസ്‌മിക്‌ ഒര്‍ജിന്‍സ്‌ സ്‌പെക്ട്രോഗ്രാഫ്‌' സ്ഥാപിച്ചതാണ്‌ അറ്റ്‌ലാന്റിസ്‌ യാത്രികര്‍ നടത്തിയ മറ്റൊരു ശ്രദ്ധേയമായ നടപടി. പ്രപഞ്ചത്തിന്റെ ഉത്ഭവവും വിശാലഘടനയും കൂടുതല്‍ സൂക്ഷ്‌മമായി പഠിക്കാന്‍ സഹായിക്കുന്നതാണ്‌ പുതിയ ഉപകരണം. ഗാലക്‌സികള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, മൂലകങ്ങള്‍ തുടങ്ങിയവ രൂപപ്പെടുതിനെക്കുറിച്ച്‌ വ്യക്തത ലഭിക്കാന്‍ ആ സ്‌പെക്ട്രോഗ്രാഫ്‌ സഹായിക്കും. ഹബ്ബിളിള്‍ 2008-ല്‍ പ്രവര്‍ത്തനം നിലച്ച ഡേറ്റാവിശകലന സംവിധാനവും മാറ്റി. ടെലിസ്‌കോപ്പിലെ ഇലക്ട്രോണിക്‌സ്‌ സംവിധാനം സംരക്ഷിക്കാനായി മൂന്ന്‌ തെര്‍മല്‍ ബ്ലാങ്കറ്റുകളും സ്ഥാപിച്ചു. ഇത്തരത്തില്‍ ഹബ്ബിളിനെ അടിമുടി പരിഷ്‌ക്കരിക്കാന്‍, അറ്റ്‌ലാന്റിസ്‌ പേടകത്തിലെ യാത്രികര്‍ക്ക്‌ അഞ്ച്‌ തവണ ബഹിരാകാശനടത്തം വേണ്ടി വന്നു. ആകെ 36 മണിക്കൂര്‍ 56 മിനിറ്റ്‌ അവര്‍ ഇതിനായി ചെലവിട്ടതായി നാസ അറിയിക്കുന്നു. അഞ്ചുവര്‍ഷത്തേക്ക്‌ ഇനി തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഹബ്ബിളിനാകും.

നാസയുടെ 'ഗ്രേറ്റ്‌ ഒബ്‌സര്‍വേറ്ററി' പരമ്പരയിലെ ആദ്യ അംഗമാണ്‌ ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌. പ്രപഞ്ചം വികസിക്കുകയാണെന്ന്‌ കണ്ടെത്തിയ പ്രശസ്‌ത ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ എഡ്വിന്‍ ഹബ്ബിളിന്റെ പേരാണ്‌ അതിന്‌ നല്‍കിയത്‌. ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണ വേളയില്‍ പൊടിയും വായുവും നിറഞ്ഞ ഭൗമോന്തരീക്ഷം സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കാന്‍ ബഹിരാകാശത്ത്‌ ടെലിസ്‌കോപ്പുകള്‍ സ്ഥാപിച്ചാല്‍ മതിയെന്ന, ലിമാന്‍ സ്‌പിറ്റ്‌സറുടെ ആശയം ചുവടുപിടിച്ചാണ്‌ ഹബ്ബിള്‍ ഉള്‍പ്പെടെയുള്ള സ്‌പേസ്‌ ഒബ്‌സര്‍വേറ്ററികള്‍ വിക്ഷേപിക്കപ്പെട്ടത്‌. 15.9 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വ്യാസവുമുള്ള ഹബ്ബിളിന്‌ 11,110 കിലോഗ്രാം ഭാരമുണ്ട്‌. ഭൂമിയില്‍നിന്ന്‌ 575 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സ്ഥിതിചെയ്യുന്ന ഹബ്ബിളിന്‌ ഒരു തവണ ഭൂമിയെ ചുറ്റാന്‍ 96 മിനിറ്റ്‌ മതി. ദിവസം ഏതാണ്ട്‌ 17 തവണ അത്‌ ഭൂമിയെ ചുറ്റുന്നു. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഹബ്ബിളിനെ യന്ത്രക്കരംകൊണ്ട്‌ ബന്ധിച്ച്‌, അതേ വേഗത്തില്‍ ഒപ്പം സഞ്ചരിച്ചുകൊണ്ടാണ്‌ അറ്റ്‌ലാന്റിസ്‌ സഞ്ചാരികള്‍ നവീകരണം പൂര്‍ത്തിയാക്കിയത്‌. ശരിക്കുമൊരു ഞാണിന്മേല്‍ കളി തന്നെയായിരുന്നു അത്‌.

ബാള്‍ട്ടിമോറിലെ 'സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ സയന്‍സ്‌ ഇന്‍സ്റ്റിട്യൂട്ടി'നാണ്‌ ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ ചുമതല. പക്ഷേ, ആര്‍ക്ക്‌ വേണമെങ്കിലും ഹബ്ബിളിന്റെ സേവനം തേടാം. ഹബ്ബിള്‍ ടെലിസ്‌കോപ്പ്‌ ഉപയോഗിക്കാന്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം ആപേക്ഷകള്‍ ലഭിക്കാറുണ്ട്‌. അതില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന 200 അപേക്ഷകള്‍ അനുവദിക്കപ്പെടും. ഒരു വര്‍ഷം 20,000 നിരീക്ഷണങ്ങള്‍ നടത്താന്‍ ഹബ്ബിളിനാകും; ദിവസം ശരാശരി 54 നിരീക്ഷണങ്ങള്‍. ഇതുവഴി ഓരോ ആഴ്‌ചയിലും 18 ഡി.വി.ഡി.നിറയുന്നത്ര ഡേറ്റ ഹബ്ബിള്‍ ഭൂമിയിലേക്ക്‌ അയയ്‌ക്കുന്നു. ഗവേഷകര്‍ക്ക്‌ ലോകത്തെവിടെയിരുന്നും ഈ ഡേറ്റ ഇന്റര്‍നെറ്റ്‌ വഴി ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വിശകലനം ചെയ്യാം. ഹബ്ബിളിന്റെ സഹായത്തോടെ നടന്ന കണ്ടുപിടിത്തങ്ങളുടെ വ്യാപ്‌തി പരിശോധിച്ചാല്‍, ആധുനിക ജ്യോതിശ്ശാസ്‌ത്രം ഏറ്റവും കടപ്പെട്ടിരിക്കുന്ന ഉപകരണം അതാണെന്ന്‌ വ്യക്തമാകും. പ്രപഞ്ചത്തിന്റെ പ്രായം 1300 കോടിക്കും 1400 കോടി വര്‍ഷത്തിനും മധ്യേയാണെന്ന കണ്ടെത്തലാകും അതില്‍ ഏറ്റവും പ്രധാനം. ഗാലക്‌സികളുടെ കേന്ദ്രങ്ങള്‍ അതിഭീമമായ തമോഗര്‍ത്തങ്ങളാണെന്ന്‌ മനസിലാക്കിയത്‌, പ്രപഞ്ചവികാസത്തിന്റെ തോത്‌ വര്‍ധിപ്പിക്കുന്ന ശ്യാമോര്‍ജത്തെക്കുറിച്ച്‌ അറിയാന്‍ സാധിച്ചത്‌ (അതെന്താണെന്ന്‌ ഇപ്പോഴും അറിയില്ലെങ്കിലും) ഒക്കെ ഹബ്ബിള്‍ വഴിയാണ്‌. കണ്ടുപിടിത്തങ്ങളുടെ ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാം.
ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ ചരിത്രം ആരംഭിക്കുന്നത്‌ 1970-കളിലാണ്‌. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ആ സമയത്ത്‌ ആരംഭിച്ച ആസൂത്രണമാണ്‌ 1990 ഏപ്രില്‍ 24-ന്‌ ഹബ്ബിള്‍ ടെലിസ്‌കോപ്പ്‌ വിക്ഷേപിക്കുന്നതിലേക്ക്‌ എത്തിയത്‌. ഡിസ്‌കവറി ബഹിരാകാശപേടകം ഹബ്ബിളനെ ഭ്രമണപഥത്തിലെത്തിച്ചു. പക്ഷേ, വിക്ഷേപണത്തിന്‌ ശേഷമാണ്‌ ടെലിസ്‌കോപ്പിന്റെ മുഖ്യദര്‍പ്പണത്തിന്‌ തകരാറുള്ള കാര്യം മനസിലായത്‌. 1993-ല്‍ എന്‍ഡവര്‍ പേടകമെത്തിയാണ്‌ ആ പ്രശ്‌നം പരിഹരിച്ചത്‌. അതായിരുന്നു ഹബ്ബിളിലെ ആദ്യ സര്‍വീസ്‌ ദൗത്യം. ഹബ്ബിളില്‍ അറ്റകുറ്റ പണി നടത്താനുള്ള രണ്ടാമത്തെ ദൗത്യം 1997 ഫിബ്രവരിയില്‍ നടന്നു; ഡിസ്‌കവറി പേടകമാണ്‌ അതിന്‌ ഉപയോഗിച്ചത്‌. സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ ഇമേജിങ്‌ സ്‌പെക്ട്രോഗ്രാഫ്‌ പോലുള്ള ചില നിര്‍ണായകമായ ഉപകരണങ്ങള്‍ അന്ന്‌ മാറ്റി സ്ഥാപിച്ചു. 1999 ഡിസംബറിലായിരുന്നു മൂന്നാമത്തെ സര്‍വീസ്‌ ദൗത്യം. ഹബ്ബിളിന്റെ ബലന്‍സ്‌ നിലനിര്‍ത്തുന്ന ഗൈറോസ്‌കോപ്പുകളില്‍ മൂന്നെണ്ണം തകരാറിലായത്‌ മാറ്റി. 2002 മാര്‍ച്ചില്‍ നാലാമത്തെ ദൗത്യം; കൊളംബിയ പേടകത്തില്‍ പോയവര്‍ 'അഡ്വാന്‍സ്‌ഡ്‌ ക്യാമറ ഫോര്‍ സര്‍വേയ്‌സ്‌' ഹബ്ബളില്‍ സ്ഥാപിച്ചു.

2003 ഫിബ്രവരി ഒന്നിന്‌ നടന്ന കൊളംബിയ ദുരന്തം (ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള അടക്കം ഏഴ്‌ ബഹിരാകാശയാത്രികര്‍ ആ ദുരന്തത്തില്‍ മരിച്ചു) ഹബ്ബിളിന്റെ തുടര്‍ന്നുള്ള നവീകരണം അവതാളത്തിലാക്കി. പുതിയ സര്‍വീസ്‌ ദൗത്യങ്ങള്‍ റദ്ദാക്കി. ഹബ്ബിളിനെ വേണമെങ്കില്‍ ഇനി കൈവിടാം എന്ന തോന്നലും നാസയില്‍ ശക്തമായി. നാസക്ക്‌ അതിന്‌ മനസ്‌ വന്നില്ല. ശാസ്‌ത്രലോകം ഹബ്ബിളുമായി അത്രമേല്‍ പ്രണയത്തിലായി എന്ന്‌ വേണമെങ്കില്‍ പറയാം. ഹബ്ബിളിന്റെ പിന്‍ഗാമിയായി കണക്കാക്കുന്ന 'ജെയിംസ്‌ വെബ്ബ്‌ സ്‌പേസ്‌ ടെലിസ്‌കോപ്പി'ന്റെ വിക്ഷേപണം നീണ്ടത്‌ (ഇപ്പോഴത്തെ നിലയ്‌ക്ക്‌ 2013-ല്‍ വിക്ഷേപിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌) ഹബ്ബിളിനെ തുടര്‍ന്നും ആശ്രയിക്കാന്‍ നാസയെ പ്രേരിപ്പിക്കുകയായിരുന്നു. ആ നിലയ്‌ക്ക്‌ ഹബ്ബളിന്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌ ശരിക്കുമൊരു രണ്ടാംജന്മമാണ്‌.
(കടപ്പാട്‌: നാസ)

  • 2009 മെയ്‌ 24-ലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌.

4 comments:

Joseph Antony said...

നാനൂറ്‌ വര്‍ഷം മുമ്പ്‌, ശരിക്ക്‌ പറഞ്ഞാല്‍ 1609 നവംബര്‍ 30-ന്‌, പാദുവയിലെ തന്റെ പൂന്തോട്ടത്തില്‍ വെച്ച്‌ ടെലിസ്‌കോപ്പിലൂടെ ഗലീലിയോ ഗലീലി നടത്തിയ വാനനിരീക്ഷണമാണ്‌ ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്‌ തുടക്കം കുറിച്ചത്‌. ഗലീലിയോ വാനനിരീക്ഷണം തുടങ്ങിയതിന്റെ നാനൂറാം വാര്‍ഷികം ലോകമിപ്പോള്‍ ആഘോഷിക്കുകയാണ്‌; 2009-നെ അന്താരാഷ്ട്രജ്യോതിശാസ്‌ത്രവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട്‌. ഈ അവസരത്തില്‍ തന്നെയാണ്‌, ആധുനിക ജ്യോതിശാസ്‌ത്രത്തിന്‌ യഥാര്‍ഥ ആവേഗം സമ്മാനിച്ച ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പിനെ നാസ നവീകരിച്ചത്‌ എന്നകാര്യം ശ്രദ്ധേയമാണ്‌. ജ്യോതിശ്ശാസ്‌ത്രത്തില്‍ പുതിയ കുതിപ്പിന്‌ ഇത്‌ ഇടയാക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മെയ്‌ 11-ന്‌ അറ്റ്‌ലാന്റിസ്‌ ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചവരാണ്‌ ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ നവീകരണം വിജയകരമായി പൂര്‍ത്തിയാക്കിയത്‌.

ആർപീയാർ | RPR said...

വളരെ നല്ലൊരു വിവരണം...

നന്ദി..

Melethil said...

Thnx

ഹന്‍ല്ലലത്ത് Hanllalath said...

നന്ദി...വിവരങ്ങള്‍ക്ക്..